നടപ്പുശീലങ്ങളോട് കലഹിക്കുന്ന പ്രവാചക ജീവിത പാഠങ്ങള്‍
എന്തുകൊണ്ടാണ് ഒരു പിതാവ് വീട്ടിലേക്ക് വരുമ്പോള്‍ കുട്ടികള്‍ അയാളുടെ അരികിലേക്ക് ഓടിയെത്തുന്നത്, അവര്‍ സന്തോഷിക്കുന്നത്? മറ്റൊരു പിതാവ് വരുമ്പോള്‍ അയാളുടെ മക്കള്‍ തിരിഞ്ഞു നോക്കാത്തത്? എന്തുകൊണ്ടാണ് ഒരധ്യാപകന്‍ വിദ്യാലയത്തിന്റെ ഇടനാഴിയിലൂടെ നടക്കുമ്പോള്‍ വിദ്യാര്‍ഥികള്‍ ചുറ്റും കൂടി കൈപിടിക്കുന്നതും സംശയനിവാരണം നടത്തുന്നതും തങ്ങളുടെ പ്രശ്‌നങ്ങളവതരിപ്പിക്കുന്നതും? എല്ലാവരും അയാളുടെ സാമീപ്യം ഇഷ്ടപ്പെടുന്നതെന്തുകൊണ്ടാണ്? എന്നാല്‍ അയാളെക്കാള്‍ വിദ്യാഭ്യാസ യോഗ്യതയും പാണ്ഡിത്യവുമുള്ള മറ്റൊരധ്യാപകനാകട്ടെ ഏകനായി തന്റെ വിദ്യാലയത്തിലൂടെ നടക്കുന്നു. ഒരു വിദ്യാര്‍ഥിയും പുഞ്ചിരിച്ചു കൊണ്ട് അയാള്‍ക്ക് കൈ കൊടുക്കുന്നില്ല. നിര്‍ദേശങ്ങള്‍ തേടി അയാളെ സമീപിക്കുന്നില്ല. എന്തുകൊണ്ടാണിത്? ചിലയാളുകളെ കണ്ട മാത്രയില്‍ നാം സന്തോഷിക്കുന്നു. അയാള്‍ തനിക്കൊപ്പമിരുന്നെങ്കില്‍ എന്നാഗ്രഹിച്ചു പോകുന്നു. മറ്റൊരാള്‍ വരുമ്പോള്‍ അയാള്‍ തന്റെ സംഘടനാ നേതാവോ മേധാവിയോ അധ്യാപകനോ ബന്ധുവോ ആകട്ടെ കേവലം ആചാരമെന്നോണം തണുത്ത സ്വീകരണമാണ് നല്‍കുന്നത്. എന്തുകൊണ്ടാണിത്?
ജീവിതത്തിന്റെ സകല രംഗത്തും ആദരിക്കപ്പെടുകയും അംഗീകരിക്കപ്പെടുകയും ചെയ്യുന്ന വ്യക്തിത്വമാവുകയെന്നത് എല്ലാവരുടെയും അഭിലാഷമാണ്. അത് ഒരു വിശ്വാസിയുടെ ജീവിത വിജയത്തിന്റെ അടയാളം കൂടിയാണ്. മുകളിലുന്നയിച്ച ചോദ്യങ്ങളുയര്‍ത്തി കുടുംബത്തിനകത്തും പുറത്തും വ്യക്തിയും നേതാവുമെന്ന നിലക്ക് പ്രവാചകന്‍ മുഹമ്മദ് എങ്ങനെയാണ് തിളക്കമാര്‍ന്ന ജീവിത വിജയത്തിന്റെ മാതൃകയായതെന്ന് മനഃശാസ്ത്ര വിശകലനത്തിലൂടെ വരച്ചുകാണിക്കുകയാണ് ഡോ. മുഹമ്മദ് അല്‍ അരീഫിയുടെ ജീവിതം ആസ്വദിക്കൂ എന്ന പുസ്തകം. എല്ലാവരോടും പുഞ്ചിരിച്ചും സൗഹൃദത്തോടും അനുകമ്പയോടും മാത്രമേ നബി(സ) പെരുമാറിയിരുന്നുള്ളൂ. കണ്ടുമുട്ടുന്ന ആര്‍ക്കും പ്രവാചകന് ഏറ്റവും പ്രിയങ്കരന്‍ താനാണെന്ന് തോന്നുംവിധമായിരുന്നു നബിയുടെ പെരുമാറ്റം. സ്വാഭാവികമായും അദ്ദേഹവും അവര്‍ക്ക് ഏറ്റവും പ്രിയപ്പെട്ടവനായി മാറി. നമ്മുടെ ഉള്ളിലുള്ള സ്‌നേഹം മറ്റുള്ളവരെ ബോധ്യപ്പെടുത്താന്‍ സാധിക്കുമ്പോഴേ അവര്‍ തിരിച്ച് സ്‌നേഹം പ്രകടിപ്പിക്കുകയുള്ളൂ.
നമുക്ക് മാതൃകക്കും ജീവിത വിജയത്തിനും മറ്റു വഴികള്‍ പരതേണ്ടതില്ലെന്നും നബിയുടെ തേജസാര്‍ന്ന ജീവിതത്തില്‍ അതെല്ലാമുണ്ടെന്നുമുള്ള സന്ദേശമാണ് അറബ് ലോകത്ത് ലക്ഷക്കണക്കിന് കോപ്പികള്‍ വിറ്റഴിഞ്ഞ ഈ ഗ്രന്ഥം നല്‍കുന്നത്. മസ്ജിദുന്നബവിയുടെ മുറ്റം അടിച്ചു വാരാന്‍ വന്നിരുന്ന ഇരുണ്ട നിറക്കാരിയായ സ്ത്രീയോട് കുടുംബവിശേഷങ്ങള്‍ അന്വേഷിച്ചറിഞ്ഞ പ്രവാചക ചിത്രം മുതല്‍ തന്റെ അനുയായികളില്‍ അംഗീകാരം നല്‍കേണ്ടവരെന്ന് തോന്നിയാല്‍ ഉടനെ തന്റെ മേല്‍പ്പുതപ്പ് അവര്‍ക്ക് നല്‍കി ആദരിക്കുന്ന മുഹമ്മദെന്ന നേതാവിന്റെ ചിത്രം വരെ ഈ പുസ്തകത്തില്‍ ഗ്രന്ഥകര്‍ത്താവ് മനോഹരമായി വരഞ്ഞ് വെച്ചിട്ടുണ്ട്. അപകര്‍ഷതാബോധം, ആത്മവിശ്വാസമില്ലായ്മ, അമിത ആത്മവിശ്വാസം, അഹന്ത തുടങ്ങിയ മാനസിക വൈകല്യങ്ങളെ എങ്ങനെ നേരിടാം എന്ന് നബിയുടെ പച്ചയായ ജീവിതത്തിന്റെ ഏടുകള്‍ ചീന്തിയെടുത്ത് ഗ്രന്ഥം നമുക്ക് പരിചയപ്പെടുത്തുന്നു. അടിമകള്‍, സേവകര്‍, പ്രതിയോഗികള്‍, കുട്ടികള്‍, കൗമാരക്കാര്‍, യുവതീയുവാക്കള്‍, സമ്പന്നര്‍, സര്‍ഗകായിക പ്രതിഭകള്‍, ജീവജാലങ്ങള്‍, പ്രകൃതി തുടങ്ങി സകലതിനോടും നബി സ്വീകരിച്ച മനഃശാസ്ത്ര നിലപാടുകള്‍ ഉദാഹരണ സഹിതം തന്റെ വശ്യമായ ശൈലിയില്‍ ഗ്രന്ഥകാരന്‍ വിശദീകരിക്കുമ്പോള്‍ നമ്മളിലുറച്ചുപോയ പെരുമാറ്റ ശീലങ്ങള്‍ കൂടിയാണ് നമ്മളോട് കലഹിച്ചു തുടങ്ങുക.
രക്ഷിതാക്കള്‍, അധ്യാപകര്‍, പൊതുപ്രവര്‍ത്തകര്‍, പ്രബോധകര്‍, പ്രഭാഷകര്‍, കൗണ്‍സിലര്‍മാര്‍ തുടങ്ങി കുടുംബവും സമൂഹവുമായി ബന്ധപ്പെട്ടവര്‍ക്കെല്ലാം ഈ ഗ്രന്ഥം പ്രയോജനകരമാണ്. ഇതിലെ ഓരോ വരിയും വിജയകരമായ ജീവിതത്തിലേക്കുള്ള കിളിവാതിലുകളാണ്. ഇരുപതോളം ഗ്രന്ഥങ്ങളുടെ കര്‍ത്താവായ ഡോ. മുഹമ്മദ് അല്‍ അരീഫി ലോക പ്രശസ്ത ട്രെയ്‌നറും പ്രബോധകനും അന്താരാഷ്ട്ര മുസ്‌ലിം പണ്ഡിതസഭാംഗവുമാണ്. രിയാദിലെ കിംഗ് സുഊദി യൂനിവേഴ്‌സിറ്റിയില്‍ അധ്യാപകനായ അദ്ദേഹം ഖത്തര്‍ ടെലിവിഷന്‍, ദുബൈ ടെലിവിഷന്‍, അര്‍റിസാല, ഇഖ്‌റഅ് തുടങ്ങിയ ചാനലുകളില്‍ സ്ഥിരം പ്രോഗ്രാം അവതാരകന്‍ കൂടിയാണ്. ഫറോക്ക് റൗദത്തുല്‍ ഉലൂം അറബിക് കോളേജ് അധ്യാപകന്‍ അബ്ദുര്‍റഹ്മാന്‍ ആദൃശേരി തര്‍ജമ ചെയ്ത 470 പേജും 290 രൂപ വിലയുമുള്ള പുസ്തകം കോട്ടക്കല്‍ അറേബ്യന്‍ ബുക് ഹൗസിന്റെ പ്രഥമ കൃതിയാണ്.
ഫോണ്‍: 04832740003
Comments