എങ്ങനെയെല്ലാമാണ് ഇസ്‌ലാമിയാ കോളേജുകള്‍ പുതിയ കാലത്തോട് സംവദിക്കുന്നത്?
ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം പൊന്നാനിയില്‍ സ്ഥാപിച്ച പള്ളി ദര്‍സാണ് കേരളത്തിലെ പ്രഥമ വ്യവസ്ഥാപിത മതപാഠശാല. സാംസ്‌കാരികവും സൈനികവുമായ അധിനിവേശത്തിന് സമുദായം ഇരയായപ്പോള്‍ പ്രതിരോധ പാഠങ്ങള്‍ക്കൊപ്പം ഇസ്‌ലാമിക സാംസ്‌കാരവും ആ പാഠശാല സമുദായത്തിന് പകര്‍ന്നു നല്‍കി. വിശ്വാസാചാരങ്ങളാല്‍ വേറിട്ട് നില്‍ക്കുന്ന ഇതര മതസ്ഥര്‍ക്കൊപ്പം തോളോടു തോള്‍ ചേര്‍ന്ന് നാടിന്റെ പൊതുശത്രുവിനെ എങ്ങനെ നേരിടാമെന്ന സ്വാതന്ത്ര്യ ചിന്ത ആദ്യമായി രൂപപ്പെട്ടത് ആ പള്ളിദര്‍സില്‍ വെച്ചായിരുന്നു. മതപാഠശാലയിലെ ഗുരുവും ശിഷ്യരും സമുദായത്തിന്റെ മാത്രമല്ല, അന്നത്തെ കേരളീയ പൊതുസമൂഹത്തിന്റെ കൂടി നേതാക്കളായിരുന്നു. വിജയകരമായ പൊന്നാനി പള്ളി ദര്‍സിന്റെ മോഡലുകള്‍ കേരളത്തിലുടനീളം ഉണ്ടാകുന്നതങ്ങനെയാണ്. ഖാദി മുഹമ്മദും ആലി മുസ്‌ലിയാരും മക്തി തങ്ങളുമെല്ലാം ആ പള്ളിദര്‍സുകളുടെ സന്താനങ്ങളാണ്. സ്വാതന്ത്ര്യം നേടുന്ന കാലമെത്തിയപ്പോഴേക്കും പള്ളിദര്‍സുകള്‍ മതവിജ്ഞാനത്തിന്റെ ഏക ആധികാരിക ഇടങ്ങളായി മാറിയിരുന്നു.
സ്വാതന്ത്ര്യാനന്തരം വിദ്യാഭ്യാസരംഗത്ത് പുതിയ ചിന്തകളും ഉണര്‍വുകളുമുണ്ടായി. സ്‌കൂള്‍ വിദ്യാഭ്യാസം വ്യാപകമായി. മുസ്‌ലിം കേരളത്തിന്റെ പൊതുധാരാ പണ്ഡിതരും പള്ളിദര്‍സുകളും ഈ മാറ്റത്തോട് ക്രിയാത്മകമായി പ്രതികരിക്കാതിരുന്നപ്പോഴാണ് കേരളീയ പൊതുസമൂഹവുമായുള്ള മതപാഠശാലകളുടെ ബന്ധം മുറിഞ്ഞു പോയത്. തുടര്‍ന്നും കുറെ കാലം പള്ളിദര്‍സ് സമ്പ്രദായം സജീവമായി നിലനിന്നെങ്കിലും സാമൂഹിക ദൗത്യത്തില്‍ നിന്ന് അതേറെ അകന്നുപോയിരുന്നു. ഓതി പഠിച്ചത് ചൊല്ലി പഠിപ്പിക്കുന്ന മതാധ്യാപകര്‍ മാത്രമാണവിടെ നിന്നും പുറത്തിറങ്ങിയത്. ഒറ്റപ്പെട്ട അപവാദങ്ങള്‍ വിസ്മരിക്കുന്നില്ല.
കാലത്തോടും വിദ്യാഭ്യാസരംഗത്തെ പുതിയ പരീക്ഷണങ്ങളോടും പുറംതിരിഞ്ഞു നിന്ന പള്ളിദര്‍സുകളുടെ പരിമിതികള്‍ മറികടക്കാനാണ് പരിഷ്‌കരണ സംഘടനകളുടെ മേല്‍നോട്ടത്തില്‍ അറബിക് കോളേജുകള്‍ നിലവില്‍ വന്നത്. അതിന് സമാന്തരമായ ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ സ്ഥാപനങ്ങളായിരുന്നു ഇസ്‌ലാമിയാ കോളേജുകളും മറ്റു ദീനീകലാലയങ്ങളും. ഗവണ്‍മെന്റംഗീകൃത അറബിക് കോളേജുകള്‍ മുഖ്യമായും യൂനിവേഴ്‌സിറ്റി സിലബസുകളെ കേന്ദ്രീകരിച്ചായിരുന്നു പ്രവര്‍ത്തിച്ചത്. എന്നാല്‍, സ്വന്തമായ സിലബസ്സോടെ സ്വതന്ത്രസ്ഥാപനങ്ങളായാണ് ഇസ്‌ലാമിയാ കോളേജുകള്‍ മുന്നോട്ട് പോയത്. പൊതുസമൂഹത്തിന്റെ സാമ്പ്രദായിക കീഴ്‌വഴക്കങ്ങളില്‍ നിന്ന് അകന്ന് വേറിട്ട പ്രവര്‍ത്തനരീതികള്‍ ആവിഷ്‌കരിച്ച ഒരു സംഘടനയുടെ സ്വഭാവം വിദ്യാഭ്യാസരംഗത്തും പ്രതിഫലിക്കുകയായിരുന്നു. ആ പരീക്ഷണത്തിന്റെ പരിമിതികള്‍ ഇവിടെ വിശകലനം ചെയ്യുന്നില്ല.
അറബിക് കോളേജുകളെ അപേക്ഷിച്ച് ഇസ്‌ലാമിയാ കോളേജുകള്‍ക്ക് സാധ്യതകള്‍ ധാരാളമായിരുന്നു. മിക്ക അറബിക് കോളേജുകള്‍ക്കും യൂനിവേഴ്‌സിറ്റി രൂപം കൊടുത്ത ശരാശരി സിലബസ് മാത്രമേ വിദ്യാര്‍ഥികളെ പഠിപ്പിക്കാന്‍ സാധിച്ചുള്ളൂ. ഇസ്‌ലാമിയാ കോളേജുകള്‍ വിജ്ഞാനത്തിന്റെ ഈ പരിമിതിയെയും പരിധിയെയും അനായാസം മറികടന്നു. എല്ലാവിധ ഇസ്‌ലാമിക വിജ്ഞാനങ്ങളും ഇസ്‌ലാമിക ലോകത്തെ പുതിയ ചിന്തകളും കാഴ്ചപ്പാടുകളും അവിടെ പാഠ്യവിഷയമായി. മതവിജ്ഞാനീയങ്ങള്‍ക്ക് പുറമെ അറബി, ഇംഗ്ലീഷ്, ഉര്‍ദു, പേര്‍ഷ്യന്‍, മലയാളം ഭാഷകളും സയന്‍സ്, പൊളിറ്റിക്‌സ്, ചരിത്രം, മതതാരതമ്യ പഠനം തുടങ്ങിയ വിഷയങ്ങളും അവര്‍ പഠിച്ചു. ഗുരുനാഥന്മാരും ശിഷ്യരും ഒരേ പ്രസ്ഥാനത്തിന്റെ അണികളും നേതാക്കളുമായതിനാല്‍ വൈകാരിക അടുപ്പവും വിജ്ഞാനത്തോടുള്ള ആര്‍ത്തിയും അവരില്‍ മുന്നിട്ടുനിന്നു. സമുദായത്തില്‍ നിന്നും സമൂഹത്തില്‍നിന്നും ഇസ്‌ലാമിക പ്രസ്ഥാനം അഭിമുഖീകരിക്കുന്ന പുതിയ വിഷയങ്ങള്‍ അവര്‍ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്തു. ഇങ്ങനെ വ്യത്യസ്ത ഇസ്‌ലാമിയാ കോളേജുകളില്‍ നിന്ന് പഠിച്ചിറങ്ങിയ ആദ്യ തലമുറകളെ ഗള്‍ഫ് പ്രവാസം ഭൗതികമായും തുണച്ചു. ദീനും ദുനിയാവും ലഭിച്ച ആ അനുഗൃഹീത തലമുറയാണ് ഇന്ന് ഇസ്‌ലാമിക കലാലയങ്ങളടക്കമുള്ള പ്രസ്ഥാനത്തിന്റെ മിക്ക സംരംഭങ്ങളുടെയും നേതൃതലങ്ങളിലുള്ളത്.
കാലം ആരെയും കാത്തു നില്‍ക്കുന്നില്ല. ലോകത്തിന്റെ മാറ്റങ്ങളോടൊപ്പം അത് പിന്നെയും ഒരുപാട് ദൂരങ്ങള്‍ മുന്നോട്ടു പോയി. ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ കേരളീയ ദൗത്യത്തിലും ഉത്തരവാദിത്വങ്ങളിലും കുറെ മാറ്റങ്ങള്‍ വന്നു. മതസാമുദായിക രംഗങ്ങളില്‍ മാത്രമല്ല ജീവിതത്തിന്റെ നാനായിടങ്ങളിലും ഇസ്‌ലാമിന്റെ പ്രാതിനിധ്യം അനിവാര്യമായി. ഒരു കാലത്ത് സമുദായത്തിലെ ഇതര സംഘടനകള്‍ക്കും ഇസ്‌ലാമിക പ്രസ്ഥാനത്തിനുമിടയിലുണ്ടായിരുന്ന ചൂടേറിയ വാദകോലാഹല വിഷയങ്ങള്‍ ആറിത്തണുത്തു. എല്ലാ സംഘടനകളിലുംപെട്ട പുതിയ തലമുറക്ക് അത്തരം വിഷയങ്ങളിലൊന്നും താല്‍പര്യമില്ലാതായി. അപൂര്‍വം ചില പ്രസംഗകരില്‍ നിന്നും എഴുത്തുകാരില്‍ നിന്നുമല്ലാതെ വിവാദ സാങ്കേതിക പദ ഭാഷാ ചര്‍ച്ചകളും മറ്റും ഇപ്പോള്‍ ഉയരാറില്ല. പുതിയകാല ദൗത്യങ്ങളെയും ഇസ്‌ലാമിന്റെ വിശാലമായ സാധ്യതകളെയും പറ്റി ഏറ്റവ്യത്യാസങ്ങളോടെയാണെങ്കിലും അവരിന്ന് ബോധവാന്മാരുമാണ്. സംഘടനാ അഭിപ്രായവ്യത്യാസങ്ങള്‍ മറന്ന് പരസ്പരമത് പങ്കുവെക്കുകയും ചെയ്യുന്നു.
ഇത്തരമൊരു ചരിത്രസന്ദര്‍ഭത്തെയും അതിന്റെ ആവശ്യകതയെയും അഡ്രസ് ചെയ്യുന്ന മതവിദ്യാഭ്യാസ കലാലയങ്ങളാണ് കാലം ആവശ്യപ്പെടുന്നത്. ഇസ്‌ലാമിയാ കോളേജുകള്‍ മാറിയ ആ ദൗത്യമേറ്റെടുക്കാനുള്ള ശേഷിയാര്‍ജിക്കേണ്ടതുണ്ട്. വിപ്ലവകരമായി ഒരു കാലത്ത് ആരംഭിച്ച അറബിക് കോളേജുകള്‍ പിന്നീട് ജോലി നേടാനുള്ള ഇടം മാത്രമായി മാറുന്നത് നാം കണ്ടതാണ്. ഇപ്പോള്‍ അതിന്റെ ജോലി സാധ്യതക്ക് മങ്ങലേറ്റപ്പോള്‍ വിദ്യാര്‍ഥികളില്ലാത്ത ദുരന്ത സ്മാരകങ്ങളായി അവ മാറുന്നതിനും നാം സാക്ഷികളാവുന്നു. പെണ്‍കുട്ടികള്‍ക്ക് വിവാഹാലോചന വരുന്നത് വരെ ദീന്‍ പഠിക്കാനുള്ള സ്ഥാപനങ്ങളായി മിക്ക അറബിക് കോളേജുകളും മാറിയിരിക്കുന്നു. ഇസ്‌ലാമിയാ കോളേജുകളും ഏറെക്കുറെ ഇന്ന് ആ പ്രതിസന്ധികളെല്ലാം അഭിമുഖീകരിച്ച് കൊണ്ടിരിക്കുകയാണ്.
ഒരു കാലത്തെ ചരിത്രദൗത്യം നിര്‍വഹിച്ച ഇസ്‌ലാമിയാ കോളേജുകള്‍ പുതിയ കാലത്തെ ഉള്‍ക്കൊള്ളാന്‍ ശ്രമിച്ചിട്ടുണ്ടോ? ഉണ്ട് എന്നാണുത്തരമെങ്കില്‍ കേരളത്തിലെ മിക്ക ഇസ്‌ലാമിയാ കോളേജുകളും അടച്ചു പൂട്ടല്‍ ഭീഷണി നേരിടുന്നത് എന്തുകൊണ്ടാണ്? വിദ്യാര്‍ഥികളെക്കാള്‍ അധ്യാപകരുള്ള സ്ഥാപനങ്ങളായി ചില കലാലയങ്ങളെങ്കിലും മാറുന്നുണ്ടോ? സൗജന്യമായ പഠനവും ഭക്ഷണ-താമസ സൗകര്യങ്ങള്‍ക്ക് പുറമെ ആകര്‍ഷകമായ സ്റ്റൈപന്റും വാഗ്ദാനം ചെയ്തിട്ടും ഇവിടങ്ങളില്‍ പഠിതാക്കളെ കിട്ടുന്നില്ലെങ്കില്‍ പ്രശ്‌നത്തിന്റെ മര്‍മമെന്താണ്? ദീനീവിദ്യാഭ്യാസത്തോട് പുതിയ തലമുറ പുറംതിരിഞ്ഞ് നില്‍ക്കുന്നതുകൊണ്ട് മാത്രമാണ് ഈ ദുരന്തമെന്ന വിലയിരുത്തലില്‍ എത്രത്തോളം ശരിയുണ്ട്? അങ്ങനെ വിലയിരുത്തുന്നവര്‍ സ്വന്തം മക്കളെയും പേരമക്കളെയുമാണ് പ്രതിസ്ഥാനത്ത് നിര്‍ത്തുന്നതെന്ന് ആലോചിച്ചിട്ടുണ്ടോ?
നിലവിലെ സിലബസും പാഠ്യരീതികളുമടങ്ങിയ ഇസ്‌ലാമിയാ കോളേജുകള്‍ ഒരു കാലഘട്ടത്തിന്റെ ഉത്തരം മാത്രമായിരുന്നു. എല്ലാ പരീക്ഷണങ്ങള്‍ക്കും സംരംഭങ്ങള്‍ക്കും അതത് കാലത്തിലേക്ക് ആഴത്തിലിറങ്ങുന്ന വേരുകളുണ്ട്. ആ കാലത്തെയും സാഹചര്യത്തെയും പൂര്‍ണമായി ഉള്‍ക്കൊണ്ടപ്പോഴാണ് ആ പരീക്ഷണങ്ങളും സംരംഭങ്ങളും വിജയിച്ചത്. ഒരിക്കല്‍ വിജയിപ്പിച്ചെടുത്ത പരീക്ഷണം എന്നെന്നേക്കുമുള്ള വിജയമാതൃകയോ സൂത്രവാക്യമോ അല്ല. പള്ളിദര്‍സ് സമ്പ്രദായം ഒരുകാലത്ത് വമ്പിച്ച വിജയമായിരുന്നു. ആ പരീക്ഷണ വിജയം എക്കാലത്തേക്കുമുള്ളതാണ് എന്ന് ചില പണ്ഡിതര്‍ മനസ്സിലാക്കിയേടത്താണ് അതിന്റെ പരാജയമാരംഭിച്ചത്. ഇസ്‌ലാമിയാ കോളേജുകളുടെ കാര്യത്തിലും സംഭവിച്ചത്/സംഭവിച്ചുകൊണ്ടിരിക്കുന്നത് അതാണ്. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് വിജയം കണ്ട പരീക്ഷണം പുതിയ കാലത്തും ചെറിയ മാറ്റങ്ങളോടെ നടപ്പിലാക്കാനാണ് ഇപ്പോഴും ശ്രമിച്ചുകൊണ്ടിരിക്കുന്നത്. അതേ വിഷയങ്ങള്‍, അതേ മുന്‍ഗണനാ ക്രമത്തില്‍, പഠനരീതിയില്‍ പോലും വലിയ മാറ്റങ്ങളില്ലാതെ തുടരുന്നു.
ഇതിനോട് പൊരുത്തപ്പെടാനാവാതെ പുതിയ തലമുറ ഉന്നത ദീനീവിദ്യാഭ്യാസ രംഗത്തുനിന്ന് പിന്മാറുന്നുണ്ടെങ്കില്‍ ആരാണ് അതിനുത്തരവാദികള്‍? ഒരു കാലഘട്ടത്തിലെ പാഠ്യപദ്ധതിയിലൂടെ വിജയക്കുതിപ്പ് നടത്തിയ അതിന്റെ സന്താനങ്ങള്‍ ആ കാലത്തേക്ക് തിരിച്ചുപോവുകയാണ് വിജയിക്കാനുള്ള ഏക പോംവഴി എന്ന തീര്‍പ്പിലെത്തുന്നത് പുതിയ തലമുറയോട് ചെയ്യുന്ന അനീതിയാണ്. പുതിയ കാലത്ത് പുതിയ പരീക്ഷണത്തിലേര്‍പ്പെടാനുള്ള സാഹസമാണ് ഒരു നവോത്ഥാന സംഘത്തില്‍ നിന്ന് പ്രതീക്ഷിക്കുന്നത്. പഴമയെ പാടെ നിരാകരിക്കണമെന്നല്ല. അതില്‍ ഉള്‍ക്കൊള്ളേണ്ടതിനെ പുതിയ മാറ്റങ്ങളുമായി ചേര്‍ത്തു വെക്കുകയാണ് വേണ്ടത്. പൊതുസമൂഹത്തില്‍ നിന്നും അതിന്റെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും മാറിനിന്ന് വിദ്യാഭ്യാസം നേടുകയും പ്രവര്‍ത്തനരീതികളാവിഷ്‌കരിക്കുകയും ചെയ്ത കാലം കഴിഞ്ഞിരിക്കുന്നു. വിജയകരമായി നടത്തപ്പെടുന്ന ഒരു സ്ഥാപനം നിലനില്‍ക്കുന്നുണ്ടെങ്കില്‍ ഉന്നത ദീനീ വിദ്യാഭ്യാസ പരീക്ഷണങ്ങള്‍ അവിടെ മാത്രം പരിമിതപ്പെടുത്തുകയല്ലേ ബുദ്ധി. വിശാലമായ പ്രവര്‍ത്തന മണ്ഡലങ്ങളുള്ള ഒരു സംഘടനയുടെ വലിയൊരു പങ്ക് ഊര്‍ജവും മനുഷ്യ വിഭവശേഷിയും എന്തിനാണ് ഇത്രയും പാഴാക്കുന്നത്?
ഒരു ഉന്നത ഇസ്‌ലാമിക കലാലയമെന്ന സങ്കല്‍പത്തിലേക്ക് വന്നാല്‍ അതെങ്ങനെയായിരിക്കണമെന്ന ചര്‍ച്ച വ്യാപകമായി നടക്കേണ്ടതുണ്ട്. ആഴത്തില്‍ ഇസ്‌ലാമിക പഠനമാഗ്രഹിക്കുന്നവര്‍ക്ക് ആശ്രയിക്കാവുന്ന വ്യത്യസ്ത ഫാക്കല്‍റ്റികള്‍ ഉള്ള സ്ഥാപനമായി മാത്രം ആ കാഴ്ചപ്പാടിനെ ചുരുക്കേണ്ടതുണ്ടോ? അംഗീകൃത ഭൗതിക വിദ്യാഭ്യാസത്തോടൊപ്പം തന്നെ മതവിജ്ഞാനീയങ്ങള്‍ പഠിപ്പിക്കുന്നതല്ലേ കാലഘട്ടത്തിന് കൂടുതല്‍ അനുയോജ്യം? ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ പുതിയ തലമുറയിലെ സമര്‍ഥരായ വിദ്യാര്‍ഥികളില്‍ വലിയൊരു പങ്കും ഇന്ന് പൊതു കാമ്പസുകളിലാണുള്ളത്. വിദ്യാര്‍ഥി സംഘടനയുടെ മുഖ്യ അജണ്ടയും പ്രവര്‍ത്തനങ്ങളും അവരെ കേന്ദ്രീകരിച്ചാണ്. ഭൗതിക ഡിഗ്രികളും മറ്റു പ്രഫഷണല്‍ കോഴ്‌സുകളും ചെയ്യുന്ന അവരെ ആ പഠനത്തിനു ശേഷം ആകര്‍ഷിക്കാന്‍ പറ്റുന്ന തരത്തില്‍ രൂപപ്പെടുത്തിയ ഹ്രസ്വകാല കോഴ്‌സുകള്‍ കൂടി ഉന്നത ഇസ്‌ലാമിക കലാലയത്തില്‍ സാധ്യമാകേണ്ടതല്ലേ? ഉണ്ടെങ്കില്‍ അറബി ഭാഷക്ക് പുറമെ ഇംഗ്ലീഷിലും മലയാളത്തിലുമായി അതിന് പാഠ്യപദ്ധതികള്‍ തയാറാക്കേണ്ടിവരും. ആറു മാസം മുതല്‍ രണ്ട് വര്‍ഷം വരെയുള്ള ഹ്രസ്വകാല കോഴ്‌സുകളിലേക്ക് മാത്രമേ ഇത്തരക്കാരെ ആകര്‍ഷിക്കാന്‍ സാധിക്കുകയുള്ളൂ. അത് സാധ്യമായാല്‍ നിലവില്‍ ഉയര്‍ന്ന ഭൗതിക വിദ്യാഭ്യാസം നേടിക്കൊണ്ടിരിക്കുന്ന പുതിയ തലമുറക്ക് ഇസ്‌ലാമികാടിത്തറകളില്‍ നിന്ന് അല്‍പമെങ്കിലും മതവിദ്യാഭ്യാസം നേടാനുള്ള സുവര്‍ണാവസരമായിരിക്കുമത്. പക്ഷേ, അതിനാദ്യം പാഠ്യപദ്ധതിയോടൊപ്പം അധ്യാപനരീതിയും അടിമുടി മാറ്റേണ്ടിവരും. നിലവില്‍ വ്യത്യസ്ത രംഗങ്ങളില്‍ ജോലി ചെയ്യുന്ന പഠനതാല്‍പര്യവും നിരീക്ഷണപാടവവുമുള്ള മുതിര്‍ന്നവരെയും ഈ ഹ്രസ്വകാല കോഴ്‌സുകളിലേക്ക് ആകര്‍ഷിക്കാനായാല്‍ അത് അത്ഭുതങ്ങള്‍ സൃഷ്ടിക്കും. ഇതര മതസ്ഥര്‍ക്ക് പോലും ഇസ്‌ലാമിക് സ്റ്റഡീസില്‍ പ്രവേശന സൗകര്യമുള്ള സ്ഥാപനമായി ഈ ഉന്നതകലാലയത്തിന് മാറാന്‍ സാധിക്കേണ്ടതുണ്ട്.
മതവിജ്ഞാനീയങ്ങളോടൊപ്പം കേരളീയ സംസ്‌കാരങ്ങളെയും ഇന്ത്യന്‍ ബഹുസ്വരതയെയും പഠിപ്പിക്കുന്ന സ്ഥാപനമായി അത് വികസിച്ചാല്‍ സമുദായത്തില്‍ നിന്നും സമൂഹത്തിലേക്ക് വളര്‍ന്ന ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം തുടക്കമിട്ട മതകലാലയത്തിന്റെ സാമൂഹിക ദൗത്യം തിരിച്ച് പിടിക്കാം. ഇന്ത്യന്‍ ജാതി മതങ്ങളെയും സംസ്‌കാരങ്ങളെയും ഇസ്‌ലാമിക ദര്‍ശനത്തിന്റെ പശ്ചാത്തലത്തില്‍ വായിച്ചെടുക്കുന്ന ഗവേഷണങ്ങള്‍ അവിടെനിന്നും വികസിപ്പിക്കാനായാല്‍ അക്കാദമിക് ലോകത്തിന് അമൂല്യ സംഭാവനയായിരിക്കുമത്. അതല്ലാതെ ഏതെങ്കിലും ഗള്‍ഫ് രാഷ്ട്രത്തില്‍ വികസിപ്പിച്ചെടുത്ത മാതൃകയെയും പാഠ്യപദ്ധതികളെയും കേരളത്തില്‍ പറിച്ച് നടുന്നതില്‍ പരിമിതപ്പെടരുത് നമ്മുടെ ഉന്നത മതവിദ്യാഭ്യാസ സങ്കല്‍പങ്ങള്‍. മണ്ണും കാലാവസ്ഥയും പരിഗണിക്കാതെ പറിച്ച് നട്ടാല്‍ കുറച്ച് കാലത്തേക്ക് മനോഹരമായി പടര്‍ന്നു നിന്നേക്കാം. പക്ഷേ, ആഴത്തിലതിന് വേരോട്ടമുണ്ടാവുകയില്ല. പ്രതീക്ഷിച്ച ഫലങ്ങള്‍ ലഭിക്കുകയുമില്ല. ഉന്നത മതവിദ്യാഭ്യാസ രംഗത്തെ ഈ പുതുപരീക്ഷണങ്ങള്‍ ഇനിയും വൈകിയാല്‍ പുതിയ കാലത്തോടും ലോകത്തോടും സംവദിക്കാന്‍ ശേഷിയുള്ള ഇസ്‌ലാമിക തലമുറയുടെ അഭാവമായിരിക്കും വരുംകാലങ്ങളില്‍ നമ്മെ കാത്തിരിക്കുക.
[email protected]
Comments