Prabodhanm Weekly

Pages

Search

2012 സെപ്റ്റംബര്‍ 22

പുതിയ ആയുധങ്ങള്‍ കണ്ടെത്താന്‍

സ്വന്തം ജീവിതത്തിന്റെ സ്ഥിതിഗതികള്‍ വസ്തുനിഷ്ഠമായി ഗ്രഹിക്കുന്നതില്‍ - അന്താരാഷ്ട്ര തലത്തിലായാലും ദേശീയതലത്തിലായാലും പ്രാദേശികതലത്തിലായാലും -തീരെ അലസരാണ് മുസ്‌ലിം ജനത. ഭൗതികവും മതപരവുമായ ജീവിത നിലവാരത്തിന്റെയും നിലപാടുകളുടെയും സ്ഥിതിവിവരങ്ങള്‍ കൃത്യമായി സമാഹരിക്കേണ്ടത് സാമൂഹികമായ അവശതാ നിവാരണത്തിന്റെയും ശാക്തീകരണത്തിന്റെയും ആദ്യ പടിയാണ്. രോഗവും അതിന്റെ അവസ്ഥയും നിര്‍ണയിക്കേണ്ടത് ഫലപ്രദമായ ചികിത്സയുടെ മുന്നുപാധിയാണല്ലോ. സര്‍ക്കാര്‍ നിയോഗിച്ച സച്ചാര്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ടിലൂടെയാണ് ഇന്ത്യന്‍ മുസ്‌ലിംകളനുഭവിക്കുന്ന അവശതയുടെയും അധഃസ്ഥിതിയുടെയും ആഴം ഈ സമുദായം മനസ്സിലാക്കിയത്. സച്ചാര്‍ കമ്മിറ്റി വെളിപ്പെടുത്തിയ വസ്തുതകള്‍ മുസ്‌ലിം സമുദായം നേരത്തേ സ്വന്തം നിലയില്‍ അന്വേഷിച്ചറിയേണ്ടതായിരുന്നു. എങ്കില്‍ നിവാരണ പ്രവര്‍ത്തനങ്ങള്‍ നേരത്തെ തുടങ്ങാന്‍ സാധിക്കുമായിരുന്നു. കേരള സര്‍ക്കാര്‍ മുസ്‌ലിംകള്‍ക്ക് അനര്‍ഹമായ ആനുകൂല്യങ്ങള്‍ വാരിക്കോരി കൊടുക്കുന്നതിനാല്‍ ഇതര സമുദായങ്ങളുടെ അവകാശങ്ങള്‍ ഹനിക്കപ്പെടുന്നുവെന്ന് തല്‍പര കക്ഷികള്‍ ഈയിടെ പ്രചണ്ഡമായ പ്രചാരണമഴിച്ചുവിട്ട പശ്ചാത്തലത്തില്‍, മുസ്‌ലിംകള്‍ക്കും ഇതര വിഭാഗങ്ങള്‍ക്കും ലഭിച്ച നേട്ടങ്ങളുടെ ധവള പത്രമിറക്കണമെന്ന് സമുദായ നേതൃത്വം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയോട് അഭ്യര്‍ഥിക്കുകയുണ്ടായി. സര്‍ക്കാര്‍ അത് ചെയ്യുന്നില്ലെങ്കില്‍ (ചെയ്യുമെന്നു തോന്നുന്നില്ല) അത്തരമൊരു ധവളപത്രം സ്വയം തയാറാക്കി യാഥാര്‍ഥ്യം ജനശ്രദ്ധയില്‍ കൊണ്ടുവരാന്‍ സമുദായ സംഘടനകള്‍ തയാറാകേണ്ടതുണ്ട്. കൂട്ടായി ശ്രമിച്ചാല്‍ ഇന്നത്തെ സാഹചര്യത്തില്‍ അനായാസം സാധിക്കുന്ന കാര്യമാണത്.
മുസ്‌ലിം സമുദായം അവരെ സ്വയം പഠിക്കുന്നില്ലെങ്കിലും അന്തര്‍ദേശീയതലത്തിലും പ്രാദേശികതലത്തിലുമെല്ലാം മറ്റുള്ളവര്‍ അത് സമര്‍ഥമായി ചെയ്തുകൊണ്ടിരിക്കുന്നു എന്നത് വസ്തുതയാണ്. അമേരിക്കയിലെ പ്രമുഖ ഗവേഷണ സ്ഥാപനങ്ങളിലൊന്നായ പ്യൂ റിസര്‍ച്ച് സെന്റര്‍ ഈയിടെ ആഗോളതലത്തില്‍ നടത്തിയ പഠനം ഒരു ഉദാഹരണം. സ്വന്തം മതത്തോടു മുസ്‌ലിംകള്‍ പുലര്‍ത്തുന്ന മനോഭാവത്തെ അധികരിച്ചായിരുന്നു 2008 മുതല്‍ 2012 വരെ നീണ്ടുനിന്ന വിപുലമായ ഈ പഠനം. എല്ലാ ഭൂഖണ്ഡങ്ങളില്‍നിന്നുമായി 39 രാജ്യങ്ങളിലെ മുസ്‌ലിം സമൂഹങ്ങള്‍ വിശദമായ സര്‍വേക്കു വിധേയമായി. 80 ഭാഷകളിലായി 38000 വ്യക്തികള്‍ക്ക് ചോദ്യാവലി നല്‍കി ഉത്തരങ്ങള്‍ ശേഖരിച്ചു. ലോക മുസ്‌ലിംജനസംഖ്യയുടെ 67 ശതമാനത്തെയും തങ്ങളുടെ നിരീക്ഷണം ഉള്‍ക്കൊണ്ടിരിക്കുന്നുവെന്ന് ഗവേഷകര്‍ അവകാശപ്പെടുന്നു. മുസ്‌ലിംകളില്‍ 80 ശതമാനവും ഏകദൈവ വിശ്വാസം, മുഹമ്മദീയ പ്രവാചകത്വം, റമദാന്‍ വ്രതം തുടങ്ങിയ അടിസ്ഥാന പ്രമാണങ്ങളില്‍ ഐകമത്യമുള്ളവരാകുന്നു, മറ്റു കാര്യങ്ങളില്‍ ഇസ്‌ലാമിക വിധികള്‍ വ്യാഖ്യാനിക്കുന്നതില്‍ മാത്രമേ അവര്‍ക്കിടയില്‍ ഭിന്നതയുള്ളൂ. ഇതാണ് ഗവേഷണം തെളിയിച്ച ഏറ്റവും പ്രധാനപ്പെട്ട വസ്തുതയായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ചില നാടുകളില്‍ ഇളംതലമുറയെ അപേക്ഷിച്ച് നാല്‍പതു കഴിഞ്ഞവരാണ് കൂടുതല്‍ മതതല്‍പരര്‍. നേരെ മറിച്ച് ചിലയിടങ്ങളില്‍ യുവജനങ്ങളിലാണ് കൂടുതല്‍ വിശ്വാസപ്രതിബദ്ധതയും മതാവേശവും കാണപ്പെടുന്നത്. പല സമൂഹങ്ങളിലും മതത്തെ ജീവിതാധാരമായി കരുതുന്നവരാണ് 80 ശതമാനം മുസ്‌ലിംകള്‍. ചില നാടുകളില്‍ മതത്തിന് പ്രമുഖ സ്ഥാനം കല്‍പിക്കുന്നവര്‍ 70 ശതമാനമാണ്.
ഇസ്‌ലാംമതവും മുസ്‌ലിം സമുദായവും മുഖ്യ വിഷയമായെടുത്ത് പ്രവര്‍ത്തിക്കുന്ന പ്യൂ റിസര്‍ച്ച് സെന്റര്‍ ഇതിനു മുമ്പും മുസ്‌ലിംകളുടെ ആത്മീയ-ഭൗതിക ജീവിതങ്ങള്‍ വിലയിരുത്തുന്ന പല ഗവേഷണ റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടിട്ടുണ്ട്. ഇതൊന്നും വെറും വിനോദത്തിനോ ജിജ്ഞാസ ശമിപ്പിക്കാനോ നടത്തുന്ന പ്രവര്‍ത്തനങ്ങളല്ല. ഇത്തരം സ്ഥാപനങ്ങളുടെ റിപ്പോര്‍ട്ടുകളുടെ വെളിച്ചത്തിലാണ് അമേരിക്കന്‍ ഗവണ്‍മെന്റ് അതിന്റെ നയങ്ങള്‍ രൂപീകരിക്കുന്നത്. റിപ്പോര്‍ട്ടിന്റെ രഹസ്യ സ്വഭാവമുള്ളതും വൈകാരികവുമായ ഭാഗങ്ങള്‍ ഗവണ്‍മെന്റിനു മാത്രമേ നല്‍കൂ. അതോടൊപ്പം പ്രശ്‌നം കൈകാര്യം ചെയ്യാന്‍ സഹായകമായ ശിപാര്‍ശകളുമുണ്ടായിരിക്കും. അമേരിക്കന്‍ ഐക്യനാടുകള്‍ക്ക് സൂപ്പര്‍ പവര്‍ പദവി നിലനിര്‍ത്താന്‍ ഭൂലോകത്തുള്ള സകല ജനവിഭാഗങ്ങളെയും സ്വന്തം നിയന്ത്രണത്തിലാക്കേണ്ടതുണ്ട്. അമേരിക്കന്‍ മേധാവിത്വം അംഗീകരിക്കാന്‍ കൂട്ടാക്കാത്ത ഏതു നാടും നാട്ടുകാരും അവരുടെ ശത്രുക്കളാണ്. ശത്രുസംഹാരത്തിന് ഒളിഞ്ഞതും തെളിഞ്ഞതുമായ ഏതു മാര്‍ഗവും അവര്‍ക്ക് പഥ്യമാണ്.
കമ്യൂണിസ്റ്റ് റഷ്യയുടെ തിരോധാനത്തിനു ശേഷം അമേരിക്കയുടെ മുന്നിലുള്ള മുഖ്യ ശത്രു ഇസ്‌ലാമും മുസ്‌ലിംകളുമാണ്. നേരത്തെ നശിപ്പിച്ച ശത്രുക്കളില്‍ നിന്ന് വളരെ വ്യത്യസ്തമാണീ ശത്രു. പാരമ്പര്യ സൈനിക ശക്തികൊണ്ടു മാത്രം ഇസ്‌ലാമിനെയും മുസ്‌ലിംകളെയും നശിപ്പിക്കാനാവില്ല. അവരെ നേരിടാന്‍ പുതിയ പുതിയ ആയുധങ്ങളും യുദ്ധതന്ത്രങ്ങളും ആവിഷ്‌കരിക്കേണ്ടതുണ്ട്. മുസ്‌ലിം നേതാക്കളെയും പണ്ഡിതന്മാരെയും പ്രീണിപ്പിക്കുന്നത് മുതല്‍ പരിശുദ്ധ ഹറമുകളിലേക്കുള്ള സൈനികാധിനിവേശം വരെ നീണ്ടു പരന്നു കിടക്കുന്നതാണാപട്ടിക. ഇത്തരം ആയുധങ്ങളുടെ പണിപ്പുരകളാണ് പ്യൂ റിസര്‍ച്ച് സെന്റര്‍ പോലുള്ള സ്ഥാപനങ്ങള്‍. സെന്ററിന്റെ പുതിയ പഠന റിപ്പോര്‍ട്ട് അമേരിക്കന്‍ നയനിര്‍മാതാക്കളോട് പറയുന്നതിതാണ്: ഏകദൈവത്തിലും മുഹമ്മദീയ പ്രാവചകത്വത്തിലുമുള്ള വിശ്വാസം ഈ സമൂഹത്തിന്റെ അതിശക്തമായ അടിത്തറയാകുന്നു. ദേശത്തിലും ഭാഷയിലും വര്‍ണത്തിലും വംശത്തിലും ആചാര സമ്പ്രദായങ്ങളിലും ആഹാരക്രമത്തിലുമെല്ലാം എണ്ണമറ്റ വൈവിധ്യങ്ങള്‍ പുലര്‍ത്തുമ്പോഴും അത് ഈ മനുഷ്യരെ ഏകീകരിക്കുന്ന ശക്തി (uniforming force)ആയി അഭംഗുരം നിലനില്‍ക്കുന്നു.
പുതിയ പഠന റിപ്പോര്‍ട്ടുകളുടെ വെളിച്ചത്തില്‍ അമേരിക്ക അതിന്റെ നയങ്ങളില്‍ വരുത്തുന്ന മാറ്റങ്ങളെന്തൊക്കെയെന്ന് കാത്തിരുന്നു കാണാം.

Comments

Other Post

ഖുര്‍ആന്‍ ബോധനം

അല്‍ ഇസ്റാഅ്
എ.വൈ.ആര്‍