ഗ്രാമത്തില്‍നിന്ന് സൈത്തൂനയിലേക്ക്
രണ്ടാം ലോകയുദ്ധകാലത്ത് ജര്‍മന്‍കാരും സഖ്യസേനകളും തമ്മിലുള്ള ബോംബാക്രമണത്തില്‍നിന്ന് രക്ഷതേടി ചെറിയൊരു മാളത്തിലുള്ള ഒളിച്ചിരിപ്പ്. എന്റെ ജീവിതത്തില്‍ തിരശ്ശീല ഉയരുന്ന ആദ്യ രംഗം അതാണ്. 'ഒറ്റുകാരോ'ടുള്ള പ്രതികാരം ഫ്രഞ്ചുകാര്‍ പിന്നെയും തുടര്‍ന്നുകൊണ്ടിരുന്നു. 'ഒറ്റുകാരെ'ന്നാല്‍ ജര്‍മന്‍കാരുമായി സഹകരിച്ചവരെന്നര്‍ഥം. അങ്ങനെ ഞങ്ങളുടെ പ്രദേശമായ 'അല്‍ഹാമ' അവര്‍ക്കെതിരെ സായുധ ചെറുത്തുനില്‍പ്പിന്റെ ആദ്യ തീപ്പൊരിക്ക് സാക്ഷിയായി. അതില്‍ എന്റെ ചില ബന്ധുക്കളും പങ്കാളികളായിരുന്നു. സ്വാതന്ത്ര്യ പ്രാപ്തിയോടെ അറബ് ഇസ്‌ലാമിക സംസ്‌കാരത്തിന്റെ വാഹകരായ തദ്ദേശ ജനതക്കുമേല്‍ ആക്രമണം പിന്നെയും തുടര്‍ന്നു. ഇത്തവണ സാമ്രാജ്യത്വത്തിന്റെ അനന്തരഗാമികളുടെ ഭാഗത്തുനിന്നായിരുന്നു ആക്രമണം. കൂടുതല്‍ ശക്തവും വന്യവുമായ രൂപങ്ങള്‍ കൈക്കൊണ്ടു അത്. ദിനം തോറും അതിന്റെ ക്രൗര്യം വര്‍ധിച്ചുകൊണ്ടിരുന്നു. വിശിഷ്യാ, ഇസ്‌ലാമിക നവോത്ഥാനത്തിന്റെ അരങ്ങേറ്റത്തോടെ അതിന്റെ ധ്വജവാഹകരുടെ മേലുള്ള ആക്രമണം ഭ്രാന്തമായി തുടര്‍ന്നു. ഇങ്ങനെയൊക്കെയായിരുന്നു സ്ഥിതിഗതികളെങ്കിലും തികച്ചും സാധാരണമായിരുന്നു എന്റെ ശൈശവം എന്നുവേണം പറയാന്‍. ശാന്തവും സുസ്ഥിരവുമായൊരു കുടുംബാന്തരീക്ഷത്തിലാണ് ഞാന്‍ ജീവിച്ചത്. പൂര്‍ണമായും പരസ്പരം ഇണങ്ങി ലയിച്ചുകൊണ്ടുള്ള കുടുംബാന്തരീക്ഷം. ഉമ്മയെ തല്ലുന്നത് പോയിട്ട് പിതാവ് അവരോട് കയര്‍ക്കുകയോ അട്ടഹസിക്കുകയോ ചെയ്യുന്നത് ഒരിക്കല്‍പോലും എനിക്ക് കാണാനായിട്ടില്ല. വീട്ടില്‍ ഉമ്മ അത്യധികം ആദരിക്കപ്പെട്ടുപോന്നു. അവര്‍ പിതാവിന്റെ നിര്‍ദേശങ്ങളൊക്കെയും പാലിക്കുകയും അനുസരിക്കുകയും ചെയ്തു. പിതാവിനാകട്ടെ ഒന്നിലധികം ഭാര്യമാരുമുണ്ടായിരുന്നു. അവര്‍ക്കിടയില്‍ വലിയതോതില്‍ ഇണക്കം നിലനിന്നിരുന്നു. എത്രത്തോളമെന്നാല്‍ രണ്ടാനമ്മയെയും ഉമ്മ എന്നു തന്നെയാണ് ഞാന്‍ വിളിച്ചിരുന്നത്. അവര്‍ക്കും വീട്ടില്‍ നല്ല ആദരവ് ലഭിച്ചു. ഞങ്ങളോടൊക്കെ വലിയ ഇഷ്ടമായിരുന്നു അവര്‍ക്ക്. വീട്ടില്‍ ഒരിക്കലും ഒരു പ്രതിസന്ധിയുമുണ്ടായില്ല. പിതാവ് എന്നെ ഒരിക്കല്‍ പോലും അടിച്ചതായി ഓര്‍മയില്ല.
ഇടത്തരം കുടുംബമായിരുന്നു ഞങ്ങളുടേത്; തീരെ ദരിദ്രമായിരുന്നില്ല. ഗ്രാമത്തിലെ കൃഷീവലന്മാരായിരുന്നു ഞങ്ങള്‍. കര്‍ഷകര്‍ക്കിടയില്‍ വലിയ ധനസ്ഥിതിയുള്ളവരായിരുന്നില്ല ഞങ്ങള്‍. എങ്കിലും അക്കാലത്തെ കാര്‍ഷിക ജീവിതം അങ്ങേയറ്റം നിരാഡംബരമായിരുന്നു. ഇല്ലായ്മകള്‍ അവരെ അലട്ടിയിരുന്നില്ല. ജീവിതത്തില്‍ പൂര്‍ണ സംതൃപ്തരായിരുന്നു. അന്ന്, ഉള്ളതില്‍ സംതൃപ്തിയടയാതെ ഉപരിവര്‍ഗങ്ങളില്‍ കണ്ണ് നട്ടിരിക്കുന്ന ഉപഭോക്തൃ സമൂഹം ഉടലെടുത്തിരുന്നില്ല. പാരസ്പര്യം നിലനിന്നിരുന്ന സമൂഹമായിരുന്നു നിലവിലുണ്ടായിരുന്നത്. കൂടുതല്‍ സമ്പത്തുള്ളവരുണ്ടായിരുന്നെങ്കിലും അവരുടെ ജീവിതവും മറ്റുള്ളവരുടേതില്‍നിന്ന് വ്യത്യസ്തമായിരുന്നില്ല. പാതവക്കില്‍ കിടന്നുറങ്ങാനോ ഒരു നേരത്തെ ആഹാരം കണ്ടെത്താനോ കഴിയാത്ത ഗതികെട്ടവരും അന്ന് ഉണ്ടായിരുന്നില്ല. സമൂഹം വലിയൊരു കുടുംബം പോലെയായിരുന്നു. കുറഞ്ഞ ആവശ്യങ്ങളുള്ള, കാരുണ്യവും ഈടുറ്റ ബന്ധങ്ങളും പുലര്‍ത്തുന്ന കെട്ടുറപ്പുള്ള കുടുംബം.
മാംസാഹാരം വളരെ അപൂര്‍വമായ സംഭവമായിരുന്നു അന്ന്. വര്‍ഷത്തില്‍ വല്ലപ്പോഴുമേ വീട്ടില്‍ മാംസം കാണൂ; പ്രത്യേകിച്ച് ബലിപെരുന്നാള്‍ ദിനത്തില്‍. അന്ന് സൗകര്യം ഒത്തുവന്നാല്‍ പിതാവ് ഒരു ബലിമൃഗത്തെ വിലയ്ക്ക് വാങ്ങും. ഗ്രാമത്തിലുള്ള ദശക്കണക്കില്‍ അയല്‍ക്കാരും ബന്ധുക്കളുമായി അത് പങ്കുവെക്കും. പിതാവും അമ്മാവന്മാരുമടങ്ങുന്ന വലിയൊരു കുടുംബമായിരുന്നു ഞങ്ങളുടേത്. പരസ്പരാശ്ലേഷിതമായ കുടുംബാന്തരീക്ഷത്തില്‍ എല്ലാവരും ഒരേ വീട്ടില്‍ ജീവിച്ചു. ഗ്രാമത്തിലെ മറ്റ് വീടുകളില്‍ നിന്ന് ഞങ്ങളുടെ വീടിനുണ്ടായിരുന്ന ഒരു വ്യത്യാസം അവിടെ നിലനിന്നിരുന്ന മതപരമായ അന്തരീക്ഷമായിരുന്നു. ഗ്രാമത്തില്‍ എഴുത്തും വായനയുമറിയുന്ന ഒരേയൊരാളായിരുന്നു ഉപ്പ. ഖുര്‍ആന്‍ മനഃപാഠമായിരുന്ന അദ്ദേഹം പള്ളിയില്‍ പ്രാര്‍ഥനക്ക് നേതൃത്വം നല്‍കുകയും ജനങ്ങള്‍ക്ക് മതപരമായ വിഷയങ്ങളില്‍ വിധി നല്‍കുകയും ചെയ്തു. അങ്ങേയറ്റം വിശുദ്ധനും ഭക്തനുമായിരുന്ന അദ്ദേഹം മതത്തെ ഒരിക്കലും ഉപജീവനമാര്‍ഗമാക്കിയില്ല. കുട്ടികളെ അദ്ദേഹം സൗജന്യമായി ഖുര്‍ആന്‍ പഠിപ്പിച്ചു.
കുറച്ചുകാലം ഉപ്പ കച്ചവടത്തിലും ഏര്‍പ്പെടുകയുണ്ടായി. പക്ഷേ, കച്ചവടം പൊളിഞ്ഞു പോയി. വീണ്ടും പാടത്തേക്ക് തന്നെ മടങ്ങി. പുലര്‍ച്ച മുതല്‍ വൈകുന്നേരം വരെ കുടുംബത്തിലെ കുട്ടികളും മുതിര്‍ന്നവരും സ്ത്രീകളും പുരുഷന്മാരുമടക്കം എല്ലാവരെയും കൂട്ടി വയലില്‍ ജോലിചെയ്തു. വൈകുന്നേരം ക്ഷീണിതരായാണ് ഞങ്ങള്‍ വീട്ടിലെത്തുക. രാത്രി എല്ലാവരും ഒന്നിച്ച് ഭക്ഷണം കഴിക്കും. 'കുസ്‌കുസ്' ആയിരിക്കും എപ്പോഴും. കൊതിയോടെ ഞങ്ങളത് കഴിക്കും. എന്തൊരു രുചിയായിരുന്നു അതിന്. ഇന്നത് ഓര്‍ക്കുമ്പോള്‍ നഷ്ടബോധമുണരുകയാണ്. പിന്നീട് എല്ലാവരും ഉറക്കമിളച്ചു ഈത്തപ്പനയോലകൊണ്ട് കുട്ട നിര്‍മാണത്തിലേര്‍പ്പെടും. ശൈത്യകാലത്ത് ഇത് അര്‍ധരാത്രിവരെ നീളും. അപ്പോള്‍ അതിനിടയില്‍ ചായക്കപ്പുകള്‍ കൈമാറിക്കൊണ്ടിരിക്കും. ഒപ്പം ചുണ്ടുകളില്‍ മതപരമായ കീര്‍ത്തനങ്ങളും പാട്ടുകളും തത്തിക്കളിക്കും. ഭക്തിയും അനുഭൂതിയും പകരുന്ന സംഘരാഗങ്ങള്‍. ''അല്ലാഹുമ്മ സല്ലി അലല്‍ മുസ്ത്വഫ ബദീഇല്‍ ജമാല്‍ വ ബഹ്‌രിന്‍ വഫാ....'' എന്ന് തുടങ്ങുന്ന നബി കീര്‍ത്തനം സംഘഗാനമായി നൂറ് തവണ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത് ഇപ്പോഴും ഓര്‍ക്കുന്നു.
ഖുര്‍ആനില്‍ നിന്നുള്ള ചില സൂക്തങ്ങള്‍ മനഃപാഠമാക്കാന്‍ ഉപ്പ നിര്‍ണയിച്ചുതരുമായിരുന്നു. അക്കാര്യത്തില്‍ വലിയ കണിശക്കാരനായിരുന്നു അദ്ദേഹം. ഉറക്കമിളക്കുന്ന തെളിഞ്ഞ അന്തരീക്ഷത്തിന്റെ രസക്കൊല്ലിയായാണ് അതിനിടയില്‍ പാഠപരിശോധന കടന്നുവരിക. കളിയില്‍ മനസ്സ് മുഴുകുമ്പോള്‍ മനഃപാഠ പരിശോധനയുടെ ഈ പ്രതിസന്ധിക്ക് ഒരു രക്ഷയുമുണ്ടാകില്ല. ആകാശത്ത് നിന്ന് ഇറങ്ങിവരുന്ന അനുഗ്രഹമെന്നോണം വല്ലപ്പോഴും ഒരു അതിഥി വരുമ്പോള്‍ മാത്രമാണ് രക്ഷ. അല്ലാത്തപ്പോള്‍ ഉറക്കമിളക്കുന്നതിനിടയില്‍ പിതാവിനെ തേള് കുത്തിയാല്‍ പോലും രക്ഷയുണ്ടാകില്ല. വേദന സഹിച്ചിട്ടായാലും വേഗം അദ്ദേഹം എന്റെ അടുത്തേക്ക് മടങ്ങിയെത്തും. ഖുര്‍ആന്‍ മനഃപാഠവും നമസ്‌കാരവും ചെറുപ്പത്തില്‍ എന്തുകൊണ്ടാണ് ഇത്ര ഭാരമായിത്തീര്‍ന്നതെന്ന് എനിക്കറിയില്ല. ഏതായാലും ലോകം മുഴുവന്‍ അലഞ്ഞുനടന്ന് അവ രണ്ടില്‍നിന്നും പിതാവിന്റെ അധികാരത്തില്‍നിന്നും മോചിതനായ ശേഷം പിന്നീട് അഭിനിവേശത്തോടെ അവ രണ്ടിലേക്കും താമസംവിനാ ഞാന്‍ തിരിച്ചെത്തി; പൂര്‍ണമായ കാഴ്ചപ്പാടോടെ തന്നെ. ദൈവത്തിന് സ്തുതി. പിതാവിന് ദൈവത്തിന്റെ അനുഗ്രഹമുണ്ടാകട്ടെ. എനിക്കിഷ്ടമില്ലാഞ്ഞിട്ടും ആ ഭാരം വഹിപ്പിക്കുകവഴി എനിക്ക് അദ്ദേഹം നന്മ ചെയ്യുകയായിരുന്നു; ഉത്തമമായ ശിക്ഷണപദ്ധതി അതല്ലെന്ന് ഇപ്പോള്‍ എനിക്ക് ഉറപ്പുണ്ടെങ്കിലും.
കുടുംബത്തിന്റെ സാമ്പത്തിക കാര്യത്തില്‍ എനിക്ക് വഹിക്കാനുണ്ടായിരുന്ന മുഖ്യദൗത്യം പാടത്തെ വിളവുകളുടെ വിപണനമായിരുന്നു. കാര്‍ഷികോല്‍പന്നങ്ങള്‍ ഞാന്‍ പച്ചക്കറി വ്യാപാരിക്ക് എത്തിച്ചുകൊടുക്കും. അത് വേണ്ടതുപോലെ കൈകാര്യം ചെയ്യുക അയാളാണ്. പിറ്റേന്ന് പുതിയ ചരക്കുമായി വീണ്ടും അയാളെ സമീപിക്കുമ്പോള്‍ അയാളില്‍നിന്ന് വിറ്റതിന്റെ വില കൈപ്പറ്റും. ആ പണം കൊണ്ട് വീട്ടിലേക്കാവശ്യമായ അല്ലറചില്ലറ സാധനങ്ങള്‍ വാങ്ങും. ചായ, പഞ്ചസാര, ഉപ്പ്, എണ്ണ തുടങ്ങി ഞങ്ങള്‍ ഉല്‍പാദിപ്പിക്കാത്ത സാധനങ്ങള്‍. പാടത്തെ എന്റെ ജോലി പൊതുവെ പരിമിതമായിരുന്നു; അത്ര ക്ലേശകരവുമായിരുന്നില്ല. അതിനിടെ കഠിനമായ ചില പരീക്ഷണങ്ങള്‍ നേരിടേണ്ടിവന്നത് മാത്രമാണ് അപവാദം. എന്റെ ജീവിതത്തിന്റെ ഗതിതന്നെ എന്നെന്നേക്കുമായി തിരിച്ചുവിടാനിടയാക്കാന്‍ മാത്രം കഠിനതരവും വേദനാജനകവുമായിരുന്നു അത്. എന്റെ സ്‌കൂള്‍ പഠനം നിറുത്തല്‍ ചെയ്യാന്‍ ഉപ്പയെ നിര്‍ബന്ധിതനാക്കിയ സാഹചര്യമായിരുന്നു അതിന്റെ കാരണം. ജോലി തുടരാന്‍ സാധിക്കാത്തവിധം പിതാവ് അവശനായി. തോട്ടത്തിലെ പച്ചക്കറികൃഷിയും ഉള്ളികൃഷിയും മാത്രം ആശ്രയിച്ചു നില്‍ക്കുന്നതായിരുന്നില്ല കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതി. ഗ്രാമത്തിനു പുറത്തെ കൃഷിനിലങ്ങളും വിളകളും കൂടി നോക്കിനടത്തേണ്ടതുണ്ടായിരുന്നു. ഉപ്പ അവശനായപ്പോള്‍ ഗ്രാമത്തിലെ കൃഷിയുടെ ഭാരം ഉമ്മയും എന്റെ നേര്‍പെങ്ങന്മാരും ഏറ്റെടുത്തു. പെണ്‍കുട്ടികളായതിനാല്‍ വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടവരായിരുന്നു പെങ്ങന്മാര്‍. ഈ വിവേചനത്തില്‍ അവരിരുവരും വലിയ തോതില്‍ വിഷമിച്ചിരുന്നു. അവരിലൊരുവള്‍ -സുന്ദരിയായിരുന്നു അവള്‍- എഴുത്ത് കലയും ഖുര്‍ആന്‍ പാരായണവും സഹോദരന്മാരില്‍ നിന്ന് കേട്ടുപഠിക്കുമായിരുന്നു. അവളുടെ വിദ്യാഭ്യാസത്തിനു ആര്‍ക്കും കഷ്ടപ്പെടേണ്ടി വന്നില്ല. വീട്ടിലും വയലിലും അഹര്‍നിശം ഈ രണ്ട് സഹോദരിമാരും കഠിനാധ്വാനം ചെയ്തു. പിതാവില്‍നിന്നുള്ള എന്റെ അര്‍ധസഹോദരന്മാര്‍ ജോലി തേടി പട്ടണത്തിലേക്ക് പോയി. മുതിര്‍ന്ന രണ്ട് നേര്‍സഹോദരന്മാരാകട്ടെ വിദ്യ തേടി പട്ടണത്തിലേക്ക് യാത്രയായി. ഖുര്‍ആന്‍ മനഃപാഠം പൂര്‍ത്തിയാക്കിയ അവരെ പിതാവ് തലസ്ഥാനനഗരിയായ സൈത്തൂനയിലേക്ക് ഉപരിപഠനാര്‍ഥം അയക്കുകയായിരുന്നു. ഗ്രാമത്തില്‍ അങ്ങനെയൊരു സമ്പ്രദായം മുമ്പുണ്ടായിരുന്നില്ല. ഗ്രാമത്തില്‍നിന്ന് ആദ്യമായി ഉപരിപഠനത്തിന് പോയവര്‍ എന്റെ നേര്‍ സഹോദരന്മാരായിരുന്നു. ഉമ്മയായിരുന്നു അതിന് പ്രേരകം. വീട്ടുചെലവിന് പുറമെ പാടത്തുനിന്ന് കിട്ടുന്ന ഉല്‍പന്നങ്ങളുടെ വരുമാനത്തില്‍നിന്നൊരു വിഹിതം അവരുടെ പഠനച്ചെലവിന് കൂടി അയക്കേണ്ടതുണ്ടായിരുന്നു. എഴുപതിനോടടുത്ത പിതാവിന് വാര്‍ധക്യത്തിലെ അവശതമൂലം ഗ്രാമത്തിന് പുറത്തെ കൃഷികാര്യങ്ങള്‍ നടത്താന്‍ കഴിയാതെയായി. മുതിര്‍ന്ന ആണ്‍മക്കളൊക്കെ വിവിധ കാര്യങ്ങള്‍ക്ക് വേണ്ടി ഗ്രാമത്തിന് പുറത്തായിരുന്നു. ഗ്രാമത്തിന് പുറത്തെ കൃഷികാര്യങ്ങള്‍ നോക്കി നടത്താന്‍ പഠനം നിറുത്തുകയല്ലാതെ എനിക്ക് നിവൃത്തിയില്ലെന്ന് വന്നു. പന്ത്രണ്ടു വയസ്സു മാത്രമായിരുന്നു അന്നെനിക്ക് പ്രായം.
കൃഷിക്കും വിളവെടുപ്പിനും അമ്മാവന്മാരുടെ മക്കള്‍ക്കൊപ്പം ഞാന്‍ ഗ്രാമം വിട്ട് അകലെ പോയി. ഏതായാലും പഠനവിരാമം ഒരു വര്‍ഷത്തിലേറെ നീണ്ടുനിന്നില്ല. വര്‍ഷാവസാനം എന്റെ മുതിര്‍ന്ന സഹോദരന്‍ ബിരുദം ലഭിച്ചു. അധ്യാപകനായി അദ്ദേഹം നിയമിക്കപ്പെടുകയും ചെയ്തു. ഞാന്‍ വീണ്ടും സ്‌കൂളിലേക്ക് മടങ്ങി പഠനം പുനരാരംഭിച്ചു. എന്റെ ജീവിതത്തിലെ ഏറ്റവും വേദനാജനകമായ അനുഭവമായിരുന്നു പഠനം നിറുത്തിയ ഈ ഇടക്കാലം. പന്ത്രണ്ട് വയസ്സുകാരനായ ഞാന്‍ മുതിര്‍ന്ന തൊഴിലാളികള്‍ക്കൊപ്പം പുറം ഭൂമിയില്‍ പോയി കഠിനാധ്വാനം ചെയ്യാന്‍ നിര്‍ബന്ധിതനാവുകയായിരുന്നു. മുതിര്‍ന്ന മച്ചുനന്മാരോടൊപ്പം എന്റെ കുടുംബത്തെ എനിക്ക് പ്രതിനിധാനം ചെയ്യേണ്ടിവന്നു. ഈയൊരു അനുഭവം ഒഴിച്ചുനിറുത്തിയാല്‍ സാധാരണ ബാല്യമായിരുന്നു എന്റേത്.
ഗണ്യമായ പരിഷ്‌കരണ പ്രക്രിയക്ക് വിധേയമായ സൈത്തൂനി വിദ്യാഭ്യാസ സമ്പ്രദായ പ്രകാരം സെക്കന്ററി പഠനത്തിന്റെ അവസാന വര്‍ഷമെത്തിയപ്പോള്‍ അറബ്-ഇസ്‌ലാമിക സംസ്‌കാരത്തിന്റെ ചട്ടക്കൂടില്‍ ആധുനിക ശാസ്ത്രങ്ങള്‍ ഉള്‍ക്കൊള്ളുക എന്നത് എന്റെ ലക്ഷ്യമായി മാറി. എന്നെ ഏറെ ആകര്‍ഷിച്ച പാഠ്യവിഷയം തത്ത്വശാസ്ത്രമായിരുന്നു. അതിന്റെ ആകര്‍ഷണ വലയത്തില്‍ ഞാന്‍ നിറഞ്ഞുനിന്നു. അതേവരെ പരിചയിച്ചിട്ടില്ലാത്ത വിശാലമായ ചക്രവാളങ്ങള്‍ അത് എന്റെ മുന്നില്‍ തുറന്നിട്ടു. ദൈവവിശ്വാസം, മനുഷ്യന്റെ മരണാനന്തര പരിണതി, വിധിവിശ്വാസം തുടങ്ങിയ സൈദ്ധാന്തിക പ്രശ്‌നങ്ങളെ ചുറ്റിപ്പറ്റിയുള്ള തര്‍ക്കത്തില്‍ ഞാന്‍ ആമഗ്നനായി തീര്‍ന്നു. ഞങ്ങളെ മതവിഷയങ്ങള്‍ പഠിപ്പിച്ചിരുന്ന ചില ഗുരുജനങ്ങളെ പരിഹസിക്കാനും വിഡ്ഢികളാക്കാനുമുള്ള ആയുധങ്ങള്‍ എന്റെ കൈയില്‍ വെച്ചുതന്നത് തത്ത്വശാസ്ത്രമായിരുന്നു. ആ ആയുധങ്ങള്‍ മതപണ്ഡിതന്മാര്‍ക്കെതിരെ പ്രയോഗിക്കുന്നതില്‍ ഞാന്‍ രസം കണ്ടെത്തി. സത്യം പറഞ്ഞാല്‍ ഉപ്പയില്‍നിന്ന് പഠിച്ചറിഞ്ഞ ചിലതൊഴികെ ഇസ്‌ലാമിലേക്ക് ആകര്‍ഷിക്കുന്ന യാതൊന്നുമില്ലാതെയാണ് സൈത്തൂന സര്‍വകലാശാലയില്‍നിന്ന് ഞാന്‍ പുറത്തുവന്നത്. ചിന്താപരമായി മിക്കവാറും ഒരു സന്ദേഹവാദിയായിരുന്നു അന്ന് ഞാന്‍. ധൈഷണിക വിഭ്രാന്തി ബാധിച്ച ഞാന്‍ പഴമക്കെതിരെ കലാപം ചെയ്തു. മതാധ്യാപകര്‍ സ്വീകരിച്ചിരുന്ന ശൈലിയുടെ പ്രത്യാഘാതം മാത്രമായിരുന്നു അത്. സൈത്തൂന സര്‍വകലാശാലയില്‍ നിലനിന്നിരുന്ന വിദ്യാഭ്യാസ പദ്ധതിക്കെതിരെയുള്ള പ്രതിഷേധം കാരണം സര്‍വകലാശാല അവതരിപ്പിക്കുന്ന ഇസ്‌ലാമിന്റെ ചിത്രം ഞങ്ങളുടെ ചോദ്യങ്ങള്‍ക്കൊന്നും മറുപടി നല്‍കാന്‍ പര്യാപ്തമായിരുന്നില്ല. ഇസ്‌ലാമിനെ കുറിച്ചു ഒരു ആത്മവിശ്വാസവും അത് ഞങ്ങള്‍ക്ക് പ്രദാനം ചെയ്തില്ല. ഇസ്‌ലാമിന്റെ കാലോചിതമായ ചിത്രമായിരുന്നില്ല മതാധ്യാപകര്‍ ഞങ്ങള്‍ക്കു മുമ്പില്‍ സമര്‍പ്പിച്ചത്. ഇസ്‌ലാമിക നിയമ മീമാംസ(ഫിഖ്ഹ്)യുടെ ക്ലാസില്‍ പ്രവേശിക്കുമ്പോള്‍ ഏതോ പുരാതന ചരിത്രമ്യൂസിയത്തില്‍ പ്രവേശിക്കുന്ന പ്രതീതിയായിരുന്നു ഞങ്ങള്‍ക്ക്. അതില്‍നിന്ന് പുറത്ത് കടക്കുമ്പോള്‍ മറ്റൊരു ലോകമാണ് ഞങ്ങള്‍ കാണുക. ഇസ്‌ലാമുമായി യാതൊരു ബന്ധവുമില്ലാത്ത ഒരു അധുനാതന ലോകം.
മതപാഠ്യവിഷയങ്ങള്‍ക്ക് ജീവിക്കുന്ന കാലവുമായി സന്ധിക്കുന്ന ഒരു പാലമായി വര്‍ത്തിക്കാന്‍ കഴിഞ്ഞില്ല. ഒരു ബദല്‍ വിദ്യാഭ്യാസത്തെ കുറിച്ച യാതൊരു സങ്കല്‍പവും അവയിലുണ്ടായിരുന്നില്ല. വര്‍ത്തമാന കാലവുമായി ഒരു ബന്ധവുമില്ലാത്ത വിഷയങ്ങള്‍ ഇസ്‌ലാമിക സാമ്പത്തിക പദ്ധതിയോ ഇസ്‌ലാമിക രാഷ്ട്രമോ ഇസ്‌ലാമിക കലയോ ഒരു ജീവിത പദ്ധതി എന്ന നിലയിലുള്ള ഇസ്‌ലാമോ അന്ന് ഈ ഗുരു ജനങ്ങളിലാര്‍ക്കും ഒരു വിഷയമേ ആയിരുന്നില്ല. കാലിക പ്രശ്‌നങ്ങളില്‍ ഇസ്‌ലാമിന്റെ നിലപാടുകളെക്കുറിച്ച് അവര്‍ക്ക് ഒന്നും പറയാനുണ്ടായിരുന്നില്ല. ഉടമയെ വെട്ടിച്ച് ഓടി രക്ഷപ്പെടുന്ന അടിമയെയും അലഞ്ഞുനടക്കുന്ന കാലികളെയും സംഭവലോകവുമായി ഒരു ബന്ധവുമില്ലാത്ത പ്രശ്‌നങ്ങളെയും പഴകിപ്പുളിച്ച ശാഖാവിഷയങ്ങളെയും കാലഘട്ടത്തിന്റെ ഭാഷയില്‍നിന്നും യുക്തിയില്‍നിന്നും വിഛിന്നമായ ഭാഷാ ചര്‍ച്ചകളെയും കുറിച്ചല്ലാതെ ക്ലാസ്മുറിയില്‍ മറ്റൊന്നും ഞങ്ങള്‍ക്ക് കേള്‍ക്കാനുണ്ടാവുകയില്ല. ഈ വരണ്ട മതവിജ്ഞാനീയങ്ങളോടൊപ്പമാണ് ഗണിതം, ഊര്‍ജതന്ത്രം, രസതന്ത്രം, ഭൂമിശാസ്ത്രം തുടങ്ങിയ ആധുനിക ശാസ്ത്രീയ വിഷയങ്ങളും ഞങ്ങള്‍ പഠിക്കുന്നത്; അതും വിദേശ ഭാഷയില്‍. ഒരേ ദിവസം രണ്ടു ഭിന്ന ലോകങ്ങളിലായിരുന്നു ഞങ്ങളുടെ ജീവിതം. തെരുവിലിറങ്ങിയാലോ ഈ അന്യഥാത്വം കൂടുകയുമായി.
ഞാന്‍ വളര്‍ന്നുവന്ന അഗാധമായ മതശിക്ഷണമില്ലായിരുന്നെങ്കില്‍ കുടുംബത്തില്‍നിന്ന് നേടിയതൊക്കെ പ്രസ്തുത വികല മതം നശിപ്പിച്ചിട്ടുണ്ടാകുമായിരുന്നു. അങ്ങനെ തന്നെയായിരുന്നു ഭൂരിപക്ഷം വിദ്യാര്‍ഥികളുടെ അവസ്ഥയും. സൈത്തൂനയിലെ അവസാനഘട്ടത്തില്‍ പഠിച്ചുകൊണ്ടിരുന്ന മുവ്വായിരത്തോളം വിദ്യാര്‍ഥികളില്‍ നമസ്‌കാരം നിര്‍വഹിച്ചിരുന്നവര്‍ മൂന്നോ നാലോ പേര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അറബി-ഇസ്‌ലാമിക വിദ്യാഭ്യാസമായിരുന്നുവെങ്കിലും ഇതായിരുന്നു അവസ്ഥ. അങ്ങാടിയിലേക്ക് തുറക്കുന്ന കവാടങ്ങളുണ്ടായിരുന്നു സൈത്തൂന സര്‍വകലാശാലക്ക്. കച്ചവടക്കാര്‍ സായാഹ്ന പ്രാര്‍ഥനയുടെ സമയമായെന്ന് മനസ്സിലാക്കിയിരുന്നത് വിദ്യാര്‍ഥികള്‍ പുകവലിക്കാനായി കലാശാലയുടെ മട്ടുപ്പാവിലേക്ക് പോകുമ്പോഴായിരുന്നു. അസ്ര്‍ നമസ്‌കാരത്തിന്റെ സമയസൂചിയായിരുന്നു അത്. അപ്പോള്‍ കടകളടച്ചു വ്യാപാരികള്‍ വേഗം നമസ്‌കാരത്തിനായി പുറപ്പെടും. ശരീഅഃ വിഷയങ്ങള്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ അന്നേരം പുകവലിച്ചു തമാശപറയുകയായിരിക്കും. മത പാഠ്യപദ്ധതിയുടെ പിന്നാക്കാവസ്ഥയായിരുന്നു അതിന് കാരണം.
വിവ: വി.എ കബീര്‍
(ഐ.പി.എച്ച് പുറത്തിറക്കുന്ന റാശിദുല്‍ ഗനൂശി- ആത്മകഥയില്‍നിന്ന്)
Comments