ഉമര്‍ തല്‍മസാനി ആദര്‍ശ ദാര്‍ഢ്യത്തിന്റെ കനല്‍വഴികള്‍
''ഇഖ്‌വാനുല്‍ മുസ്‌ലിമൂന്‍ പ്രസ്ഥാനത്തില്‍ ഉള്‍പ്പെട്ടു എന്നതാണ് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സൗഭാഗ്യം. അതിന്റെ മാര്‍ഗത്തില്‍ കഴിഞ്ഞ അരനൂറ്റാണ്ടുകാലം ഞാന്‍ നേരിട്ട പരീക്ഷണങ്ങളത്രയും അല്ലാഹു സല്‍പ്രവൃത്തിയായി സ്വീകരിക്കേണമേ എന്നു മാത്രമാണ് എന്റെ പ്രാര്‍ഥന.'' 82-ാമത്തെ വയസ്സില്‍ സംഭവബഹുലമായ ജീവിതത്തിന് വിരാമമിട്ട് ഈ ലോകത്തോട് വിടപറയുമ്പോള്‍ ഇഖ്‌വാനുല്‍ മുസ്‌ലിമൂന്‍ സംഘടനയുടെ മുര്‍ശിദുല്‍ ആം ഉമര്‍ തല്‍മസാനി ഒടുവില്‍ മൊഴിഞ്ഞ വാക്കുകളാണിത്.
അതൊരു റമദാന്‍ പതിമൂന്നായിരുന്നു. ലോകമെങ്ങും ആദരിച്ച ഈജിപ്തിന്റെ ആ വീരപുത്രന്‍ വിടപറഞ്ഞ വാര്‍ത്ത പരന്നതോടെ നൈലിന്റെ നാട് കയ്‌റോവിലേക്ക് ഒഴുകി. ഇരുപതിനും മുപ്പതിനും ഇടക്ക് പ്രായമുള്ള ആയിരക്കണക്കായ യുവാക്കള്‍ നഗ്നപാദരായി കയ്‌റോ തെരുവിലൂടെ വിലപിച്ചോടുന്ന ദൃശ്യം അന്ന് പത്രങ്ങളില്‍ നിറഞ്ഞുനിന്നു. കയ്‌റോവിലെ ഉമര്‍ മുകര്‍റം പള്ളിയില്‍ ഉമര്‍ തല്‍മസാനിയുടെ ജനാസ നമസ്‌കാരത്തില്‍ പങ്കെടുത്തത് അഞ്ചു ലക്ഷം പേരാണ്. ഈജിപ്ത് പ്രധാനമന്ത്രി, ശൈഖുല്‍ അസ്ഹര്‍, പാര്‍ലമെന്റംഗങ്ങള്‍, വിദേശ പ്രതിനിധികള്‍, രാഷ്ട്ര നേതാക്കള്‍... ഇങ്ങനെ സമൂഹത്തിലെ വിവിധ ശ്രേണികളിലെ ഉന്നത വ്യക്തിത്വങ്ങള്‍ അന്ത്യകര്‍മങ്ങളില്‍ പങ്കെടുത്തത് അദ്ദേഹം പ്രതിനിധാനം ചെയ്ത പ്രസ്ഥാനത്തോടും ഈജിപ്തിലെ ഭിന്ന മതസ്ഥരും വീക്ഷണഗതിക്കാരുമായ ജനവിഭാഗങ്ങളോട് ഇടപഴകിയപ്പോള്‍ അദ്ദേഹം കൈകൊണ്ട വിശാല സമീപനത്തോടുമുള്ള ആദരവിന്റെയും അംഗീകാരത്തിന്റെയും പ്രഖ്യാപനമായിരുന്നു.
* * * *
ഇഖ്‌വാനുല്‍ മുസ്‌ലിമൂന്‍ പ്രസ്ഥാനവുമായി ബന്ധപ്പെടാന്‍ ഇടയായ സാഹചര്യം ഉമര്‍ തല്‍മസാനിയുടെ വാക്കുകളില്‍: ''ഇഖ്‌വാനുല്‍ മുസ്‌ലിമൂന്‍ പ്രസ്ഥാനവുമായും ശഹീദ് ഹസനുല്‍ ബന്നായുമായുള്ള എന്റെ ബന്ധം തുടക്കം മുതല്‍ ഒടുക്കം വരെ രസകരമായ ഒരു കഥയാണ്. അഭിഭാഷകനായ എന്റെ ഓഫീസ് വീട്ടില്‍നിന്നും 12 കിലോമീറ്റര്‍ അകലെ ശബീനുല്‍ ഖനാത്വിര്‍ എന്ന പ്രദേശത്താണ്. വസതിയോട് ചേര്‍ന്ന് വിശാലമായ എന്റെ എസ്റ്റേറ്റില്‍ കോഴി, പ്രാവ്, മുയല്‍, മാന്‍ തുടങ്ങിയവയെ വളര്‍ത്താന്‍ ഒരു ഫാമും ഞാന്‍ പണിതിട്ടുണ്ടായിരുന്നു. 1933-ന്റെ ആദ്യപാദത്തിലെ ഒരു വെള്ളിയാഴ്ച അതിരാവിലെ ഞാന്‍ എന്റെ തോട്ടത്തില്‍ ഉലാത്തുമ്പോള്‍ കാവല്‍ക്കാരന്‍ വന്നു പറഞ്ഞു: 'രണ്ടാളുകള്‍ അങ്ങയെ കാണാന്‍ വന്നിട്ടുണ്ട്.' ഭാര്യയെയും മക്കളെയും പറഞ്ഞുവിട്ട് അവര്‍ക്ക് കടന്നുവരാന്‍ ഞാന്‍ അനുവാദം നല്‍കി. ഇസ്സത്ത് മുഹമ്മദ് ഹസന്‍, മുഹമ്മദ് അബ്ദുല്‍ ആല്‍ എന്നീ രണ്ട് യുവാക്കള്‍. ഒരാള്‍ ശബീനുല്‍ ഖനാത്വിര്‍ വില്ലേജ് ഓഫീസറും മറ്റെയാള്‍ അബൂസഅ്ബന്‍ ഡല്‍റ്റാ റെയില്‍വേ സ്റ്റേഷന്‍ മാസ്റ്ററും. സ്വാഗതോക്തികളും ചായയും കാപ്പിയുമെല്ലാം കഴിഞ്ഞപ്പോള്‍ നിശ്ശബ്ദതക്ക് വിരാമമിട്ടത് ഇസ്സത്താണ്: 'നിങ്ങളിവിടെ എന്തുചെയ്യുകയാണ്?' എന്റെ സ്വകാര്യതയില്‍ അനാവശ്യമായ ഒരു ഇടപെടലായി ഈ ചോദ്യത്തെ ഗണിച്ച ഞാന്‍ ശരിക്കും പ്രകോപിതനായി. തെല്ല് പരിഹാസത്തോടെ ഞാന്‍: 'കുരുവികളെയും കാടകളെയും വളര്‍ത്തുകയാണ് ഞാന്‍.' പരിഹാസ രൂപേണയുള്ള എന്റെ പ്രതികരണം കേട്ട ഇസ്സത്ത് ഒരു ഭാവഭേദമവുമില്ലാതെ വീണ്ടും എന്നോട്: 'അങ്ങയെ പോലുള്ള ഒരാള്‍ ഇങ്ങനെ കാടയും വളര്‍ത്തിയിരുന്നാല്‍ മതിയോ?' 'പിന്നെ ഞാനെന്ത് വളര്‍ത്തണമെന്നാണ് നിങ്ങള്‍ പറയുന്നത്?'
'ഇസ്‌ലാമിക മൂല്യങ്ങളില്‍ നിന്ന് അകന്നുപോയ മുസ്‌ലിംകള്‍ ഒരു സ്ഥാനവും സ്വാധീനവുമില്ലാതെ സ്വന്തം രാജ്യങ്ങളില്‍ പോലും ചപ്പുവചവറുകളായിത്തീര്‍ന്നിരിക്കുന്നു. മറ്റു സമുദായങ്ങള്‍ക്കിടയില്‍ അവര്‍ ഒന്നുമില്ലാതായി.'
'അതിന് ഞാനെന്ത് വേണം? ഭരണകൂടവും അസ്ഹര്‍ പോലുള്ള സ്ഥാപനങ്ങളും അവിടെയുള്ള പണ്ഡിതന്മാരുമുണ്ടല്ലോ ആ കാര്യങ്ങളൊക്കെ നോക്കി വേണ്ടത് ചെയ്യാന്‍.'
'ഇസ്‌ലാമിക സമൂഹത്തിന് അതുകൊണ്ടൊന്നും ഒരു പ്രയോജനവുമില്ല. റമദാനിലെ ലൈലത്തുല്‍ ഖദ്ര്‍ ദിനത്തില്‍ ബ്രിട്ടീഷ് അംബാസഡറോടൊപ്പം ഇഫ്ത്വാറിന് ക്ഷണിക്കപ്പെടുന്നതും സര്‍വാഡംബരങ്ങളോടെ അണിഞ്ഞൊരുങ്ങിവരുന്ന യൂറോപ്യന്‍ വനിതകളോടൊപ്പം ഇരുന്ന് വിരുന്നുണ്ണുന്നതും മഹാ കാര്യമായി കണക്കാക്കുന്ന ഉന്നത പണ്ഡിതസഭയിലെ ശൈഖുമാരുടെ നിലപാടുകളില്‍ തൃപ്തനാണോ താങ്കള്‍?'
'ആ നിലപാടുകളോടൊന്നും എനിക്ക് യോജിക്കാന്‍ വയ്യ. എനിക്കതില്‍ ഒരു തൃപ്തിയും സന്തോഷവും തോന്നുന്നുമില്ല. പക്ഷേ ഞാന്‍ എന്തുചെയ്യും?'
'നിങ്ങള്‍ തനിച്ചല്ല. കയ്‌റോവില്‍ ഒരു സംഘടനയുണ്ട്. ഇഖ്‌വാനുല്‍ മുസ്‌ലിമൂന്‍ എന്ന പേരില്‍. ഹസനുല്‍ ബന്നാ എന്ന ഒരു സ്‌കൂള്‍ അധ്യാപകനാണ് അതിന്റെ പ്രസിഡന്റ്. അദ്ദേഹവുമായുള്ള കൂടിക്കാഴ്ചക്ക് ഞങ്ങള്‍ സന്ദര്‍ഭമുണ്ടാക്കാം. പ്രസ്ഥാനത്തെ അദ്ദേഹം താങ്കള്‍ക്ക് പരിചയപ്പെടുത്തിത്തരും.'
എന്റെ അന്തഃരംഗത്ത് ഒളിഞ്ഞിരുന്ന ദീനീവികാരം ഉണര്‍ന്ന് ഉള്ളില്‍ തുടികൊട്ടി. 'ശരി. അദ്ദേഹവുമായി കാണാം.' ഞാന്‍ സമ്മതം മൂളി.
സംസാരമധ്യേ അവര്‍ സൂചിപ്പിച്ചത് ഞാന്‍ ഓര്‍ത്തെടുത്തു. എല്ലാ വെള്ളിയാഴ്ചയും ഫജ്ര്‍ നമസ്‌കാരത്തിന് ശേഷം ശബീനുല്‍ ഖനാത്വിര്‍ കേന്ദ്ര പരിസരത്തുള്ള ഗ്രാമങ്ങളിലും നാട്ടുവഴികളിലും അവര്‍ ഇറങ്ങിച്ചെല്ലും. നമസ്‌കരിക്കുകയും നോമ്പുനോല്‍ക്കുകയും നിര്‍ബന്ധ കര്‍മങ്ങള്‍ അനുഷ്ഠിക്കുകയും ചെയ്യുന്ന ഒരു വ്യക്തിയെ കണ്ടെത്തിയാല്‍, നേരെ കയറിച്ചെന്ന് അവര്‍ തങ്ങളെ പരിചയപ്പെടുത്തുകയും പ്രസ്ഥാനത്തെക്കുറിച്ച് വിവരിച്ചുകൊടുക്കുകയും ചെയ്യും. തങ്ങളുടെ വാക്കുകള്‍ അയാള്‍ സ്വീകരിച്ചെന്ന് തോന്നിയാല്‍ നട്ടുവളര്‍ത്തേണ്ട വിത്താണിതെന്ന് അവര്‍ മനസ്സില്‍ കുറിച്ചിടും. പ്രസ്ഥാനത്തിന്റെ ഗ്രാമപ്രദേശങ്ങളിലുള്ള ഓരോ ശാഖയിലുമുണ്ട് ഇങ്ങനെ ആളുകളെ തേടി അലയുന്ന പ്രവര്‍ത്തകന്മാരെന്ന് എനിക്ക് ബോധ്യമായി. കുറച്ചു ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ നേരത്തെ വീട്ടില്‍ വന്ന ഇരുവരും എന്റെ ഓഫീസില്‍ കയറിവന്നു. ഹസനുല്‍ ബന്നായുമായി കൂടിക്കാഴ്ചക്കുള്ള സമയം നിശ്ചയിച്ചതായി അറിയിച്ചു. ഖയാമിയ്യ ഗ്രാമത്തില്‍ യകനിയ്യ സ്ട്രീറ്റില്‍ ഒരു കൊച്ചുവീട്ടിലാണ് ഹസനുല്‍ ബന്നാ താമസിക്കുന്നത്. കൃത്യസമയത്ത് ചെന്ന് ഞാന്‍ വാതിലില്‍ മുട്ടി. വാതിലിന് പിറകില്‍ നിന്ന് ഒരു പുരുഷ ശബ്ദം. 'ആരാണ്?' 'അഡ്വക്കറ്റ് ഉമര്‍ തല്‍മസാനി. ശബീനുല്‍ ഖനാത്വിറില്‍നിന്ന്.' വീടിന്റെ മുറ്റത്തേക്ക് കടന്ന ഞാന്‍ അദ്ദേഹത്തിന്റെ പിറകെ ചെന്നു. വലിയ വെളിച്ചമില്ലാത്ത ഒരു മുറി. നിരത്തിലേക്ക് തുറന്നിട്ട ജനലിലൂടെ അരിച്ചെത്തിയ വെളിച്ചത്തില്‍ കണ്ടത് ഒരു കൊച്ചു മേശ. രണ്ടോ മൂന്നോ മരക്കസേരകള്‍ പൊടിപുരണ്ടിരിക്കുന്നു. ഹസനുല്‍ ബന്നാ മേശക്കരികിലുള്ള കസേരയില്‍ ഇരുന്നു. എനിക്ക് ഒരു കസേര നീക്കിയിട്ടു തന്നു. ഞാന്‍ ധരിച്ചിരിക്കുന്ന വില പിടിച്ച, ഗരിമയുള്ള സൂട്ടുമിട്ട് പൊടി പിടിച്ച ആ കസേരയില്‍ ഇരിക്കാന്‍ വിമ്മിട്ടം തോന്നി. കീശയില്‍ നിന്ന് ടവലെടുത്ത് കസേരമേല്‍ വിരിച്ച് ഞാന്‍ മെല്ലെ ഇരുന്നു. ഞാന്‍ ചെയ്യുന്നതെല്ലാം അദ്ദേഹം കൗതുകപൂര്‍വം നോക്കിക്കാണുന്നുണ്ടായിരുന്നു. ആ മുഖത്ത് ഒരു പുഞ്ചിരി മൊട്ടിട്ടു. പ്രബോധനത്തിനും ജിഹാദിനും വേണ്ടി ഉഴിഞ്ഞുവെച്ച ഒരു വ്യക്തിയും, വിലപിടിച്ച ഉടയാടകളുടെ മനോഹാരിതയില്‍ അഭിരമിച്ചു കഴിയുന്ന ഒരു വ്യക്തിയും തമ്മിലെ മനോഭാവ വ്യത്യാസങ്ങള്‍ അളക്കുകയായിരുന്നോ ആ കണ്ണുകള്‍ എന്നെനിക്ക് തോന്നി. അങ്ങനെ തോന്നാന്‍ ന്യായവുമുണ്ട്. സമൂഹത്തിന്റെ പൊടിയും പുകയുമേറ്റ്, ദൈവമാര്‍ഗത്തില്‍ സമരനിരതനായി ജീവിക്കേണ്ട ഒരു വ്യക്തിക്കിണങ്ങാത്ത വേഷഭൂഷാദികളുമായാണല്ലോ ഞാന്‍ അദ്ദേഹത്തെ കാണാന്‍ ചെന്നത്. അതൊന്നും വകവെക്കാതെ അദ്ദേഹം സംസാരം തുടങ്ങി. 'ഞങ്ങളാദ്യമായും അവസാനമായും ആവശ്യപ്പെടുന്നത് ദൈവിക ശീരഅത്തിന്റെ പ്രയോഗവത്കരണമാണ്. ജനങ്ങളെ ഞങ്ങള്‍ ബോധവത്കരിച്ചുകൊണ്ടിരിക്കുന്നു. താങ്കള്‍ ഞങ്ങളോടൊപ്പം ഈ പ്രസ്ഥാനത്തില്‍ അണിചേരണം.' ഇഖ്‌വാന്‍ പ്രസ്ഥാനത്തെക്കുറിച്ച് ഹസനുല്‍ ബന്നാ വിശദമായി വിവരിച്ചു.'
ആ സൗഹൃദവും കൂടിക്കാഴ്ചയും കൂടിക്കൂടി വന്നു. 1933-ല്‍ ഹസനുല്‍ ബന്നായുടെ വീട്ടില്‍ ഉമര്‍ തല്‍മസാനി ബൈഅത്ത് ചെയ്തു. സ്ഥാപകാംഗങ്ങളില്‍ ഉള്‍പ്പെട്ട അദ്ദേഹം പിന്നിട് മക്തബുല്‍ ഇര്‍ശാദില്‍ അംഗമായി. 1948-ല്‍ ഇബ്‌റാഹീം അബ്ദുല്‍ ഹാദിയുടെ ഭരണകാലത്ത് തടങ്കിലിലായ തല്‍മസാനി വീണ്ടും 1954 മുതല്‍ 1971 വരെ 17 വര്‍ഷം ജമാല്‍ അബ്ദുന്നാസിര്‍ തീര്‍ത്ത തടവറകള്‍ക്കുള്ളിലായിരുന്നു. 1973-ല്‍ ഹസനുല്‍ ഹുദൈബിയുടെ നിര്യാണത്തെത്തുടര്‍ന്ന് ഏറ്റവും പ്രായം കൂടിയ ഉമര്‍ തല്‍മസാനി മുര്‍ശിദുല്‍ ആമായി തെരഞ്ഞെടുക്കപ്പെട്ടു. തല്‍മസാനിയുടെ കാലത്ത് ഇഖ്‌വാന്‍ ഈജിപ്ഷ്യന്‍ ദേശീയതലത്തിലും അറബ്-അന്താരാഷ്ട്ര തലങ്ങളിലും ശ്രദ്ധനേടി. 1981-ല്‍ അന്‍വര്‍ സാദാത്തിന്റെ ഭരണകാലത്ത് വീണ്ടും ജയിലിലടക്കപ്പെട്ടു.
സംഭവബഹുലമായ ആ ജീവിതത്തിന് 82-ാമത്തെ വയസ്സില്‍ 1986 മെയ് 22-ന് തിരശ്ശീല വീണു.
രചനകള്‍: ഓര്‍മകള്‍; കുറിപ്പുകളല്ല. മിഹ്‌റാബിലെ രക്തസാക്ഷി- ഉമറുബ്‌നുല്‍ ഖത്വാബ്, ഇഖ്‌വാന്‍ എന്നെ പഠിപ്പിച്ചത്, ഇസ്‌ലാമും സ്ത്രീകളും, ഇസ്‌ലാമും ജീവിതവും, സാദാത്തിനോടൊപ്പം ചില നാളുകള്‍, അനുഗൃഹീതനായ ഹസനുല്‍ ബന്നാ, അബ്ദുന്നാസിറിന്റെ കാലം: ജനങ്ങള്‍ പറഞ്ഞതും ഞാന്‍ പറയാത്തതും.
Comments