Prabodhanm Weekly

Pages

Search

2012 നവംബര്‍ 10

ഫലസ്ത്വീന്‍ എന്ന അന്താരാഷ്ട്ര പ്രസ്ഥാനം

കെ. അശ്‌റഫ്

ഫലസ്ത്വീനികള്‍ക്കു വേണ്ടിയുള്ള അന്താരാഷ്ട്ര ചെറുത്തുനില്‍പ്/ ഐക്യദാര്‍ഢ്യ പ്രസ്ഥാനത്തിന് രണ്ടു ഘട്ടങ്ങളുണ്ട്. അമ്പതുകളില്‍ ആരംഭിച്ച് തൊണ്ണൂറുകളോടെ അവസാനിച്ച ആദ്യഘട്ടം സായുധ ചെറുത്തുനില്‍പിന്റെ കാലമായിരുന്നു. സോവിയറ്റ് യൂനിയന്‍ മുതല്‍ മുഅമ്മര്‍ ഖദ്ദാഫി വരെ അക്കാലത്തെ ആക്ടിവിസ്റ്റുകളെ ഏറെ സഹായിച്ചിരുന്നു. ഈ അനുകൂല ഘടകങ്ങള്‍ മുതലെടുത്ത് വിമാന റാഞ്ചലും ഇസ്രയേല്‍ എംബസി ആക്രമിക്കലും ഇസ്രയേല്‍ അനുകൂല ഉദ്യോഗസ്ഥരെ ബന്ദിയാക്കലുമൊക്കെ ലോകമെങ്ങും അരങ്ങേറിയിരുന്നു. പിന്നീട് അമേരിക്ക എന്ന വന്‍ശക്തിയുടെ കീഴിലേക്ക് ലോകരാഷ്ട്രീയം നീങ്ങിയതോടെ ആ ഘട്ടം അവസാനിച്ചു.
രണ്ടാം ഇന്‍തിഫാദക്കു ശേഷമാണ് അക്രമ രാഹിത്യത്തിലൂന്നിയും സിവില്‍ നിസ്സഹകരണത്തിലൂന്നിയും പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര പ്രസ്ഥാനങ്ങള്‍ ശക്തിയാര്‍ജിക്കുന്നത്. ഇതാണ് ഫലസ്ത്വീനു വേണ്ടിയുള്ള അന്താരാഷ്ട്ര പ്രസ്ഥാനത്തിന്റെ രണ്ടാം ഘട്ടം. ഫലസ്ത്വീനില്‍ ചെറുത്തുനില്‍പ് (resistance), ഫലസ്ത്വീനു പുറത്ത് ഐക്യദാര്‍ഢ്യം(solidarity) എന്ന തന്ത്രമാണ് ഇപ്പോള്‍ പ്രയോഗിക്കുന്നത്. ഈയൊരു സാഹചര്യത്തില്‍ ബോധവത്കരണം, രാഷ്ട്രീയ പങ്കാളിത്തം എന്നിവയിലൂടെ ഫലസ്ത്വീന് അനുകൂലമായി ബഹുജനാഭിപ്രായം രൂപീകരിക്കാനുള്ള ശ്രമം നടന്നുകൊണ്ടിരിക്കുന്നു. അതുകൊണ്ടാണ് ഫില്ലിസ് ബെന്നിസ് എന്ന അമേരിക്കന്‍ ആക്ടിവിസ്റ്റ് ഫലസ്ത്വീനെക്കുറിച്ച് ഒരു കൈപുസ്തകം തന്നെ രചിച്ചിരിക്കുന്നത്. ഇങ്ങനെ ഒരു പുസ്തകം ഇറക്കി വീട്ടിലിരിക്കാതെ നാടാകെ നടന്ന് അവര്‍ ഫലസ്ത്വീനെക്കുറിച്ചും ഇസ്രയേലിനെക്കുറിച്ചും സംസാരിച്ചുകൊണ്ടിരിക്കുന്നു. Understanding the Palestinian- Israeli conflict: A Primer എന്നാണ് ഒലീവ് ബ്രാഞ്ച് പ്രസ് പുറത്തിറക്കിയ 230 പേജുള്ള പുസ്തകത്തിന്റെ പേര്. പുസ്തകത്തിന്റെ പേരില്‍ തന്നെ ലിബറല്‍ വായനക്കാരെ ലക്ഷ്യമിട്ടുള്ള 'നിഷ്പക്ഷത' ഉണ്ട്. ഇതിന് ഫില്ലിസ് നല്‍കുന്ന വിശദീകരണം, ലിബറല്‍ വായനക്കാര്‍ ഈ പുസ്തകം മറിച്ചുനോക്കണമെങ്കില്‍ ഒരു 'നിഷ്പക്ഷ' തലക്കെട്ട് അത്യാവശ്യമാണെന്നാണ്. വാഷിംഗ്ടണ്‍ ഡി.സിയിലെ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് പോളിസി സ്റ്റഡീസിലെ ഫെലോ ആയ ഫിലിസ് എഴുപതുകള്‍ മുതല്‍ക്കുതന്നെ അമേരിക്ക കേന്ദ്രീകരിച്ച് ഫലസ്ത്വീന്‍ ഐക്യദാര്‍ഢ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന വനിതയാണ്. ഒരു ആക്ടിവിസ്റ്റിന്റെ അനുഭവമാണ് അവരെ 'നിഷ്പക്ഷമായ' ഒരു തലക്കെട്ട് സ്വീകരിക്കാന്‍ പ്രേരിപ്പിച്ചത്.
ഫില്ലിസ് ബെന്നിസ് വാദിക്കുന്നത്, ഇസ്രയേലിനെ നിലനിര്‍ത്തുന്നത് ലിബറല്‍ മാധ്യമങ്ങള്‍ സൃഷ്ടിച്ച വരേണ്യ വായനാ സംസ്‌കാരമാണ്. യൂറോ-അമേരിക്ക കേന്ദ്രീകരിച്ച് ഈ വായനാ/വാര്‍ത്താ സംസ്‌കാരമാണ് എന്നാണ് മറ്റുള്ളവര്‍ കണ്ണടച്ച് പിന്തുടരുന്നത്. ഇതിന് അവരുടെ ഭാഷയിലും യുക്തിയിലും മറുപടി നല്‍കാനുള്ള ശ്രമമാണ് ഈ പുസ്തകം.
ചോദ്യോത്തര ശൈലിയിലാണ് പുസ്തകം. എന്താണ് ഫലസ്ത്വീന്‍?, ആരാണ് ഫലസ്ത്വീനികള്‍?, ആരാണ് ജൂതന്മാര്‍?, സയണിസവും ജൂതായിസവും തമ്മിലെ വ്യത്യാസമെന്ത്? തുടങ്ങി എന്താണ് ഹിസ്ബുല്ല ലബനാനില്‍ ചെയ്യുന്നത്?, ഇസ്രയേല്‍ ഫലസ്ത്വീന്‍ പ്രശ്‌നത്തില്‍ ഇറാന്റെ പങ്കെന്ത്?, അറബ് വസന്തം എങ്ങനെയാണ് ഫലസ്ത്വീന്‍ പ്രശ്‌നത്തെ ബാധിക്കുക?, ടെഡ്മണ്ട് ടുട്ടുവിന്റെ ഫലസ്ത്വീന്‍ അനുകൂല നിലപാട്, തുര്‍ക്കിയുടെ ഇസ്രയേല്‍ ബന്ധം ഇതെല്ലാം ചോദ്യോത്തര രൂപത്തില്‍ ചുരുക്കി വിവരിക്കുന്നു.
വളരെയധികം പ്രായോഗികാനുഭവമുള്ള ഫില്ലിസ് ബെന്നിസ് ഒരു ആക്ടിവിസ്റ്റ് എന്ന നിലയില്‍ അമേരിക്കയില്‍നിന്ന് ഇസ്രയേലിനെ എതിര്‍ക്കുക എന്ന ശൈലി വിട്ട് അമേരിക്കയുടെ ഇസ്രയേല്‍ നയം തിരുത്തിക്കാനുള്ള ശ്രമങ്ങള്‍ക്കാണ് പ്രാധാന്യം നല്‍കുന്നത്. ഈയൊരു പ്രവര്‍ത്തനശൈലിക്ക് നിരവധി മികവുകളുണ്ടെന്നും അവര്‍ അവകാശപ്പെടുന്നു. ബഹുജന ബോധവത്കരണം മുതല്‍ ഉന്നതതല രാഷ്ട്രീയക്കാരെ വരെ സ്വാധീനിക്കുന്ന ഒരു അജണ്ട തന്നെ അവര്‍ രൂപീകരിച്ചിട്ടുണ്ട്. ഇവയില്‍ ബോധവത്കരണ ശ്രമത്തിന്റെ ഭാഗമാണ് ഈ പുസ്തകം.
ഒബാമയുടെ പ്രസിഡന്റ് സ്ഥാനം വലിയ പ്രതീക്ഷകളോടെ തന്നെയാണ് ഫെല്ലിസ് ബെന്നിസ് കണ്ടിരുന്നത്. കഴിഞ്ഞ ആഗസ്റ്റ് 29-ന് ജോഹന്നാസ് ബര്‍ഗിലെ യൂനിവേഴ്‌സിറ്റി വിദ്യാര്‍ഥികളോട് സംസാരിക്കവെ അവര്‍ ഒബാമ പ്രസിഡന്റായ ദിവസം താനനുഭവിച്ച വൈകാരിക സംഘര്‍ഷം വിവരിക്കുകയുണ്ടായി. ഒരു വെളുത്ത വംശക്കാരിയായ ആക്ടിവിസ്റ്റെന്ന നിലയില്‍ അമേരിക്കയില്‍ നിലനില്‍ക്കുന്ന വംശീയതയുടെ ആഴം തിരിച്ചറിഞ്ഞയാളാണ് ഫില്ലിസ് ബെന്നിസ്. ഒബാമ പ്രസിഡന്റായ ദിവസം അവര്‍ ആംസ്റ്റര്‍ഡാമിലെ ഒരു കൊച്ചു പുസ്തകശാലയില്‍ പ്രഭാഷണം നടത്തുകയായിരുന്നു. ഒബാമയുടെ വിജയവാര്‍ത്ത അറിഞ്ഞയുടനെ തന്റെ പ്രഭാഷണത്തിനിടെ പൊട്ടിക്കരഞ്ഞുപോവുകയായിരുന്നു ഫില്ലിസ് ബെന്നിസ്. പതിറ്റാണ്ടുകള്‍ നീണ്ട വംശവിവേചനത്തിനെതിരായ പോരാട്ടത്തിന്റെ വിജയമാണ് ഒബാമയുടേതെന്ന് അവര്‍ കരുതുന്നു. എന്നാല്‍, ഒബാമക്ക് ലോക രാഷ്ട്രീയം മാറ്റാന്‍ കഴിയുമെന്ന് അവര്‍ ഒരിക്കലും കരുതുന്നില്ല. ഒരു കറുത്ത വംശജനെന്ന പ്രതീകാത്മക മൂല്യം മാത്രമാണ് ഒബാമയില്‍ ഫില്ലിസ് ബെന്നിസ് കാണുന്നത്. മാത്രമല്ല, അമേരിക്കയില്‍ ശക്തമായ ഇസ്രയേല്‍ ലോബിയെ മറികടക്കാന്‍ ഒബാമയുടെ പബ്ലിക് പെര്‍ഫോമന്‍സുകള്‍ മതിയാവില്ലെന്നും അവര്‍ കരുതുന്നു. അമേരിക്കയുടെ വിദേശനയവും ആഭ്യന്തരനയവും മാറ്റാന്‍ ദീര്‍ഘകാല അജണ്ടകളോടെ പ്രവര്‍ത്തിക്കുന്ന ശക്തമായ ഒരു സാമൂഹിക പ്രസ്ഥാനത്തിന് മാത്രമേ കഴിയൂവെന്നും അവര്‍ വിശ്വസിക്കുന്നു. അങ്ങനെയുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമാണ് ഈ പുസ്തകം. നാലു ഭാഗങ്ങളിലായി നൂറിലധികം ചോദ്യങ്ങളുള്ള ഈ പുസ്തകം ഒരു സംഗ്രഹത്തിന് വഴങ്ങുന്നതല്ല. അതുകൊണ്ടുതന്നെ ഫലസ്ത്വീനുമായി ബന്ധപ്പെട്ട പുസ്തകത്തില്‍ നിന്നുള്ള ചില സമകാലിക പ്രശ്‌നങ്ങളിലേക്ക് നമുക്ക് ശ്രദ്ധ തിരിക്കാം.
ഒബാമയും ഫലസ്ത്വീനും
2007-2008 കാലയളവില്‍ നടന്ന പ്രസിഡന്‍ഷ്യല്‍ കാമ്പയിനില്‍ ഒബാമ നടത്തിയ ഒരു പ്രസ്താവന ഏറെ പ്രധാനപ്പെട്ടതാണ്. 'ഫലസ്ത്വീനികളോളം ആരും ദുരിതമനുഭവിച്ചിട്ടില്ല' എന്നാണ് ഒബാമ നിരീക്ഷിച്ചത്. എന്നാല്‍, ഇത്തരം ചില നാക്കുപിഴകള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ ഒരു പരിധിവരെ ഇസ്രയേല്‍ അനുകൂല നിലപാട് തന്നെയാണ് ഒബാമ പുലര്‍ത്തിയത്. എന്നാല്‍ തന്റെ തെരഞ്ഞെടുപ്പിന് തൊട്ടുടനെ ഇസ്രയേല്‍-ഫലസ്ത്വീന്‍ പ്രശ്‌നത്തോട് ഒരു സമ്മിശ്ര വികാരമാണ് ഒബാമയില്‍ നിന്നുണ്ടായതെന്നാണ് ഫില്ലിസ് ബെന്നിസ് കരുതുന്നത്. തന്റെ സ്ഥാനാരോഹണത്തിന് തൊട്ടുടനെ 2009 ജനുവരി വരെ നീണ്ട ഇസ്രയേലിന്റെ ഗസ്സ അധിനിവേശത്തോട് മൗനം പാലിച്ചാണ് ഒബാമ തുടങ്ങിയത്. മാത്രമല്ല ജോര്‍ജ് ബുഷ് ഭരണകൂടം ഇസ്രയേലിന് വാഗ്ദാനം നല്‍കിയ മുപ്പത് മില്യന്റെ സൈനിക സഹായം ഒബാമ തുടരുകയും ചെയ്തു. എന്നാല്‍ ഒബാമയുടെ 'പ്രസ്താവന' കുറച്ചൊക്കെ വ്യത്യസ്തമായിരുന്നു. ഇസ്രയേല്‍-ഫലസ്ത്വീന്‍ പ്രശ്‌നം ബുഷിനെപ്പോലെ 'ഭീകരതക്കെതിരായ യുദ്ധം' ആയി ഒബാമ ഒരിക്കലും ഫ്രെയിം ചെയ്തിരുന്നില്ല. 2009 ജൂണില്‍ നടന്ന കയ്‌റോ പ്രഭാഷണത്തില്‍ ഇസ്രയേലി കുടിയേറ്റം സ്വീകാര്യമല്ലെന്ന് തുറന്നു പറയാന്‍ ഒബാമക്ക് സാധിച്ചു. ഇത് മുന്‍കാല പ്രസിഡന്റുമാരില്‍നിന്ന് (പരിമിതമെങ്കിലും) വ്യത്യസ്തമായ ഒരു സ്വരമായിരുന്നു. എന്നാല്‍, ആറു മാസത്തിനു ശേഷം വിദേശകാര്യ വകുപ്പില്‍ നടന്ന മാറ്റങ്ങള്‍ തുടക്കത്തില്‍ നിലനിര്‍ത്തിയിരുന്ന പ്രതീക്ഷകളെ തെല്ലും ഗൗനിക്കാത്തതായിരുന്നു. കഴിഞ്ഞ ഇരുപത് വര്‍ഷമായി യു.എസ് വൈറ്റ് ഹൗസില്‍ ഇസ്രയേലിന്റെ താല്‍പര്യങ്ങള്‍ നിലനിര്‍ത്തുന്ന ഡെന്നിസ് റോസിനെപ്പോലുള്ളവര്‍ ഒബാമയെ നിയന്ത്രിക്കുന്നതാണ് ഫില്ലിസ് പിന്നീട് കാണുന്നത്.
2010 മധ്യത്തോടെ സയണിസ്റ്റ് ധാര്‍ഷ്ട്യത്തിന്റെ ആള്‍രൂപമായ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും ഒബാമ ഭരണകൂടവും തമ്മിലുള്ള ബന്ധം വഷളാവുന്നത് നാം കണ്ടു. വെസ്റ്റ്ബാങ്കിലും കിഴക്കന്‍ ജറുസലേമിലും ഇസ്രയേല്‍ നടത്തുന്ന ആക്രമണങ്ങളെ ചൊല്ലിയായിരുന്നു ഇത്. ഇസ്രയേലിനെ സമ്മര്‍ദപ്പെടുത്തുകയാണ് എന്നാണ് അമേരിക്കയിലെ ഇസ്രയേല്‍ അനുകൂല പത്രങ്ങള്‍ എഴുതിയത്. എന്നാല്‍, ഈ വിവാദങ്ങളും സൗന്ദര്യ പിണക്കങ്ങളും പരിഹരിച്ചത് ആയുധ വിപണനകാര്യത്തില്‍ കൂടുതല്‍ സഹകരണം ഉറപ്പാക്കിക്കൊണ്ടായിരുന്നു. ഇസ്രയേലിന്റെ ആയുധ നിര്‍മാണത്തിന് അമേരിക്കന്‍ പൗരന്മാരാണ് നികുതി ഒടുക്കുന്നതെന്നാണ് ഏറ്റവും വലിയ ദുരന്തം. ഇസ്രയേലിന്റെ ന്യൂ അയണ്‍ ഡോം എന്ന റോക്കറ്റ് പ്രതിരോധ സംവിധാനം വികസിപ്പിക്കുന്നതിന് 205 മില്യന്‍ ഡോളറാണ് അമേരിക്ക നല്‍കിയത്. സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടം തിരിയുന്ന രാജ്യത്ത് 4,100 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ ഈ പണം കൊണ്ട് സാധ്യമാകുമായിരുന്നു.
അമേരിക്കയില്‍ ശക്തമായിക്കൊണ്ടിരിക്കുന്ന ഇസ്രയേല്‍വിരുദ്ധ വികാരത്തിന് ഇങ്ങനെ നിരവധി മാനങ്ങളുണ്ട്. എന്നാല്‍ 2012-ലെ പ്രസിഡന്‍ഷ്യല്‍ കാമ്പയിനില്‍ ഇത് എത്രത്തോളം പ്രതിഫലിക്കുമെന്ന് കണ്ടറിയണമെന്നാണ് ഫില്ലിസ് ബെന്നിസിന്റെ പക്ഷം. റിപ്പബ്ലിക്കന്‍ പാര്‍ട്ടി പറയുന്നത് ഒബാമ 'ഇസ്രയേലിനെ ഒരു ബസിന്റെ ചുവട്ടിലെറിഞ്ഞു' എന്നാണ്. ഇതുകേട്ട് സമ്മര്‍ദത്തിലായ ഡെമോക്രാറ്റുകള്‍ തങ്ങള്‍ നല്‍കിയ ആയുധ സഹായത്തിന്റെ കണക്കുമായാണ് രംഗത്തുവരുന്നത്.
ഒബാമയെക്കുറിച്ചുള്ള ചര്‍ച്ച ഉപസംഹരിച്ചുകൊണ്ട് ഫില്ലിസ് ബെന്നിസ് പറയുന്നത് പൊതുജനാഭിപ്രായം വളര്‍ത്തിയെടുക്കുക എന്നത് മാത്രമാണ് യു.എസ്സിനകത്ത് മാറ്റങ്ങള്‍ ഉണ്ടാക്കിയെടുക്കാനുള്ള ഏക വഴി എന്നാണ്.
ബി.ഡി.എസ് അന്താരാഷ്ട്ര
ഐക്യദാര്‍ഢ്യ പ്രസ്ഥാനം
2004-2005 കാലത്ത് രണ്ടാം ഇന്‍തിഫാദയുടെ അവസാനകാലത്താണ് ഫലസ്ത്വീനെ കേന്ദ്രീകരിച്ചുള്ള അന്താരാഷ്ട്ര ബഹിഷ്‌കരണ പ്രസ്ഥാനത്തിന്റെ സാധ്യത വര്‍ധിച്ചുവരുന്നത്. ഫലസ്ത്വീനികള്‍ നടത്തുന്ന കൊച്ചു കൊച്ചു സഹനസമരങ്ങളുടെ രാഷ്ട്രീയം തിരിച്ചറിയുന്ന അന്താരാഷ്ട്ര പൗരസമൂഹത്തിന്റെ ആവിര്‍ഭാവമാണ് പിന്നീട് കാണുന്നത്. 2004-ല്‍ ഇന്റര്‍നാഷ്‌നല്‍ കോര്‍ട്ട് ഓഫ് ജസ്റ്റിസ് ഫലസ്ത്വീനു കുറുകെ മതില്‍ പണിയുന്നത് നിയമവിരുദ്ധമാണെന്ന് തീരുമാനിക്കുന്നതോടെയാണ് ഈയര്‍ഥത്തിലുള്ള ഒരു അന്താരാഷ്ട്ര പ്രസ്ഥാനത്തിന്റെ സാധ്യത വര്‍ധിച്ചത്. തുടര്‍ന്ന് 2005-ല്‍ 170 ഫലസ്ത്വീന്‍ സംഘടനകള്‍ ചേര്‍ന്ന് നടത്തിയ ഒരു ബഹിഷ്‌കരണാഹ്വാനം ചരിത്ര പ്രാധാന്യമുള്ളതാണ്. ദക്ഷിണാഫ്രിക്കയിലെ വര്‍ണവിവേചനം അവസാനിപ്പിക്കാന്‍ ലോകം മുന്‍കൈയെടുത്ത രാഷ്ട്രീയ ബഹിഷ്‌കരണ സമരം ഇസ്രയേലിന്റെ കാര്യത്തില്‍ കൂടി പ്രയോഗവത്കരിക്കണമെന്നാണ് അവര്‍ ആവശ്യപ്പെട്ടത്. ഇവിടെയാണ് ബി.ഡി.എസ് (ബോയ്‌കേട്ട്, ഡൈവെസ്റ്റ്‌മെന്റ് ആന്റ്‌സാന്‍ക്ഷന്‍സ്) എന്ന പ്രസ്ഥാനം ഏറെ നേട്ടങ്ങള്‍ കൈവരിച്ചത്. പല തരത്തിലുള്ള സ്ട്രാറ്റജികള്‍ ആണ് അവര്‍ ആവിഷ്‌കരിക്കുന്നത്. യൂറോപ്പില്‍ ഇസ്രയേല്‍ ഉല്‍പന്ന ബഹിഷ്‌കരണം മുന്നോട്ടുവെക്കുന്ന ബി.ഡി.എസ് അമേരിക്കയില്‍ വന്‍കിട കോര്‍പറേറ്റുകളെ കേന്ദ്രീകരിച്ച് നിക്ഷേപ നിസ്സഹകരണ പ്രസ്ഥാനമായാണ് പ്രവര്‍ത്തിക്കുന്നത്. ഇന്ത്യയും അര്‍ജന്റീനയും പോലെ ഇസ്രയേലിന്റെ ഏറ്റവുമധികം ആയുധ ഇറക്കുമതി സഹകാരികളെ അതില്‍നിന്ന് പിന്തിരിപ്പിക്കാനുള്ള ശ്രമമങ്ങളാണ് ബി.ഡി.എസ് പ്രസ്ഥാനം ആവിഷ്‌കരിക്കുന്നത്. കാമ്പസുകളിലും കമ്യൂണിറ്റികളിലും വേരുകളുറപ്പിച്ച് ജനകീയ സമ്മര്‍ദവും ലോബിയിംഗും ബി.ഡി.എസിന്റെ പ്രവര്‍ത്തന രീതികളാണ്. ഇതിന്റെ ഭാഗമായി അമേരിക്കയില്‍ സയണിസ്റ്റ് വിരുദ്ധ ജൂത പ്രസ്ഥാനവും ശക്തിയാര്‍ജിക്കുന്നുവെന്നാണ് ഫില്ലിസ് ബെന്നിസ് പറയുന്നത്. മാത്രമല്ല, പ്രശസ്ത യു.എസ് ചരിത്രകാരന്മാരായ ജോണ്‍ മിയര്‍ ഷെയ്മറും സ്റ്റീഫന്‍ വാള്‍ട്ടും ചേര്‍ന്നെഴുതിയ 'ഇസ്രയേല്‍ ലോബി' എന്ന പുസ്തകം ഏറെ ജനശ്രദ്ധയാകര്‍ഷിച്ചുകൊണ്ടിരിക്കുന്നു.
2008-ല്‍ ഫലസ്ത്വീന്‍ ദുരന്ത(നക്ബ)ത്തിന്റെ അറുപതാം വാര്‍ഷികത്തില്‍ നടന്ന ന്യൂസ് റിപ്പോര്‍ട്ടുകള്‍ പരിശോധിക്കുന്ന ഫില്ലിസ് ബെന്നിസ് പറയുന്നത് പൊതുജനാഭിപ്രായത്തില്‍ വരുന്ന മാറ്റത്തെക്കുറിച്ചാണ്. സാമ്പത്തിക മാന്ദ്യം അനുഭവിക്കുന്ന അമേരിക്ക ഇസ്രയേലിനെ ഇനിയും എത്രനാള്‍ താങ്ങിനിര്‍ത്തുമെന്നാണ് ഫില്ലിസ് ബെന്നിസ് ചോദിക്കുന്നത്. തീര്‍ച്ചയായും പുതിയ അന്താരാഷ്ട്ര പ്രസ്ഥാനം ഫലസ്ത്വീന്റെ സ്വാതന്ത്ര്യ പോരാട്ടത്തിലെ നിര്‍ണായക ഘടകമായി മാറുമെന്ന ശുഭാപ്തി വിശ്വാസമാണ് ഫില്ലിസ് ബെന്നിസിനുള്ളത്.
Understanding the Palestinian-Israeli Conflict: A Primer. Phyllis Bennis Olive Branch Press 2012

Comments

Other Post

ഖുര്‍ആന്‍ ബോധനം

അല്‍ ഇസ്റാഅ്
എ.വൈ.ആര്‍