Prabodhanm Weekly

Pages

Search

2012 നവംബര്‍ 24

ജനങ്ങളുടെ ദുരവസ്ഥ

2ജി സ്‌പെക്ട്രം കുംഭകോണ വാര്‍ത്ത പുറത്തുവന്നപ്പോള്‍ ഇന്ത്യ കണ്ട ഏറ്റവും ഭീമമായ അഴിമതിയായി അത് ഘോഷിക്കപ്പെട്ടിരുന്നു. അന്നത്തെ ടെലികോം മന്ത്രിയെ അഴിമതി രാജാവായി കാരാഗൃഹത്തിലവരോധിക്കുകയും ചെയ്തു. പക്ഷേ, പിന്നീട് വന്ന കല്‍ക്കരിക്കഥ അതിനേക്കാള്‍ വലിയ അഴിമതി ഖനിയായി. പ്രധാനമന്ത്രി പോലും കരിപുരണ്ടു. തുടര്‍ന്നുവന്നത് സോണിയാഗാന്ധിയുടെ മരുമകനും ഭാവി പ്രധാനമന്ത്രിയുടെ അളിയനുമായ റോബര്‍ട്ട് വദ്രയുടെ ഭൂമിയിടപാടിന്റെ കഥകളാണ്. അതുവഴി നെഹ്‌റു കുടുംബവും അഴിമതിയുടെ ചളിക്കുണ്ടില്‍ വീണു. ഇത് ഭരണകക്ഷിയുടെ കഥ. ഇനി പ്രതിപക്ഷത്തിന്റെ കാര്യമോ? പല സംസ്ഥാനങ്ങളിലും ഭരണം കൈയാളുന്ന, മുന്നണി സംവിധാനത്തിലൂടെ രണ്ടുതവണ കേന്ദ്രം ഭരിച്ച, ഇന്ത്യ മുഴുവന്‍ ഒറ്റക്ക് ഭരിക്കാനുള്ള അവസരത്തിനുവേണ്ടി അക്ഷമയോടെ അധ്വാനിക്കുന്ന, രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ കക്ഷിയാണല്ലോ ബി.ജെ.പി. അധികാരം കിട്ടിയപ്പോഴൊക്കെ അഴിമതിക്കാര്യത്തില്‍ അവരും മുന്‍പന്തിയിലായിരുന്നു. രാജ്യരക്ഷാ ആയുധ ഇടപാടില്‍ കൈക്കൂലി വാങ്ങിയതിനെത്തുടര്‍ന്നാണ് പാര്‍ട്ടിയുടെ മുന്‍ ദേശീയ പ്രസിഡന്റ് ബംഗാരു ലക്ഷ്മണക്ക് സ്ഥാനത്യാഗം ചെയ്യേണ്ടിവന്നത്. പ്രധാനമന്ത്രി പദത്തിലേക്കു വരെ ചൂണ്ടിക്കാണിക്കപ്പെട്ട നിലവിലെ പ്രസിഡന്റ് നിതിന്‍ ഗഡ്കരിയും അഴിമതിയാരോപണച്ചൂളയിലകപ്പെട്ട് പിടയുകയാണ്. ബി.ജെ.പിയുടെ കര്‍ണാടക മുഖ്യമന്ത്രിയായിരുന്ന യദിയൂരപ്പ രാജി വെക്കേണ്ടിവന്നതും അഴിമതിയുടെ പേരില്‍ തന്നെ. രാജ്യത്തെ മറ്റു ചെറുകിട-പ്രാദേശിക കക്ഷികളും അവസരം കിട്ടുമ്പോഴൊക്കെ ആവുന്നത്ര അഴിമതി നടത്തുന്നുണ്ട്. ഇടതുപാര്‍ട്ടികള്‍ ഇക്കാര്യത്തില്‍ കുറെ ഭേദമാണെങ്കിലും മറ്റു കാരണങ്ങളാല്‍ ജനങ്ങള്‍ അവരെ അധികാരത്തില്‍നിന്ന് കൂടുതല്‍ കൂടുതല്‍ അകറ്റിക്കൊണ്ടിരിക്കുന്ന അവസ്ഥയാണുള്ളത്.
യു.പി.എ ഗവണ്‍മെന്റിനു പകരം എന്‍.ഡി.എയോ സങ്കല്‍പത്തിലുള്ള മൂന്നാം മുന്നണിയോ അധികാരത്തില്‍ വന്നാലും, അതിനെ നയിക്കുന്നത് ഇന്നത്തെ കക്ഷികളും നേതാക്കളുമാണെങ്കില്‍ അഴിമതിയുടെ നീരാളിപ്പിടുത്തത്തില്‍നിന്ന് ജനങ്ങള്‍ മോചനം പ്രതീക്ഷിക്കേണ്ടതില്ലെന്നാണിതു സൂചിപ്പിക്കുന്നത്. ആധുനിക ഭാരതം നേരിടുന്ന ദയനീയമായ ദുരവസ്ഥയാണിത്. നീതിക്കും അഴിമതിക്കുമിടയില്‍ ഒരു തെരഞ്ഞെടുപ്പിന് അവര്‍ക്ക് അവസരമില്ല. ആരുടെ അഴിമതി എന്നേ നിശ്ചയിക്കാനുള്ളൂ. രാജ്യത്തിന്റെ നാശത്തിലേക്കുള്ള നീക്കമായി ഗൗരവപൂര്‍വം വീക്ഷിക്കേണ്ടതുണ്ടീ അവസ്ഥയെ. ഇന്ത്യയോളമില്ലെങ്കിലും സാമ്പത്തിക വളര്‍ച്ചയോടൊപ്പം അഴിമതിയും തഴച്ചുവളരുന്ന രാജ്യമാണ് ചൈന. കഴിഞ്ഞ വാരം ബീജിംഗില്‍ ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ 18-ാം കോണ്‍ഗ്രസ് ചേരുകയുണ്ടായി. അതില്‍ നിലവിലെ ചൈനീസ് പ്രസിഡന്റ് ഹുജിന്റാവോ അതീവ ഗൗരവത്തോടെ, ഉത്കണ്ഠയോടെ നടത്തിയ ഉദ്‌ബോധനം വര്‍ധിച്ചുവരുന്ന അഴിമതി നിര്‍മാര്‍ജനം ചെയ്തില്ലെങ്കില്‍ പാര്‍ട്ടി മാത്രമല്ല രാജ്യം തന്നെ നശിച്ചുപോകും എന്നാണ്. സ്വന്തം ഭരണത്തിന്റെ പശ്ചാത്തലത്തില്‍ അത്തരമൊരു ഉദ്‌ബോധനത്തിന് ചൈനീസ് പ്രസിഡന്റിനെ പ്രേരിപ്പിച്ചത് അദ്ദേഹത്തിന്റെ പരിണത പ്രജ്ഞയും യാഥാര്‍ഥ്യബോധവുമാണ്. നിര്‍ഭാഗ്യവശാല്‍ ഈ യാഥാര്‍ഥ്യബോധം ഇന്ത്യന്‍ നേതൃത്വത്തില്‍ കാണാനാകുന്നില്ല. ഭരണപക്ഷത്തിന്റെയും പ്രതിപക്ഷത്തിന്റെയും അഴിമതിക്കഥകളാല്‍ രാജ്യമാസകലം ബഹളമുഖരിതമായ സന്ദര്‍ഭത്തിലായിരുന്നു കോണ്‍ഗ്രസ് ദല്‍ഹിയില്‍ ഒരു വന്‍ റാലി സംഘടിപ്പിച്ചത്. നിലവിലെ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗും ഭാവി പ്രധാനമന്ത്രി രാഹുല്‍ ഗാന്ധിയും അതില്‍ ജനങ്ങളെ ഉദ്‌ബോധിപ്പിച്ചത്, രാജ്യത്തെ ചില്ലറ വ്യാപാരം വിദേശകുത്തകകള്‍ക്ക് ഏല്‍പിച്ചു കൊടുത്താലുണ്ടാകുന്ന തൊഴില്‍ ലഭ്യതയുടെയും ക്ഷേമ സൗഭാഗ്യങ്ങളുടെയും സുവിശേഷങ്ങളാണ്. അഴിമതിയുടെ വിളയാട്ടമുയര്‍ത്തുന്ന ഭീഷണികളോ അതു തടയാനുള്ള പ്രായോഗിക പരിപാടിയോ വിഷയമായതേയില്ല.
സി.എ.ജി പുറത്തുകൊണ്ടുവരുന്നത് ഭരണകൂടം നടത്തുന്ന സാമ്പത്തിക ക്രമക്കേടുകള്‍ മാത്രമാണ്. സാമ്പത്തികേതര രംഗങ്ങളിലെ അഴിമതികള്‍ പലതും ഒരു ഏജന്‍സിയുടെയും പരിഗണനയില്‍ വരുന്നില്ല. ജനം അറിയുന്നുമില്ല. അധികാരികള്‍ കൈക്കൂലി വാങ്ങുന്നതും സ്വജനപക്ഷപാതം നടത്തുന്നതും മാത്രമല്ല അഴിമതി. ഭരണകൂടത്തെ ബാധിക്കുന്ന ജീര്‍ണതയാണത്. രാജ്യത്തിന്റെ പൊതുജീവിതം മൊത്തത്തില്‍ പ്രശ്‌നകലുഷവും മലീമസവുമാക്കാന്‍ അതു കാരണമാകുന്നു. ഇത് അധികാരവൃത്തത്തിന്റെയോ രാഷ്ട്രീയ കക്ഷികളുടെയോ മാത്രം പ്രശ്‌നമല്ല. രാജ്യത്തിന്റെ സുസ്ഥിരതയുടെയും ക്ഷേമത്തിന്റെയും അന്തസ്സിന്റെയും പ്രശ്‌നമാണ്. ഓരോ പൗരന്റെയും പ്രശ്‌നമാണ്. നീതിയും നിയമവാഴ്ചയും അതുളവാക്കുന്ന സൈ്വരജീവിതവുമാണ് എല്ലാ പൗരന്മാരും ആഗ്രഹിക്കുന്നത്. അതുകൊണ്ടാണ് അണ്ണാ ഹസാരെയെ പോലെ അഴിമതിവിരുദ്ധ മുദ്രാവാക്യവുമായി രംഗപ്രവേശം ചെയ്യുന്നവര്‍ക്കു ചുറ്റും അവര്‍ തടിച്ചുകൂടുന്നത്. പക്ഷേ, അത്തരം പ്രസ്ഥാനങ്ങളും നല്‍കുന്നത് വെറും വ്യാമോഹങ്ങളാണോ? ഹസാരെയുടെ പ്രസ്ഥാനത്തിനുണ്ടായ ശൈഥില്യവും ദിശാ മാറ്റങ്ങളും ഈ സംശയത്തെ ബലപ്പെടുത്തുന്നു. എങ്കിലും നീതിബോധവും ധാര്‍മികപ്രതിബദ്ധതയുമുള്ള പൗരന്മാര്‍ നിരാശപ്പെട്ടുകൂടാ. നിലവിലുള്ള അഴിമതിവിരുദ്ധ പ്രസ്ഥാനങ്ങള്‍ നിഷ്ഫലമാണെങ്കില്‍ ഫലപ്രദമായ മറ്റു സംരംഭങ്ങളാവിഷ്‌കരിക്കാന്‍ തയാറാവണം. ഈവഴി പ്രയാസങ്ങളും പ്രതിബന്ധങ്ങളും നിറഞ്ഞതാണ്. കണിശമായ ലക്ഷ്യബോധത്തോടെ, നിക്ഷിപ്ത താല്‍പര്യക്കാരാല്‍ ഹൈജാക്ക് ചെയ്യപ്പെടാതെ ദുര്‍ഘടമായ പാതകള്‍ താണ്ടിയാലേ വിജയിക്കാനാകൂ. അഴിമതിയില്‍നിന്ന് സ്വയം അകന്നു നില്‍ക്കാനുള്ള ആര്‍ജവമാണ് ആദ്യം വേണ്ടത്. സ്വയം അഴിമതിയില്‍ കുളിച്ച് പൊതുനിരത്തില്‍ അഴിമതിവിരുദ്ധ മുദ്രാവാക്യം മുഴക്കിയതുകൊണ്ട് കാര്യമില്ല. ഇത്തരം പ്രയാസങ്ങള്‍ പരിഗണിച്ച് അഴിമതിക്കെതിരായ ശബ്ദങ്ങളെ മരിക്കാനനുവദിക്കുകയാണെങ്കില്‍ മരിക്കാന്‍ വിടുന്നത് സ്വന്തം മനസ്സാക്ഷിയെയാണ്.

Comments

Other Post

ഖുര്‍ആന്‍ ബോധനം

അല്‍ ഇസ്‌റാഅ്‌
എ.വൈ.ആര്‍