ഖത്തറിലെ 'ഹസനിക്ക'
മൂന്നു പതിറ്റാണ്ട് നീണ്ട എന്റെ പ്രവാസ ജീവിതകാലത്താണ് ജ്ഞാനപ്രഭുവായ അബ്ദുല്ലാ ഹസന്‍ സാഹിബിനെ നേരില്‍ കാണുന്നതും പരിചയപ്പെടുന്നതും. അടിയന്തരാവസ്ഥ കാലത്തെ തടവുജീവിതം കഴിഞ്ഞ് അദ്ദേഹം ഖത്തറിലെ അല്‍ മഅ്ഹദുദ്ദീനിയില്‍ പഠിക്കാനെത്തിയതായിരുന്നു. ശാന്തപുരത്തെ ദീര്‍ഘകാല ഇസ്‌ലാമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ അബ്ദുല്ലാ ഹസന്‍ സാഹിബിന് അദ്ദേഹത്തിന്റെ മുന്‍ഗാമികളെപ്പോലെ തന്നെ ദോഹയിലെ വിദ്യാര്‍ഥി ജീവിതം സ്വാഭാവികമായും ആയാസരഹിതമായിരുന്നു. പഠനം തീര്‍ത്ത് അദ്ദേഹം സര്‍ക്കാര്‍ ഡിപ്പാര്‍ട്ട്‌മെന്റുകളിലൊന്നില്‍ ജോലിക്ക് ചേര്‍ന്നു. തുടര്‍ന്ന് ദീര്‍ഘകാലം പ്രവാസ ലോകത്ത് ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ പണ്ഡിത സാന്നിധ്യമായി അദ്ദേഹം നിലകൊണ്ടു.
ഖത്തറിലെ ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ നേതൃസ്ഥാനത്ത് ദീര്‍ഘകാലം അബ്ദുല്ലാ ഹസന്‍ സാഹിബ് ഉണ്ടായിരുന്നു. അന്നദ്ദേഹം പൊതുവെ സംബോധന ചെയ്യപ്പെട്ടത് 'ഇക്ക' എന്നാണ്. കെ.എ ഖാസിം മൗലവി, അബ്ദുല്ലക്കുട്ടി മൗലവി, എം.വി മുഹമ്മദ് സലീം മൗലവി തുടങ്ങി അദ്ദേഹത്തിനു മുമ്പേ സംഘടനാ നായകത്വത്തിലേക്ക് വന്നവരില്‍ പലരും അറിയപ്പെട്ടത് പേരിനൊപ്പം മൗലവി ചേര്‍ത്തായിരുന്നെങ്കില്‍ വി.കെ അലി, എ. മുഹമ്മദലി തുടങ്ങിയവരൊക്കെ പേരിനോടൊപ്പം സാഹിബുമാരായും അറിയപ്പെട്ടു. എന്നാല്‍ അബ്ദുല്ലാ ഹസന്‍ പ്രവര്‍ത്തകരിലും, ഏറക്കുറെ പൊതുസമൂഹത്തിലും അറിയപ്പെട്ടത് ഇക്കയെന്ന് ചേര്‍ത്തും. ഔപചാരികമായ അകലങ്ങളൊന്നുമില്ലാതെ എല്ലാവരുടെയും ഇക്കയായിത്തന്നെ പ്രവാസ ദേശത്ത് അവസാനകാലം വരെ കഴിയാന്‍ അദ്ദേഹത്തിനായി.
ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ രണ്ടാം തലമുറ പ്രതിഭാ വൈവിധ്യം കൊണ്ട് അനുഗൃഹീതമാണ്. അവരില്‍ പത്രപ്രവര്‍ത്തകരും പ്രഭാഷകരും സംഘാടകരുമൊക്കെയായി തിളങ്ങിയവരുണ്ട്. അതില്‍ അബ്ദുല്ലാ ഹസന്‍ സാഹിബ് പ്രതിനിധീകരിക്കുന്നത് പാണ്ഡിത്യത്തിന്റെയും ഗവേഷണത്തിന്റെയും മണ്ഡലങ്ങളെയാണ്. ഗഹനമായ വായനയും അഗാധമായ മനന ഗവേഷണവും സപര്യയായി കൊണ്ടു നടന്ന ചുറുചുറുക്കാര്‍ന്ന വ്യക്തിത്വം. അതായിരുന്നു ദോഹയില്‍ ഞങ്ങള്‍ കണ്ട അബ്ദുല്ലാ ഹസന്‍. ഏതു വിഷയത്തിലും അദ്ദേഹത്തിന്റെ അവതരണം മൗലികതയുള്ളതായിരിക്കും. ഓരോ വിഷയത്തിലും അദ്ദേഹത്തിന് നൂതനമായ അഭിപ്രായവും നിരീക്ഷണവുമുണ്ടായിരിക്കും. അതദ്ദേഹം പ്രസ്ഥാനത്തിലെ ആഭ്യന്തര സദസ്സുകളില്‍ വളരെ ആത്മവിശ്വാസത്തോടെ തന്നെ അവതരിപ്പിക്കുന്നത് കൃത്യമായും പ്രമാണ സാക്ഷ്യത്തോടെയുമാവും. കാര്യമാത്ര പ്രസക്തവും അനായാസവുമായ ആ അവതരണം ലളിതവുമായിരിക്കും. ആവശ്യമായ പദങ്ങളും വാചകങ്ങളുമേ അതിലുണ്ടാകൂ. മനോഹരമാണ് അദ്ദേഹത്തിന്റെ മലയാള ഭാഷ. ശാന്തപുരത്ത് പഠിക്കുന്ന കാലത്തേ മാതൃഭൂമി ആഴ്ചപ്പതിപ്പ് അടക്കമുള്ള മലയാള പ്രസിദ്ധീകരണങ്ങളുടെയും ഭാഷാ സാഹിത്യ കൃതികളുടെയും വായനക്കാരനായിരുന്നു അദ്ദേഹം.
ദോഹയില്‍ അദ്ദേഹത്തിന്റെ വീട്ടില്‍ വിപുലമായൊരു പുസ്തകശേഖരം ഉണ്ടായിരുന്നു. പൗരാണികവും ആധുനികവുമായ പുസ്തകങ്ങള്‍ ആ ശേഖരത്തിലുണ്ടാവും. ഏറ്റവും കൗതുകപ്പെടുത്തിയ വസ്തുത മലയാള ഭാഷയിലെ വ്യാകരണ നിയമങ്ങളും സൂക്ഷ്മമായി അദ്ദേഹത്തിന് അറിയാമായിരുന്നു എന്നതാണ്. ഞങ്ങളൊക്കെ എന്തെങ്കിലും സ്ഖലിതം വരുത്തിയാല്‍ ഉടന്‍ അബ്ദുല്ലാ ഹസന്‍ സാഹിബ് അത് തിരുത്തും. ശരിയായ മലയാള പ്രയോഗം ഇതാ, ഇങ്ങനെയാകണമെന്ന് പറഞ്ഞുതരും.
ദോഹയിലെ പ്രവര്‍ത്തകര്‍ മിക്കവാറും തൊഴില്‍ തേടി എത്തിയവരാണ്. അബ്ദുല്ലാ ഹസനാകട്ടെ ജ്ഞാനം തേടിയാണ് അവിടെയെത്തുന്നത്. തിരിച്ചു പോരുന്നതുവരെ അദ്ദേഹം അവിടെ നിന്ന് നേടിയതും ജ്ഞാനം തന്നെ. എപ്പോള്‍ ചെന്നാലും ഒരു കൈലിയും ബനിയനുമായി തന്റെ പുസ്തകശേഖരത്തിന് നടുവില്‍ പുസ്തകങ്ങളില്‍ കണ്ണും ചിന്തയും നട്ടിരിക്കുന്ന ഒരാളെയാണ് നാം കാണുക. അര്‍ധ വിവരവും മുറി വിജ്ഞാനവുമൊക്കെയായി പ്രസ്ഥാന പ്രവര്‍ത്തനത്തിനെത്തുന്ന ഞങ്ങളെയൊക്കെ വൈജ്ഞാനികമായി നവീകരിക്കാന്‍ അദ്ദേഹം എന്നും ശ്രമിച്ചുകൊണ്ടിരുന്നു. അബദ്ധങ്ങള്‍ തിരുത്തിയും ആത്മവിശ്വാസം പകര്‍ന്നും ഞങ്ങളെ സജ്ജരാക്കാന്‍ മറ്റു പണ്ഡിത നേതൃത്വത്തോടൊപ്പം അദ്ദേഹവും സദാ ശ്രമിച്ചുകൊണ്ടിരുന്നു. വീട്ടില്‍ വിളിച്ചുവരുത്തി ഞങ്ങള്‍ക്കദ്ദേഹം നല്‍കുക ഇരട്ട സദ്യകളാവും. പുതു ജ്ഞാനത്തോടൊപ്പം ഭക്ഷണത്തളികയിലെ സമൃദ്ധിയും. നല്ല ആതിഥേയനായിരുന്നു ഹസനിക്ക.
ദീര്‍ഘകാലം ഖത്തറിലെ ഇന്ത്യന്‍ ഇസ്‌ലാമിക് അസോസിയേഷന്റെ തലപ്പത്തിരുന്നത് അബ്ദുല്ലാ ഹസന്‍ സാഹിബാണ്. പ്രസ്ഥാനം സംഘടനാപരമായി കൂടുതല്‍ ഭദ്രമായതും പ്രവര്‍ത്തകള്‍ പ്രസ്ഥാനഘടനയിലേക്ക് കൂടുതല്‍ അടുത്തു നില്‍ക്കാന്‍ പ്രേരിതരായതും ഇക്കാലയളവിലാണ്. പള്ളികളിലും പൊതുവേദികളിലുമായി അദ്ദേഹം നടത്തിയ നിരവധി ക്ലാസ്സുകളിലൂടെയാണ് അഭ്യസ്തവിദ്യരും സംഘാടക ശേഷിയുള്ളവരുമായ പലരും പ്രസ്ഥാനത്തിലേക്ക് കടന്നുവന്നത്. അവര്‍ ഇന്നും പ്രവാസത്തിലും നാട്ടിലും പ്രസ്ഥാനത്തിന് സേവനം ചെയ്തുകൊണ്ട് സജീവമാണ്. അദ്ദേഹത്തിന്റെയും അദ്ദേഹത്തിന്റെ സമശീര്‍ഷരായി ഖത്തറിലുണ്ടായിരുന്ന പണ്ഡിത നേതാക്കളുടെയും കാലം ദോഹയില്‍ ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ പുഷ്‌കല കാലം തന്നെയായിരുന്നു.
കലകളോടും സാഹിത്യത്തോടും സര്‍ഗാത്മക രചനകളോടും അദ്ദേഹത്തിന് കവിഞ്ഞ കൗതുകമുണ്ടായിരുന്നു. ഞങ്ങള്‍ ഇത്തരത്തിലെന്തെങ്കിലും പരിപാടികള്‍ ആസൂത്രണം ചെയ്യുമ്പോള്‍ പരിപാടികളില്‍ പുതുമ വേണമെന്ന് അദ്ദേഹം പറയും. ഒപ്പന, കോല്‍ക്കളി, ദഫ്മുട്ട് തുടങ്ങി തനത് കലാരൂപങ്ങള്‍ക്ക് നിങ്ങള്‍ വേഷവും ചലനവുമൊക്കെ പഴയത് തന്നെ എടുത്തോളൂ, എന്നാല്‍ ഗാനങ്ങള്‍ പുതുതായി രചിക്കണം, പുതിയ ആശയങ്ങളും കാലികമായ സന്ദേശവുമുള്‍ക്കൊള്ളുന്നതാകണം - അദ്ദേഹം പറയും. അങ്ങനെ പുതിയ രചനകളുണ്ടായി, പരിപാടികള്‍ വ്യതിരിക്തമായി.
തന്റെ പ്രസ്ഥാന നിലപാടുകളിലും വൈജ്ഞാനിക കാഴ്ചപ്പാടുകളിലും ഒരു ഒത്തുതീര്‍പ്പിനും അദ്ദേഹം നിന്നു കൊടുത്തതേയില്ല. പക്ഷേ, വ്യക്തി ബന്ധങ്ങളില്‍ ഊഷ്മളതയോടെ ഇടപഴകാന്‍ എന്നും അബ്ദുല്ലാ ഹസന്‍ സാഹിബിന് കഴിഞ്ഞിരുന്നു; ഒരു ജ്യേഷ്ഠ സഹോദരനെപ്പോലെ, ഏറെ മസൃണതയോടെയും വാത്സല്യത്തോടെയും. അദ്ദേഹം ഞങ്ങളുടെ ഇക്കയായിരുന്നു; 'ഹസനിക്ക.' ഖത്തറിലെ ഇസ്‌ലാമിക പ്രവര്‍ത്തകര്‍ക്ക് ഹസനിക്കയെ മറക്കാനാവില്ല.
Comments