ആത്മീയതയില്‍ ഹിംസക്ക് ഇടമില്ല
ആത്മീയതക്ക് അതിര്‍ത്തി കല്‍പിക്കുക അസാധ്യമായതുകൊണ്ടാണ് ആ സാധ്യതയിലേക്ക് മനുഷ്യര്‍ എത്തിക്കൊണ്ടേയിരിക്കുന്നത്. ദൈവബോധവും ദൈവചിന്തയും സാമൂഹികജീവിതവുമായി അഭേദ്യമായി ബന്ധപ്പെട്ട് കിടക്കുമ്പോള്‍ മനുഷ്യന്‍ അതില്‍ ആകൃഷ്ടനാവുക സ്വാഭാവികമാണ്. എന്നാല്‍ ഇങ്ങനെ ആകൃഷ്ടരാവുന്നവരില്‍ എത്ര പേര്‍ ആത്മീയതയെ ദൈവചിന്തയുമായി ബന്ധപ്പെടുത്തി പരിപാലിക്കുന്നു എന്നതാണ് പ്രസക്തമായ ചോദ്യം. ഭക്തി വ്യക്തിയുടെ സ്വകാര്യതയാണെങ്കിലും അത് നിറവേറ്റുന്ന കര്‍മത്തിന്റെ ആത്യന്തിക ലക്ഷ്യം നന്മ നിറഞ്ഞ ലോകത്തെ വളര്‍ത്തിയെടുക്കുക എന്നതാണല്ലോ. അത്തരം ഉദ്ദേശ്യലക്ഷ്യത്തോടെയായിരിക്കണം കേരളത്തിലെ ആള്‍ദൈവമൂര്‍ത്തികള്‍ പൊതുസമൂഹത്തില്‍ ഇടപെട്ടുകൊണ്ടിരിക്കുന്നത്. ഇതിനാവശ്യമായ സാമ്പത്തിക സ്രോതസ്സ് വിദേശ ഫണ്ടിംഗ് വഴിയോ ആതുരാലയത്തിലെ മരുന്ന് പരീക്ഷണം വഴിയോ എത്തിക്കൊണ്ടിരിക്കുന്നു.
ചുരുക്കത്തില്‍ ആത്മീയത മനുഷ്യന്റെ മനസ്സിനെ സംസ്‌കരിച്ച് മാനവസമൂഹത്തെ ശാന്തിയിലേക്ക് നയിക്കാന്‍ കഴിയുന്നതായിരിക്കണം എന്ന പൊതുബോധത്തിന് വിരുദ്ധമായാണ് ഇന്നത്തെ ആള്‍ദൈവ ആത്മീയത വളര്‍ന്നുകൊണ്ടിരിക്കുന്നത്. എന്നാല്‍, ഇതേ കേരളത്തില്‍ ഇത്രത്തോളം സാമൂഹിക ചിന്തകള്‍ വളര്‍ന്നിട്ടില്ലാത്ത കാലത്ത് ഒട്ടനവധി ആധ്യാത്മിക നായകര്‍ നമ്മുടെ നവോത്ഥാനത്തിന്റെ ചാലകശക്തികളായിത്തീര്‍ന്നിട്ടുണ്ട്. പക്ഷേ അവര്‍ക്കാര്‍ക്കും കോര്‍പ്പറേറ്റ് സ്ഥാപനങ്ങളോ രാജകീയ സിംഹാസനങ്ങളോ ഉണ്ടായിരുന്നില്ല. 1853-1924 കാലങ്ങളില്‍ ജീവിച്ച ചട്ടമ്പി സ്വാമിക്ക് സ്വന്തമായൊരു ആശ്രമം പോലും ഉണ്ടായിരുന്നില്ല. എന്നിട്ടും കേരളത്തിലെ ആത്മീയ മണ്ഡലത്തില്‍ നിറഞ്ഞുനില്‍ക്കാന്‍ സ്വാമിക്ക് കഴിഞ്ഞു. തനിക്ക് കിട്ടിക്കൊണ്ടിരിക്കുന്ന പണവും വസ്തുക്കളും സ്വന്തം പേരില്‍ സൂക്ഷിക്കാതിരുന്ന സ്വാമി അവ അപ്പോള്‍തന്നെ ശിഷ്യര്‍ക്ക് നല്‍കിക്കൊണ്ടിരുന്നു. ആരെയും നോവിക്കാത്തതുകൊണ്ട്, അവിഹിതമായ ഒന്നും കൈയടക്കാത്തതുകൊണ്ട് എവിടെയും എപ്പോഴും ധൈര്യത്തോടെ ജീവിച്ചു. ഹിംസയുടെ ഒരു വഴിയും സ്വാമിയിലേക്ക് എത്തിച്ചേര്‍ന്നില്ല. ഇതേ കാലഘട്ടത്തില്‍തന്നെ ജീവിച്ച ശ്രീനാരായണഗുരുവും സമൂഹത്തിലെ ഇരുട്ടിനെ തന്റെ നിലപാടുകള്‍ കൊണ്ടാണ് തിരുത്തിയെഴുതിയത്. സമൂഹത്തെ ആത്മീയ ചിന്തയുടെ ഭാഗമായി മാറ്റിയെടുക്കാന്‍ ഗുരുവും ഒരിക്കലും ഹിംസയുടെ വഴിയിലൂടെ സഞ്ചരിച്ചിട്ടില്ല. ഇങ്ങനെ പരിശോധിച്ചാല്‍ നൂറ്റാണ്ടുകള്‍ പിന്നിട്ട ആത്മീയബോധത്തിന്റെ പരിസരത്തൊന്നും ഹിംസക്ക് സ്ഥാനമില്ലെന്ന് ബോധ്യപ്പെടുന്നതാണ്.
ആഗസ്റ്റ് രണ്ടിന് കേരളത്തില്‍ നടന്ന അതിദാരുണമായ ഒരു കൊലപാതക മരണമാണ് ഇങ്ങനെ ചിന്തിപ്പിക്കാന്‍ കാരണമായത്. വര്‍ത്തമാനകാലത്തെ ആത്മീയത ആള്‍ദൈവത്തെ കേന്ദ്രീകരിച്ചുള്ള ആള്‍ക്കൂട്ടമായി തീരുമ്പോള്‍ അവിടെ ജീര്‍ണതക്കുള്ള സാധ്യത ഏറെയാണ്. അതാകട്ടെ വ്യക്തികളെ, വിശ്വാസികളെ ഹിംസാത്മകമായ ജീവിതത്തിന്റെ ഭാഗമാക്കുന്നു. അതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് 23 വയസ്സ് പ്രായമായ ബീഹാര്‍ സ്വദേശിയായ സത്‌നംസിംഗിന്റെ മൃഗീയമായ കൊലപാതകം. എന്നിട്ടും കേരളത്തിലെ പ്രബുദ്ധ ജനതയെ ഈ മരണം അത്രയൊന്നും ഞെട്ടിച്ചില്ല. കാരണം കേരളത്തിന്റെ പ്രതികരണബോധത്തെ പരോക്ഷമായോ പ്രത്യക്ഷമായോ നിയന്ത്രിച്ചുകൊണ്ടിരിക്കുന്ന അച്ചടി മാധ്യമങ്ങളും ചാനല്‍ പ്രതിഭാസങ്ങളും അമ്മ ഭക്തിയാല്‍ മൗനം പൂണ്ടപ്പോള്‍ കഥയുടെ ഗതി മാറി. ടി.പി ചന്ദ്രശേഖരന്നും ഷുക്കൂറിനും ഫസലിനും കുനിയില്‍ ഇരട്ട കൊലപാതകത്തിനും മാധ്യമങ്ങള്‍ നല്‍കിയ ഇടത്തിന്റെ ആയിരത്തില്‍ ഒന്നുപോലും സത്‌നം സിംഗിന്റെ മരണത്തിന് നല്‍കിയില്ല.
മരണം ആഘോഷമാക്കി മാറ്റുന്ന മാധ്യമങ്ങള്‍ മഹാമൗനത്തിലാണ്ടപ്പോള്‍ മനസ്സാക്ഷി മരവിക്കാത്ത മലയാളികള്‍ക്ക് ചിലത് ചോദിക്കാനുണ്ട്. ടി.പി ചന്ദ്രശേഖരന്റെയും ഷുക്കൂറിന്റെയും മരണങ്ങള്‍ കേരളത്തോട് ചില ചോദ്യങ്ങള്‍ ചോദിച്ചതിന്റെ ഫലമാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന് കേരള ജനത നല്‍കിയ പിന്തുണയും അഭിനന്ദനങ്ങളും. ആ സംഭവങ്ങളോട് അദ്ദേഹം പുലര്‍ത്തിയ നീതി രാഷ്ട്രീയ ലാഭത്തിനു വേണ്ടി ഉപയോഗിക്കുന്നുണ്ടെങ്കിലും സാധാരണ ജനം പരിസരം മറന്ന് കൈയടിച്ച സംഭവമായിരുന്നു നൂറ് ദിവസം പിന്നിട്ട കേസന്വേഷണങ്ങള്‍. പക്ഷേ ഒരു അന്യ സംസ്ഥാനക്കാരനായ ചെറുപ്പക്കാരനെ അയാള്‍ ചെയ്ത തെറ്റിനെ പരിശോധിക്കുക പോലും ചെയ്യാതെ സര്‍ക്കാറിന്റെ പോലീസും ആശുപത്രി ജീവനക്കാരും പട്ടിയെ പോലെ അടിച്ചുകൊന്ന് സര്‍ക്കാര്‍ ചെലവില്‍ തന്നെ ബീഹാറിലേക്ക് അയച്ചു കൊടുത്തപ്പോള്‍ പ്രബുദ്ധ കേരളം ഞെട്ടിയില്ല. എന്തുകൊണ്ട് ഞെട്ടിയില്ല എന്നതാണ് ചോദ്യം. ഒന്നാമതായി, സത്‌നംസിംഗ് കേരളത്തിലെ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും ഭാഗമല്ല. മറ്റൊന്ന് ആ മരണത്തിന് കാരണമായ ആള്‍ദൈവത്തിന് സമൂഹത്തിന്റെ നാനാ മേഖലയിലും പിടിപാടുണ്ട്. ആത്മീയത ഭൗതികശക്തിക്കായി ബോധപൂര്‍വം ഉപയോഗിക്കുന്നുണ്ടെങ്കില്‍ അവിടെ ഹിംസാത്മകമായ പ്രവര്‍ത്തനമാണ് നടക്കുക. സത്‌നംസിംഗിന്റെ മരണത്തിലും സംഭവിച്ചത് അതാണ്.
സത്‌നംസിംഗ് എന്ന യുവാവ് കുറച്ച് കാലമായി സ്‌കിനോഫ്രിനിയയുള്ള ഒരു മനോരോഗിയായിരുന്നു. ആത്മീയ വിഷയത്തില്‍ താല്‍പര്യമുള്ള യുവാവ് കേരളത്തിലെ തന്നെ വര്‍ക്കല ഗുരുകുലത്തില്‍ ദിവസങ്ങളോളം സ്വാമിയുമായി സംവാദത്തിലേര്‍പ്പെട്ടിട്ടുണ്ട്. അത്തരത്തിലുള്ള താല്‍പര്യം തന്നെയായിരിക്കാം അമൃതാനന്ദമയീ മഠത്തിലേക്കും സത്‌നം സിംഗിനെ എത്തിച്ചത്. പക്ഷേ, മനോനില തെറ്റിയ ഈ യുവാവിന്റെ ശരീരഭാഷയും പെരുമാറ്റവും കാഴ്ചക്കാരില്‍ സംശയം ജനിപ്പിച്ചിരിക്കാം. എന്നാല്‍, അതിനെല്ലാം ഉപരി അമ്മഭക്തരെ ഞെട്ടിച്ചത് ആ സമയത്തുണ്ടായ 'ബിസ്മില്ലാഹി റഹ്മാനി റഹീം' എന്ന ഉച്ചാരണമാണ്. അത് 'പരമകാരുണികനും ദയാനിധിയുമായ ദൈവത്തിന്റെ നാമത്തില്‍' എന്നാണെന്ന് തിരിച്ചറിയാന്‍ പലര്‍ക്കും കഴിഞ്ഞില്ല. അതാണ് തീവ്രവാദി എന്ന ചിന്തയിലേക്ക് കാര്യങ്ങള്‍ എത്തിച്ചത്.
'അമ്മ'യെ അപായപ്പെടുത്താന്‍ വന്നവരെ 'മക്കള്‍'ക്ക് വെറുതെ വിടാന്‍ കഴിയുമോ? ലോകം മുഴുവന്‍ ആരാധിക്കുന്ന 'അമ്മ'യെ നൂറുകണക്കിന് ഭക്തരുടെ മുമ്പില്‍ വെച്ച് അധിക്ഷേപിക്കാന്‍ ശ്രമിച്ചാല്‍ 'മക്കള്‍'ക്ക് എന്താണ് ചെയ്യേണ്ടിവരിക? പ്രത്യേകിച്ച് 'ബിസ്മില്ലാഹി റഹ്മാനി റഹീം' ചൊല്ലിയ ഒരാളെ? താടിയും മുടിയും നീട്ടിയ ഒരാളെ? ചുരുക്കത്തില്‍, ഭക്തിനിറഞ്ഞൊലിച്ച അന്തരീക്ഷത്തില്‍ ഒരു 'മകനെ' തന്റെ മറ്റു മക്കള്‍ ആത്മീയബോധം സ്ഫുടം ചെയ്ത മാനസികാവസ്ഥയില്‍ കൈകാര്യം ചെയ്യുകയാണ്! 'ആത്മീയബോധം' കൊണ്ട് ഭക്തര്‍ ഹിംസാത്മക പ്രവൃത്തിയില്‍ എത്തിച്ചേരുമ്പോള്‍ ബോധോദയം സിദ്ധിച്ച ആചാര്യന്മാര്‍ എന്താണ് ചെയ്യേണ്ടത്? അത്ര വലുതായി ഒന്നും ചെയ്യേണ്ടിയിരുന്നില്ല. ഒരു വാക്ക്, ഒരേ ഒരു വാക്ക് മാത്രം. തന്നിലേക്ക് എത്തിച്ചേരാന്‍ ശ്രമിച്ച ആ മകനെ വെറുതെ വിടുക. അല്ലെങ്കില്‍ അവനെ എന്റെ അരികില്‍ കൊണ്ടുവരിക, എന്റെ സാന്ത്വനത്താല്‍ മകനെ ഞാന്‍ ശാന്തനാക്കാം. പക്ഷേ, അങ്ങനെ ഒന്നും 'അമ്മ'യില്‍ നിന്ന് ഉണ്ടായില്ല. ആത്മീയതയുടെ ആന്തരിക സത്തയില്‍ അഭിരമിച്ച ഒരു ചെറുപ്പക്കാരന്‍ അതേ ആത്മീയതയുടെ ഭക്തിവികാരത്താല്‍ കൊടും ക്രൂരമായി കൊലചെയ്യപ്പെട്ടപ്പോള്‍ കേരളത്തിലെ രാഷ്ട്രീയ സമൂഹം അതിനെ വേണ്ട രീതിയില്‍ പരിഗണിച്ചോ? ഒരു ഹര്‍ത്താലിനു പകരം പ്രതിഷേധകൂട്ടായ്മ, അല്ലെങ്കില്‍ ബുദ്ധിജീവികളുടെ പേരും ഒപ്പും പതിഞ്ഞ ഒരു പത്രക്കുറിപ്പ്? ഒന്നും നടന്നില്ല. നടക്കില്ല. കാരണം, ഇപ്പറഞ്ഞ കൂട്ടത്തിലെല്ലാം അമ്മയോട് അതിഭക്തിയുള്ള 'മക്കളു'ണ്ട്. രാഷ്ട്രീയക്കാരിലെ കപടഭക്തരാണ് തീവ്രവാദിയേക്കാള്‍ അപകടം. അവര്‍ ആത്മീയതയെ വ്യക്തിപരമായ ലാഭത്തിനുപയോഗിക്കുന്നവരാണ്. അവര്‍ അനുഗ്രഹത്തിന് വേണ്ടി എത്രകാലം വേണമെങ്കിലും കാത്തിരിക്കും.
ഈശ്വരസാക്ഷാത്കാരമാണ് ഭക്തിയുടെ വഴിയിലെ പരമലക്ഷ്യം. അതിനു മാനവ സമൂഹത്തെ പാകപ്പെടുത്താന്‍ വന്നവരാണ് പ്രവാചകന്മാര്‍. യേശു ക്രിസ്തുവും മുഹമ്മദ് നബിയും ഭഗവാന്‍ ശ്രീകൃഷ്ണനും ശ്രീബുദ്ധനും നല്‍കിയ സന്ദേശങ്ങള്‍ അതായിരുന്നു. അവരില്‍നിന്ന് ആത്മീയ ജ്ഞാനം സിദ്ധിച്ചവര്‍, ആചാര്യന്മാര്‍ സംസാരജീവിതത്തില്‍ പ്രചരിപ്പിച്ചതും അത്തരം ചിന്തകളായിരുന്നു. മഹാത്മജി വളരെ വ്യക്തമായി തന്നെ ഇതു പറഞ്ഞിട്ടുണ്ട്: ''മനുഷ്യന്റെ ആന്തരിക ലക്ഷ്യം ഈശ്വരസാക്ഷാത്കാരമാണ്. അതുകൊണ്ട് അവന്റെ സാമൂഹികവും രാഷ്ട്രീയവും മതപരവുമായ എല്ലാ പ്രവര്‍ത്തനങ്ങളും ഈ ലക്ഷ്യത്താല്‍ നയിക്കപ്പെടണം.'' ആത്മീയ പ്രവര്‍ത്തനം ഒരുതരം രാഷ്ട്രീയ പ്രവര്‍ത്തനമായി മാറുന്നത് ഇങ്ങനെയാണ്. ഇവിടെ ഹിംസാത്മക ചിന്തക്ക് ഒരിടവുമില്ല. ഈശ്വരസാക്ഷാത്കാരത്തിന്റെ വഴിയിലൂടെയുള്ള യാത്രയില്‍ സത്‌നംസിംഗിനുണ്ടായ അന്ത്യവും അത് ഇതിനകം സൃഷ്ടിച്ച പാപബോധവും കേരളത്തിന്റെ മനസ്സില്‍ നിന്നും കഴുകിക്കളയാന്‍ ലോകം മുഴുക്കെയുള്ള അമ്മ ഭക്തന്മാരുടെ പ്രാര്‍ഥനക്കും കഴിയില്ല. കാരണം, ആത്മീയതയുടെ വഴിയില്‍ ഹിംസക്ക് ഒരുതരി ഇടം പോലുമില്ല.
Comments