Prabodhanm Weekly

Pages

Search

2012 സെപ്റ്റംബര്‍ 22

മനസുവെച്ചാല്‍ നമുക്ക് വരും കാലങ്ങളെ വരയാനാകും

പ്രഫ. കെ.എ സിദ്ദീഖ് ഹസന്‍

ഏതാനും വര്‍ഷങ്ങളായി കേരളത്തില്‍ നിന്ന് ഏറെക്കുറെ മാറിനിന്ന ശേഷം, ഈയിടെ കുറച്ചുനാള്‍ നാട്ടില്‍ കഴിയാന്‍ അവസരം ലഭിച്ചപ്പോള്‍ ഉണ്ടായ ചില അനുഭവങ്ങളാണ് ഈ വരികള്‍ കുറിക്കാന്‍ പ്രചോദനം. മഹാകവി ഇഖ്ബാലിന്റെ കവിതാശകലമാണ് മുകളിലുദ്ധരിച്ചത്. മുസ്‌ലിം ഉമ്മത്തിനെ നോക്കി അദ്ദേഹം നെടുവീര്‍പ്പിടുകയാണ്. ഏറെ മഹത്വവും നന്മയും ശ്രേഷ്ഠമായ പാരമ്പര്യങ്ങളുടെ ഈടുവെപ്പും സ്വന്തമായുള്ള ഈ ഉമ്മത്തിന്, അല്‍പം മനസ്സുവെച്ചാല്‍ മാനവരാശിയുടെ വിമോചനത്തിനും നാഗരികതയുടെ മുന്നേറ്റത്തിനും സാംസ്‌കാരിക പുരോഗതിക്കും മഹത്തായ സംഭാവനകള്‍ അര്‍പ്പിക്കാന്‍ കഴിയുമെന്ന് ഇഖ്ബാല്‍ ദീര്‍ഘദര്‍ശനം ചെയ്യുന്നു. അതിനര്‍ഹമായ എല്ലാ ഗുണവിശേഷങ്ങളും മൗലികമായി ഉണ്ടായിട്ടും, അതു സാധിക്കാതെ പോകുന്നതില്‍ ഹൃദയം നൊന്തു വേദനിക്കുകയും ചെയ്യുന്നു.
കേരളീയ മുസ്‌ലിം ഉമ്മത്തിന്റെ പൈതൃകവും, സാമൂഹികവും സാംസ്‌കാരികവും വിദ്യാഭ്യാസപരവും സാമ്പത്തികവുമായി അവരാര്‍ജിച്ച നേട്ടങ്ങളും മനസ്സില്‍ നിരൂപിച്ചപ്പോള്‍ മഹാകവി ഇഖ്ബാലിന്റെ കാവ്യശകലമാണ് ഓര്‍മ വന്നത്. ഇസ്‌ലാമിക പാരമ്പര്യത്തിലും വൈജ്ഞാനിക രംഗത്തും ദീനീ പ്രവര്‍ത്തനമേഖലകളിലും സാമ്രാജ്യത്വത്തിനെതിരിലുള്ള പോരാട്ടത്തിലും മായാത്ത മുദ്രകള്‍ പതിപ്പിച്ച മലയാളി മുസ്‌ലിംകള്‍ ലോക ഇസ്‌ലാമിക സമൂഹത്തില്‍ ഒട്ടേറെ സവിശേഷതകളുള്ളവരാണ്. പ്രവാചകന്റെ കാലത്തോ, തൊട്ടടുത്ത നാളുകളിലോ ഇസ്‌ലാം മലയാള മണ്ണിലെത്തിയെന്ന് ചരിത്രം പറയുന്നു. അതില്‍ നാം അഭിമാനം കൊള്ളാറുമുണ്ട്. ഏതാണ്ട് എല്ലാ ചരിത്രഗവേഷകരും ഇത് സമ്മതിക്കുന്നു. മാലിക്ബ്‌നു ദീനാറും സംഘവും കേരളത്തിന്റെ പല ഭാഗങ്ങളില്‍ പണിത പള്ളികളും അവ കേന്ദ്രമാക്കി നടന്ന പ്രബോധന പ്രവര്‍ത്തനങ്ങളും ചരിത്രത്തിന്റെ ഭാഗമാണ്. ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് വ്യത്യസ്തമാണ് ഇവിടത്തെ മുസ്‌ലിം സാന്നിധ്യം. ഇസ്‌ലാം ഇവിടെ കടന്നുവന്ന സാമൂഹിക സാഹചര്യവും അക്കാലത്തെ ഇസ്‌ലാമിക പ്രബോധകര്‍ നിര്‍വഹിച്ച മഹത്തായ സേവനങ്ങളുമാണ് ഗണ്യമായ ഈ മുസ്‌ലിം സാന്നിധ്യത്തിന്റെ പ്രധാന കാരണം. വൈജ്ഞാനിക രംഗത്താകട്ടെ, പുരാതന കാലം മുതല്‍ക്കേ കേരളത്തിലങ്ങോളമിങ്ങോളം പ്രഫുല്ലമായി നിലനിന്ന അനേകം ദര്‍സുകള്‍, അതിലൂടെ വളര്‍ന്നുവന്ന് ആഗോള തലത്തില്‍ തന്നെ ശോഭിച്ച പണ്ഡിതന്മാര്‍, അവരുടെ വൈജ്ഞാനിക സംഭാവനകള്‍ എന്നിവ വേറിട്ടു നില്‍ക്കുന്നു. അസ്ഹറിലുള്‍പ്പെടെ ഇസ്‌ലാമിക ലോകത്ത് പ്രചുരപ്രചാരം നേടിയ ഫത്ഹുല്‍ മുഈനും അതിന്റെ കര്‍ത്താവ് ശൈഖ് സൈനുദ്ദീന്‍ മഖ്ദൂമും മുതല്‍ ഡോ. ഹംസ അബ്ദുല്ല മലൈബാരി, ശൈഖ് അബ്ദുസ്സമദ് അല്‍കാതിബ്, ഡോ. മുഹ്‌യിദ്ദീന്‍ ആലുവായി, ആഫ്രിക്കന്‍ ഭാഷകളില്‍ ഖുര്‍ആന്‍ വിവര്‍ത്തനം ചെയ്ത ഡോ. ബഷീര്‍, ഡോ. ശൈഖ് അഹ്മദ് കുട്ടി, ടി.കെ ഇബ്‌റാഹീം ടൊറണ്ടോ വരെയുള്ളവര്‍ മലയാള മണ്ണ് സംഭാവന ചെയ്ത വിശ്വപണ്ഡിതന്മാരാണ്. അവരുടെ ശിഷ്യഗണങ്ങളും അവര്‍ രചിച്ച വിശിഷ്ട ഗ്രന്ഥങ്ങളും നമ്മെ അഭിമാനപുളകിതരാക്കുവാന്‍ പോന്നതാണ്. ദീനീപ്രബോധനരംഗത്ത് ആഫ്രിക്കയിലും യൂറോപ്യന്‍ രാജ്യങ്ങളിലും ഉള്‍പ്പെടെ ലോകത്തിന്റെ നാനാഭാഗത്തും നിസ്തുല സേവനങ്ങള്‍ അര്‍പ്പിച്ചു പോന്നവരും, ഇപ്പോഴും സേവനമര്‍പ്പിക്കുന്നവരുമായി അനേകം പേരുണ്ട്. സാമ്രാജ്യത്വത്തിനെതിരിലുള്ള പോരാട്ടത്തില്‍ കേരളത്തിലെ മുസ്‌ലിം പണ്ഡിതന്മാരും സമുദായവും വഹിച്ച പങ്ക് ചരിത്രത്തില്‍ തങ്കലിപികളാല്‍ രേഖപ്പെടുത്തപ്പെടേണ്ടതുണ്ട്. കേരളത്തിനകത്തുള്ള ഇസ്‌ലാമിക പ്രബോധന പ്രവര്‍ത്തനങ്ങള്‍ കാണുമ്പോള്‍ എനിക്ക് പലപ്പോഴും തോന്നിയിട്ടുള്ളത്, ഇത്ര ഊര്‍ജസ്വലമായി ഇസ്‌ലാമിക പ്രബോധനരംഗത്ത് പ്രവര്‍ത്തിക്കുന്ന മറ്റൊരു വിഭാഗവും ലോകത്ത് ഇല്ല എന്നാണ്. അതിനുമാത്രം സജീവവും ചലനാത്മകവുമാണ് നമ്മുടെ ദീനീരംഗം.
ഏറെ നന്മയും മഹത്വവും പൈതൃകമായുള്ള, ഊര്‍ജസ്വലരും കര്‍മോത്സുകരുമായ കേരളീയ മുസ്‌ലിംകള്‍ക്ക് സമുദായത്തിന്റെയും സംസ്ഥാനത്തിന്റെയും ഭാവി കെട്ടിപ്പടുക്കുന്നതില്‍ മറ്റാരേക്കാളുമേറെ പങ്കുവഹിക്കാന്‍ കഴിയും എന്നു സൂചിപ്പിക്കാനാണ് ഈ ചരിത്രം അനുസ്മരിച്ചത്. കഴിഞ്ഞ ഏഴെട്ടു വര്‍ഷങ്ങളായി ഇന്ത്യ മുഴുവന്‍ ചുറ്റി സഞ്ചരിക്കാനും ഇന്ത്യന്‍ മുസ്‌ലിംകളെക്കുറിച്ച് പഠിക്കാനും ഭാഗ്യം ലഭിച്ച ഒരാളെന്ന നിലക്ക് എനിക്ക് തോന്നിയത്, കേരളീയ മുസ്‌ലിംകളുടെയും കേരള സംസ്ഥാനത്തിന്റെയും മാത്രമല്ല, ഇന്ത്യന്‍ മുസ്‌ലിംകളുടെയും ഭാരതീയ സമൂഹത്തിന്റെയും ഭാവി കെട്ടിപ്പടുക്കുന്നതില്‍ കേരളീയ മുസ്‌ലിംകള്‍ക്ക് നിര്‍ണായകമായ പങ്കുവഹിക്കാനാവുമെന്നാണ്. അല്‍പം വിശാലതയും വസ്തുനിഷ്ഠമായ കാഴ്ചപ്പാടും ഒരല്‍പം ആസൂത്രണവുമുണ്ടെങ്കില്‍ അതു സാധ്യമാണ് എന്നു സൂചിപ്പിക്കാനാണ് മഹാകവി ഇഖ്ബാലിനെ ആമുഖമായി ഉദ്ധരിച്ചത്.
ഒരുവേള, മഹാനായ ഒരു പണ്ഡിതന്‍ ഒരിക്കല്‍ ചൂണ്ടിക്കാണിച്ചതുപോലെ, ഒരു ചെറിയ പ്രദേശത്ത് ഇത്രയേറെ കര്‍മോത്സുകരും ഊര്‍ജസ്വലരുമായ അനേകം വിഭാഗങ്ങള്‍ ഒത്തുകൂടുമ്പോള്‍ അനിവാര്യമായും സംഭവിക്കുന്ന ഒരു ദുരന്തമാണ് ഇക്കാലത്ത് കേരളീയ മുസ്‌ലിംകള്‍ നേരിട്ടുകൊണ്ടിരിക്കുന്നത്. അഭിപ്രായ ഭിന്നത മനുഷ്യ സഹജമാണ്. മനുഷ്യ പ്രകൃതിയില്‍ സ്രഷ്ടാവ് കനിഞ്ഞേകിയ നന്മയാണ് വൈവിധ്യം. വര്‍ണത്തിലും ഭാഷയിലും വേഷത്തിലും എന്നപോലെ അറിവിലും ചിന്തയിലും അതുണ്ടാവുക സ്വാഭാവികമാണ്. അവയത്രയും വിശാല മനസ്സോടെ ഉള്‍ക്കൊള്ളാനും നന്മക്കുവേണ്ടി പ്രയോജനപ്പെടുത്താനും, മനസ്സുവെച്ചാല്‍ ഇന്നത്തെ ദുരന്തം നാളത്തെ പുരോഗതിയുടെയും വളര്‍ച്ചയുടെയും പടവുകളാക്കി മാറ്റാനും കഴിയും. ഇന്നിപ്പോള്‍, ഇസ്‌ലാമിന്റെ യഥാര്‍ഥ പ്രതിനിധികള്‍ തങ്ങള്‍ മാത്രമാണ്, തങ്ങള്‍ പറയുന്നതു മാത്രമാണ് ശരി എന്നു എല്ലാവരും ശഠിക്കുന്നു. ഇസ്‌ലാം വിശാലമാണെന്നും അതു ചിന്താവൈവിധ്യത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്നും പ്രവാചകന്റെയും സ്വഹാബാക്കളുടെയും കാലം മുതലേ എക്കാലത്തും അതുണ്ടായിരുന്നുവെന്നും, തങ്ങള്‍ക്ക് തെറ്റുപറ്റാമെന്നും, മറ്റുള്ളവര്‍ പറയുന്നതില്‍ ശരിയുണ്ടാകാമെന്നും കാണാന്‍ മാത്രം കണ്ണിനു തെളിച്ചമുണ്ടായാല്‍ ഭിന്നതകളെ ലഘൂകരിക്കാനും വിയോജിപ്പുകളുടേതിലേറെ യോജിപ്പിന്റെ മേഖലകള്‍ കണ്ടെത്താനും കഴിയും.
മുസ്‌ലിം ഉമ്മത്തിന്റെ ചരിത്രം പരിശോധിക്കുക. പുറത്തു നിന്നുള്ള ശത്രുക്കളേക്കാള്‍ ഏറെ ഇസ്‌ലാമിക സമൂഹത്തിന്റെ നാശത്തിനു നിമിത്തമായത് സമുദായത്തിന്റെ ആഭ്യന്തര ശൈഥില്യമാണ്. ലോകത്തിലെ വന്‍ സാമ്രാജ്യങ്ങളുടെയും ചരിത്രത്തില്‍ വമ്പിച്ച മുന്നേറ്റങ്ങള്‍ നടത്തിയ ജനപഥങ്ങളുടെയും ചരിത്രം അതാണ് നമ്മോടു പറയുന്നത്. 'ഐകമത്യം മഹാബലം' എന്ന ചൊല്ല് ഓര്‍ക്കുക. എക്കാലത്തെയും അനിഷേധ്യ യാഥാര്‍ഥ്യമാണത്. ഐക്യപ്പെടുക അല്ലെങ്കില്‍ നശിക്കുക. അനൈക്യത്തിന്റെ വിത്തുവിതക്കുന്നവര്‍ അവനവനെ തന്നെ നശിപ്പിക്കുന്ന വിഷവിത്താണ് പാകുന്നത്. വാളെടുത്തവന്‍ വാളാല്‍ എന്നു കേട്ടിട്ടില്ലേ. അതാണ് നാം ഇന്ന് കാണുന്നത്. അണികളില്‍ തീവ്രതയുടെ വിത്തു വിതച്ചവര്‍ക്ക് ഒടുവില്‍ സ്വന്തം സംഘടനക്കകത്ത് അതു തന്നെ കൊയ്യേണ്ടി വരുന്നു. അല്ലെങ്കില്‍ ഒരേ ആദര്‍ശവും ഒരേ ലക്ഷ്യവും മുന്നില്‍ വെക്കുന്നവര്‍ എന്തുകൊണ്ട് തുണ്ടംതുണ്ടമാവുന്നു.
നമ്മുടെ കാലഘട്ടത്തില്‍ ഇസ്‌ലാമിന്റെ ശത്രുക്കള്‍ സംഘടിതരാണ്. സയണിസവും സാമ്രാജ്യത്വവും വര്‍ഗീയ ഫാഷിസവും കൈകോര്‍ത്ത് നടത്തുന്ന 'ഭീകരതക്കെതിരായ പോരാട്ടം' ആര്‍ക്കെതിരിലാണെന്ന് നാം ചിന്തിക്കേണ്ടതുണ്ട്. സാമ്രാജ്യത്വത്തോടുള്ള സ്‌നേഹം കൊണ്ടല്ല, സാമ്രാജ്യത്വത്തെ എതിര്‍ക്കുന്നവരോടുള്ള വിരോധം കൊണ്ട് കേരളത്തിലെ സാത്വികനായ ഒരു പണ്ഡിതന്‍ പരിഹാസപൂര്‍വം പറഞ്ഞു: ''സാമ്രാജ്യത്വം വരുന്നു; സാമ്രാജ്യത്വം വരുന്നൂ എന്ന് ഇവിടെ ചിലര്‍ വിളിച്ചു കൂവുന്നുണ്ട്. ഞാനെത്ര പണിപ്പെട്ടു നോക്കിയിട്ടും, എവിടെയും അതു കാണാനായില്ല.'' ശാന്തം. പാവം. അമേരിക്കയുമായി ആണവ കരാറുണ്ടാക്കിയ നമ്മുടെ രാജ്യം ഇന്നിപ്പോള്‍ പോയിപ്പോയി ഇസ്രയേലുമായി കരാറുണ്ടാക്കിയത് ഭീകരതക്കെതിരായ യുദ്ധത്തില്‍ പട്ടാളത്തെയും പോലീസിനെയും പരിശീലിപ്പിക്കാനാണ്. ആരുടെ ഭീകരത? അത് ജൂത ഭീകരതയാവാന്‍ തരമില്ല; ക്രിസ്ത്യന്‍ ഭീകരതയുമല്ല. അമേരിക്കയും ഇസ്രയേലും അന്വേഷിക്കുന്ന ഭീകരത ഇസ്‌ലാമിക ഭീകരതയാണെന്ന് ആര്‍ക്കാണറിയാത്തത്. സയണിസ്റ്റുകളും സാമ്രാജ്യശക്തികളും ഒന്നൊഴിയാതെ അണുബോംബ് അട്ടിയട്ടിയായി കൈവശം വെക്കുന്നവരാണ്. ഏതെങ്കിലും ഒരു മുസ്‌ലിം രാഷ്ട്രം, സാമ്രാജ്യശക്തികളുടെയും സയണിസ്റ്റുകളുടെയും കണ്ണുവെട്ടിച്ച് ബോംബുണ്ടാക്കിയാല്‍ അത് ഇസ്‌ലാമിക ബോംബാണ്. ഇസ്രയേലിന്റെ ബോംബ് ജൂത ബോംബല്ല; അമേരിക്കയുടെയും റഷ്യയുടെയും ബോംബുകള്‍ ക്രിസ്ത്യന്‍ ബോംബുമല്ല. ഇറാന്‍ സമാധാനാവശ്യങ്ങള്‍ക്കുവേണ്ടി അണുശക്തി വികസിപ്പിക്കുമ്പോള്‍ അവരെ തെമ്മാടി രാഷ്ട്രമായി പ്രഖ്യാപിച്ച് ബഹിഷ്‌കരിക്കുന്നു. ഇറാനിലെയും ഇറാഖിലെയും ആണവ ശാസ്ത്രജ്ഞരെ കൂട്ടത്തോടെ കൊന്നൊടുക്കുന്നു. എന്നിട്ടും നമ്മുടെ പണ്ഡിതന്മാര്‍ക്ക് സാമ്രാജ്യത്വത്തെ മഷിയിട്ടു നോക്കിയിട്ടും കാണാനാവുന്നില്ല! എനിക്ക് ഓര്‍മ വരുന്നത് ദയൂബന്ദിന്റെ അധിപനായി നിയമിക്കപ്പെട്ട പണ്ഡിതന്റെ കാര്യമാണ്. മോഡിയെ അദ്ദേഹം വാനോളം പുകഴ്ത്തി, ഇന്ത്യ കണ്ട ഏറ്റവും നല്ല ഭരണാധികാരിയാണുപോലും മോഡി. സ്വന്തം സഹോദരന്മാരെ കൂട്ടത്തോടെ അറുകൊല നടത്തിയതിന്, സുപ്രീംകോടതി മുതല്‍ക്ക് കോടതികളായ കോടതികളെല്ലാം പ്രതിപ്പട്ടികയില്‍ നിര്‍ത്തിയ മോഡിക്ക് ക്ലീന്‍ ചീറ്റു നല്‍കാന്‍ രാജ്യത്തെ ഉന്നത ദീനീ കലാലയമായ ദയൂബന്ദിന്റെ അധിപന്‍, ഗുജറാത്തിലെ തന്നെ ഉന്നതനായ മുസ്‌ലിം പണ്ഡിതന്‍ ഉദ്യുക്തനായി എന്നത് വേദനാജനകമാണ്. സാമ്രാജ്യത്വത്തെയും ഫാഷിസത്തെയും തിരിച്ചറിയാന്‍ കഴിയാത്തവിധം നമ്മുടെ പണ്ഡിത നേതൃത്വത്തെ ബാധിച്ച തിമിരം വര്‍ത്തമാന കാലത്ത് മുസ്‌ലിം ഉമ്മത്ത് നേരിടുന്ന മഹാദുരന്തമാണ്.
ശത്രുക്കള്‍ കൈകോര്‍ത്തിരിക്കുന്നു. സാമ്രാജ്യത്വമെന്നപോലെ വര്‍ഗീയ ഫാഷിസവും. പുറമെ അനേകം സംഘങ്ങളാണെങ്കിലും അകമേ ഒറ്റപ്പരിവാറായി കൈകോര്‍ത്തു നില്‍ക്കുന്നു. ഒരൊറ്റ അജണ്ടയേ അവര്‍ക്കുള്ളൂ, മുസ്‌ലിം വിരോധം. സ്വാതന്ത്ര്യ ലബ്ധി മുതല്‍ക്കേ രാജ്യത്ത് അരങ്ങേറിയ ആയിരക്കണക്കായ വര്‍ഗീയ കലാപങ്ങളുടെ ബാക്കിപത്രം, ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലൂടെ ഒരിക്കലെങ്കിലും സഞ്ചരിച്ചാല്‍ കണ്ണുള്ളവര്‍ക്കൊക്കെ കാണാനാവും. ആറ്റിലെ ചണ്ടിപോലെ, കാറ്റിലെ കരിയിലപോലെ, ജനിച്ചതു കൊണ്ടുമാത്രം ജീവിക്കുന്നു, ജീവഛവങ്ങളായ പതിനഞ്ചു-ഇരുപതു കോടി വരുന്ന ഒരു ജനത. സ്വാതന്ത്ര്യത്തിന്റെയും ജനാധിപത്യത്തിന്റെയും അണുശക്തിയുടെയും സാമ്പത്തിക പുരോഗതിയുടെയും വികസനത്തിന്റെയും ഗന്ധം പോലുമേല്‍ക്കാതെ 'പരദേശികളും' 'ബംഗ്ലാദേശികളുമായി' അവര്‍ കഴിഞ്ഞുകൂടുന്നു. എല്ലാ നേട്ടങ്ങളുടെയും ആകത്തുകയായി ബാബരി രക്തസാക്ഷിത്വവും ഗുജറാത്തും ഇപ്പോള്‍ ആസാമും രക്തരക്ഷസിനെപോലെ വാപൊളിച്ചു നില്‍ക്കുന്നു. ഗുജറാത്തിനു ശേഷം, കര്‍ണാടകയെ ഹിന്ദുത്വത്തിന്റെ പരീക്ഷണശാലയാക്കിയിരിക്കുന്നു. ഹുജിയുടെയും ലശ്കറെ ത്വയ്യിബയുടെയും ഏജന്റുമാരെന്ന് മുദ്രകുത്തി അന്യായമായി തടവില്‍ കഴിയുന്ന, നിരന്തരം പീഡിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ആയിരക്കണക്കിനു മുസ്‌ലിം ചെറുപ്പക്കാരുടെ ദുര്‍വിധിയൊന്നു ഓര്‍ത്തു നോക്കൂ. പത്തും ഇരുപതും വര്‍ഷങ്ങള്‍ക്കുശേഷം നിരപരാധികളെന്ന് കണ്ട് കോടതി ഇവരെ വെറുതെ വിടുന്നു. ഇവിടെ സംഘ്പരിവാറും പോലീസും മീഡിയയും ഇപ്പോള്‍ സംഘപരിവാറിന്റെ ഉദ്യോഗസ്ഥ പരിവാറുമാണ് കൊലയാളിയും വക്കീലും ന്യായാധിപനുമായി രംഗത്തുള്ളത്. ഇതൊന്നും കാണാനുള്ള കണ്ണു നമുക്കില്ലെങ്കില്‍ അന്തിമമായി ആ ദുരന്തം നാമും ഏറ്റുവാങ്ങേണ്ടി വരും. കേരളത്തിലെ പച്ചപ്പ് കണ്ട് നെഗളിച്ച് എല്ലാം ഭദ്രം എന്നു ആരെങ്കിലും കരുതുന്നുണ്ടെങ്കില്‍ അവര്‍ വിഡ്ഢികളുടെ സ്വര്‍ഗത്തിലാണ്. വരാനിരിക്കുന്ന കൊടുങ്കാറ്റിന്റെ സൂചനകള്‍ ഇപ്പോഴേ ദൃശ്യമാണ്. ഇന്ത്യയില്‍ ഏറ്റവുമധികം ആര്‍.എസ്.എസ് ശാഖകളുള്ളത് കേരളത്തിലാണെന്നറിയുക. ഗുജറാത്തിന് ശേഷം കര്‍ണാടക. കര്‍ണാടകക്ക് ശേഷം കേരളം എന്നാണ് കേള്‍ക്കുന്നത്. നൂറ്റാണ്ടുകളായി ഇവിടെ നിലനില്‍ക്കുന്ന സാമുദായിക സൗഹൃദം തകര്‍ക്കാനുള്ള ഗൂഢാലോചന അകത്തും പുറത്തും നടക്കുകയാണ്. അത് മാറാടു കലാപത്തിന്റെ മറവിലായാലും അഞ്ചാം മന്ത്രി വിവാദം കുത്തിപ്പൊക്കിയായാലും ഹിന്ദു ഐക്യത്തിന്റെ വര്‍ത്തമാനം പറഞ്ഞായാലും പിന്നിലെ ചാലക ശക്തി ഒന്നാണെന്ന് തിരിച്ചറിയണം. കേരളത്തില്‍ ഹിന്ദുത്വ പരീക്ഷണത്തിന്റെ വിജയക്കൊടി നാട്ടാന്‍ അധികകാലം കാത്തിരിക്കേണ്ടതില്ല. ഇടതുപക്ഷം ഒന്നു തളര്‍ന്നുകിട്ടിയാല്‍ മതിയാകും.
ഈ പശ്ചാത്തലത്തില്‍, ഇസ്‌ലാമിക സമൂഹവും അതിന്റെ നേതൃത്വവും ഈ രാജ്യത്ത് നമുക്ക് നിര്‍വഹിക്കാനുള്ള റോള്‍ എന്ത് എന്ന് ആലോചിക്കേണ്ടതുണ്ട്. ചായക്കോപ്പയിലെ കൊടുങ്കാറ്റില്‍ മുങ്ങിച്ചാവാനുള്ള ഈച്ചകള്‍ മാത്രമാവണമോ അതോ, ഇസ്‌ലാമിക നവജാഗരണത്തിന്റെയും അറബ് വസന്തത്തിന്റെയും ഇടിമുഴക്കം മനുഷ്യരാശിക്കാകമാനം പ്രത്യാശയുടെ പൊന്‍വെളിച്ചം വിതറുമ്പോള്‍, അവിടെയൊക്കെ സലഫിയും ഇഖ്‌വാനിയും ശീഈയും സുന്നിയും എന്തിന് നല്ലവരായ യഹൂദരും ക്രിസ്ത്യാനികളും ഇടതുപക്ഷവുമടക്കം സാമ്രാജ്യത്വത്തിനെതിരെ മാനവികതക്കും നീതിക്കും മനുഷ്യാവകാശങ്ങള്‍ക്കും വേണ്ടി കൈകോര്‍ക്കുമ്പോള്‍, സ്വന്തം നിലനില്‍പ്പിനെ ഓര്‍ത്തെങ്കിലും നമുക്ക് ഐക്യപ്പെടാന്‍ സാധിക്കേണ്ടേ. സ്വന്തം നിലനില്‍പ്പ് സ്വയമേവ ലക്ഷ്യമേ അല്ല. നമ്മെക്കുറിച്ച് സൃഷ്ടാവ് വിശേഷിപ്പിച്ചതും നാം അഭിമാനപൂര്‍വം അവകാശപ്പെടുന്നതും മാനവരാശിക്ക് വേണ്ടി ഉയര്‍ത്തെഴുന്നേല്‍പിക്കപ്പെട്ട ഉത്തമ സമൂഹം എന്നാണ്. പക്ഷേ, പ്രയോഗത്തില്‍ നാം തെളിയിച്ചു കൊണ്ടിരിക്കുന്നത് എന്താണ്? ഓരോ ഗ്രൂപ്പും രക്തദാഹത്തോടെ കൊലവിളി നടത്തുകയല്ലേ ചെയ്യുന്നത്. ഇതിലെന്ത് മാതൃകയാണുള്ളത്? രാജ്യത്തിനും ഭരണകൂടത്തിനും ദിശാബോധം നല്‍കുന്നതുപോകട്ടെ, നമ്മുടെ ദിശാബോധത്തെപ്പറ്റി ഒരുനിമിഷം ആലോചിക്കേണ്ടതില്ലേ? ഈ പോക്ക് എവിടം വരെയാണ്?
നമുക്ക് മുമ്പില്‍ ഏറെ അജണ്ടകളുണ്ട്. ഭൗതികതയിലേക്കും ആഭാസത്തിലേക്കും തീവ്രതയിലേക്കും കൂപ്പുകുത്തുന്ന സമുദായ മക്കളെ സര്‍വ നാശത്തില്‍ നിന്നു രക്ഷിക്കണം. അവര്‍ക്ക് തര്‍ബിയത്തും തസ്‌കിയത്തും കൊടുത്ത് ഇസ്‌ലാമിക സംസ്‌കാരത്തിന്റെ പടയണിയുണ്ടാക്കണം. ഭിന്നിപ്പിനും ശൈഥില്യത്തിനും ഇരയായി തകര്‍ന്നു കൊണ്ടിരിക്കുന്ന സമുദായത്തെ ഐക്യത്തിന്റെയും കെട്ടുറപ്പിന്റെയും സല്‍പന്ഥാവിലേക്ക് വഴി നടത്തണം. രാജ്യത്തെ ഭിന്നമത സമൂഹങ്ങളുടെ തെറ്റുധാരണകള്‍ നീക്കി അവരോടൊപ്പം സഹോദരന്മാരെന്ന നിലക്ക് പെരുമാറാനും, ദീനുല്‍ ഇസ്‌ലാമിന്റെ യഥാര്‍ഥ ചിത്രം അവര്‍ക്കു മുമ്പില്‍ സമര്‍പ്പിക്കാനും കഴിയണം. ഇസ്‌ലാമിക പഠനഗവേഷണ രംഗത്ത്, കാലത്തിന്റെ മാറ്റങ്ങള്‍ക്കനുസൃതമായി മുന്നേറാന്‍ നമ്മുടെ യുവതലമുറയെ സഹായിക്കുന്ന സര്‍വവിധ സന്നാഹങ്ങളോടു കൂടിയ പഠനഗവേഷണ കേന്ദ്രങ്ങള്‍ ഉണ്ടാവണം. സയണിസ്റ്റുകളുടെയും സാമ്രാജ്യശക്തികളുടെയും പഠന ഗവേഷണ കേന്ദ്രങ്ങളില്‍ ഇസ്‌ലാമിനെ മുഖ്യശത്രുവായി കണ്ട് ആയിരക്കണക്കിനു ഗവേഷണ പ്രബന്ധങ്ങളാണ് വര്‍ഷംതോറും തയാറായി കൊണ്ടിരിക്കുന്നത്. ഫാഷിസ്റ്റു ബ്രാന്റ് ഹിന്ദുത്വത്തിന്റെ ഗവേഷണ കേന്ദ്രങ്ങളിലും അതു തന്നെയാണ് കഥ. ശാസ്ത്രത്തിന്റെ പേരില്‍ ദൈവാസ്തിത്വത്തെ നിഷേധിക്കാനും പദാര്‍ഥവാദത്തെ അരക്കിട്ടുറപ്പിക്കാനും ആഗോളതലത്തില്‍ വമ്പിച്ച ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു. ദീനിനെയും പ്രവാചകനെയും അവമതിക്കാനും, പഴഞ്ചനും പ്രാകൃതനുമാക്കി ചിത്രീകരിക്കാനും കൊണ്ടുപിടിച്ച നീക്കങ്ങള്‍ നടന്നുവരുന്നു. പുതിയ കാലത്തിന്റെ പ്രശ്‌നങ്ങളില്‍ കൃത്യമായ ഉത്തരം കിട്ടാതെ സമുദായം, വിശിഷ്യാ പുതിയ തലമുറ ഇരുട്ടില്‍ തപ്പുന്നു. വാളെടുത്തവനൊക്കെ വെളിച്ചപ്പാടായി ഫത്‌വ പുറപ്പെടുവിക്കുന്നു. പണ്ഡിതന്മാരും സംഘടനകളും പഴകിപ്പുളിച്ച പല്ലവികള്‍ ആവര്‍ത്തിക്കുമ്പോള്‍ ആരും ആരെയും വകവെക്കാതെ സമുദായം അതിന്റെ വഴിക്കു നീങ്ങുന്നു. ഇതൊന്നും കണ്ടില്ലെന്നും കേട്ടില്ലെന്നും നടിച്ചു എത്രകാലം നമുക്ക് മുന്നോട്ടു പോകാനാവും? 'ജാമിഅ'കളെന്ന് ബോര്‍ഡുവെച്ച് നാം നടത്തുന്ന 'യൂനിവേഴ്‌സിറ്റി'കളുടെ നിലവാരമറിയണമെങ്കില്‍ അവരെന്ത് പുതിയ അറിവാണ് കാലത്തിന്റെ പ്രശ്‌നങ്ങള്‍ക്ക് പ്രതിവിധിയായി മൗലിക രചനകളിലൂടെ സംഭാവന ചെയ്തത് എന്ന് മാത്രം നോക്കിയാല്‍ മതി. നമ്മുടെ പ്രതിഭകള്‍ക്ക് മുമ്പില്‍ രണ്ടിലൊരു വഴിയേ ഉള്ളൂ. ഒന്നുകില്‍, കേരളത്തിനു പുറത്ത് വിദേശരാജ്യങ്ങളിലോ മറ്റോ ചേക്കേറുക. അല്ലെങ്കില്‍ വാദ്യാരായി ജീവിതം തുടങ്ങി വാദ്യാരായി അവസാനിപ്പിച്ച് ഗൃഹസ്ഥാശ്രമത്തിലേക്ക് വലിയുക. അപവാദങ്ങള്‍ ഇല്ലെന്നല്ല. ഡോ. ഹംസ മലൈബാരി ചൂണ്ടിക്കാണിച്ചതുപോലെ ലോകത്തെമ്പാടും അസൂയാര്‍ഹമാം വിധം പ്രാഗത്ഭ്യം തെളിയിച്ചു കൊണ്ടിരിക്കുന്ന നമ്മുടെ യുവതലമുറക്ക് ഇസ്‌ലാമിക പഠനഗവേഷണ രംഗത്തേക്ക് വഴി കാണിക്കാനാരുമില്ല എന്നതാണ് നാം നേരിടുന്ന ഏറ്റവും വലിയ ദുരന്തം. ഈ സ്ഥിതി വിശേഷത്തിന് മാറ്റമുണ്ടാക്കാന്‍ നമ്മുടെ ഒരു സ്ഥാപനമെങ്കിലും ലോക നിലവാരത്തിലേക്ക് ഉയരണം. ഒറ്റക്ക് ഒരു വിഭാഗത്തിനാവില്ലെങ്കില്‍ കേരളത്തിലെ മുസ്‌ലിം ഉമ്മത്തിന് കൂട്ടായെങ്കിലും അങ്ങനെയൊന്നു ഉണ്ടാവണം. അത്തരം പ്രശ്‌നങ്ങളെ കുറിച്ച് ആലോചിക്കാനും വേദികളൊരുക്കാനും ഒരു പണ്ഡിതസഭയും വേണം. ലോകത്തെമ്പാടും ഇസ്‌ലാമിന്റെ മക്കളും അതിന്റെ എതിരാളികളും ഇതൊക്കെ ചെയ്യുമ്പോള്‍ നമുക്ക് മാത്രം ഇതെന്തു കൊണ്ട് സാധ്യമല്ല. നാശത്തിന്റെ നാള്‍വഴികളില്‍നിന്ന് തിരിഞ്ഞു നടക്കാന്‍ നമുക്കാവില്ലേ? ആവുമെന്നാണ് വര്‍ത്തമാനകാല സൂചനകള്‍ തെളിയിക്കുന്നത്. പണ്ട് പണ്ട് കുഫ്‌റ് ഫത്‌വ നല്‍കി ഹറാം മുദ്ര പതിച്ച പ്രസ്ഥാനങ്ങളുടെ രചനകള്‍ ലൈബ്രറികളില്‍ വാങ്ങിസൂക്ഷിക്കുകയും വിദ്യാര്‍ഥികള്‍ക്ക് പഠിക്കാന്‍ അവസരമൊരുക്കുകയും ചെയ്യുന്നതിലേക്ക് സമുദായത്തിലെ പല വിദ്യാഭ്യാസ സ്ഥാപനങ്ങളും മാറിക്കൊണ്ടിരിക്കുന്നു. ഒറ്റപ്പെട്ട തലത്തിലാണെങ്കിലും ദീര്‍ഘദര്‍ശികളായ പണ്ഡിതന്മാരും സ്ഥാപനങ്ങളും മുന്‍കൈയെടുത്ത് വിദ്യാര്‍ഥികളെ ഇന്ത്യയിലെ യൂനിവേഴ്‌സിറ്റികളില്‍ ഉന്നത പഠനത്തിന് അയച്ചുവരുന്നു. അവിടെയൊക്കെ മിടുക്കന്മാരായ മലയാളി വിദ്യാര്‍ഥികള്‍ പ്രതികൂല സാഹചര്യങ്ങളെ മറികടന്ന് പഠന ഗവേഷണ രംഗങ്ങളില്‍ അഭിമാനകരമായി മുന്നേറുന്നു. വിവിധ പ്രസ്ഥാനങ്ങളുടേതായ പരിപാടികളില്‍ ഭിന്ന സംഘടനകളുടെ പ്രതിനിധികള്‍ ഒത്തു കൂടുന്നതും കാണാനിടയായി. വേദികളില്‍ ഒന്നിച്ചിരിക്കാനും ആശയങ്ങള്‍ പങ്കുവെക്കാനും വിശാലത കാണിക്കുന്ന നമുക്ക് ഒരടികൂടി മുന്നോട്ടു കടന്ന് പൊതു പ്രശ്‌നങ്ങളില്‍ രചനാത്മകമായ കൂട്ടായ്മയെക്കുറിച്ചാലോചിക്കാനും, കാലവും ലോകവും, വിശിഷ്യാ നമ്മുടെ സംസ്ഥാനവും ഉയര്‍ത്തുന്ന വെല്ലുവിളികളെ ക്രിയാത്മകമായി നേരിടാനും സാധിക്കേണ്ടതുണ്ട്. അത് സാധ്യമാണെന്ന് ഉറച്ചു വിശ്വസിക്കുന്ന അനേകം പേരുണ്ട്. അവര്‍ ഉറക്കെ ചിന്തിക്കാനും, ക്രിയാത്മകമായി ചുവടുവെക്കുവാനും തയാറായാല്‍ നമുക്ക് അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയും. ഒരുവേള, വര്‍ത്തമാനകാല ഇന്ത്യക്കും കേരളീയ സമൂഹത്തിനും ദിശാബോധം പകര്‍ന്നു നല്‍കാന്‍ കഴിയും. ഓര്‍ക്കുക കാലുകളില്‍ ചങ്ങലയില്ലാത്ത മഹാഭൂരിപക്ഷം സമുദായ മക്കളും ആ മഹാസുദിനത്തിനുവേണ്ടി കാതോര്‍ത്തു നില്‍ക്കുകയാണ്. സര്‍വശക്തന്‍ അതിനു നമ്മെ തുണക്കുമാറാകട്ടെ.

Comments

Other Post

ഖുര്‍ആന്‍ ബോധനം

അല്‍ ഇസ്റാഅ്
എ.വൈ.ആര്‍