Prabodhanm Weekly

Pages

Search

2012 നവംബര്‍ 24

ഹൈദരാബാദില്‍ വീണ്ടും തീയെരിയുമ്പോള്‍

ഇഹ്‌സാന്‍

ഹൈദരാബാദിലെ ചാര്‍മിനാര്‍ വീണ്ടുമൊരിക്കല്‍ കൂടി വര്‍ഗീയ അസ്വാസ്ഥ്യങ്ങളെ ചൊല്ലി വാര്‍ത്തകളില്‍ നിറയുകയാണ്. 500 വര്‍ഷം മുമ്പ് ഖുതുബ് ഷാഹി രാജാക്കന്മാന്‍ പണികഴിപ്പിച്ച ഈ സ്മാരകം അതിന്റെ ചരിത്രപരമായ എല്ലാ യാഥാര്‍ഥ്യങ്ങളെയും മാറ്റിവെച്ചാണ് പുതിയ കാലത്തെ രാഷ്ട്രീയ വിവാദങ്ങളുടെ രണഭൂമിയായി മാറുന്നത്. വെറുമൊരു നാഴികക്കല്ലായി ഇന്ത്യാ ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെട്ട ഈ നാല് മിനാരങ്ങള്‍ ഹൈദരാബാദില്‍ നിന്നും നാല് വ്യത്യസ്ത ദിശകളിലേക്കുള്ള നഗരങ്ങളുടെ ദൂരം കുറിക്കുന്ന അടയാളമായിരുന്നു. ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്ന ഭാഗ്യലക്ഷ്മി ക്ഷേത്രം ഒരിക്കലും ചാര്‍മിനാര്‍ ചരിത്രത്തിന്റെ ഭാഗമേ ആയിരുന്നില്ല. പക്ഷേ ഇന്ന് ഹൈദരാബാദിലെ പഴയ നഗരത്തിന്റെ മാത്രമല്ല ആന്ധ്രാപ്രദേശിന്റെ കൂടി രാഷ്ട്രീയ ചരിത്രം തീരുമാനിക്കുന്നത് മിനാറിന്റെ നാലു തൂണുകളിലൊന്നിനോടു ചേര്‍ത്ത് കെട്ടിയുയര്‍ത്തിയ ഈ പില്‍ക്കാല ക്ഷേത്രമാണ്. നഗരത്തില്‍ പടര്‍ന്നുപിടിച്ച പ്ലേഗിന്റെ അവസാനം വിളംബരം ചെയ്ത് സുല്‍ത്താന്‍ സ്ഥാപിച്ച ഒരു കല്ലില്‍ നിന്നായിരുന്നു ഈ 'ഭാഗ്യദേവത'യുടെ ആരംഭമെന്നാണ് ചരിത്രകാരന്മാരില്‍ പലരും ചൂണ്ടിക്കാട്ടിയിട്ടുള്ളത്. കല്ലിനെ ഭാഗ്യത്തിന്റെ അടയാളമായാണ് ജനങ്ങള്‍ കണക്കിലെടുത്തത്. ചിലരൊക്കെ അതിന്റെ മേല്‍ കുങ്കുമം തേക്കുകയും പതിവായിരുന്നു. ഈ പതിവ് പതിറ്റാണ്ടുകളോളം അങ്ങനെ പ്രത്യേകിച്ച് അസ്വാസ്ഥ്യങ്ങളൊന്നുമില്ലാതെ തുടര്‍ന്നു. ഇതൊരു ക്ഷേത്രമായി രൂപപ്പെട്ടതിന്റെ തുടക്കം ഹൈദരാബാദ് എന്ന നാട്ടുരാജ്യത്തെ ഇന്ത്യന്‍ യൂനിയനില്‍ ലയിപ്പിച്ചതിനു ശേഷമാണ്. പക്ഷേ, അത്രയൊന്നും പഴയതുമല്ല ആ ചരിത്രം. 1969-ല്‍ അശ്രദ്ധമായി ലോറി ഓടിച്ചു കയറ്റി ആരോ ഈ ഭാഗ്യക്കല്ലിനെ തകര്‍ത്തപ്പോഴാണ് അതൊരു വിഗ്രഹമായി റോഡില്‍ നിന്നും അകത്തുകടക്കുകയും ചാര്‍മിനാറിന്റെ തൂണുകളില്‍ ഒന്നിനോടു ചാരി പുനരവതരിച്ചതും. അതൊരു താല്‍ക്കാലിക ക്ഷേത്രത്തിന്റെ തുടക്കമായി. ഇന്ന് ഈ ക്ഷേത്രത്തിനകത്ത് ആര്‍.എസ്.എസ് ആചാര്യന്‍ എം.എസ് ഗോല്‍വാര്‍ക്കറുടെ ചിത്രം പോലും തൂങ്ങിക്കിടക്കുന്നുണ്ട്.
ഒക്‌ടോബര്‍ 31-ന് രാത്രി ഭാഗ്യലക്ഷ്മി ക്ഷേത്രത്തിന്റെ ചുറ്റുമുള്ള തുണിപ്പന്തല്‍ അര്‍ധരാത്രി സമയത്ത് മാറ്റി ടിന്‍ഷീറ്റിടാനുള്ള നീക്കം നടന്നതാണ് ഇപ്പോഴത്തെ കലാപത്തിന്റെ കാരണം. ജില്ലാ ഭരണകൂടവും ആര്‍ക്കിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യയും ഈ വിഷയത്തില്‍ ക്ഷേത്രഭാരവാഹികളെ തുണച്ചുവെന്നാണ് ടൈംസ് ഓഫ് ഇന്ത്യ പത്രം റിപ്പോര്‍ട്ട് ചെയ്തത്. താല്‍ക്കാലിക തുണിപ്പന്തല്‍ മാറ്റുക എന്ന പേരില്‍ ചാര്‍മിനാറിന്റെ ചുവരുകള്‍ തുരന്ന് മുള അടിച്ചു കയറ്റിയാണ് പുതിയ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്നത്. ഐ.എസ്.ഐയുടെ ഭാഗത്തു നിന്നും ഇതിന് അനുമതി ലഭിച്ചിരുന്നുവെന്നും ഇല്ലെന്നും പറയപ്പെടുന്നുണ്ട്. ഏതായാലും അസമയത്ത് നടക്കുന്ന നിര്‍മാണ നീക്കങ്ങളെ കുറിച്ച സൂചനകള്‍ ലഭിച്ചതുകൊണ്ട് പ്രദേശവാസികള്‍ അര്‍ധരാത്രിയിലും സംഭവസ്ഥലത്ത് തടിച്ചുകൂടി പോലീസിന്റെയും സംഘ്പരിവാറിന്റെയും ശ്രമത്തിന് തടസ്സം സൃഷ്ടിച്ചു. പോലീസും പ്രദേശത്തുള്ളവരും തമ്മില്‍ ഏറ്റുമുട്ടല്‍ ആരംഭിക്കുകയും പതുക്കെ നഗരം മറ്റൊരു കലാപത്തീയിലേക്ക് എടുത്തെറിയപ്പെടുകയും ചെയ്തു.
ഹൈദരാബാദിന്റെ വികാസപരിണാമങ്ങളില്‍ ഈ ക്ഷേത്രവും പഴയനഗരിയിലെ രാഷ്ട്രീയവും എക്കാലത്തും ഇഴപിരിഞ്ഞു കിടക്കുന്നുണ്ട്. മക്കാ മസ്ജിദ് സ്ഥിതി ചെയ്യുന്ന ഈ ഏരിയ കുപ്രസിദ്ധമായ പല പില്‍ക്കാല വെടിവെപ്പുകളുടെയും വേദിയായിരുന്നു. ഏറ്റവുമൊടുവില്‍ മസ്ജിദില്‍ ഹിന്ദുത്വ ശക്തികള്‍ സ്ഥാപിച്ച ബോംബിന്റെ പേരില്‍ പോലും പോലീസ് നാലു യുവാക്കളെ 2007-ല്‍ ഇവിടെ വെടിവെച്ചിട്ടു. 1979-ലെയും 1983-ലെയും കലാപങ്ങള്‍ നിരവധി ജീവനുകളെടുത്തിരുന്നു. ഈ സംഘര്‍ഷങ്ങളിലൂടെയാണ് മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്‌ലിമൂന്‍ എന്ന സംഘടന ഹൈദരാബാദില്‍ വളര്‍ന്നു വലുതായത് തന്നെ. ജനത്തെ വൈകാരികമായി ഇളക്കിവിടുന്നതില്‍ പേരുകേട്ട സുല്‍ത്താന്‍ സലാഹുദ്ദീന്‍ ഉവൈസിയായിരുന്നു അന്ന് സംഘടനയെ നയിച്ചതെങ്കില്‍ ഇന്ന് അദ്ദേഹത്തിന്റെ മിതഭാഷിയായ  മകനും പാര്‍ലമെന്റംഗവുമായ അസദുദ്ദീനാണ് മജ്‌ലിസിനെ നയിക്കുന്നത്. നിയമപരമായ മാര്‍ഗങ്ങളിലൂടെയാണ് അസദുദ്ദീന്‍ മുന്നോട്ട് പോയത്. ചാര്‍മിനാറില്‍ ഏറ്റുമുട്ടലിന് തയാറെടുത്ത അനുയായികളെ പിന്തിരിപ്പിച്ച് ഒക്‌ടോബര്‍ 30-ന്റെ തല്‍സ്ഥിതി നിലനിര്‍ത്തണമെന്ന് ഹൈക്കോടതി ഉത്തരവ് നേടിയെടുത്തത് മജ്‌ലിസിന്റെ തന്ത്രപരമായ വിജയമായിരുന്നു. അസദുദ്ദീന്‍ ഇടപെട്ടില്ലായിരുന്നുവെങ്കില്‍ ഇപ്പോഴത്തെ സംഘര്‍ഷം കത്തിപ്പടരുമായിരുന്നുവെന്നത് വ്യക്തം.   
ജഗന്‍മോഹന്‍ റെഡ്ഡിയുമായി കൂടുതല്‍ അടുപ്പം പുലര്‍ത്തുകയും എന്നാല്‍ തത്ത്വത്തില്‍ കോണ്‍ഗ്രസിനോടൊപ്പം നില്‍ക്കുകയും ചെയ്യുന്ന മജ്‌ലിസ് എം.എല്‍.എമാരെ ഇപ്പോഴത്തെ മുഖ്യമന്ത്രി കിരണ്‍ റെഡ്ഡി നോട്ടമിട്ടിരുന്നു. തെലുങ്കാന പ്രശ്‌നത്തില്‍ കോണ്‍ഗ്രസിനെ വിട്ട് ഇവര്‍ ടി.ആര്‍.എസ് പക്ഷത്തേക്ക് മറുകണ്ടം ചാടുകയാണെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ടായിരുന്നു. അതുകൊണ്ടുതന്നെ കോണ്‍ഗ്രസും ആന്ധ്രാ ലോബിയും വലിയ പ്രതിസന്ധിയിലേക്കാണ് പോയിക്കൊണ്ടിരുന്നത്. തെലുങ്കാനയായിരുന്നു ആധിയുടെ മര്‍മം. മുസ്‌ലിംകളെ ഒറ്റപ്പെടുത്തുക ഒരുപക്ഷേ ഒരു വര്‍ഗീയ കലാപത്തിലൂടെ സാധ്യമാകുമായിരുന്നു. ജില്ലാ ഭരണകൂടവും ഭാഗ്യലക്ഷ്മി ക്ഷേത്രം ഭാരവാഹികളും ചേര്‍ന്ന് ഈ ഒക്‌ടോബര്‍ മാസം ഒടുവിലായി ഹൈദരാബാദില്‍ നിയമവിരുദ്ധമായ ചില നീക്കങ്ങള്‍ക്ക് തുടക്കം കുറിച്ചു എന്നാണ് സംശയിക്കപ്പെടുന്നത്. തങ്ങള്‍ കോടതി ഉത്തരവ് നടപ്പാക്കുക മാത്രമാണ് ചെയ്തതെന്ന് പോലീസ് പറയുന്നുണ്ടെങ്കിലും കോടതി ഇക്കാര്യത്തില്‍ പോലീസിന്റെയും സംഘ്പരിവാറിന്റെയും ആവശ്യത്തിന് വിരുദ്ധമായാണ് പിന്നീട് വിധി പുറപ്പെടുവിച്ചത്. ആദ്യഘട്ടത്തില്‍ കോടതിയുടെ ഉത്തരവില്ലാതെയാണ് പോലീസ് ഈ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് കൂട്ടു നിന്നതെന്ന മജ്‌ലിസിന്റെയും മാധ്യമങ്ങളുടെയും ആരോപണം ശരിയാണെന്ന് ഈ വിധി അടിവരയിടുന്നു. ഹൈദരാബാദില്‍ മജ്‌ലിസ് ഒന്നുകൂടി ചുവടുറപ്പിക്കുന്നു എന്നതും നാന്ദേഡ് മുന്‍സിപ്പല്‍ കോര്‍പറേഷന്‍ മാതൃകയില്‍ കൂടുതല്‍ പ്രദേശങ്ങളിലേക്ക് സംഘടന വ്യാപിക്കാനൊരുങ്ങുകയാണെന്നും ഇപ്പോഴത്തെ സംഭവങ്ങള്‍ സൂചിപ്പിക്കുന്നു.

Comments

Other Post

ഖുര്‍ആന്‍ ബോധനം

അല്‍ ഇസ്‌റാഅ്‌
എ.വൈ.ആര്‍