Prabodhanm Weekly

Pages

Search

2012 സെപ്റ്റംബര്‍ 22

മൂല്യബോധവും കാര്യശേഷിയും ഇവിടെ ഒരുമിച്ചിരുന്നു

യാസീന്‍ അശ്‌റഫ്

1948 ജൂണ്‍. മദ്രാസില്‍ നിന്നിറങ്ങുന്ന ഡെക്കാന്‍ ടൈംസില്‍ ഒരു വാര്‍ത്ത കണ്ട യുവാവിന് താല്‍പര്യമായി. മലബാറില്‍ മുസ്‌ലിംകളുടേതായി ഒരു കോളജ് തുടങ്ങുന്നു എന്നായിരുന്നു അത്. അംഗീകാരം നല്‍കുന്ന കാര്യം പരിശോധിക്കാന്‍ മദ്രാസ് സര്‍വകലാശാല ഒരു കമ്മിറ്റിയെ അയക്കുന്നുണ്ടത്രെ.
വാര്‍ത്ത വായിച്ച യുവാവ് മാനേജിങ്ങ് കമ്മിറ്റിക്ക് കത്തയച്ചു-കോളേജില്‍ സേവനമനുഷ്ഠിക്കാന്‍ താല്‍പര്യമുണ്ട്. കമ്മിറ്റി സെക്രട്ടറിയെ നേരിട്ടു കാണാന്‍ നിര്‍ദേശിച്ച് മറുപടി വന്നു. പിറ്റേന്നു തന്നെ കോഴിക്കോട്ടെത്തി.
കെ.എ ജലീല്‍ എന്ന ആ അപേക്ഷകന്‍ പിന്നീട് ആ സംഭവം വിവരിച്ചത് ഇങ്ങനെ: ''റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ഒരു കുതിരവണ്ടിയില്‍ കയറി താജ്മഹല്‍ ഹോട്ടലിലിറങ്ങി. മുറിയെടുത്ത് അന്നവിടെ താമസിച്ചു. ഇന്നത്തെപ്പോലെ അധികം ലോഡ്‌ജോ ഹോട്ടലോ ഉണ്ടായിരുന്നില്ല. പിറ്റേന്ന് സൂട്ടും കോട്ടും ധരിച്ച് കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ഫറോക്ക് റെയില്‍വേ സ്റ്റേഷനിലേക്ക് യാത്ര തിരിച്ചു...''
പുറത്ത് റോഡിലെത്തി പലരോടും കോളജിനെക്കുറിച്ച് അന്വേഷിച്ചു. ആര്‍ക്കുമറിയില്ല. കോളജുണ്ടെന്നു പറഞ്ഞ സ്ഥലത്തേക്ക് ബസ്സോ ജീപ്പോ ഇല്ല. വാണിയമ്പാടിയില്‍ നിന്ന് ഇത്രദൂരം വന്നത് വെറുതെയായോ?
ആലോചിച്ചു നില്‍ക്കേ പെട്ടെന്ന് ഒരു ജീപ്പ് മുന്നില്‍ വന്നുനിന്നു. പ്രത്യേകവേഷം കണ്ടിട്ടാവാം. ജീപ്പിലുമുണ്ട് വ്യത്യസ്ത വേഷമുള്ള ഒരാള്‍-ഷെര്‍വാണിയും തുര്‍ക്കി തൊപ്പിയും ധരിച്ച ഒരു സാത്വികന്‍. അബുസ്സബാഹ് മൗലവി!
മൗലവി കാര്യം തിരക്കി. ''അദ്ദേഹം കോഴിക്കോട്ടേക്കായിരുന്നു. എന്നോട് ജീപ്പില്‍ കയറാന്‍ പറഞ്ഞു. ആദ്യം ചെന്നത് ഹൈദ്രോസ് വക്കീലിന്റെ കല്ലായിയിലുള്ള വീട്ടില്‍. അന്ന് അബുസ്സബാഹ് മൗലവിയുമായി ഫറോക്കില്‍ വെച്ച് കണ്ടുമുട്ടാതെ പോയിരുന്നെങ്കില്‍ ഒരു പക്ഷേ ഞാന്‍ നാട്ടിലേക്ക് തിരിച്ച് വണ്ടി കയറുമായിരുന്നു.''
അതൊരു യാദൃഛികതയെന്നു പറയുന്നവരുണ്ടാവാം. പക്ഷേ, 'സമയമെത്തിയ ഒരാശയത്തിന്റെ പുലര്‍ച്ചയെ തടയാന്‍ ആര്‍ക്കുമാവില്ല' എന്നതാണ് സത്യം. ഒരു ദിവ്യനിയോഗമെന്നോണമാണ് ജലീല്‍ സാഹിബ് അബുസ്സബാഹ് മൗലവിയുമായി സന്ധിച്ചത്. ഫാറൂഖ് കോളേജിന് ജലീല്‍ സാഹിബിനെ നല്‍കണമെന്നത് ദൈവനിശ്ചയമായിരുന്നു.
ഫാറൂഖ് കോളേജില്‍ ഇംഗ്ലീഷ് അധ്യാപകനായി ചേര്‍ന്ന അദ്ദേഹം പിന്നീട്, 1957 മെയ് 5-ന് പ്രിന്‍സിപ്പലായി ചുമതലയേറ്റു-ഏറ്റവും ചെറുപ്പക്കാരനായ ഈ പ്രിന്‍സിപ്പല്‍ തന്നെയാണ് കോളേജിനെ ഏറ്റവും കൂടുതല്‍ കാലം (22 വര്‍ഷം) നയിച്ചത്. 1979-ല്‍ കാലിക്കറ്റ് യൂനിവേഴ്‌സിറ്റി വൈസ്ചാന്‍സലറായിട്ടാണ് കോളേജ് വിട്ടത്. ഹോസ്റ്റലുകള്‍, അധ്യാപകര്‍ക്ക് ക്വാര്‍ട്ടേഴ്‌സ്, ഓഡിറ്റോറിയം, കോളേജിന് പുതിയ മുഖഛായ നല്‍കിയ ഗേറ്റും മുഖ്യകെട്ടിടവും, രജതജൂബിലി സ്മാരകങ്ങള്‍, അനേകം ബിരുദ-ബിരുദാനന്തര കോഴ്‌സുകള്‍ തുടങ്ങിയവയിലൂടെ കോളേജിനെ തെന്നിന്ത്യന്‍ വിദ്യാഭ്യാസ ഭൂപടത്തില്‍ അദ്ദേഹം കുറിച്ചു വെച്ചു.
പക്ഷേ, കേവലം അക്കാദമികമായിരുന്നില്ല അദ്ദേഹത്തിന്റെ സംഭാവന. പുതിയ കോളേജിന് തനതായ പാരമ്പര്യം സൃഷ്ടിച്ചെടുത്ത ടീമിന്റെ നേതൃത്വം അദ്ദേഹത്തിനായിരുന്നു. സാമുദായികതക്കപ്പുറത്ത് ഗുണമേന്മക്ക് വിലകല്‍പ്പിച്ച പ്രഫ. ജലീല്‍ സമുദായത്തിന് നല്‍കിയ ഏറ്റവും വലിയ സമ്മാനവും അതാവണം. നിയമനത്തിന് (അന്നും) കോഴ വാങ്ങിയിരുന്ന സമൂഹത്തില്‍, വെറുമൊരു അപേക്ഷ നല്‍കി, ഇന്റര്‍വ്യൂവിന് ഹാജരായ ശേഷം കോഴയോ ശിപാര്‍ശയോ ഇല്ലാതെ തന്നെ നിയമന ഉത്തരവ് കിട്ടിയപ്പോള്‍ ആശ്ചര്യപ്പെട്ടുപോയ അമുസ്‌ലിം അധ്യാപകരുണ്ടവിടെ.
കോളേജിന് കിട്ടിയ ഗ്രാന്റില്‍ നിന്ന് ഉപയോഗിച്ചതു കഴിച്ച് ബാക്കിയുള്ള പണം യു.ജി.സിക്ക് തിരിച്ചു നല്‍കി ദല്‍ഹിക്കാരെ അമ്പരപ്പിച്ചിട്ടുണ്ട് ജലീല്‍ സാഹിബ്. വിദ്യാര്‍ഥികളിലെന്ന പോലെ അധ്യാപകരിലും ഉത്തരവാദിത്വബോധവും സമയനിഷ്ഠയും അദ്ദേഹം ബോധപൂര്‍വം വളര്‍ത്തി. ബഹുസ്വരതയും അന്യ സംസ്‌കാരങ്ങളോടുള്ള ആദരവും തൊലിപ്പുറമെ കൊണ്ടുനടന്നില്ല അദ്ദേഹം; മറിച്ച് കോളേജില്‍ നിന്ന് പിരിയുന്നതിനു മുമ്പ്, തന്റെ അന്യമതസ്ഥനായ അറ്റന്റര്‍ക്ക് അവിടെ സ്ഥിരം ജോലി ശരിപ്പെടുത്താന്‍ വേണ്ടി മാത്രം ഒന്നിലധികം തവണ തലസ്ഥാനത്തേക്ക് യാത്ര ചെയ്തു. പ്രഫ. ജലീല്‍ കാര്യക്ഷമതക്കൊപ്പം കാരുണ്യവും കൊണ്ടുനടന്നിരുന്നു. കീഴിലുള്ള വരെ നന്നായി ഗുണദേഷിച്ചിരുന്നപ്പോള്‍ തന്നെ, പുറത്ത് അവരുടെ കൈയബദ്ധങ്ങള്‍ പോലും അദ്ദേഹം സ്വയം ഏറ്റെടുത്തു.
നല്ല നേതാവു മാത്രമല്ല, വിദ്യാഭ്യാസത്തിന് അര്‍ഹിക്കുന്ന സ്ഥാനം ആഗ്രഹിച്ച ദാര്‍ശനികന്‍ കൂടിയായിരുന്നു അദ്ദേഹം. മന്ത്രിമാര്‍ വൈസ് ചാന്‍സലര്‍മാരെ ആദരിച്ചു വന്ന കാലം മാറുകയും മന്ത്രിമാര്‍ വി.സിമാരുടെ യജമാനരായി വരികയും ചെയ്ത യുഗപ്പകര്‍ച്ച ഉള്‍ക്കൊള്ളാന്‍ അദ്ദേഹത്തിനായില്ല. കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയിലെ പി.വി.സിക്ക് തന്നോടാലോചിക്കാതെ പുനര്‍നിയമനം നല്‍കിയ അന്നത്തെ വിദ്യാഭ്യാസമന്ത്രി ടി.എം ജേക്കബിന് രാജിക്കത്ത് നല്‍കുകയാണദ്ദേഹം ചെയ്തത്.
ജലീല്‍ സാഹിബിനു കീഴില്‍ വിദ്യാര്‍ഥിയായും അധ്യാപകനായും നേടിയ പാഠങ്ങള്‍ മറക്കാനാവില്ല. തത്ത്വങ്ങളിലും അച്ചടക്കത്തിലും കണിശത ഉള്ളതോടൊപ്പം മറ്റു വീക്ഷണങ്ങള്‍ക്ക് ചെവി കൊടുക്കാനുള്ള സന്നദ്ധതയും അദ്ദേഹത്തിനുണ്ടായിരുന്നു. കക്ഷി രാഷ്ട്രീയം വിദ്യാഭ്യാസരംഗത്തെ കീഴ്‌പ്പെടുത്തിയതോടെ അദ്ദേഹം സ്വയം അപ്രസക്തനായി കണക്കാക്കിയോ എന്നു തോന്നിയിട്ടുണ്ട്. മാറ്റങ്ങളെ ഉള്‍ക്കൊള്ളാനുള്ള ശേഷിയില്ലായ്മയായി അതിനെ കരുതാമോ എന്നറിയില്ല. ഞാനിന്നൊരു പുരാവസ്തുവായി എന്നദ്ദേഹം പകുതി തമാശയായി പറയാറുണ്ടായിരുന്നു.
ഫാറൂഖ് കോളേജ് കാമ്പസിലെ മതസൗഹാര്‍ദം പോലെ എടുത്തുപറയേണ്ടതാണ് സമുദായത്തിനുള്ളിലെ വിവിധ വിഭാഗങ്ങളെ ഒരുമിച്ചു കൊണ്ടു പോകുന്ന രീതി. എല്ലാ വിഭാഗങ്ങള്‍ക്കും അംഗീകാരവും ആദരവും നല്‍കാന്‍ ശ്രദ്ധിച്ച പ്രിന്‍സിപ്പല്‍ ജലീല്‍ അതുവഴി കാമ്പസിനും വിദ്യാര്‍ഥികള്‍ക്കും മതവിഭാഗങ്ങള്‍ക്കും നല്ല ശീലം പകര്‍ന്നു നല്‍കി.
ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട് പ്രസിദ്ധപ്പെടുത്തിയ അവാര്‍ഡ് നേടിയ പുസ്തകമടക്കം അനേകം ഗ്രന്ഥങ്ങള്‍ അദ്ദേഹം രചിച്ചു. ഫാറൂഖ് കോളേജ് പബ്ലിക്കേഷന്‍സ് ഡിവിഷന്‍ എം.ടി വാസുദേവന്‍ നായര്‍ ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ തന്നെ എന്റെ മീഡിയാ സ്‌കാന്‍ എന്ന പുസ്തകം പ്രകാശനം ചെയ്തത് പ്രഫ. ജലീലായിരുന്നു.
മൂര്‍ച്ചയുള്ള ആ മസ്തിഷ്‌കം അവസാനം വരെ മറവിക്ക് വഴങ്ങിക്കൊടുത്തില്ല. പ്രഫ. ടി. അബ്ദുല്ല, പ്രഫ. വി. മുഹമ്മദ് എന്നിവര്‍ക്കു പിറകെ പ്രഫ. ജലീല്‍ കൂടി യാത്രയായതോടെ ഫാറൂഖ് കോളേജിന്റെ സ്ഥാപക കാലഘട്ടം തീരുകയാണ്. സാഫി ഇന്‍സ്റ്റിറ്റിയൂട്ട്, വഖ്ഫ് ബോര്‍ഡ് തുടങ്ങിയവയിലും ജലീല്‍ സാറിന്റെ പാദമുദ്രകള്‍ മായാതെ കിടപ്പുണ്ട്. സദുദ്ദേശ്യവും സല്‍കൃത്യങ്ങളും അറിഞ്ഞ് അംഗീകരിക്കുന്ന അല്ലാഹു അദ്ദേഹത്തിനുമേല്‍ കാരുണ്യവും അനുഗ്രഹങ്ങളും ചൊരിയുമാറാകട്ടെ.

Comments

Other Post

ഖുര്‍ആന്‍ ബോധനം

അല്‍ ഇസ്റാഅ്
എ.വൈ.ആര്‍