ഒരുയാത്രയില്‍ ഒരുപാട് ഉംറ?
ഒരുപാട് പേര്‍ ഹജ്ജിനും ഉംറക്കും പോകാനൊരുങ്ങുകയാണ്. ഈ യാത്രയില്‍ ഒരു മാസത്തിലധികം വിശുദ്ധ ഭൂമിയില്‍ ഉണ്ടാകുമെന്നതിനാല്‍ ധാരാളം ഉംറ ചെയ്യാന്‍ സമയമുണ്ടാകും. ഇങ്ങനെ ഉംറ വീണ്ടും വീണ്ടും ചെയ്യുന്നത് നല്ലതല്ല എന്ന് കേട്ടു. ഒരു വിശദീകരണം?
ഒരു യാത്രയില്‍ തന്നെ ഒന്നിലധികം ഉംറകള്‍ ചെയ്യുന്നത് നബി(സ)യുടെയോ അവിടുത്തെ ഏറ്റവും അടുത്ത സ്വഹാബിമാരുടെയോ ചര്യയായിരുന്നില്ല. പല സന്ദര്‍ഭങ്ങളിലായി നബി(സ) നാല് ഉംറകളാണ് ചെയ്തത്; ഒരു ഹജ്ജും. പലപ്പോഴും മക്കയില്‍ ദിവസങ്ങളോളം കഴിച്ചുകൂട്ടിയിരുന്നെങ്കിലും അപ്പോഴൊക്കെ ഒരു ഉംറ ചെയ്യുക എന്നല്ലാതെ, തന്റെ വേണ്ടപ്പെട്ടവര്‍ക്ക് വേണ്ടിയോ മറ്റോ നബി(സ) ഉംറ ചെയ്യുകയുണ്ടായിട്ടില്ല.
ആദര്‍ശരംഗത്ത് തനിക്ക് കരുത്തും തുണയുമായിരുന്ന പ്രിയ പത്‌നി ഖദീജ(റ), തന്റെ പിതൃവ്യന്‍ ഹംസ, പിതൃവ്യ പുത്രന്‍ ജഅ്ഫര്‍, തന്റെ അരുമ ശിഷ്യന്‍ മിസ്അബ്, തന്റെ ജീവിതകാലത്ത് തന്നെ വിട്ടുപിരിഞ്ഞ മക്കള്‍ തുടങ്ങിയവര്‍ക്ക് വേണ്ടിയും നബി ഉംറ ചെയ്തിട്ടില്ല. ചെയ്യുന്നതിന് തടസ്സമൊന്നും ഉണ്ടായിരുന്നില്ല.
ഹറമിന്റെ പുറത്ത് ഹറമല്ലാത്ത ഏറ്റവും അടുത്ത ഇടത്ത് (ഹില്ല്) പോയി ഉംറക്ക് വേണ്ടി ഇഹ്‌റാം ചെയ്യാന്‍ നബി(സ) ആഇശ(റ)യോട് നിര്‍ദേശിക്കുകയുണ്ടായി. ഹജ്ജത്തുല്‍ വിദാഇല്‍ ഋതുമതിയായതിനാല്‍ മറ്റുള്ളവരുടെ കൂടെ ഉംറ നിര്‍വഹിക്കാന്‍ കഴിയാത്തതിന്റെ പേരില്‍ സങ്കടപ്പെട്ട് കരഞ്ഞ ആഇശ(റ)യോട് ഒരു ഉംറക്ക് കൂടി അവസരം ഉണ്ടാക്കി ആശ്വസിപ്പിക്കുകയായിരുന്നു നബി(സ). യുവതിയായ ആഇശയെ ഒറ്റക്ക് വിടാതെ അവരുടെ സഹോദരനായ അബ്ദുര്‍റഹ്മാനെ കൂടെ പറഞ്ഞയക്കുകയും ചെയ്തു. അദ്ദേഹം പെങ്ങളോടൊപ്പം തന്നെയുണ്ടായിരുന്നെങ്കിലും എല്ലാ സൗകര്യങ്ങളുമുണ്ടായിരിക്കെ ഇഹ്‌റാം ചെയ്യുകയോ വീണ്ടും ഒരു ഉംറ കൂടി ചെയ്യാനുള്ള അവസരം ഉപയോഗപ്പെടുത്തുകയോ ഉണ്ടായില്ല. വസ്തുത ഇതായിരിക്കെ ഒരേ യാത്രയില്‍ തന്നെ പലര്‍ക്കു വേണ്ടിയും ഉംറ ചെയ്തുകൊണ്ടിരിക്കുക എന്നത് നബി പഠിപ്പിച്ചതല്ല എന്നാണ് മനസ്സിലാക്കേണ്ടത്.
പള്ളിയില്‍ പ്രവേശിച്ചയുടന്‍ തഹിയ്യത്ത് നമസ്‌കരിക്കല്‍ പുണ്യകരമായ സുന്നത്താണ്. എന്ന് വെച്ച് ഒരാള്‍ പള്ളിയില്‍ പ്രവേശിച്ച് തഹിയ്യത്ത് നമസ്‌കരിച്ചു, കൂലി കൂട്ടാനായി വീണ്ടും വീണ്ടും ഒരാവശ്യവുമില്ലാതെ പള്ളിക്ക് വെളിയില്‍ പോയി തിരിച്ചുവന്ന് നിരന്തരം തഹിയ്യത്ത് നമസ്‌കരിച്ചുകൊണ്ടേയിരിക്കുന്നത് പ്രഹസനമായിത്തീരുകയല്ലേ ചെയ്യുക?
അതേസമയം, മസ്ജിദുല്‍ ഹറാമില്‍ വെച്ച് ധാരാളമായി സുന്നത്ത് നമസ്‌കരിക്കുക, ദിക്‌റുകളും പ്രാര്‍ഥനകളും വര്‍ധിപ്പിക്കുക, സന്ദര്‍ഭം കിട്ടുമ്പോഴെല്ലാം ത്വവാഫ് ചെയ്യുക ഇതെല്ലാം വളരെ ഉത്തമമാണെന്ന് പണ്ഡിതന്മാര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. ഇതിലൊന്നും ആര്‍ക്കും അഭിപ്രായ വ്യത്യാസമുള്ളതായി അറിയില്ല. അതിനാല്‍ അഭിപ്രായ വ്യത്യാസമുള്ളത് വെടിഞ്ഞ് ഏകാഭിപ്രായമുള്ളത് ചെയ്യുക.
ബലിയില്‍നിന്ന് രക്ഷപ്പെടാന്‍ കൗശലം
ഇഫ്‌റാദായി ഹജ്ജ് ചെയ്താല്‍ ബലിയറുക്കാതെ അത്രയും തുക (ഒരാടിന്റെ വില) ലാഭിക്കാമെന്ന് ഒരു ഹജ്ജ് ക്ലാസ്സില്‍ വിശദീകരിക്കുകയുണ്ടായി. അതിനായി മക്കയില്‍നിന്ന് ഉംറ കഴിഞ്ഞ് മദീനയില്‍ പോയി താമസിക്കാമെന്നും ഹജ്ജിന്റെ തലേ ദിവസം (ദുല്‍ഹജ്ജ് 7-ന്) മദീനയില്‍ നിന്ന് പുറപ്പെട്ട് ഹജ്ജിന് മാത്രമായി ഇഹ്‌റാം ചെയ്യാമെന്നും പറയുന്നു. ഇതിനെപ്പറ്റി കൂടുതല്‍ അറിയാന്‍ ആഗ്രഹിക്കുന്നു.
ഏതാണ്ട് രണ്ടര ലക്ഷം രൂപ മുടക്കിയാണ് പ്രൈവറ്റ് ഏജന്‍സികള്‍ വഴി ഒരുപാട് ആളുകള്‍ ഹജ്ജിന് പോകുന്നത്. ഇത്രയും രൂപ മുടക്കി ഹജ്ജിന് പോകാന്‍ സന്നദ്ധരായ വിശ്വാസികളോടാണ് ഏറിയാല്‍ 400 രിയാല്‍ മാത്രം ചെലവ് വരുന്ന ബലി ഒഴിവാക്കിക്കിട്ടാനുള്ള സൂത്രവിദ്യ പറഞ്ഞുകൊടുക്കുന്നത്. മുഹമ്മദ് നബി(സ) ആകെ ഒരു ഹജ്ജാണ് നിര്‍വഹിച്ചത്. അതില്‍ നൂറ് ഉരുക്കളെയാണ് തന്റേതായി ബലിയറുത്തത്. അതില്‍ 63 എണ്ണം സ്വന്തം കൈകൊണ്ട് തന്നെ അറുത്തു. ഇതെല്ലാം സര്‍വാംഗീകൃതമായ ചരിത്ര സത്യങ്ങളാണ്.
വസ്തുത ഇതായിരിക്കെ, നൂറ് പോകട്ടെ വാജിബായ ബലിയായി ചുരുങ്ങിയത് ഒരു ഉരുവിനെയെങ്കിലും അറുക്കുക എന്നതില്‍നിന്ന് രക്ഷപ്പെടാന്‍ കൗശലം പ്രയോഗിക്കുന്നവരുടെ കാര്യം മഹാ കഷ്ടം തന്നെ.
ഹജ്ജ് മാസങ്ങളില്‍ ഉംറ ചെയ്യുകയും എന്നിട്ട് സ്വന്തം നാട്ടിലേക്ക് മടങ്ങാതെ ഹജ്ജു കൂടി ചെയ്ത് തിരിച്ചുവരികയും ചെയ്യുന്നവരുടെ ഹജ്ജിന്റെ രൂപമാണ് തമത്തുഅ് എന്ന് പറയുന്നത്. ഹജ്ജിനും ഉംറക്കും ഒരുമിച്ച് ഇഹ്‌റാം ചെയ്ത് ഹജ്ജിനും ഉംറക്കും ഇടയില്‍ ഇഹ്‌റാമില്‍ നിന്നൊഴിവാകാതെ (തഹല്ലുലാവാതെ) അവ രണ്ടും ഒരുമിച്ച് ചെയ്യുന്നതിനാണ് ഖിറാന്‍ എന്ന് പറയുന്നത്.
ഒരു മാസവും അതിലധികവും ദിവസങ്ങള്‍ പുണ്യ സ്ഥലങ്ങളില്‍ കഴിച്ചുകൂട്ടാന്‍ പാകത്തില്‍ നമ്മുടേത് പോലുള്ള വിദൂര ദിക്കുകളില്‍നിന്ന് ഹജ്ജിന് പോകുന്നവര്‍ക്ക് എന്തുകൊണ്ടും ഉത്തമം ആദ്യം പറഞ്ഞ രൂപമാണ്. അവര്‍ക്ക് ഉംറ കഴിഞ്ഞ് ഇഹ്‌റാമില്‍ നിന്നൊഴിവായി സാധാരണ പോലെ കഴിച്ചുകൂട്ടുകയും ദുല്‍ഹജ്ജ് എട്ടിന് ഹജ്ജിന് മാത്രം ഇഹ്‌റാം ചെയ്യുകയും ചെയ്താല്‍ മതി.
ഈ രണ്ട് രൂപത്തില്‍ ഹജ്ജ് ചെയ്യുന്നവര്‍ക്കും ബലിയറുക്കല്‍ വാജിബാണ്. ഈ വിഷയത്തില്‍ ആര്‍ക്കും എതിരഭിപ്രായമില്ല; ഒരു മദ്ഹബിനും. എന്നാല്‍, ഉംറ നിര്‍വഹിക്കാതെ ഹജ്ജ് മാത്രം ചെയ്യുന്നവര്‍ക്ക് ബലി നിര്‍ബന്ധമില്ല. ഇതിന് ഇഫ്‌റാദ് എന്നു പറയുന്നു. എന്നിട്ടും നമ്മുടെ നാട്ടില്‍ നിന്ന് മുതമത്തിഅ് ആയി ഹജ്ജിന് പോവുന്ന ആളുകളെ കൗശലം പ്രയോഗിച്ച് മുഫ്‌രിദാക്കുന്നു. എന്തിന്? ഏതാനും തുട്ടുകള്‍ ലാഭിക്കാന്‍. ഇത് വിശ്വാസികള്‍ തിരിച്ചറിയേണ്ടതുണ്ട്.
ഹജ്ജിന്റെയും ഉംറയുടെയും ഇടയില്‍ ഇടവേള ലഭിക്കുന്നതുകൊണ്ട് ആ സന്ദര്‍ഭത്തില്‍ ഇഹ്‌റാമില്‍ വിലക്കപ്പെട്ട കാര്യങ്ങള്‍ തടസ്സം കൂടാതെ ചെയ്യാനും സാധാരണ ജീവിതം ആസ്വദിക്കാനും കഴിയും. അതുകൊണ്ടാണ് 'ആസ്വാദനം' എന്നര്‍ഥമുള്ള 'തമത്തുഅ്' എന്ന് ഈ രൂപത്തിന് പേര് വന്നത്. ഇങ്ങനെയുള്ളവര്‍ക്ക് ബലി നിര്‍ബന്ധമാണ്. ഉംറക്കു ശേഷം മദീനയില്‍ പോകുന്നു എന്നത് 'മുതമത്തിഅ്' എന്ന വിശേഷണം ഇല്ലാതാക്കുകയില്ല. ഉംറ കഴിഞ്ഞ് സ്വന്തം നാട്ടിലേക്ക് മടങ്ങിയെങ്കിലേ ആ വിശേഷണം ഇല്ലാതാവൂ. ഇങ്ങനെ തമത്തുഅ് ആയി ഹജ്ജും ഉംറയും ചെയ്യുന്നവര്‍ ബലി നല്‍കേണ്ടതാണ് എന്നത് അല്ലാഹുവിന്റെ നിര്‍ദേശമാണ്. അല്ലാഹു പറയുന്നു: ''ആരെങ്കിലും ഉംറ ചെയ്ത് ഹജ്ജ് വേള വരെ സൗകര്യം ഉപയോഗപ്പെടുത്തുകയാണെങ്കില്‍ അവന്‍ സാധ്യമായ ബലി നല്‍കട്ടെ, ഇനിയാരെങ്കിലും അതിന് കഴിയാത്തതായുണ്ടെങ്കില്‍ പത്ത് നോമ്പുകള്‍ തികച്ചും അനുഷ്ഠിക്കേണ്ടതാണ്. മൂന്നെണ്ണം ഹജ്ജ് വേളയിലും ഏഴെണ്ണം നാട്ടില്‍ തിരിച്ചെത്തിയ ശേഷവും'' (അല്‍ബഖറ 196).
അതിനാല്‍ നബി പഠിപ്പിച്ച പൂര്‍ണമായ ഹജ്ജ് ചെയ്യണമെന്ന് നിര്‍ബന്ധമുള്ളവര്‍, ഇബ്‌റാഹീം നബിയുടെ മില്ലത്ത് പിന്തുടരണമെന്ന് ആഗ്രഹമുള്ളവര്‍ ബലി നല്‍കിക്കൊള്ളട്ടെ.
Comments