Prabodhanm Weekly

Pages

Search

2012 സെപ്റ്റംബര്‍ 22

രാഷ്ട്രീയ പ്രേരിതമായി കെട്ടിച്ചമച്ച കേസ്‌

താരിഖ് അല്‍ ഹാശിമി

കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് എന്നെ ലക്ഷ്യം വെച്ചുകൊണ്ടുള്ള രാഷ്ട്രീയ ഉപജാപത്തിന് തുടക്കം കുറിച്ചത്. നീതിന്യായ വ്യവസ്ഥയെ ഭരണകൂടം രാഷ്ട്രീയവത്കരിച്ചു. ഏറ്റവും വിപുലമായ തോതില്‍ മാധ്യമയന്ത്രങ്ങള്‍ മുഴുവന്‍ ദുരുപയോഗം ചെയ്തു. എന്നിട്ടും രാജ്യത്തിനകത്തും പുറത്തുമുള്ള എന്റെ സല്‍പേരിന് കളങ്കം ചാര്‍ത്തുന്നതില്‍ സര്‍ക്കാര്‍ അമ്പേ പരാജയപ്പെട്ടു. രാജ്യത്തിനകത്ത് നടന്ന സര്‍വേകളും പുറത്തുനിന്ന് ലഭിച്ച പൂര്‍വ മാതൃകയില്ലാത്ത അനുഭാവവും ഇത് തെളിയിക്കുന്നു. ബഗ്ദാദ് നഗരസഭാംഗമായ ലൈസു ദൈലമിയുടെ മേല്‍ ചുമത്തപ്പെട്ട കുറ്റകൃത്യങ്ങളെ സംബന്ധിച്ച് പ്രചരിപ്പിക്കപ്പെട്ട വ്യാജ കുറ്റസമ്മതമൊഴികള്‍ ഈയിടെ നിഷേധിക്കപ്പെട്ടതോടെ സര്‍ക്കാറിന്റെ എല്ലാ കള്ളവാദങ്ങളും പൊളിയുകയുണ്ടായി. സുരക്ഷാ ഉദ്യോഗസ്ഥന്മാരുടെയും കോഴ പറ്റുന്ന ന്യായാധിപന്മാരുടെയും സത്യസന്ധതക്കാണ് പോറലേറ്റിരിക്കുന്നത്. എന്റെ ഓഫീസിലെ ഇന്‍ഫര്‍മേഷന്‍ വിഭാഗം കഴിഞ്ഞ കുറേ വര്‍ഷങ്ങളായി പുറത്തിറക്കിക്കൊണ്ടിരുന്ന റിപ്പോര്‍ട്ടുകള്‍ ശരിയായിരുന്നുവെന്നും ഇത് തെളിയിക്കുന്നുണ്ട്. അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകളുടെ റിപ്പോര്‍ട്ടുകളും എനിക്ക് അനുകൂലമായിട്ടാണ് പുറത്ത് വന്നത്. പുറംരാജ്യങ്ങളിലെ വിദേശമന്ത്രാലയങ്ങളുടെ റിപ്പോര്‍ട്ടുകള്‍ പോലും അങ്ങനെയാണ്. ബ്രിട്ടീഷ് വിദേശകാര്യവകുപ്പിന്റെ ഒടുവിലത്തെ പ്രസ്താവന ഉദാഹരണം. ഇറാഖിലെ മനുഷ്യാവകാശാവസ്ഥ വളരെ സൂക്ഷ്മമായി വിലയിരുത്തുന്നുണ്ട് അതില്‍. അപരാധിയാണെന്ന തോന്നല്‍ ഒരിക്കലും എനിക്കുണ്ടായിട്ടില്ല. പൂര്‍ണമായും സംതൃപ്തമായ മനഃസാക്ഷിയോടെ കണ്‍കുളുര്‍ക്കെയാണ് എന്നും ഞാന്‍ ഉറങ്ങാറുള്ളത്. തികഞ്ഞ മനഃസമാധാനം തന്ന് എന്നെ അനുഗ്രഹിച്ച ദൈവത്തിനു സ്തുതി. അതോടൊപ്പം ജനങ്ങളുടെ സ്‌നേഹം അവന്‍ എനിക്ക് നല്‍കി. ഒരാളോടും എനിക്ക് പകയോ വിദ്വേഷമോ ഉണ്ടായിട്ടില്ല. എന്നിട്ടും ഇങ്ങനെയൊരു ലേഖനം ആവശ്യമായി വന്നിരിക്കുകയാണ്. അപകീര്‍ത്തിപ്പെടുത്താനുള്ള പ്രകോപനപരമായ ആക്രമണങ്ങള്‍ക്കെതിരെ ആത്മപ്രതിരോധത്തിനായുള്ള വാദങ്ങളല്ല ഇത്. എന്റെ ജീവിതയാത്രയിലെ സവിശേഷമായൊരു പേജ് എന്ന നിലക്ക് ചരിത്രത്തിനു വേണ്ടി, വസ്തുതകള്‍ക്ക് വ്യക്തത നല്‍കാന്‍ വേണ്ടിയാണ് ഈ വരികള്‍ ഞാന്‍ കുറിക്കുന്നത്.
ഈ മുഖവുരക്ക് ശേഷം ലേഖനത്തിന്റെ തുടക്കത്തില്‍ തന്നെ 2006-ലെ വിഭാഗീയ കലാപത്തിന്റെ മൂര്‍ധന്യത്തില്‍ എനിക്ക് നേരിടേണ്ടിവന്ന വന്‍നഷ്ടങ്ങളെക്കുറിച്ച് അറിയാനിടയില്ലാത്തവര്‍ക്ക് വേണ്ടി ഒരു ഓര്‍മപ്പെടുത്തല്‍ ഫലപ്രദമായിരിക്കുമെന്ന് കരുതുന്നു. അന്ന് എന്റെ കുടുംബത്തിലെ നാലു പേര്‍ എനിക്ക് നഷ്ടപ്പെടുകയുണ്ടായി. അവരില്‍ രണ്ടു പേര്‍ എന്റെ നേര്‍ സഹോദരന്മാരും ഒരാള്‍ നേര്‍ സഹോദരിയുമാണ്. വ്യത്യസ്ത സംഭവങ്ങളിലായി മൂന്ന് പേരും കൊല്ലപ്പെടുകയായിരുന്നു. യാതൊരു സംശയത്തിനുമിടയില്ലാത്ത രാഷ്ട്രീയ പ്രേരിതമായ കൊലപാതകങ്ങളായിരുന്നു അവ. കൊല്ലപ്പെട്ട രീതിയോ കൊലപാതകത്തിലെ സംശയാസ്പദമായ കക്ഷികളോ മാത്രമായിരുന്നില്ല രാഷ്ട്രീയ പ്രേരിതമാണെന്ന് പറയാന്‍ കാരണം. ആ സംഭവങ്ങളില്‍ തീര്‍ച്ചയായും പങ്കാളിത്തമുള്ള അജ്ഞാത കേന്ദ്രങ്ങളില്‍നിന്ന് എനിക്ക് ലഭിച്ചുകൊണ്ടിരുന്ന ഭീഷണിക്കത്തുകള്‍ കൂടി അതിലേക്കുള്ള സൂചനയാണ്. എന്റെ ജ്യേഷ്ഠസഹോദരന്‍ എഞ്ചിനീയര്‍ മഹ്മൂദും സഹോദരി അല്‍ഹാജ മയ്‌സൂന്‍ അല്‍ ഹാശിമിയും കൊല്ലപ്പെട്ട ശേഷം എനിക്ക് ലഭിച്ച കത്തുകളിലെ വരികളാണ് താഴെ:
''രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിച്ച് ഇറാഖ് വിടാന്‍ ഞങ്ങള്‍ നിന്നെ ഉപദേശിച്ചതാണ്. പക്ഷേ, നീ അനുകൂലമായി പ്രതികരിച്ചില്ല. ഇനിയും ഞങ്ങളുടെ ആവശ്യത്തിന് വഴങ്ങാത്തപക്ഷം നിന്റെ മറ്റൊരു സഹോദരനെ കൂടി ഞങ്ങള്‍ കൊലപ്പെടുത്തും. വെറുതെ തമാശ പറയുകയല്ല ഞങ്ങള്‍. ഗൗരവത്തില്‍ തന്നെയാണ് ഇത് പറയുന്നത്.''
ഓരോ സംഭവത്തിനു ശേഷവും ഞാന്‍ പത്രസമ്മേളനം നടത്തി. യാതൊരു വിധ ബ്ലാക് മെയിലിംഗിനും വഴങ്ങുകയില്ലെന്ന് ഉറച്ച നിലപാട് പത്രസമ്മേളനങ്ങളില്‍ പ്രഖ്യാപിക്കുകയുണ്ടായി. എന്റെ ശത്രുക്കളെ അത് കൂടുതല്‍ ക്ഷുഭിതരാക്കി. എന്റെ മൂന്നാമത്തെ സഹോദരന്‍ ജനറല്‍ ഉമര്‍ അല്‍ ഹാശിമിയെ കൊലപ്പെടുത്താനുള്ള കാരണം അതായിരുന്നു. പുതിയ ഇറാഖി സേനയിലെ ഏറ്റവും ഉന്നത പദവിയിലായിരുന്നു അപ്പോള്‍ ഉമര്‍.
മൂന്ന് സഹോദരങ്ങള്‍ എനിക്ക് നഷ്ടപ്പെട്ട ശേഷം അവരെ ഒക്കെയും ദൈവത്തിന്റെ സമക്ഷം രക്തസാക്ഷികളായാണ് ഞാന്‍ പരിഗണിക്കുന്നത്. പിന്നെ എനിക്ക് ഒരു സഹോദരന്‍ മാത്രമേ ജീവിച്ചിരിക്കുന്നുണ്ടായിരുന്നുള്ളൂ. അവനെ ഇറാഖിന് പുറത്തെത്തിച്ചുസംരക്ഷണം നല്‍കാന്‍ ഞാന്‍ നിര്‍ബന്ധിതനായി.
പട്ടാപ്പകല്‍, ജനങ്ങളുടെ മുമ്പാകെ നടുറോഡില്‍ വെച്ചാണ് മൂന്ന് കൊലകളും നടന്നത്. സുരക്ഷാഭടന്മാരുടെ ഔദ്യോഗിക വേഷം ധരിച്ച, കൊലയില്‍ വൈദഗ്ധ്യം നേടിയവരാണ് കൃത്യം നിര്‍വഹിച്ചിരുന്നത്. സഹോദരന്‍ ജനറല്‍ ഉമറിന്റെ കൊല നടന്നത് ഇതില്‍നിന്ന് വ്യത്യസ്തമായി വീടിനകത്താണ്. പക്ഷേ, അതിനു ശ്രദ്ധേയമായ സവിശേഷതകളുണ്ടായിരുന്നു. ബഗ്ദാദിലെ ഉമറിന്റെ വീട് സര്‍വായുധ സജ്ജരായ, ഗവണ്‍മെന്റ് സ്‌പെഷല്‍ സെക്യൂരിറ്റി ഫോഴ്‌സിലെ 25 അംഗ ബറ്റാലിയന്‍ ആക്രമിക്കുകയായിരുന്നു. സര്‍ക്കാര്‍ വാഹനങ്ങളാണ് അവര്‍ ഉപയോഗിച്ചിരുന്നത്. എന്നിട്ടും കുറ്റകൃത്യം അജ്ഞാത സംഘത്തിന്മേലാണ് ചാര്‍ത്തപ്പെട്ടത്. ഭരണകൂടത്തോട് അടുപ്പമുള്ളവരാണ് അതില്‍ പങ്കെടുത്തതെന്ന് ഇത് തെളിയിക്കുന്നു. ഇതോടൊപ്പം ഒരു കാര്യം കൂടി മനസ്സിലാക്കേണ്ടതുണ്ട്. നിലവിലെ പ്രധാനമന്ത്രിയും സായുധ സേനാ മേധാവിയുമായ അല്‍മാലികിയാണ് സേനയുടെയും സായുധ സേനയുടെയും വ്യത്യസ്ത മന്ത്രാലയങ്ങള്‍ക്ക് കീഴിലുള്ള പ്രത്യേക സേനകളുടെയുമെല്ലാം ചുമതലക്കാരന്‍. സുരക്ഷാ ഫയല്‍ മാലികിയുടെ കൈകളിലാണ്. അതില്‍ മറ്റൊരാള്‍ക്കും മാലികി പങ്കാളിത്തം അനുവദിക്കുകയില്ല.
മേല്‍പറഞ്ഞ കൊലപാതകങ്ങള്‍ രാഷ്ട്രീയ പ്രേരിതങ്ങളായിരുന്നു. എന്ത് വില കൊടുത്തും എന്നെ രാഷ്ട്രീയമണ്ഡലത്തില്‍നിന്ന് പുറത്താക്കുക എന്നതായിരുന്നു അതിന്റെ പിന്നിലെ ലക്ഷ്യം. പക്ഷേ, അത് വിജയിച്ചില്ല. അതിന്റെ ഭാരിച്ച വിലയൊടുക്കാന്‍ ഞാന്‍ സന്നദ്ധനായി. ഞാന്‍ ക്ഷമിച്ചു. ദൈവത്തില്‍ ഭരമര്‍പ്പിച്ചു ഞാന്‍ മുന്നോട്ടു പോയി.
2011 ഡിസംബറില്‍ അതേ തീയതിക്ക് തൊട്ടു പിന്നാലെ എനിക്കെതിരെയുള്ള നീക്കങ്ങള്‍ പുനരാരംഭിച്ചു. ഇത്തവണയത് തികച്ചും വ്യത്യസ്തമായ രീതിയിലായിരുന്നു. ഇത്തവണ മാലികിയില്‍ നിന്ന് നേരിട്ടുതന്നെയാണ് കത്ത് വന്നത്. ഡിസംബര്‍ 15-നു ബഗ്ദാദില്‍ നിന്ന് ഇറാഖി കുര്‍ദിസ്താനിലെ സുലൈമാനിയയിലേക്കുള്ള എന്റെ അവസാന യാത്രയുടെ രണ്ടു ദിവസം മുമ്പായിരുന്നു ആ കത്ത്. ഇതായിരുന്നു അതിന്റെ ഉള്ളടക്കം:
''അടുത്ത ദിവസം രാവിലെ കൃത്യം 10 മണിക്ക് നേരിട്ട് പത്രക്കാരെ കാണുക. പാര്‍ലമെന്റ് സമ്മേളനം ബഹിഷ്‌കരിക്കാനുള്ള ഇറാഖി സഖ്യത്തിന്റെ തീരുമാനത്തെ വിമര്‍ശിക്കുക. ദയാലി ഡിസ്ട്രിക്ടിനെ പ്രവിശ്യയാക്കി മാറ്റാനുള്ള നഗരസഭാ തീരുമാനത്തെയും വിമര്‍ശിക്കണം. അല്ലാത്ത പക്ഷം....''
എന്റെ മൂന്ന് സഹോദരന്മാരുടെ വിലയേറിയ ജീവന്‍ നല്‍കിയിട്ടാണെങ്കിലും ആദ്യത്തെ ബ്ലാക്‌മെയ്‌ലിംഗ് വിജയകരമായി തരണം ചെയ്ത എനിക്ക് തരംതാണ പുതിയ ഭീഷണിക്ക് വശംവദനാകാന്‍ പറ്റില്ലായിരുന്നു. എന്റെ പ്രതിയോഗിയുടെ ഭീഷണികള്‍ ഉറച്ചുനിന്ന് ഞാന്‍ നിരസിച്ചപ്പോള്‍ രണ്ടു ദിവസത്തിനകം കെട്ടിച്ചമച്ച ഒരു കൂട്ടം ആരോപണങ്ങളാണ് പിന്നീട് വന്നത്. ഭീകരസ്വഭാവമുള്ള കുറ്റകൃത്യങ്ങളില്‍ ഞാന്‍ ഭാഗഭാക്കായി, അല്ലെങ്കില്‍ അതിനെ പിന്തുണക്കുകയും അനുഗ്രഹിക്കുകയും ചെയ്തു എന്നിങ്ങനെയുള്ള ആരോപണങ്ങള്‍. എന്റെ സഹോദരന്മാരെ കൊലപ്പെടുത്തിയവരെ പിടികൂടാന്‍ എന്നെ സഹായിക്കുന്നതിന് പകരം നേരെ തിരിച്ചായി നീക്കങ്ങള്‍. മാലികിയുടെ തീരുമാന പ്രകാരം ഇര കശാപ്പുകാരനായി മാറി! എന്റെ സുരക്ഷക്ക് വേണ്ടി നിയോഗിക്കപ്പെട്ടവരില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. പെട്ടെന്ന് അവരെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കി. മുന്‍കൂട്ടി തയാറാക്കിയ കുറ്റസമ്മതമൊഴികള്‍ നേടിയെടുത്തു. കുറ്റകൃത്യം അവരില്‍ ചാര്‍ത്തപ്പെട്ടു. അവരെ കുറ്റകൃത്യത്തിന് നിയോഗിക്കുകയും നിസ്സാര പ്രതിഫലം നല്‍കി പ്രേരിപ്പിക്കുകയും ചെയ്തു എന്നതായിരുന്നു എന്റെ മേല്‍ ചുമത്തപ്പെട്ട കുറ്റം. പീഡനങ്ങള്‍ക്ക് വിധേയരായ ആ പാവങ്ങളുടെ മുന്നില്‍ കുറ്റസമ്മതമല്ലാതെ വഴിയുണ്ടായിരുന്നില്ല. നീതിന്യായാലയത്തില്‍നിന്നുള്ളവനായിരുന്നില്ല അന്വേഷണോദ്യോഗസ്ഥന്‍; ബലാല്‍ക്കാരം മൊഴി വാങ്ങിയെടുക്കാന്‍ സമര്‍ഥനായ സുരക്ഷാ ഉദ്യോഗസ്ഥനായിരുന്നു. പീഡനഫലമായി, അറസ്റ്റ് ചെയ്യപ്പെട്ട എന്റെ സുരക്ഷാ ഉദ്യോഗസ്ഥരിലൊരാള്‍ മരണപ്പെടുകയുണ്ടായി. അറസ്റ്റ് ചെയ്യപ്പെട്ടവരില്‍ ചിലരുടെ ഗതി എന്തായി എന്ന് ഇപ്പോഴും അജ്ഞാതമാണ്. ആംനസ്റ്റി ഇന്റര്‍നാഷ്‌നലും ഹ്യൂമന്‍ റൈറ്റ്‌സ് വാച്ചും ഇതുസംബന്ധമായി പുറത്തിറക്കിയ റിപ്പോര്‍ട്ടുകള്‍ വായനക്കാര്‍ക്ക് പരിശോധിക്കാവുന്നതാണ്.
എന്റെ കേസ് അന്വേഷിച്ച ന്യായാധിപന്മാരില്‍ ഒരാളും, എന്റെ സുരക്ഷാ വിഭാഗത്തിലൊരാളുടെ മരണത്തില്‍ കാരണക്കാരനായ ഒരു ഓഫീസറും- അവരുടെ പേരുകള്‍ ഇപ്പോള്‍ ഞാന്‍ പറയുന്നില്ല- പാര്‍ലമെന്റിലെ സുരക്ഷാ-പ്രതിരോധ സമിതി അംഗങ്ങളായ 'അദ്ദഅ്‌വ' പാര്‍ട്ടിയിലെ പ്രമുഖ നേതാക്കളടങ്ങിയ സമിതി മുന്‍കൂട്ടി തയാറാക്കിയ കുറ്റമൊഴികളാണ് തങ്ങള്‍ക്ക് ലഭിച്ചതെന്ന് സ്വകാര്യമായി പറയുകയുണ്ടായി. അതേ പാര്‍ട്ടിയില്‍ പെട്ട ഒരു ഉപദേശകന്‍ മാലികിയുടെ അടുത്ത ബന്ധുവാണ്. അബൂഹാശിം എന്നാണ് സമിതിയിലെ മറ്റൊരംഗത്തിന്റെ പേര്. ഇവര്‍ മൂന്ന് പേരും ഒന്നിച്ചു മാസങ്ങള്‍ക്ക് മുമ്പേ തയാറാക്കിയ ആരോപണ ഫയലാണ് സമിതിക്ക് ലഭ്യമാക്കിയത്. ആ കുറ്റസമ്മതമൊഴികള്‍ വീണ്ടും ആവര്‍ത്തിച്ചു. അതില്‍ നിര്‍ബന്ധിച്ച് പ്രതികളെക്കൊണ്ട് ഒപ്പു വെപ്പിക്കുക മാത്രമേ അന്വേഷണ ഉദ്യോഗസ്ഥന്മാര്‍ക്ക് ചെയ്യാനുണ്ടായിരുന്നുള്ളൂ.
ഔദ്യോഗിക ഇറാഖി ചാനലിലൂടെ ബജറ്റ് വാര്‍ത്തകള്‍ക്കിടയില്‍ കുറ്റസമ്മതമൊഴികള്‍ പ്രസാരണം ചെയ്യാന്‍ മാലികി ധൃതി കൂട്ടി. അതിന്റെ പ്രഥമ പ്രായോജകന്‍ മാലികി തന്നെയായിരുന്നു. ടിവി പ്രഖ്യാപനങ്ങളിലൂടെ തന്റെ നിലപാടുകള്‍ക്ക് പ്രചാരണം നല്‍കാനാണ് മാലികി ശ്രമിച്ചത്. അപ്പോഴും അന്വേഷണം പ്രാഥമിക ഘട്ടം പിന്നിട്ടിരുന്നില്ല. നിയമവിരുദ്ധമായിരുന്നു ഈ നടപടി. നിയമമോ ഭരണഘടനയോ അംഗീകരിക്കാത്ത മാലികി എന്നെ അപകീര്‍ത്തിപ്പെടുത്തി രാഷ്ട്രീയ രംഗത്ത് നിന്ന് ഉന്മൂലനം ചെയ്യുക എന്ന ഏക ലക്ഷ്യത്തോടെയാണ് കുറ്റസമ്മത മൊഴികള്‍ പരസ്യപ്പെടുത്താന്‍ ഉത്തരവിട്ടത്. ക്രിമിനല്‍ കേസായിരുന്നെങ്കില്‍ ഇടപെടല്‍ നടത്താതെ എന്തുകൊണ്ട് മാലികി അത് കോടതിക്ക് വിട്ടുകൊടുത്തില്ല. ലക്ഷ്യം മറ്റൊന്നായതിനാലാണ് അങ്ങനെ ചെയ്യാതിരുന്നത്. രാഷ്ട്രീയ രംഗത്ത് എന്റെ സാന്നിധ്യം ഇല്ലാതാക്കുക മാത്രമായിരുന്നു ലക്ഷ്യം. പക്ഷേ, ഭീഷണിക്ക് ഞാന്‍ വഴങ്ങിയില്ല. എന്റെ ജീവിത വിശുദ്ധിയെയും സമാധാനപൂര്‍വമായ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളെയും കുറിച്ച് ഇറാഖികള്‍ക്ക് മുഴുവന്‍ അറിയാമെന്ന് എനിക്ക് ഉറച്ച വിശ്വാസമുണ്ടായിരുന്നു. അതിനാല്‍ മാലികിയുടെ വ്യാജാരോപണങ്ങള്‍ വിലപ്പോവില്ല. അതിനാലാണ് രാജ്യത്തുനിന്ന് എന്നെ പുറത്താക്കി രാഷ്ട്ര പുനര്‍നിര്‍മാണത്തിലെ രാഷ്ട്രീയ പങ്കാളിത്തം നിഷേധിക്കുക എന്ന കൂടുതല്‍ ഗര്‍ഹണീയമായ മാര്‍ഗം അയാള്‍ സ്വീകരിച്ചത്. ഈ ദുരുദ്ദേശ്യത്തോടു കൂടിയുള്ള മാലികിയുടെ സന്ദേശങ്ങളും ഓഫറുകളും പിന്നെയും തുടര്‍ന്നു. അതില്‍ ഒടുവിലത്തേതായിരുന്നു കുര്‍ദിസ്താന്‍ പ്രസിഡന്റ് ബര്‍സാനിയുമായി നടന്ന സംഭാഷണങ്ങള്‍. മാലികിയുടെ പാര്‍ട്ടിയില്‍ നിന്നുള്ള ഉന്നത പ്രതിനിധി സംഘം ബര്‍സാനിയെ സന്ദര്‍ശിച്ച് എന്നെ കുര്‍ദിസ്താന്‍ പ്രവിശ്യയില്‍ നിന്ന് പുറത്താക്കാനുള്ള ആശയം മുന്നോട്ടുവെച്ചു. മാപ്പര്‍ഹിക്കാത്ത വഷളത്തമെന്ന് പറഞ്ഞ് ബര്‍സാനി ഈ ആവശ്യം ശക്തമായി നിരാകരിക്കുകയാണുണ്ടായത്. 2006 മുതല്‍ ഇന്നേവരെ മാലികിയുടെ ഭാഗത്തുനിന്ന് ഞാന്‍ നേരിട്ട ഭീഷണികളുടെ ചുരുക്കം ഇതാണ്.
ഭരണരംഗത്ത് അമ്പേ പരാജയപ്പെട്ട മാലികിയുടെ വ്യക്തിപരമായ പ്രതികാര ദാഹത്തിന്റെയും സ്വേഛാ പ്രമത്തതയുടെയും ഇരയാണ് ഞാന്‍. ഇതിന്റെ പിന്നില്‍ വലിയ മറ്റു ചില ശക്തികള്‍ കൂടി പ്രവര്‍ത്തിച്ചിട്ടുണ്ട്. അത് വിശദീകരിക്കാന്‍ മറ്റൊരു ലേഖനം വേണ്ടിവരും. എന്ത് വില കൊടുത്തും രാഷ്ട്രീയ രംഗത്തുനിന്ന് എന്നെ ഇല്ലാതാക്കാന്‍ 2009-ല്‍ ഒരു അയല്‍രാജ്യം തീരുമാനിച്ച വിവരം വിശ്വസനീയമായ കേന്ദ്രങ്ങളില്‍നിന്ന് ഈയിടെ എനിക്ക് ലഭിച്ചത് കൂടി ഇവിടെ സൂചിപ്പിക്കേണ്ടതുണ്ട്. ഇറാഖില്‍ വ്യാപകമായ സ്വാധീനമുള്ള രാജ്യമാണത്.
ബലാല്‍ക്കാരം നേടിയെടുത്ത കുറ്റസമ്മതമൊഴികള്‍ തീര്‍ത്തും വ്യാജമാണ്. എങ്കിലും മാലികിയുടെ സുരക്ഷാ ഭീകരരുടെ പീഡന സാധ്യത എന്ന ലളിതമായ ഒറ്റ കാരണത്താല്‍ തന്നെ ഈ മൊഴികള്‍ കോടതി മുമ്പാകെയും ആവര്‍ത്തിക്കപ്പെട്ടേക്കാം. കേസ് കുര്‍ദിസ്താനിലെയോ കര്‍കൂകിലെയോ കോടതികളിലേക്ക് മാറ്റാനുള്ള ആവശ്യം മാലികി അംഗീകരിക്കാത്തതും അതുകൊണ്ടാണ്. ഇതേവരെ രണ്ട് അപേക്ഷകള്‍ അയാള്‍ ഇങ്ങനെ തള്ളിക്കളഞ്ഞു; അത് കുറ്റാരോപിതന് നിയമം നല്‍കുന്ന അവകാശമായിരുന്നിട്ടും എന്തുകൊണ്ടാണ് അത് നിരാകരിച്ചതെന്നറിയാമോ? അത് തന്റെ രാഷ്ട്രീയ ഭാവിയെ തകര്‍ക്കുന്ന വലിയ അപവാദങ്ങള്‍ തുറന്നു കാട്ടപ്പെടാന്‍ ഇടയാക്കുമെന്ന് അയാള്‍ക്കറിയാം. തങ്ങളില്‍ നിന്ന് ബലാല്‍ക്കാരം ചോര്‍ത്തിയെടുത്ത കുറ്റസമ്മതമൊഴികള്‍ പീഡനത്തിലൂടെ നേടിയെടുത്തതാണെന്ന് കോടതി മാറ്റിയിരുന്നെങ്കില്‍ കുറ്റാരോപിതര്‍ തന്നെ വെളിപ്പെടുത്തുമായിരുന്നു. ഇന്നല്ലെങ്കില്‍ നാളെ ഏതെങ്കിലും ദിവസം ഇതൊക്കെ വെളിപ്പെടാതിരിക്കില്ല.
ഈ കേസിന്റെ പിന്നില്‍ നടന്ന കളികളെക്കുറിച്ച് ഒരുപാട് വേറെയും പറയാനുണ്ട്. അത് മറ്റൊരവസരത്തിലാകാം. ഇതൊരു ക്രിമിനല്‍ കേസേ അല്ലെന്ന് മാത്രമാണ് ഇപ്പോള്‍ എനിക്ക് പറയാനുള്ളത്; തികച്ചും രാഷ്ട്രീയ പ്രേരിതമായ ഒരു ഉപജാപത്തിന്റെ സൃഷ്ടി മാത്രമാണ്. അതുകൊണ്ടാണ് ഇതില്‍ ഞാന്‍ നിരപരാധിയാണെന്ന് പറയുമ്പോള്‍, എന്റെ സുരക്ഷാ ഭടന്മാരും എന്റെ ഓഫീസിലെ ഉദ്യോഗസ്ഥന്മാരുമടക്കം കുറ്റാരോപിതരായ മുഴുവന്‍ ആളുകളും നിരപരാധികളാണെന്ന് ഞാന്‍ പറയുന്നത്. ഞാന്‍ പറയുന്നതിന് ദൈവമാണ് സാക്ഷി (അല്‍ അറബ്, ഖത്തര്‍ 2-8-2012).
വിവ: വി.എ.കെ

Comments

Other Post

ഖുര്‍ആന്‍ ബോധനം

അല്‍ ഇസ്റാഅ്
എ.വൈ.ആര്‍