Prabodhanm Weekly

Pages

Search

2012 സെപ്റ്റംബര്‍ 22

വിപ്ലവ വസന്തത്തിന്റെ ശലഭങ്ങളാവുക

ടി. മുഹമ്മദ് വേളം

കഴിഞ്ഞ ഒമ്പത് വര്‍ഷമായി കേരളത്തില്‍ സോളിഡാരിറ്റി ഉണ്ട്. കടുത്ത എതിരാളികളും കടുത്ത അനുരാഗികളും സോളിഡാരിറ്റിക്കുണ്ട്. മുന്‍വികാരങ്ങളില്ലാതെ അതിനെ നോക്കിക്കാണുന്നവരുമുണ്ട്. കേരളത്തിലെ സാമൂഹിക ജീവിതത്തെ ശ്രദ്ധിക്കുന്നവരില്‍ അതിനെ അവഗണിക്കുന്നവരായി ആരും ഉണ്ടാവാനിടയില്ല. അങ്ങനെ ഉണ്ടെങ്കില്‍ വര്‍ത്തമാന കേരളത്തെ അവഗണിക്കുന്നവരുമായിരിക്കുമവര്‍.
സോളിഡാരിറ്റിയുടെ കടുത്ത എതിരാളികളെ പരിശോധിച്ചാല്‍ അവര്‍ക്ക് ചില പൊതുസ്വഭാവങ്ങള്‍ ഉണ്ടെന്ന് കാണാന്‍ കഴിയും. സമൂഹത്തില്‍ അന്യായമായി ആധിപത്യം പുലര്‍ത്തിപ്പോരുന്നവരുമായിരിക്കുമവര്‍. സാമ്പ്രദായിക രാഷ്ട്രീയ നേതാക്കളെയും മതപുരോഹിതന്മാരെയും മതവിരുദ്ധ മതേതര ബുദ്ധിജീവികളെയും കോര്‍പ്പറേറ്റുകളെയും മാഫിയകളെയുമല്ലാം ഈ ഗണത്തില്‍ നമുക്ക് കാണാന്‍ കഴിയും. അങ്ങേയറ്റം ചടുലമായ ഇടപെടല്‍ രീതി സ്വാഭാവികമായി സൃഷ്ടിക്കുന്ന ധ്രുവീകരണമാണിത്. ഇതിന്റെ നല്ല ഉദാഹരണമാണ് മൂന്നാറിലെ ടാറ്റയുടെ കൈയാളായ ദാമു രചിച്ച 'മൂന്നാര്‍ രേഖകള്‍' എന്ന പുസ്തകത്തില്‍ സോളിഡാരിറ്റിയെ കുറിച്ച് പറയുന്നത്:
''2005-ല്‍ ടാറ്റ ടീ ജീവനക്കാരുടെ കമ്പനിയായ കണ്ണന്‍ ദേവന്‍ ഹില്‍സ് പ്ലാന്റേഷന്‍ കമ്പനിക്ക് മൂന്നാറിലെ എസ്റ്റേറ്റുകളുടെ ഉടമസ്ഥാവകാശം കൈമാറിയപ്പോള്‍ ആദ്യം പ്രതിഷേധവുമായി രംഗത്തെത്തിയത് ജമാഅത്തെ ഇസ്‌ലാമി എന്ന മതമൗലികവാദ സംഘടനയുടെ പോഷക സംഘടനയായ സോളിഡാരിറ്റി ആയിരുന്നു. കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചിരുന്ന 'സിമി'യുടെയും പിതൃത്വം ഈ സംഘടനക്കായിരുന്നു. വിധ്വംസകപ്രവര്‍ത്തകര്‍ക്ക് ഒളിച്ചുകഴിയാന്‍ ഏറ്റവുമധികം സൗകര്യമുള്ള ഒരു പ്രദേശമാണ് മൂന്നാറിലെ കാടുകള്‍.''
ജനവിരുദ്ധതയെ ചോദ്യം ചെയ്യുന്ന ഒരു ചെറുപ്പത്തെ ജനവിരുദ്ധര്‍ വേറിട്ടും ഒന്നിച്ചും ആക്രമിക്കുക എന്നത് സ്വാഭാവികമാണ്. ഈ ആക്രമണങ്ങള്‍ സോളിഡാരിറ്റിക്ക് ലഭിച്ച അര്‍ഹതയുടെ അംഗീകാരങ്ങളാണ്. മറുഭാഗത്ത് മൂന്നാറിലെ തമിഴ്‌തൊഴിലാളി ചെല്ലപ്പന്‍ചേട്ടന്‍ മുതല്‍ എന്‍ഡോസള്‍ഫാന്‍ ഇരകള്‍ വരെ സോളിഡാരിറ്റിക്ക് ഹൃദയം പറിച്ചുകൊടുക്കുന്ന എത്രയോ സാധാരണ മനുഷ്യരുണ്ട്. അവര്‍ വെറും സാധാരണ മനുഷ്യരല്ല. വികസനത്തിന്റെ ദുരിതബാധിതരാണവര്‍.
സോളിഡാരിറ്റിയെക്കുറിച്ച് കഴിഞ്ഞ ഒമ്പത് വര്‍ഷമായി തുടരുന്ന പൊതുസംവാദത്തില്‍ പങ്കുചേര്‍ന്നവരില്‍ കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ഇര ഉദയന്റെ അമ്മയുമുണ്ട്.
''ഞങ്ങള്‍ ഇന്ന് ജീവിച്ചിരിക്കുന്നുണ്ടെങ്കില്‍ അതിനു കാരണം സോളിഡാരിറ്റിയാണ്. ആ അമ്മ നന്ദിയോടെ ഓര്‍ക്കുന്നു. വീടിന്റെ മുഴുവന്‍ ചെലവും പഠനചെലവും പൂര്‍ണമായും വഹിക്കുന്നത് ഈ സംഘടനയാണ്. ഉദയന് നടക്കാന്‍ അവര്‍ നല്‍കിയ താങ്ങില്‍ ഊന്നി നടന്ന് അവന്‍ തന്റെ ആഹ്ലാദം ഞങ്ങളോട് പങ്കുവെച്ചു. മുടങ്ങാതെ നടക്കുന്ന ഫിസിയോതെറാപ്പി ചികിത്സയിലൂടെയാണ് ഈ മാറ്റം'' (മാതൃഭൂമി ആഴ്ചപ്പതിപ്പ് - 2010 ഡിസംബര്‍ 26 - 2011 ജനുവരി 1).
രേഖപ്പെട്ടതിനേക്കാള്‍ എത്രയോ അധികം രേഖപ്പെടുത്തപ്പെടാതെ കിടക്കുന്നു. നിസ്സഹായരായ അമ്മമാരുടെ അകം നിറഞ്ഞ ഈ ആത്മഗതങ്ങളാണ് സോളിഡാരിറ്റിക്ക് ലഭിച്ച ഏറ്റവും മികച്ച പുരസ്‌കാരങ്ങള്‍. മാധ്യമ പരിലാളനയിലും മുഖ്യധാരയുടെ അംഗീകാരത്തിലുമല്ല സോളിഡാരിറ്റി വളര്‍ന്നത്. കാരണം മുഖ്യധാരക്ക് കയ്പ് രുചിക്കുന്ന ഒരു ദര്‍ശനത്തെയും രാഷ്ട്രീയത്തെയുമാണ് സംഘടന പ്രതിനിധാനം ചെയ്തുകൊണ്ടിരിക്കുന്നത്. ഇത്രയും മാധ്യമികൃതമായ കാലാവസ്ഥയിലും മാധ്യമ അവഗണനകളെ ജനങ്ങളുമായുള്ള നേര്‍ക്കുനേരെയുള്ള സംവേദനങ്ങളിലൂടെയും ബദല്‍ വിനിമയ മാധ്യമങ്ങളിലൂടെയുമാണ് സോളിഡാരിറ്റി മറികടക്കുന്നത്. പ്രമുഖ ഡോക്യുമെന്ററി സംവിധായകനും ആക്ടിവിസ്റ്റുമായ കെ.പി ശശി സമകാലിക മലയാളം വാരികക്ക് നല്‍കിയ ലേഖനത്തില്‍ എഴുതി: ''കുറച്ച് നാളുകള്‍ക്ക് മുമ്പ് സോളിഡാരിറ്റി യൂത്ത്മൂവ്‌മെന്റ് കൊച്ചിയില്‍ വികസനത്തെ കുറിച്ച് സംഘടിപ്പിച്ച ഒരു സെമിനാറില്‍ ഞാന്‍ പങ്കെടുത്തിരുന്നു. വിനാശ വികസനത്തിനെതിരെ കേരളത്തില്‍ നടക്കുന്ന നാല്‍പതോളം സമരങ്ങളില്‍ നിന്നുള്ള പ്രതിനിധികളടക്കം 25,000 പേര്‍ ആ സെമിനാറില്‍ പങ്കെടുത്തിരുന്നു. പക്ഷേ, അതിനെ കുറിച്ച് യാതൊരു തരത്തിലുള്ള വാര്‍ത്തകളും കൊടുക്കാന്‍ മുഖ്യധാര പത്രങ്ങളോ ചാനലുകളോ തയാറായില്ല. പല സമയത്തും മുഖ്യധാര മാധ്യമങ്ങളുടെ വര്‍ഗീയത എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. മുസ്‌ലിം എന്ന വിലാസം സംശയത്തോടെ നോക്കിക്കാണേണ്ടതാണെന്ന ധാരണ മതനിരപേക്ഷം എന്ന് നടിക്കുന്ന കേരളത്തില്‍പോലും പ്രബലമാണ്. ഈ മുസ്‌ലിം മേല്‍വിലാസം സംഘാടകര്‍ക്ക് ഇല്ലായിരുന്നുവെങ്കില്‍ ഇതേ മാധ്യമങ്ങള്‍ തന്നെ ഈ പരിപാടി വെറും നൂറ് ആള്‍ക്കാര്‍ മാത്രമേ പങ്കെടുത്തുള്ളൂവെങ്കില്‍പ്പോലും നന്നായി റിപ്പോര്‍ട്ട് ചെയ്‌തേനെ.'' 2011 ഡിസംബര്‍ 16-ന് വാരിക പ്രാധാന്യപൂര്‍വം പ്രസിദ്ധീകരിച്ച കെ.പി ശശിയുടെ ലേഖനത്തില്‍ ഈ ഭാഗം വെട്ടിമാറ്റപ്പെടുകയായിരുന്നു. ലേഖകന്‍ ഉന്നയിച്ച വിമര്‍ശനം പുറംലോകത്തെ അറിയിക്കാതെ പത്രാധിപര്‍ ഒരിക്കല്‍കൂടി അപ്പറഞ്ഞത് സത്യമാണെന്ന് തെളിയിച്ചു.
എന്നിട്ടും കേരളത്തിലെ പുതിയ യുവജന സംസ്‌കാരത്തെ നിര്‍ണ്ണയിക്കുന്നതില്‍ സോളിഡാരിറ്റി സുപ്രധാനമായ പങ്ക് വഹിച്ചു. നെല്ലിയാമ്പതി പ്രശ്‌നത്തില്‍ യു.ഡി.എഫിലെ യുവഹരിത സാമാജികര്‍ തിരുത്തല്‍വാദികളായി രംഗത്തുവന്നപ്പോള്‍ അവരില്‍ ഹൈബിഈഡന്‍ പറഞ്ഞ ഏറെ ശ്രദ്ധേയമായ ഒരു കാര്യമുണ്ടായിരുന്നു. ഹരിതരാഷ്ട്രീയമാണ് പുതിയ യുവജനങ്ങള്‍ ആഗ്രഹിക്കുന്നത്. അഥവാ അതാണ് രാഷ്ട്രീയത്തിലെ പുതിയ യൂത്ത്കള്‍ച്ചര്‍. എല്ലാ കക്ഷിരാഷ്ട്രീയ യുവജന സംഘടനകളും വികസനോന്മാദത്തിന്റെ പിറകെ കൂട്ടയോട്ടം നടത്തുന്ന കാലത്താണ് സോളിഡാരിറ്റി മണ്ണിനും മനുഷ്യനും വേണ്ടി വികസനത്തിനു തിരുത്തു പറഞ്ഞത്. എക്‌സ്പ്രസ് ഹൈവേ കാലത്ത് അന്നത്തെ യൂത്ത്‌ലീഗ് പ്രസിഡന്റും ഇപ്പോഴത്തെ ഹരിതസമാജികരിലൊരാളുമായ കെ.എം ഷാജി ഖുര്‍ആന്‍ ഉദ്ധരിച്ച് നാടുനീളെ സോളിഡാരിറ്റിക്കെതിരെ പടനയിച്ചിരുന്നു. 'ഭൂമിയിലുള്ളതെല്ലാം നിങ്ങള്‍ക്ക് വേണ്ടി സൃഷ്ടിച്ചിരിക്കുന്നു' എന്നര്‍ഥമുള്ള ഖുര്‍ആന്‍ വാക്യശകലമുദ്ധരിച്ച് എക്‌സ്പ്രസ് ഹൈവേക്കെതിരായ സോളിഡാരിറ്റി പ്രക്ഷോഭത്തിനെതിരെ വികസന മൗലികവാദമുയര്‍ത്തി രംഗത്തുവന്നിരുന്നു. കാലം കറങ്ങി ഒരു പതിറ്റാണ്ടു പൂര്‍ത്തിയാവും മുമ്പേ ആദ്ദേഹമിപ്പോള്‍ കേരളത്തിലെ ഹരിത എം.എല്‍.എമാരില്‍ ഒരാളാണ്. കെ.എം ഷാജിയെ ഇത്രയെങ്കിലും പച്ച സാമാജികനാക്കിയത് യൂത്ത് ലീഗല്ല സോളിഡാരിറ്റിയാണ്. ലീഗിന്റെ പാരിസ്ഥിതിക ഇടപെടലുകളെക്കുറിച്ച് ഷഹീദ് എഴുതുന്നു: ''ഹരിത രാഷ്ട്രീയത്തിലേക്കുള്ള ലീഗിന്റെ പ്രയാണത്തിന്റെ ഉദ്ദേശ്യശുദ്ധി പക്ഷേ പലരും സംശയിക്കുന്നുണ്ട്. കാടു കൈയേറ്റത്തിന്റെയും മലകള്‍ ഇടിച്ചു നിരപ്പാക്കുന്നതിന്റെയുമൊക്കെ പ്രാതിനിധ്യം ചാര്‍ത്തി കൊടുക്കാവുന്ന ഭൂമാഫിയാ സംഘങ്ങളുടെ പാര്‍ട്ടി എന്ന പ്രതിഛായയാണ് ലീഗിനുള്ളതെന്നും അതൊന്ന് തുടച്ചു മിനുക്കാന്‍ വേണ്ടിയാണ് പുതിയ നീക്കമെന്നും പറയുന്നവരുണ്ട്. എന്നാല്‍ പച്ചയുടെ രാഷ്ട്രീയത്തിലേക്ക് ലീഗിനെ നയിക്കാന്‍ ചില സമകാലിക സാമൂഹികാവസ്ഥകള്‍ കാരണമായിട്ടുണ്ടാവാം. സോളിഡാരിറ്റി പാരിസ്ഥിതിക പ്രശ്‌നങ്ങളില്‍ സജീവമായി ഇടപെടുന്നത് ലീഗില്‍ ചില തിരിച്ചറിവുകള്‍ സൃഷ്ടിച്ചിരിക്കാനാണിട. വെല്‍ഫെയര്‍ പാര്‍ട്ടി സോളിഡാരിറ്റി ഉഴുതുമറിച്ചിട്ട മണ്ണില്‍ വിത്തെറിയുമോ എന്ന ആശങ്കയും ലീഗിനുണ്ടാവാം; മാത്രമല്ല കേരളത്തിലെ മുസ്‌ലിം സമുദായത്തിലെ ഏതാണ്ടെല്ലാ മത-സമുദായിക സംഘടനകളും പ്രസംഗ വേദികളിലൂടെയും പ്രസിദ്ധീകരണങ്ങള്‍ വഴിക്കും ഖുര്‍ആന്‍ മുന്നോട്ടു വെക്കുന്ന പാരിസ്ഥിതിക അവബോധത്തെ പറ്റി ഈയിടെയായി വാചാലമാണ്. ഈ സാമാന്യ ധാരയില്‍ നിന്നും മുസ്‌ലിംലീഗ് എങ്ങനെ മാറിനില്‍ക്കും?'' (പാഠഭേദം, 2012 ജൂലൈ).
ചെറുപ്പക്കാരുടെ രാഷ്ട്രീയം ഹരിത രാഷ്ട്രീയമാണെന്ന് ഭരണപക്ഷ എം.എല്‍.എമാരെ വരെ ബോധ്യപ്പെടുത്തുന്ന ഒരു പുതിയ കേരളത്തെ സൃഷ്ടിച്ചു എന്നതുതന്നെയാണ് സോളിഡാരിറ്റിയുടെ സംഭാവന. ഇതുവരെ പളപളപ്പുള്ള വികസനമാണ് അതിന്റെ നുരപതയാണ് യുവജന സംസ്‌കാരമെന്നാണ് പൊതുവില്‍ കരുതപ്പെട്ടിരുന്നത്. സോളിഡാരിറ്റി ഒരു ട്രെന്‍ഡ് സെറ്റ്‌ചെയ്യുകയായിരുന്നു. ഒരു പുതിയ പ്രവണതക്ക് തുടക്കമിടുകയായിരുന്നു.
മാധ്യമങ്ങള്‍ കണ്ണടക്കുമ്പോഴും കാര്യങ്ങളെ ഗൗരവത്തില്‍ നോക്കി കാണുന്നവര്‍ക്ക് സോളിഡാരിറ്റി ഉയര്‍ത്തുന്ന സമരങ്ങളെ കാണാതിരിക്കാനാവുമായിരുന്നില്ല. കേരള വികസന മാതൃക അന്തര്‍ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെട്ട ഒന്നാണ്. പക്ഷേ അതിന് മൗലികമായി ചില ദൗര്‍ബല്യങ്ങള്‍ ഉണ്ടായിരുന്നു. വിഖ്യാതമായ കേരള വികസന മാതൃക ദലിതരോട് എങ്ങനെയാണ് പെരുമാറിയത് എന്നതിനെ കുറിച്ച് വൈജ്ഞാനികമായ നിരവധി തിരിച്ചറിവുകള്‍ ഇന്ന് പുറത്തു വന്നിട്ടുണ്ട്. കേരള വികസന മാതൃകയുടെ ഇതുവരെ തിരിച്ചറിയപ്പെടാതെപോയ ദൗര്‍ബല്യങ്ങളിലൊന്നാണ് പ്രദേശപരമായ അതിന്റെ അതിഭീമമായ അസന്തുലിതാവസ്ഥ. മലബാര്‍ വിവേചനത്തെക്കുറിച്ച് ചിട്ടയായ പഠനങ്ങള്‍ നടത്തി നിഷേധിക്കാന്‍ കഴിയാത്ത വസ്തുതകള്‍ സോളിഡാരിറ്റി പുറത്തുവിട്ടു. ആ വസ്തുതകള്‍ തന്നെ സ്വയം പ്രക്ഷോഭങ്ങളായിരുന്നു. അലറിപ്പറയുന്ന ആ വസ്തുതകളെ മുന്നില്‍ വെച്ച് സോളിഡാരിറ്റി ബഹുജനങ്ങളെ സമരഭരിതരാക്കി. നിരവധി സാമൂഹിക രാഷ്ട്രീയ മതപ്രസ്ഥാനങ്ങള്‍ ഈ വസ്തുനിഷ്ഠയാഥാര്‍ഥ്യത്തെ ഏറ്റെടുത്തു. ഡോ: ജോസ് സെബാസ്റ്റ്യനെപ്പോലുള്ള സാമ്പത്തിക ശാസ്ത്രകാരന്മാര്‍ വിഷയത്തെ ശ്രദ്ധിക്കുകയും പഠനങ്ങള്‍ തയാറാക്കി പ്രസിദ്ധീകരിക്കുകയും ചെയ്തു (തിരുകൊച്ചിയുടെ കുതിപ്പും മലബാറിന്റെ കിതപ്പും, മാതൃഭൂമി ദിനപത്രം, 2012 ജൂലൈ 27).
ആള്‍ദൈവങ്ങള്‍ കൊല്ലിനും കൊലക്കുമധികാരമുള്ള സമാന്തര അധികാര കേന്ദ്രങ്ങളായി നവോത്ഥാന കേരളത്തില്‍ അഴിഞ്ഞാടുമ്പോള്‍ നവോത്ഥാന സദസ്സുകള്‍ ഉയര്‍ത്തിയവരടക്കം സൗകര്യ പ്രദമായ നിശബ്ദതയുടെ സുശുപ്തിയില്‍ ആണ്ടപ്പോള്‍ സോളിഡാരിറ്റി അപകടകരമായ ആ ദൗത്യമേറ്റെടുക്കുകയായിരുന്നു. പ്രമുഖ സാഹിത്യകാരന്‍ പി. സുരേന്ദ്രന്‍ എഴുതിയതു പോലെ ആത്മീയത കച്ചവടമല്ല വിമോചനമാണെന്ന് ഒരു പ്രവചനം പോലെ അത് കേരളീയ സമൂഹത്തിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. ആ പ്രചാരണ പരിപാടിക്ക് തൊട്ടുടനെയായിരുന്നു ആള്‍ദൈവങ്ങള്‍ക്കെതിരെ പോലീസും മാധ്യമങ്ങളും യുവജന സംഘടനകളുമെല്ലാം ചേര്‍ന്ന് വലിയ ഒരു ഉണര്‍വ്വ് കേരളത്തില്‍ ദൃശ്യമായത്. സത്‌നംസിംഗിന്റെ രക്തത്തെ മുന്‍നിര്‍ത്തി ആത്മീയത മനുഷ്യഹത്യയല്ല വിമോചനമാണെന്ന് അത് ഒരിക്കല്‍കൂടി പ്രഖ്യാപിച്ചു.
കേരളത്തിലെ മത സംഘടനാ സംസ്‌കാരത്തില്‍ സോളിഡാരിറ്റി ചെലുത്തിയ സ്വാധീനം സവിശേഷമായ പഠനമര്‍ഹിക്കുന്ന ഒന്നാണ്. മതം എന്തിനാണ് സാമൂഹ്യ രാഷ്ട്രീയ വിഷയങ്ങളില്‍ ഇടപെടുന്നത് എന്നു ചോദിച്ചവര്‍, പ്ലാച്ചിമടയില്‍ തൗഹീദ് തെരഞ്ഞ് കാണാതെ പോയവര്‍ ഇപ്പോള്‍ മത്സരിച്ച് എല്ലാ സാമൂഹിക പ്രശ്‌നങ്ങളിലും ഇടപെട്ടുകൊണ്ടിരിക്കുകയാണ്. കാലിക്കറ്റ് യൂനിവേഴ്‌സിറ്റി വിഭജിക്കണമെന്ന സമരമുദ്രാവാക്യമുയര്‍ത്തുന്നത് മുസ്‌ലിംലീഗിന്റെ വിദ്യാര്‍ഥി സംഘടനയല്ല. ലീഗിന്റെ ഉപഗ്രഹ മതസംഘടനയായ സമസ്തയുടെ വിദ്യാര്‍ഥി സംഘടനയാണ്. മതമെന്തിനാണ് പൊതുപ്രശ്‌നങ്ങളില്‍ ഇടപെടുന്നത് എന്ന സന്ദേഹം ഇന്ന് കേരളത്തില്‍ ഒരു മുസ്‌ലിം മതസംഘടനക്കും കാണുന്നില്ല.
മതത്തിന്റെ അടിത്തറയില്‍ നിന്നുകൊണ്ട് സാമൂഹിക പ്രശ്‌നങ്ങളില്‍ ഇടപെട്ട് നമ്മുടെ മതേതരത്വത്തെ സര്‍ഗാത്മകമായി അപകോളനീകരിക്കുകയായിരുന്നു സോളിഡാരിറ്റി. മതത്തിന് പ്രവേശനമില്ലാത്ത മതേതര പൊതുമണ്ഡലം എന്നത് ഒരു കൊളോണിയല്‍ ബാക്കിപത്രമാണ്. കോളനിവാഴ്ച കാലത്തുപോലുമുള്ള കേരളത്തിന്റെ പൊതു പാരമ്പര്യം ഇസ്‌ലാമിന്റെ അടിത്തറയിലുള്ള സജീവമായ സാമൂഹിക ഇടപെടലിന്റേതാണ്. നമ്മുടെ മനസ്സുകളില്‍ സാമ്രാജ്യത്വം നടത്തിയ കോളനീകരണം ആ ഓര്‍മകളെ പൊതുമനസ്സില്‍ നിന്ന് നീക്കം ചെയ്തു കളയുകയായിരുന്നു.
കോളനി ഏജന്റുമാരുടെ നീണ്ട ശിശിരങ്ങളെ അറബ് യൗവനം വസന്തം കൊണ്ട് ചേതോഹരമായി തിരുത്തുകയാണ്. ഇരുപത്തൊന്നാം നൂറ്റാണ്ടിനെ നിര്‍ണയിക്കാന്‍ പോകുന്ന മുല്ലപ്പൂവിപ്ലവത്തെ നമ്മുടേതുള്‍പ്പെടെയുള്ള എല്ലാ തെരുവുകളിലേക്കും വിവര്‍ത്തനം ചെയ്യേണ്ടതുണ്ട്. അതിനുള്ള കേരളീയമായ ശ്രമമാണ് 'വിപ്ലവ വസന്തത്തിന്റെ ശലഭങ്ങളാവുക, സോളിഡാരിറ്റിയില്‍ അംഗങ്ങളാവുക' എന്ന പ്രചാരണ പരിപാടി.

Comments

Other Post

ഖുര്‍ആന്‍ ബോധനം

അല്‍ ഇസ്റാഅ്
എ.വൈ.ആര്‍