ശിഹാബ് തങ്ങള്‍ ഭവന നിര്‍മാണപദ്ധതി ജനസേവന രംഗത്തെ മാതൃകാ കാല്‍വെപ്പ്
മുസ്‌ലിം ലീഗ് മലപ്പുറം ജില്ലാ കമ്മിറ്റി തയാറാക്കിയ പദ്ധതിയനുസരിച്ച് ജില്ലയിലെ പഞ്ചായത്തുകള്‍ തോറും നടന്നുകൊണ്ടിരിക്കുന്ന പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍ ഭവന നിര്‍മാണപദ്ധതി-ബൈത്തുറഹ്മ- പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. പ്രസ്തുത പദ്ധതിയനുസരിച്ച് പുളിക്കല്‍ പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മിറ്റി നിര്‍മിച്ച ഭവനത്തിന്റെ താക്കോല്‍ദാന ചടങ്ങില്‍ ആശംസാ പ്രസംഗകനെന്ന നിലയില്‍ സംബന്ധിക്കാന്‍ അവസരം ലഭിച്ചു. തദവസരത്തില്‍ സൂചിപ്പിക്കുകയും തുടര്‍ന്ന് ചിന്തിക്കുകയും ചെയ്ത ചില കാര്യങ്ങളാണിവിടെ കുറിക്കുന്നത്.
ഓരോ പഞ്ചായത്തിലെയും ഏറ്റവും ദരിദ്രരെ, ജാതി മത കക്ഷി വ്യത്യാസങ്ങള്‍ക്കതീതമായി തെരഞ്ഞെടുത്താണ് വീട് നിര്‍മിച്ചു നല്‍കുന്നതെന്ന് സംഘാടകരില്‍നിന്ന് മനസ്സിലാക്കാനായി. ഒരു ചെറിയ കുടുംബത്തിന് അത്യാവശ്യമായ സൗകര്യങ്ങളെല്ലാമുള്ള ടെറസ് വീട്.
വീട്ടിനുള്ളിലേക്ക് കടന്നുചെന്ന്, വീട് ലഭിച്ച വ്യക്തിയെയും ഭാര്യയെയും കണ്ടപ്പോള്‍ സ്വന്തമായൊരു വീടുണ്ടായിക്കിട്ടിയതിലുള്ള ആഹ്ലാദം അവര്‍ പങ്കുവെച്ചു. സ്വന്തമായൊരു ഭവനമെന്നത് ഓരോരുത്തരുടെയും ജീവിതത്തിലെ അമൂല്യ നിധി തന്നെയാണ്. അതിനാല്‍ നിരാലംബര്‍ക്ക് വീടുണ്ടാക്കിക്കൊടുക്കുന്നത് ആരാണെങ്കിലും പ്രശംസാര്‍ഹരാണ്, ഏറെ പ്രതിഫലാര്‍ഹവും.
പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ സ്മരണാര്‍ഥം തുടക്കം കുറിച്ച ഈ പദ്ധതിക്ക് മറ്റൊരു സവിശേഷത കൂടിയുണ്ട്. മറ്റെന്തെങ്കിലും സ്മാരകമോ സൗധമോ നിര്‍മിക്കുന്നതിന് പകരം പാവങ്ങളുടെ കണ്ണീരൊപ്പാനുള്ള കാരുണ്യ പ്രവര്‍ത്തനമാക്കാന്‍ തീരുമാനിച്ചത് ഏറെ ശ്ലാഘനീയവും മാതൃകാപരവുമാണ്. ജാതി മത കക്ഷി വ്യത്യാസത്തിന്നതീതമാണ് ഈ വീട് നിര്‍മാണ പദ്ധതിയെന്നത് എടുത്ത് പറയേണ്ടതാണ്. ഇസ്‌ലാം വിഭാവനം ചെയ്യുന്ന മതാതീത മാനവിക വീക്ഷണത്തിന്റെ ഭാഗമാണത്. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ മാസങ്ങള്‍ക്ക് മുമ്പ് തറക്കല്ലിട്ട ഭവനമാണ് ഇപ്പോള്‍ പണിപൂര്‍ത്തിയാക്കി പാണക്കാട് റശീദലി ശിഹാബ് തങ്ങള്‍ താക്കോല്‍ദാനം നിര്‍വഹിച്ചത്. യൂത്ത് ലീഗ് പ്രവര്‍ത്തകരാണ് ഭവന നിര്‍മാണരംഗത്ത് സജീവമായുണ്ടായിരുന്നത്. മുസ്‌ലിം ലീഗ് നേതൃത്വം നല്‍കുന്നു, യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ സജീവമായി പ്രവര്‍ത്തിക്കുന്നു, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ആശീര്‍വാദവും പിന്തുണയും നല്‍കുന്നു. ഭവനനിര്‍മാണം നടക്കുന്നേടത്തെല്ലാം ഇങ്ങനെത്തന്നെയാണെന്നാണറിവ്. ഏറെ സന്തോഷകരമാണിത്. മലബാറില്‍ ഏറ്റവുമധികം ബഹുജന പിന്തുണയുള്ളവരാണിവിടെ ജനസേവന രംഗത്തേക്കൊന്നിച്ചിറങ്ങിയിരിക്കുന്നത്. ഇത് തുടക്കമായി കരുതി വിപുലമായ പദ്ധതികളാവിഷ്‌കരിച്ചു മുന്നോട്ടു നീങ്ങിയാല്‍ മലബാറിന്റെ മുഖഛായ തന്നെ മാറ്റിയെടുക്കാനാകും.
മഹല്ല്-വാര്‍ഡ് തല ജനസേവന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ ഇവര്‍ക്കേറെ ചെയ്യാനാകും. സോളിഡാരിറ്റി ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് ആവിഷ്‌കരിച്ച ഭവന നിര്‍മാണ പദ്ധതിയുടെ വികാസമായി ഇതിനെ കാണാം. ഉള്‍പ്രദേശങ്ങള്‍, കുന്നിന്‍ചെരിവുകള്‍,ലക്ഷംവീട്- നാലുസെന്റ് കോളനികള്‍, ലോഡ്ജുകള്‍ എന്നിവിടങ്ങളില്‍ ചെന്ന് പഠനം നടത്തിയാല്‍ കരളലിയിപ്പിക്കുന്ന പല വിവരങ്ങളും കിട്ടും. സ്വന്തമായൊരു വീട് വെറും സ്വപ്നമായി കഴിയുന്നവരെത്രയാണ്! ചോര്‍ന്നൊലിച്ചു വീഴാറായ കൂരകളില്‍ പേടിച്ചു വിറച്ച് കഴിയുന്നവര്‍ എത്രയാണ്! വീടില്ലാത്തതിനാലും സാമ്പത്തികശേഷിയില്ലാത്തതിനാലും വിവാഹം സ്വപ്നമായി കഴിയുന്ന യുവതികളെത്രയാണ്! തൊഴിലില്ലാതെ, തൊഴിലെടുക്കാന്‍ ശേഷിയില്ലാതെ കടത്തില്‍പെട്ട് ബ്ലേഡിലും ബാങ്കിലുമെത്തിപ്പെട്ട്, കടത്തിന്മേല്‍ കടമായി ഇനി ഒരിക്കലും മോചനമില്ലെന്ന നിരാശയില്‍ ആകാശം നോക്കി കഴിയുന്നവരെത്രയാണ്!
ഇവരെയൊക്കെ കണ്ടെത്തി പുനരധിവസിപ്പിക്കാന്‍ വ്യക്തമായ പദ്ധതികളാവിഷ്‌കരിച്ച് നാട്ടിലും മറുനാട്ടിലുമുള്ള സമൂഹത്തിലെ ഉദാരമതികളുടെ മുമ്പില്‍ കാര്യം സമര്‍പ്പിച്ചാല്‍ അനായാസം ഫണ്ട് സ്വരൂപിക്കാനാകും. വിശ്വസ്തതയോടെ കൈകാര്യം ചെയ്യാന്‍ ഏര്‍പാടുണ്ടാകണമെന്ന് മാത്രം. യുവജന വിഭാഗത്തിന്റെ കര്‍മശേഷി ശരിയായ ദിശയിലേക്ക് തിരിച്ചുവിട്ട് അവരെ കര്‍മോത്സുകരും ജനസേവകരുമാക്കി മാറ്റാനാകും എന്നതായിരിക്കും ഇതിന്റെ ഏറ്റവും വലിയ മറ്റൊരു നേട്ടം.
മഹല്ലുകള്‍ കേന്ദ്രീകരിച്ച ജനസേവന പ്രവര്‍ത്തനങ്ങളായിരിക്കും ഏറെ പ്രയോജനം ചെയ്യുക. ഇതിന് നേതൃത്വം നല്‍കാന്‍ സാധിക്കുക സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമക്ക് തന്നെയാണ്. മലബാറിലെ ഒട്ടു മിക്ക മഹല്ലുകളും സമസ്തക്ക് കീഴില്‍ തന്നെയാണ്. മലബാറിലെ മുസ്‌ലിം ബഹുജനങ്ങള്‍ പൊതുവെ അംഗീകരിക്കുന്നതും മര്‍ഹൂം ഇ.കെ അബൂബക്കര്‍ മുസ്‌ലിയാര്‍ നേതൃത്വം നല്‍കിയിരുന്ന സമസ്തയെ തന്നെയാണ്. പക്വതയും ഭക്തിയുമുള്ള പണ്ഡിതന്മാരുടെ സാന്നിധ്യമാണ് ഇതിനു കാരണം. നിലവാരമില്ലാത്ത ഖണ്ഡന മണ്ഡനങ്ങള്‍ക്കും വാദപ്രതിവാദങ്ങള്‍ക്കുമൊന്നും ഇവര്‍ മെനക്കെടാറില്ല. ഇതുതന്നെയാണ് ജനങ്ങളില്‍ ഇവര്‍ക്ക് മതിപ്പും വിശ്വാസവും നേടിക്കൊടുക്കുന്നത്.
Comments