Prabodhanm Weekly

Pages

Search

2012 സെപ്റ്റംബര്‍ 22

എം.ഇ.എസ് ഡോക്ടര്‍മാരുടെ ത്യാഗങ്ങള്‍

കെ.സി മൊയ്തീന്‍ കോയ

ഡോക്ടര്‍മാരുടെ ഒരു സംഘം അടിയന്തരമായി ഇവിടെ എത്തേണ്ടതുണ്ടെന്ന് ആസാമിലെ അഭയാര്‍ഥി ക്യാമ്പുകളിലെ സ്ഥിതിഗതികള്‍ മനസ്സിലാക്കിയ ആദ്യ നിമിഷം തന്നെ ഞങ്ങള്‍ക്ക് ബോധ്യമായിരുന്നു. പകര്‍ച്ചവ്യാധികളടക്കം പല രോഗങ്ങളെ പറ്റിയും ക്യാമ്പുകളില്‍നിന്ന് റിപ്പോര്‍ട്ട് വരാന്‍ തുടങ്ങിയിരുന്നു. കേരളത്തിലെ പ്രസ്ഥാന നേതൃത്വവുമായി ബന്ധപ്പെട്ടപ്പോഴാണ് പെരിന്തല്‍മണ്ണ എം.ഇ.എസ് മെഡിക്കല്‍ കോളേജില്‍ നിന്നുള്ള ഡോക്ടര്‍മാരുടെ പത്തംഗസംഘം യാത്രക്കൊരുങ്ങുന്ന വിവരമറിഞ്ഞത്. ഞങ്ങള്‍ക്കപ്പോള്‍ സന്തോഷത്തോടൊപ്പം ആശങ്കയുമുണ്ടായിരുന്നു. ഉയര്‍ന്ന സുഖസൗകര്യങ്ങളില്‍ ജോലി ചെയ്യുന്ന അവിടത്തെ ഡോക്ടര്‍മാര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ക്കു പോലും പ്രയാസപ്പെടുന്ന ക്യാമ്പുകളില്‍ സേവനമനുഷ്ഠിക്കാന്‍ കഴിയുമോ എന്നായിരുന്നു ആശങ്ക.
എം.ഇ.എസിന്റെ പ്രഥമ ബാച്ച് ഗുവാഹത്തി വഴി ബിലാസ്പാഠയില്‍ എത്തിയപ്പോള്‍ ഇവിടെ ലഭിക്കാവുന്ന ഏറ്റവും മുന്തിയ വാഹനവുമായാണ് അവരെ സ്വീകരിക്കാന്‍ പോയത്. എം.ഇ.എസ് മെഡിക്കല്‍ കോളേജിലെ രജിസ്ട്രാര്‍ ഡോ. ജമാല്‍, ഇ.എന്‍.ടി സ്‌പെഷ്യലിസ്റ്റ് ഡോ. സുനില്‍, എം.ഇ.എസ് പ്രസിഡന്റ് ഡോ. ഫസല്‍ ഗഫൂറിന്റെ മകന്‍ ഡോ. എ. റഹീം (എം.ഇ.എസ് ആസാമിലേക്ക് റിലീഫ് ഡോക്ടര്‍മാരെ അയക്കാന്‍ തീരുമാനിച്ച വിവരം ഡോ. ഫസല്‍ ഗഫൂര്‍ വീട്ടില്‍ പറഞ്ഞപ്പോള്‍ സ്വയം സന്നദ്ധനായി മകന്‍ മുന്നോട്ടു വരികയായിരുന്നു), ഡോ. അന്‍വര്‍ എന്നിവരും പാരാമെഡിക്കല്‍ വിഭാഗത്തിലെ ഫിറോസ്, ഫവാസ്, അബ്ദുല്‍ ജലീല്‍ എന്നിവരുമാണ് ടീമിലുണ്ടായിരുന്നത്. ഹനീഫ ഹാജി (മക്ക), നജീബ് കുറ്റിപ്പുറം എന്നിവരും സംഘത്തെ അനുഗമിച്ചിരുന്നു. പരസ്പരം പരിചയപ്പെട്ട ശേഷം മൂന്ന് ഗ്രൂപ്പുകളായി ഞങ്ങള്‍ പിരിഞ്ഞു. പ്രദേശത്തെ ഒരു ഹോട്ടലിലും സ്ഥലം എം.എല്‍.എയുടെ ഉടമസ്ഥതയിലുള്ള വീട്ടിലുമായിരുന്നു അവര്‍ക്ക് താമസസൗകര്യമൊരുക്കിയിരുന്നത്. പിറ്റേ ദിവസം ഞങ്ങള്‍ ക്യാമ്പുകളിലാണ് താമസിക്കുന്നതെന്നറിഞ്ഞ അവര്‍ ഞങ്ങള്‍ക്കും നിങ്ങളുടെ സൗകര്യം മതി എന്ന് പറഞ്ഞ് അവര്‍ക്കൊരുക്കിയ താമസസൗകര്യങ്ങള്‍ വേണ്ടെന്നു വെച്ചു. ഞങ്ങളുടെ കൂടെ ഇടുങ്ങിയ റൂമിലാണ് പിന്നീടുള്ള ദിവസങ്ങള്‍ അവര്‍ കഴിച്ചുകൂട്ടിയത്. അവരെക്കുറിച്ച മുന്‍ധാരണകള്‍ ഞങ്ങള്‍ തിരുത്തി. ഡോ. റഹീം അപകട സാധ്യത ഏറ്റവും കൂടുതലുള്ള ക്രൊകജാറിനോടടുത്തു നില്‍ക്കുന്ന ഫത്തീപുര ഡിവിഷനിലേക്കാണ് പോകാന്‍ തീരുമാനിച്ചത്. ഡോ. അന്‍വറും അദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്നു.
വിശ്രമമില്ലാതെ അവര്‍ രോഗികളെ പരിശോധിച്ചു. വേണ്ട നിര്‍ദേശങ്ങളുമായി അവര്‍ ക്യാമ്പുകളിലെ കൊച്ചു ടെന്റുകള്‍ കയറിയിറങ്ങി. രാത്രി അവര്‍ തന്നെ ഹോള്‍സെയില്‍ മെഡിക്കല്‍ ഷോപ്പുകളില്‍ പോയി ക്യാമ്പിലേക്കാവശ്യമായ മരുന്നുകള്‍ ശേഖരിച്ചു. അവരുടെ കര്‍മ നൈരന്തര്യം ഞങ്ങള്‍ക്ക് കൂടുതല്‍ പ്രചോദനമേകുന്നതായിരുന്നു. ക്യാമ്പിലെ പലര്‍ക്കും താല്‍ക്കാലിക ചികിത്സ പോരെന്നും തുടര്‍ ചികിത്സ ആവശ്യമുള്ളവര്‍ക്ക് സൗകര്യങ്ങള്‍ ചെയ്യണമെന്നും ഡോക്ടര്‍മാര്‍ നിരന്തരം ആവശ്യപ്പെട്ടിരുന്നു. വിറ്റാമിന്‍ അടങ്ങിയ ഭക്ഷണം കഴിക്കാത്തതിനാലാണ് പല രോഗങ്ങളുമുണ്ടാവുന്നത്. ക്യാമ്പംഗങ്ങള്‍ക്ക് വേണ്ടത്ര കലോറി അടങ്ങിയ ഭക്ഷണക്കിറ്റുകള്‍ വിതരണം ചെയ്താല്‍ മിക്ക രോഗങ്ങളെയും പ്രതിരോധിക്കാമെന്ന് അവര്‍ കണ്ടെത്തി. അതിനാവശ്യമായ നടപടികളും സ്വീകരിച്ചു.
ഒരു ഡോക്ടര്‍ ക്യാമ്പില്‍ രോഗിയെ പരിശോധിച്ചു കൊണ്ടിരിക്കെ അദ്ദേഹത്തിന്റെ വലിയുമ്മക്ക് രോഗം ഗുരുതരമായിരിക്കുന്നുവെന്ന് ഫോണ്‍ വന്നു. അദ്ദേഹം ഉടനെ പിതാവിന്റെ നമ്പര്‍ തന്ന് എന്നോടു പറഞ്ഞു: ''ഞാന്‍ ഇപ്പോള്‍ എന്ത് ചെയ്യണമെന്ന് തീരുമാനിക്കേണ്ടത് നിങ്ങളാണ്. നിങ്ങള്‍ ഇവിടെ തുടരാന്‍ ആവശ്യപ്പെട്ടാല്‍ ഞാനതിന് തയാറാണ്. ഞാന്‍ നിര്‍വഹിച്ചുകൊണ്ടിരിക്കുന്ന ദൗത്യം നിങ്ങള്‍ പിതാവിനെ അറിയിച്ചാല്‍ മതി.'' ഞാന്‍ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ ആ പിതാവ് പറഞ്ഞു: ''ഇപ്പോള്‍ അസുഖം കുറവുണ്ട്. ഇനിയെന്തെങ്കിലും ഉണ്ടെങ്കില്‍ ഞാന്‍ വിളിക്കാം. അവന്‍ നല്ലൊരു കാര്യത്തിന് പോയതല്ലേ. അതു ഭംഗിയായി നടക്കട്ടെ.'' പിറ്റേന്ന് വൈകുന്നേരമായപ്പോള്‍ അദ്ദേഹത്തിന്റെ വലിയുമ്മ മരിച്ച വിവരമാണ് കിട്ടിയത്. നാട്ടിലേക്ക് പോകാനുള്ള സൗകര്യമൊരുക്കാനൊരുങ്ങിയ ഞങ്ങളെ തടഞ്ഞ് കൊണ്ടദ്ദേഹം പറഞ്ഞു. ''ഞാനിപ്പോള്‍ എല്ലാം ഉപേക്ഷിച്ച് അങ്ങോട്ട് പോകുന്നത് ഈ ദുരിതബാധിതരോടും എന്നെ വലിയ ഉത്തരവാദിത്വം ഏല്‍പിച്ച എം.ഇ.എസിനോടും ചെയ്യുന്ന അനീതിയല്ലേ. ദൗത്യം പൂര്‍ത്തീകരിച്ചേ തിരിച്ചു പോകൂ.'' അദ്ദേഹത്തിന്റെ തീരുമാനം ഉറച്ചതായിരുന്നു. എം.ഇ.എസിന്റെ കീഴിലുള്ള ഡോക്ടര്‍മാര്‍ക്കനുവദിച്ച ദിവസങ്ങള്‍ അവസാനിച്ചിരിക്കുന്നു. ക്യാമ്പിലാണെങ്കില്‍ രോഗികളും ചികിത്സ ആവശ്യമുള്ളവരും ഇനിയും ബാക്കി. ഇവരെപ്പോലെ ആത്മാര്‍പ്പണ ബോധവും സേവനമനസ്ഥിതിയുമുള്ള മറ്റൊരു സംഘം ഡോക്ടര്‍മാരെ കാത്തിരിക്കുകയാണ് അഭയാര്‍ഥികളോടൊപ്പം ഞങ്ങളും. ആരാണതിന് സ്വയം സന്നദ്ധരായി മുന്നോട്ട് വരിക?

Comments

Other Post

ഖുര്‍ആന്‍ ബോധനം

അല്‍ ഇസ്റാഅ്
എ.വൈ.ആര്‍