പിരമിഡുകളില്‍ സൂര്യനസ്തമിക്കുമ്പോള്‍
ദോഹയില്‍നിന്ന് കയ്‌റോയിലേക്ക് പറക്കുന്ന ഈജിപ്ത് എയറിന്റെ വിമാനത്തില്‍ ഇരിക്കുകയാണ് ഞാന്‍. 2012 ഏപ്രില്‍ 23. വിപ്ലവാനന്തര ഈജിപ്ത് രാഷ്ട്രീയാനിശ്ചിതത്വത്തിന്റെ നടുവില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ ഒന്നാം റൗണ്ടിന് വേണ്ടിയുള്ള ഒരുക്കത്തിലാണ്. ഇത് രണ്ടാം തവണയാണ് കയ്‌റോ സന്ദര്‍ശിക്കുന്നത്. തഹ്‌രീര്‍ സ്‌ക്വയറില്‍ ചരിത്രം പിറക്കുന്നതിന് ഏതാനും മാസങ്ങള്‍ക്ക് മുമ്പായിരുന്നു ആദ്യ സന്ദര്‍ശനം. ഒരു കൊടുങ്കാറ്റു പോലെ ആഞ്ഞടിച്ച ജനകീയ പ്രക്ഷോഭത്തിന്റെ മുന്നൊരുക്കങ്ങളൊന്നും കയ്‌റോ നഗരിയില്‍ അന്ന് ദൃശ്യമായിരുന്നില്ല.
'മിസ്വ്‌രികള്‍' എന്ന് ഗള്‍ഫിലുള്ളവര്‍ ഒരല്‍പം അവജ്ഞയോടെ വിളിക്കുന്ന, അലസരെന്നും വിശ്വസിക്കാന്‍ കൊള്ളാത്തവരെന്നും ദുഷ്‌പേര് വീണുപോയ ഒരു പ്രവാസി സമൂഹത്തിന്റെ നാടന്‍പതിപ്പുകള്‍ക്ക് ഇങ്ങനെയൊരു വിപ്ലവം നടത്താന്‍ കഴിയുമെന്ന് പലരും കരുതിക്കാണില്ല. വിദേശങ്ങളില്‍ ജീവിക്കുന്ന പതിനായിരക്കണക്കിന് ഈജിപ്തുകാര്‍ക്ക് തന്നെ അത് സങ്കല്‍പിക്കാന്‍ കഴിഞ്ഞിരുന്നോ എന്ന് സംശയമാണ്. ഗള്‍ഫിലെ അറബ് കുടിയേറ്റക്കാരില്‍ അംഗസംഖ്യ കൊണ്ടും സാംസ്‌കാരിക സ്വാധീനം കൊണ്ടും മേധാവിത്വം ഈജിപ്തുകാര്‍ക്കാണ്. എല്ലാ തൊഴില്‍മേഖലയിലും അവരുടെ സാന്നിധ്യമുണ്ട്. ഡോക്ടര്‍മാര്‍, എഞ്ചിനീയര്‍മാര്‍, കമ്പനി മാനേജര്‍മാര്‍ തുടങ്ങി ഓഫീസ് ബോയ് വരെ. നിര്‍മാണത്തൊഴിലാളികളില്‍ ഏഷ്യന്‍ വംശജരെ കഴിച്ചാല്‍ പിന്നെ ഏറ്റവും കൂടുതല്‍ ഈജിപ്തുകാരാണ്. മതം, വിദ്യാഭ്യാസം, മീഡിയ തുടങ്ങിയ രംഗങ്ങളിലും അവരുടെ മേധാവിത്വം പ്രകടമാണ്. എണ്ണത്തില്‍ ധാരാളമുള്ള ഈജിപ്ഷ്യന്‍ യൂനിവേഴ്‌സിറ്റികളില്‍ ഒന്നില്‍നിന്ന്, അത്രയൊന്നും നിലവാരമില്ലാത്ത എന്തെങ്കിലും ഡിഗ്രിയുമായി പുറത്തിറങ്ങുന്നവരോ, ഒരു യൂനിവേഴ്‌സിറ്റിയുടെയും പടി കാണാത്ത സാധാരണക്കാരോ ആണ് ഗള്‍ഫിലെ ഈജിപ്തുകാരില്‍ അധികവും. സ്വന്തം നാട്ടിലെ കടുത്ത തൊഴിലില്ലായ്മ കാരണം നാടുവിടാന്‍ നിര്‍ബന്ധിതരായവര്‍.
വിമാനത്തില്‍ ഇന്ത്യക്കാരനായി ഞാന്‍ മാത്രമേയുള്ളൂ. ചുറ്റിലും ചിരപരിചിതരെന്ന് തോന്നിക്കുന്ന ഈജിപ്തുകാരുടെ മുഖം. അവര്‍ ഭക്ഷണം കഴിക്കുകയും ഉറക്കം തൂങ്ങുകയും ഉറക്കെ സംസാരിക്കുകയും ചെയ്യുന്നു. വേനലവധിക്കാലത്താണ് സാധാരണ പ്രവാസികള്‍ കൂട്ടത്തോടെ നാട്ടിലേക്ക് തിരിക്കുക. ഇപ്പോള്‍ ഒഴിവുകാലം അല്ലാതിരുന്നിട്ടുപോലും വിമാനം നിറയെ യാത്രക്കാര്‍. പുതിയ ഈജിപ്തിലെ സ്വാതന്ത്ര്യത്തിന്റെ ശുദ്ധവായു ശ്വസിക്കാന്‍ ആകംക്ഷയോടെ കൂടണയുന്നവരായിരിക്കാം അവര്‍.
ചിന്തയില്‍നിന്നുണര്‍ന്നപ്പോള്‍ സീറ്റിനു മുകളിലുള്ള എല്‍.സി.ഡി സ്‌ക്രീനില്‍ ഒരു ഈജിപ്ഷ്യന്‍ ഫിലിം പ്രദര്‍ശിപ്പിക്കുകയാണ്. പ്രവാചകന്മാരുടെ പാദസ്പര്‍ശമേറ്റ മിസ്വ്‌റില്‍, മഹത്തായ ഒരു നാഗരിക സാംസ്‌കാരിക പൈതൃകത്തിന്റെ ഉടമകളായി ജീവിച്ച ഒരു ജനത, നീണ്ടകാലത്തെ കോളനി ഭരണത്തിന്റെയും പിന്നീട് വന്ന ഏകാധിപത്യ വാഴ്ചയുടെയും പ്രഹരമേറ്റ് ദുര്‍ബലരും അപമാനിതരുമായപ്പോള്‍ നിശിതമായ നര്‍മത്തിലൂടെയും സ്വയം പരിഹാസത്തിലൂടെയുമാണ് സ്വന്തം പതിതാവസ്ഥയെ അവര്‍ അതിജീവിക്കാന്‍ ശ്രമിച്ചത്. അമേരിക്കയില്‍ ജനിച്ചുവളര്‍ന്ന ഒരു ഈജിപ്ഷ്യന്‍ യുവാവ് ഈജിപ്ഷ്യന്‍ പാസ്‌പോര്‍ട്ടുമായി നാടു കാണാനെത്തുന്നതാണ് സിനിമയിലെ പ്രമേയം. തന്റെ പാസ്‌പോര്‍ട്ടിന് നാട്ടില്‍ ഒരു വിലയുമില്ലെന്ന് ഗവണ്‍മെന്റ് ഉദ്യോഗസ്ഥന്മാരില്‍നിന്നുണ്ടാവുന്ന നിരവധി ദുരനുഭവങ്ങളിലൂടെ ആ യുവാവ് തിരിച്ചറിയുന്നു. അത്യന്തം രസകരമായാണ് ഈ രംഗങ്ങള്‍ ചിത്രീകരിച്ചിരിക്കുന്നത്. ഗതികെട്ട ആ ചെറുപ്പക്കാരന്‍, തന്റെ അമേരിക്കന്‍ പാസ്‌പോര്‍ട്ട് തപാലില്‍ വരുത്തിക്കുന്നു. അത് കൈയില്‍ കിട്ടുമ്പോള്‍, നിധി കിട്ടിയതുപോലെ അയാള്‍ തുള്ളിച്ചാടുന്നു. ഒരിക്കല്‍ ഒരു തെരുവു ജാഥയുടെ നടുവില്‍ പെട്ടുപോയ ആ യുവാവ് ആവേശത്തോടെ തന്റെ അമേരിക്കന്‍ പാസ്‌പോര്‍ട്ട് ഉയര്‍ത്തിക്കാട്ടിയപ്പോള്‍ ആള്‍ക്കൂട്ടത്തില്‍നിന്ന് പൊതിരെ തല്ല് കിട്ടിയ ഒരു രംഗവും സിനിമയിലുണ്ട്. ഈജിപ്ഷ്യന്‍ ജീവിതവുമായി പതുക്കെ പൊരുത്തപ്പെടുന്ന അയാള്‍ ഒടുവില്‍ അമേരിക്കയിലേക്ക് തന്നെ തിരിച്ചുപോകാന്‍ തീരുമാനിക്കുന്നു. താന്‍ അതിഥിയായി താമസിച്ച ഈജിപ്ഷ്യന്‍ കുടുംബത്തില്‍ അയാളുടെ ഉറ്റ സുഹൃത്തായി മാറിയ ഒരു കൊച്ചു പയ്യനുണ്ടായിരുന്നു. എന്നും കുപ്പിവെള്ളം വാങ്ങിത്തരാന്‍ വേണ്ടി അവന്‍ അയാളുടെ കൈയില്‍നിന്ന് കാശ് വാങ്ങും. എന്നിട്ട് അയാളറിയാതെ പ്ലാസ്റ്റിക് ബോട്ടിലില്‍ പൈപ്പ് വെള്ളം നിറച്ച്, കാശ് അവന്‍ കീശയിലാക്കും. ഒടുവില്‍ യാത്ര പറയുമ്പോള്‍ കണ്ണീരോടെ അവന്‍ കുറ്റം ഏറ്റുപറയുന്ന രംഗം ഹൃദയാവര്‍ജകമാണ്. എല്ലാവരോടും യാത്ര പറഞ്ഞ് വിമാനത്തില്‍ കയറുന്ന അയാള്‍, കഠിനമായ നെഞ്ചുവേദന അഭിനയിച്ച് വിമാനം തിരിച്ചിറക്കാന്‍ എയര്‍ഹോസ്റ്റസിനോട് ആവശ്യപ്പെടുന്നു. 'അയാളുടേത് ഈജിപ്ഷ്യന്‍ പാസ്‌പോര്‍ട്ടാണോ?' പൈലറ്റിന്റെ ചോദ്യം. 'അതെ' എന്ന് മറുപടി കിട്ടിയപ്പോള്‍ യാത്ര തുടരാന്‍ അയാള്‍ തീരുമാനിക്കുന്നു. ഒടുവില്‍ അയാളുടെ അമേരിക്കന്‍ പൗരത്വം വെളിപ്പെടുകയും വിമാനം തിരിച്ചിറക്കാന്‍ പൈലറ്റ് തീരുമാനിക്കുകയും ചെയ്യുന്നതോടെ സിനിമ അവസാനിക്കുന്നു.
വിമാനം ലാന്റ് ചെയ്യാന്‍ സമയമായിരിക്കുന്നു. ദോഹയില്‍നിന്ന് കഷ്ടിച്ച് മൂന്ന് മണിക്കൂര്‍ മതി കയ്‌റോയിലെത്താന്‍. തോംസണ്‍ റോയിട്ടര്‍ ഫൗണ്ടേഷന്‍, ഐ.എഫ്.എ.ഡി (ഇന്റര്‍നാഷ്‌നല്‍ ഫണ്ട് ഫോര്‍ അഗ്രികള്‍ച്ചറല്‍ ഡവലപ്‌മെന്റ്) എന്ന യു.എന്‍ ഏജന്‍സിയുമായി ചേര്‍ന്ന് 'റൂറല്‍ പോവര്‍ട്ടി റിപ്പോര്‍ട്ടിംഗി'നെക്കുറിച്ച് സംഘടിപ്പിക്കുന്ന പത്രപ്രവര്‍ത്തക ശില്‍പശാലയില്‍ പങ്കെടുക്കാനാണ് ഞാന്‍ പോകുന്നത്. വിമാനത്താവളത്തില്‍ വെച്ച് കണ്ടുമുട്ടിയ ഐ.എഫ്.എ.ഡിന്റെ ഒരു ഉദ്യോഗസ്ഥ, സംഘടനയുടെ ആസ്ഥാനമായ റോമില്‍ നിന്നാണ്. ആദ്യമായി കയ്‌റോ സന്ദര്‍ശിക്കുകയാണവര്‍. റോമില്‍നിന്ന് കയ്‌റോയിലേക്ക് ഏതാണ്ട് ദോഹയില്‍ നിന്നുള്ള സമയം തന്നെ മതി. യൂറോപ്പിന്റെയും ഏഷ്യയുടെയും ഏതാണ്ട് മധ്യത്തിലാണ് ദോഹയുടെ സ്ഥാനം. ഏഷ്യയുടെ ദക്ഷിണ, പൂര്‍വ ദിക്കുകളില്‍നിന്ന് യൂറോപ്പിലേക്കും മിഡിലീസ്റ്റിലേക്കും പോകുന്ന ധാരാളമാളുകള്‍ ദോഹ വഴി സഞ്ചരിക്കുന്നതിന്റെ ഭൂമിശാസ്ത്രം അപ്പോഴാണ് ശരിക്കും പിടികിട്ടിയത്.
വിമാനമിറങ്ങിയത് മുതല്‍ ഞാന്‍ അമ്പരക്കുകയായിരുന്നു, കടുത്ത രാഷ്ട്രീയാനിശ്ചിതത്വത്തിനിടയിലും തിരക്കേറിയ ഒരു മഹാനഗരിയില്‍ കാര്യങ്ങള്‍ എങ്ങനെ സുഗമമായി മുന്നോട്ടുനീങ്ങുന്നുവെന്ന്. വിമാനത്താവളത്തില്‍നിന്ന് ഞങ്ങള്‍ക്ക് താമസിക്കാന്‍ ഏര്‍പ്പാട് ചെയ്ത നൈല്‍ തീരത്തെ ഹോട്ടലിലേക്ക് ഏതാണ്ട് അമ്പത് കിലോമീറ്റര്‍ ദൂരമുണ്ട്. ടാക്‌സിയിലിരിക്കുമ്പോള്‍ നഗരം ശ്രദ്ധിക്കുകയായിരുന്നു. എല്ലാം പഴയതുപോലെ. സര്‍വത്ര തിരക്ക്. ഇന്ത്യന്‍ നഗരങ്ങളെ പിന്നിലാക്കുന്ന ഗതാഗത കുരുക്ക്. ജനസാന്ദ്രതയിലും അന്തരീക്ഷ മലിനീകരണത്തിലും ലോകനഗരങ്ങളുടെ മുന്‍പന്തിയിലാണ് കയ്‌റോയുടെ സ്ഥാനം. കൃഷിയും പരമ്പരാഗത തൊഴിലുകളും അന്യംനിന്നുകൊണ്ടിരിക്കുന്ന ഗ്രാമങ്ങളില്‍നിന്ന് ആളുകള്‍ ദാരിദ്ര്യം ഭയന്ന് തലസ്ഥാന നഗരിയിലേക്ക് പലായനം ചെയ്യുകയാണ്. അനുസ്യൂതമായ ഈ കുടിയേറ്റം നഗരത്തിന്റെ എല്ലാ സൗന്ദര്യവും കവര്‍ന്നെടുത്തിരിക്കുന്നു. ആയിരം വര്‍ഷത്തെ നാഗരിക പാരമ്പര്യമുള്ള 'ആയിരം മിനാരങ്ങളുടെ' ഈ നഗരി അതിന്റെ ചരിത്ര സ്മാരകങ്ങളെ മുഴുവന്‍ പഴയതും പുതിയതുമായ അനേകം കെട്ടിട സമുച്ചയങ്ങള്‍ക്കിടയില്‍ ഒളിപ്പിച്ചുവെച്ചിരിക്കുകയാണെന്ന് തോന്നും. അവ ചികഞ്ഞെടുക്കണമെങ്കില്‍ ഒരു സഞ്ചാരിക്ക് നല്ല ചരിത്രബോധവും അതോടൊപ്പം അപാരമായ ക്ഷമയും വേണം. ഇതു രണ്ടുമില്ലാത്ത ഒരാളെ ഈ പുരാതന നഗരി വളരെ വേഗം നിരാശപ്പെടുത്തിയേക്കും.
വിപ്ലവം നഗരത്തിന്റെ മുഖഛായക്ക് എന്തെങ്കിലും മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടോ എന്ന് അന്വേഷിക്കുകയായിരുന്നു ഞാന്‍. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ദൃശ്യങ്ങള്‍ നഗരത്തിലുടനീളം കാണാം. പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ഒരു ഡസനിലേറെ സ്ഥാനാര്‍ഥികളുടെ കൊടികളും അവരുടെ ചിത്രങ്ങളോടു കൂടിയ പോസ്റ്ററുകളും ബാനറുകളും. ഗ്രാഫിറ്റി എന്ന് ഇംഗ്ലീഷില്‍ പറയുന്ന ചുമര്‍ ചിത്രങ്ങളും ചുവരെഴുത്തുകളും വിപ്ലവം നല്‍കിയ ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പ്രതീകമായി നഗരത്തെ അലങ്കരിക്കുന്നു. രാഷ്ട്രീയം മാത്രമല്ല, കലയും സാഹിത്യവും പ്രണയവും കലഹവും എല്ലാം ഇവയിലൂടെ ആവിഷ്‌കൃതമാവുന്നു.
ഞങ്ങളുടെ ടാക്‌സി ഡ്രൈവര്‍ കയ്‌റോയില്‍ ജനിച്ചുവളര്‍ന്ന ഒരു ഫലസ്ത്വീനിയാണ്. അയാളുടെ കുടുംബം ഏതാണ്ട് മൂന്ന് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ഗസ്സയില്‍നിന്ന് കയ്‌റോയിലേക്ക് കുടിയേറിയതാണ്. വിപ്ലവത്തിനു ശേഷം തനിക്ക് ഈജിപ്ഷ്യന്‍ പൗരത്വം ലഭിച്ചിരിക്കുന്നുവെന്ന് അയാള്‍ ആഹ്ലാദത്തോടെ പറഞ്ഞു. ഹുസ്‌നി മുബാറകിന്റെ കാലത്ത് ഇത് സാധ്യമായിരുന്നില്ലത്രെ. പക്ഷേ, തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ ഇപ്പോഴും അവകാശമില്ല. സ്വന്തമായി ഒരു ദേശം സ്വപ്നമായി അവശേഷിക്കുന്ന ഒരാള്‍ക്ക് ഏതു നാട്ടിലെ പൗരത്വവും വിലയേറിയതാണല്ലോ.
തെരുവുകള്‍ ജനനിബിഡമാണെങ്കിലും വൃത്തിഹീനമല്ല. വിപ്ലവത്തിനു ശേഷം കയ്‌റോ സന്ദര്‍ശിച്ച ഒരു പടിഞ്ഞാറന്‍ പത്രപ്രവര്‍ത്തകന്‍ എഴുതിയതോര്‍ത്തുപോയി. നഗരം വിപ്ലവത്തിന് മുമ്പുള്ളതിനേക്കാള്‍ വൃത്തിയുള്ളതായി കാണപ്പെട്ടപ്പോള്‍ ഒരു ടാക്‌സിഡ്രൈവറോട് അദ്ദേഹം അതിന്റെ കാരണം ആരാഞ്ഞുവത്രെ. അപ്പോള്‍ ഡ്രൈവറുടെ ദാര്‍ശനികച്ചുവയുള്ള മറുപടി: 'വിപ്ലവത്തിന് മുമ്പ് ഈജിപ്തുകാര്‍ സ്വയം ചവറുകളായിട്ടാണ് (rubbish) കരുതിയിരുന്നത്. അവര്‍ ചവറല്ലെന്ന് വിപ്ലവം അവരെ ബോധ്യപ്പെടുത്തിയപ്പോള്‍ തെരുവിലെ മാലിന്യങ്ങള്‍ അവര്‍ തിരിച്ചറിഞ്ഞു.'
പഴയതും പുതിയതുമായ നഗരപ്രാന്തങ്ങള്‍ പിന്നിട്ട് ഹോട്ടലിലെത്താന്‍ ഒരു മണിക്കൂറിലേറെ സമയമെടുത്തു. അന്തരീക്ഷമലിനീകരണം കൊണ്ടാവാം ഒരു കറുത്ത പുക നഗരത്തെ ആവരണം ചെയ്തുനിന്നു. എങ്കിലും കാലാവസ്ഥ സുഖകരമായിരുന്നു. വേനലിനു മുമ്പുള്ള, അധികം ചൂടും തണുപ്പുമില്ലാത്ത മെഡിറ്ററേനിയന്‍ സായന്തനം. സമാലിഖ് എന്ന് പറയുന്ന താരതമ്യേന നിരക്കു കുറഞ്ഞ ഒരു മേഖലയിലാണ് ഞങ്ങളുടെ ഹോട്ടല്‍. നഗരങ്ങളെ കീറിമുറിച്ച് വലിയ ഒരു കനാല്‍ പോലെ ഒഴുകുന്ന നൈലിന്റെ തീരത്ത്. ഇവിടം നയതന്ത്ര കാര്യാലയങ്ങളുടെ ഒരു കേന്ദ്രമാണ്. രാത്രി ഭക്ഷണം കഴിക്കാനിറങ്ങിയപ്പോള്‍ കെ.എഫ്.സിയും മക്‌ഡോണാള്‍ഡും പിസാഹട്ടുമൊക്കെയേ പരിസരത്ത് കാണാനുള്ളൂ. ഈജിപ്ഷ്യന്‍ ഭക്ഷണം കിട്ടണമെങ്കില്‍ നൈലിന്റെ മറുകരയിലുള്ള ഡൗണ്‍ടൗണ്‍ വരെ നടക്കേണ്ടിവരും. കഴിഞ്ഞ തവണ കയ്‌റോയില്‍ വന്നപ്പോള്‍, അല്‍ അസ്ഹറിനടുത്തുള്ള പ്രശസ്തമായ നജീബ് മഹ്ഫൂസ് കോഫിഷോപ്പില്‍നിന്ന് ആതിഥേയരുടെ ചെലവില്‍ കഴിച്ച ഈജിപ്ഷ്യന്‍ ഫുഡിന്റെ രുചി ഇപ്പോഴും നാവിന്‍ തുമ്പത്തുണ്ട്. ഒരു പുതുമയുമില്ലാത്ത ഏതോ ഒരു ഫാസ്റ്റ് ഫുഡില്‍ എന്റെ ഭക്ഷണക്കൊതി തല്‍ക്കാലം ഒതുക്കിത്തീര്‍ത്തു.
അഞ്ചു ദിവസത്തെ താമസത്തിനിടയില്‍ കയ്‌റോയില്‍ കണ്ടുമുട്ടിയ ഈജിപ്തുകാര്‍ എന്നെ ബോധ്യപ്പെടുത്തിയ ഒരു കാര്യമുണ്ട്. ഏകാധിപത്യ വാഴ്ച ഈ ജനതയുടെ മേല്‍ കെട്ടിയേല്‍പിച്ച ഭീതിയുടെ മതില്‍കെട്ട് തകര്‍ന്നുപോയിരിക്കുന്നു. അപരിചിതരോട് പോലും രാഷ്ട്രീയം പറയാന്‍ ജനങ്ങള്‍ക്ക് ഇപ്പോള്‍ ഭയമില്ല. വിപ്ലവത്തെക്കുറിച്ചും സ്വന്തം നാടിന്റെ ഭാവിയെക്കുറിച്ചും അവര്‍ ഉള്ളുതുറന്ന് സംസാരിക്കുന്നു. പ്രതീക്ഷയും ആശങ്കയും അനിശ്ചിതത്വവും അവരുടെ മുഖങ്ങളില്‍ മാറിമാറി നിഴലിടുന്നത് കാണാം. ജീവിതത്തിന്റെ രണ്ടറ്റങ്ങളും കൂട്ടിമുട്ടിക്കാനുള്ള ദൈനംദിന സമരത്തിനിടയില്‍, പുതിയൊരു നാളെയെക്കുറിച്ച പ്രത്യാശ അവരെ മുന്നോട്ടുനയിക്കുന്നു.
തെരുവില്‍ ഇരമ്പുന്ന ആള്‍ക്കൂട്ടത്തില്‍ ഏറെയും ചെറുപ്പക്കാരാണ്. അവരാണല്ലോ വിപ്ലവത്തിന്റെ ചാലകശക്തി. സാംസ്‌കാരികരംഗത്ത് ഇസ്‌ലാമിസ്റ്റുകളുടെ ശക്തമായ സ്വാധീനം സ്ത്രീകളുടെ വേഷവിധാനത്തില്‍ നിന്ന് പെട്ടെന്ന് തിരിച്ചറിയാം. ഹിജാബ് ധാരിണികളുടെ ജനപ്രളയം. മേലാസകലം കറുപ്പ് കൊണ്ട് മൂടിയ ഗള്‍ഫ്‌നാടുകളിലെ പരമ്പരാഗത വസ്ത്രധാരണമല്ല. പല വര്‍ണങ്ങളിലും ശൈലിയിലുമുള്ള സുന്ദരവും ശാലീനവുമായ ഉടയാടകള്‍. ഈജിപ്തിലെ വസ്ത്രവ്യവസായം ചരിത്രപ്രസിദ്ധമാണ്. വിദേശകുത്തകകളെ പ്രീണിപ്പിക്കുന്ന മുബാറക്ക് ഭരണകൂടത്തിന്റെ ഉദാരവത്കരണ നയങ്ങള്‍ ഈ പരമ്പരാഗത വ്യവസായത്തെയും സാരമായി ബാധിച്ചിരിക്കുന്നുവത്രെ.
ശില്‍പശാലയില്‍ ഏതാനും ഈജിപ്ഷ്യന്‍ പത്രപ്രവര്‍ത്തകരുമുണ്ടായിരുന്നു. കയ്‌റോയിലെ അമേരിക്കന്‍ യൂനിവേഴ്‌സിറ്റിയില്‍നിന്ന് ബിരുദമെടുത്ത അഹ്മദ് ഫതീഹയുടെയും ഈജിപ്ഷ്യന്‍ ഗസറ്റില്‍ ജോലി ചെയ്യുന്ന നൈറൂസ് തല്‍അത്തിന്റെയും പേരുകള്‍ ഓര്‍മയില്‍ വരുന്നു. പ്രസിഡന്റ് തെരഞ്ഞെടുപ്പിനെക്കുറിച്ച് അഹ്മദിനോട് അഭിപ്രായം ആരാഞ്ഞപ്പോള്‍, ഒന്നും പ്രവചിക്കാന്‍ പറ്റാത്ത അവസ്ഥയാണെന്ന്, പ്രതീക്ഷിതമായ മറുപടി. ആരു ജയിക്കും എന്നതിനേക്കാളേറെ തെരഞ്ഞെടുപ്പ് പറഞ്ഞ തീയതിക്ക് നടക്കുമോ എന്നതാണ് ജനങ്ങളെ ആശങ്കപ്പെടുത്തുന്നത്. തെരഞ്ഞെടുപ്പ് നടന്നാല്‍ തന്നെ, ജയിക്കുന്ന പാര്‍ട്ടിയെ സൈനികനേതൃത്വം ഭരിക്കാന്‍ അനുവദിക്കുമോ എന്ന ആശങ്ക വേറെ.
പത്രപ്രവര്‍ത്തനരംഗത്തും മതബോധം കാത്തുസൂക്ഷിക്കുന്ന ഹിജാബ് ധാരിണിയായ നൈറൂസിന് മുസ്‌ലിം ബ്രദര്‍ഹുഡിന്റെ മുഹമ്മദ് മുര്‍സിയേക്കാള്‍ താല്‍പര്യം പഴയബ്രദര്‍ഹുഡുകാരനായ അബ്ദുല്‍ മുന്‍ഇം അബ്ദുല്‍ ഫുതൂഹിനോടാണ്. സലഫികളുടെ രാഷ്ട്രീയ പ്രവേശം വരെയും തീവ്രവാദിപ്പട്ടികയില്‍ ആയിരുന്നല്ലോ ബ്രദര്‍ഹുഡ്. തീവ്രവാദിപ്പട്ടം സലഫികള്‍ ഏറ്റെടുത്തപ്പോഴാണ് ബ്രദര്‍ഹുഡിന് 'മിതവാദി' ലിസ്റ്റിലേക്ക് പടിഞ്ഞാറന്‍ മീഡിയയും ഭരണകൂടങ്ങളും സ്ഥാനക്കയറ്റം നല്‍കിയത്. എന്നിട്ടും പലര്‍ക്കും ഇപ്പോഴും അവര്‍ തീവ്രവാദികള്‍ തന്നെ. ബ്രദര്‍ഹുഡിന്റെ ആശയങ്ങളോട് പൂര്‍ണമായും പൊരുത്തപ്പെടാത്ത, എന്നാല്‍ ഇസ്‌ലാമിസ്റ്റ് മനോഭാവമുള്ള ധാരാളം ഈജിപ്തുകാരുടെ വോട്ട് അബ്ദുല്‍ ഫുത്തൂഹിന് ലഭിക്കുമെന്ന് കരുതപ്പെട്ടിരുന്നു. സലഫികളില്‍ ഒരു വിഭാഗത്തിന്റെ പിന്തുണയും അദ്ദേഹത്തിന് തുണയാവുമെന്ന് പ്രവചനങ്ങളുണ്ടായിരുന്നു. എന്നാല്‍, തെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ മുര്‍സിയേക്കാള്‍ വളരെ പിന്നില്‍ നാലാം സ്ഥാനത്തേക്ക് അബ്ദുല്‍ ഫുത്തൂഹ് തള്ളപ്പെടുകയായിരുന്നു. സെക്യുലര്‍ വോട്ടുകളെപ്പോലെ, ഇസ്‌ലാമിസ്റ്റ് വോട്ടുകളും ഭിന്നിച്ചുപോയ ഒരു തെരഞ്ഞെടുപ്പില്‍ മുഹമ്മദ് മുര്‍സിയുടെ വിജയം ബ്രദര്‍ഹുഡിന്റെ ജനസ്വാധീനം തന്നെയാണ് വിളിച്ചറിയിക്കുന്നത്.
വെസ്റ്റ് നുബേരിയ
കയ്‌റോയിലെത്തിയതിന്റെ പിറ്റേന്ന് ശില്‍പശാലയുടെ ഭാഗമായി നഗരത്തിന് പുറത്ത് വെസ്റ്റ് നുബേരിയയിലെ കൃഷിയിടങ്ങളിലേക്കുള്ള സന്ദര്‍ശനമായിരുന്നു. കയ്‌റോയില്‍നിന്ന് അലക്‌സാന്‍ഡ്രിയയിലേക്ക് പോകുന്ന ഹൈവേയില്‍ രണ്ട് മണിക്കൂറിലധികം നീണ്ട ബസ് യാത്ര. ഐ.എഫ്.എ.ഡിന്റെ സാമ്പത്തിക, സാങ്കേതിക സഹായത്തോടെ വികസിപ്പിച്ചെടുത്ത ഏക്കറുകളോളം പരന്നു കിടക്കുന്ന പഴം, പച്ചക്കറി തോട്ടങ്ങള്‍. ഗോതമ്പ്, ചോളം തുടങ്ങിയ ധാന്യങ്ങളും ഇവിടെ കൃഷി ചെയ്യുന്നു. കൃഷിഭൂമി നഷ്ടപ്പെട്ട പരമ്പരാഗത കര്‍ഷകര്‍ക്ക് തുഛവിലയ്ക്ക് ഭൂമിയും അതോടൊപ്പം കൃഷിക്കാവശ്യമായ സാങ്കേതിക സഹായങ്ങളും നല്‍കി, സ്വയംപര്യാപ്തമായ കാര്‍ഷിക ഗ്രാമങ്ങള്‍ വികസിപ്പിച്ചെടുക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം. നൈലില്‍നിന്ന് കനാലുകള്‍ വഴി വെള്ളം കൊണ്ടുവന്നാണ് മരുഭൂമിയെ കൃഷിയോഗ്യമാക്കുന്നത്. ഗ്രാമങ്ങളില്‍ സ്‌കൂള്‍, ആശുപത്രി, മാര്‍ക്കറ്റ് തുടങ്ങിയ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ഗ്രാമങ്ങളിലെ പട്ടിണി ഇല്ലാതാക്കുന്നതോടൊപ്പം നഗരങ്ങളിലേക്കുള്ള കുടിയേറ്റം നിയന്ത്രിക്കുക എന്ന ലക്ഷ്യം കൂടി ഇതിന്റെ പിന്നിലുണ്ട്. പുരുഷന്മാര്‍ വയലില്‍ പണിയെടുക്കുമ്പോള്‍ സ്ത്രീകള്‍ക്ക് വീട്ടിലിരുന്ന് ചെയ്യാവുന്ന പരവതാനി നിര്‍മാണം, കന്നുകാലി വളര്‍ത്തല്‍, കരകൗശല വിദ്യകള്‍, ടൈലറിംഗ് തുടങ്ങിയ ജോലികളില്‍ പരിശീലനം നല്‍കുന്നു. ഐ.എഫ്.എ.ഡിന്റെ സമാനമായ മറ്റു പദ്ധതികളെ അപേക്ഷിച്ച് താരതമ്യേന വിജയകരമായി നടക്കുന്ന ഒന്നാണ് വെസ്റ്റ് നുബേരിയയിലേത് എന്ന് അതിന്റെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പത്രസമ്മേളനത്തില്‍ അവകാശപ്പെടുകയുണ്ടായി. കയ്‌റോയില്‍നിന്ന് വന്ന പത്രപ്രവര്‍ത്തകരുടെ പ്രധാന ചോദ്യം പദ്ധതിയുമായി ബന്ധപ്പെട്ട അഴിമതി കഥകളെക്കുറിച്ചായിരുന്നു. മുബാറക് ഭരണകൂടത്തിന്റെ കൂടപ്പിറപ്പായ അഴിമതിയും സ്വജനപക്ഷപാതവും ഈയൊരു പദ്ധതിയെ മാത്രം ബാധിക്കാതിരിക്കുന്നതെങ്ങനെ? കര്‍ഷകരുടെ പ്രധാന പരാതി തങ്ങളുടെ ഉല്‍പന്നങ്ങള്‍ക്ക് അര്‍ഹമായ വില ലഭിക്കുന്നില്ലെന്നാണ്. ലാഭത്തിന്റെ നല്ലൊരു വിഹിതം ഇടനിലക്കാര്‍ തട്ടിയെടുക്കുന്നു. ഇത് നിയന്ത്രിക്കാന്‍ കര്‍ഷകരെ നേരിട്ട് മൊത്തക്കച്ചവടക്കാരുമായി ബന്ധപ്പെടുത്തുന്ന മാര്‍ക്കറ്റിംഗ് സംവിധാനം പദ്ധതിയുടെ ഭാഗമായി വികസിപ്പിച്ചെടുക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. തോട്ടങ്ങളില്‍ നിന്നുള്ള ഉരുളക്കിഴങ്ങിന്റെ വലിയൊരു ഭാഗം മൊത്തമായി വാങ്ങുന്നത് യൂറോപ്പിലെ ഒരു വന്‍ ഭക്ഷ്യനിര്‍മാണ കമ്പനിയാണ്. കൃഷിക്കാവശ്യമായ വിത്തും സാമ്പത്തിക സഹായവും നല്‍കി വിളവ് മൊത്തമായി അവര്‍ സ്വന്തമാക്കുന്നു. എന്തൊക്കെ ന്യൂനതകളുണ്ടായാലും മരുഭൂമിയെ മരുപ്പച്ചയാക്കി, സ്വയം സമ്പന്നമായ കര്‍ഷക ഗ്രാമങ്ങള്‍ സൃഷ്ടിച്ചെടുക്കാനുള്ള ഈ പദ്ധതി മാതൃകാപരം തന്നെ.
മരുഭൂമിയിലെ ചൂടും തണുപ്പുമേറ്റ് കരുവാളിച്ച മുഖങ്ങളുമായി ദരിദ്ര കര്‍ഷകരെ കയ്‌റോയില്‍നിന്ന് അലക്‌സാന്‍ഡ്രിയിലേക്ക് പോകുന്ന ഹൈവേയില്‍ പലയിടത്തും കണ്ടു. ബസ് സ്റ്റോപ്പുകളില്‍ പഴങ്ങളും പച്ചക്കറികളും വില്‍ക്കാനിരിക്കുന്നവര്‍. വഴിയില്‍ ഇടക്കിടെ പ്രത്യക്ഷപ്പെടുന്ന റസ്റ്റ് ഹൗസുകളുടെ പരിസരത്ത് തേന്‍, അച്ചാറ്, മധുര പലഹാരങ്ങള്‍ തുടങ്ങിയവ വില്‍ക്കുന്ന ഗ്രാമീണത മുറ്റിയ സ്ത്രീകളും പുരുഷന്മാരും. ദൈന്യതയും ദാരിദ്ര്യവും വിളിച്ചറിയിക്കുന്നുണ്ട് അവരുടെ രൂപഭാവങ്ങള്‍. നഗരാതിര്‍ത്തി പിന്നിട്ടാല്‍ പിന്നെ തുറന്ന മരുഭൂമിയാണ്. റോഡിനിരുവശവും നരച്ച പച്ച നിറത്തില്‍ പരന്നുകിടക്കുന്ന കൃഷിയിടങ്ങള്‍. സമ്പന്നരായ ഭൂവുടമകളുടെയും സ്വകാര്യ കമ്പനികളുടെയും ഉടമസ്ഥതയിലുള്ളവ. അവിടങ്ങളില്‍ പണിയെടുക്കുന്ന കൃഷിവലന്മാര്‍ക്ക് പട്ടിണിയും പരിവട്ടവും മിച്ചം. നഗരങ്ങളിലെ തൊഴിലില്ലാപ്പടയോടൊപ്പം ആയിരക്കണക്കിന് ഗ്രാമീണരും വിപ്ലവത്തില്‍ അണിചേര്‍ന്നത് സ്വാഭാവികം. അറബ് വിപ്ലവങ്ങള്‍ സ്വാതന്ത്ര്യത്തിനെന്ന പോലെ അപ്പത്തിനും വേണ്ടിയുള്ള മുറവിളിയായിരുന്നു എന്ന യാഥാര്‍ഥ്യം ഈ ദൈന്യ മുഖങ്ങള്‍ വീണ്ടും ഓര്‍മിപ്പിക്കുന്നു.
അടുത്ത ലക്കത്തില്‍
തഹ്‌രീര്‍ സ്‌ക്വയര്‍
Comments