Prabodhanm Weekly

Pages

Search

2012 നവംബര്‍ 10

സ്വപ്നങ്ങള്‍ഉണ്ടായിരിക്കണം

താജ് ആലുവ

തോമസ് ആല്‍വ എഡിസനെയും അദ്ദേഹത്തിന്റെ പരീക്ഷണ തൃഷ്ണയെയും കേള്‍ക്കാത്തവര്‍ ചുരുങ്ങും. വെറും മൂന്ന് മാസമായിരുന്നു അദ്ദേഹത്തിന്റെ സ്‌കൂള്‍ വിദ്യാഭ്യാസം. പഠിക്കാന്‍ കൊള്ളാത്ത വിഡ്ഢിയെന്ന് വിശേഷിപ്പിച്ച് എഡിസന്റെ അധ്യാപകന്‍ അദ്ദേഹത്തെ പറഞ്ഞു വിട്ടുവത്രെ! പിന്നീട് മാതാവിന്റെ മടിത്തട്ടായിരുന്നു അദ്ദേഹത്തിന്റെ വിദ്യാലയം. അവരുടെ വായില്‍ നിന്നുതിര്‍ന്നുവീണ ഭാഷാ-സാമൂഹിക-ശാസ്ത്ര പാഠങ്ങളാണ്എഡിസന് തുണയായത്. മനുഷ്യസമൂഹത്തിന് ഗുണകരമായ കണ്ടുപിടുത്തങ്ങളടങ്ങുന്ന ഒട്ടനേകം പേറ്റന്റുകളുടെ ഉടമയായ അദ്ദേഹം ഇലക്ട്രിക് ബള്‍ബ് കണ്ടുപിടിച്ചതിനെക്കുറിച്ച് ആവേശകരമായൊരു കഥയുണ്ട്.
ഗുരുനാഥ കൂടിയായ തന്റെ മാതാവിന് ഒരിക്കല്‍ മാരകമായ അസുഖം ബാധിച്ചു. പാതിരാവില്‍ അവരെയും കൊണ്ട് ആശുപത്രിയില്‍ ചെന്ന എഡിസനോട്, മാതാവിന് അടിയന്തരമായി ചെയ്യേണ്ട ഓപ്പറേഷന്‍, ഇരുട്ടായതിനാല്‍ പിറ്റേന്ന് രാവിലെ മാത്രമേ സാധിക്കൂവെന്ന് ഡോക്ടര്‍ പറഞ്ഞത്രെ. എന്നാല്‍, പ്രഭാതത്തിന് കാത്തുനില്‍ക്കാതെ പ്രിയ മാതാവ് വിട്ടുപിരിഞ്ഞപ്പോള്‍ കടുത്ത ദുഃഖം അലട്ടിയ നിമിഷങ്ങളില്‍ എഡിസണ്‍ ദൃഢപ്രതിജ്ഞയെടുത്തു, ലോകത്തിന് രാത്രിയില്‍ വെളിച്ചം കാണിച്ചിട്ടേ തനിക്ക് വിശ്രമമുള്ളൂ. അന്ന് തുടങ്ങിയ പരിശ്രമമാണ് ഇലക്ട്രിക് ബള്‍ബിന്റെ കണ്ടുപിടുത്തത്തിലേക്ക് വഴി തെളിയിച്ചത്. നിരന്തരമായ തന്റെ പരീക്ഷണത്തിനിടയില്‍ ആയിരം പ്രാവശ്യത്തിലധികം പരാജയപ്പെട്ടെങ്കിലും അവസാനം എഡിസണ്‍ വിജയം കണ്ടെത്തി. ഇതേക്കുറിച്ച് ഒരു പത്രപ്രവര്‍ത്തകന്‍ അദ്ദേഹത്തോട് ചോദിച്ചു: 'ആയിരം പ്രാവശ്യം പരാജയപ്പെട്ടപ്പോള്‍ എന്തു തോന്നി?' എഡിസന്റെ മറുപടി: 'ആയിരം പ്രാവശ്യം ഞാന്‍ പരാജയപ്പെടുകയായിരുന്നില്ല, ഇലക്ട്രിക് ബള്‍ബ് കണ്ടുപിടുത്തം ആയിരം പടികളുള്ള ഒരു പ്രയാണമാണെന്നാണ് എനിക്ക് തോന്നിയത്.'
സ്വപ്നങ്ങളുണ്ടാവുകയെന്നതാണ് അത് യാഥാര്‍ഥ്യമാക്കാനുള്ള ആദ്യത്തെ പടി. മഹത്തായ ലക്ഷ്യങ്ങളുണ്ടാവുകയെന്നതാണ് മഹത്വം ആര്‍ജിക്കാനുള്ള വഴി. ചെറിയ സ്വപ്നങ്ങളുള്ളവന് ജീവിതത്തില്‍ ചെറിയ കാര്യങ്ങളേ നിര്‍വഹിക്കാന്‍ കഴിയൂ. ഉന്നതമായ ലക്ഷ്യം മനസ്സില്‍ കൊണ്ടുനടക്കുന്നവര്‍ അതിനുമുന്നില്‍ വന്ന് വീഴുന്ന ചെറിയ തടസ്സങ്ങളെ തൃണവത്ഗണിച്ച് മുന്നോട്ടുപോകും. അത് അവന്റെ വഴി മുടക്കുകയല്ല ചെയ്യുക, മറിച്ച് മഹത്തായ അവന്റെ പ്രയാണത്തിനത് തുണയായി ഭവിക്കും. പരാജയമെന്നത് അവന്റെ നിഘണ്ടുവില്‍ ഇല്ലാത്ത പദമായിരിക്കും.
ശത്രുക്കളുടെ കഠിന മര്‍ദനം മൂലം താനും അനുയായികളും കടുത്ത പരീക്ഷണഘട്ടത്തിലൂടെ കടന്നുപോകുമ്പോഴും സുരക്ഷിതമായ ഒരു രാഷ്ട്രം തന്റെ കീഴില്‍ വരുന്നതിനെക്കുറിച്ച് അനുയായികളോട് ശുഭവാര്‍ത്ത അറിയിക്കാന്‍ പ്രവാചകന് സാധിച്ചത് അങ്ങനെയാണ്. ജന്മദേശം വിട്ട് പലായനം ചെയ്യുന്ന പ്രവാചകന്‍ തന്റെ തലകൊയ്യാന്‍ വന്ന സുറാഖത്ത്ബ്‌നു മാലിക്കിനോട്, അദ്ദേഹത്തിന്റെ കൈയില്‍ ഒരുനാള്‍ കിസ്‌റായുടെ വളകള്‍ അണിയിപ്പിക്കുമെന്ന സന്തോഷ വര്‍ത്തമാനം പറയുമ്പോള്‍ അങ്ങകലെ ചക്രവാളത്തില്‍ പ്രതീക്ഷയുടെ നേര്‍ത്ത കിരണം പോലും കാണാനുണ്ടായിരുന്നില്ല. മക്കയിലെ ബഹുദൈവാരാധകരും മദീനയിലെ ജൂതഗോത്രങ്ങളും വിശ്വാസികളുടെ കൊച്ചുസംഘത്തിനെതിരെ ഒന്നിച്ചണി നിരന്ന അഹ്‌സാബ് യുദ്ധസന്ദര്‍ഭമെടുക്കുക. യുദ്ധതയാറെടുപ്പിനായി കിടങ്ങ് കുഴിക്കുമ്പോള്‍ പാറപൊട്ടിച്ച പ്രവാചകന്‍ തന്റെ മഴുവില്‍ നിന്നുയിരെടുത്ത പ്രകാശകിരണങ്ങളെ യമനും സിറിയയും പേര്‍ഷ്യയും കീഴടങ്ങുന്നതിന്റെ അടയാളമായി പരിചയപ്പെടുത്തുമ്പോള്‍ അവരിലെ ഏറ്റവും വലിയ ശുഭാപ്തി വിശ്വാസി പോലും അങ്ങനെയൊന്ന് സ്വപ്നം കാണാന്‍ പറ്റിയ അവസ്ഥയിലായിരുന്നില്ല. അങ്ങനെയാണ് മഹാന്മാര്‍. ഏറ്റവും പ്രതികൂല സാഹചര്യങ്ങളില്‍ പോലും അനുകൂലമായി അടിച്ചുവീശാനിടയുള്ള കാറ്റിനെ മാത്രമേ അവര്‍ പ്രതീക്ഷിക്കൂ.
വിശ്വാസിയെ സംബന്ധിച്ചേടത്തോളം ഇഹത്തിലും പരത്തിലും മഹത്തായ നേട്ടങ്ങള്‍ കൈവരിക്കാനുതകുന്ന പ്രവര്‍ത്തനങ്ങള്‍ ചെയ്യണമെന്നാണ് ദീനിന്റെ താല്‍പര്യം. അതുകൊണ്ടാണ് നിങ്ങള്‍ സ്വര്‍ഗം ചോദിക്കുമ്പോള്‍ ഉന്നതമായ 'ഫിര്‍ദൗസുല്‍ അഅ്‌ലാ'തന്നെ ചോദിക്കണമെന്ന് തിരുമേനി (സ) പഠിപ്പിച്ചത്. ജനനവും മരണവും സൃഷ്ടിച്ചതിന് പിന്നിലെ ലക്ഷ്യമായി അല്ലാഹു തന്നെ പറഞ്ഞത് ഏറ്റവും നന്നായി പ്രവര്‍ത്തിക്കുന്നവര്‍ ആരെന്ന പരീക്ഷണമാണെന്നാണല്ലോ! നിങ്ങള്‍ ഒരു പ്രവൃത്തി ചെയ്യുമ്പോള്‍ അത് ഏറ്റവും ഭംഗിയാക്കി ചെയ്യണമെന്നും അങ്ങനെയുള്ളവരെ അല്ലാഹു ഇഷ്ടപ്പെടുമെന്നുള്ള തിരുമേനിയുടെ വചനവും ഇതോട് ചേര്‍ത്തു വെക്കുക. അനന്തവിഹായസ്സില്‍ പറക്കുമ്പോഴും മേലോട്ട് തന്നെ നോക്കുന്ന രാജാളിപ്പക്ഷിയാകണമെന്ന അല്ലാമ ഇഖ്ബാലിന്റെ ആഹ്വാനവും മറ്റൊന്നല്ല നമ്മോട് പറയുന്നത്.
ചരിത്രത്തിന് അതിന്റെ പ്രയാണം നിലച്ച നിമിഷങ്ങളുണ്ടായിട്ടുണ്ട്. അത് സാധ്യമാക്കിയത് കാരിരുമ്പ് പോലെ കരുത്തുറ്റ നിശ്ചയദാര്‍ഢ്യത്തിന്റെ വക്താക്കളാണ്. നൂറുദ്ദീന്‍ സിങ്കിയെ കേട്ടിട്ടില്ലേ? കുരിശുയുദ്ധ കാലത്ത് സിറിയയിലെ ഭരണാധികാരിയായിരുന്ന അദ്ദേഹം ഫലസ്ത്വീന്‍ കീഴടക്കുന്നത് സ്വപ്നം കണ്ട് ഒരു മിമ്പര്‍ പണിതീര്‍ത്തിരുന്നു. ഫലസ്ത്വീന്‍ കീഴടക്കിയതിന് ശേഷം ബൈത്തുല്‍ മഖ്ദിസില്‍ സ്ഥാപിക്കുകയെന്ന ലക്ഷ്യം മുന്‍നിറുത്തിയാണ് ആ മിമ്പര്‍ പണിതത്. എന്നാല്‍, തന്റെ കാലത്ത് ആ സ്വപ്നം സാധിക്കാതെ 56-ാമത്തെ വയസ്സില്‍ നിര്യാതനായ നൂറുദ്ദീന്റെ പിന്‍ഗാമി സുല്‍ത്താന്‍ സ്വലാഹുദ്ദീന്‍ അയ്യൂബി ഫലസ്ത്വീന്‍ കീഴടക്കിയതും അതേ മിമ്പര്‍ തന്നെ ബൈത്തുല്‍ മഖ്ദ്ദിസില്‍ സ്ഥാപിച്ചതും ചരിത്രത്തില്‍ മങ്ങാതെ കിടക്കുന്ന അത്ഭുതങ്ങളാണ്. സ്വയം സ്വപ്നങ്ങളുണ്ടാവുക മാത്രമല്ല, ആ സ്വപ്നത്തെ പിന്തുടര്‍ന്ന് അതിനെ യാഥാര്‍ഥ്യവല്‍ക്കരിക്കാന്‍ കഴിയുന്ന ഒരു അനുചരവൃന്ദത്തെയും സൃഷ്ടിക്കുന്നേടത്തോളം മഹിതമായ ലക്ഷ്യങ്ങള്‍ ജീവിതത്തില്‍ പൂര്‍ത്തീകരിച്ചവരായിരുന്നു നമ്മുടെ മുന്‍തലമുറ.
ഇപ്പോള്‍ അറബ് നാടുകളില്‍ അലയടിച്ചുകൊണ്ടിരിക്കുന്ന വിപ്ലവത്തെക്കുറിച്ച ഒരു സൂക്ഷ്മവായനയില്‍ നമുക്ക് കൊണ്ടറിയാന്‍ കഴിയുന്ന യാഥാര്‍ഥ്യം, പതിറ്റാണ്ടുകള്‍ക്ക് മുമ്പേ ഇങ്ങനെയൊരു മാറ്റം ഇവിടങ്ങളില്‍ വന്നുഭവിക്കുമെന്ന് സ്വപ്നം കണ്ട ഒന്നിലധികം മഹാനുഭാവര്‍ നമുക്ക് മുമ്പ് കഴിഞ്ഞുപോയിട്ടുണ്ടെന്നതാണ്. അതിനവരെ പ്രേരിപ്പിച്ച ഘടകം ഉള്ളുപൊള്ളയായ വെറും ശുഭാപ്തി വിശ്വാസമല്ല, മറിച്ച് ശക്തമായൊരു ആദര്‍ശത്തിലടിയുറച്ച് നിന്ന് ആത്മവിശ്വാസത്തോടെ പ്രവര്‍ത്തിക്കുമ്പോള്‍ അനിവാര്യമായും വന്നുഭവിക്കുന്ന അതിന്റെ സ്വാഭാവിക ഫലത്തിലുള്ള ദൃഢബോധ്യമാണ്. തൂക്കുമരത്തിലേറ്റുന്നതിന് മുമ്പ് ലിബിയന്‍ സ്വാതന്ത്ര്യ പോരാളി ഉമര്‍ മുഖ്താറിനോട് മുസോളിനിയുടെ പട്ടാള മേധാവി പറഞ്ഞല്ലോ, വന്‍ ആയുധശേഖരവുമായി പൊരുതുന്ന ഞങ്ങളുടെ സൈനികരെ ഏതാനും തോക്കുകളും കുതിരകളും കൊണ്ട് കീഴ്‌പ്പെടുത്തിക്കളയാമെന്ന് ധരിക്കുന്നതിന് പകരം പരസ്പരം സഹകരിച്ചുകൊണ്ട് ഇറ്റാലിയന്‍ സാമ്രാജ്യത്യത്തിന്റെ ഭാഗമായി നില്‍ക്കലല്ലേ നല്ലത്? ആലോചിച്ച് ഉത്തരം നല്‍കാന്‍ ഒരു ദിവസം അനുവദിക്കാമെന്ന് പറഞ്ഞ ജനറലിനോട്, ജനിച്ച മണ്ണ് വീണ്ടെടുക്കാന്‍ പൊരുതുന്നവന് ഇതിനൊന്നും തീരെ ആലോചിക്കേണ്ടതില്ലെന്നും അവര്‍ സ്വാതന്ത്ര്യത്തിന് വേണ്ടി പൊരുതുമ്പോള്‍ ശത്രുവിന്റെ ബലത്തെക്കുറിച്ച് ചിന്തിച്ച് തലപുണ്ണാക്കുകയില്ലെന്നും പറഞ്ഞത് ഈയര്‍ഥത്തിലാണ്. വിശാലമായൊരു ഇസ്‌ലാമിക സര്‍വകലാശാല പണിത് അതിന്റെ വൈസ് ചാന്‍സലറാക്കാന്‍ താങ്കളെയാണ് കാണുന്നതെന്ന പാക് പട്ടാള ഭരണാധികാരി ജനറല്‍ അയൂബ് ഖാന്റെ വാഗ്ദാനത്തിന് മുന്നില്‍ ഇരുപതാം നൂറ്റാണ്ടിന്റെ ഇസ്‌ലാമിക നവോത്ഥാന നായകന്‍ മൗലാനാ മൗദൂദിയുടെ മറുപടിയും ഇതിനൊന്നും തീരെ ആലോചിക്കേണ്ടതില്ലെന്നും തന്റെ ജീവിത ദൗത്യത്തെക്കുറിച്ച കൃത്യമായ കാഴ്ചപ്പാടുകള്‍ താന്‍ നേരത്തെതന്നെ എടുത്തിട്ടുണ്ടെന്നുമായിരുന്നല്ലോ.
ഇത്തരം ബോധ്യങ്ങളുണ്ടാവുകയെന്നത് ഒരു മുസ്‌ലിമിനെ സംബന്ധിച്ചേടത്തോളം അത്യധികം പ്രാധാന്യമുള്ളതാണ്. അലസമായി പാഴാക്കാനുള്ളതല്ല ജീവിതം. മഹത്തായ ലക്ഷ്യങ്ങള്‍ക്കായി സമര്‍പ്പിക്കാനുള്ളതാണ്. എത്ര കഴിവു കുറഞ്ഞവനാണ് താനെന്ന് വിചാരിക്കുന്നവനും ഈ ജീവിതത്തില്‍ ധാരാളം ചെയ്യാനുണ്ട്. മനുഷ്യര്‍ വ്യത്യസ്തരാണെന്നതും വിവിധ തരക്കാരാണെന്നതും ശരി തന്നെ. എന്നാല്‍, ഓരോരുത്തരും തങ്ങളുടെ വിതാനത്തിലും നിലവാരത്തിലും നിന്നുകൊണ്ട് നേടിയെടുക്കാവുന്ന പരമാവധി ഉന്നതമായ ലക്ഷ്യങ്ങള്‍ മുന്നില്‍ വെക്കണം. ധൈഷണികമായി മുന്നില്‍ നില്‍ക്കുന്നവര്‍ മൂന്നാംകിട സര്‍ക്കാര്‍ ജോലി മാത്രം ലക്ഷ്യം വെച്ച് പഠനം അവസാനിപ്പിക്കരുത്. തന്റെ അറിവും ധിഷണയും സമൂഹത്തിനുതകുന്ന തരത്തില്‍ പ്രയോജനപ്പെടുത്തുന്നതിന് പരമാവധി പരിശ്രമിക്കണം. ഗവേഷണതല്‍പരനും വൈജ്ഞാനികമായി മുന്നേറാന്‍ കഴിയുന്നവനും വെറുമൊരു സ്‌കൂളധ്യാപകനായി ഒതുങ്ങിക്കൂടരുത്. അല്‍പം കൂടി ഉയര്‍ന്നാല്‍ ഡോക്ടര്‍, എഞ്ചിനീയര്‍ എന്നൊക്കെയുള്ള പരികല്‍പനകളില്‍ നിന്നുമാറി കാലം തേടുന്ന പരിഷ്‌കര്‍ത്താക്കളോ സമൂഹത്തിന് വിവിധ മേഖലകളില്‍ നേതൃത്വം നല്‍കാന്‍ കഴിയുന്നവരോ ഒക്കെയായി മാറാന്‍ സാധിക്കുന്നവര്‍ അത്തരം പരിശ്രമങ്ങളില്‍ ഏര്‍പ്പെടേണ്ടതുണ്ട്.
മുസ്‌ലിം ലോകത്തെ ഇന്നത്തെ ഏറ്റവും വലിയ വെല്ലുവിളിയും ഇതുതന്നെയാണെന്ന് തോന്നുന്നു. സ്വപ്നങ്ങളില്ലാത്ത ഒരു സമൂഹമായി നാം മാറിക്കഴിഞ്ഞുവോ? വ്യക്തികളാകട്ടെ സംഘങ്ങളാകട്ടെ പരിമിതമാണ് പലരുടെയും അജണ്ടകള്‍. ചെറിയ ചെറിയ ലക്ഷ്യങ്ങളും അതിനനുസരിച്ചുള്ള പദ്ധതികളും മാത്രം അവര്‍ മെനയുന്നു. ഒരുവശത്ത് ജനാധിപത്യത്തിനും സ്വാതന്ത്ര്യത്തിനുമൊക്കെ വേണ്ടി ആസൂത്രിത പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുവെന്ന വസ്തുതയെ അവഗണിച്ചുകൊണ്ടല്ല ഇത് പറയുന്നത്. വിശാലമായ അര്‍ഥത്തില്‍ ഈ പ്രവര്‍ത്തനങ്ങള്‍ പോലും എത്രയോ വൈകിയാണ് നമ്മുടെ സമൂഹത്തില്‍ നടക്കുന്നതെന്ന് മറ്റു സമൂഹങ്ങളുമായി താരതമ്യം ചെയ്താല്‍ നമുക്ക് എളുപ്പം ബോധ്യമാകും. സാമൂഹികമാറ്റങ്ങളുടെ അവസ്ഥ അവിടെ നില്‍ക്കട്ടെ. വ്യക്തിപരമായ കാര്യമെടുക്കുക. ഗള്‍ഫ് രാജ്യങ്ങളില്‍ ജോലിയെടുക്കുന്ന ഒരു ശരാശരി മലയാളി മുസ്‌ലിമിന്റെ അവസ്ഥ ഈ ഡിജിറ്റല്‍ യുഗത്തില്‍ പോലും വളരെ പരിതാപകരമാണ്. ഓഫീസ് ബോയി ആയി ജോലിക്ക് കയറുന്നവന്‍ അതേ ജോലിയില്‍ത്തന്നെ രണ്ടുദശകം തുടര്‍ന്നു അതില്‍ നിന്നു തന്നെ റിട്ടയര്‍ ചെയ്യുന്ന അവസ്ഥയാണ് പലപ്പോഴും. പുതിയ കഴിവുകള്‍ പഠിച്ചെടുക്കാനോ ഉള്ളവ വളര്‍ത്താനോ യാതൊരുവിധ പരിശ്രമവും പലരുടെയും ഭാഗത്തുനിന്നുണ്ടാകുന്നില്ല.
മറ്റുള്ളവരുടെ കീഴില്‍ പണിയെടുക്കുന്ന എല്ലാവരും സ്വന്തമായി ബിസിനസും വ്യവസായ സ്ഥാപനവുമൊക്കെ തുടങ്ങണമെന്ന് പറയുന്നത് യുക്തിക്ക് നിരക്കുന്നതല്ലെങ്കിലും അങ്ങനെ ചെയ്യാന്‍ സാധിക്കുന്ന തരത്തില്‍ കഴിവുകളും സാധ്യതകളുമുള്ളവരും ഒതുങ്ങിക്കൂടുന്നത് കാണുമ്പോള്‍ വിഷമം തോന്നാറുണ്ട്. വെറും ധനസമ്പാദനവുമായി മാത്രം ബന്ധപ്പെട്ട പ്രശ്‌നമായി ഇതിനെ കാണുന്നതിനു പകരം ഓരോരുത്തരുടെയും കഴിവുകളുമായും അതു പരമാവധി ഉപയോഗപ്പെടുത്തുന്നതുമായും ഇതിനെ ബന്ധിപ്പിക്കണം. ജീവിതത്തെ പരമാവധി പ്രയോജനപ്പെടുത്താനും അത് തനിക്കും തന്റെ ആദര്‍ശത്തിനും താനുള്‍ക്കൊള്ളുന്ന സമൂഹത്തിനും ഉപകരിക്കുന്നതാക്കി മാറ്റാനും അതവനെ സഹായിക്കും. അതെ, സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാനുള്ള ആദ്യ വഴി സ്വപ്നങ്ങള്‍ ഉണ്ടായിരിക്കുകയെന്നതാണ്!
[email protected]

Comments

Other Post

ഖുര്‍ആന്‍ ബോധനം

അല്‍ ഇസ്റാഅ്
എ.വൈ.ആര്‍