Prabodhanm Weekly

Pages

Search

2012 നവംബര്‍ 10

മലാല ദുരന്തം

പാകിസ്താന്റെ അതിര്‍ത്തി പ്രദേശമായ സ്വാത് താഴ്‌വരയിലെ മലാല യൂസുഫ് സയി എന്ന പതിനാലുകാരി ഭീകരാക്രമണത്തിനിരയായി ഗുരുതരമായ പരിക്കേറ്റ് മരണവുമായി മല്ലടിക്കുകയാണ്. കഴിഞ്ഞ ഒക്‌ടോബര്‍ 9-ന് കൂട്ടുകാരികളോടൊപ്പം സ്‌കൂള്‍ വാനില്‍ സഞ്ചരിക്കുമ്പോള്‍ മലാലക്ക് വെടിയേല്‍ക്കുകയായിരുന്നു. താലിബാന്‍ ഭീകരന്മാരാണ് ആക്രമിച്ചതെന്നാണ് വാര്‍ത്ത. 2009-ല്‍ മലാലയുടേതടക്കം നിരവധി വിദ്യാലയങ്ങള്‍ താലിബാന്‍കാര്‍ തകര്‍ത്തുകളഞ്ഞിരുന്നു.പക്ഷേ, മലാല പഠനം നിര്‍ത്തിയില്ല. അന്നും കേവലം 11 വയസ്സുണ്ടായിരുന്ന അവള്‍ എന്തു വില കൊടുത്തും വിദ്യാഭ്യാസം തുടരാന്‍ ദൃഢപ്രതിജ്ഞയെടുത്തതോടൊപ്പം പെണ്‍കുട്ടികളുടെ വിദ്യാഭ്യാസാവകാശ സംരംക്ഷണാര്‍ഥം ശക്തമായ ഒരു പ്രസ്ഥാനം സംഘടിപ്പിക്കുകയും ചെയ്തു. മലാലയെ കൊണ്ട് ഡയറി കുറിപ്പുകളെഴുതിച്ച് സംപ്രേഷണം ചെയ്ത് ബി.ബി.സി അവളെ ലോക പ്രശസ്തയാക്കി. അങ്ങനെയാണത്രെ താലിബാന്‍ മലാലയുടെ ശത്രുവായത്.
നിര്‍മലയായ ഒരു ബാലിക വിദ്യാഭ്യാസ പ്രേമത്തിന്റെ പേരില്‍ വെടിയുണ്ടക്കിരയാകുന്നത് അത്യന്തം ഭയാനകവും ദുഃഖകരവുമാണ്. മനുഷ്യത്വമുള്ള ആര്‍ക്കും പ്രതിഷേധിക്കാതിരിക്കാനാവാത്ത കൊടിയ കുറ്റകൃത്യമാണത്. സ്ത്രീവിദ്യാഭ്യാസം എതിര്‍ക്കപ്പെടുക എന്നതുതന്നെ ആധുനിക ലോകത്ത് ഏതൊരു സമൂഹത്തിനും മതിയായ നാണക്കേടാണ്. മലാലയെപോലുള്ളവരുടെ മാതാക്കള്‍ നിരക്ഷരതയുടെ കൂരിരുട്ടില്‍ വാണതിന്റെ കൂടി ഉല്‍പന്നമാണ് ഇന്ന് സ്ത്രീസാക്ഷരതക്കു നേരെ വെടിയുതിര്‍ക്കുന്ന ഭീകരന്മാരുടെ സാന്നിധ്യം എന്നതത്രെ വാസ്തവം. ഭാഗ്യവശാല്‍ മലാല മരിച്ചിട്ടില്ല. ആ കുട്ടി എത്രയും വേഗം ആരോഗ്യം വീണ്ടെടുത്ത് ദീര്‍ഘായുസ്സായിരിക്കാന്‍ കരുണാമയനായ അല്ലാഹു അനുഗ്രഹിക്കുമാറാകട്ടെ. വെടിയേറ്റ ഉടനെത്തന്നെ അവള്‍ക്ക് പാക് സൈനിക ആശുപത്രിയില്‍ വിദഗ്ധ ചികിത്സ ലഭിച്ചു. കൂടുതല്‍ വിദഗ്ധമായ ചികിത്സക്കുവേണ്ടി കഴിഞ്ഞ 15-ന് പ്രത്യേകം തയാറാക്കിയ വിമാനത്തില്‍ അവളെ ലണ്ടനിലെത്തിച്ചിരിക്കുകയാണ്.
മലാലയുടെ ദുരന്തം പരിഷ്‌കൃത ലോകം സ്വന്തം ദുരന്തമായി ഏറ്റെടുത്തിരിക്കുന്നു. നാനാദിക്കുകളില്‍നിന്നും അവള്‍ക്ക് അനുഭാവവും ഐക്യദാര്‍ഢ്യവും, താലിബാനികള്‍ക്കെതിരെ ഭര്‍ത്സനവും ഉയര്‍ന്നുകൊണ്ടിരിക്കുന്നു. മുസ്‌ലിം വനിതാ വിമോചനത്തിന്റെയും വിദ്യാഭ്യാസ സ്വാതന്ത്ര്യത്തിന്റെയും ഐക്കണായി മാറിയിരിക്കുന്നു ആ പതിനാലുകാരി. 'ഇസ്‌ലാമിക മതഭ്രാന്തി'നെതിരെയുള്ള വിപ്ലവത്തിന്റെ ധ്വജവാഹകയുമാണവള്‍. പാക് ഗവണ്‍മെന്റ് അവളെ രാജ്യത്തിന്റെ ഏറ്റം വിലപ്പെട്ട ദേശീയ പുരസ്‌കാരത്തിനര്‍ഹയായി പ്രഖ്യാപിച്ചിരിക്കുന്നു. മലാലയെപ്പോലുള്ളവര്‍ പ്രോത്സാഹിപ്പിക്കപ്പെടുന്നതും പ്രശംസിക്കപ്പെടുന്നതും, അത്തരക്കാര്‍ക്കു നേരെ തോക്കു ചൂണ്ടുന്നവര്‍ അഭിശംസിക്കപ്പെടുന്നതും സന്തോഷകരം തന്നെ. പക്ഷേ, അത്തരം സന്ദര്‍ഭങ്ങള്‍ ഇസ്‌ലാമിനെയും മുസ്‌ലിം സമുദായത്തെയും അവമതിക്കാനും ആക്ഷേപിക്കാനുമുള്ള അവസരങ്ങളായി ഉപയോഗിക്കുന്നത് തികച്ചും ഖേദകരവും പ്രതിഷേധാര്‍ഹവുമാകുന്നു. താലിബാന്‍ സ്ത്രീവിദ്യാഭ്യാസം നിരോധിക്കുന്നു, വനിതകളുടെ അവകാശങ്ങളും സ്വാതന്ത്ര്യവും നിഷേധിക്കുന്നു. അവരെ ഇരുട്ടുമുറികളിലടച്ചിട്ട് പീഡിപ്പിക്കുന്നു, പ്രാകൃതമായ ഇസ്‌ലാമിക നിയമങ്ങള്‍ നടപ്പിലാക്കുകയാണവര്‍... ഇങ്ങനെ പോകുന്നു വിമര്‍ശനങ്ങള്‍. താലിബാന്‍ പൊതു മുസ്‌ലിം സമൂഹത്തെയോ മുഖ്യധാര ഇസ്‌ലാമിക സംഘടനകളെയോ പ്രസ്ഥാനങ്ങളെയോ ഒന്നും പ്രതിനിധീകരിക്കുന്നില്ല എന്ന കാര്യം പകല്‍ വെളിച്ചം പോലെ വ്യക്തമാണ്. എന്നിട്ടും അവരുടെ അതിക്രമങ്ങളെ ഇസ്‌ലാമിന്റെ മൗലിക നിയമങ്ങളായി അവതരിപ്പിക്കപ്പെടുന്നതിനു പിന്നില്‍ കുത്സിതമായ ചില ലക്ഷ്യങ്ങളുണ്ട്. പാശ്ചാത്യ ശക്തികള്‍ അഫ്ഗാനിലും പാകിസ്താനിലും യുദ്ധം ചെയ്യുന്നത് മലാലയെ വെടിവെച്ച ഭീകരരോടാണ്. പരിഷ്‌കൃത ലോകത്തിന് വന്‍ വിപത്താണവര്‍. കൊച്ചു കുട്ടികളെപ്പോലും നിഷ്ഠുരമായി വെടിവെച്ചുകൊല്ലുകയും സ്ത്രീകളെ ക്രൂരമായി അടിച്ചമര്‍ത്തുകയുംചെയ്യുന്ന മതമാണിസ്‌ലാം. ആ സംസ്‌കാരത്തെയും അതിന്റെ ഉപജ്ഞാതാവിനെയും സാഹിത്യം, സിനിമ, കാര്‍ട്ടൂണ്‍ തുടങ്ങിയ ആവിഷ്‌കാരങ്ങളിലൂടെ നിന്ദിക്കുകയും നിഷേധിക്കുകയും ചെയ്യുന്നത് പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാകുന്നു. ഇതാണ് പാശ്ചാത്യര്‍ ലോകത്തിനു നല്‍കാനാഗ്രഹിക്കുന്ന സന്ദേശം.
ഈ സാഹചര്യത്തില്‍ പ്രസക്തമാകുന്ന ചില ചോദ്യങ്ങളുണ്ട്. 'താലിബാന്‍' എന്നറിയപ്പെടുന്ന നിരവധി ഗ്രൂപ്പുകളുണ്ട് പാകിസ്താനില്‍. അവയില്‍ ചിലത് അമേരിക്കയുടെ സൃഷ്ടികളാണ്. സി.ഐ.എയുടെയും മൊസാദിന്റെയും ഏജന്റുമാരാണ് അവരെ നയിക്കുന്നത്. പാകിസ്താനിലെ മിക്ക സ്‌ഫോടനങ്ങളുടെയും ഉത്തരവാദികള്‍ അവരാണ്. ഇക്കൂട്ടത്തില്‍ ഏതു താലിബാന്‍ ഗ്രൂപ്പാണ് മലാലയെ വെടിവെച്ചത്? അമേരിക്ക നടത്തുന്ന ഡ്രോണ്‍ ആക്രമണങ്ങളില്‍ നൂറുകണക്കിന് പാകിസ്താനികള്‍ കൊല്ലപ്പെട്ടുകൊണ്ടിരിക്കുന്നു. കല്യാണ വീടെന്നോ മരണ വീടെന്നോ ഭേദമില്ലാതെ പെയ്തിറങ്ങുന്ന ബോംബുകളാല്‍ മരിച്ചുവീഴുകയും അംഗഹീനരാവുകയും മരിച്ചു ജീവിക്കുകയും ചെയ്യുന്നവരില്‍ എത്രയോ മലാലമാരും അവരുടെ സഹോദരന്മാരുമുണ്ട്. അവര്‍ക്കാര്‍ക്കും മാധ്യമങ്ങളുടെ പരിചരണമോ ചികിത്സാ സഹായങ്ങളോ ലഭിക്കുന്നില്ല. അവരുടെയൊന്നും പേരുകള്‍ പോലും ആരും അറിയുകയോ അന്വേഷിക്കുകയോ ചെയ്യാത്തതെന്തേ? മലാലക്ക് വിദേശ ചികിത്സ ലഭ്യമാക്കാന്‍ സത്വര നടപടി സ്വീകരിച്ച പാക് ഗവണ്‍മെന്റ് പോലും ഹതഭാഗ്യരായ ആ ഭാവി പൗരന്മാരെ തിരിഞ്ഞുനോക്കുന്നില്ലല്ലോ. ഇനിയൊരു ചോദ്യം താലിബാനെ രൂക്ഷമായി അപലപിക്കുന്ന മുസ്‌ലിം കേന്ദ്രങ്ങളോടും പ്രസിദ്ധീകരണങ്ങളോടുമാണ്. മലാല ദുരന്തത്തിനുത്തരവാദികള്‍ താലിബാനാണെങ്കില്‍ തീര്‍ച്ചയായും അവര്‍ അപലപിക്കപ്പെടേണ്ടതുതന്നെയാണ്. അതിനു പക്ഷേ യഥാര്‍ഥ താലിബാന്‍ തന്നെയാണത് ചെയ്തതെന്ന് വ്യക്തമായി ബോധ്യപ്പെടേണ്ടതില്ലേ? ഈ വിഷയത്തില്‍ അധിനിവേശശക്തികളുടെയും മാധ്യമങ്ങളുടെയും ഭാഷ്യമല്ലാതെ, അത്തരമൊരു ബോധ്യം കൈവന്നിട്ടുണ്ടോ? യൂസുഫ് മലാലയെ വെടിവെച്ചതിലൂടെ അധിനിവേശ ശക്തികള്‍ക്ക് ഒരു കോട്ടവുമുണ്ടായിട്ടില്ല. താലിബാനികള്‍ക്ക് നേട്ടവുമുണ്ടായിട്ടില്ല. അവര്‍ക്കുണ്ടായിട്ടുള്ളത് കോട്ടമാണ്. അവര്‍ക്കെതിരായ ആഗോള വികാരം ശക്തിപ്പെട്ടു. അവര്‍ക്കെതിരെ മാത്രമല്ല മുസ്‌ലിം സമുദായത്തിനും ഇസ്‌ലാംമതത്തിനുമെതിരെ കൂടുതല്‍ ആക്രമണമഴിച്ചുവിടാന്‍ പാശ്ചാത്യ ശക്തികള്‍ക്ക് വര്‍ധിച്ച ധാര്‍മിക വീര്യം ലഭിച്ചു. സംഭവത്തിന്റെ മൊത്തം ഗുണഭോക്താക്കളെ പരിഗണിച്ചുകൊണ്ട് മലാല ദുരന്തം അമേരിക്കയുടെ സൃഷ്ടിയായിരുന്നില്ലേ എന്നു സംശയിക്കുന്നവരുണ്ട്. എന്തായാലും ഒരു പാവം പെണ്‍കുട്ടി നേരിട്ട ദുരന്തം ഇസ്‌ലാംവിരുദ്ധ പ്രചാരണം കൊഴുപ്പിക്കാനും വസീറിസ്താനില്‍ അമേരിക്ക നടത്തുന്ന നഗ്നമായ നരമേധത്തെ ന്യായീകരിക്കാനും ഉപയോഗിക്കപ്പെടുന്നുവെന്ന് അഭിപ്രായപ്പെടുന്നവരാണ് പാകിസ്താനിലെ പല നേതാക്കളും. ഇംറാന്‍ ഖാന്‍, ഖാദി ഹുസൈന്‍ തുടങ്ങിയവര്‍ അക്കൂട്ടത്തില്‍ പെടുന്നു.

Comments

Other Post

ഖുര്‍ആന്‍ ബോധനം

അല്‍ ഇസ്റാഅ്
എ.വൈ.ആര്‍