പ്രവാചകനിന്ദയുടെ മനഃശാസ്ത്രം
പ്രവാചകനിന്ദകളുടെ നാള്‍വഴികള്‍ പരിശോധിച്ചാല്‍ ചരിത്രത്തിന്റെ എല്ലാ ദശാസന്ധികളിലും ഇത്തരം അധമപ്രവൃത്തികള്‍ നടന്നിട്ടുള്ളതായി കാണാം. ശത്രുഭാഗത്തുനിന്നുള്ള നിന്ദയുടെയും പീഡനങ്ങളുടെയും മരുഭൂമികള്‍ താണ്ടാത്ത ഒരു പ്രവാചകനെയും നമുക്ക് കണ്ടെത്താനാവില്ല. അധികാരവും സമ്പത്തും പൈശാചികതയും കൂടിച്ചേര്‍ന്നുണ്ടാകുന്ന മനഃശാസ്ത്രമാണ് പ്രവാചകനിന്ദകളായി പരിണമിക്കുന്നത്.
സമര്‍പ്പണവും ആരാധനയും ഏകനായ സ്രഷ്ടാവിന് മാത്രമെന്ന ബലിഷ്ഠമായ സിദ്ധാന്തമാണ് ശത്രുതയുടെ ഒന്നാമത്തെ കാരണം. ജീവിതത്തിന്റെ ആത്യന്തിക ലക്ഷ്യത്തെക്കുറിച്ച ചര്‍ച്ചകളിലൂടെ മനുഷ്യകുലത്തെ വിശിഷ്യാ ഭൂരിപക്ഷം വരുന്ന സാധാരണ ജനങ്ങളെ അവര്‍ അകപ്പെട്ട ചിന്താപരവും ഭൗതികവുമായ അടിമത്തത്തില്‍നിന്ന് മോചിപ്പിക്കാന്‍ ശ്രമിച്ചു എന്നതാണ് രണ്ടാമത്തെ കുറ്റം. ദൈവദൂതന്മാരുടെ വിളിയാളം ഭൂരിപക്ഷം വരുന്ന സാധാരണ ജനത്തിന് വിമോചന ധ്വനിയായപ്പോള്‍ ന്യൂനപക്ഷം വരുന്ന ഇരുട്ടിന്റെ ശക്തികള്‍ക്ക് അത് ഭീഷണിയുടെയും വെല്ലുവിളിയുടെയും ശബ്ദമായി അനുഭവപ്പെട്ടു. ദൈവദൂതന്മാര്‍ക്കെതിരെ ഈ പൈശാചികശക്തികള്‍ നിലകൊണ്ടു. പാവപ്പെട്ടവരെ ചൂഷണം ചെയ്തും മദ്യം, പലിശ, വ്യഭിചാരശാലകള്‍ തുടങ്ങിയ അധാര്‍മികമാര്‍ഗങ്ങളിലൂടെയും കെട്ടിപ്പടുത്ത അതിരറ്റ സമ്പത്ത് നിലനിര്‍ത്തേണ്ടത് അവരുടെ ആവശ്യമാണ്. സാധാരണക്കാരെ ഭിന്നിപ്പിച്ചും തമ്മിലടിപ്പിച്ചും രക്തംചിന്തിയും അധികാരം നിലനിര്‍ത്തേണ്ടതും അവരുടെ ബാധ്യതയാണ്. അതിനായി മാനവസ്‌നേഹികളും മനുഷ്യവിമോചകരുമായ ദൈവദൂതന്മാരെ ഭീകരവാദികളും ഭ്രാന്തരും പിശാചുബാധ ഏറ്റവരുമായി അവര്‍ ചിത്രീകരിച്ചു. ചിലരുടെ ശിരസ്സറുത്തു. ഈര്‍ച്ചവാളുകള്‍ കൊണ്ട് ശരീരം രണ്ടായി പിളര്‍ന്നു. ഇരുമ്പ് ചീര്‍പ്പുകൊണ്ട് മാംസം ചീന്തിയെടുത്തു. ചരിത്രത്തില്‍ തുല്യതയില്ലാത്ത ക്രൂരപീഡനങ്ങളാണ് പ്രവാചകന്മാര്‍ ഏറ്റുവാങ്ങിയത്.
എന്നിട്ടും തീര്‍ന്നില്ല കലി. ഏതു മഹാപാപത്തിനെതിരെയാണോ പ്രവാചകന്മാര്‍ നിലകൊണ്ടത് അതേ ബഹുദൈവത്വമെന്ന പാപത്തിലൂടെ പ്രവാചകന്മാരെ ദൈവങ്ങളാക്കി പ്രതിഷ്ഠിച്ചു. ദൈവികവേദത്തില്‍ കൈകടത്തി ബലിഷ്ഠമായ മോചന വാക്യത്തെ അട്ടിമറിച്ചു. അങ്ങനെയൊരു ജനത അവരറിയാതെ ഇരുട്ടിന്റെ ശക്തികള്‍ക്ക് കീഴൊതുങ്ങുന്നതാണ് ചരിത്രം കണ്ടത്. സാബത്ത് നാളില്‍ സിനഗോഗില്‍നിന്ന് ആട്ടിയോടിക്കപ്പെട്ടവര്‍ തിരിച്ചെത്തുകയും തച്ചുടച്ച ഭണ്ഡാരങ്ങള്‍ പുനര്‍നിര്‍മിച്ച് പഴയ വീഞ്ഞ് ആകര്‍ഷകമായ കുപ്പികളിലാക്കുകയും ചെയ്തു.
മുന്‍കഴിഞ്ഞ ദൈവദൂതന്മാരെയും വേദങ്ങളെയും സത്യപ്പെടുത്തിയും ചിലരുടെ പേരില്‍ പൈശാചികശക്തികള്‍ പടച്ചുണ്ടാക്കിയ കള്ളവാദങ്ങളെ അന്ത്യവേദത്തിന്റെ വെളിച്ചത്തില്‍ പൊളിച്ചെഴുതിയും മുഹമ്മദ് പ്രവാചകന്‍ (സ) ആഗതനായപ്പോള്‍ ഈ ദുഃശക്തികള്‍ക്ക് വീണ്ടും ഹാലിളകി. പൂര്‍ണചന്ദ്രന്റെ വെളിച്ചത്തെ തടയിടാന്‍ ശ്രമിച്ച് മുമ്പേ നിലയുറപ്പിച്ച അബൂജഹ്ല്‍ സൈന്യം കൂടി ഒരുമിച്ചപ്പോള്‍ ദുഷ്ടശക്തികള്‍ ശരിക്കും കലി തുള്ളി. എന്നാല്‍, ദിവ്യബോധനം എല്ലാറ്റിനെയും തച്ചുടച്ചു. സത്യവും നീതിയും ധര്‍മവും സ്ഥാപിച്ചു. യൂഫ്രട്ടീസ് നദിയുടെ ഓളങ്ങള്‍ നീതിയുടെ പോരാളികള്‍ക്കൊപ്പം കൈകോര്‍ത്തു. എന്നാല്‍, ദൈവദൂതന്മാര്‍ക്കെതിരെയുള്ള പോരാട്ടവീഥിയില്‍ പുതിയ ഭാവവും രൂപവും സ്വീകരിച്ച ഇവര്‍ക്ക് അന്ത്യപ്രവാചകനെ ദൈവമാക്കാനോ അന്ത്യവേദത്തെ അതിജയിക്കാനോ ഈ നിമിഷംവരെ കഴിഞ്ഞില്ല; ഇനിയങ്ങോട്ട് കഴിയുകയുമില്ല. അതിനവര്‍ കണ്ട ഏറ്റവും വലിയ ആയുധമാണ് ഭിന്നിപ്പിന്റെ വിഷവിത്തുകള്‍ വിതച്ച് ഒരു മഹാധര്‍മ വിപ്ലവശക്തിയെ ക്ഷയിപ്പിക്കാനുള്ള ഈ തന്ത്രം. ഇരുട്ടിന്റെ ശക്തികളുടെ ചതിയുടെയും ഗൂഢാലോചനയുടെയും ഫലമായി നിരപരാധികളായ സാധാരണക്കാര്‍ തെരുവോരങ്ങളില്‍ നിഷ്‌കരുണം ചിതറിത്തെറിക്കുമ്പോള്‍, അതിന്റെ കുറ്റം ഇസ്‌ലാം എന്ന ദൈവിക സമര്‍പ്പണ വീഥിയോട് ചേര്‍ത്ത് പറയുന്നത് ഒരേസമയം ഒരു ജനതയുടെ ഭിന്നിപ്പെന്ന ദൗര്‍ബല്യത്തെ മുതലെടുക്കാനാണ്. ഒപ്പം ഇസ്‌ലാമിനെയും ലോകാനുഗ്രഹിയായ പ്രവാചകനെയും അവഹേളിക്കുകയെന്ന സമര്‍ഥമായ അജണ്ടയും അതിനു പിന്നിലുണ്ട്. ഈ അവഹേളനം പരസ്യമായി ഇക്കൂട്ടര്‍ പ്രകടിപ്പിക്കുന്നു. ഈ പൈശാചികത അവര്‍ തുടര്‍ന്നുകൊണ്ടേയിരിക്കും. അത് ഒരു രാഷ്ട്രീയ അജണ്ടയുടെ ഭാഗമാണ്.
Comments