Prabodhanm Weekly

Pages

Search

2012 നവംബര്‍ 10

ഖുര്‍ത്വൂം ആക്രമണത്തിന് പിന്നില്‍

സ്റ്റാഫ് ലേഖകന്‍

ഇറാനും ഇസ്രയേലും തമ്മില്‍ നടന്നുവരുന്ന ഒളിയുദ്ധങ്ങള്‍ക്ക് വ്യാപ്തിയും തീക്ഷ്ണതയും വര്‍ധിപ്പിച്ചിരിക്കുകയാണ്, സുഡാന്‍ തലസ്ഥാനമായ ഖുര്‍ത്വൂമിലെ യര്‍മൂക്ക് ആയുധശാലക്ക് നേരെ കഴിഞ്ഞ ഒക്‌ടോബര്‍ 23-ന് ഇസ്രയേല്‍ നടത്തിയ ബോംബാക്രമണം. ആക്രമണത്തില്‍ രണ്ടുപേര്‍ വധിക്കപ്പെടുകയും മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. തലസ്ഥാന നഗരിയുടെ തെക്കന്‍ ഭാഗമായ യര്‍മൂക്കില്‍ തീ ആളിപ്പടര്‍ന്നെങ്കിലും സുരക്ഷാസേനയുടെ സമയോചിത ഇടപെടല്‍ വലിയൊരു ദുരന്തം ഒഴിവാക്കി. ആക്രമണത്തില്‍ നാല് ഇസ്രയേലീ വിമാനങ്ങള്‍ പങ്കെടുത്തുവെന്ന് സുഡാന്‍ ഗവണ്‍മെന്റിന്റെ ഔദ്യോഗിക വക്താവ് അഹ്മദ് ബിലാല്‍ ഉസ്മാന്‍ പറഞ്ഞു. ദേശസുരക്ഷയെ ബാധിക്കുന്ന തരത്തിലുള്ള നാശനഷ്ടങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇസ്രയേലിനെ ആക്രമിക്കാന്‍ ശേഷിയുള്ള ഇറാനിയന്‍ ശിഹാബ് മിസൈലുകളില്‍ ചിലത് നിര്‍മിക്കുന്നത് ഖുര്‍ത്വൂമിലാണെന്ന് നേരത്തെ ഇസ്രയേല്‍ ആരോപിച്ചിരുന്നു. ആരോപണം ശുദ്ധ അസംബന്ധമാണെന്ന് അന്നുതന്നെ വ്യക്തമായതാണ്. വെറുതെ ആരോപിക്കുകയല്ലാതെ, തെളിവുകളൊന്നും ഇസ്രയേല്‍ ഹാജരാക്കിയിരുന്നില്ല. അതിന്റെ പേരിലാവാം ആക്രമണം എന്നാണ് സംശയിക്കുന്നത്. ഖുര്‍ത്വൂമിലെ ആയുധശാല ആക്രമിച്ചത് തങ്ങളാണെന്നോ അല്ലെന്നോ പറയാതെ ഇസ്രയേല്‍ ഇപ്പോഴും മൗനത്തിലാണ്. അതിക്രമങ്ങള്‍ നടത്താന്‍ ഇസ്രയേല്‍ പുതിയ കള്ളക്കഥകള്‍ മെനയുകയാണ് എന്നാണ് ഇറാന്‍ സംഭവത്തോട് പ്രതികരിച്ചത്. സുഡാന്റെ സുരക്ഷ ഉറപ്പാക്കുന്നതിന് തങ്ങളുടെ ഖാര്‍ഗ്, നഖ്ദി എന്നീ യുദ്ധക്കപ്പലുകളെ ഇറാന്‍ ചെങ്കടലിലുള്ള സുഡാനി തുറമുഖത്തേക്ക് അയക്കുകയും ചെയ്തു.
ഈ ആക്രമണം ഇറാന്നുള്ള ശക്തമായ താക്കീതാണ്. നിരവധി അയല്‍രാജ്യങ്ങളുടെ മുകളിലൂടെ 1,900 കിലോമീറ്റര്‍ പറന്നാണ് ഇസ്രയേലി വിമാനങ്ങള്‍ ആക്രമണം നടത്തിയത്. അയല്‍രാജ്യങ്ങളൊന്നും ഇക്കാര്യം അറിഞ്ഞതുപോലുമില്ല. എങ്കില്‍ 1,600 കിലോമീറ്റര്‍ മാത്രം ദൂരമുള്ള ഫോര്‍ദോയിലെ ഇറാനിയന്‍ ആണവ സജ്ജീകരണങ്ങള്‍ തകര്‍ക്കാന്‍ തങ്ങള്‍ക്കൊരു ബുദ്ധിമുട്ടുമില്ലെന്ന അപായ സന്ദേശമാണ് ഇസ്രയേല്‍ നല്‍കിയിരിക്കുന്നത്. പറക്കലിനിടയില്‍ ഇന്ധനം നിറക്കാനുള്ള ഇസ്രയേലി വിമാനങ്ങളുടെ ശേഷിയെക്കുറിച്ചാണ് ആക്രമണശേഷം ഇസ്രയേലി മീഡിയ സംസാരിച്ചുകൊണ്ടിരുന്നത്. സംഭവത്തിന് മറ്റൊരു മുഖം കൂടിയുണ്ട്. മാസങ്ങള്‍ക്ക് മുമ്പ് ഇറാന്‍ വികസിപ്പിച്ചെടുത്ത ഒരു പൈലറ്റില്ലാ വിമാനം ഇസ്രയേലി അതിര്‍ത്തിയില്‍ സ്ഥാപിച്ച നിരവധി അത്യാധുനിക റഡാര്‍ സംവിധാനങ്ങളുടെ കണ്ണ് വെട്ടിച്ച് ഇസ്രയേലിലേക്ക് നുഴഞ്ഞു കയറിയിരുന്നു. ലബനാനിലെ ഹിസ്ബുല്ലയാണ് ഈ ഡ്രോണ്‍ വിമാനം തൊടുത്തുവിട്ടത്. ജൂതരാഷ്ട്രത്തിന്റെ 'വിലക്കപ്പെട്ട ഇടങ്ങള്‍' വരെ ഡ്രോണ്‍ വിമാനം കാമറയില്‍ പകര്‍ത്തിയിട്ടുണ്ടെന്ന ഇറാന്റെ അവകാശവാദം ഇസ്രയേലിന് വലിയ അങ്കലാപ്പുണ്ടാക്കിയിരുന്നു. ഇസ്രയേലി ലക്ഷ്യങ്ങള്‍ വിജയകരമായി ഉന്നം വെക്കാന്‍ തങ്ങള്‍ പ്രാപ്തരാണെന്ന് സൂചന നല്‍കുകയായിരുന്നു ഇറാനും ഹിസ്ബുല്ലയും. അതിനുള്ള മറുപടിയായും ഖുര്‍ത്വൂം ആക്രമണത്തെ വായിക്കാവുന്നതാണ്.
ഇതാദ്യത്തെ തവണയല്ല സുഡാനില്‍ ഇസ്രയേലി ആക്രമണമുണ്ടാവുന്നത്. 2009-ലും 2011-ലും ഇസ്രയേല്‍ സുഡാനെ ആക്രമിച്ചിട്ടുണ്ട്. 2011-ല്‍ സുഡാന്റെ ഒരു വാഹന വ്യൂഹത്തെയാണ് ആക്രമിച്ചത്. ഇറാനിയന്‍ ആയുധങ്ങള്‍ ഗസ്സയിലേക്ക് കടത്തുകയായിരുന്ന സുഡാനിയന്‍ വാഹനങ്ങളെയാണ് ആക്രമിച്ചത് എന്ന് ഇസ്രയേലി ഭാഷ്യം. ജിബുത്തിയില്‍ നിന്നോ ഐരിത്രിയയില്‍ നിന്നോ ആയിരുന്നു അന്ന് ഇസ്രയേലി യുദ്ധവിമാനങ്ങളെത്തിയത്. അതിനര്‍ഥം അയല്‍രാഷ്ട്രങ്ങളുടെ പിന്തുണയോടെ, ചില ലക്ഷ്യങ്ങള്‍ മുന്നില്‍ കണ്ടാണ് ഇസ്രയേല്‍ ചെങ്കടല്‍ മേഖലയില്‍ കരുനീക്കങ്ങള്‍ നടത്തുന്നത് എന്നാണ്.
അരനൂറ്റാണ്ട് മുമ്പ്, ജൂതരാഷ്ട്ര സ്ഥാപകരിലൊരാളും അന്നത്തെ പ്രധാനമന്ത്രിയുമായിരുന്ന ഡേവിഡ് ബെന്‍ഗൂറിയന്‍ ഇസ്രയേല്‍ പിന്തുടരേണ്ട ഒരു അടവ് നയം മുന്നോട്ട് വെച്ചിരുന്നു. മൂന്ന് കാര്യങ്ങള്‍ക്കാണ് അതില്‍ ഊന്നല്‍ നല്‍കിയിരുന്നത്. ഒന്ന്, ഇസ്രയേലിന് ചുറ്റുമുള്ള അറബ് രാഷ്ട്രങ്ങളെ ശിഥിലമാക്കാന്‍ അറബേതര സമൂഹങ്ങളെ കൂട്ടുപിടിക്കുക. വടക്കന്‍ ഇറാഖില്‍ കുര്‍ദുകളെയും ലബനാനില്‍ മറണൈറ്റ് ക്രിസ്ത്യാനികളെയും തെക്കന്‍ സുഡാനില്‍ നീഗ്രോ വിഭാഗങ്ങളെയും കൂട്ടുപിടിക്കണമെന്ന് ബെന്‍ഗൂറിയന്‍ നിര്‍ദേശിച്ചു. രണ്ട്, അറബ് രാഷ്ട്രങ്ങള്‍ക്കെതിരെ അറബേതര രാജ്യങ്ങളുടെ വിശാല സഖ്യം ഉണ്ടാക്കുക. അന്നത്തെ രാഷ്ട്രീയ സ്ഥിതിഗതികള്‍ പഠിച്ച് എത്യോപ്യ, തുര്‍ക്കി, ഇറാന്‍ എന്നീ രാഷ്ട്രങ്ങളാണ് സഖ്യത്തില്‍ പ്രധാന കക്ഷികളായി ഉണ്ടാവേണ്ടതെന്ന് ബെന്‍ഗൂറിയന്‍ അഭിപ്രായപ്പെട്ടു. മൂന്ന്, അത്യന്തം നയതന്ത്രപ്രാധാന്യമുള്ള ഇടമായി ചെങ്കടലിനെ കാണുക. ശത്രുക്കള്‍ ഒരുക്കുന്ന ഉപരോധത്തെ തകര്‍ക്കാന്‍ മാത്രമല്ല, അവരെ പിന്നില്‍ നിന്ന് ആക്രമിച്ച് തകര്‍ക്കാനും ചെങ്കടലില്‍ പിടിമുറുക്കിയാല്‍ സാധ്യമാകും.
ഇതില്‍ ഒടുവില്‍ പറഞ്ഞ തന്ത്രത്തിന്റെ ഭാഗമാണ് സുഡാനില്‍ ഇടക്കിടെയുണ്ടാവുന്ന ഇസ്രയേലി ആക്രമണം. സുഡാനില്‍ വിഘടന പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തിപകരുക, ഒപ്പം അയല്‍രാജ്യമായ ഈജിപ്തിനെ ദുര്‍ബലമാക്കുക എന്നീ ദ്വിമുഖ ലക്ഷ്യങ്ങള്‍ ചെങ്കടല്‍ വഴിയുള്ള ഏത് ഇസ്രയേലി നീക്കത്തിലും കണ്ടെത്താന്‍ കഴിയും. ചെങ്കടലില്‍ സ്വാധീനമുറപ്പിച്ചാണ് തെക്കന്‍ സുഡാനിലെ വിഘടനവാദികളെ ഇസ്രയേല്‍ സഹായിച്ചിരുന്നത്. ഈ സ്ട്രാറ്റജിയുടെ ഭാഗമായി എത്യോപ്യ, ഉഗാണ്ട, കെനിയ എന്നീ സുഡാന്റെ അയല്‍രാജ്യങ്ങളുമായി ഇസ്രയേല്‍ ദീര്‍ഘകാല സഖ്യം ഉണ്ടാക്കുകയും ചെയ്തു. മൊസാദും ഇസ്രയേല്‍ സുരക്ഷാ സേനയും നേരിട്ടാണ് എത്യോപ്യന്‍ സൈന്യത്തിന് പരിശീലനം നല്‍കിയിരുന്നത്. സുഡാനിലേക്കും മറ്റു അയല്‍ അറബ് നാടുകളിലേക്കും സൈനിക നീക്കം നടത്താന്‍ എത്യോപ്യന്‍ സൈന്യത്തെ അവര്‍ ഒരുക്കിനിര്‍ത്തുകയും ചെയ്തു.
പക്ഷേ, അരനൂറ്റാണ്ടായി ഇസ്രയേല്‍ തുടര്‍ന്നുവരുന്ന യുദ്ധതന്ത്രങ്ങളെ ഫലപ്രദമായി ചെറുക്കാന്‍ അറബ് രാഷ്ട്രങ്ങള്‍ക്ക് കഴിയുന്നില്ല. മേഖലയില്‍ അനുദിനം മാറിക്കൊണ്ടിരിക്കുന്ന രാഷ്ട്രീയ സാഹചര്യങ്ങള്‍ ഖുര്‍ത്വൂം ആക്രമണത്തിന് മറ്റു പല അര്‍ഥതലങ്ങള്‍ കൂടി നല്‍കുന്നുണ്ട്.

Comments

Other Post

ഖുര്‍ആന്‍ ബോധനം

അല്‍ ഇസ്റാഅ്
എ.വൈ.ആര്‍