മദീന മുനവ്വറ ചരിത്രം ഉണര്‍ന്നിരുന്ന് കഥ പറയുന്ന നാട്
യാത്രകള്‍.... നിത്യവിസ്മയങ്ങളായ പല നാഗരികതകളുടെയും തുടക്കം യാത്രകളില്‍ നിന്നായിരുന്നു.... ചിരപുരാതന കാലം മുതല്‍ മനുഷ്യന്‍ യാത്രകളെ സ്‌നേഹിച്ചിരുന്നു. ഭക്ഷണവും പാര്‍പ്പിടവും തേടിയുള്ള ആദിമ മനുഷ്യന്റെ യാത്ര മുതല്‍ ഈ പ്രക്രിയ ആരംഭിക്കുന്നു. കൃഷി ചെയ്യാന്‍ ഫലഭൂയിഷ്ഠമായ മണ്ണു തേടിയുള്ള യാത്രകള്‍ പില്‍ക്കാലത്ത് കച്ചവടാവശ്യാര്‍ഥമുള്ള യാത്രകളായി വളര്‍ന്നു. ഏലവും കുരുമുളകും മറ്റു സുഗന്ധദ്രവ്യങ്ങളും തേടിയുള്ള യാത്രകള്‍ കുന്തിരിക്ക പാതകളായി മാറി ആഗോള വാണിജ്യഭൂപടത്തില്‍ ഇടം കണ്ടെത്തി. പിന്നെയും നടത്തി മനുഷ്യന്‍ ഒരുപാട് യാത്രകള്‍.... വെട്ടിപ്പിടിക്കലിന്റേതും കീഴടക്കലിന്റേതുമായ ജൈത്രയാത്രകള്‍ തുടങ്ങി വീരേതിഹാസഗാഥകള്‍ പാടിനടക്കുന്ന പാണന്റെ ഊരുതെണ്ടലുകള്‍ വരെ....
പ്രപഞ്ചരഹസ്യങ്ങളുടെ പൊരുളന്വേഷിച്ച് പര്‍വതങ്ങളിലേക്കും കാനനങ്ങളിലേക്കും നടത്തുന്ന സത്യാന്വേഷണയാത്രകള്‍, വിശുദ്ധ ദേവാലയങ്ങളിലേക്ക് പുണ്യം തേടിപ്പോകുന്ന ഭക്തന്റെ തീര്‍ഥയാത്രകള്‍, കാലപ്രവാഹത്തില്‍ പൊടിമൂടപ്പെട്ടുപോയ ചരിത്രാവശിഷ്ടങ്ങളില്‍നിന്ന് ഒരു കാലഘട്ടത്തെ വായിച്ചെടുക്കാന്‍ ചരിത്രകാരന്‍ നടത്തുന്ന അന്വേഷണയാത്രകള്‍, അക്ഷരങ്ങളിലൂടെ മാത്രം പരിചയിച്ച മറുനാടുകളെ കണ്ടറിയാനും തൊട്ടറിയാനും കുതുകികള്‍ നടത്തുന്ന കൗതുക യാത്രകള്‍, സാഹസയാത്രകള്‍, പിന്നെ ജീവസന്ധാരണത്തിനായി നാടും വീടും ഉപേക്ഷിച്ചവന്റെ പ്രവാസലോകത്തേക്കുള്ള യാത്രകള്‍, ജന്മനാട്ടില്‍ നിന്നും ആട്ടിയിറക്കിയവരുടെ അഭയാര്‍ഥി പ്രവാഹങ്ങള്‍.
പ്രശോഭിത നഗരം
അഥവാ മദീന മുനവ്വറ
ഈ ഗണത്തിലൊന്നും പെടുത്താന്‍ കഴിയില്ല ആ പലായനത്തെ. അത് ദിവ്യ വ്യവസ്ഥിതിക്ക് ജീവന്‍ നല്‍കാന്‍ ദൈവദൂതന്‍ നടത്തിയ വിശുദ്ധ യാത്രയായിരുന്നു. പൂര്‍വപ്രവാചകന്മാര്‍ പലരും നടത്തിയ ദൗത്യനിര്‍വഹണ യാത്രകളുടെ തുടര്‍ച്ച. മര്‍ദിതന്റെ വിമോചന കാഹളം മുഴക്കി, മാനവികതയുടെ മന്ത്രധ്വനികളുരുവിട്ട് പ്രവാചകനും കൂട്ടുകാരനും നടത്തിയ ആ യാത്ര ചരിത്രത്തില്‍ തങ്കലിപികളാല്‍ രേഖപ്പെടുത്തപ്പെട്ടു കിടക്കുന്നു. ആ ഹിജ്‌റയുടെ മണ്ണിലേക്കായിരുന്നു ഞങ്ങളുടെ യാത്രയുടെ തുടക്കം. ദൈവദൂതന്‍ ജനിച്ചുവളര്‍ന്ന നാടിനോടും ജീവിച്ച മണ്ണിനോടും ആത്മബന്ധമുണ്ടാകാത്ത ഏതുവിശ്വാസിയാണുണ്ടാവുക? എത്ര തവണ സന്ദര്‍ശിച്ചാലും വീണ്ടും വീണ്ടും മടക്കിവിളിക്കുന്ന കാന്തിക വലയമായി വിശുദ്ധ ഗേഹങ്ങള്‍ വിശ്വാസിയെ മാടി വിളിച്ചുകൊണ്ടിരിക്കുന്നു. എന്നാല്‍ സാധാരണപോലെ മസ്ജിദുന്നബവി മാത്രം ലക്ഷ്യം വെച്ചുള്ള യാത്രയായിരുന്നില്ല ഞങ്ങളുടേത്. പ്രവാചകന്റെ ദേഹം ഉള്‍ച്ചേര്‍ന്ന മണ്ണിലൂടെ ആ ജീവിതത്തിലെ കാലം അവശേഷിപ്പിച്ച സുവര്‍ണബിന്ദുക്കള്‍ തേടിയുള്ള ഒരു പഠനയാത്രയായിരുന്നു അത്.
പ്രവാചകനഗരിയില്‍ കാലുകുത്തുമ്പോഴുണ്ടാകുന്ന ഉള്‍പ്പുളകം മാറ്റമില്ലാതെ നിലനിന്നു. മുസ്അബ്ബിന്‍ഉമൈറിന്റെ വീരേതിഹാസങ്ങള്‍ അയവിറക്കിക്കൊണ്ടല്ലാതെ ഹിജ്‌റയുടെ മണ്ണില്‍ പാദമൂന്നാനാവുമോ? പ്രവാചകദൗത്യത്തിന്റെ വിത്തുകള്‍ മദീനാമണ്ണില്‍ ആദ്യം പാകിയത് അദ്ദേഹമായിരുന്നല്ലോ. സ്‌നേഹമാണ് മദീനയുടെ ഭാവം. തിരുദൂതരും സഖാക്കളും അനുഭവിച്ചറിഞ്ഞ സ്‌നേഹത്തില്‍ ചാലിച്ചെടുത്ത ആര്‍ദ്രത മദീനയുടെ മണ്ണിനെ പശിമയുള്ളതാക്കുന്നു. മദീനയെക്കുറിച്ച് എത്ര പറഞ്ഞാലും മതിവരില്ല. മാനവചരിത്രത്തിലെ തന്നെ ഏറ്റവും സുവര്‍ണകാലഘട്ടത്തെ ചിപ്പിക്കുള്ളിലാക്കി മദീന നമ്മെ വീണ്ടും വിളിച്ചുകൊണ്ടേയിരിക്കും. ആ ചരിത്രപാതകളിലൂടെ നടക്കുമ്പോഴൊക്കെയും ആ മണ്ണിന്റെ സ്‌നേഹവും ആര്‍ദ്രതയും നമ്മെ കീഴടക്കിക്കൊണ്ടേയിരിക്കും. ദിവ്യബോധനത്തിന്റെ ആകാശങ്ങള്‍ എന്നും നമുക്ക് മീതെ വിസ്മയക്കുട വിരിച്ചുകൊണ്ടേയിരിക്കും.
വേണ്ടത്ര പരിരക്ഷ കിട്ടാത്തതിനാല്‍ ചരിത്രത്തിലിടം നേടിയ പല സ്മാരകങ്ങളും നാമാവശേഷമായിക്കഴിഞ്ഞിരിക്കുന്നു. പലതും വിസ്മരിക്കപ്പെട്ടിരിക്കുന്നു. ചരിത്രാടയാളങ്ങളില്‍ പലതും അക്ഷന്തവ്യമായ അവഗണനക്ക് വിധേയമായിരിക്കുന്നു. അറിഞ്ഞിട്ടും അറിയപ്പെടാതെ കിടക്കുന്ന പ്രതാപത്തിന്റെ വഴികളിലൂടെയുള്ള യാത്ര ഒരുപാട് വിസ്മയവും ആവേശവും പകരുന്നതായിരുന്നു.
ഓട്ടമത്സരത്തിലേര്‍പ്പെടുന്ന പ്രവാചകനെയും തിരുപത്‌നി ആഇശയെയും ഞങ്ങളവിടെ കണ്ടു. റോഡിന്റെ വശം ചേര്‍ന്ന് ധാരാളം വാഹനങ്ങള്‍ നിറുത്തിയിട്ടിരിക്കുന്ന ഒരു മൈതാനം ചൂണ്ടിക്കാട്ടി മദീനയിലെ സഹോദരന്‍ ജഅ്ഫര്‍ എളമ്പിലാക്കോട് പറഞ്ഞു: 'ഇവിടെയാണ് പ്രവാചകനും സഖാക്കളും ഓട്ട മത്സരങ്ങള്‍ നടത്താറുണ്ടായിരുന്നത്. ആഇശ(റ)യും പ്രവാചകനും മത്സരിച്ച സുപ്രസിദ്ധമായ ഓട്ടമത്സരവും ഇവിടെവെച്ചായിരുന്നു.' അവിടെ ഞാന്‍ കണ്ടത് സഹൃദയനായ ഒരു ദൈവദൂതനെയായിരുന്നു. സഖാക്കളോടും പത്‌നിയോടുമൊപ്പം ഓട്ടമത്സരം നടത്തുന്ന റസൂല്‍, മതമെന്നാല്‍ മര്‍ക്കടമുഷ്ഠിയാണെന്ന് ധരിച്ചുവശായ മതമേലാളന്മാരുടെ മര്‍മത്താണടിക്കുന്നത്.
ഞങ്ങള്‍ താമസിച്ചിരുന്ന ദാറുല്‍ഹിറയില്‍ നിന്നും അകലെയല്ലാതെയാണ് മസ്ജിദുസ്സജദ എന്നും മസ്ജിദുശ്ശുക്‌റ് എന്നും പേരുള്ള മസ്ജിദ് അബൂദര്‍റ്. പ്രവാചകനുമേല്‍ സമാധാന പ്രാര്‍ഥന ചൊല്ലുന്നവര്‍ക്ക് ദൈവത്തിന്റെ രക്ഷയും സഹായവുമുണ്ടാകും എന്ന സന്തോഷവാര്‍ത്ത ലഭിച്ചതിന്റെ നന്ദിസൂചകമായി അദ്ദേഹം സുദീര്‍ഘമായി സാഷ്ടാംഗത്തിലേര്‍പ്പെട്ട ഒരു തോട്ടത്തില്‍ പിന്നീടു പണിത പള്ളിയാണത്. വാനലോകവും ഭൂലോകവും തമ്മില്‍ നിരന്തരസമ്പര്‍ക്കത്തിലേര്‍പ്പെട്ടിരുന്ന പ്രദേശത്തുള്ള നില്‍പുപോലും അനുഗ്രഹദായകമായി അനുഭവപ്പെട്ടു ഞങ്ങള്‍ക്ക്.
വിശുദ്ധ ഖുര്‍ആനിലെ അക്ഷരങ്ങള്‍ക്ക് ജീവന്‍വെച്ച മണ്ണില്‍തന്നെയാണ് ഖുര്‍ആന്റെ അക്ഷരങ്ങള്‍ പ്രിന്റുചെയ്യുന്ന ഏറ്റവും വലിയ പ്രസാധനാലയവും. 1984-ല്‍ ഫഹദ് രാജാവ് ഉദ്ഘാടനം ചെയ്ത നാല്‍പതിലധികം ഭാഷകളില്‍ ഖുര്‍ആന്റെ പ്രതികള്‍ പ്രസിദ്ധീകരിക്കുന്ന ഖുര്‍ആന്‍ പ്രിന്റിംഗ് കോംപ്ലക്‌സ് മറ്റൊരു പാതയോരക്കാഴ്ചയായി.
ചരല്‍ക്കൂമ്പാരത്തിലെ രത്‌നക്കല്ലുകള്‍ പോലെ വിരാജിക്കുന്ന മഹാരഥന്മാരുടെ തോള്‍ ചേര്‍ന്ന് പിന്നെയും കുറച്ചുദൂരം മുന്നോട്ടുപോയി. അതിമോഹമാണെന്നറിയാമെങ്കിലും ഒരു നിമിഷത്തേക്ക് അവരിലൊരാളായി. അതാ ആ മൈതാനത്തിലേക്കൊന്നു നോക്കൂ. അവിടെയൊരാള്‍ക്കൂട്ടം കണ്ടില്ലേ? ശിക്ഷ നടപ്പാക്കാന്‍ ഒത്തുകൂടിയവരാണവര്‍. എത്ര തവണ തിരുമേനി പറഞ്ഞു മാഇസിനോട്, 'മാഇസ്, നീ തിരിച്ചുപോകൂ' എന്ന് പശ്ചാത്താപവിവശനായ മാഇസ് വീണ്ടും വീണ്ടും തിരുസന്നിധിയില്‍വന്നു യാചിച്ചുകൊണ്ടിരുന്നു. കല്ലെറിയപ്പെടേണ്ട കുറ്റംതന്നെയാണ് ചെയ്തിരിക്കുന്നത്. പക്ഷേ, ആ മനസ്സിലെ കുറ്റബോധത്തിന്റെ ആഴം കണ്ടറിഞ്ഞതുകൊണ്ടാണ് തിരുമേനി മടങ്ങിപ്പോകാന്‍ ആവര്‍ത്തിച്ചുകൊണ്ടിരുന്നത്. മാഇസിന്റെ പശ്ചാത്താപ വിശുദ്ധിക്കുമുന്നില്‍ ഒടുവില്‍ തിരുമേനി മുട്ടുമടക്കി. ശിക്ഷ നടപ്പിലാക്കാന്‍ ഉത്തരവിട്ടു. എന്നാല്‍ തന്റെ പ്രിയശിഷ്യന്‍ മരണമേറ്റുവാങ്ങുന്നതു കാണാന്‍ തിരുമേനി അവിടെയെത്തിയില്ല. കല്ലേറുകളേറ്റുവാങ്ങുമ്പോഴും തിരുഹൃദയത്തിന്റെ വിതുമ്പലുകള്‍ മാഇസിനാശ്വാസദായകമായി. ഒടുവില്‍ പ്രിയശിഷ്യനുവേണ്ടി മയ്യിത്ത് നമസ്‌കരിച്ചു. മാഇസിന്റെ പശ്ചാത്താപത്തെ വാനോളം പുകഴ്ത്തുന്ന പ്രവാചകന്റെ ശബ്ദം വിഷാദം തളംകെട്ടിനില്‍ക്കുന്ന ആ അന്തരീക്ഷത്തില്‍ മുഖരിതമായിക്കൊണ്ടിരിക്കുന്നു.
ചരിത്രത്തിലൂടെ സഞ്ചരിച്ച് പിന്നെ ഞങ്ങളെത്തിയത് ആ കിണറ്റിന്‍കരയിലാണ്. മദീനയുടെ ദാഹം തീര്‍ത്ത കിണര്‍. മദീനയിലെ സംസം എന്നും പറയാം. കിണറ്റിന്‍വക്കത്ത് ദാഹജലം പകര്‍ന്നുനല്‍കാന്‍ ഉസ്മാനുബ്‌നുഅഫ്ഫാന്‍ ഇപ്പോഴും കാത്തിരിക്കുന്നുവോ? ബിഅ്‌റ് ഉസ്മാന്റെ ചാരെനിന്ന് കേരളത്തിലെ കുടിവെള്ള സമരങ്ങളെയും പ്ലാച്ചിമടയെയും മറ്റും അനുസ്മരിച്ചപ്പോള്‍ ചരിത്രത്തിലും വര്‍ത്തമാനത്തിലും മാറിമാറി നടക്കുകയായിരുന്നു ഞങ്ങള്‍. ജലചൂഷണത്തിനും കുത്തകവത്കരണത്തിനുമെതിരെയുള്ള ഇസ്‌ലാമിക ഇടപെടലിന്റെ നേര്‍സാക്ഷ്യമായി ബിഅ്‌റ് ഉസ്മാന്‍ നിലകൊള്ളുന്നു. കുടിവെള്ളം കച്ചവടച്ചരക്കാക്കുകയും കൊള്ളലാഭമീടാക്കി വില്‍പന നടത്തുകയും ചെയ്തിരുന്ന ചൂഷകവ്യവസ്ഥയില്‍നിന്നും പ്രവാചകനിര്‍ദേശ പ്രകാരം ഉസ്മാനുബ്‌നു അഫ്ഫാന്‍ വിലക്കുവാങ്ങി ദേശസാത്കരിച്ച ഈ കിണര്‍ ഇസ്‌ലാമിന്റെ ജനകീയ ഇടപെടലുകളുടെ പ്രതീകം തന്നെ. ഉസ്മാനെയും കിണറിനെയും നെഞ്ചേറ്റി ഞങ്ങള്‍ വാഹനത്തിലേറി.
യുദ്ധവിളംബരമോ മറ്റു പ്രധാനവാര്‍ത്തകളോ രാജ്യവാസികളെ അറിയിക്കാന്‍ കൊടിനാട്ടാറുണ്ടായിരുന്ന ജബലുര്‍റായയും, പ്രവാചകനെ സ്‌നേഹിക്കുകയും പ്രവാചകന്‍ സ്‌നേഹിക്കുകയും ഇസ്‌ലാമിലെ പ്രധാനപ്പെട്ട രണ്ടാമത്തെ പോരാട്ടം നടക്കുകയും ചെയ്ത ഉഹുദ്മലയും, ഉഹുദ് യുദ്ധവേളയില്‍ പിന്നില്‍നിന്നുള്ള ശത്രുവിന്റെ ആക്രമണത്തെ നേരിടുവാന്‍ വില്ലാളിവീരന്മാരായ അമ്പതു പേരെ കാവല്‍നിര്‍ത്തിയ ജബലുറുമാത്തും ഞങ്ങള്‍ കടന്നുപോയി. ഉഹ്ദ്മലയും റുമാത്ത്മലയും തിരികെ കൊണ്ടുവന്ന സ്മരണകളില്‍ ഹംസ(റ)യും മുസ്അബും(റ) പുനര്‍ജനിച്ചു. വയര്‍കീറി പുറത്തെടുത്ത് ചവച്ചരച്ചു തുപ്പിയ കരളുമായി പ്രവാചകന്റെ പ്രിയ പിതൃവ്യന്‍ വീഗതികൊള്ളുന്ന മണ്ണ്. മൃതദേഹം മുഴുവന്‍ മൂടുന്ന കഫന്‍പുടവയില്ലാതെ പുല്ലുകള്‍കൊണ്ട് കാലുകള്‍ മറച്ച്, സമ്പന്നതയില്‍ വളര്‍ന്ന് ദാരിദ്ര്യം ഏറ്റുവാങ്ങിയ പ്രവാചകന്റെ പ്രിയശിഷ്യന്‍ മുസ്അബ്ബ്‌നുഉമൈര്‍ അന്ത്യവിശ്രമം കൊള്ളുന്ന മണ്ണ്. ആ ഖബറിടങ്ങളും മലകളും താഴ്‌വാരങ്ങളും ഇന്നും വിശ്വാസിയുടെ മനസില്‍ വിപ്ലവത്തിന്റെ തീജ്വാലകള്‍ പടര്‍ത്തിക്കൊണ്ടിരിക്കുന്നു. ഉഹ്ദ്മലയെ നാമും അറിയാതെ സ്‌നേഹിച്ചുപോകും. അത് തിരുമേനി സ്‌നേഹിച്ച മലയാണല്ലോ.
ഉഹ്ദ് മാത്രമല്ല ഖന്‍ദഖിലൂടെയും ഞങ്ങള്‍ കടന്നുപോയി. സല്‍മാനുല്‍ ഫാരിസിയുടെ പിന്‍മുറക്കാര്‍ പുതിയ പ്രതിരോധ തന്ത്രങ്ങള്‍ മെനയുന്നതിന് ഞാന്‍ കാതോര്‍ത്തു. ഇതാ ഇവിടെയിരുന്നായിരുന്നു അന്ന് റസൂല്‍ ശത്രുക്കളെ പരാജയപ്പെടുത്തേണമേ എന്നു പ്രാര്‍ഥിച്ചതും യുദ്ധതന്ത്രങ്ങള്‍ മെനഞ്ഞതും. അതെ, പ്രാര്‍ഥനയും പ്രവര്‍ത്തനവും ഒരുമിച്ച് ഒരേ ചരടില്‍ കോര്‍ത്തിണക്കിയപ്പോഴാണ് വിജയത്തിന്റെ കൈവഴികള്‍ അവര്‍ക്കുമുന്നില്‍ വെട്ടിത്തുറന്നത്. ദൈവിക സഹായത്തെയും വിജയത്തെയും സംബന്ധിച്ച ദിവ്യബോധനം ഇറങ്ങിയ സ്ഥലമിന്ന് മസ്ജിദുല്‍ ഫത്ഹായി നിലനില്‍ക്കുന്നു. ഇനിയുമെത്ര അഹ്‌സാബുകള്‍ ചീറിവന്നാലും കുലുങ്ങാതെ കിടങ്ങുകള്‍ കീറാന്‍ സല്‍മാനുല്‍ ഫാരിസിയും കൂട്ടുകാരും തമ്പടിച്ചയിടം മസ്ജിദ് സല്‍മാനുല്‍ഫാരിസിയായും നിലകൊള്ളുന്നു. തീര്‍ന്നില്ല, അബൂബക്‌റും ഉമറും ഉസ്മാനും അലിയും സഅദ്ബ്‌നു മുആദും മാത്രമല്ല പ്രവാചകപുത്രി ഫാത്വിമയും കൂട്ടുകാരികളും താവളമടിച്ചയിടങ്ങളും അഹ്‌സാബിന്റെ സ്മാരകശിലകളായ പള്ളികളായി. അസഹ്യമായ വിശപ്പ് മൂലം വയറ്റത്ത് ഓരോ കല്ല് കെട്ടിവെച്ച അനുയായികള്‍ക്കിടയില്‍ അതിലേറെ വിശപ്പുമായി രണ്ടു കല്ലുകള്‍ കെട്ടിവെച്ച് കിടങ്ങുകീറുന്ന റസൂലുല്ലയുടെ സജീവസാന്നിധ്യമുണ്ടായിരുന്നു അവിടെ. മലമ്പാറകളില്‍ തീപാറുന്ന ശൗര്യത്തില്‍ ആഞ്ഞുവെട്ടിക്കൊണ്ട് റോമയും പേര്‍ഷ്യയും കീഴടങ്ങുന്ന സുവാര്‍ത്ത അറിയിച്ച് അണികളില്‍ ആവേശം പടര്‍ത്തിയ പ്രവാചകന്‍ പഠിപ്പിക്കുന്ന പാഠമെന്ത്? കരിമ്പാറക്കൂട്ടങ്ങള്‍ വെട്ടിപ്പിളര്‍ക്കാതെ വിജയം സാധ്യമല്ല എന്നുതന്നെ. നാലു ഭാഗത്തുനിന്നും പാഞ്ഞടുത്ത ശത്രുസൈന്യം അതേ വേഗതയില്‍തന്നെ തുരത്തപ്പെട്ടപ്പോള്‍ ബനൂനളീറിനെയും ബനൂഖുറൈളയെയും ബനൂഖൈനുഖാഇനെയും ഓര്‍ത്തുപോയി.
പിന്നീട് ഞങ്ങള്‍ ഉര്‍വത്ത്ബിന്‍ സുബൈറിന്റെ ക്ഷണം സ്വീകരിച്ച് അദ്ദേഹത്തിന്റെ കോട്ടയില്‍ വിരുന്നുണ്ണാന്‍പോയി. മാതൃസഹോദരി മഹതി ആഇശ(റ)യേയും ഒരിക്കല്‍ ഉര്‍വ വിരുന്നൂട്ടുകയുണ്ടായല്ലോ. പ്രവാചകന്റെ കാലശേഷമായിരുന്നു അത്. അന്ന് തീന്‍മേശയിലെ വിഭവാധിക്യം കണ്ട് പ്രാവചകനെയോര്‍ത്ത് കവിള്‍ ചുമരിനോട് ചേര്‍ത്ത് കരഞ്ഞ അവരുടെ കവിള്‍ത്തടം ചേര്‍ന്നത് ഈ കോട്ടയിലെ ഏതു ചുമരിനോടാണാവോ. ചുമരുകള്‍ മെല്ലെ തൊട്ടുനോക്കി. കണ്ണീരിന്റെ നനവ് അവിടെ ബാക്കിയുണ്ടോ? പ്രവാചക പത്‌നിയുടെ കാലടികള്‍ പതിഞ്ഞ കോട്ട..... അവരുടെ കവിള്‍ത്തടം തഴുകിയ കോട്ടഭിത്തികള്‍...... മഹാനായ താബിഇ ഉര്‍വയുടെ ത്യാഗോജ്വലമായ ജീവിതം...... എല്ലാംകൂടി സമ്മാനിച്ച അനുഭൂതി അനിര്‍വചനീയം തന്നെ. കോട്ടയ്ക്കുചുറ്റും അധികാരികള്‍ തീര്‍ത്ത വേലിക്കെട്ടുകള്‍ പൊളിച്ച് ചരിത്രദാഹം തീര്‍ത്തവര്‍ വെട്ടിവെച്ച വഴിയിലൂടെയായിരുന്നു ഞങ്ങള്‍ അകത്ത് കടന്നത്.
സമ്പന്നനും പണ്ഡിതനും ദാനശീലനുമായ ഉര്‍വയുടെ കോട്ട കടന്ന് ഞങ്ങളെത്തിയത് ദൈവത്തിന്റെ ശത്രു കഅ്ബ് ബിന്‍ അശ്‌റഫിന്റെ മണ്ണോടൊട്ടിയ കൊട്ടാരാവശിഷ്ടങ്ങളിലേക്കാണ്. പകയുടെയും ശത്രുതയുടെയും രക്തദാഹത്തിന്റെയും പറഞ്ഞുതീരാത്ത കഥകള്‍ ആ കൊട്ടാരാവശിഷ്ടങ്ങള്‍ വിളിച്ചുപറയുന്നുണ്ടായിരുന്നു. കഅ്ബ് ബിന്‍ അശ്‌റഫുമാര്‍ ജനിച്ചുകൊണ്ടേയിരിക്കും. ഇസ്‌ലാമോഫോബിയയുടെ പ്രചാരകരെ നേരിടാനുള്ള അമ്പുകള്‍ നമ്മുടെ ആവനാഴിയിലുണ്ടോ? ഈ ചിന്തയുമായി ഞാന്‍ വാഹനത്തിലേറി.
പിന്നീട് വാഹനം നിന്നത് ഒരു കറുത്ത മലയുടെ ചാരെയാണ്. ഹിജാസില്‍ നിന്നും ഒരു തീഗോളം പുറപ്പെടുവോളം അന്ത്യനാള്‍ സംഭവിക്കുകയില്ലെന്നും ആ അഗ്നിഗോളത്തിന്റെ പ്രകാശം ബുസ്വ്‌റായിലെ ഒട്ടകങ്ങളുടെ കഴുത്തില്‍വരെ പ്രകടമാകുമെന്നുമുള്ള പ്രവാചക പ്രവചനം സത്യമായിപ്പുലര്‍ന്ന പര്‍വതം. മക്ക, യാമ്പു, തൈമാഅ്, ബുസ്വ്‌റ എന്നിവിടങ്ങളില്‍ നിന്നെല്ലാം ഈ അഗ്നിഗോളം കാണാനായിട്ടുണ്ട് എന്ന് മദീനയുടെ ഔദ്യോഗിക ചരിത്രകാരന്മാര്‍ സാക്ഷ്യപ്പെടുത്തുന്നു. ചൂളയിലിട്ട് ചുട്ടെടുത്ത പോലുള്ള കറുത്ത കല്ലുകള്‍ ഓര്‍മക്കായ് സൂക്ഷിക്കാന്‍ പലരും പെറുക്കിയെടുത്തു.
മദീന ചരിത്രമുറങ്ങുന്ന മണ്ണാണ്. അല്ല, ചരിത്രം അവിടെ ഉണര്‍ന്നിരുന്ന് കഥ പറയുകയാണ്. ഒരുപാട് സ്‌നേഹത്തിന്റെയും, സാഹോദര്യത്തിന്റെയും, സമര്‍പ്പണത്തിന്റെയും, ത്യാഗത്തിന്റെയും വീരേതിഹാസ ഗാഥകള്‍.... പുതുയുഗപ്പിറവിയുടെ സൂര്യോദയത്തില്‍ മദീന തിളങ്ങുന്നു. പ്രവാചകനഗരി മദീനാമുനവ്വറയായി, വെളിച്ചത്തിന്റെ നഗരിയായി നമ്മെ സ്വീകരിച്ചാനയിക്കുമ്പോള്‍ അറിയാതെ മനസില്‍ ചോദിച്ചുപോയി, അന്‍സ്വാറുകളെ, നിങ്ങളെവിടെ? ദൈവത്തിന്റെ മാലാഖമാര്‍ കാവല്‍ നില്‍ക്കുന്ന മദീനാ കാവാടം കടന്ന് ഞങ്ങള്‍ മുന്നോട്ടു പോയി.
(അടുത്ത ലക്കത്തില്‍ അവസാനിക്കും)
Comments