Prabodhanm Weekly

Pages

Search

2012 സെപ്റ്റംബര്‍ 22

സുതാര്യമായ യാത്ര പോലും ടാര്‍ജറ്റ് ചെയ്യപ്പെടുന്ന വിധം

പി.ബി.എം ഫര്‍മീസ്‌

ആസാം മണ്ണില്‍ വര്‍ഗീയ കലാപം ആഞ്ഞടിച്ചുകൊണ്ടിരുന്ന ദിവസങ്ങളില്‍ ദുരന്തഭൂമിയിലെ കണ്ണീര്‍കാഴ്ചകള്‍ നേരിട്ടറിയാന്‍ കേരളത്തില്‍നിന്ന് ഒരു പഠന സംഘം പുറപ്പെടുകയുണ്ടായി. 'വിഷന്‍ 2016' പദ്ധതിയുടെ കേരളാ ചാപ്റ്റര്‍ സംഘടിപ്പിച്ചതായിരുന്നു യാത്ര. മാധ്യമ പ്രവര്‍ത്തകര്‍, അഭിഭാഷകര്‍, സാമൂഹിക പ്രവര്‍ത്തകര്‍, എഴുത്തുകാര്‍, ഫോട്ടോഗ്രാഫര്‍മാര്‍, ഡോക്യുമെന്ററി നിര്‍മാതാക്കള്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയ 25-ഓളം വരുന്ന സംഘത്തിന് ആസാമിലെ ദുരന്ത കാഴ്ചകളോടൊപ്പം ഭരണകൂടവും നിയമസംവിധാനവും ഒരു സമുദായത്തെ എങ്ങനെ ടാര്‍ജറ്റ് ചെയ്യുന്നുവെന്ന് മനസ്സിലാക്കാന്‍ ഉതകുന്ന അനുഭവങ്ങളുമുണ്ടായി.
പത്ര പരസ്യം നല്‍കി, ഇന്ത്യന്‍ റെയില്‍വെയില്‍ റിസര്‍വേഷന്‍ ചെയ്ത്, കഴുത്തില്‍ ബാഡ്ജ് തൂക്കി നടത്തിയ സുതാര്യമായ യാത്ര പോലും തീവ്രവാദ-രാജ്യദ്രോഹ യാത്രയായി മാധ്യമങ്ങളും പോലീസും അവതരിപ്പിച്ചതിന്റെ വേദനിപ്പിക്കുന്ന അനുഭവങ്ങള്‍ ഞങ്ങള്‍ക്കുണ്ടായി. കൊല്‍ക്കത്തയിലെ സിയാല്‍ഡയില്‍ നിന്ന് പുറപ്പെട്ട കാഞ്ചന്‍ ജംഗ എക്‌സ്പ്രസ് വെസ്റ്റ് ബംഗാള്‍ അതിര്‍ത്തിയായ ന്യൂ ജെല്‍വഗുരി സ്റ്റേഷന്‍ എത്തിയപ്പോള്‍ കേരളത്തില്‍നിന്നുള്ള യാത്രാ സംഘം കയറിയ എസ്-3 കോച്ചില്‍ പതിമൂന്നോളം ആര്‍.പി.എഫുകാര്‍ കയറി. എ.സി കോച്ചില്‍ യാത്ര ചെയ്യുന്ന സഹയാത്രികരെ സന്ദര്‍ശിക്കാന്‍ കോച്ചുകളിലൂടെ നടന്നപ്പോഴാണ് ബോധ്യമായത് ആര്‍.പി.എഫുകാര്‍ എസ്-3 കോച്ചില്‍ മാത്രമേയുള്ളൂവെന്ന്. വണ്ടി നീങ്ങിത്തുടങ്ങിയപ്പോള്‍ യൂനിഫോമിലല്ലാത്ത ഒരാള്‍ വന്ന് നിങ്ങള്‍ക്ക് വല്ല സുരക്ഷാ പ്രശ്‌നവും ഉണ്ടോ എന്നു ചോദിച്ചു. ആസാമിലെ സ്ഥിതിവെച്ച് സ്വാഭാവികമായ പ്രക്രിയയാവും എന്നാണ് ഞങ്ങള്‍ കരുതിയത്. വണ്ടി അടുത്ത സ്റ്റേഷനില്‍ എത്തിയപ്പോള്‍ യൂനിഫോമിലല്ലാത്ത ഒരാള്‍ വന്ന് ഞങ്ങളെ മുഴുവന്‍ വീഡിയോയില്‍ പകര്‍ത്തി. കുറച്ച് സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍ ഞങ്ങളുടെ ബാഗുകള്‍ പരിശോധിച്ചു. വണ്ടി നീങ്ങിത്തുടങ്ങി. അടുത്ത സ്റ്റേഷനില്‍ ഞങ്ങളെ കാത്തിരിക്കുന്നത് ആറ് കാമറകള്‍. തുരുതരാ ഫോട്ടോ എടുത്ത്, കണ്ടു നില്‍ക്കുന്ന യാത്രക്കാര്‍ ആശ്ചര്യം കാരണമാവും മൊബൈലില്‍ ദൃശ്യങ്ങള്‍ പകര്‍ത്തുന്നു.
തൊട്ടടുത്ത സ്റ്റേഷനില്‍ വീണ്ടും പരിശോധനക്കെത്തിയത് ലോക്കല്‍ പോലീസ് ഉള്‍പ്പെടെ അമ്പതിലേറെ പേര്‍. ഇത്തവണ അവര്‍ 'രാജ്യദ്രോഹ' കുറ്റം ചുമത്താനുള്ള ആദ്യ തെളിവ് 'പിടികൂടി'. വിഷന്‍ 2016-ന്റെ പേരില്‍ 'സ്റ്റഡി കണ്‍വെ ടു ആസാം' എന്നെഴുതിയ ബാഡ്ജ് ആയിരുന്നു വലിയ തെളിവ്! അതിന്റെ പേരില്‍ ഞങ്ങളെ മുഴുവന്‍ ട്രെയിനില്‍ നിന്നിറക്കി. സ്ഥലം എസ്.പി നേരിട്ട് ഹാജരായിരിക്കുന്നു. തുടരെ തുടരെ ചോദ്യം ചെയ്യല്‍. ഞങ്ങള്‍ കുഴപ്പക്കാരല്ല എന്ന് അദ്ദേഹത്തിന് ബോധ്യപ്പെടാന്‍ അവസാനം ഞങ്ങള്‍ക്കിങ്ങനെ പറയേണ്ടിവന്നു. 'സര്‍, ഞങ്ങള്‍ മുസ്‌ലിംകള്‍ മാത്രമല്ല, കൂടെ ഹിന്ദുവും ക്രിസ്ത്യാനിയുമുണ്ട്.' അത് കേട്ടപ്പോള്‍ അദ്ദേഹം ഞങ്ങളോട് ട്രെയിനില്‍ തിരിച്ചുകയറാന്‍ പറഞ്ഞു. ബുദ്ധിമുട്ടിച്ചതിന് സോറിയും പറഞ്ഞു. അതിനിടെ കൂട്ടത്തിലെ ഒരു രാജ്യസ്‌നേഹി പോലീസുകാരന്‍ നമ്മുടെ സംഘത്തിലെ അമുസ്‌ലിം ആക്ടിവിസ്റ്റിനോട് ചോദിച്ചു: 'താങ്കള്‍ എന്തിനാണ് ഇങ്ങനെയൊരു ടീമിനോപ്പം യാത്ര ചെയ്യുന്നത്?' പരിശോധനയുടെ മര്‍മം ബോധ്യപ്പെടുത്തുന്ന പ്രയോഗമായിരുന്നു അത്.
കോച്ചിലെ നാലു വാതിലുകള്‍ക്കും അരികെ ആര്‍.പി.എഫ് പ്രതിരോധം തീര്‍ത്ത അവസ്ഥയില്‍ ഇനിയും ചോദ്യം ചെയ്യല്‍ ആവര്‍ത്തിക്കുമോ എന്ന ആശങ്കയിലായിരുന്നു ഞങ്ങള്‍. വണ്ടി നിര്‍ത്തുന്ന സ്റ്റേഷനുകളില്‍ പിറകെയുള്ള ടീം ജനല്‍ വാതിലുകളിലൂടെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നത് തുടരുന്നുണ്ടായിരുന്നു. വണ്ടി ഗുവാഹത്തിലെത്തുമ്പോള്‍ പ്രതീക്ഷിച്ചത് പോലെ വലിയൊരു സുരക്ഷാ സന്നാഹം ഞങ്ങളെ കാത്തിരിക്കുന്നുണ്ടായിരുന്നു. റെയില്‍വെ ഇന്‍സ്‌പെക്ടര്‍ ഞങ്ങളോട് സ്റ്റേഷനില്‍ വരാന്‍ ആവശ്യപ്പെട്ടു. മുഴുവനാളുകളുടെയും പേര് വിവരം രേഖപ്പെടുത്തി. ബാഗുകള്‍ പരിശോധിച്ചു. കൂട്ടത്തില്‍ ലാപ്‌ടോപ്പുകളും കാമറകളും മൊബൈല്‍ ഫോണുകളും. ലാപ്‌ടോപ്പ് പരിശോധിച്ചപ്പോള്‍ അദ്ദേഹത്തിന് രാജ്യദ്രോഹത്തിന്റെ മറ്റൊരു തെളിവ് കിട്ടി! ഖത്തറിലും ദുബൈയിലും ഇന്ത്യയിലും ബ്രാഞ്ചുകളുള്ള ഐ.ടി സ്ഥാപനത്തിന്റെ ഉടമയായ വി.കെ നദീറിന്റെ ലാപ്‌ടോപ്പില്‍ തന്റെ സ്ഥാപനത്തിലേക്കയച്ച ജര്‍മനിയും ഫിലിപ്പീനിയും ഉള്‍പ്പെടെയുള്ള സി.വികളുടെ കൂട്ടത്തില്‍ ഒരു പാകിസ്താനിയുടെ സി.വി. ഇന്‍സ്‌പെക്ടര്‍ ആവേശത്തോടെ കൂടുതല്‍ പരിശോധിച്ചു. ലാപ്‌ടോപ്പിലെ ആയിരത്തിലേറെ വരുന്ന ഇ-ബുക് ശേഖരത്തില്‍ ഈച്ചരവാര്യരുടെ പോലീസ് പരാമര്‍ശമുള്ള ഇംഗ്ലീഷ് പുസ്തകം. ഖത്തറില്‍ ഏഴു വര്‍ഷത്തോളം താമസിക്കുന്നതിനിടെ ഖത്തര്‍ ദേശീയ ദിന ആഘോഷ ചടങ്ങില്‍ നിന്നുള്ള ഏതാനും സൈനികരുടെ ഫോട്ടോ കൂടെ ആയപ്പോള്‍ സംഗതി കുശാല്‍. പിന്നെ തീവ്രവാദികളല്ല, രാജ്യദ്രോഹികളല്ല എന്ന് തെളിയിക്കേണ്ടത് ഞങ്ങളുടെ ബാധ്യത പോലെയായി സംസാരം. മണിക്കൂറുകള്‍ സ്റ്റേഷനില്‍ നിര്‍ത്തിച്ചതിനു ശേഷം റെയില്‍വെ പോലീസ് സൂപ്രണ്ട് നേരിട്ട് വന്ന് ഞങ്ങളോട് സംസാരിച്ച ശേഷം ഞങ്ങള്‍ക്ക് ലോക്കല്‍ പോലീസിന്റെ കൂടെ പോവാന്‍ അനുമതി നല്‍കി. മുന്നിലും പിന്നിലും പോലീസ് അകമ്പടിയില്‍ നേരത്തെ നിശ്ചയിച്ച വിശ്രമ സ്ഥലത്തെത്തി. കൂടെയുള്ള ഡി.വൈ.എസ്.പി ഞങ്ങളോട് എസ്.പിയെ കണ്ട് അനുവാദം വാങ്ങിയാല്‍ നിങ്ങള്‍ക്ക് യാത്ര തുടരാമെന്ന് പറഞ്ഞു. ഈ ലേഖകനും യാത്രയിലെ മറ്റൊരു കോ-ഓര്‍ഡിനേറ്ററായ നദീറും കൂടി ഗുവാഹത്തിയിലെ എസ്.പിയെ കണ്ടു. അദ്ദേഹം ബുദ്ധിമുട്ടിച്ചതിന് ഖേദം പ്രകടിപ്പിച്ചുവെന്ന് മാത്രമല്ല, ഞങ്ങളുടെ യാത്രക്ക് ആവശ്യമായ സഹായങ്ങള്‍ നല്‍കാന്‍ ഞങ്ങള്‍ എസ്.പിക്ക് സമര്‍പ്പിച്ച യാത്രാ വിവരങ്ങളടങ്ങിയ ഡോക്യുമെന്റ് ജില്ലാ മജിസ്‌ട്രേറ്റിനും കൈമാറി വിശ്രമ സ്ഥലത്ത് തിരിച്ചെത്തി.
എസ്.പി ഞങ്ങള്‍ക്ക് തന്ന ഉറപ്പും പിന്തുണയും ഒരു മാനേജ്‌മെന്റ് തന്ത്രം മാത്രമായിരുന്നുവെന്ന് സാക്ഷ്യപ്പെടുത്തുന്നതായിരുന്നു തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ സൃഷ്ടിച്ച നാടകീയ രംഗങ്ങള്‍. ഡി.വൈ.എസ്.പിയുടെ നേതൃത്വത്തില്‍ വീണ്ടും പരിശോധന, ഇത്തവണ അവര്‍ക്ക് ലാപ്‌ടോപ്പുകള്‍ മാത്രം മതി. ലാപ്‌ടോപ്പുകളിലെ ഡാറ്റ മുഴുവന്‍ കോപ്പി ചെയ്ത് പോകാനുള്ള ശ്രമത്തിലാണ് പോലീസ്. ഞങ്ങള്‍ ഉദ്യോഗസ്ഥരോട് പറഞ്ഞു: ഡാറ്റ കോപ്പി ചെയ്ത് കൊണ്ടു പോകാന്‍ മാത്രം കുറ്റമെന്താണ് ചെയ്തതെന്ന് ബോധ്യപ്പെടുത്തണം. മറുപടി വിശദീകരിക്കാന്‍ ബുദ്ധിമുട്ടിയ ഉദ്യോഗസ്ഥന്‍ യാത്രയുമായി ബന്ധപ്പെട്ട സുരക്ഷക്ക് വേണ്ടിയാണെന്ന് വിശദീകരണം പറഞ്ഞു. ഞങ്ങള്‍ അദ്ദേഹത്തോട് പറഞ്ഞു: ഈ ഡാറ്റ നിങ്ങള്‍ ഇവിടെ നിന്ന് കൊണ്ടുപോയതിനു ശേഷം വല്ല വേണ്ടാത്തരങ്ങളും കുത്തിനിറച്ച് ഞങ്ങളെ രാജ്യദ്രോഹി ആക്കില്ലെന്ന് നിങ്ങളെക്കുറിച്ച് വിശ്വസിക്കാന്‍ പ്രയാസമുണ്ട്. അതിനാല്‍ തല്‍ക്കാലം യാത്ര മതിയാക്കി ഞങ്ങള്‍ നാട്ടിലേക്ക് തിരിച്ചുപോകുമെന്ന് ഞങ്ങളറിയിച്ചു. അപ്പോള്‍ ഞങ്ങളുടെ സാന്നിധ്യത്തില്‍ തിരച്ചില്‍ നടത്താന്‍ തയാറാണെന്ന് അറിയിച്ചു. പരിശോധന തുടര്‍ന്നു. അതിനിടെ കോപ്പി ചെയ്യാന്‍ വന്ന ഉദ്യോഗസ്ഥന്‍ ലാപ്‌ടോപ്പിലെ ഫാമിലി ഫോട്ടോകള്‍ പെന്‍ഡ്രൈവില്‍ പകര്‍ത്താന്‍ ശ്രമിച്ചത് വിവാദമായി.
രാവിലെ പരിശോധിച്ച ഉദ്യോഗസ്ഥന്‍ കണ്ടെത്തിയ മഹാ രാജ്യദ്രോഹ രേഖകള്‍ കണ്ടെത്താനാണ് ശ്രമമെന്ന് ബോധ്യപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങളാണ് അവരുടേത്. ലാപ്‌ടോപ് ഉടമയെ അറസ്റ്റ് ചെയ്യുമെന്ന വക്കിലെത്തിയപ്പോള്‍ ആസാമിലെ ജമാഅത്തെ ഇസ്‌ലാമി നേതൃത്വം മാധ്യമ പ്രവര്‍ത്തകരെയും രാഷ്ട്രീയ നേതൃത്വത്തെയും ഇടപെടുവിച്ചു. അവരുടെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയില്‍ ഞങ്ങളെ രണ്ട് ഗ്രൂപ്പുകളായി തിരിച്ച് വ്യത്യസ്ത സമയങ്ങളില്‍ സന്ദര്‍ശനത്തിന് അവസരമൊരുക്കാന്‍ ധാരണയായി.
പക്ഷേ, അന്നു രാത്രി ആസാമിലെ ദൃശ്യമാധ്യമങ്ങളില്‍ ഗംഭീര ആഘോഷം! 'കേരളത്തില്‍ നിന്നുള്ള മുസ്‌ലിം തീവ്രവാദികള്‍ പിടിയില്‍. അവരുടെ ലാപ്‌ടോപ്പുകളും മറ്റു രാജ്യദ്രോഹ രേഖകളും പിടിച്ചെടുത്തു'. എത്ര പെട്ടെന്നാണ് മാധ്യമങ്ങള്‍ ആധികാരിക വാര്‍ത്തകള്‍ സൃഷ്ടിച്ചത്.
പ്രശ്‌ന ബാധിത മേഖലകളിലും അഭയാര്‍ഥി ക്യാമ്പുകളിലും ഞങ്ങളുടെ ടീമുകളെ ഐ.ബി പിന്തുടര്‍ന്നു. തദവസരത്തില്‍ ആസാമില്‍ പ്രചരിച്ച വ്യാജ വാര്‍ത്തയെക്കുറിച്ച് ചോദിച്ചപ്പോള്‍ അവര്‍ കൈമലര്‍ത്തി. ദുരന്തഭൂമി സന്ദര്‍ശിച്ച് തുടങ്ങിയപ്പോള്‍ ഭരണകൂടത്തിന്റെ ബേജാറിന്റെ കാരണം പിടികിട്ടി. ആസാം കലാപത്തില്‍ ക്രൂരമായ നിസ്സംഗത കാട്ടിയ കോണ്‍ഗ്രസ് സര്‍ക്കാര്‍ ബോഡോ അഴിഞ്ഞാട്ടത്തെ കണ്ടില്ലെന്ന് നടിച്ചിരിക്കുകയാണ്. വരാനിരിക്കുന്ന തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പും ആസാമിലെ കോണ്‍ഗ്രസ് രാഷ്ട്രീയ സമവാക്യങ്ങളും പരിശോധിച്ചാല്‍ അതിന്റെ കാരണങ്ങള്‍ മനസ്സിലാവും. നാല് ലക്ഷത്തിലേറെ വരുന്ന അഭയാര്‍ഥികള്‍, അവര്‍ക്ക് നഷ്ടപ്പെട്ട തിരിച്ചറിയല്‍ രേഖകള്‍, മുടങ്ങിയ അധ്യയന ദിനങ്ങള്‍, തകര്‍ത്തെറിഞ്ഞ കിടപ്പാടങ്ങള്‍ ഇവക്ക് എങ്ങനെ മറുപടി പറയുമെന്ന ചോദ്യത്തിന് കോണ്‍ഗ്രസ്സുകാര്‍ക്ക് പോലും സ്വീകാര്യനല്ലാത്ത മുഖ്യമന്ത്രി മറുപടി പറയുമോ? ആസാമില്‍ നിന്നുള്ള വാര്‍ത്തകള്‍ കലാപത്തെക്കുറിച്ചാവരുത് എന്ന് ഭരണകൂടം ആഗ്രഹിക്കുന്നു.
സുതാര്യമായി നടത്തിയ യാത്രയില്‍ സിംഹഭാഗവും മുസ്‌ലിം ചെറുപ്പക്കാരായി എന്ന കാരണത്താല്‍ അവരെ കീറിമുറിച്ച് സംശയിക്കാം, പരിശോധിക്കാം, മാധ്യമങ്ങളെ കൊണ്ട് രാജ്യദ്രോഹികളെന്ന് വിളിപ്പിക്കാം, കൂട്ടത്തില്‍ അകപ്പെട്ട അമുസ്‌ലിം സഹോദരനില്‍ സംശയരോഗം കുത്തിവെക്കാം. ഇവരെ സാക്ഷാല്‍ രാജ്യദ്രോഹികളാക്കി പിണ്ഡം വെക്കണം. അതാണ് യാത്രയില്‍ ഞങ്ങള്‍ കണ്ടത്.
ആസാം പോലീസിന്റെ നടപടികളെ വിഷന്‍ 2016 വക്താക്കള്‍ ദല്‍ഹിയില്‍ പത്രസമ്മേളനത്തില്‍ അപലപിച്ചത് വാര്‍ത്തയായത് കാരണമാവണം, തിരിച്ചുവരുമ്പോള്‍ ഐ.ബിയും പോലീസും ചേര്‍ന്ന് ഞങ്ങള്‍ക്ക് ബൊക്ക സമ്മാനിക്കലും യാത്രയപ്പ് തരലും തകൃതി. ഞങ്ങള്‍ക്ക് നഷ്ടപ്പെടുത്തിയ ദിവസങ്ങളും അഭിമാനവും ആരു തിരിച്ചുതരുമെന്ന ചോദ്യം അധികാരികള്‍ ചിരിച്ചുതള്ളി.
മടക്ക യാത്രയില്‍ ടീമിലെ 18 വയസ്സുകാരന്‍ അഖില്‍ പറഞ്ഞു: എന്റെ പത്തു ദിവസത്തെ ക്ലാസ് നഷ്ടമായതില്‍ എനിക്ക് ഇപ്പോള്‍ ഖേദമില്ല. പത്തു വര്‍ഷം ഞാന്‍ പുസ്തകത്തില്‍നിന്ന് പഠിക്കുന്നതിനേക്കാള്‍ ഈ യാത്ര എന്നെ പഠിപ്പിച്ചു. ഒരു സമുദായം എങ്ങനെ ടാര്‍ജറ്റ് ചെയ്യപ്പെടുന്നുവെന്നും മാധ്യമങ്ങള്‍ എങ്ങനെ വാര്‍ത്തകള്‍ സൃഷ്ടിക്കുന്നുവെന്നും.

Comments

Other Post

ഖുര്‍ആന്‍ ബോധനം

അല്‍ ഇസ്റാഅ്
എ.വൈ.ആര്‍