ഗ്വാണ്ടനാമോ: നീതി നിഷേധത്തിന്റെ പത്താണ്ടുകള്‍
അങ്ങനെ ഗ്വാണ്ടനാമോയെ നമ്മള്‍ എന്നല്ല ലോകം മുഴുവന്‍ മറന്നു. അല്ലെങ്കിലും നമ്മളെന്തിനു ഗ്വാണ്ടനാമോയെ ഓര്‍ക്കണം? അവിടെ ഒരൊറ്റ ഇന്ത്യക്കാരന്‍ പോലുമില്ലല്ലോ? അമേരിക്കയില്‍ എങ്ങാണ്ടോ കിടക്കുന്ന ഒരു തടവറയില്‍ ഇത്രയധികം ആകുലപ്പെടാനെന്തിരിക്കുന്നു? നിങ്ങള്‍ എന്തൊക്കെ ചിന്തിച്ചാലും ലോകത്തെ വെല്ലുവിളിച്ചുള്ള അമേരിക്കയുടെ ആ ക്രൂരത പത്താണ്ടുകള്‍ പിന്നിട്ടിരിക്കുന്നു. യുദ്ധക്കുറ്റവാളികള്‍ എന്ന് വിശേഷിപ്പിച്ചു പിടികൂടി നീതി നിഷേധിച്ചു കുറച്ചാളുകളെ മനുഷ്യനും മൃഗങ്ങള്‍ക്കും ജീവിക്കാനാവാത്ത ഇരുട്ടറകളില്‍ അടച്ചിട്ട് നീണ്ട 10 വര്‍ഷങ്ങള്‍ പിന്നിട്ടിരിക്കുന്നു.
എന്താണ് ഗ്വാണ്ടാനാമോ?
ക്യൂബയുടെ കീഴിലുള്ള ഏകദേശം 120 ചതുരശ്ര കിലോമീറ്റര്‍ വരുന്ന ദ്വീപ് സമൂഹമാണ് ഗ്വാണ്ടാനാമോ. 1903-ല്‍ ഉണ്ടാക്കിയ ഒരു കരാറനുസരിച്ച് അമേരിക്കക്ക് നാവികതാവളം ഉണ്ടാക്കാന്‍ കൈമാറിയ പ്രദേശം ക്യൂബന്‍ സര്‍ക്കാറുമായാണ് കരാര്‍ ഒപ്പുവെച്ചത്. ഇതനുസരിച്ച് അമേരിക്കന്‍ നാവികസേനക്ക് തങ്ങളുടെ രാജ്യത്തിന് പുറത്തായി ആദ്യമായി സൈനികതാവളം ഉണ്ടായത് ഈ വാടക ഭൂമിയിലാണ്. അവിടന്നങ്ങോട്ട് ഇതുവരെയും കേവലമായ വാടകക്ക് അമേരിക്ക ഈ ദ്വീപ് കൈവശം വെച്ച് അനുഭവിച്ചു പോരുകയാണ്.
2002-ല്‍ അമേരിക്ക ബിന്‍ ലാദനെ പിടിക്കാനെന്ന് പറഞ്ഞു അഫ്ഗാനെ ആക്രമിച്ച സമയത്ത് പിടികൂടിയ ആയിരത്തോളം പേരെ കൊണ്ടുവന്നത് ഈ ദ്വീപിലേക്കായിരുന്നു. ഇതില്‍ അമേരിക്കക്കെതിരെ യുദ്ധം ചെയ്തവരും വിദ്യാര്‍ഥികളും സാധാരണക്കാരും വിനോദ സഞ്ചാരികളും എല്ലാം ഉള്‍പ്പെട്ടിരുന്നു.
പിടികൂടിയ എല്ലാവരെയും അവരുടെ കുറ്റത്തിന്റെ തോതനുസരിച്ച് വ്യത്യസ്ത ക്യാമ്പുകളിലാണ് പാര്‍പ്പി ച്ചത്. അഫ്ഗാനില്‍ പിടികൂടിയവരെ ഈ ദ്വീപില്‍ കൊണ്ടുവരാന്‍ ഒരു പ്രത്യേക കാരണമുണ്ട്. ഗ്വാണ്ടനാമോ ദ്വീപുസമൂഹം അമേരിക്കന്‍ നിയമ വ്യവസ്ഥയുടെ പരിധിയില്‍ വരില്ല. അതിനാല്‍ തങ്ങള്‍ക്കിഷ്ടപ്പെട്ട രൂപത്തില്‍ ഇഷ്ടംപോലെ പിടികൂടപ്പെട്ടവരെ കൈകാര്യം ചെയ്യാം. സംഭവം ചോര്‍ന്നു ലോകം അറിഞ്ഞപ്പോള്‍ ചുരുങ്ങിയത് യുദ്ധക്കുറ്റവാളികളെ എങ്ങനെ കൈകാര്യം ചെയ്യണം എന്ന് പറയുന്ന ജനീവ ഉടമ്പടി പാലിക്കാന്‍ മനുഷ്യാവകാശ സംഘടനകള്‍ അമേരിക്കയില്‍ സമ്മര്‍ദം ചെലുത്തിയപ്പോള്‍ ഇത് യുദ്ധക്കുറ്റവാളികള്‍ അല്ല, മറിച്ച് തീവ്രവാദികളാണെന്നായിരുന്നു മറുപടി. അങ്ങനെയൊക്കെ മറുപടി പറഞ്ഞാലും അധികകാലം ഈ മറുപടിയുമായി അമേരിക്കക്ക് പിടിച്ചു നില്‍ക്കാനായില്ല എന്നതാണ് സത്യം.
നിരവധി സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങി കുപ്രസിദ്ധമായ ഈ തടവറയിലെ പാശ്ചാത്യ രാജ്യക്കാരെയെല്ലാം വിചാരണ നടത്താമെന്നും തുടര്‍ന്ന് അവരവരുടെ നാടുകളില്‍ ബാക്കി ശിക്ഷ കാലാവധി പൂര്‍ത്തിയാക്കാമെന്നും തീരുമാനമായി. അതില്‍ അവസാനത്തെ ആളായിരുന്നു ഇപ്പോള്‍ ഇരുപത്തഞ്ചു വയസ്സുള്ള ഉമര്‍ഖാദര്‍. അഫ്ഗാനില്‍ നിന്ന് പിടിക്കപ്പെടുമ്പോള്‍ കേവലം പതിനഞ്ചു വയസ്സായിരുന്നു. കാനഡയില്‍ നിന്ന് അഫ്ഗാനിലേക്ക് കുടിയേറിയ കുടുംബാംഗമായ ഉമറിനെ, പത്രങ്ങള്‍ വിശേഷിപ്പിച്ചതനുസരിച്ച് രണ്ടാം ലോക യുദ്ധത്തിനു ശേഷം ലോകം കണ്ട ഒരേയൊരു കുട്ടികുറ്റവാളി. അഫ്ഗാന്‍ പൗരനാണെന്ന് പറഞ്ഞു കാനഡ കൈയൊഴിയാന്‍ ശ്രമിച്ചെങ്കിലും ഒടുവില്‍ ഉമറിനെ ഏറ്റു വാങ്ങാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു, ഇനിയുള്ള കാലം കാനഡയിലെ ജയിലില്‍ കഴിയാന്‍.
തങ്ങളുടെ അധീനതയിലുള്ള ഒരു സ്ഥലത്ത് ഈ രൂപത്തിലുള്ള കാടത്തം അംഗീകരിക്കില്ല എന്ന് ക്യൂബ ഐക്യരാഷ്ര്ട്രസഭയെ അറിയിച്ചിരുന്നു. ക്യൂബ ഒരു പരമാധികാര രാഷ്ട്രം ആവുന്നതിനു മുമ്പ് ഒപ്പുവെച്ച കരാര്‍ നിലനില്‍ക്കില്ല എന്നും ഐക്യരാഷ്ട്രസഭ ഇടപെട്ടു അമേരിക്കന്‍ നാവിക താവളം ഒഴിപ്പിച്ച് ഗ്വാണ്ടനാമോ ക്യൂബക്ക് വീണ്ടെടുത്തു കൊടുക്കണം എന്നുമായിരുന്നു ആവശ്യം. എന്നാല്‍, ഈയടുത്ത് പാട്ടത്തിനെടുത്ത വകയില്‍ നല്‍കിയ ഒരു ചെക്ക് ക്യൂബ സ്വീകരിച്ചിരുന്നൂവെന്ന് വാദിച്ച് അമേരിക്ക തങ്ങളുടെ ക്രൂരതക്ക് ഒരു താവളം ഉറപ്പിച്ചു.
മറ്റു ജയിലുകളെ അപേക്ഷിച്ചു ഗ്വാണ്ടനാമോയില്‍ എത്തിയവര്‍ക്ക് മുമ്പില്‍ ഇരുളടഞ്ഞ ഭാവിയാണ് ഉണ്ടായിരുന്നത്. എത്രകാലം ഇവിടെയുണ്ടാകും എന്നോ, എന്ന് ലോകം കാണുമെന്നോ ഒരു അറിവും ഇല്ലാത്ത തീര്‍ത്തും അനിശ്ചിതമായ ഒരു ലോകം.
തടവുകാര്‍
2001-ലും 2002-ലുമായി അഫ്ഗാനില്‍നിന്ന് പിടിച്ചു എന്ന് അമേരിക്ക അവകാശപ്പെട്ട ആയിരത്തോളം ആളുകളാണ് ഗ്വാണ്ടനാമോയില്‍ ഉള്ളത്. എന്നാല്‍ അമേരിക്ക ഔദ്യോഗികമായി സ്ഥിരീകരിച്ചത് അറുനൂറോളം മാത്രമാണ്. ഇവരുടെ പേരു വിവരങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ ഒരിക്കലും തയാറായതുമില്ല. മാധ്യമ പ്രവര്‍ത്ത കര്‍ക്കോ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കോ അവിടെ പ്രവേശനം അനുവദിച്ചില്ല. സമ്മര്‍ദം മൂലം പിന്നീട് മനുഷ്യാവകാശ പ്രവര്‍ത്തകരെ ചില ക്യാമ്പുകള്‍ കാണിച്ചുകൊടുക്കാന്‍ നിബന്ധനകളോടെ കൊണ്ടുപോയി. വാഷിംഗ്ടണ്‍ പോസ്റ്റ് ഉള്‍പ്പെടെയുള്ള പത്രങ്ങള്‍ രഹസ്യ വിവരണ ശേഖരത്തിലൂടെയും ജയിലിലുള്ളവര്‍ വീട്ടുക്കാര്‍ക്കയച്ച കത്തുകള്‍, ജനറല്‍മാരോടുള്ള സംഭാഷണം തുടങ്ങി നിരവധി മാര്‍ഗങ്ങളിലൂടെ ഇവരില്‍ 367 പേര് വിവരങ്ങള്‍ സംഘടിപ്പിക്കുകയുണ്ടായി. ആ പേരു വിവരങ്ങള്‍ ലോകത്തിനു തന്നെ അത്ഭുതമായിരുന്നു. മുപ്പതോളം രാജ്യങ്ങളില്‍ നിന്നുള്ളവര്‍. അതാവട്ടെ, അമേരിക്ക, ബ്രിട്ടന്‍, റഷ്യ, ആസ്‌ട്രേലിയ, ബെല്‍ജിയം, കാനഡ, ഫ്രാന്‍സ്, ഡെന്മാര്‍ക്ക്, സ്വീഡന്‍, സ്‌പെയിന്‍, മാലദ്വീപ്, ഉഗാണ്ട, തുര്‍ക്കി, സുഊദി, പാകിസ്താന്‍, അഫ്ഗാനിസ്താന്‍, മൊറോക്കോ, ലിബിയ, താജികിസ്താന്‍, ഈജിപ്ത്, അള്‍ജീരിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാര്‍. ഇത്രയധികം വ്യത്യസ്ത ദേശക്കാര്‍ അഫ്ഗാനില്‍ ചെന്ന് അമേരിക്കക്കെതിരെ പൊരുതി എന്ന് പറയുന്നത് ആര് വിശ്വസിക്കും? കാരണം, ലോകവ്യാപാര ആസ്ഥാനം തകരലും അഫ്ഗാന്‍ ആക്രമണവുമെല്ലാം ഏകദേശം രണ്ടു മാസത്തിനകം നടന്ന കാര്യങ്ങളാണ്. അതിനിടയില്‍ അമേരിക്കക്കെതിരെ പൊരുതാന്‍ ഇത്രയധികം രാജ്യക്കാര്‍ അവിടെയെത്തുക സംഭവ്യമല്ല. മാത്രമല്ല, തൊണ്ണൂറു ശതമാനം ആളുകളും എപ്പോള്‍ എവിടെവെച്ച് പിടികൂടി എന്നതിനുള്ള രേഖകളും ഇല്ല. ചിലരൊക്കെ പിടിക്കപ്പെട്ടത് ഇറാഖില്‍ നിന്നായിരുന്നു എന്നും പറയപ്പെടുന്നു. എന്നുവെച്ചാല്‍, ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും, തങ്ങളുടെ തന്നെ രാജ്യത്ത് നിന്നും അമേരിക്ക പിടിച്ചവരെയാണ് ഗ്വാണ്ടനാമോയില്‍ തള്ളിയത്. അഫ്ഗാനില്‍നിന്ന് പിടിച്ചവരെ മാത്രമല്ല. അഫ്ഗാന്‍ യുദ്ധം ഒരു മറ മാത്രമായിരുന്നു. തങ്ങളുടെ കൈയിലുള്ള പത്രമാധ്യമങ്ങള്‍ ഉള്‍പ്പെടെ എല്ലാ വഴിക്കും തങ്ങളുടെ ആധിപത്യം ഉറപ്പിച്ചിട്ടും ഇത്രയധികം രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് അമേരിക്കയോട് വിദ്വേഷം ഉണ്ടെങ്കില്‍ അമേരിക്ക തങ്ങളുടെ നയംമാറ്റിയേ തീരൂ എന്നു നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നുണ്ട്.
'കൗണ്ടര്‍ പഞ്ച്' പോലെയുള്ള സ്വതന്ത്ര അമേരിക്കന്‍ മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടിയ ഞെട്ടിക്കുന്ന ഒരു വസ്തുത കൂടിയുണ്ട്. ഗ്വാണ്ടനാമോ പുറത്തു വന്ന ഒരു കേന്ദ്രമാണ്. അമേരിക്കക്ക് ശാന്തസമുദ്രത്തിലെ തങ്ങളുടെ മാത്രം നിയന്ത്രണത്തിലുള്ള ചില ദ്വീപുകളില്‍ ഇതുപോലെയുള്ള, ഒരുപക്ഷേ, ഇതിനേക്കാള്‍ ക്രൂരമായ തടവറകളുണ്ട്. അവിടെയൊക്കെ തടവുകാരുമുണ്ട്. അതിലുപരി, ഒരിക്കലും ലോകത്തിനു പിടികൊടുക്കാതിരിക്കാന്‍ തടവറകളാക്കി മാറ്റിയ കുറെ കപ്പലുകള്‍ അമേരിക്കക്കുണ്ട് എന്നും കൗണ്ടര്‍ പഞ്ച് വെളിപ്പെടുത്തുന്നു. നിരവധി തവണ ഇവയുടെ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ അമേരിക്കയോട് മനുഷ്യാവകാശ സംഘടനകള്‍ ആവശ്യപ്പെട്ടെങ്കിലും വഴങ്ങിയില്ല എന്നും പറയപ്പെടുന്നു. എന്നുവെച്ചാല്‍ ഗ്വാണ്ടനാമോ ഒരു മഞ്ഞുമലയുടെ മേല്‍ഭാഗം മാത്രമാണെന്ന്.
ഗ്വാണ്ടനാമോ ബേയിലെ തടവുകാരെ മൂന്ന് ക്യാമ്പുകളിലായാണ് വിന്യസിച്ചിരിക്കുന്നത്. ക്യാമ്പ് ഡെല്റ്റി, ക്യാമ്പ് ഇഗുവാന, ക്യാമ്പ് എക്‌സ്‌റേ. ഇതില്‍ ഏറ്റവും കുപ്രസിദ്ധമായ ക്യാമ്പ് എക്‌സറേ ഈയടുത്ത് പൂട്ടി. എന്നാല്‍, പത്ത് വര്‍ഷം മുമ്പ് തടവുകാരെ കൊണ്ടുവന്നപ്പോള്‍ ഓറഞ്ച് നിറമുള്ള മുഴുവസ്ത്രം ഇടുവിച്ച് കൈയിലും കാലിലും ചങ്ങലയിട്ടു കൊണ്ടുവന്നു തള്ളിയത് കാറ്റും വെയിലും മഴയും കൊള്ളുന്ന നിന്നുതിരിയാന്‍ മാത്രം ഇടമുള്ള ചുറ്റും വൈദ്യുതി കമ്പികള്‍ കെട്ടിയ ക്യാമ്പ് എക്‌സറേയില്‍ ആയിരുന്നു. ക്യാമ്പ് എക്‌സറേയിലെ ചോദ്യംചെയ്യല്‍ ഇടം വളരെ കുപ്രസിദ്ധി കേട്ടതായിരുന്നു. ഈയിടെ കാനഡക്ക് കൈമാറിയ ഉമര്‍ ഖാദറിനെയും മറ്റു മൂന്ന് കുട്ടികളെയും പാര്‍പ്പിച്ചിരുന്ന ക്യാമ്പാണ് ക്യാമ്പ് ഇഗുവാന. ഇതില്‍ അഞ്ചു വര്‍ഷം നിരീക്ഷിച്ച് മുപ്പത്തെട്ടു പേരാണ് കുഴപ്പക്കാരല്ല എന്ന് കണ്ടെത്തിയത്. ഏഴു വ്യത്യസ്ത ക്യാമ്പുകള്‍ ഉള്‍ക്കൊള്ളുന്നതാണ് ക്യാമ്പ് ഡെല്റ്റി. ക്യാമ്പ് വണ്‍, ക്യാമ്പ് ത്രീ, ക്യാമ്പ് ഫോര്‍, ക്യാമ്പ് ഫൈവ്, ക്യാമ്പ് ഫൈവ് ഇക്കോ, ക്യാമ്പ് സിക്‌സ്, ക്യാമ്പ് സെവന്‍. ഇതില്‍ ക്യാമ്പ് വണ്‍, ക്യാമ്പ് ത്രീ, ക്യാമ്പ് ഫോര്‍ എന്നിവ അപകടകാരികളായ, അതിനാല്‍ തന്നെ നീതിന്യായ വ്യവസ്ഥക്ക് മുന്നില്‍ ഹാജരാക്കേണ്ടതില്ലാത്തവരെ അവരുടെ അപകട സ്വഭാവമനുസരിച്ച് വിന്യസിച്ചിരിക്കുന്നു. ക്യാമ്പ് ഫൈവ് പരാതികളില്ലാത്ത തടവുകാര്‍ക്കുള്ളതാണ്. ക്യാമ്പ് ഫൈവ് ഇക്കോ അച്ചടക്ക നടപടികള്‍ക്കുള്ള വേദിയും ക്യാമ്പ് സിക്‌സ് പരാതികളുള്ള തടവുകാര്‍ക്കുള്ള സ്ഥലവും ക്യാമ്പ് സെവന്‍ അഥവാ ക്യാമ്പ് പ്ലാറ്റിനം അകന്നുമാറി ആരും കാണാത്തതും അങ്ങേയറ്റത്തെ അപകടകാരികളായ തടവുകാരെ പാര്‍പ്പിച്ചിരിക്കുന്നതുമാണ്. ഇതില്‍ ആകെ പതിനാലു പേരാണ് ഉള്ളത് എന്നു പറയപ്പെടുന്നു. ഇതിനു പുറമേ സൈക്യാട്രിക് വാര്‍ഡണ്‍ എന്ന് പേരുള്ള ഒരിടം കൂടിയുണ്ട്. അക്രമാസക്തരാവുന്നവരെ പ്രത്യേകം 'പരിചരിക്കാന്‍' ഉള്ള വാര്‍ഡാണിത്. ഇതില്‍ പ്രവേശിപ്പിക്കപ്പെട്ട ആറില്‍ മൂന്നു പേരും കൊല്ലപ്പെട്ടു എന്നതാണ് സത്യം. അമേരിക്കന്‍ സൈന്യത്തിന്റെ ഭാഷയില്‍ അവര്‍ ആത്മഹത്യ ചെയ്തതാണത്രേ.
പീഡനങ്ങള്‍: ചോദ്യവും ഭേദ്യവും
കേട്ടാല്‍ എല്ലു തുളയ്ക്കുന്ന ക്രൂരതകളാണ് അമേരിക്കന്‍ സൈന്യം ഗ്വാണ്ടനാമോ തടവുകാര്‍ക്കെതിരെ ചെയ്തത്. യഥാര്‍ഥത്തില്‍ ക്രൂരതയുടെ പര്യായമായാണ് ഗ്വാണ്ടനാമോ ലോകത്തിന്റെ ശ്രദ്ധയില്‍ വന്നത് തന്നെ. നീതിന്യായ വ്യവസ്ഥക്ക് പുറമെയുള്ള തടവുകാര്‍ (etxra judicial detainees) എന്നു വിളിച്ചാലും കുറ്റം തെളിയിക്കേണ്ടത് ഒരു ബാധ്യതയായി തന്നെ കണ്ടവരാണ് അമേരിക്കന്‍ സൈന്യം. അതിനാല്‍ പിടികൂടിയ എല്ലാവരെയും കണക്കിന് ഉപദ്രവിക്കലും ചോദ്യം ചെയ്യലും ഒരു പതിവും വിനോദവുമായിത്തീര്‍ന്നു. എഴുന്നേറ്റ് നിന്നാല്‍ തലമുട്ടുന്ന മുറിയിലെ വാസം, കാലില്‍ ഇരുപത്തിനാല് മണിക്കൂറും ചങ്ങല. ചിലപ്പോള്‍ മുഖം മൂടി ഹെല്‍മറ്റ് ധരിപ്പിച്ച് കിടത്തല്‍ എന്നിവക്ക് പുറമെ ദീര്‍ഘനേരം മുട്ടുകുത്തിച്ച് നിര്‍ത്തല്‍ സ്ഥിരം പരിപാടിയായിരുന്നു. 48 മണിക്കൂറോളം മുട്ടുകുത്തിനില്‍ക്കുന്നവര്‍ ഒന്ന് വീണുപോയാല്‍ ക്രൂരമര്‍ദനം. തല ചുമരിനിടിക്കല്‍, ഉറങ്ങാന്‍ സമ്മതിക്കാതെ ചോദ്യം ചെയ്യല്‍, പട്ടിണിക്കിടല്‍ തുടങ്ങി ക്രൂരമായ വാട്ടര്‍ ബോര്‍ഡിംഗ് വരെ ഇവരില്‍ പരീക്ഷിച്ചു. മുഖം തുണികൊണ്ട് കെട്ടി മുഖത്തേക്ക് ശക്തിയില്‍ വെള്ളം ചീറ്റിക്കുന്നതാണ് വാട്ടര്‍ ബോര്‍ഡിംഗ്. മുങ്ങി മരിക്കുന്ന ഒരാളുടെ അനുഭവമാണ് ഈ സമയത്തുണ്ടാവുക. അങ്ങനെ ശ്വാസം കിട്ടാതെ മരണ വക്രത്തിലെത്തുമ്പോള്‍ നിര്‍ത്തും. പിന്നെയും തുടരും. വൈദ്യുതി ഷോക്കായിരുന്നു മറ്റൊന്ന്. രണ്ടു കാലും മുകളിലോട്ടു ചങ്ങല കൊണ്ട് ബന്ധിച്ച് തൂക്കിയിട്ടായിരുന്നു മറ്റൊരു ഭേദ്യം ചെയ്യല്‍. കഴുത്തില്‍ ചങ്ങല മുറുക്കി ശ്വാസം മുട്ടിക്കുന്ന പതിവും ഉണ്ടായിരുന്നു. ലൈംഗിക പീഡനങ്ങള്‍ വേറെയും. ജനനേന്ദ്രിയങ്ങളെ പൊള്ളിക്കുന്നത് മുതല്‍ ഒരു തടവുകാരനെക്കൊണ്ട് മറ്റൊരാളെ പ്രകൃതിവിരുദ്ധ പീഡനത്തിനു ഇരയാക്കല്‍ എന്നിവ സര്‍വ സാധാരണമായിരുന്നു.
അതിനപ്പുറം മതകീയ ചിഹ്നങ്ങളെ അവമതിക്കുന്ന ധാരാളം സംഭവങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിട്ടുണ്ട്. ഖുര്‍ആന്‍ ബൂട്ടിട്ട് ചവിട്ടല്‍, ഖുര്‍ആനില്‍ മൂത്രമൊഴിക്കല്‍, ഖുര്‍ആന്‍ പേജുകള്‍ ടിഷ്യൂ പേപ്പര്‍ പോലെ കക്കൂസുകളില്‍ ഉപയോഗിക്കല്‍ എന്നിങ്ങനെ നിരവധി. നമസ്‌കരിക്കുമ്പോള്‍ മുന്നില്‍ കിടന്നു വൃത്തികേട് കാണിക്കല്‍, ഉപദ്രവിക്കല്‍, നമസ്‌കരിക്കാന്‍ സമ്മതിക്കാതിരിക്കല്‍ തുടങ്ങിയവ വേറെയും. കൂട്ടത്തില്‍ അന്താരാഷ്ട്ര ശ്രദ്ധ നേടിയത് ഒരു സൈനികയുടെ വൃത്തികെട്ട നടപടിയായിരുന്നു. ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ ചോദ്യം ചെയ്യാന്‍ വന്നപ്പോള്‍ നിന്ന് നമസ്‌കരിക്കുകയായിരുന്ന തടവുകാരന്റെ മുന്നില്‍പോയി നിന്ന് അടിവസ്ത്രത്തില്‍ കൈക്കടത്തി ആര്‍ത്തവ രക്തം എടുത്തു തേച്ചതായിരുന്നു അത്. അപ്രതീക്ഷിതമായി മാലിന്യം ദേഹത്തായ തടവുകാരന്‍ നമസ്‌കാരം അവസാനിപ്പിച്ച് ചോദ്യം ചെയ്യലിനുവരാനാണ് പോലും ഈ അഭ്യാസം. പിന്നീട് അത് ചായം കലക്കി കൈയില്‍ പിടിച്ചതായിരുന്നു അയാളെ നമസ്‌കാരത്തില്‍നിന്ന് പിന്തിരിപ്പിക്കാന്‍ എന്നാണ് വ്യാഖ്യാനമുണ്ടായത്. ഇതിനെക്കുറിച്ച് എന്ത് പറയാന്‍? ഈ ചോദ്യം ചെയ്യലുകള്‍ എല്ലാം നടന്നിട്ടും ആകെ മൂന്നു പേരാണ് കുറ്റം സമ്മതിച്ചത്. അതില്‍ ഡേവിഡ് ഹിക്കും സലിം ഹമദാനും തീവ്രവാദികളെ സഹായിച്ചവര്‍. അലി ബഹലാല്‍ ആവട്ടെ, അമേരിക്കക്കെതിരെയുള്ള ഏതോ ആഘോഷത്തില്‍ പങ്കെടുത്തതിന്റെ വീഡിയോ ഉണ്ടത്രെ. എന്നു വെച്ചാല്‍ ബാക്കി അറുനൂറിലധികം പേരുടെയും കുറ്റം തെളിയിക്കാന്‍ ഒരു തെളിവും ഇല്ല എന്നര്‍ഥം.
അന്താരാഷ്ട്ര സമ്മര്‍ദങ്ങള്‍ മുറുകിയ സമയത്താണ് അമേരിക്കയില്‍ തെരഞ്ഞെടുപ്പ് വരുന്നത്. ഒബാമയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായിരുന്നു ഗ്വാണ്ടനാമോ അടച്ചു പൂട്ടും എന്നുള്ളത്. കുറച്ചുമുമ്പ് ഉമര്‍ ഖാദറിനെ കാനഡക്ക് കൈമാറിയതോടെ പാശ്ചാത്യ രാജ്യങ്ങളില്‍നിന്നുള്ള തടവുകാരെയൊക്കെ മോചിപ്പിച്ചു കഴിഞ്ഞു എന്ന് പറയപ്പെടുന്നു. എന്നാല്‍, ഇനിയും 160-ലധികം ആളുകള്‍ ഗ്വാണ്ടനാമോയില്‍ ഉണ്ട്. ഒബാമയുടെ നാലു വര്‍ഷത്തെ ഒരു ഊഴം കഴിഞ്ഞു. അടുത്ത ഊഴത്തിനു തയാറാവുമ്പോഴും ഗ്വാണ്ടനാമോ അടച്ചുപൂട്ടുമെന്ന് വീണ്ടും പറയുന്നു. ജീവഛവങ്ങള്‍ ആയി ഗ്വാണ്ടനാമോയിലെ തടവുകാര്‍ പകുതിയും (ലഭ്യമായ മുന്നൂറ്റി എഴുപത് പേരില്‍) അവിടത്തന്നെ. അമേരിക്ക എന്ന രാജ്യത്തിന്റെ ക്രൂരതക്കും മറ്റു രാജ്യങ്ങളെ മെക്കിട്ടുകയറുന്നതിനും തെളിവായി.
Comments