Prabodhanm Weekly

Pages

Search

2021 ഒക്‌ടോബര്‍ 08

3221

1443 റബീഉല്‍ അവ്വല്‍ 01

പുതുതലമുറക്ക് പ്രചോദനമാകേണ്ട പണ്ഡിത പ്രതിഭ

വി.കെ അലി

പണ്ഡിതനും എഴുത്തുകാരനുമായ ജനാബ് അബ്ദുല്ലാ ഹസനും നമ്മോട് വിടപറഞ്ഞു. ആ പണ്ഡിത സുഹൃത്തിന്റെ വിയോഗം ഇസ്‌ലാമിക പ്രസ്ഥാനത്തിനും മതവിജ്ഞാന ശാഖക്കും കനത്ത നഷ്ടമാണ് വരുത്തിയത്. ശാന്തപുരം ഇസ്‌ലാമിയാ കോളേജ് (ഇന്നത്തെ അല്‍ ജാമിഅ അല്‍ ഇസ്‌ലാമിയ) സമൂഹത്തിന് നല്‍കിയ ഉന്നതശീര്‍ഷരായ പണ്ഡിതരില്‍ ഒരാളായിരുന്നു അദ്ദേഹം. ചെറുപ്പം മുതലേ പ്രസ്ഥാനവഴിയില്‍ സഞ്ചരിച്ച അബ്ദുല്ലാ ഹസന്‍ മരണം വരെ ആ പാതയില്‍ ഉറച്ചുനിന്നു. തന്റെ സന്താനങ്ങളെയും കുടുംബത്തെയും അതേ സരണിയില്‍ അണിനിരത്തി.
അബ്ദുല്ലാ ഹസന്‍ അനാഥനായാണ് വളര്‍ന്നത്. സ്വന്തം പിതാവിനെ കണ്ട ഓര്‍മയേ അദ്ദേഹത്തിനില്ല. മാതാവും ചെറുപ്പത്തിലേ മരിച്ചു. പിതാമഹനും ഒരു മാതൃസഹോദരിയുമായിരുന്നു സംരക്ഷിച്ചു വളര്‍ത്തിയത്. അധികം താമസിയാതെ പിതാമഹന്‍ മരിച്ചപ്പോള്‍ പിതൃസഹോദരന്‍ കെ.കെ മഞ്ചേരി അദ്ദേഹത്തിന് പിതാവും രക്ഷിതാവുമായി. തുടര്‍ന്ന് അദ്ദേഹത്തിന്റെ നിര്യാണം വരെ എളാപ്പ എന്നു വിളിക്കുന്ന കെ.കെ അലിയായിരുന്നു ആ കുടുംബത്തിന്റെ നാഥന്‍. അബ്ദുല്ല ഹസനെ കുറ്റ്യാടി ഇസ്‌ലാമിയാ കോളേജിലേക്കും പിന്നീട് ശാന്തപുരം ഇസ്‌ലാമിയാ കോളേജിലേക്കുമൊക്കെ അയച്ചു പഠിപ്പിച്ചത് അദ്ദേഹമാണ്. ഹാജി സാഹിബിന്റെ സുഹൃത്ത് കൂടിയായിരുന്ന കെ.കെ അലി കേരളത്തില്‍ ജമാഅത്തെ ഇസ്‌ലാമിയുടെ ആരംഭം മുതല്‍ അതില്‍ അണിചേര്‍ന്നിരുന്നു. അതേ താവഴിയാണ് അബ്ദുല്ലാ ഹസനും മുറുകെ പിടിച്ചത്.
1959-ലാണ് ശാന്തപുരത്ത് ചേരുന്നത്. നീണ്ട ഒമ്പത് വര്‍ഷം പഠനം തുടര്‍ന്നു. പ്രതിഭാശാലിയായ അദ്ദേഹം അക്കാലം മുതല്‍ അന്വേഷണ കുതുകിയും ഗവേഷണ തല്‍പരനുമായിരുന്നു. വായനാപ്രിയനും പുസ്തകപ്രേമിയും. കര്‍മശാസ്ത്ര വിഷയങ്ങളില്‍ പ്രത്യേകം തല്‍പരനായിരുന്നു. പണ്ഡിതന്മാര്‍ക്കിടയിലെ തര്‍ക്ക പ്രശ്നങ്ങള്‍ പഠിക്കുകയും പ്രമാണങ്ങളുടെ വെളിച്ചത്തില്‍ അവ അപഗ്രഥിക്കുകയും ചെയ്യുന്ന ശീലം അക്കാലത്ത് മുതിര്‍ന്ന വിദ്യാര്‍ഥികള്‍ക്കുണ്ടായിരുന്നു. അന്ന് നടപ്പിലുണ്ടായിരുന്ന വിദ്യാര്‍ഥി പാര്‍ലമെന്റും സാഹിത്യ സമാജങ്ങളും വൈജ്ഞാനിക വളര്‍ച്ചക്ക് ഫലപ്രദമായി ഉപയോഗപ്പെടുത്തിയിരുന്നു. പ്രഭാഷകനും എഴുത്തുകാരനുമായി വളരാനും ശാന്തപുരത്തെ വിദ്യാഭ്യാസം സഹായകമായി. അദ്ദേഹത്തിന്റെ പില്‍ക്കാല രചനകള്‍ക്കെല്ലാം ബീജാവാപം ചെയ്തത് ശാന്തപുരത്തു വെച്ചാണ്. അക്കാലത്ത് അവിടെ ചര്‍ച്ചചെയ്തിരുന്ന വിഷയങ്ങള്‍ തന്റെ വൈജ്ഞാനിക ചക്രവാളം വികസിക്കുന്നതിനനുസരിച്ച് അദ്ദേഹം അപഗ്രഥിക്കുകയും  അഭിപ്രായങ്ങള്‍ രൂപവത്കരിക്കുകയും ചെയ്തു.
'സകാത്ത്: തത്ത്വവും പ്രയോഗവും' എന്ന കൃതിയുടെ ആമുഖത്തില്‍ അദ്ദേഹം എഴുതിയ വരികള്‍ ഇവിടെ കുറിക്കാം: ''ഏകദേശം 35 വര്‍ഷം മുമ്പ് വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ പ്രബോധനം പത്രാധിപരായിരുന്ന മര്‍ഹൂം ടി. മുഹമ്മദ് സാഹിബിന്റെ 'ആധുനിക ചിന്തകള്‍' എന്ന പുസ്തകം വായിക്കാനിടയായി. ശാന്തപുരം കോളേജ് മോഡല്‍ പാര്‍ലമെന്റിലെ ചില ചോദ്യങ്ങള്‍ക്ക് മറുപടി കണ്ടെത്താന്‍ ശ്രമിക്കുകയായിരുന്നു. കേരളീയ കാര്‍ഷിക വിളകളുടെ സകാത്ത് സംബന്ധിച്ച് തികച്ചും പുതിയ ഒരു ചിന്തയായിരുന്നു ആ ഗ്രന്ഥം അവതരിപ്പിച്ചത്. എങ്കിലും അതിലെ ചില നിഗമനങ്ങളുമായി യോജിക്കാന്‍ കഴിഞ്ഞില്ല. കൂടുതല്‍ പഠിക്കുകയും പരിശോധിക്കുകയും ചെയ്തപ്പോള്‍ വിയോജിപ്പുകള്‍ക്ക് ശക്തി കൂടി. പ്രസ്തുത ഗ്രന്ഥത്തിന് നിശിതമായ ഒരു നിരൂപണമെഴുതി. അന്നു മുതലേ മനസ്സില്‍ മഥിക്കുന്ന ഒരു വിഷയമായതിനാല്‍ ഇന്നും ഏതെങ്കിലും ബുക് സ്റ്റാളുകളിലോ ലൈബ്രറിയിലോ കയറിയാല്‍ ഇതു സംബന്ധിച്ച് കാണപ്പെടുന്ന ഒരു പുസ്തകവും സ്വന്തമാക്കുകയോ പരിശോധിക്കുകയോ ചെയ്യാതെ വിടാറില്ല'' (പേജ് 3). ഇതായിരുന്നു അബ്ദുല്ലാ ഹസന്റെ സ്വഭാവം. ജീവിതത്തില്‍ ആദ്യാവസാനം ഈ വിധത്തിലായിരുന്നു അദ്ദേഹത്തിന്റെ പഠനഗവേഷണങ്ങള്‍.
ശാന്തപുരം കോളേജിലെ ഫൈനല്‍ വര്‍ഷം ലൈബ്രറിയില്‍ തന്നെയായിരുന്നു അദ്ദേഹത്തിന്റെ കിടത്തം. വെള്ളിമാട്കുന്നിലെ ജമാഅത്ത് കേന്ദ്രത്തില്‍ ലൈബ്രറിയായിരുന്നു ഓഫീസും. ഖത്തറില്‍ താമസസ്ഥലത്ത് ഒരു ലൈബ്രറിയുണ്ടായിരുന്നു. അതിലെ പുസ്തകങ്ങളെല്ലാം 2001-ല്‍ നാട്ടിലേക്ക് മടങ്ങിയപ്പോള്‍ വീട്ടിലേക്ക് കൊണ്ടുവരികയും അവിടെ ഒരു ലൈബ്രറി സ്ഥാപിക്കുകയും ചെയ്തു.

ഗവേഷണ പഠനങ്ങള്‍
അബ്ദുല്ലാ ഹസന്റെ മിക്കവാറും രചനകള്‍ കര്‍മശാസ്ത്ര ശാഖയില്‍ പെട്ടതാണ്. പണ്ടുമുതലേ സമുദായ പണ്ഡിതന്മാര്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസമുള്ള പ്രശ്നങ്ങള്‍. അവയോട് ചേര്‍ന്നു നില്‍ക്കുന്ന പുതിയ വിഷയങ്ങളും അദ്ദേഹം ചര്‍ച്ചാവിഷയമാക്കിയിട്ടുണ്ട്. ഇതില്‍ ആദ്യത്തേത്  'ഇബാദത്ത് ഒരു ലഘുപഠനം' എന്ന കൃതിയാണ്. ജമാഅത്തെ ഇസ്‌ലാമിക്കും മുജാഹിദ് വിഭാഗത്തിനുമിടയില്‍ ഒരുകാലത്ത് കത്തിനിന്ന വിഷയമാണത്. തദ്വിഷയകമായി എറണാകുളത്ത് സംഘടിപ്പിക്കപ്പെട്ട സംവാദത്തില്‍ ജമാഅത്ത് ഭാഗത്തുനിന്ന് നടത്തിയ വിഷയാവതരണ പ്രബന്ധമാണ് ഈ കൃതി. സംവാദത്തില്‍ മുജാഹിദ് ഭാഗത്തുനിന്ന് പങ്കെടുത്ത പ്രഗത്ഭമതികളായ ഉന്നത പണ്ഡിതന്മാര്‍ക്കു മേല്‍ ജമാഅത്ത് ഭാഗത്തുനിന്ന് പങ്കെടുത്ത ചെറുപ്പക്കാര്‍ക്ക് മേല്‍ക്കൈ ലഭിക്കുന്നതില്‍ പ്രസ്തുത പ്രബന്ധം വലിയ പങ്കു വഹിക്കുകയുണ്ടായി.
1999-ലാണ് 'സകാത്ത്: തത്ത്വവും പ്രയോഗവും' എന്ന അദ്ദേഹത്തിന്റെ പുസ്തകം പ്രസിദ്ധീകരിക്കപ്പെട്ടത്. സകാത്തിനെക്കുറിച്ച പഴയ ചര്‍ച്ചകള്‍  ചര്‍വിതചര്‍വണം ചെയ്യുകയല്ല അദ്ദേഹം. 'ഇജ്തിഹാദ് തര്‍ജീഹി' എന്ന ഇനത്തില്‍പെട്ട പുസ്തകമാണിത്. ഓരോ വിഭാഗത്തിന്റെയും ന്യായാന്യായം പരിശോധിച്ച് അവയില്‍ കൂടുതല്‍ പ്രമാണബദ്ധവും യുക്തിഭദ്രവും ഏതെന്ന് കണ്ടെത്തുന്നു, അവക്കനുകൂലമായ പുതിയ പ്രമാണങ്ങള്‍ കണ്ടെത്തുന്നു, ആധുനിക പഠനങ്ങളെ അവലംബിക്കുന്നു. സകാത്ത് വിഷയത്തില്‍ ഡോ. യൂസുഫുല്‍ ഖറദാവിയുടെ 'ഫിഖ്ഹുസ്സകാത്ത്' എന്ന ബൃഹദ് ഗ്രന്ഥമാണ് അദ്ദേഹം അവലംബിച്ചത്.
നിസാബ് തികയുന്ന മുറയ്ക്ക് പുതുതായി ലഭിക്കുന്ന ധനത്തിന് കൊല്ലം തികയുന്നത് നോക്കാതെ കിട്ടിയ പാടേ സകാത്ത് നല്‍കണോ, കച്ചവട വസ്തുക്കളില്‍ സകാത്ത് എങ്ങനെ കണക്കു കൂട്ടണം, ക്രയവിക്രയം നടക്കാത്ത 'ഡെഡ് സ്റ്റോക്കു'കളുടെ സകാത്ത് എങ്ങനെ, കടത്തിന്റെ സകാത്ത്, നികുതിയും സകാത്തും, സീസണ്‍ കച്ചവടം, വ്യവസായ ശാലകളുടെയും ഫാക്ടറികളുടെയും സകാത്ത്..... തുടങ്ങിയ വിഷയങ്ങളിലെല്ലാം ഖറദാവിയുടെ അഭിപ്രായങ്ങളെ തന്നെയാണ് അദ്ദേഹം ശരിവെക്കുന്നത്. അതേസമയം ആഭരണങ്ങളുടെ സകാത്ത് വിഷയത്തില്‍ ഖറദാവിയുടെ അഭിപ്രായത്തെ നിരാകരിക്കുന്നുമുണ്ട്. സ്ത്രീകള്‍ സാധാരണ ധരിക്കാറുള്ള ആഭരണങ്ങള്‍ക്ക് സകാത്ത് വേണ്ടതില്ല എന്ന ശാഫിഈ മദ്ഹബിലെ വീക്ഷണമാണ് ഖറദാവിക്കുള്ളത്. പ്രസ്തുത വീക്ഷണത്തെ ഹസന്‍ സാഹിബ് ശക്തമായി എതിര്‍ക്കുന്നുണ്ട്. ഈ വിഷയത്തില്‍ ഞങ്ങള്‍ തമ്മില്‍ പ്രബോധനത്തിന്റെ താളുകളില്‍ മുമ്പ് ഏറ്റുമുട്ടിയിട്ടുണ്ട്. സ്വന്തം നിലപാടില്‍നിന്ന് തെല്ലും പിറകോട്ടുപോകാന്‍ അദ്ദേഹം സന്നദ്ധനാവുകയില്ല.
കാര്‍ഷികോല്‍പന്നങ്ങളുടെ സകാത്ത് വിഷയത്തില്‍ ഇമാം അബൂഹനീഫയെയാണ് അദ്ദേഹം തുണക്കുന്നത്. അതുപ്രകാരം കേരളീയ ഉല്‍പന്നങ്ങളുടെ സകാത്ത് എങ്ങനെയായിരിക്കണമെന്നും വിശദീകരിക്കപ്പെട്ടിരിക്കുന്നു. സംഘടിത സകാത്ത് വിതരണത്തിന്റെ ആവശ്യകതയും ഇതര മതവിഭാഗങ്ങള്‍ക്ക് കൂടി സകാത്ത് നല്‍കുന്നതിന്റെ സാധുതയുമൊക്കെ ചര്‍ച്ചചെയ്ത ഈ കൃതി സകാത്ത് വിഷയത്തില്‍ വളരെ പ്രയോജനകരമാണ്. അതുകൊണ്ടുതന്നെ ഇതിനകം ഈ പുസ്തകത്തിന്റെ എട്ടു പതിപ്പുകള്‍  പുറത്തിറങ്ങിയിട്ടുണ്ട്.

'മുസ്‌ലിംകള്‍ ബഹുസ്വര
സമൂഹത്തില്‍'
ഇന്ത്യയെപ്പോലുള്ള ഒരു ബഹുസ്വര സമൂഹത്തില്‍ മുസ്‌ലിംകള്‍ എങ്ങനെ ജീവിക്കണമെന്ന വിഷയം സജീവ ചര്‍ച്ചക്ക് വിധേയമാക്കുന്നു.  ഇസ്‌ലാമിക കര്‍മസരണികള്‍ / മദ്ഹബുകള്‍ രൂപപ്പെട്ടതെല്ലാം മുസ്‌ലിം ഭൂരിപക്ഷ സമൂഹത്തിലാണല്ലോ. പ്രശ്നങ്ങള്‍ ചര്‍ച്ചക്കെടുക്കുമ്പോഴും പരിഹാരങ്ങള്‍ നിര്‍ദേശിക്കുമ്പോഴും ഈ സ്വാധീനം കാണാതിരിക്കുകയില്ല. പഴയ ഗ്രന്ഥങ്ങളെ ആമൂലാഗ്രം അനുധാവനം ചെയ്യുന്നതിനു പകരം ത്യാജഗ്രാഹ്യബോധത്തോടെ സമീപിക്കേണ്ടിവരും. പണ്ഡിത ലോകത്ത് ഈ വിഷയത്തില്‍ കാണുന്ന അഭിപ്രായവ്യത്യാസങ്ങള്‍ വലുതാണ്. പ്രമാണങ്ങളെയും യുക്തിയെയും സമന്വയിപ്പിച്ചുകൊണ്ടുള്ള ഒരു നിലപാടാണ് അബ്ദുല്ലാ ഹസന്‍ ഈ കൃതിയില്‍ സ്വീകരിച്ചിട്ടുള്ളത്.
ഇസ്‌ലാമിലെ വിശ്വാസസ്വാതന്ത്ര്യത്തെ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് മതപരിത്യാഗി(മുര്‍ത്തദ്ദ്)യുടെ ശിക്ഷയെ അദ്ദേഹം പുനര്‍വായനക്ക് വിധേയമാക്കുന്നുണ്ട്. അമുസ്‌ലിംകളെ അഭിവാദ്യം ചെയ്യല്‍, അമുസ്‌ലിംകള്‍ക്ക് സകാത്ത് നല്‍കല്‍, അമുസ്‌ലിം ദമ്പതികളിലൊരാള്‍ മുസ്‌ലിമായാല്‍ ആ വിവാഹബന്ധം നിര്‍ബാധം തുടരാമോ, അമുസ്‌ലിംകളുടെ പള്ളിപ്രവേശം, മുസ്‌ലിം ന്യൂനപക്ഷത്തിന്റെ രാഷ്ട്രീയ പങ്കാളിത്തം എന്നീ വിഷയങ്ങളും ഈ ചെറുകൃതിയില്‍ പ്രതിപാദിച്ചിട്ടുണ്ട്. എല്ലാവരെയും ഒരുപക്ഷേ ബോധ്യപ്പെടുത്താനും എല്ലാ ചോദ്യങ്ങള്‍ക്കും തൃപ്തികരമായ മറുപടി പറയാനും അദ്ദേഹത്തിന് കഴിഞ്ഞു എന്നു പറഞ്ഞുകൂടാ. എങ്കിലും പാരമ്പര്യ വീക്ഷണങ്ങളെ ഇളക്കിമറിക്കാന്‍ അദ്ദേഹത്തിന് സാധിച്ചിരിക്കുന്നു.

'മുസ്‌ലിം സ്ത്രീ പ്രമാണങ്ങളിലും സമ്പ്രദായങ്ങളിലും'
2014-ലാണ്  ഈ കൃതി പ്രസിദ്ധീകരിക്കപ്പെടുന്നത്. സ്ത്രീകളോട് ക്രൂരത കാണിക്കുന്ന സമൂഹമാണ് മുസ്‌ലിംകള്‍ എന്ന പ്രചാരണം എങ്ങും നടക്കുന്ന കാലമാണിത്. സ്ത്രീസ്വാതന്ത്ര്യമെന്ന പേരില്‍ സ്ത്രീകളെ കേവലം ആസ്വാദ്യവസ്തുവായി ദുരുപയോഗം ചെയ്യുകയും സ്ത്രീപീഡനത്തിനെല്ലാം തത്ത്വശാസ്ത്രം മെനയുകയുമായിരുന്നു യഥാര്‍ഥത്തില്‍ പ്രതിയോഗികള്‍ ചെയ്തുകൊണ്ടിരുന്നത്.  സ്ത്രീകള്‍ക്ക് മാന്യതയും പരിരക്ഷയും സമൂഹത്തില്‍ സ്ഥാനപദവികളും നല്‍കി ആദരിച്ചത് ഇസ്‌ലാമാണ്. പക്ഷേ, മുസ്‌ലിം സമൂഹത്തില്‍ ചില വിഭാഗങ്ങളില്‍നിന്ന് കടന്നുകൂടിയ പലതരം ദുരാചാരങ്ങളുണ്ട്. അവയുടെ കല്ലും നെല്ലും വേര്‍തിരിക്കുകയാണ് ഗ്രന്ഥകര്‍ത്താവ്. ആദിപാപം സ്ത്രീയില്‍നിന്നാണ് എന്ന വാദം, സ്ത്രീകള്‍ മുഖവും മുന്‍കൈയും മറക്കണമെന്ന വിശ്വാസം, സ്ത്രീകളുടെ പള്ളിപ്രവേശനിഷേധം, സ്ത്രീകളുടെ രാഷ്ട്രീയ പങ്കാളിത്തം എന്നീ വിഷയങ്ങളിലെല്ലാം അദ്ദേഹത്തിന്റെ വീക്ഷണങ്ങള്‍ പ്രസക്തമാണ്.
പുതിയ തലമുറയില്‍ കര്‍മശാസ്ത്ര ശാഖയിലും ക്ലാസിക് കൃതികളുടെ പഠനത്തിലും താല്‍പര്യം കാണിക്കുന്നവര്‍ തുലോം വിരളമായിരിക്കെ, അബ്ദുല്ലാ ഹസന്റെ ജീവിതം അവര്‍ക്ക് പ്രചോദനമാകേണ്ടതാണ്.
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-39 / അസ്സുമര്‍ 24-28
ടി.കെ ഉബൈദ്‌

ഹദീസ്‌

വിനയാന്വിതരാവൂ, ഉയരങ്ങളിലെത്താം
സുബൈര്‍ കുന്ദമംഗലം