Prabodhanm Weekly

Pages

Search

2012 നവംബര്‍ 10

ഇഷ്ടദാനവും അനന്തരാവകാശവും

എം.വി മുഹമ്മദ് സലീം

സ്ത്രീധന സമ്പ്രദായം ഇസ്‌ലാമിലെ അനന്തരാവകാശ നിയമത്തെ കൊഞ്ഞനം കുത്തുന്ന ഒരു വിഷമസന്ധിയിലാണ് നാം ജീവിക്കുന്നത്. അത്തരം ഒരു പ്രശ്‌നമാണ് ഇവിടെ ഉന്നയിക്കുന്നത്. പിതാവിന്റെ കാലത്ത് ഒരു സഹോദരിയെ സ്വര്‍ണവും കാശും നല്‍കി കല്യാണം ചെയ്തു കൊടുത്തു. അദ്ദേഹത്തിന്റെ മരണശേഷം മറ്റൊരു സഹോദരിയുടെ കല്യാണവും നടത്തി.
ആ ധനമെല്ലാം പിതാവ് കൊടുത്ത ഇഷ്ടദാനമാണെന്നാണ് സഹോദരിയുടെ വാദം. ഇസ്‌ലാമിലെ അനന്തരാവകാശ നിയമപ്രകാരം അവകാശികള്‍ക്ക് പ്രത്യേക സാഹചര്യത്തിലല്ലാതെ ഇഷ്ടദാനമോ വസ്വിയ്യത്തോ ഇല്ലല്ലോ? ആ നിലക്ക് പിതാവ് അവര്‍ക്ക് കൊടുത്തതും പരിഗണിച്ച് അനന്തരാവകാശം നല്‍കുമ്പോള്‍ അവര്‍ക്ക് ശിഷ്ടഭാഗം നല്‍കിയാല്‍ പോരേ? വിശദമായ മറുപടി പ്രതീക്ഷിക്കുന്നു.
സ്ത്രീ വിമോചനത്തില്‍ ചരിത്രം കുറിച്ച നിയമസംഹിതയാണ് ഇസ്‌ലാമിന്റേത്. സ്ത്രീയെ ആത്മീയമായും സാമ്പത്തികമായും സാമൂഹികമായും സമുദ്ധരിക്കാന്‍ സമുചിതമായ നിയമങ്ങളിലൂടെ ഇസ്‌ലാമിന് സാധിച്ചു. ഇന്ന് അറബ് നാടുകളില്‍ അവകാശങ്ങളെക്കുറിച്ച് വ്യക്തമായ അവബോധമുള്ള വനിതകളാണുള്ളത്. പുരുഷന്മാരില്‍ നിന്ന് അര്‍ഹമായ സംരക്ഷണവും മാന്യമായ സാമ്പത്തിക പരിഗണനയും നേടുവാന്‍ അവര്‍ക്ക് സാധിക്കുന്നു. സ്വന്തം നാട്ടിലെ സത്രീകളെ വേണ്ടുംവിധം ആദരിക്കാന്‍ കഴിയാതാകുമ്പോള്‍ അറബികള്‍ അന്യനാടുകളില്‍ പോയി ഇണകളെ തേടാറുണ്ട്.
ഇസ്‌ലാം സ്ത്രീകള്‍ക്ക് നേടിക്കൊടുത്ത ഈ സാമൂഹിക നിലവാരം നിരാകരിച്ച് അജ്ഞാനയുഗത്തെ ഓര്‍മിപ്പിക്കുമാറ് സ്ത്രീയെ ഒരു ഭാരവും ബാധ്യതയുമാക്കി മാറ്റിയിരിക്കുകയാണ് നമ്മുടെ നാട്ടില്‍ മുസ്‌ലിം സമുദായം. പൊന്നും പണവുമില്ലെങ്കില്‍ പെണ്ണിനെ പുരയില്‍ നിന്നിറക്കാനാവാത്തതിനാല്‍ കിടപ്പാടം പണയപ്പെടുത്തിയും കടക്കെണിയില്‍ കുടുങ്ങിയും മക്കളെ വിവാഹം ചെയ്ത് കൊടുക്കുന്ന എത്രയെത്ര ഹതഭാഗ്യരെയാണ് ഈ നശിച്ച സ്ത്രീധന സമ്പ്രദായം സൃഷ്ടിച്ചു വിട്ടത്.
യഥാര്‍ഥ ഇസ്‌ലാമിന്റെ തിരിച്ചുവരവ് ഭയപ്പെടുന്ന യാഥാസ്ഥിതിക പുരോഹിതന്മാര്‍ ഇത്തരം അനാചാരങ്ങളെ നിലനിര്‍ത്താന്‍ പതിനെട്ടടവും പയറ്റിക്കൊണ്ടിരിക്കുന്നു. ഇതാണ് ഈ അനാചാരങ്ങളില്‍ നിന്ന് സമുദായത്തിന് മോചനം ലഭിക്കാതിരിക്കാനുള്ള പ്രധാന കാരണം.
ചോദ്യകര്‍ത്താവ് സ്ത്രീധന സമ്പ്രദായത്തിന്റെ മറ്റൊരു ദോഷവശത്തെക്കുറിച്ചാണ് അന്വേഷിച്ചിരിക്കുന്നത്. ഒരാളുടെ സ്വത്തിന്റെ പ്രധാന പങ്ക് പെണ്‍മക്കളെ വിവാഹം കഴിച്ചയക്കാന്‍ ചെലവായി. മരണാനന്തരം ദായധനം പങ്കിടുമ്പോള്‍ പുരുഷസന്തതികള്‍ക്ക് തുച്ഛമായ വിഹിതം മാത്രമേ ലഭിച്ചുള്ളൂ. നേരത്തെ പൊന്നും പണവുമായി ഒരു നല്ല വിഹിതം ലഭിച്ച സ്ത്രീസന്തതികള്‍ അവരുടെ വിഹിതം കണക്കു പറഞ്ഞു വാങ്ങുന്നു. തങ്ങള്‍ക്ക് ലഭിച്ചത് പിതാവിന്റെ ഇഷ്ടദാനമാണെന്നും അതിന് അനന്തരാവകാശവുമായി ബന്ധമില്ലെന്നും അവര്‍ പറയുന്നു. ആദ്യം കൊടുത്ത സമ്പത്ത് കൂടി അനന്തരാവകാശത്തിലേക്ക് വകയിരുത്തണമെന്നാണ് ചോദ്യകര്‍ത്താവുന്നയിക്കുന്ന ആശയം.
അനര്‍ഹമായി സമ്മര്‍ദ്ദതന്ത്രത്തിലൂടെ സ്വത്ത് നേടുന്ന സമ്പ്രദായമാണ് സ്ത്രീധനം. ഇത് നിഷിദ്ധമാണ്. അല്ലാഹുവില്‍ വിശ്വാസമുള്ള മുസ്‌ലിംകള്‍ വര്‍ജിക്കേണ്ട പാപമാണ്. ഈ സമ്പ്രദായം അവസാനിപ്പിക്കാതെ അതിന്റെ കെടുതികളില്‍ നിന്ന് സമുദായത്തെ രക്ഷിക്കാനാവില്ല. നമ്മുടെ രാജ്യത്ത് നിയമം മൂലം നിരോധിക്കപ്പെട്ടതാണ് സ്ത്രീധനം. എന്നിട്ടും മുസ്‌ലിം സമുദായം ഇതെന്തുകൊണ്ട് തുടരുന്നുവെന്നത് ഒരു പ്രഹേളികയാണ്. ഇസ്‌ലാം നിരോധിച്ചു, ജീവിക്കുന്ന നാട്ടിലെ നിയമവും നിരോധിച്ചു, ഇതിനെയെല്ലാം മറികടന്ന് ആസൂത്രിതമായി ഒരനാചാരം നിലനിര്‍ത്തുന്നു. രണ്ട് കുടുംബങ്ങളും തമ്മില്‍ വല്ലപ്പോഴും പിണങ്ങുമ്പോഴാണ് കൊടുത്ത പൊന്നിന്റെയും പണത്തിന്റെയും കണക്കും വലിപ്പവും കോടതിയിലും വാര്‍ത്താമാധ്യമങ്ങളിലും എത്തുന്നത്. എന്തൊരു വിരോധാഭാസം!
സ്ത്രീധനത്തെ അനന്തരാവകാശവുമായി ബന്ധപ്പെടുത്താന്‍ ന്യായമൊന്നും കാണുന്നില്ല. കാരണം, ഒരാള്‍ ജീവിച്ചിരിക്കുമ്പോള്‍ അയാളുടെ സമ്പത്ത് കൈകാര്യം ചെയ്യുന്നതിന്റെ നിയമങ്ങളല്ല അനന്തരാവകാശ നിയമം. മറിച്ച് മരണാനന്തരം അവശേഷിക്കുന്ന സമ്പത്തുമായി മാത്രമേ അതിനു ബന്ധമുള്ളൂ. ജീവിച്ചിരിക്കുന്ന കാലത്ത് ഉണ്ടാക്കിയ കടബാധ്യതകളെല്ലാം കഴിച്ച് ബാക്കി വരുന്ന സ്വത്ത് മാത്രമേ അനന്തരാവകാശികള്‍ക്ക് പങ്കിട്ടെടുക്കാന്‍ ലഭിക്കുകയുള്ളൂ. തന്റെ അനന്തരാവകാശികള്‍ക്ക് ജീവിത സൗകര്യമൊരുക്കാന്‍ മതിയാകുന്നത്ര സ്വത്ത് അവശേഷിക്കുന്നത് ഇസ്‌ലാം പ്രേരിപ്പിച്ച പുണ്യകര്‍മമാണ്.
ന്യായമായ ഏതെങ്കിലും പരിഗണനയില്‍ മക്കള്‍ക്ക് ഇഷ്ടദാനം നല്‍കുന്നത് പുണ്യമുള്ള കാര്യമാണ്. ഒരു പരിഗണനയുമില്ലാതെ നല്‍കുന്നത് അഭികാമ്യമല്ല. എന്നാല്‍ ആ ദാനം സാധുവാകും. ഇതാണ് ഇഷ്ടദാനവുമായി ബന്ധപ്പെട്ട് കര്‍മശാസ്ത്രജ്ഞന്മാര്‍ സമര്‍ഥിച്ചിരിക്കുന്നത്.
ഒരു പെണ്‍കുട്ടിയുടെ വിവാഹത്തിലൂടെ അവള്‍ക്ക് സന്തോഷകരമായ ഒരു ജീവിതം നല്‍കാനാണ് പിതാവ് സ്ത്രീധനവും പൊന്നും കൊടുക്കുന്നത്. ഇതിലെ പരിഗണന തള്ളിക്കളയേണ്ടതല്ല. നിര്‍ബന്ധിതാവസ്ഥയിലാണ് അഭികാമ്യമല്ലാത്ത സ്ത്രീധനം നല്‍കാന്‍ പിതാവ് മുന്നോട്ട് വരുന്നത്. ഇങ്ങനെ സ്ത്രീകള്‍ക്ക് ലഭിച്ച ഇഷ്ടദാനം അനന്തരാവകാശത്തില്‍ വകയിരുത്താന്‍ ന്യായമില്ല. പിതാവ് ജീവിച്ചിരിക്കുമ്പോള്‍ ചെലവഴിച്ച സമ്പത്തുമായി അനന്തരാവകാശത്തെ ബന്ധിപ്പിക്കുന്നത് പല സങ്കീര്‍ണതകള്‍ക്കും കാരണമാകും. അതിനാല്‍ മരിക്കുമ്പോള്‍ ബാക്കിയുള്ള സ്വത്താണ് അനന്തരാവകാശികള്‍ വീതിച്ചെടുക്കേണ്ടതെന്ന് ഇസ്‌ലാം നിഷ്‌കര്‍ഷിക്കുന്നു. പിതാവിന്റെ വിയോഗത്തിന് ശേഷം അവശേഷിച്ച സ്വത്തില്‍നിന്ന് അവകാശികളാരെങ്കിലും എടുത്തനുഭവിക്കുകയാണെങ്കില്‍ അത് അവരുടെ വിഹിതത്തില്‍ വകയിരുത്താം. പിതാവിന്റെ മരണശേഷം നടന്ന വിവാഹത്തിന് ചെലവായ പൊന്നും പണവും സഹോദരന്മാര്‍ വഹിക്കണമെന്നില്ല. അത് പ്രസ്തുത അവകാശിയുടെ വിഹിതത്തില്‍ വകയിരുത്താം. സാമ്പത്തികമായി സൗകര്യമുള്ളവരെ സഹായിക്കാന്‍ മറ്റുള്ളവര്‍ക്ക് ബാധ്യതയില്ല.
സ്വത്തുക്കള്‍ ഓഹരി വെക്കുമ്പോള്‍
ഇസ്‌ലാമിക പ്രവര്‍ത്തകനായ ഞങ്ങളുടെ വന്ദ്യപിതാവ് ഈയിടെ മരണപ്പെട്ടു. പിതാവ് തുടങ്ങിയ ഒരു കച്ചവടസ്ഥാപനമാണ് ഈ ചോദ്യമയക്കാന്‍ പ്രചോദനം. പിതാവ് തുടങ്ങിയ സ്ഥാപനമാണെങ്കിലും മൂത്ത മകനും പണം നല്‍കി സഹായിച്ചിരുന്നു. പച്ചവെച്ച് തുടങ്ങിയ സ്ഥാപനം പിതാവ് മറ്റൊരു മകനെ മാത്രം കൂട്ടുപിടിച്ച് സജീവമാക്കി. പിതാവിന്റെ സാന്നിധ്യത്തില്‍ തന്നെ പ്രസ്തുത മകന്‍ സ്വന്തമെന്നപോലെ സ്ഥാപനം നടത്തിക്കൊണ്ടുപോരുകയും കുടുംബങ്ങള്‍ക്ക് വേണ്ടി അതില്‍നിന്നും വേണ്ടതെല്ലാം ചെയ്തുകൊണ്ടിരിക്കുകയും ചെയ്തു. ഈ സ്ഥാപനത്തില്‍ നിന്നുകൊണ്ട് പ്രസ്തുത മകന്‍ മറ്റൊരു സ്ഥാപനവും സ്ഥലവും സ്വന്തമാക്കുകയും തന്റേതായ മേല്‍വിലാസമുണ്ടാക്കുകയും ചെയ്തു. പിതാവിന്റെ മരണശേഷം സ്വത്ത് ഓഹരി വെക്കുമ്പോള്‍, പിതാവിന്റെ സ്ഥാപനത്തില്‍ നിന്നുകൊണ്ട് തന്റെ സമയവും അധ്വാനവും ചെലവഴിച്ച് മറ്റൊരു സ്ഥാപനവും വസ്തുവും സ്വന്തമാക്കിയ പ്രസ്തുത മകന്റെ സ്വത്തുക്കളും ഓഹരി വെക്കേണ്ടതുണ്ടോ?
പരസ്പര ബന്ധത്തിന്റെ അടിസ്ഥാനത്തില്‍ മാതാക്കളും മക്കളും തമ്മില്‍ നടക്കുന്ന സാമ്പത്തിക ഇടപാടുകള്‍ അനന്തരാവകാശത്തില്‍ വകയിരുത്തേണ്ടതല്ല. ചോദ്യകര്‍ത്താവ് ഉന്നയിച്ചതുപോലെ മക്കളിലൊരാള്‍ പിതാവിന്റെ കച്ചവടത്തില്‍ പണമിറക്കുമ്പോള്‍ ഈ നല്‍കുന്ന സംഖ്യ എന്റെ വിഹിതമായി രേഖപ്പെടുത്തണമെന്ന് ആവശ്യപ്പെടുകയും അത് പിതാവ് അംഗീകരിക്കുകയും ചെയ്യുമ്പോള്‍ അവരുടേത് ഒരു കൂറ് കച്ചവടമായി മാറുന്നു. ഇങ്ങനെ ഒരു നിബന്ധനയുമില്ലാതെ സ്വന്തം പിതാവിനെ കുടുംബം പുലര്‍ത്താന്‍ സഹായിക്കുന്നത് തിരിച്ച് ചോദിക്കാനോ കണക്കില്‍ വകവെക്കാനോ പറ്റുന്നതല്ല.
ഒരു സ്ഥാപനം നടത്തുമ്പോള്‍ അതില്‍നിന്ന് ലഭിക്കുന്ന അര്‍ഹമായ ആദായം ഉപയോഗിച്ച് മറ്റു സ്ഥാപനങ്ങള്‍ തുടങ്ങുന്നതിന് മതപരമായ വിലക്കില്ല. പക്ഷേ അത് തെറ്റിദ്ധാരണക്ക് വഴിവെക്കും. കുടുംബ സ്ഥാപനത്തിലെ ജോലിക്ക് കൃത്യമായ വേതനം നിശ്ചയിച്ച് നല്‍കുന്നുണ്ടെങ്കില്‍ അതിന്റെ നടത്തിപ്പിന് വേണ്ട സമയം മറ്റാവശ്യങ്ങള്‍ക്ക് വിനിയോഗിക്കാന്‍ അനുവാദമില്ല. എന്നാല്‍ വേതനം നല്‍കാതെ സേവനമായാണ് സ്ഥാപനം നടത്താന്‍ ഏല്‍പിച്ചതെങ്കില്‍ ആ കുടുംബാംഗത്തിന് തന്റെ സമയം പ്രയോജനകരമായ എന്തിനുവേണ്ടിയും വിനിയോഗിക്കാന്‍ സ്വാതന്ത്ര്യമുണ്ട്.
ചോദ്യകര്‍ത്താവ് ഈ വശങ്ങളൊന്നും വിശദീകരിച്ചിട്ടില്ല. അതിനാല്‍ അദ്ദേഹത്തിന്റെ സംശയങ്ങള്‍ക്ക് കണിശമായ ഒരു മറുപടി നല്‍കാന്‍ പ്രയാസമാണ്. കുടുംബ സ്വത്ത് വിനിയോഗിച്ചാണ് സ്വന്തം സ്ഥാപനമുണ്ടാക്കിയതെങ്കില്‍ അതില്‍ മറ്റു കുടുംബാംഗങ്ങള്‍ക്കും അവകാശമുണ്ടാകും. സമ്പത്തിന്റെ വളര്‍ച്ചക്ക് മൂലധനം മാത്രം പോര. അധ്വാനവും വേണം. ഒരു വ്യക്തിയുടെ അധ്വാനം അയാളുടെ കുടുംബത്തിന്റെ കൂട്ടുസ്വത്തല്ല. ഓരോരുത്തര്‍ക്കും സ്വതന്ത്രമായി സമ്പാദിക്കാന്‍ അവകാശമുണ്ട്. ഈ പരിഗണനകളെല്ലാം മുന്നില്‍ വെച്ചാണ് പ്രസ്തുത വിഷയകമായി ഉന്നയിക്കപ്പെട്ട സംശയങ്ങളുടെ നിവാരണം സാധിക്കേണ്ടത്.
മാതാപിതാക്കളെ പരിഗണിക്കാതിരുന്നതിനുള്ള പ്രായശ്ചിത്തം?
എന്റെ മാതാപിതാക്കള്‍ വാര്‍ധക്യം ബാധിച്ചു അവശരായപ്പോള്‍ ഭാര്യയുടെ ഉപദേശം മൂലം അവരെ തനിച്ചാക്കി ഞങ്ങള്‍ വേറെ താമസമാക്കി. അവരോടുള്ള കടമകള്‍ നിര്‍വഹിച്ചില്ല എന്നു മാത്രമല്ല, അവര്‍ക്ക് എന്തെങ്കിലും ചെയ്തിട്ടുള്ളത് തിരികെ ആവശ്യപ്പെടുകയും അവഹേളിക്കുകയും ചെയ്തു. അവര്‍ ഇന്ന് ജീവിച്ചിരിപ്പില്ല. ഇപ്പോള്‍ ആലോചിക്കുമ്പോള്‍ വലിയ ക്രൂരതയാണ് ഞാന്‍ ചെയ്തത് എന്ന് വ്യസനത്തോടെ ഓര്‍ക്കാറുണ്ട്. പാപമോചനത്തിന് അവരോട് ചെയ്ത തെറ്റ് ഏറ്റുപറഞ്ഞു പൊറുക്കലിനെ തേടാമായിരുന്നു. ഇനി അത് സാധിക്കില്ലല്ലോ. ഞാന്‍ പരലോകത്ത് ശിക്ഷിക്കപ്പെടാതിരിക്കാന്‍ എന്ത് മാര്‍ഗമാണ് എനിക്കു മുമ്പില്‍ അവശേഷിക്കുന്നത്?
മാതാപിതാക്കളോട് സ്‌നേഹമസൃണമായി പെരുമാറല്‍ മക്കളുടെ ബാധ്യതയാണ്. അവരോട് ക്രൂരത കാണിക്കുന്നത് മഹാപാപങ്ങളില്‍ ഏറ്റവും വലുതാണെന്ന് തിരുമേനി(സ) പഠിപ്പിക്കുന്നു. പെറ്റു പാലൂട്ടി വളര്‍ത്തി വലുതാക്കിയ മാതാവിനോടും സ്വന്തം രക്തവും മജ്ജയും മക്കളുടെ വളര്‍ച്ചക്കായി വറ്റിച്ച് ജരാനര ബാധിച്ച പിതാവിനോടും വെറുപ്പും വിദ്വേഷവുമുണ്ടാകാന്‍ കാരണം ചില പ്രലോഭനങ്ങളാണ്. അത് ചിലപ്പോള്‍ ആന്തരികമാവാം, മറ്റു ചിലപ്പോള്‍ ബാഹ്യമാവാം.
വിദ്യാഭ്യാസമില്ലാത്ത മാതാപിതാക്കള്‍ ചെറുപ്പത്തില്‍ കുട്ടികളെ കഠിനമായി ശാസിക്കുന്നതും ശിക്ഷിക്കുന്നതും അവരുടെ ഉപബോധ മനസ്സില്‍ മായ്ക്കാനാവാത്ത പകയും വെറുപ്പും സൃഷ്ടിക്കുന്നു. വലുതാകുമ്പോള്‍ പ്രതികാരം ചെയ്യാനുള്ള ഒരാന്തരിക പ്രചോദനമായി അത് മാറുന്നു. കുട്ടികള്‍ക്കിടയില്‍ പ്രകടമായ വിവേചനം കാണിക്കുന്നത്, ഇതുപോലെ മാതാപിതാക്കളെ വെറുക്കാന്‍ കാരണമാകുന്നു.
ഏറ്റവും പ്രിയപ്പെട്ടവരുടെ നിരന്തരമുള്ള പ്രലോഭനങ്ങളാണ് ബാഹ്യപ്രലോഭനങ്ങളില്‍ പ്രധാനം. സഹധര്‍മിണി ആവശ്യപ്പെട്ടാല്‍ അവളെ പ്രീതിപ്പെടുത്താന്‍ ഏതറ്റം വരെയും പോകാന്‍ ചില പുരുഷന്മാര്‍ സന്നദ്ധരാകുന്നു. ഇത്തരക്കാര്‍ പ്രായം ചെന്ന മാതാപിതാക്കളെ തങ്ങളുടെ സ്വര്‍ഗത്തിലെ കട്ടുറുമ്പുകളായാണ് കണക്കാക്കുന്നത്. തന്റെ സാമൂഹിക നിലവാരത്തിന് 'ചേരാത്ത' മാതാപിതാക്കളെ തള്ളിക്കളയാന്‍ തയാറാകുന്നതും ഇതുപോലെയുള്ള ഒരു ബാഹ്യപ്രചോദനത്താലാണ്.
ചോദ്യകര്‍ത്താവ് ഉപര്യുക്ത പ്രലോഭനങ്ങളില്‍ ഒന്നില്‍ പെട്ടുപോവുകയും അരുതാത്തത് പലതും ചെയ്ത് പോവുകയുമുണ്ടായി. മാതാപിതാക്കള്‍ ഈ ലോകത്ത് നിന്ന് വിടപറയുകയും ചെയ്തിരിക്കുന്നു. അവരെ പ്രീതിപ്പെടുത്താന്‍ ഭൂമിയില്‍ ഇനി ഒരവസരം ലഭ്യമല്ല. ഈ പ്രത്യേക സാഹചര്യത്തില്‍ തന്റെ പാപങ്ങളില്‍ നിന്ന് മുക്തനാവാനും പാരത്രിക മോക്ഷം സാധ്യമാകാനുമുള്ള വഴിതേടുകയാണ് അദ്ദേഹം. മാതാപിതാക്കള്‍ക്ക് വേണ്ടി അല്ലാഹുവിനോട് അകമഴിഞ്ഞ് പ്രാര്‍ഥിക്കുകയാണ് അദ്ദേഹത്തിന്റെ മുമ്പിലുള്ള പ്രധാന പോംവഴി. കൂടാതെ അവര്‍ക്കല്ലാഹുവിങ്കല്‍ ധാരാളമായി പ്രതിഫലം ലഭിക്കാനുതകുന്ന പല സുകൃതങ്ങളും അദ്ദേഹത്തിന് ചെയ്യാന്‍ സാധിക്കും. നിഷ്‌കളങ്കമായ പശ്ചാത്താപം, മാതാപിതാക്കളുടെ പ്രീതി നല്‍കാന്‍ അല്ലാഹുവിനോടുള്ള പ്രാര്‍ഥന എന്നിവയാണ് നിരന്തരമായി നിര്‍വഹിക്കേണ്ട കാര്യം. രണ്ടാമതായി ധാരാളമായി സുകൃതം ചെയ്ത് അല്ലാഹുവിങ്കല്‍ പ്രിയപ്പെട്ടവനാകാന്‍ നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുക. സുന്നത്ത് നമസ്‌കാരവും സുന്നത്ത് നോമ്പുകളും രാത്രി നമസ്‌കാരവും ദാനധര്‍മങ്ങളും ഈ പുണ്യകര്‍മങ്ങളില്‍ പ്രധാനമാണ്. പരിശുദ്ധ ഖുര്‍ആന്‍ ഹൃദിസ്ഥമാക്കുന്നത്, അല്ലാഹു മാതാപിതാക്കളെ ആദരിക്കുന്ന സുകൃതമാണ്. മാതാപിതാക്കള്‍ക്ക് വേണ്ടി, നിലനില്‍ക്കുന്ന ദാനമായ 'വഖ്ഫ്' അവരുടെ പേരില്‍ നല്‍കുന്നതും മക്കള്‍ക്ക് അവരുടെ പ്രീതി സമ്പാദിക്കാന്‍ സഹായിക്കുന്ന മാര്‍ഗമാണ്.

Comments

Other Post

ഖുര്‍ആന്‍ ബോധനം

അല്‍ ഇസ്റാഅ്
എ.വൈ.ആര്‍