Prabodhanm Weekly

Pages

Search

2021 ഒക്‌ടോബര്‍ 08

3221

1443 റബീഉല്‍ അവ്വല്‍ 01

ഗാന്ധിജിയില്‍നിന്ന് നമുക്കിനിയും പഠിക്കാനുണ്ട് (ഗാന്ധിജയന്തി ഓര്‍മിപ്പിക്കുന്നത്)

ഹബീബുറഹ്മാന്‍ കരുവമ്പൊയില്‍

''നമ്മുടെ ജീവിതത്തില്‍നിന്ന് പ്രകാശം മാഞ്ഞുപോയിരിക്കുന്നു. എവിടെയും ഇരുട്ടാണ്. പ്രകാശം പൊലിഞ്ഞെന്നാണോ ഞാന്‍ പറഞ്ഞത്? എനിക്കു തെറ്റുപറ്റി. പ്രകാശിച്ചിരുന്നത് ഒരു സാധാരണ ദീപമായിരുന്നില്ല. ഒരായിരം വര്‍ഷങ്ങള്‍ക്കു ശേഷവും അതിവിടെ പ്രകാശം ചൊരിയും. നൂറ്റാണ്ടുകളിലൂടെ ആയിരമായിരം ഹൃദയങ്ങള്‍ക്ക് അത് ആശ്വാസം പകര്‍ന്നുകൊണ്ടിരിക്കും.'' 
മഹാത്മാ ഗാന്ധിയുടെ മരണം അറിയിച്ചുകൊണ്ട് ജവഹര്‍ലാല്‍ നെഹ്‌റു രാഷ്ട്രത്തോട് നടത്തിയ പ്രഭാഷണത്തില്‍നിന്നുള്ളതാണീ വരികള്‍. വായിച്ചാല്‍ തീരാത്തതും ഇനിയുമിനിയും വായിക്കണമെന്ന് നമ്മെ ബോധ്യപ്പെടുത്തുന്നതുമാണ് ഗാന്ധിജി എന്ന ലോകത്തിന്റെ പാഠപുസ്തകം.
സ്വന്തം ആദര്‍ശങ്ങള്‍ക്കനുസൃതമായി ജീവിക്കുമ്പോഴാണ് ഒരാളുടെ ജീവിതം സന്ദേശമായി മാറുന്നത്. സ്പഷ്ടമായ ഉള്‍ക്കാഴ്ചയും ആന്തരികമായ മനഃസമാധാനവും കൈമുതലാക്കി മറ്റുള്ളവരുടെ ജീവിതത്തെയും ചുറ്റുപാടുകളെയും പ്രചോദിപ്പിക്കാനും പ്രകാശപൂരിതമാക്കാനും കഴിയുന്നവരാണ് ലോകത്ത് മാതൃക തീര്‍ക്കുന്നവര്‍. ഉന്നതമായ ലക്ഷ്യങ്ങളും വിലപ്പെട്ട കര്‍മങ്ങളും ജീവിത ചര്യയാക്കി തുടര്‍ച്ചയായും ഊര്‍ജസ്വലമായും പ്രവര്‍ത്തന നിരതരായിരിക്കുമവര്‍. അവരുടെ വാക്കുകള്‍ക്കും  ചിന്തകള്‍ക്കുമാകട്ടെ ഒരായിരം അര്‍ഥ തലങ്ങളുമുണ്ടാകും. ഈ അര്‍ഥത്തിലൊക്കെയും നമ്മുടെ രാഷ്ട്രപിതാവിന്റെ വ്യക്തിത്വം ലോകത്തിന്റെ നെറുകയില്‍ സ്ഥാപിക്കപ്പെട്ടിരിക്കുന്നു. 
കോട്ടും സ്യൂട്ടും ധരിച്ചിരുന്ന അദ്ദേഹം ആഡംബരവസ്ത്രങ്ങളും ജീവിതരീതികളും ഒന്നൊന്നായി ഉപേക്ഷിക്കുകയായിരുന്നു. കുപ്പായമിടാതെ നടക്കുന്ന ഗാന്ധിജിയെ പരിഹസിച്ച കുട്ടിയോട് ഇന്ത്യയിലെ നാല്‍പതുകോടി ജനങ്ങളും കുപ്പായമിടുമ്പോള്‍ മാത്രമേ താനിനി കുപ്പായമിടുകയുള്ളൂവെന്ന അദ്ദേഹത്തിന്റെ വാചകത്തിന്റെ അര്‍ഥവ്യാപ്തിയും പരക്ഷേമതല്‍പരതയും എത്രയാണ്! ഒറ്റവസ്ത്രം മാത്രമുള്ള ഒരു സ്ത്രീ പുഴയില്‍ അതിന്റെ ഒരറ്റം അരയില്‍ തിരുകി മറ്റേയറ്റം അലക്കുന്നതു കണ്ട ഗാന്ധിജി മനസ്സലിഞ്ഞ് തന്റെ തലപ്പാവ് ഊരിയെടുത്ത് നല്‍കിയത് ധൂര്‍ത്തും ദുര്‍വ്യയവും ശീലമാക്കിയ നമ്മെ വിസ്മയിപ്പിക്കുകയും ആശ്ചര്യപ്പെടുത്തുകയും ചെയ്തില്ലെങ്കിലേ അത്ഭുതമുള്ളൂ. 'സ്വാതന്ത്ര്യം അര്‍ധരാത്രിയില്‍' എന്ന കൃതിയില്‍ പറയുന്ന പോലെ സാധാരണക്കാരോടൊപ്പം സ്ഥിരമായി സെക്കന്റ് ക്ലാസില്‍ യാത്ര ചെയ്യുന്ന ഗാന്ധിജിയോട് സഹൃദയര്‍  'താങ്കള്‍ ഫസ്റ്റ് ക്ലാസ് ഒഴിവാക്കി സെക്കന്റ് ക്ലാസില്‍ യാത്ര ചെയ്യുന്നത്?' എന്ന് ചോദിച്ചപ്പോള്‍ 'തേര്‍ഡ് ക്ലാസ് ഇല്ലാത്തതുകൊണ്ടാണ് ഞാന്‍ സെക്കന്റ് ക്ലാസ്സില്‍ യാത്ര ചെയ്യുന്നത്' എന്നായിരുന്നത്രെ അദ്ദേഹത്തിന്റെ മറുപടി! 
ബ്രിട്ടീഷാനന്തര ഇന്ത്യയെ ഒന്നിച്ചു കൊണ്ടുപോയി, എല്ലാവരെയും ഉള്‍ക്കൊള്ളുന്ന സഹിഷ്ണുതയും സഹവര്‍ത്തിത്വവും മാര്‍ഗരേഖയായി സ്വീകരിച്ച് നാനാത്വത്തില്‍ ഏകത്വം പ്രഖ്യാപിച്ച അദ്ദേഹത്തിന്റെ 'രാമരാജ്യം' നീതിയുടെ പര്യായമായ ഖലീഫ ഉമറിന്റെ ഭരണമായിരുന്നു. സ്വാതന്ത്ര്യ ദിനാഘോഷങ്ങള്‍ പൊടി പൊടിക്കുമ്പോള്‍ മഹാത്മാവ് കല്‍ക്കത്തയിലും ദല്‍ഹിയിലും ബോംബെയിലും വര്‍ഗീയാഗ്നി കെടുത്താന്‍ ഓടിനടക്കുകയായിരുന്നു. 
ഇന്ത്യ ഗ്രാമങ്ങളില്‍ ജീവിക്കുന്നുവെന്നും കര്‍ഷകര്‍ ഇന്ത്യയുടെ രക്തധമനികളാണെന്നും പാവപ്പെട്ടവരില്‍ പാവപ്പെട്ടവന്റെ ആവശ്യം പൂര്‍ത്തീകരിക്കപ്പെടുമ്പോഴാണ് യഥാര്‍ഥ രാഷ്ട്രപുരോഗതി കൈവരിക്കുന്നതെന്നും പഠിപ്പിച്ച ഗാന്ധിജിയുടെ മാര്‍ഗവും മാതൃകയും നാമിനിയും ഉള്‍ക്കൊണ്ടിട്ടുവേണം. 
കഠിനമായ പ്രതിസന്ധിഘട്ടങ്ങളിലും സത്യം, അഹിംസ എന്നീ മൂല്യങ്ങളില്‍ അടിയുറച്ചു പ്രവര്‍ത്തിക്കാനും അത് ജീവിതചര്യയാക്കി മാറ്റാനും ഗാന്ധി ശ്രദ്ധിച്ചു. ജീവിതകാലം മുഴുവന്‍ അദ്ദേഹം ഹൈന്ദവ ദര്‍ശനങ്ങളുടെ പ്രയോക്താവായിരുന്നുവെങ്കിലും മറ്റു മതങ്ങളെയും മതസ്ഥരെയും ഉള്‍ക്കൊള്ളാനും സ്‌നേഹിക്കാനും അവയിലെ നല്ല വശങ്ങള്‍ സ്വാംശീകരിക്കാനും ഉത്സാഹിച്ചു. എല്ലാ വിധത്തിലും സ്വാശ്രയത്വം പുലര്‍ത്തിയ ഒരു ആശ്രമം സ്ഥാപിച്ച് അവിടെ ലളിത ജീവിതം നയിച്ച് അദ്ദേഹം പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയായി. 
ഗാന്ധിജിയുടെ ദര്‍ശനങ്ങളും ആശയങ്ങളും ആഗോളതലത്തില്‍ തന്നെ  മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ്, സ്റ്റീവ് ബികോ, നെല്‍സണ്‍ മണ്ടേല തുടങ്ങി ഒട്ടേറെ പൗരാവകാശ പോരാളികളെ  സ്വാധീനിച്ചതായി അവര്‍ സ്വയം തന്നെ തുറന്നു പറഞ്ഞിട്ടുണ്ട്. ഹോചിമിന്‍ പറയുന്നത് നോക്കൂ: ''ഞാനും മറ്റുള്ളവരും വിപ്ലവനേതാക്കന്മാരായിരിക്കാം. പക്ഷേ ഞങ്ങള്‍ എല്ലാവരും തന്നെ ഗാന്ധിയുടെ ശിഷ്യന്മാരാണ്; നേരിട്ടോ അല്ലാതെയോ.'' കുറച്ചുകൂടി വ്യക്തമാണ് മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് ജൂനിയറിന്റെ നിരീക്ഷണം: ''ഗാന്ധിയില്‍നിന്ന് ഒളിച്ചോടിക്കൊണ്ട് മനുഷ്യരാശിക്ക് പുരോഗമനം സാധ്യമല്ല. മനുഷ്യരാശി സമാധാനവും സഹവര്‍ത്തിത്വവും നിലനില്‍ക്കുന്ന ഒരു ലോകത്തിലേക്ക് പരിണാമത്തിലൂടെ ചെന്നെത്തുന്നത് മനസ്സില്‍ കണ്ട് അതില്‍ നിന്ന് ഊര്‍ജമുള്‍ക്കൊണ്ടുകൊണ്ടാണ് അദ്ദേഹം ജീവിക്കുകയും ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്തത്. അദ്ദേഹത്തെ അവഗണിക്കുന്നത് നമ്മെത്തന്നെയാവും ബാധിക്കുക. കിരാതമായ ഹിംസാമാര്‍ഗത്തിലൂടെയല്ലാതെ സാമൂഹികപ്രശ്‌നങ്ങള്‍ പരിഹരിക്കാനാവുമെന്ന് മറ്റാരേക്കാളും അധികമായി തെളിയിച്ചത് മഹാത്മാ ഗാന്ധിയാണ്.''
ഗാന്ധിജിയുടെ ജീവിതവും ജീവത്യാഗവും കൂടുതല്‍ പ്രസക്തമാകുന്ന കാലമാണിത്. ജനാധിപത്യത്തിനും മതനിരപേക്ഷതക്കുമായി നിലകൊണ്ടതിനാലാണ് ഗാന്ധിജി വെടിയേറ്റു മരിച്ചത്. രാജ്യത്തെ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ക്കൊപ്പം നിലകൊള്ളുകയും  മാനവികതയില്‍  ഊന്നിയുള്ള വിശാല കാഴ്ചപ്പാട് പ്രഖ്യാപിക്കുകയും ചെയ്തുകൊണ്ട് മനുഷ്യരാകെ ഒന്ന് എന്ന ബോധമാണ് ഗാന്ധിജിയെ നയിച്ചത്. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-39 / അസ്സുമര്‍ 24-28
ടി.കെ ഉബൈദ്‌

ഹദീസ്‌

വിനയാന്വിതരാവൂ, ഉയരങ്ങളിലെത്താം
സുബൈര്‍ കുന്ദമംഗലം