'ഫുദൂല്‍' ഉടമ്പടിയാണ് പരിഹാരം
ഈജിപ്തിലെ 'രാഷ്ട്രീയ ഗോത്ര'ങ്ങള്‍ക്കിടയില്‍ നടക്കുന്ന ആഭ്യന്തര യുദ്ധം ഇമ്മട്ടില്‍ തുടരുകയാണെങ്കില്‍ പുതിയൊരു ഭരണവ്യവസ്ഥ സ്ഥാപിക്കുന്നതിന് മുമ്പിലെ ഏറ്റവും വലിയ വഴിമുടക്കി അതു തന്നെയായിരിക്കും. 'ഫുദൂല്‍' ഉടമ്പടിയുടെ മാതൃകയില്‍ പ്രശ്‌നപരിഹാരത്തിന് ശ്രമിക്കുകയാണ് വേണ്ടത്.
വിപ്ലവാനന്തരമുള്ള ഈജിപ്തിലെ സംഭവവികാസങ്ങള്‍ക്ക് ആയിരം വര്‍ഷം മുമ്പ് മുസ്‌ലിം സ്‌പെയ്‌നിലെ നാടുവാഴികള്‍ തമ്മില്‍ നടത്തിയ പോരുകളുമായി സാദൃശ്യമുണ്ടെന്ന് ഞാന്‍ കരുതുന്നു. ഹിജ്‌റ 422-ല്‍ അന്നത്തെ മന്ത്രി അബുല്‍ ഹസ്മുബ്‌നു ജുഹൂര്‍ ഉമവി ഭരണം അവസാനിച്ചതായി പ്രഖ്യാപിച്ചപ്പോള്‍, സ്‌പെയ്‌നിലെ മുസ്‌ലിം നാടുവാഴികളെല്ലാം സ്വന്തം നിലക്ക് ഒരു രാഷ്ട്രമുണ്ടാക്കാനാണ് ശ്രമിച്ചത്. ഫലമോ? അന്‍ദുലൂസ് 23 കൊച്ചു രാഷ്ട്രങ്ങളായി ചിതറി. അവ തമ്മിലാണെങ്കിലോ എന്നും വക്കാണവും യുദ്ധവും. അല്‍ഫോന്‍സ് രാജാവിന്റെയും ഭാര്യ ഇസബെല്ലയുടെയും നേതൃത്വത്തില്‍ യൂറോപ്യന്‍ പറങ്കിപ്പട(Franks) ഇവരുടെ മേല്‍ ചാടിവീഴാന്‍ വടക്കന്‍ ഭാഗങ്ങളില്‍ തക്കം പാര്‍ത്ത് കഴിയുകയായിരുന്നു. മുസ്‌ലിം നാടുവാഴികളില്‍ ചിലര്‍ തങ്ങളുടെ 'സഹോദര പ്രതിയോഗി'ക്കെതിരെ ഈ പറങ്കികളുടെ സഹായം വരെ തേടിയിരുന്നു. ഒടുവില്‍ സകല നാടുവാഴികളും നാമാവശേഷമായി. സ്‌പെയ്ന്‍ പറങ്കികളുടെ ആധിപത്യത്തിലാവുകയും ചെയ്തു.
ഉമവി ഭരണം തകരുമ്പോള്‍ സ്‌പെയ്‌നില്‍ ഉണ്ടായിരുന്ന കൊച്ചു കൊച്ചു രാഷ്ട്രങ്ങളുടെ ഏതാണ്ട് അതേ എണ്ണം രാഷ്ട്രീയ പാര്‍ട്ടികളാണ് ഇന്ന് ഈജിപ്തില്‍ ഉള്ളത്. മുബാറകിന്റെ പതനത്തിനു ശേഷം ഇരുപതോളം പാര്‍ട്ടികളാണ് പൊട്ടിമുളച്ചത്. സ്‌പെയ്‌നിലെ മുസ്‌ലിം നാടുവാഴികള്‍ ആയുധമെടുത്തും പറങ്കികളുടെ സഹായം സ്വീകരിച്ചുമാണ് പരസ്പരം പടനയിച്ചിരുന്നതെങ്കില്‍ ഇന്നത്തെ ഈജിപ്തില്‍ യുദ്ധം നടക്കുന്നത് മീഡിയയിലാണ്. നാടുവാഴി പോരിനേക്കാള്‍ മാരകവും ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കുന്നതുമാണ് ഈ മീഡിയാ യുദ്ധം. ഈ യുദ്ധത്തില്‍ ചില പാര്‍ട്ടികള്‍ തങ്ങളുടെ പ്രതിയോഗികള്‍ക്കെതിരെ മുന്‍ സ്വേഛാധിപതിയുടെ സ്വന്തക്കാരുടെ (ഫുലൂല്‍) സഹായം വരെ തേടുന്നുണ്ട്. കഴിഞ്ഞ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നാമത് നേരില്‍ കണ്ടതാണ്. ചീത്തപ്പേര് മാത്രം കേള്‍പ്പിച്ച മുന്‍ ഭരണകക്ഷിയെ ഒപ്പം നിര്‍ത്താനും ഇപ്പോഴത്തെ ചില പുതിയ പാര്‍ട്ടികള്‍ കിണഞ്ഞ് ശ്രമിക്കുന്നു.
മുസ്‌ലിം സ്‌പെയ്‌നിലെയും സമകാലിക ഈജിപ്തിലെയും അവസ്ഥകള്‍ തമ്മില്‍ സമാനതകളുള്ളതു പോലെ വ്യത്യാസങ്ങളുമുണ്ട്. സ്‌പെയ്‌നില്‍ എന്തു സംഭവിച്ചു എന്ന് എല്ലാവര്‍ക്കും നന്നായി ബോധ്യമുണ്ട്. എന്നിട്ടും ഈ പാര്‍ട്ടികള്‍ പരസ്പരമുള്ള കടിച്ചുകീറല്‍ തുടരുകയാണ്. സര്‍വരും നശിപ്പിക്കപ്പെടാനും സ്വദേശം കൈവിട്ടുപോകാനും ഇത് വഴിയൊരുക്കും എന്ന ചരിത്രപാഠത്തിന് ആരും ചെവികൊടുക്കുന്നതായി കാണുന്നില്ല.
ഈജിപ്തിലെ രാഷ്ട്രീയ രംഗം രണ്ട് മുഖ്യ പ്രതിസന്ധികളെയാണ് അഭിമുഖീകരിക്കുന്നത്. രാഷ്ട്രീയ പാര്‍ട്ടികള്‍ തമ്മില്‍ പരസ്പര വിശ്വാസമില്ല എന്നതാണ് ഒന്നാമത്തേത്. ഇസ്‌ലാമിക ധാരയും സെക്യുലര്‍ ധാരയും തമ്മിലും ഈ അകല്‍ച്ചയുണ്ട്. മറ്റേ കക്ഷിയെ സംബന്ധിച്ച് ചീത്ത മാത്രം വിചാരിക്കാന്‍ ഇത് ഇടവരുത്തുന്നു. അടിസ്ഥാന പ്രശ്‌നങ്ങളിലൊന്നും രാഷ്ട്രീയ കക്ഷികള്‍ തമ്മില്‍ ഏകോപനമോ സമവായമോ ഇല്ല എന്നതാണ് രണ്ടാമത്തെ പ്രശ്‌നം. ഭിന്നത ശാഖാപരമായ കാര്യങ്ങളിലോ വിശദാംശങ്ങളിലോ അല്ല. രാഷ്ട്രത്തിന്റെ സ്വഭാവം- മതരാഷ്ട്രമോ സെക്യുലര്‍ രാഷ്ട്രമോ പോലുള്ളവ- എന്തായിരിക്കണമെന്നതിനെക്കുറിച്ചും പൊരിഞ്ഞ ഭിന്നത തന്നെ.
ഇസ്‌ലാമിക വ്യവഹാരത്തെക്കുറിച്ച ഭിന്നതകളാണ് ഒരു മുഖ്യ തടസ്സം എന്ന് ഞാന്‍ കരുതുന്നു. ഇസ്‌ലാമിക വ്യവഹാരങ്ങള്‍ക്കൊന്നും എതിരല്ല ഞാന്‍. ഇസ്‌ലാമിസ്റ്റുകള്‍ അവരുടെ സംരംഭങ്ങളില്‍ നിന്ന് പിന്തിരിയണമെന്നും ഞാന്‍ പറയുന്നില്ല. രംഗത്ത് അവര്‍ മാത്രമല്ല ഉള്ളത് എന്ന കാര്യമാണ് അവര്‍ അടിവരയിട്ട് മനസ്സിലാക്കേണ്ടത്. മറ്റുള്ളവരെയും ഉള്‍ക്കൊള്ളാനുള്ള വിശാലത രാഷ്ട്രത്തിന് ഉണ്ടാവണം. ഭിന്നിപ്പിന്റെ വഴികള്‍ തേടുന്നതിനു പകരം സര്‍വരെയും ഒന്നിപ്പിക്കുന്ന ബിന്ദുക്കള്‍ കണ്ടെത്താന്‍ ശ്രമിക്കുക. ഏതാനും ഇഖ്‌വാനി-സലഫി സുഹൃത്തുക്കള്‍ കാണാന്‍ വന്നപ്പോള്‍ ഞാനീ കാര്യം അവരുടെ ശ്രദ്ധയില്‍ പെടുത്തിയിരുന്നു.
ഖുര്‍ആനിലെ ത്വാഹാ അധ്യായത്തില്‍ വന്ന ഒരു സംഭവം ഞാനവരുടെ മുമ്പില്‍ ഉദാഹരിച്ചു. മൂസാ, ഹാറൂന്‍ പ്രവാചകന്മാരുമായി ബന്ധപ്പെട്ട സംഭവമാണ്. മൂസാ പ്രവാചകന് കുറച്ചുകാലം സമൂഹത്തില്‍ നിന്ന് മാറിനില്‍ക്കേണ്ടിവന്നു. സഹോദരന്‍ ഹാറൂനിനെ സമൂഹത്തിന്റെ ചുമതല ഏല്‍പിച്ചാണ് അദ്ദേഹം പോയത്. മൂസാ തിരിച്ചുവന്നു നോക്കുമ്പോള്‍ കാണുന്നത്, ഏക ദൈവവിശ്വാസമൊക്കെ കൈവെടിഞ്ഞ് തന്റെ ജനത പശുവിനെ പൂജിക്കുന്നതാണ്. ക്ഷുഭിതനായ മൂസ ഹാറൂനിന് നേരെ തട്ടിക്കേറി. അപ്പോള്‍ ഹാറൂന്‍ പറഞ്ഞത്, ''എന്റെ മാതാവിന്റെ മകനേ, നീയെന്റെ താടിയും തലമുടിയും പിടിച്ച് വലിക്കല്ലേ. 'നീ ഇസ്രാഈല്‍ മക്കള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കി, എന്റെ വാക്കിന് കാത്തിരുന്നില്ല' എന്ന് നീ പറയുമെന്ന് ഞാന്‍ ഭയപ്പെട്ടു'' (ത്വാഹാ 94) എന്നായിരുന്നു. വിശ്വാസ വ്യതിയാനത്തിനല്ല, സമൂഹത്തിന്റെ ഐക്യത്തിനാണ് ഇവിടെ മുന്‍ഗണന കൊടുത്തത്. സമൂഹത്തെ ഒരുമിച്ച് നിര്‍ത്തുന്ന കെട്ടുകള്‍ പൊട്ടിപ്പോകാതിരിക്കാന്‍ താല്‍ക്കാലികമായെങ്കിലും ബഹുദൈവത്വപരമായ ആചാരങ്ങളെ പൊറുപ്പിച്ചു.
ഞാന്‍ എന്റെ ഇഖ്‌വാനി-സലഫി സുഹൃത്തുക്കളോട് മറ്റൊരു കാര്യം പറഞ്ഞു. മുകളില്‍ നിന്നുള്ള ഉത്തരവ് പ്രകാരം താഴെക്കിടയില്‍ നടപ്പാക്കേണ്ട ഒന്നല്ല ശരീഅത്ത്. ഏതൊരു ഭരണകൂടവും അങ്ങനെ ചെയ്യാന്‍ പാടില്ല. അക്കാര്യത്തില്‍ ജനകീയവും ദേശീയവുമായ സമവായം രൂപപ്പെടുമ്പോള്‍ അത് ചെയ്യുന്നതായിരിക്കും നന്നാവുക. ഒരു കെട്ടിടത്തിന്റെ പണി തുടങ്ങുന്നത് മുകളില്‍നിന്ന് താഴോട്ടേക്കല്ലല്ലോ. അടിത്തറയിട്ട ശേഷം താഴെ നിന്ന് മുകളിലേക്ക് പണിതുയര്‍ത്തുകയാണ് വേണ്ടത്. അല്ലാത്ത പക്ഷം ശരീഅത്തിന് അതുകൊണ്ട് പേരുദോഷമേ ഉണ്ടാവൂ. ശരീഅത്ത് വേണമെന്ന് പറയുന്നവരെക്കുറിച്ചും ജനങ്ങള്‍ക്ക് ചില ധാരണകളുണ്ട്. അവര്‍ ഉപദേശ പ്രസംഗങ്ങള്‍ക്കാണ് കൂടുതല്‍ സമയം കണ്ടെത്തുന്നത്. ജനങ്ങള്‍ക്ക് സേവനം ചെയ്യാനോ അവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനോ അത്തരമാളുകളെ മുന്‍നിരയില്‍ കാണുന്നില്ല.
ശരീഅത്ത് സമുന്നതമായ നിയമസംഹിതയാണെന്നിരിക്കെ തന്നെ, പല കാരണങ്ങളാല്‍ ജനങ്ങള്‍ അതിന് പാകപ്പെടാത്ത ഒരു അവസ്ഥയില്‍ എന്തു ചെയ്യണം എന്നതിന് മറുപടിയാണ് ഈ കുറിപ്പിന്റെ ആദ്യത്തില്‍ സൂചിപ്പിച്ച 'ഫുദൂല്‍' ഉടമ്പടി.
അറേബ്യന്‍ ചരിത്രത്തില്‍ ഖ്യാതി നേടിയ സംഭവമാണ് ഫുദൂല്‍ ഉടമ്പടി (ഹില്‍ഫുല്‍ ഫുദൂല്‍). ഇസ്‌ലാമിന്റെ ആഗമനത്തിന് 20 വര്‍ഷം മുമ്പാണ് അത് നടക്കുന്നത്. ഇബ്‌നു ഹിശാമിന്റെ വിവരണ പ്രകാരം ഖുറൈശി ഗോത്ര പ്രമുഖര്‍ ഒത്തുചേര്‍ന്നാണ് ആ ഉടമ്പടിക്ക് /കരാറിന് രൂപം നല്‍കിയത്. അന്യായത്തിനും അതിക്രമത്തിനും ഇരയായി ഏതൊരാള്‍ മക്കയില്‍ വന്നാലും അയാളുടെ ന്യായമായ അവകാശങ്ങള്‍ തിരിച്ചുകിട്ടും വരെ അതിക്രമികള്‍ക്കെതിരെ നിലകൊള്ളും എന്നതാണ് കരാറിന്റെ അന്തസ്സത്ത. അറബ് ചരിത്രത്തില്‍ താന്‍ കണ്ടതില്‍ വെച്ചേറ്റവും മഹത്തരവും ആദരണീയവുമായ ഉടമ്പടി എന്നാണ് ഇതിനെ ഇബ്‌നു കസീര്‍ വിശേഷിപ്പിക്കുന്നത്. പ്രവാചകന്‍ (സ) പറഞ്ഞു: ''ഇസ്‌ലാമിലായിരിക്കെ ഞാനതിലേക്ക് ക്ഷണിക്കപ്പെട്ടാലും ഞാനത് സ്വീകരിക്കുമായിരുന്നു.''
ശരീഅത്തിന്റെയും ഖിലാഫത്തിന്റെയും പേരിലാണെങ്കിലും സമൂഹത്തില്‍ ഭീതി പടര്‍ത്തുന്ന രീതികളില്‍നിന്ന് കക്ഷികള്‍ ഒഴിഞ്ഞു നില്‍ക്കണമെന്നാണ് സൂചിപ്പിക്കുന്നത്. ഈ ആശയങ്ങളോട് എനിക്ക് വിയോജിപ്പില്ലെന്ന് മാത്രമല്ല, ഞാനവയെ അങ്ങേയറ്റം ആദരിക്കുകയും ചെയ്യുന്നുണ്ട്. പക്ഷേ, നിലവിലുള്ള അവസ്ഥയില്‍ സാമൂഹിക ബന്ധങ്ങള്‍ക്കും രാഷ്ട്രത്തിന്റെ കെട്ടുറപ്പിനും ഊന്നല്‍ നല്‍കുന്ന നിലപാടുകള്‍ക്കാണ് പ്രാമുഖ്യം കൊടുക്കേണ്ടത്. ഫുദൂല്‍ ഉടമ്പടിയില്‍ കണ്ടതുപോലെ, ദുര്‍ബലര്‍ക്കും അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കും താങ്ങായി നില്‍ക്കുന്നതിനും അവരുടെ ക്ഷേമം ഉറപ്പുവരുത്തുന്നതിനുമാകട്ടെ പ്രഥമ പരിഗണന.
ഓരോ കക്ഷിക്കും -ഇസ്‌ലാമിസ്റ്റാവട്ടെ, സെക്യുലറാവട്ടെ- അവരുടേതായ അജണ്ടകളും പരിപാടികളുമുണ്ട്, ഉണ്ടായിക്കോട്ടെ. രാഷ്ട്രത്തിന്റെയും പൗരന്റെയും സുരക്ഷയും ക്ഷേമവും ആര്‍ക്കും അഭിപ്രായ വ്യത്യാസമില്ലാത്ത കാര്യമാണല്ലോ. അക്കാര്യത്തിലെങ്കിലും ഒന്നിച്ചുനിന്നുകൂടേ? അവരവരുടേതായ അജണ്ടകള്‍ രാഷ്ട്രവും സമൂഹവുമൊക്കെ ശക്തിപ്പെടുന്ന മറ്റൊരു ഘട്ടത്തിലേക്ക് മാറ്റിവെക്കുക. അല്ലാത്തപക്ഷം അവരെ കാത്തിരിക്കുന്നത് സ്‌പെയ്‌നിലെ മുസ്‌ലിം നാടുവാഴികളുടെ അതേ പരിണതി തന്നെയായിരിക്കും.
Comments