Prabodhanm Weekly

Pages

Search

2012 നവംബര്‍ 10

ഇസ്‌ലാമിക വിദ്യാഭ്യാസ ദര്‍ശനത്തിന് ഒരാമുഖം

ഫസല്‍ കാതിക്കോട്‌

ഒരു വിഷയത്തെക്കുറിച്ച വിവരങ്ങള്‍ എല്ലാവര്‍ക്കും ബോധ്യമാവുന്ന വിധത്തില്‍ ലളിതവും സംക്ഷിപ്തവുമായി അവതരിപ്പിക്കുന്നവയാണ് ടെക്സ്റ്റ് ബുക്കുകള്‍. വിഷയത്തെക്കുറിച്ച് പ്രാഥമിക പഠനം നിര്‍വഹിക്കാനാഗ്രഹിക്കുന്ന വിദ്യാര്‍ഥികളെയാണവ ഉന്നം വെക്കുന്നത്. വിഷയത്തിന്റെ ഉന്നതമായ ദാര്‍ശനിക തലങ്ങളിലേക്കോ വ്യത്യസ്ത ചിന്താധാരകള്‍ തമ്മിലുള്ള താരതമ്യത്തിലേക്കോ ടെക്സ്റ്റ് ബുക്കുകള്‍ കടക്കാറില്ല. ഈ വിധത്തിലുള്ള ഒരു ടെക്സ്റ്റ് ബുക്കാണ് പ്രഫ. കെ. മുഹമ്മദ് അയിരൂര്‍ തയാറാക്കിയ 'വിദ്യാഭ്യാസത്തിന്റെ ഇസ്‌ലാമിക ദര്‍ശനം' എന്ന ഗ്രന്ഥം. ഇസ്‌ലാമിക വിദ്യാഭ്യാസ ദര്‍ശന മേഖല ദരിദ്രമായ മലയാളത്തില്‍ ഈ പുസ്തകം പ്രസക്തമാണ്.
പുതിയ ചിന്തകള്‍ അവതരിപ്പിക്കുക എന്നതിനേക്കാളുപരി നിലവിലുള്ള വിദ്യാഭ്യാസദര്‍ശനങ്ങളെയും പ്രത്യേകമായി ഇസ്‌ലാമിക വിദ്യാഭ്യാസദര്‍ശനത്തെയും സംബന്ധിക്കുന്ന വിവരങ്ങള്‍ പ്രാഥമിക പഠിതാക്കള്‍ക്കായി ഒരുമിച്ചു കൂട്ടിയിരിക്കുകയാണിവിടെ.
ഗ്രന്ഥത്തിന്റെ ഏകദേശം പകുതി ഭാഗവും വ്യത്യസ്ത വിദ്യാഭ്യാസ ദര്‍ശനങ്ങളുടെ അടിസ്ഥാന വിവരങ്ങള്‍ പങ്കുവെക്കുന്നു. ആശയവാദം മുതല്‍ അസ്തിത്വവാദം വരെയുള്ള ദര്‍ശനങ്ങളും അവയുടെ അടിസ്ഥാനത്തില്‍ രൂപപ്പെട്ട വിദ്യാഭ്യാസ കാഴ്ചപ്പാടുകളും അവതരിപ്പിക്കുന്നു. രണ്ടാം പകുതി ഇസ്‌ലാമിക വിദ്യാഭ്യാസദര്‍ശനത്തിനായി മാറ്റിവെച്ചിരിക്കുന്നു.
മനുഷ്യന്റെ ആന്തരിക ലോകത്തിന്റെയും വിശ്വാസങ്ങളുടെയും തലത്തില്‍ വിഹരിക്കുന്ന ഒരു മതമായല്ല, പകരം ആന്തരികവും ബാഹ്യവുമായ മനുഷ്യജീവിതത്തോടാകമാനം സംവദിക്കുകയും സ്വന്തമായ ജീവിതസരണിയായി മാറുകയും ചെയ്യുന്ന ഒരു ദര്‍ശനമായാണ് ഇസ്‌ലാമിനെ ഗ്രന്ഥകാരന്‍ അവതരിപ്പിച്ചിരിക്കുന്നത്. ഇത്തരമൊരു ദര്‍ശനത്തിന് അനിവാര്യമായും വിദ്യാഭ്യാസത്തെ സംബന്ധിച്ചും സ്വന്തമായൊരു കാഴ്ചപ്പാടുണ്ടായിരിക്കും. ഇസ്‌ലാമിക വിദ്യാഭ്യാസദര്‍ശനത്തിന്റെ അടിത്തറയായി വര്‍ത്തിക്കുന്ന ഖുര്‍ആനിലെയും ഹദീസിലെയും തെളിവുകള്‍ പുസ്തകത്തില്‍ അവതരിപ്പിക്കുന്നുണ്ട്.
ഇസ്‌ലാമിക വിദ്യാഭ്യാസദര്‍ശനം മുന്നോട്ടു വെക്കുന്ന ലക്ഷ്യങ്ങള്‍, അതിന്റെ മൂല്യസങ്കല്‍പങ്ങള്‍ തുടങ്ങിയവ ഹൃസ്വമായ അധ്യായങ്ങളിലായി വിവരിക്കുന്നു. ഇസ്‌ലാമിക വിദ്യാഭ്യാസദര്‍ശന പ്രകാരമുള്ള മാതൃകാ അധ്യാപകന്‍, വിദ്യാര്‍ഥി തുടങ്ങി മൂല്യനിര്‍ണയോപാധികളെവരെ പുസ്തകം നിര്‍വചിക്കാന്‍ ശ്രമിക്കുന്നു. ഇസ്‌ലാമിക വിദ്യാഭ്യാസ ചിന്തകള്‍ക്ക് സംഭാവനകളര്‍പ്പിച്ച ധിഷണാശാലികളെയും ആധുനിക വിദ്യാഭ്യാസ ചിന്തകരെയും അവസാന താളുകളില്‍ പരിചയപ്പെടുത്തുന്നു. വിദ്യാഭ്യാസത്തിലെ മൂല്യവത്കരണത്തിനു വേണ്ടിയാണ് ഇസ്‌ലാമിക വിദ്യാഭ്യാസ ചിന്തകള്‍ എന്നത് ഒരു ന്യൂനീകരണമാണ്. ഇസ്‌ലാം മതം മനുഷ്യസമൂഹത്തിന്റെ മൂല്യവത്കരണത്തിനു മാത്രമാണെന്നു ചുരുക്കന്നതു പോലെയാണിത്. ചരിത്രത്തെയും സമൂഹത്തെയും നയിക്കുന്നതിനും രാഷ്ട്രങ്ങള്‍ക്കും ലോകത്തിനു തന്നെയും നേതൃത്വം നല്‍കുന്നതിനും ഉള്‍ക്കരുത്തുള്ള ദര്‍ശനമായി ഇസ്‌ലാം അവതരിപ്പിക്കപ്പെടുമ്പോള്‍ അതിന്റെ വിദ്യാഭ്യാസദര്‍ശനവും അങ്ങനെയാവാതെ തരമില്ല. ഈ സമഗ്രത ഉള്‍ക്കൊള്ളുന്നു എന്നതാണ് ഈ ഗ്രന്ഥത്തിന്റെ സവിശേഷത.
കോഴിക്കോട് സര്‍വകലാശാലവൈസ് ചാന്‍സലര്‍ ഡോ. അബ്ദുസ്സലാമാണ് അവതാരിക എഴുതിയിരിക്കുന്നത്. പ്രസാധനം വിചാരം ബുക്‌സ്.

Comments

Other Post

ഖുര്‍ആന്‍ ബോധനം

അല്‍ ഇസ്റാഅ്
എ.വൈ.ആര്‍