അടര്‍ന്ന കാലങ്ങളെ ശ്വസിച്ചെടുക്കുന്ന വാക്കുകള്‍
അനുഭവങ്ങള്‍ വല്ലാത്തൊരു വായനാനുഭവമാകുന്ന ആശ്ചര്യമാണ് വി. മുസഫര്‍ അഹമ്മദിന്റെ 'മയിലുകള്‍ സവാരിക്കിറങ്ങിയ ചെരിവിലൂടെ.' മറവിയുടെ ഭയപ്പെടുത്തുന്ന മഹാനരകം തൊട്ടുമുന്നില്‍ നിന്നപ്പോള്‍ എഴുതിത്തീര്‍ത്തതാണീ അനുഭവക്കുറിപ്പുകള്‍.
എങ്ങോട്ടാണീ അനുഭവങ്ങള്‍ മണ്ടിപ്പായുന്നതെന്ന് തോന്നും... ബാല്യത്തിലൂടെ...കൗമാരത്തിലൂടെ... യൗവനത്തിലൂടെ.... അതിനിടയില്‍ പൊതിഞ്ഞെടുത്ത കാഴ്ചകളിലൂടെ...മഴയിലൂടെ... മരത്തിലൂടെ... മറിഞ്ഞുവീണ മരം ശേഷിപ്പിച്ച ശൂന്യതയിലൂടെ...ഇഴഞ്ഞിഴഞ്ഞ് കല്ലിച്ചുപോയ ഒച്ചുകളിലൂടെ... ഓര്‍മകളില്‍ നിന്നടര്‍ന്നുപോയ മനുഷ്യരിലൂടെ...
എട്ടാം ക്ലാസില്‍ പഠിക്കും കാലത്ത് തറവാടുവീട് പൊളിക്കുമ്പോള്‍ മുസഫറിന് കണ്ട്കിട്ടിയത് വല്യാപ്പയുടെ കൈപ്പടയുള്ള രണ്ട് ഡയറികള്‍. ഒരിക്കലും കാണാന്‍ കഴിയാതെ പോയ വല്യാപ്പ അക്ഷരങ്ങളുടെ വളവുകളിലെങ്ങാനും ഒളിഞ്ഞിരിപ്പുണ്ടോ...? വല്യാപ്പയുടെ ഒരു പടമെങ്കിലും കണ്ടുകിട്ടാന്‍ ബെല്ലാരി വരെ പോകണം എന്നാശിച്ച ബാല്യം. ആ യാത്ര പക്ഷേ നടന്നില്ല. നടക്കാത്ത യാത്രകളും അനുഭവം തന്നെയല്ലേ...
നിന്റെയൊക്കെ കൈയില്‍ കഠാരയുണ്ടോ? ഒരു പേനാക്കത്തിയുണ്ടോ? പോട്ടെ, സ്വന്തമായി ഒരു മൊട്ടുസൂചിയുണ്ടോ? പോയി ബാങ്ക് കൊള്ളയടിക്ക്. ഇവിടെ ബേപ്പൂരില്‍ മൂന്ന് നാലെണ്ണമുണ്ട്... പോയി കൊള്ളയടിക്ക്... സായുധ വിപ്ലവം നടക്കണമെങ്കില്‍ കാശ് വേണ്ടേ... സായുധ വിപ്ലവം നയിക്കാന്‍ നടക്കുന്നു.... വീട്ടുകാര്‍ കഷ്ടപ്പെട്ട് കോളേജില്‍ പഠിപ്പിക്കാന്‍ വിടും. നിനക്കൊന്നും വീട്ടില്‍ ചോദിക്കാനും പറയാനും ആരുമില്ലേടാ....' ഓര്‍മപ്പുസ്തകത്തില്‍ ക്ഷുഭിതനായി വൈക്കം മുഹമ്മദ് ബഷീര്‍. ഓക്‌സിജന്‍ സിലിണ്ടറുകള്‍ക്ക് നടുവില്‍ ശ്വാസംമുട്ടിത്തീര്‍ന്നു ആ എഴുത്തു ജീവിതം. 'കാലമേ, എനിക്കല്‍പം ഓക്‌സിജന്‍ തരൂ...' സിഗരറ്റ് പാക്കിന് പുറത്ത് ബഷീര്‍ ഏറ്റവുമൊടുക്കം എഴുതിയതെന്ന് കരുതപ്പെടുന്ന ഒറ്റവരിക്കവിത.
ലോകസിനിമ എന്തെല്ലാം രംഗങ്ങള്‍ പകര്‍ത്തിയിരിക്കുന്നു. എത്രയോ പുഴകള്‍, കടലുകള്‍, കാടുകള്‍ എങ്ങാണ്ടൊക്കെയോ ഉള്ള മനുഷ്യര്‍, വികാരങ്ങള്‍... എല്ലാം പകര്‍ത്തിക്കഴിഞ്ഞെന്ന് തോന്നും. കാന്‍സര്‍ വാര്‍ഡില്‍ വെച്ച് സിനിമ ഇനിയും പറഞ്ഞിരിക്കാന്‍ ഇടയില്ലാത്ത ഒരു രംഗം കണ്ടു മുസഫര്‍. അര്‍ബുദം ബാധിച്ച് മുഖത്തെയും കവിളുകളിലെയും മാംസപേശികള്‍ ദ്രവിച്ച് എല്ലുകള്‍ പുറത്തേക്കു കാണാവുന്ന നിലയിലായ ഒരു രോഗിയെ. അയാളുടെ കീഴ്ത്താടിയില്‍ അല്‍പം മാംസം ബാക്കിയുണ്ട്. അവിടെ രണ്ടോ മൂന്നോ രോമം വളര്‍ന്നു നില്‍ക്കുന്നു. അയാളത് ഷേവ് ചെയ്യുകയായിരുന്നു.
മുസഫറിന്റെ അനുഭവങ്ങളില്‍ പിന്നെ മരങ്ങളുടെ പച്ചപ്പ്. ചില മരങ്ങള്‍ എപ്പോഴും ചിരിച്ചുകൊണ്ടേയിരിക്കുമത്രെ. ഇവിടെ ഉണ്ടായിരുന്നുവെന്നതിന് തെളിവായി ഒരു തൂവലെങ്കിലും താഴേക്കിട്ടേക്കണേ എന്ന് ചില മരങ്ങളെങ്കിലും കിളികളോട് പറയും. എങ്കിലും എല്ലാ മരങ്ങളും മരണത്തിലേക്ക് നടന്നടുക്കും പോലെ. വേര് മണ്ണില്‍ നിന്ന് പറിഞ്ഞ്, ജീവന്റെ കൂട് വിട്ട് ഒരു മരം വീഴുമ്പോള്‍ അവസാനച്ചടങ്ങുകള്‍ക്കും വിലാപങ്ങള്‍ക്കുമായി എത്തുന്നത് പറവകളും പൂമ്പാറ്റകളും ഉറുമ്പുകളുമാണ്. കിളികള്‍ വിലപിക്കും. ഉറുമ്പുകള്‍ ചിതയൊരുക്കും. ഇത് കണ്ട് ചിതലുകള്‍ ചിരിക്കും.
'ആത്മഹത്യാ മുനമ്പില്‍നിന്ന് മരങ്ങള്‍ക്ക് മീതെ പറന്ന ഒരു പെണ്‍കുട്ടി ഓര്‍മകളില്‍ തികട്ടിവരുന്നു. കാമുകന് ഭാര്യയും കുട്ടികളുമുണ്ടായിരുന്നത്രെ. കാടിന്റെ പച്ചയും തഴപ്പും നിറഞ്ഞുനിന്ന സ്വന്തം കണ്ണുകള്‍ അന്ന് കുത്തിപ്പൊട്ടിച്ചതാണ്. കണ്ണുകളില്‍ നിന്ന് കാടുകള്‍ പുറത്തേക്ക് ചാടുന്നു.'
അവധി ദിവസങ്ങളില്‍ പോകാന്‍ നാടില്ലാത്തവരുടെ മുഖങ്ങളിലേക്കും കാഴ്ച കൊടുക്കണമെന്ന് ഈ കൃതി ഓര്‍മപ്പെടുത്തുന്നു. അറഫാത്തിന്റെയും ദലൈലാമയുടെയും ഈദി അമീന്റെയും നാട്ടുകാരുടെ മുഖങ്ങളിലേക്ക്... കീറിപ്പോയ ഭൂപടം തുന്നിച്ചേര്‍ത്ത പോലെയല്ലേ അവരുടെ മുഖത്തെ ചുളിവുകള്‍. സ്വന്തമായി രാജ്യമില്ലാത്തവരുടെ ഭാഷക്ക് ഒരു ഗദ്ഗദവും പിടച്ചിലുമുണ്ട്.
വറ്റു മുളപ്പിക്കാന്‍ പോയവരാണ് പ്രവാസികള്‍. ഒരര്‍ഥത്തില്‍ അവരുടെ ജീവിതം എന്തുമാത്രം വന്യമാണ്. മരുഭൂമിയും അപ്പോള്‍ കാടായി പരുവപ്പെടുന്നു. മരങ്ങളില്ലന്നല്ലേയൂള്ളൂ...
'കരിപ്പൂര്‍ ഇമിഗ്രേഷന്‍ കഴിഞ്ഞ് ഡിപ്പാര്‍ച്ചര്‍ ലോബില്‍ ഇരിക്കുമ്പോള്‍ മഴ പെയ്തു തുടങ്ങി. പതിനൊന്ന് വര്‍ഷമായി കേരളത്തിലെ മഴക്കാലം കണ്ടിട്ട്. എല്ലാ സീറ്റുകളും നിറഞ്ഞു കവിഞ്ഞ വിമാനത്തില്‍ ഒറ്റക്കാണെന്ന് തോന്നി. എയര്‍ഹോസ്റ്റസ് അനൗണ്‍സ് ചെയ്തു. ഹം ജിദ്ദ ജായേങ്കേ.... റണ്‍വേ നനഞ്ഞു കിടന്നു. ആ നനവിലേക്ക് ഒരുപിടി വിത്തെറിയാന്‍ മോഹിച്ചു' .
Comments