നാം ഉച്ചകോടിയിലെ താരം
രണ്ടാം ലോകയുദ്ധത്തിന്റെയും ശീതസമരത്തിന്റെയും ഉപോല്‍പന്നമായും അമേരിക്കന്‍ നാറ്റോ സഖ്യത്തിനും റഷ്യന്‍ വാര്‍സ സഖ്യത്തിനും വിരുദ്ധമായും, 1955ല്‍ ഇന്തോനേഷ്യയിലെ ബന്‍തൂങ് സമ്മേളനത്തില്‍ പിറവിയെടുത്ത ചേരിചേരാപ്രസ്ഥാനം ഇന്നിപ്പോള്‍ ഐക്യരാഷ്ട്രസഭക്ക് ശേഷം ഏറ്റവും വലിയ പ്രസ്ഥാനമായി വളര്‍ന്നിരിക്കുന്നു. 120ലധികം രാജ്യങ്ങളുടെ അംഗത്വം, 17 രാഷ്ട്രങ്ങളുടെ നിരീക്ഷകപദവി, 18 ഓര്‍ഗനൈസേഷനുകള്‍ എന്നിവയാല്‍ സമ്പന്നമാണ് 'നാം' (Non Alignment Movement). 1961ല്‍ ബല്‍ഗ്രേഡില്‍ ചേര്‍ന്ന 'നാമി'ന്റെ ഒന്നാം ഉച്ചകോടിയില്‍ മുഖ്യശില്‍പികള്‍ നെഹ്‌റു, നാസര്‍, ടിറ്റോ ആയിരുന്നുവെങ്കില്‍ 2012 ആഗസ്റ്റ് അവസാനം തെഹ്‌റാനില്‍ ചേര്‍ന്ന ഉച്ചകോടിയില്‍ 50 രാഷ്ട്രത്തലവന്‍മാരടക്കം 100ലധികം പ്രതിനിധികളാണ് പങ്കെടുത്തത്. ചേരിചേരാനയത്തില്‍ വെള്ളം ചേര്‍ത്ത് വലതുപക്ഷം ചേര്‍ന്ന് നടത്തം ശീലിച്ച ഇന്ത്യക്ക് ഉച്ചകോടിയിലുടനീളം അമേരിക്കന്‍ സമ്മര്‍ദ്ദം നേരിടേണ്ടി വന്നു. ചേരിചേരാനയത്തിന്റെ നേതൃനിരയില്‍ നിലകൊണ്ടിരുന്ന ഇന്ത്യയുടെ 'വലതുപക്ഷാഘാത'വും ഇറാന്‍ വഴിയുള്ള ഇന്ധന ഇറക്കുമതി യാങ്കീ സമ്മര്‍ദ്ദങ്ങള്‍ക്കടിമപ്പെട്ട് വേണ്ടെന്ന് വെച്ചതുമൊക്കെ തെഹ്‌റാന്‍ ഉച്ചകോടിയില്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിന്റെ ശബ്ദത്തെ വല്ലാതെ ശോഷിപ്പിച്ചു.
അതേസമയം, 30 വര്‍ഷമായി ഹുസ്‌നിമുബാറക് കാലു കുത്താന്‍ മടിച്ച മണ്ണില്‍ നടന്ന ഉച്ചകോടിയില്‍ ഈജിപ്ഷ്യന്‍ പ്രസിഡന്റ് ഡോ: മുഹമ്മദ് മുര്‍സിയുടെ ശബ്ദം ഘനഗംഭീരമായിരുന്നു. മൂന്നു പതിറ്റാണ്ട് കാലം തന്റെ മുന്‍ഗാമി ചവിട്ടാത്ത മണ്ണ്, വരാനിരിക്കുന്ന അമേരിക്കന്‍ സന്ദര്‍ശനം, ഇസ്രയേലിന്റെ പ്രതിഷേധ ബഹളങ്ങള്‍, ജൂത-യാങ്കീ ലോബിയിങ്ങ് ഇവയൊന്നും തെഹ്‌റാനിലെത്തുന്നതില്‍ നിന്ന് മുര്‍സിയെ പിന്തിരിപ്പിച്ചില്ല. ചേരിചേരാ പ്രസ്ഥാനത്തിന്റെ അമരത്വം വഹിച്ച ഈജിപ്തിന്റെ പഴയകാല പ്രതാപവും ആര്‍ജവവും തിരിച്ചു പിടിക്കുന്നതായിരുന്നു ഉച്ചകോടിയില്‍ മുര്‍സി ചെയ്ത പ്രസംഗം.
ഇറാന്‍ പിന്തുണയോടെ സിറിയയില്‍ കൂട്ടക്കൊല നടത്തുന്ന ബശ്ശാറുല്‍ അസദിനെതിരെ രൂക്ഷമായ ആക്രമണമാണ് മുര്‍സി ഉച്ചകോടിയില്‍ നടത്തിയത്. ബശ്ശാറിനോട് ഇറങ്ങിപ്പോവാന്‍ ആവശ്യപ്പെടുക മാത്രമല്ല വിപ്ലവത്തിന് സര്‍വവിധ പിന്തുണയും അദ്ദേഹം പ്രഖ്യാപിച്ചു. ഭരണകൂടത്തിന്റെ ജനദ്രോഹ നടപടികളുടെ പ്രതിഫലനമാണ് സിറിയന്‍ വിപ്ലവമെന്നും ജനാധിപത്യ ശക്തികള്‍ക്ക് ഭരണം കൈമാറണമെന്നും അദ്ദേഹം തുറന്നടിച്ചു.
സിറിയന്‍ പ്രതിനിധിസംഘം വേദി വിട്ട് ഇറങ്ങിപ്പോയി പ്രതിഷേധിച്ചപ്പോള്‍ ആതിഥേയരുടെ നിലപാട് കൗതുകമുണര്‍ത്തി. ബശ്ശാറിന്റെ കൂട്ടക്കുരുതിയെ മുര്‍സി വിമര്‍ശിച്ചപ്പോള്‍ തെഹ്‌റാന്‍ ഔദ്യോഗിക ചാനല്‍ അത്രയും ഭാഗം ശബ്ദം കുറച്ച് പ്രക്ഷേപണം ചെയ്തു. അറബ് വസന്തത്തെ കുറിച്ച പരാമര്‍ശത്തില്‍ മുര്‍സി തുനീഷ്യയില്‍ നിന്ന് തുടങ്ങി സിറിയയിലെത്തിയപ്പോള്‍ ഇറാന്‍ പരിഭാഷകന്‍ സിറിയയെ മനഃപൂര്‍വം വിട്ടുകളഞ്ഞു. ഖുലഫാഉര്‍റാശിദുകളെ കുറിച്ച മുര്‍സിയുടെ പരാമര്‍ശവും പരിഭാഷകന്‍ സൗകര്യപൂര്‍വ്വം വിട്ടുകളഞ്ഞു. 'ഇറാന്‍ ഏജ്', 'ജയ്ഹാന്‍ ന്യൂസ്' പത്രങ്ങള്‍ സിറിയക്കെതിരായ മുര്‍സിയുടെ പരാമര്‍ശങ്ങളത്രയും വെട്ടിമാറ്റിയാണ് റിപ്പോര്‍ട്ട് ചെയ്തത്.
ഉച്ചകോടിയിലെ മുര്‍സിയുടെ പ്രസംഗത്തെ കുറിച്ച് ഗാര്‍ഡിയന്‍ പത്രം എഴുതി. ''പ്രസംഗം ഇറാന്‍ നേതാക്കള്‍ക്കിടയില്‍ ഇടിമുഴക്കം സൃഷ്ടിച്ചു. നേതാക്കള്‍ തരിച്ചിരുന്നു... മുര്‍സി മേഖലയില്‍ ഈജിപ്തിന്റെ ആധിപത്യം തിരിച്ചുപിടിച്ചു.'' ''കിടിലന്‍ പ്രസംഗത്തിലൂടെ മുര്‍സിയിതാ മഹാത്മാക്കളുടെ ശ്രേണിയിലേക്കുയര്‍ന്നിരിക്കുന്നു. ഉച്ചകോടിയിലെ താരവും മുര്‍സി തന്നെ.'' എന്നാണ് 'ഫ്രാന്‍സ് 24' ചാനലിന്റെ കമന്റ്.
Comments