Prabodhanm Weekly

Pages

Search

2012 നവംബര്‍ 10

ഒരു പ്രതിഭയുടെ നന്മ ജീവിതങ്ങള്‍

മമ്മൂട്ടി കവിയൂര്‍

ലക്കം 21 അക്ഷരാര്‍ഥത്തില്‍ ഒരു 'അന്‍സാരി' പതിപ്പാക്കി വായനക്കാരിലെത്തിക്കാന്‍ പ്രബോധനം അണിയറ ശില്‍പികള്‍ക്ക് കഴിഞ്ഞിരിക്കുന്നു.
ആ മഹാ പ്രതിഭയുമായി അടുത്തിടപഴകാന്‍ അവസരം കിട്ടിയവര്‍ അവരുടെ ഓര്‍മകള്‍ പങ്കുവെച്ചത് അദ്ദേഹത്തെ അറിയാന്‍ സഹായിച്ചു. ഡോ. അബ്ദുല്‍ ഹഖ് അന്‍സാരിയുടെ പല സംഭാവനകളില്‍ ഒന്നായിരുന്നു, പ്രസ്ഥാനത്തില്‍ അണിചേരുന്നവരുടെ തര്‍ബിയത്തില്‍ ഒരു പൊളിച്ചെഴുത്ത് വേണമെന്ന് മനസ്സിലാക്കി ഖുര്‍ആന്റെയും തിരുസുന്നത്തിന്റെയും വെളിച്ചത്തില്‍ രചിച്ച 'മഖ്‌സദ് സിന്ദഗി കാ ഇസ്‌ലാമി തസവ്വുര്‍' എന്ന ഗ്രന്ഥം. ഇസ്‌ലാമിലെ ഓരോ അനുഷ്ഠാനവും സ്വയം തന്നെ ലക്ഷ്യമാണെന്നും അല്ലാഹുവിന്റെ പ്രീതിക്കും സ്വര്‍ഗത്തിനും അത് നേരിട്ടുള്ള വഴിയാണെന്നും അദ്ദേഹം അതില്‍ ഊന്നിപ്പറയുന്നുണ്ട്. പ്രവര്‍ത്തകരുടെ കര്‍മാനുഷ്ഠാനങ്ങളിലും ജീവിത വീക്ഷണത്തിലും സംഭവിക്കുന്ന ആത്മീയ ഭാവത്തിന്റെ ചോര്‍ച്ചയുടെ മൗലിക കാരണം കണ്ടെത്താനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടാണദ്ദേഹം ഇത്തരം ഗ്രന്ഥങ്ങളും പ്രഭാഷണങ്ങളും നടത്തിവന്നിരുന്നതെന്ന് ടി. ആരിഫലിയുടെ കുറിപ്പില്‍ പ്രത്യേകം രേഖപ്പെടുത്തിയുണ്ടല്ലോ. അനീസിന്റെയും ഇസ്മാഈലിന്റെയും ഓര്‍മക്കുറിപ്പുകളും ഹൃദ്യമായി.
മാധവദാസ്, അമല നഗര്‍ തൃശൂര്‍
പ്രവാചകനെപ്പറ്റിയുള്ള കവര്‍‌സ്റ്റോറി (ലക്കം 20) അവസരോചിതമായി. പ്രവാചകനിന്ദയോട് പ്രതികരിക്കേണ്ടത് പ്രവാചകനോട് നീതിപുലര്‍ത്തുന്ന രീതിയില്‍ വേണം. കൈവെട്ടിയോ കലാപങ്ങള്‍ സംഘടിപ്പിച്ചോ അല്ല അതിനോട് പ്രതികരിക്കേണ്ടത്. വേണ്ടത് അവിരാമമായ ആശയ പ്രചാരണമാണ്. മാറ്റങ്ങള്‍ ഉണ്ടാക്കാനാവുക അത്തരം ക്രിയാത്മക ശൈലികള്‍ക്കാണ്. മലാലയെ ആക്രമിച്ച താലിബാന്‍ ചെയ്തിയും ഇസ്‌ലാം വിരുദ്ധമാണ്. സര്‍വരും വിദ്യാഭ്യാസം നേടണം എന്നതായിരുന്നു പ്രവാചക പ്രബോധനം. സ്ത്രീകളുടെ അവകാശങ്ങളെ എതിര്‍ക്കുന്നതും ഇസ്‌ലാമികമല്ല. മുതലാളിത്തവും സയണിസവും പോലെത്തന്നെ ഇസ്‌ലാമിനെ ദുര്‍വ്യാഖ്യാനം ചെയ്യുകയാണ് താലിബാനും.
കെ.എ ജബ്ബാര്‍ അമ്പലപ്പുഴ
ലക്കം 20-ല്‍ പ്രവാചക നിന്ദയുടെ കാര്യകാരണങ്ങള്‍ വിശദമാക്കുന്ന ലേഖനങ്ങള്‍ ശ്രദ്ധേയമായി. വിദ്വേഷം അടിയാധാരമായ ഒരു സംസ്‌കാരം ജീര്‍ണതയുടെ പടുകുഴിയിലേക്കാപതിക്കുമ്പോള്‍, അതിന്റെ എതിര്‍പക്ഷത്ത് നില്‍ക്കുന്നവരെയും അതിലേക്ക് തള്ളിയിടുക എന്ന കുതന്ത്രമാണ് പ്രവാചകനിന്ദയിലൂടെ പാശ്ചാത്യര്‍ പയറ്റുന്നത്. ശത്രുവിന്റെ ശത്രു മിത്രമെന്ന ശൈലിയിലാണ് ചില മുഖ്യധാരാ മാധ്യമങ്ങളും എഴുത്തുകാരും ഇത്തരം തരംതാണ പ്രചാരണങ്ങള്‍ക്ക് പിറകെ പോകുന്നതെന്ന് തിരിച്ചറിയാന്‍ അതിബുദ്ധിയൊന്നും വേണ്ട.
സ്‌നേഹയുവത്വങ്ങള്‍ക്കു നേരെയും കാഴ്ച കൊടുക്കണ്ടേ...
'കയ്പനുഭവങ്ങള്‍ എതിരേല്‍ക്കണ്ട കാലമല്ല വാര്‍ധക്യം' എന്ന ബഷീര്‍ തൃപ്പനച്ചിയുടെ ലേഖനത്തില്‍ (ലക്കം 19) പരാമര്‍ശിക്കപ്പെടുന്ന പ്രായമായവരുടെ നൊമ്പരങ്ങളും ഒറ്റപ്പെടലുകളും വിഷാദങ്ങളും പരിഗണന അര്‍ഹിക്കുന്നത് തന്നെ. അതേസമയം വിഷയത്തിന്റെ മറുവശവും പരിഗണന അര്‍ഹിക്കുന്നില്ലേ? വൃദ്ധരായ മാതാപിതാക്കള്‍ക്കും രോഗങ്ങള്‍ കൊണ്ട് ബുദ്ധിമുട്ടുന്നവര്‍ക്കും വേണ്ടി ജീവിതത്തിന്റെ നല്ലൊരു ഭാഗം മാറ്റിവെക്കുകയും അവര്‍ക്ക് വേണ്ടി സദാ കഷ്ടപ്പെടുകയും ചെയ്യുന്ന നല്ലൊരു ശതമാനം ആളുകള്‍ നമുക്കിടയിലില്ലേ? എന്തേ അക്കാര്യത്തില്‍ എല്ലാവരും മൗനം പാലിക്കുന്നു?
യൗവനത്തിന്റെ പ്രസരിപ്പ് നിലനില്‍ക്കെത്തന്നെ, ജീവിതത്തിലെ പല സൗഭാഗ്യങ്ങളും മാറ്റിവെച്ചു പ്രായത്താലും മാറാരോഗത്താലും കഷ്ടപ്പെടുന്ന മാതാപിതാക്കളെ നോക്കുന്ന എത്രയോ ആളുകളുണ്ട് നമുക്ക് ചുറ്റും. പ്രത്യേകിച്ചും സ്ത്രീകള്‍. സ്വന്തം ഉപ്പയെയും ഉമ്മയെയും ഒരു നോക്ക് കാണാന്‍ പോലും പോകാന്‍ പറ്റാതെ ഭര്‍ത്താവിന്റെ മാതാപിതാക്കളെ ആത്മാര്‍ഥമായി പരിചരിക്കുന്നവരാണ് അവരിലധികപേരും. അവര്‍ക്ക് നേരെ നാം കണ്ണടക്കുകയാണോ?
കൂട്ടുകുടുംബത്തിന്റെ മേന്മ പറയാനും അണുകുടുംബത്തെ അടച്ചാക്ഷേപിക്കാനും എല്ലാവരും മുതിരുന്നു. ഈ കൂട്ടുകുടുംബത്തിലെ അവസ്ഥ എന്തായിരുന്നു? അവിടെ സ്‌നേഹവും സന്തോഷവും അലയടിച്ചിരുന്നു എന്ന് സമ്മതിക്കുന്നതോടൊപ്പം തന്നെ ചോദിക്കട്ടെ, അവിടെ സ്ത്രീകള്‍ സന്തോഷവതികളായിരുന്നുവോ? വീട്ടുജോലികളുടെ തിരക്കുകള്‍ക്കിടക്ക് സമയത്തിനു നമസ്‌കരിക്കാനോ കുട്ടികള്‍ക്ക് ഭൗതികവും ധാര്‍മികവുമായ വിദ്യാഭ്യാസം കൊടുക്കാനോ അവര്‍ക്ക് സൗകര്യം ഉണ്ടായിരുന്നോ?
ജമീലാ മുനീര്‍ ജിദ്ദ
മസ്ജിദുകളിലെ ശബ്ദ നിയന്ത്രണം
മുസ്‌ലിം പള്ളികളില്‍ നിന്നുള്ള ശബ്ദ വിന്യാസത്തിന് നിയന്ത്രണം വേണമെന്ന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ഹരജി സ്വാഗതാര്‍ഹമാണ്. മസ്ജിദുകളില്‍നിന്ന് അഞ്ചുനേരത്തെ ബാങ്കുവിളി മാത്രമേ പൊതുജനങ്ങള്‍ കേള്‍ക്കുന്ന വിധത്തില്‍ പുറത്തേക്ക് വരേണ്ടതുള്ളൂ. അതിന്റെ ഉദ്ദേശ്യം തന്നെ നമസ്‌കാര സമയം അറിയിക്കുക എന്നതായതുകൊണ്ട് അവ ഉച്ചഭാഷിണിയിലൂടെ നടത്തേണ്ടതാണ്. ഒരു ഏരിയയില്‍ തന്നെ നാലും അഞ്ചും പള്ളികളുള്ള സ്ഥലത്ത് ഒരു പള്ളിയില്‍ മാത്രം ഉച്ചഭാഷിണിയിലൂടെ ബാങ്കിവിളിക്കുകയും മറ്റു പള്ളികളില്‍ ഉച്ചഭാഷിണി ഉപയോഗിക്കാതെ നിര്‍വഹിക്കുകയും ചെയ്യാവുന്നതാണ്. എല്ലാ വിഭാഗങ്ങളുടെയും ബാങ്കുവിളി ഒരുപോലെ ആയതിനാല്‍ നമസ്‌കാരസമയം അറിയിക്കാന്‍ ഒരൊറ്റ ബാങ്ക് മതിയാവും.
മസ്ജിദുകളിലെ മാത്രമല്ല, അമ്പലങ്ങളിലെയും ചര്‍ച്ചുകളിലെയും പരിപാടികളും രാഷ്ട്രീയ പ്രഭാഷണങ്ങളും ഗാനമേളകളും പൊതുജനങ്ങള്‍ക്ക് ശല്യമാകാത്ത രീതിയില്‍ നിയന്ത്രിക്കപ്പെടേണ്ടതുണ്ട്.
യാസര്‍ അറഫാത്ത് തിരുത്തിയാട്‌
മതരാഷ്ട്രവാദം ക്രൈസ്തവമാകുമ്പോള്‍
ഇന്ത്യയില്‍ സമ്പൂര്‍ണ ക്രൈസ്തവവത്കരണമാണ് ലക്ഷ്യമെന്ന കത്തോലിക്കാ സഭയുടെ പ്രസ്താവന കേരളീയ സമൂഹം കഴിഞ്ഞനാളില്‍ കേട്ടു. പക്ഷേ ആര്‍ക്കുമുണ്ടായില്ല ഞെട്ടല്‍. പ്രസ്താവനയുടെ തലനാരിഴ കീറി ആരും ചര്‍ച്ച ചെയ്തതുമില്ല. ചാനല്‍ ഡസ്‌കുകളിലെ മതേതര അപ്പോസ്തലന്മാര്‍ ഭാരതത്തിന്റെ 'അപകടാവസ്ഥ'യില്‍ ആശങ്കപെട്ടതുമില്ല. പെരുന്നയിലെയും കണിച്ചുകുളങ്ങരയിലെയും ആചാര്യന്മാര്‍ ഉടവാളെടുത്ത് ഉറഞ്ഞുതുള്ളിയതുമില്ല. പറഞ്ഞത് ക്രൈസ്തവ സഭയായതിനാല്‍ ആര്‍ക്കുമില്ല രോഷം. എല്ലാം ശുഭം മംഗളം!
ഇതുപോലുള്ള ഒരു പ്രസ്താവന വന്നത് ഒരു മുസ്‌ലിമില്‍നിന്നോ മുസ്‌ലിം സമൂഹത്തെ പ്രതിനിധാനം ചെയ്യുന്ന ഏതെങ്കിലും സംഘടനയില്‍നിന്നോ ആണെന്ന് കരുതുക. അല്ലെങ്കില്‍ ഇതിലും ഡോസു കുറഞ്ഞ നിര്‍ദോഷമായ ഒരു വിവരക്കേടായാലും മതി. എന്തായിരിക്കും പുകില്! പത്രക്കാര്‍ക്കും ചാനലുകാര്‍ക്കും കൊയ്ത്തുകാലം. കെ.പി.സി.സി പ്രസിഡന്റ് മുതല്‍ ആര്യാടന്‍ മുഹമ്മദ് വരെ പ്രതികരിക്കുന്നത് സംഘ്പരിവാര്‍ സ്വരത്തിലാകും. ഹമീദ് ചേന്ദമംഗല്ലൂര്‍ മുതല്‍ എം.എന്‍ കാരശ്ശേരി വരെയുള്ള പുരോഗമനവാദികള്‍ സ്വസമുദായത്തെ ശുദ്ധികലശം ചെയ്യാന്‍ അരയും തലയും മുറുക്കി രംഗത്തെത്തും.
നസീര്‍ പ്ലാമൂട്ടില്‍ മൂവാറ്റുപുഴ
നല്ലതുകളിലേക്ക് വഴിവെട്ടണം സംവാദങ്ങള്‍
പ്രബോധനത്തില്‍ സദ്‌റുദ്ദീന്‍ വാഴക്കാടിന്റെ 'സ്‌നേഹത്തോടെ സംവദിച്ചുകൂടേ മതസംഘടനകള്‍ക്ക്' എന്ന ലേഖന പരമ്പര അവസരോചിതമായി. അറിയാനും അറിയിക്കാനും വേണ്ടിയാണ്, വിജയിക്കാനും പരാജയപ്പെടുത്താനും വേണ്ടിയാകരുത് സംവാദങ്ങള്‍. ആരോഗ്യകരമായ, പരസ്പര ബഹുമാനത്തോടെയുള്ള പണ്ഡിതന്മാരുടെ സംവാദങ്ങള്‍ സാധാരണക്കാര്‍ക്ക് വളരെ പ്രയോജനപ്പെടും. അപ്രമാദിത്വം മുഹമ്മദ് നബിക്ക് ശേഷം അല്ലാഹു ആര്‍ക്കും നല്‍കിയിട്ടില്ല എന്ന വസ്തുത അംഗീകരിച്ചുകൊണ്ടുള്ള ഏതു സംവാദവും നല്ലതെന്നു തന്നെയല്ല, കാലഘട്ടത്തിന്റെ ആവശ്യം കൂടിയാണ്. 
സ്ത്രീവിമോചനത്തിനായി ഒട്ടേറെ യത്‌നിച്ച പ്രവാചകന്‍

പ്രവാചകനിന്ദയോട് സര്‍ഗാത്മകമായി പ്രതികരിച്ച പ്രബോധനം (ലക്കം 20) ശ്രദ്ധേയമായി. സാമൂഹികനീതിക്കും മാനവസാഹോദര്യത്തിനുമൊപ്പം തുല്യതയില്ലാത്ത സമത്വബോധം ലോകര്‍ക്ക് മുമ്പാകെ അവതരിപ്പിച്ച മഹാനായ പ്രവാചകനാണ് മുഹമ്മദ് നബി(സ). മനുഷ്യാവകാശ പ്രഖ്യാപനം എന്ന നിലയില്‍ ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെട്ട വിടവാങ്ങല്‍ പ്രസംഗത്തില്‍ അദ്ദേഹം ലോകത്തെ ഓര്‍മിപ്പിച്ചു: 'ദൈവത്തിന്റെ കണ്ണില്‍ മനുഷ്യരെല്ലാം സമന്മാരാണ്'. നന്മ തിന്മകളുടെ അടിസ്ഥാനത്തിലാണല്ലോ ഈശ്വര ദൃഷ്ടിയില്‍ മഹത്വം കല്‍പിക്കപ്പെടുന്നത്. ഇമ്മട്ടിലുള്ള സമത്വചിന്തയുടെ ഫലമാകാം പ്രവാചകന്റെ ആദ്യ അനുയായികളില്‍ ഭാര്യ ഖദീജയുള്‍പ്പെടെ നല്ലൊരു പങ്ക് സ്ത്രീകളായത്.
പ്രവാചകപത്‌നിമാരിലധികവും വിധവകളാണെന്നറിയാത്തവര്‍ ചുരുക്കമാണ്. വൈധവ്യം ശാപമായി ഗണിക്കുന്ന പ്രവണത ഇന്ത്യയിലും മറ്റു രാജ്യങ്ങളിലും നിലനില്‍ക്കുന്ന സാഹചര്യത്തില്‍, പതിനാല് നൂറ്റാണ്ട് മുമ്പ് വിധവകള്‍ക്ക് സാമൂഹിക പദവിയും സംരക്ഷണവും നല്‍കിയ പ്രവാചകനെ ചരിത്രത്തിലെതന്നെ ആദ്യത്തെ വനിതാ വിമോചകനായി കാണാവുന്നതാണ്. മാതാവിന്റെ കാല്‍ക്കീഴിലാണ് സ്വര്‍ഗം എന്ന് പ്രഖ്യാപിക്കുക വഴി സ്ത്രീജന്മത്തെ ഉയരത്തിലേക്ക് എത്തിക്കുകയാണ് പ്രവാചകന്‍. ഇത്രമേല്‍ സ്ത്രീകളുടെ പദവിക്കും ഉയര്‍ച്ചക്കും അഹോരാത്രം പ്രവര്‍ത്തിച്ച മഹാനായ പ്രവാചകനെ സ്ത്രീലമ്പടനായി ചിത്രീകരിച്ച നകോല ബാസിലിയുടെ മനസ്സ് മാരകമായ രോഗങ്ങളുടെ കലവറയാണ്.

Comments

Other Post

ഖുര്‍ആന്‍ ബോധനം

അല്‍ ഇസ്റാഅ്
എ.വൈ.ആര്‍