Prabodhanm Weekly

Pages

Search

2012 സെപ്റ്റംബര്‍ 22

ഹജ്ജ് നവസമൂഹ നിര്‍മാണത്തിന്റെ പരിശീലന കളരി

വി.കെ. അലി

ഇസ്‌ലാം ആയുസ്സില്‍ ഒരിക്കല്‍ നിര്‍ബന്ധമാക്കിയ ആരാധനാ കര്‍മമാണ് ഹജ്ജ്. അതും സൗകര്യങ്ങള്‍ ഒത്തുവന്നവര്‍ക്ക് മാത്രം. ''പരിശുദ്ധ ഭവനം സന്ദര്‍ശിക്കുകയെന്നത്, അതിനുള്ള സൗകര്യങ്ങള്‍ ഒത്തുവന്ന ജനങ്ങള്‍ അല്ലാഹുവിനുവേണ്ടി ചെയ്യേണ്ട ബാധ്യതയാണ്'' (3:97) എന്ന് വിശുദ്ധ ഖുര്‍ആന്‍ പ്രഖ്യാപിച്ചിട്ടുണ്ട്. 'അല്ലാഹു നിങ്ങള്‍ക്ക് നിര്‍ബന്ധമാക്കിയിരിക്കുന്നു' എന്ന് പ്രവാചകന്‍ അറിയിച്ചപ്പോള്‍, അഖ്‌റഅ് ഇബ്‌നു ഹാബിസ് എന്ന സ്വഹാബി എഴുന്നേറ്റു ചോദിച്ചു: എല്ലാ വര്‍ഷവും ഇത് വേണമോ പ്രവാചകരേ! 'ഹജ്ജ് ഒരിക്കല്‍ മാത്രമാണ് നിര്‍ബന്ധം, കൂടുതല്‍ ചെയ്യുന്നത് ഐഛികമാണ്' എന്നായിരുന്നു തിരുമേനിയുടെ മറുപടി (അഹ്മദ്, അബൂദാവൂദ്, നസാഈ).
ഹജ്ജിന് വലിയ പ്രതിഫലമാണ് വാഗ്ദാനം ചെയ്യപ്പെട്ടിരിക്കുന്നത്. മ്ലേഛമായ പ്രവര്‍ത്തനങ്ങളോ ദുര്‍വൃത്തികളോ ചെയ്യാതെ ഹജ്ജ് നിര്‍വഹിക്കുന്നവര്‍ പുതുതായി ജനിച്ച കുഞ്ഞിനെപോലെ പരിശുദ്ധി പ്രാപിക്കുന്നുവെന്ന് നബി(സ) അരുളി (ബുഖാരി, മുസ്‌ലിം). ഹജ്ജ് അതിനു മുമ്പുള്ള സകല ദോഷങ്ങളെയും ഇല്ലായ്മ ചെയ്യുമെന്ന് അംറുബ്‌നുല്‍ ആസ്വി(റ)യോട് തിരുമേനി പറഞ്ഞു (മുസ്‌ലിം). സ്വീകാര്യയോഗ്യമായ ഹജ്ജിന്റെ പ്രതിഫലം സ്വര്‍ഗ്ഗം തന്നെയാണെന്നും ഹദീസുകളില്‍ കാണാം (ബുഖാരി, മുസ്‌ലിം).
ഇത്ര വലിയ പ്രതിഫലം നേടാന്‍ ഹജ്ജിനെ പ്രാപ്തമാക്കുന്നതെന്താണ് എന്ന് പരിശോധിക്കേണ്ടതുണ്ട്. എല്ലാ ആരാധനാ കര്‍മങ്ങളും ഹജ്ജില്‍ സമ്മേളിക്കുന്നു എന്നതാണ് അതിന്റെ സവിശേഷത. ദുല്‍ഹജ്ജ് 8 മുതല്‍ 13 വരെയുള്ള ദിവസങ്ങളില്‍ നിര്‍വഹിക്കപ്പെടുന്ന ഹജ്ജ് കര്‍മങ്ങളില്‍ ഇത് പ്രകടമായി കാണാം. മിനായിലും അറഫയിലും മുസ്ദലിഫയിലുമെല്ലാം നടക്കുന്ന നമസ്‌കാരങ്ങള്‍ ഹജ്ജിന്റെ ഭാഗമാണ്. അവയുടെ നിര്‍വഹണം സാധാരണ രീതികളില്‍ നിന്ന് വ്യത്യസ്തവുമാണ്. നാലു റക്അത്തുള്ള നമസ്‌കാരങ്ങള്‍ ഈരണ്ടായും ചിലയിടങ്ങളില്‍ ജംഉം ഖസ്വ്‌റുമായുമൊക്കെ അവ നിര്‍വഹിക്കപ്പെടുന്നു. നോമ്പനുഷ്ഠിക്കുമ്പോള്‍ വിശ്വാസി അനുഭവിക്കുന്ന വിശപ്പും ദാഹവും ശാരീരിക ക്ലേശങ്ങളും ഹജ്ജ് വേളയില്‍ കൂടുതലായി അനുഭവപ്പെടുന്നു. ചില സന്ദര്‍ഭങ്ങളില്‍ വ്രതാനുഷ്ഠാനം തന്നെ ഹജ്ജ് കര്‍മങ്ങളുടെ ഭാഗമായി നിര്‍ണയിക്കപ്പെട്ടിരിക്കുന്നു. ഹജ്ജ് കര്‍മങ്ങളില്‍പെട്ട മൃഗബലിയും ദാനധര്‍മങ്ങളും സകാത്തിന്റെ പ്രതീതി ജനിപ്പിക്കുന്ന അനുഷ്ഠാനങ്ങളാണ്. അങ്ങനെ, നമസ്‌കാരവും സകാത്തും നോമ്പുമെല്ലാം ഹജ്ജില്‍ അലിഞ്ഞുചേരുന്നതായി കാണാം.
ഇസ്‌ലാമിലെ ആരാധനാ കര്‍മങ്ങള്‍ രണ്ടുതരത്തിലുണ്ട്. ശാരീരികമായ പങ്കാളിത്തം മുഴച്ചു നില്‍ക്കുന്നതാണ് അവയിലൊന്ന്. 'അല്‍ ഇബാദാത്തുല്‍ ബദനിയ്യ' എന്ന് അവയെ വിളിക്കാം. നമസ്‌കാരവും നോമ്പും ഉദാഹരണങ്ങളാണ്. സാമ്പത്തികമായ പങ്കാളിത്തം മുഴച്ചു നില്‍ക്കുന്നവയാണ് മറ്റൊന്ന്. 'അല്‍ ഇബാദാത്തുല്‍ മാലിയ്യ' എന്നാണ് അവ വിശേഷിപ്പിക്കപ്പെടുന്നത്. സകാത്ത് സ്വദഖകള്‍ പോലുള്ളവ ഉദാഹരണങ്ങള്‍. ഹജ്ജില്‍ രണ്ട് വശവും സമഞ്ജസമായി സമ്മേളിച്ചിരിക്കുന്നു. ത്വവാഫ്, സഅ്‌യ്, കല്ലേറ്, മിനാ-അറഫ-മുസ്ദലിഫ എന്നിവിടങ്ങളിലെ താമസം തുടങ്ങിയ കാര്യങ്ങള്‍ ശാരീരികാദ്ധ്വാനം കൂടുതല്‍ പ്രകടമാക്കുന്ന ചടങ്ങുകളാണ്. ഹജ്ജ് യാത്രക്ക് വേണ്ട സാമ്പത്തിക ചെലവുകള്‍, ബലി, ദാനധര്‍മങ്ങള്‍ എന്നിവയില്‍ സാമ്പത്തിക പങ്കാളിത്തം കൂടുതല്‍ പ്രകടമാകുന്നു. അങ്ങനെ നോക്കുമ്പോള്‍ ഹജ്ജ് ഒരു 'ശാരീരിക-സാമ്പത്തിക' കര്‍മമാണ്.
ഇബ്‌റാഹീം നബി(അ)യുടെയും കുടുംബത്തിന്റെയും (അഥവാ ഇസ്മാഈല്‍, ഹാജര്‍) പൈതൃകത്തെയാണ് ഹജ്ജ് കര്‍മം ഉയര്‍ത്തിപ്പിടിക്കുന്നത്. മുഹമ്മദ് നബി(സ) പ്രതിനിധീകരിക്കുന്നതും 'ഇബ്‌റാഹീമി മില്ലത്തി'നെയാണ്. അല്ലാഹുവിന്റെ പ്രീതിക്ക് വേണ്ടി സകലതും സമര്‍പ്പിച്ച ത്യാഗിവര്യനായിരുന്നു ഇബ്‌റാഹീം. സ്വന്തം നാടും വീടും കുടുംബവും അദ്ദേഹം ഉപേക്ഷിച്ചു. തീക്കുണ്ഠത്തിലേക്ക് എടുത്തെറിയപ്പെടുന്ന സാഹചര്യത്തില്‍ അല്ലാഹുവിനു വേണ്ടി സ്വന്തം ജീവന്‍ സമര്‍പ്പിക്കാന്‍ തയാറായി. ദൈവ നിര്‍ദേശമുണ്ടായപ്പോള്‍ സ്വന്തം മകനെ ബലികൊടുക്കാന്‍ ശ്രമിച്ചു. ദൈവിക ദീനിന്റെ പ്രചാരണത്തിനായി ഇറാഖ്, ജോര്‍ദാന്‍, ഫലസ്ത്വീന്‍, ഈജിപ്ത്, മക്ക എന്നീ പ്രദേശങ്ങളില്‍ ചുറ്റി സഞ്ചരിച്ചു. അങ്ങനെ 'ദൈവത്തിന്റെ ആത്മമിത്രം' (ഖലീലുല്ലാഹി) എന്ന പേരിനര്‍ഹനായി. അദ്ദേഹത്തിന്റെ 'സ്മാരകശിലകളാ'ണ് കഅ്ബയും ഹജറുല്‍ അസ്‌വദും മഖാമു ഇബ്‌റാഹീമും ജംറകളുമെല്ലാം. ഇസ്മാഈലിനെയും ഹാജറയെയും അനുസ്മരിപ്പിക്കുന്ന ചരിത്രസ്മാരകങ്ങളാണ് ഹിജ്‌റു ഇസ്മാഈലും സഫാ-മര്‍വായും സംസം കിണറുമെല്ലാം. ജനങ്ങള്‍ ഏകദൈവത്വ(തൗഹീദ്)ത്തിന്റെ ആദര്‍ശത്തില്‍ അടിയുറച്ചു നിലകൊള്ളണമെന്നും തൗഹീദിന്റെ കേന്ദ്രമായി കഅ്ബാലയം എന്നെന്നും നിലനില്‍ക്കണമെന്നും അദ്ദേഹം ആഗ്രഹിച്ചു. കഅ്ബാലയം പണിത ശേഷം അദ്ദേഹം പ്രാര്‍ഥിച്ചു: നാഥാ! കൃഷിയൊന്നുമില്ലാത്ത ഒരു മലമ്പ്രദേശത്ത് നിന്റെ ഭവനത്തിനരികെ എന്റെ സന്തതികളില്‍ ചിലരെ ഞാന്‍ നിവസിപ്പിച്ചിരിക്കുന്നു. നാഥാ! അവര്‍ നമസ്‌കാരം നിലനിര്‍ത്തുന്നതിന് വേണ്ടിയാണത്. അതിനാല്‍ ജനങ്ങളുടെ മനസ്സുകള്‍ അവര്‍ക്ക് നേരെ ആകര്‍ഷിക്കാന്‍ നീ ഇടയാക്കേണമേ (14:37). അതിനുള്ള മറുപടി അല്ലാഹു ഇപ്രകാരം നല്‍കി: നീ ജനങ്ങള്‍ക്ക് ഹജ്ജിന് വിളംബരം ചെയ്യുക. കാല്‍നടയായും വാഹനപ്പുറത്ത് കയറിയും എല്ലാ ഭൂപ്രദേശങ്ങളില്‍നിന്നും അവര്‍ വന്നെത്തും (22:27). ഇതിന്റെ പുലര്‍ച്ചയാണ് ഹജ്ജ് കര്‍മത്തിലൂടെ നാം നാലായിരം വര്‍ഷങ്ങളായി കണ്ടുകൊണ്ടിരിക്കുന്നത്.
ഇസ്‌ലാമിലെ ആരാധനാ കര്‍മങ്ങളുടെ സാധാരണരീതി ധ്യാനവും പ്രാര്‍ഥനയും ശാന്തതയുമാണ്. ഹജ്ജിലെ അനുഷ്ഠാന കര്‍മങ്ങളില്‍ പ്രധാനമായവയെല്ലാം തികച്ചും വ്യത്യസ്തമാണ്. തല്‍ബിയത്ത് ചൊല്ലല്‍, കഅ്ബാ പ്രദക്ഷിണം, സ്വഫാ-മര്‍വാക്കിടയിലെ ഓട്ടം, അറഫായിലെ നിറുത്തം, മിനായിലെയും മുസ്ദലിഫയിലെയും ജംറകളിലെ കല്ലെറിയല്‍, മുടി കളയല്‍-ഇവയിലെല്ലാം ഈ വ്യതിരിക്തത പ്രകടമായി കാണാം. ഏത് സമര്‍പ്പണത്തിനും സന്നദ്ധരാവുന്ന ഒരു വളണ്ടിയര്‍ വിഭാഗത്തിന്റെ സൃഷ്ടിയാണ് അവയുടെ ലക്ഷ്യം. അല്ലാഹുവിന് വേണ്ടി കര്‍മനിരതരാകാന്‍ എല്ലാമുപേക്ഷിച്ച് സന്നദ്ധനായ, ഇബ്‌റാഹീമിന്റെ കാലടികളെ പിന്തുടരുന്ന വളണ്ടിയര്‍ സേന. മക്കയില്‍ നിറഞ്ഞുനില്‍ക്കുന്ന വ്യക്തമായ ദൃഷ്ടാന്തങ്ങള്‍ (ആയാത്തുന്‍ ബയ്യിനാത്) കണ്ടും അനുഭവിച്ചും ഈമാനിന്റെ മാധുര്യം വേണ്ടുവോളം ആസ്വദിച്ച കര്‍മസേന. സ്വന്തം പ്രദേശങ്ങളിലേക്ക് മടങ്ങിച്ചെന്ന് തൗഹീദിന്റെ ധ്വജവാഹകരാകാന്‍ അവര്‍ക്ക് കഴിയണം. വര്‍ഷംതോറും ഈ പ്രക്രിയ ആവര്‍ത്തിക്കപ്പെടുന്നതിനാല്‍ ഇസ്‌ലാമിക സമൂഹത്തിന്റെ ശരീരത്തില്‍ പുതുരക്തം സദാ ചംക്രമണം ചെയ്യുന്നു.
വസ്ത്രങ്ങളും യൂനിഫോമുകളും മനുഷ്യന്റെ പ്രൗഢിയുടെയും സ്ഥാനമാനങ്ങളുടെയും അടയാളങ്ങളാണ്. അലങ്കാര രഹിതവും അകൃത്രിമവുമായ 'ഇഹ്‌റാം' വസ്ത്രങ്ങള്‍ അവനെ തന്റെ ദൗര്‍ബല്യത്തെയും നിസ്സാരതയെയും ഓര്‍മിപ്പിക്കുന്നു. അവനില്‍ വിനയവും താഴ്മയും സൃഷ്ടിക്കുന്നു. ദിനം തോറും ചുരുങ്ങിയത് അഞ്ചുതവണയെങ്കിലും മുഖം തിരിച്ചു നില്‍ക്കുന്ന കഅ്ബാലയത്തിന് ചുറ്റുമുള്ള പ്രദക്ഷിണം തന്റെ ജീവിതം ഈ ഗേഹത്തിന് ചുറ്റുമാണ് കറങ്ങുന്നതെന്ന ചിന്ത വിശ്വാസികളില്‍ രൂഢമുലമാക്കുന്നു. ഏകദൈവാരാധനക്കായി ഭൂമിയില്‍ പണികഴിച്ച പ്രഥമ ഗേഹം മനുഷ്യചരിത്രത്തെ പരസ്പരം കണ്ണിചേര്‍ക്കുകയും പ്രവാചകന്മാരുടെ ജനതതികളെ പരസ്പരം ബന്ധിപ്പിക്കുകയും ചെയ്യുന്നു. സ്വഫാ-മര്‍വായുടെ ഇടയിലുള്ള നടത്തം, ആദര്‍ശശാലിയായ ഒരു നീഗ്രോ അടിമസ്ത്രീയെ ചരിത്രത്തിന്റെ ഉത്തുംഗതയിലേക്കുയര്‍ത്തി ഇസ്‌ലാമിക പ്രബോധക സംഘത്തിന്റെ മാനവിക പ്രാതിനിധ്യത്തിന് മകുടം ചാര്‍ത്തുന്നു. അറഫയില്‍ അനേക ലക്ഷം ഹാജിമാര്‍ ഒരേ സമയത്ത് അണിചേരുന്നതും അല്ലാഹുവിന്റെ മുന്നില്‍ സര്‍വം സമര്‍പ്പിച്ച് നിലകൊള്ളുന്നതും മഹ്ശറയുടെ അനുസ്മരണമാണ്. ലോകത്തെങ്ങുമുള്ള ഇസ്‌ലാമിക സമൂഹത്തിന്റെ അജയ്യമായ ശക്തിയുടെ ഉജ്ജ്വലപ്രകടനവും.
മിനായിലെ ദിവസങ്ങള്‍ ജാഹിലിയ്യാ കാലത്ത് പൊങ്ങച്ച പ്രകടനത്തിനും കളിവിനോദങ്ങള്‍ക്കുമാണ് വിനിയോഗിച്ചിരുന്നതെങ്കില്‍, മുഹമ്മദീയ ശരീഅത്തില്‍ അവ അല്ലാഹുവിനെ സ്മരിക്കുവാനും പ്രാര്‍ഥിക്കുവാനും ഖുര്‍ആന്‍ പാരായണം ചെയ്യാനും നമസ്‌കരിക്കാനുമാണ് പ്രയോജനപ്പെടുന്നത്. പിശാചിനോടുള്ള സമരത്തിന്റെ പ്രതീകവല്‍ക്കരണമാണ് 'ജംറ'കള്‍ എറിയുന്നതിലൂടെ നടക്കുന്നത്. പ്രാചീന കാലഘട്ടത്തില്‍ ഒരാളെ അടിമത്തത്തില്‍ നിന്ന് മുക്തനാക്കുമ്പോള്‍ തലമുണ്ഡനം ചെയ്യാറുണ്ടായിരുന്നുവത്രെ. ഒരു പുതിയ മനുഷ്യന്റെ ജന്മവും പുതിയ ജീവിതത്തിന്റെ തുടക്കവും എന്നതിന്റെ സൂചനയാകാം ഹജ്ജിലെ തലമുണ്ഡനം കൊണ്ടുദ്ദേശിക്കുന്നത്. സയ്യിദ് സുലൈമാന്‍ നദ്‌വി എഴുതി: പൗരാണിക കാലത്തെ ആരാധനാ സമ്പ്രദായങ്ങളുടെ ചിഹ്നങ്ങളാണ് ഹജ്ജിലെ മുഴുവന്‍ ചടങ്ങുകളും. മനുഷ്യവംശത്തിന്റെ ആത്മീയ വളര്‍ച്ചയുടെ ആരംഭ ദശ എന്നെന്നും നമ്മുടെ മുന്നില്‍ രൂപപ്പെട്ടുനിലകൊള്ളാനും ആ സ്മരണ നമ്മുടെ ഈമാനിക വികാരങ്ങളെ ഉദ്ദീപിപ്പിക്കാനുമാണ് അപ്രകാരം ചെയ്തത്. നിരന്തര ദൈവസ്മരണ, പശ്ചാത്താപം, മേലില്‍ മാതൃകാപരമായ ജീവിതം നയിക്കാനുള്ള നിശ്ചയം-ഇതെല്ലാം ആത്മവിശുദ്ധിയുടെ ഒരു പുതിയ അദ്ധ്യായത്തിന് തുടക്കം കുറിക്കുന്നു.''
ചുരുക്കത്തില്‍ ഹജ്ജ് ഒരു പുതിയ സമൂഹത്തിന്റെ നിര്‍മാണം ലക്ഷ്യമിടുന്ന പരിശീലനക്കളരിയാണ്. അതിലൂടെ പുറത്തുവരുന്ന ഹാജിമാര്‍ നവോത്ഥാന യത്‌നങ്ങളുടെ 'റിസോഴ്‌സ് പേഴ്‌സനു'കളായി പരിണമിക്കുന്നു. അങ്ങനെ ലോകം മുഴുവന്‍ പരിശുദ്ധ ഹജ്ജിന്റെ പ്രയോജനം അനുഭവിക്കുന്നു.

(കേരള ഹജ്ജ് കമ്മിറ്റി അംഗമാണ് ലേഖകന്‍)

Comments

Other Post

ഖുര്‍ആന്‍ ബോധനം

അല്‍ ഇസ്റാഅ്
എ.വൈ.ആര്‍