ഹംസ മലൈബാരിയുടെ നിരീക്ഷണങ്ങള്‍
ഡോ. ഹംസ അബ്ദുല്ല മലൈബാരിയുമായി സദ്റുദ്ദീന്‍ വാഴക്കാട് നടത്തിയ അഭിമുഖം (ലക്കം 12,13) പ്രസക്തവും ശ്രദ്ധേയവുമായി.
നമ്മുടെ സമീപന രീതികളാണ് ഇസ്ലാമിനെ കുടുസ്സാക്കുന്നതെന്ന മലൈബാരിയുടെ വിലയിരുത്തല്‍ തീര്‍ത്തും ശരിയാണ്. വേഷവിധാനം അതിന്റെ മികച്ച ഉദാഹരണമായി അദ്ദേഹം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇസ്ലാം പ്രകൃതിമതമാണ്. മനുഷ്യ പ്രകൃതിയോട് ഇണങ്ങിനില്‍ക്കുന്ന ജീവിതപദ്ധതി. അതുകൊണ്ടുതന്നെ വിവിധ ദേശക്കാരുടെ വേഷവ്യത്യാസങ്ങള്‍ ഇസ്ലാം അംഗീകരിക്കുന്നു. അഹങ്കാരവും ധൂര്‍ത്തും പാടില്ല എന്ന അടിസ്ഥാനം പാലിക്കണമെന്നു മാത്രം. നാടിന്റെ സമ്പ്രദായങ്ങള്‍ (ആദാത്ത്, ഉര്‍ഫ്) ഇസ്ലാമിന് എതിരാകാത്ത കാലത്തോളം അവ നാം പരിഗണിക്കേണ്ടതാണ്. പ്രമാണങ്ങളുടെ അക്ഷരവായന മാത്രം നടത്തുന്നവര്‍ക്ക് അവര്‍ ആരായാലും ഇസ്ലാമിന്റെ ഇത്തരം ഇലാസ്തികതയോ അകക്കാമ്പോ ഉള്‍ക്കൊള്ളാന്‍ സാധിക്കുകയില്ല. വേഷവിധാനത്തില്‍ ഒരു യൂനിഫോം ഇസ്ലാം അടിച്ചേല്‍പിച്ചിട്ടില്ല എന്ന വസ്തുത നാം തിരിച്ചറിയണം.
ചരിത്രത്തെക്കുറിച്ച് ഹംസ മലൈബാരി നടത്തുന്ന നിരീക്ഷണങ്ങളും ശ്രദ്ധേയമാണ്. പാഠപുസ്തകങ്ങളുടെയും പണ്ഡിതന്മാരുടെയും 'വിശുദ്ധവത്കരണം' തന്നെയാണ് ഇതിനുള്ള മൌലിക തടസ്സം. നമ്മുടെ ഉന്നതകലാലയങ്ങളില്‍ നിന്നു പുറത്തുവരുന്നവര്‍ക്ക് പോലും കാലിക ലോകവുമായി സംവദിക്കാനാവുന്നില്ല. ഖുര്‍ആന്‍, ഹദീസ്, ചരിത്രം എന്നിങ്ങനെ പാഠ്യപദ്ധതികളുടെ മുന്‍ഗണനാ ക്രമത്തില്‍ ആരോഗ്യകരമായ പുനസംരചന അത്യന്താപേക്ഷിതമാണ്. ഇന്നലെകളെക്കുറിച്ചറിയാത്തവര്‍ക്ക് നാളെയെക്കുറിച്ച് സ്വപ്നം കാണാനാവില്ലെന്ന് അബുല്‍ ഹസന്‍ അലി നദ്വി പറയാറുണ്ടായിരുന്നു.
ഡോ. ഹംസ അബ്ദുല്ല മലൈബാരിയുടെ ഹദീസ് നിര്‍ധാരണ തത്ത്വങ്ങളും പഠനമര്‍ഹിക്കുന്നു. നിവേദകരായ വ്യക്തികളെ മാത്രം നോക്കി ശരിതെറ്റുകള്‍ (സ്വഹീഹ്, ദഈഫ്) വിധിക്കുന്നതിനപ്പുറം ഹദീസിന്റെ ആശയവും (മത്ന്) പരിഗണിക്കപ്പെടണം. 'ദിറായ'യെ അവഗണിക്കുന്ന 'രിവായ' ഹദീസുകളുടെ ആത്മാവിലേക്കിറങ്ങുന്നതിനു തടസ്സമാവും. ഇതാവട്ടെ അദ്ദേഹം തന്നെ സൂചിപ്പിക്കുന്നതുപോലെ 'മന്‍ഹജുല്‍ മലൈബാരി'യൊന്നുമല്ല. ഉസ്വൂലുല്‍ ഹദീസ് ഗ്രന്ഥങ്ങള്‍ തന്നെ അടിവരയിട്ട കാര്യമാണ്.
നബി വചനങ്ങളെ പുതിയ കാലത്ത് എങ്ങനെ സമീപിക്കണമെന്നത് ഒരു സജീവ ചര്‍ച്ചതന്നെ ആവശ്യപ്പെടുന്നു. ഇമാം ശാഫിഈ തന്റെ ഇറാഖ് വാസം മതിയാക്കി ഈജിപ്തിലെത്തിയപ്പോള്‍ എത്രയോ അഭിപ്രായങ്ങള്‍ മാറ്റിയെഴുതി. എങ്കില്‍ പ്രവാചക കാലഘട്ടവും നമ്മുടെ സാഹചര്യവും തമ്മില്‍ ഒന്നു താരതമ്യം ചെയ്യൂ... ഹദീസിന് വിശുദ്ധ ഖുര്‍ആനേക്കാള്‍ പ്രാധാന്യം നല്‍കുന്നവരും തിരുവചനങ്ങളെ വേണ്ടത്ര പഠന മനനങ്ങള്‍ക്ക് വിധേയമാക്കാതെ തള്ളിക്കളയുന്നവരും ഒരുപോലെ ഇസ്ലാമിന് ദോഷം ചെയ്യുന്നുണ്ട്.
ഇസ്ലാമിക സ്വരവും മലയാളത്തില്‍ പാടട്ടെ
'ഇസ്ലാം മലയാളത്തില്‍ പാടുന്നു' എന്ന ജമീല്‍ അഹ്മദിന്റെ ലേഖനം വായിച്ചു. പാട്ടിനെ/ സംഗീതത്തെപ്പോലെ ഇസ്ലാമിക പ്രബോധന നിര്‍വഹണത്തിന് ആവേശവും പ്രസരിപ്പും നല്‍കാന്‍ കഴിയുന്ന നൂതനവും പ്രായോഗികവുമായ മറ്റൊരു കലയില്ല.
വേങ്ങരയിലെ ഹിറാ നഗര്‍ ഏറ്റുവാങ്ങിയ മൊയ്തു മൌലവിയുടെ 'അശിഅത്തും മിന്‍ ഹിറാ' എന്ന ഗാനോപഹാരം ആ മഹാ സമ്മേളനത്തെ ഇന്നും ഓര്‍ക്കാന്‍ മാത്രം ഹൃദയഹാരിയായിരുന്നു. എസ്.ഐ.ഒ സര്‍ഗസംഗമം ആദ്യകാലങ്ങളില്‍ സംഗീതത്തെ വേണ്ടവിധം പ്രയോജനപ്പെടുത്തിയിരുന്നുവെങ്കിലും ഇന്ന് ധര്‍മധാരക്കോ മറ്റോ 'ഉദയഗീതങ്ങള്‍' പോലെയുള്ള വിപ്ളവ ഗാനങ്ങള്‍ നല്‍കാന്‍ കഴിയുന്നില്ല.
നെഞ്ചിലേറ്റി നമ്മളൂട്ടും പൊന്‍കിനാവ് പുലരുവാന്‍
നെഞ്ചകത്തൊരഗ്നി നമ്മള്‍ എന്നുമേ വളര്‍ത്തണം ( ഉദയഗീതങ്ങള്‍ )
ഹാശിം രിഫാഇയുടെ മിഴിപ്പൂക്കള്‍ എന്ന ധര്‍മധാരയുടെ ഗാനോപഹാരം അറബ് വസന്തകാലത്ത് നെഞ്ചോട് ചേര്‍ത്ത് ഏറ്റുപാടാന്‍ പ്രേരിപ്പിക്കുന്നത്, പാട്ടിലൂടെ ഹൃദയങ്ങള്‍ക്ക് ആവേശവും വിപ്ളവ ചിന്തകളും ഉണര്‍ത്താന്‍ കഴിയുന്നതുകൊണ്ടാണ്.
എന്റെ പ്രാണദീപനാളം ഊതിക്കെടുത്തിയാലും
നിങ്ങള്‍ വാഴും മാളികകള്‍ തകര്‍ന്നുവീഴും
എന്റെ രക്തസാക്ഷിത്വം ഉയര്‍ത്തെഴുന്നേല്‍ക്കും ( മിഴിപ്പൂക്കള്‍ )
കുട്ടികള്‍ക്കായുള്ള ഗാനങ്ങളുടെ എക്കാലത്തേക്കുമുള്ള മുതല്‍ക്കൂട്ടാണ് ആദം ഗാനങ്ങള്‍. ബാബുല്‍ മര്‍അക്കു ശേഷം തെളിനീരിലെ 'മിഴിതുറക്കൂ കണ്‍മണി' എന്ന് തുടങ്ങുന്ന സ്ത്രീപക്ഷ ഗാനം എന്തുകൊണ്ടും മനോഹരമായിരുന്നു. ക്രിസ്ത്രീയ ലോകം പ്രാര്‍ഥനയെ തന്നെ സംഗീതവത്കരിച്ചത് ജനമനസ്സുകളെ സ്വാധീനിക്കാനുള്ള സംഗീതത്തിന്റെ കഴിവ് തിരിച്ചറിഞ്ഞതു കൊണ്ട് തന്നെയാണ്.
ഹസീബ് സ്വാലിഹ് പൊന്നാനി
ഇസ്ലാമിക പ്രസ്ഥാനം പ്രയോഗവത്കരിക്കാത്ത തത്ത്വങ്ങള്‍
പ്രബോധനം ലക്കം 69/12-ല്‍ ബഷീര്‍ തൃപ്പനച്ചിയുടെ 'ഇസ്ലാമിക പ്രസ്ഥാനം ജനകീയതയിലേക്കുള്ള വഴിദൂരങ്ങള്‍' എന്ന പ്രതികരണം വായിച്ചപ്പോള്‍ തോന്നിയ ചിന്തകള്‍ ഇവിടെ കുറിക്കട്ടെ. വിമര്‍ശനങ്ങളെ പോസിറ്റീവായി വായിച്ചെടുക്കുക എന്നത് ഏതൊരു ജീവല്‍ പ്രസ്ഥാനത്തിന്റെയും വിജയനിദാനമാണ്. പക്ഷേ, ജമാഅത്തെ ഇസ്ലാമി നേരിട്ട വിമര്‍ശനങ്ങള്‍ അധികവും ആധ്യാത്മികമോ, ഇസ്ലാമിക സാങ്കേതിക ശബ്ദങ്ങളുമായും ആരാധനാനുഷ്ഠാനങ്ങളുമായും ബന്ധപ്പെട്ട കര്‍മശാസ്ത്രപരമോ ആയ വിഷയങ്ങളിലായിരുന്നു. ഇതുമൂലം മുസ്ലിംകളിലെ അനുഷ്ഠാന തര്‍ക്കങ്ങളില്‍ ഇടപെടുന്ന മറ്റൊരു സംഘടനയായി ജമാഅത്തെ ഇസ്ലാമിയെയും സാമാന്യജനം ധരിക്കാനിടയായത് സംഘടനയുടെ ജനകീയതയിലേക്കുള്ള കുതിപ്പിനെ തെല്ലൊന്നുമല്ല തളര്‍ത്തിയത്. അതിന് നിമിത്തമായതാകട്ടെ തത്ത്വവും പ്രയോഗവും തമ്മിലുള്ള വഴിദൂരമാണ്. ആറ് ദശകങ്ങള്‍ക്ക് ശേഷവും ഇന്ത്യയിലെ ഇസ്ലാമിക പ്രസ്ഥാനം ധൈഷണിക രംഗത്ത് മാത്രമായി ഒതുങ്ങിപ്പോയതിന്റെയും കാരണം അവിടെയാണ് അന്വേഷിക്കേണ്ടത്.
തത്ത്വവും പ്രയോഗവും സമദൂരത്തില്‍ സഞ്ചരിക്കുക എന്നത് ഏതൊരു ആശയത്തിന്റെയും വിജയത്തിന് ഉണ്ടാവേണ്ട അടിസ്ഥാന ഗുണമാണ്. യുഗങ്ങളായി തത്ത്വം തൌഹീദിന്റെ(ഏകദൈവത്വം) അകക്കാമ്പില്‍നിന്ന് എടുത്തുദ്ധരിക്കുകയും പ്രായോഗികതയില്‍ ശൂന്യതയനുഭവിക്കുകയും ചെയ്യുന്ന നിസ്സഹായതയിലാണ് കാര്യങ്ങള്‍ എത്തിച്ചേരുന്നത്. പ്രവാചകന്‍ നൂഹിനെ നോക്കി ആശ്വാസം കൊള്ളുന്നതിന് പകരം, മുഹമ്മദ് നബിയുടെ മദീനാ പ്രയോഗമായിരുന്നു സൂക്ഷ്മമായി പഠിച്ചെടുക്കേണ്ടിയിരുന്നതും പ്രസ്ഥാനത്തെ അസ്വസ്ഥപ്പെടുത്തേണ്ടിയിരുന്നതും.
പ്രായോഗികതയുടെ അതിജയിപ്പാണ് അറബ് വസന്തമായി ഇന്ന് ഉയര്‍ത്തെഴുന്നേറ്റുകൊണ്ടിരിക്കുന്നത്. തുര്‍ക്കിയുടെയും തുനീഷ്യയുടെയും യമന്റെയും ഈജിപ്തിന്റെയും വ്യതിരിക്തതകളും ഇസ്ലാമിസ്റുകളുടെ പ്രവര്‍ത്തനരീതിയും ആഴത്തില്‍ പഠിക്കപ്പെടേണ്ടതുണ്ട്. മലീമസമാക്കപ്പെട്ട ഇന്ത്യന്‍ ജനാധിപത്യത്തില്‍ സംശുദ്ധിയുടെ, അവര്‍ഗീയതയുടെ, നീതിയുടെ, കാരുണ്യത്തിന്റെ കൂട്ടായ്മയായി അടിത്തട്ടില്‍തന്നെ വളര്‍ന്നുവരാനുള്ള അവസരം പ്രായോഗികതലത്തില്‍ ചുവടുവെപ്പുകള്‍ നടത്താന്‍ കഴിയാത്തതിനാല്‍ ഇസ്ലാമിക പ്രസ്ഥാനത്തിന് നഷ്ടപ്പെടുകയാണുണ്ടായത്. ഇസ്ലാമിന്റെ സമഗ്രതയും സമ്പൂര്‍ണതയും മാനവിക വിമോചനത്തെക്കുറിച്ച ഉള്‍ക്കാഴ്ചയും നിരന്തരം പറഞ്ഞുകൊണ്ടിരിക്കെ തന്നെ, ഇന്ത്യന്‍ സാഹചര്യത്തിനനുസരിച്ചുള്ള രാഷ്ട്രീയതന്ത്രങ്ങള്‍ ആവിഷ്കരിക്കുന്നതില്‍ പാരമ്പര്യ മതബോധം ജമാഅത്തിനെയും സ്വാധീനിച്ചുവോ?
പി.കെ ജമാലും തുടര്‍ന്നുള്ള പ്രതികരണക്കാരും ബഹുസ്വരതയില്‍ ഇസ്ലാമിന്റെ പ്രാമാണികമായ ഇടം പരതുന്നതിന് തന്നെയാണ് ഈ പതിനൊന്നാം മണിക്കൂറിലും ഭൂരിഭാഗം പേജുകളും ഉപയോഗിക്കുന്നത്. ഒരുപാട് മനുഷ്യവിഭവങ്ങളുമായിട്ടായിരുന്നോ മുഹമ്മദ് നബി (സ) മദീനയില്‍ അഭയാര്‍ഥിയായി വരുന്നത്, ഹുദൈബിയാ സന്ധിയില്‍ ഒപ്പുവെക്കുകയും ജൂതഗോത്രങ്ങളുമായി യോജിച്ചുകൊണ്ട് ഭൂമിയിലെ ആദ്യത്തെ ഭരണഘടനരൂപപ്പെടുത്തുകയും ചെയ്തത്? പിന്നെ എവിടെനിന്നാണ് മനുഷ്യവിഭവപ്പേടി രാഷ്ട്രീയ പ്രവേശനത്തിന് തടസ്സമായിവരുന്നത്? ഇസ്ലാമിന്റെ സമഗ്രതയും സമ്പൂര്‍ണതയും ഇന്ത്യയിലെ ഭൂരിഭാഗം മതസംഘടനകളും ഇന്ന് തത്ത്വത്തില്‍ അംഗീകരിക്കുന്നുവെന്നത് പ്രസ്ഥാനത്തിന്റെ വിജയമാണെന്നതില്‍ തര്‍ക്കമില്ല. പക്ഷേ, പ്രായോഗികരംഗത്ത് സര്‍വരും ഒരേ ലെവലില്‍ നില്‍ക്കുന്നുവെന്നത് ഇന്ത്യയിലെ ഇസ്ലാമിന്റെ വളര്‍ച്ചയെ ചെറുതായൊന്നുമല്ല തളര്‍ത്തിയത്. ഇസ്ലാമിക പ്രസ്ഥാനം സാമൂഹിക സേവനരംഗത്ത് കാട്ടിയ മാതൃകകളെ മത, ഭൌതിക, രാഷ്ട്രീയ പാര്‍ട്ടികള്‍ അനുകരിക്കാന്‍ നിര്‍ബന്ധിതമായ ഒരുപാട് ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടാനാകും. രാഷ്ട്രീയ രംഗത്തും ഇസ്ലാമിന്റെ ചൈതന്യവത്തായ മാതൃകകള്‍ നേരത്തെത്തന്നെ സൃഷ്ടിക്കപ്പെട്ടിരുന്നുവെങ്കില്‍ ഗുണഭോക്താക്കളായ ജനം ജാതിമതഭേതമന്യേ അതിന്റെ പടയാളികളായേനെ.
ശാഫി മൊയ്തു
സൂഫിസം ഇസ്ലാമിന്റെ ഭാഗമോ?
'സൂഫിസവും ശരീഅത്തും സര്‍ഹിന്ദി ചിന്തകളുടെ അപഗ്രഥനം' എന്ന കൃതിക്ക് പി.എ നാസിമുദ്ദീന്‍ എഴുതിയ ആസ്വാദനക്കുറിപ്പാണ് ഈ കത്തിനു പ്രേരകം. ആസ്വാദകന്റെ അഭിപ്രായത്തില്‍ സൂഫിസം ഇസ്ലാമിന്റെ ഭാഗമെന്നാണ് പറയുന്നത്. ഇസ്ലാം സൂഫികളുടെ ദര്‍ശനമല്ലെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. സൂഫിസം ഭാരതീയ സംസ്കൃതിയോടും അദ്വൈത സിദ്ധാന്തത്തോടും വളരെ സാമ്യപ്പെട്ടുകിടക്കുന്ന ഒരു ചിന്താധാരയാണ്. ഭാരതീയ ഇസ്ലാമില്‍ അറബി സംസ്കാരത്തേക്കാള്‍ പേര്‍ഷ്യന്‍ സംസ്കാരമാണ് മുന്നിട്ടു നില്‍ക്കുന്നത്. പേര്‍ഷ്യന്‍ സംസ്കാരം ആര്യ സംസ്കാരമായ സൌരാഷ്ട്ര മതത്തിന്റെ പരിണത രൂപമായതുകൊണ്ട് ഭാരതത്തിലെ ഇസ്ലാമിന് ആധ്യാത്മികത്തിന്റേതായ ഒരു മേഖല കൂടി ഉണ്ടായി. അതില്‍നിന്നാണ് ഭക്തിയുടെയും അദ്വൈതത്തിന്റെയും സമന്വയമായ സൂഫിസം ഇവിടെ ഉണ്ടായത്.
മാനവരാശിയുടെ വിമോചനത്തിനായി പ്രപഞ്ചനാഥന്‍ എത്തിച്ചുകൊടുത്ത ആദര്‍ശസംഹിതയാണ് ഇസ്ലാം. ഇത് കാലാതീതമാണ്. അതിനോട് ഒന്നും കൂട്ടിച്ചേര്‍ക്കാനോ അതില്‍നിന്ന് ഒന്നും ഒഴിവാക്കാനോ പാടുള്ളതല്ല. പിന്നെങ്ങനെ സൂഫിസം ഇസ്ലാമിന്റെ ഭാഗമാവും? 'ലാ ഇലാഹ ഇല്ലല്ലാഹ് മുഹമ്മദ് റസൂലുല്ലാഹ്' എന്ന അടിസ്ഥാന പ്രമാണത്തില്‍ നിന്നുള്ള വ്യതിചലനമാവും സൂഫിസം ഇസ്ലാമിന്റെ ഭാഗമാവുമ്പോള്‍. ഇസ്ലാം നിഷ്കാസനം ചെയ്ത ചിന്താഗതികളെ ഇതിന്റെ തന്നെ മേല്‍വിലാസത്തില്‍ അവതരിപ്പിക്കുന്നത് വിരോധാഭാസമാണ്.
പി. ഉണ്ണി പടിക്കല്‍
Comments