Prabodhanm Weekly

Pages

Search

2021 ഒക്‌ടോബര്‍ 08

3221

1443 റബീഉല്‍ അവ്വല്‍ 01

പ്രസ്ഥാനത്തിന് സമര്‍പ്പിച്ച ജീവിതം

എം.വി മുഹമ്മദ് സലീം

ഇത് ജീവിതകഥയിലെ ഒരേടാണ്. ആത്മീയ അനുഭൂതികള്‍ അയവിറക്കാന്‍ സഹായകമാകുന്ന സ്മൃതികളാണ്. അല്ലാഹുവിനു വേണ്ടി സ്‌നേഹിക്കുകയും പരസ്പരം സഹകരിക്കുകയും ചെയ്ത അനുഭവങ്ങളാണ്.
അബ്ദുല്ലാ ഹസന്‍ സാഹിബിനെ ആദ്യമായി കാണുന്നത് ശാന്തപുരം ഇസ്‌ലാമിയാ കോളേജില്‍ വെച്ച്.
1960-ല്‍ പുളിക്കല്‍ മദീനത്തുല്‍  ഉലൂം അറബിക്കോളേജില്‍ മതവിദ്യാഭ്യാസം നേടുന്ന കാലം. ആത്മീയമായും വൈജ്ഞാനികമായും മെച്ചപ്പെട്ട ഒരു സ്ഥാപനത്തിലേക്ക് മാറാന്‍ മോഹം. ലഖ്‌നൗ നദ്വത്തുല്‍ ഉലമായിലേക്ക് ഒരു കത്തെഴുതി. അവിടെ ചേര്‍ന്ന് പഠിക്കാനായിരുന്നു പ്ലാന്‍. എന്നാല്‍ വന്ദ്യ ഗുരുനാഥന്മാരും ജ്യേഷ്ഠനും താല്‍പര്യമെടുത്ത് ഞാന്‍ ശാന്തപുരം ഇസ്ലാമിയാ കോളേജില്‍ എത്തി. ഞാന്‍ ചേര്‍ന്ന ക്ലാസ്സിന്റെ തൊട്ടുതാഴെ പഠിക്കുന്നവരില്‍ എനിക്കേറെ ഇഷ്ടപ്പെട്ട പഠിതാവായിരുന്നു അബ്ദുല്ലാ  ഹസന്‍. അദ്ദേഹത്തിന്റെ വീട് മഞ്ചേരി. പ്രസ്ഥാനത്തിന്റെ സജീവ പ്രവര്‍ത്തകനായ കെ.കെ അലി സാഹിബിന്റെ ജ്യേഷ്ഠന്റെ മകന്‍.
സ്വന്തം മകനെപ്പോലെ എന്നെ സ്‌നേഹിക്കുകയും സഹായിക്കുകയും പ്രസ്ഥാന പ്രവര്‍ത്തനങ്ങള്‍ക്ക് പ്രചോദനമാവുകയും ചെയ്ത കെ.കെ അലി സാഹിബുമായി പരിചയപ്പെടുന്നത് മര്‍ഹൂം എ.എം അബൂബക്കര്‍ സാഹിബിന്റെ കൂടെയുള്ള ഒരു യാത്രയിലാണ്. ആ ബന്ധം കൂടുതല്‍ രൂഢമൂലമായി. പില്‍ക്കാലത്ത് എന്റെ ഭാര്യാസഹോദരന്‍ വിവാഹം കഴിച്ചത് അദ്ദേഹത്തിന്റെ സഹോദരപുത്രിയെയാണ്. എന്നാല്‍ എല്ലാ ബന്ധത്തേക്കാളും ഊഷ്മളമായിരുന്നു ഞങ്ങളുടെ പ്രാസ്ഥാനിക ബന്ധം.
പഠനകാലത്ത് വിദ്യാര്‍ഥികള്‍ പരസ്പരം അടുത്ത് പരിചയപ്പെടുന്ന പ്രധാന വേദിയായിരുന്നു സാഹിത്യസമാജം. മര്‍ഹൂം അബ്ദുല്ലക്കുട്ടി മൗലവി അറബിയില്‍ ഗാനങ്ങള്‍ രചിക്കും. അവ ഈണത്തില്‍ പാടി അവതരിപ്പിക്കാനുള്ള വേദി സാഹിത്യസമാജമാണ്. മുട്ടം സ്വദേശി കെ.എം ഇബ്‌റാഹീമും ഞാനും ആലാപനപ്രിയര്‍. സമാജത്തില്‍ നല്ല ഉപന്യാസങ്ങള്‍ അവതരിപ്പിക്കാനായിരുന്നു ഹസന്‍ സാഹിബിന് താല്‍പര്യം. അദ്ദേഹത്തിന്റെ ലിഖിതങ്ങള്‍ ഉയര്‍ന്ന നിലവാരം പുലര്‍ത്തിയിരുന്നു. ചെറുപ്പം മുതലുള്ള ഈ വാസന അദ്ദേഹത്തെ  നല്ല എഴുത്തുകാരനാക്കി. പ്രബോധനം മാസിക പത്രാധിപരാകാനും  അനേകം ഗ്രന്ഥങ്ങളുടെ കര്‍ത്താവാകാനും  സഹായകമായത് ചെറുപ്പന്നേ എഴുത്തിലുള്ള ഈ താല്‍പര്യമായിരുന്നു. കൂട്ടത്തില്‍ അദ്ദേഹത്തിന്റെ പരന്ന വായനയും. 
ശാന്തപുരത്തു നിന്ന് ബിരുദം നേടിയ ശേഷം തഫ്ഹീമുല്‍ ഖുര്‍ആന്റെ ആദ്യ പരിഭാഷ തയാറാക്കാന്‍ അഭിവന്ദ്യനായ ടി.കെ അബ്ദുല്ല സാഹിബിന്റെ സഹായിയായി നിയോഗിക്കപ്പെടുന്നതു വരെ ഞാന്‍ അധ്യാപനവൃത്തിയില്‍ കഴിച്ചു കൂട്ടി. പ്രസ്തുത ദൗത്യം പൂര്‍ത്തിയായപ്പോള്‍ എന്നെ പ്രബോധനത്തില്‍ നിയമിച്ചു.
അക്കാലത്ത് കൊച്ചിയില്‍ മര്‍ഹൂം കെ.സി അബൂബക്കര്‍ മൗലവി ഒരു ജമാഅത്ത് ഖണ്ഡനം നടത്തി. അതില്‍ അദ്ദേഹം പ്രധാനമായും വിമര്‍ശനവിധേയമാക്കിയത് 'ഇബാദത്ത് ഇസ്‌ലാമില്‍: സംശയങ്ങളും മറുപടിയും' എന്ന എന്റെ ലഘുകൃതിയായിരുന്നു. അതിനാല്‍ കൊച്ചിയിലെ പ്രസ്ഥാന ബന്ധുക്കള്‍ ഓഫീസില്‍ വന്ന് മര്‍ഹൂം കെ.സി അബ്ദുല്ല മൗലവിയുമായി ചര്‍ച്ച നടത്തി ഒരു ദിവസത്തെ പരിപാടിക്ക് എന്നെ അയക്കാന്‍ സമ്മതം തേടി.
1971 ജനുവരി മാസത്തിലെ ഒരു സായാഹ്നത്തില്‍ കൊച്ചിയിലെ ഒരു മൈതാനത്ത് തടിച്ചുകൂടിയ വമ്പന്‍ സദസ്സില്‍ ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ ആദര്‍ശ അടിത്തറ വിശദീകരിച്ച ശേഷം ഞാന്‍ വിമര്‍ശനങ്ങള്‍ക്ക് അക്കമിട്ട് മറുപടി നല്‍കി. കൂറ്റമ്പാറ, പൂക്കോട്ടുംപാടം, മലപ്പുറം കോട്ടപ്പടി എന്നിവിടങ്ങളില്‍ വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കിയ പരിചയമുണ്ട്. എന്നാല്‍ കൊടുങ്ങല്ലൂര്‍ എടവിലങ്ങ് പള്ളിയില്‍ മധ്യസ്ഥന്മാരുടെ സാന്നിധ്യത്തില്‍ നടത്തിയ ഒരു സംവാദം പ്രശ്‌നങ്ങളില്‍ സമവായമുണ്ടാകാന്‍ സഹായകമായ അനുഭവം മുന്നില്‍ വെച്ച് ഉല്‍പതിഷ്ണു വിഭാഗത്തെ സംവാദത്തിന് വെല്ലുവിളിച്ചുകൊണ്ടാണ് ഞാന്‍ പ്രസംഗം അവസാനിപ്പിച്ചത്.
അടുത്ത മാസം ഖത്തറില്‍ പോകാന്‍ സൗകര്യം ലഭിച്ചതോടെ എനിക്ക് രംഗമൊഴിയേണ്ടിവന്നു. വെല്ലുവിളി ഏറ്റെടുത്ത ഉല്‍പതിഷ്ണു വിഭാഗം വിശദമായ  സംവാദത്തിന്  കോപ്പു കൂട്ടുകയായിരുന്നു. എ. അലവി മൗലവി, കെ. ഉമര്‍ മൗലവി, കെ.എസ്.കെ. തങ്ങള്‍ എന്നീ പ്രഗത്ഭ പണ്ഡിതന്മാരാണ് അവരുടെ ഭാഗത്ത്. ജമാഅത്തിന്റെ ഭാഗത്ത് ഒ. അബദുര്‍റഹ്മാന്‍, വി.കെ അലി, കെ. അബ്ദുല്ലാ ഹസന്‍ എന്നീ യുവാക്കളും. മര്‍ഹൂം ടി. ഇസ്ഹാഖലി മൗലവി അവരുടെ മാര്‍ഗദര്‍ശിയായി കൂടെ ഉണ്ടായിരുന്നു.
നിശ്ചിത നിബന്ധനകളനുസരിച്ച് ഭംഗിയായി നടന്ന പ്രസ്തുത പരിപാടി വീഡിയോയില്‍ പകര്‍ത്താന്‍ കഴിഞ്ഞിരുന്നുവെങ്കില്‍ ജമാഅത്ത്-മുജാഹിദ് സംവാദത്തിന് പില്‍ക്കാലത്ത് ഇരു വിഭാഗവും നഷ്ടപ്പെടുത്തിയ കണക്കില്ലാത്ത സമയവും അധ്വാനവും ലാഭിക്കാമായിരുന്നു. ജമാഅത്തിനെ പ്രതിനിധീകരിച്ച മൂന്നു പേരും ചര്‍ച്ചയിലുടനീളം മികച്ചുനിന്നു. മാധ്യസ്ഥം വഹിച്ച മുജാഹിദ് നേതാവ്  മുഹമ്മദ് സേട്ട് ചര്‍ച്ച സമാഹരിച്ച്, ജമാഅത്തിനെതിരെ ഉന്നയിക്കുന്ന വിമര്‍ശനങ്ങള്‍ നിലനിലക്കുന്നവയല്ലെന്ന് പ്രഖ്യാപിച്ചു.
കെ. ഉമര്‍ മൗലവി പ്രത്യേകം കേന്ദ്രീകരിച്ചിരുന്ന വിഷയമായിരുന്നു ഇബാദത്ത് ആരാധന മാത്രമാണെന്ന വാദം. അബ്ദുല്ലാ ഹസന്‍ സാഹിബ് തയാറാക്കിയ ജമാഅത്തിന്റെ നിലപാട് സമര്‍ഥിക്കുന്ന ഉപന്യാസം പ്രമാണങ്ങള്‍ അവലംബമാക്കി ആരെയും ബോധ്യപ്പെടുത്തുന്ന ശൈലിയിലുള്ളതായിരുന്നു. അതോടെ മറുഭാഗത്തിന്റെ വാദങ്ങളുടെ മുനയൊടിഞ്ഞു. സംവാദത്തിന്റെ വിശദ വിവരം അറിഞ്ഞപ്പോള്‍ എന്റെ അഭാവം സംവാദത്തിന് അനുഗ്രഹമായി എന്നെനിക്ക് തോന്നി. മൂന്നു പേരും ഒന്നിനൊന്ന് മെച്ചപ്പെട്ട രീതിയില്‍ വിഷയങ്ങള്‍ അവതരിപ്പിക്കുകയും ചര്‍ച്ചയില്‍ തിളങ്ങുകയും ചെയ്തു.
ആലപ്പുഴയില്‍ പ്രസ്ഥാനത്തിന് ആഴത്തില്‍ വേരുകളുണ്ടാക്കാന്‍ അവിടേക്ക് നിയോഗിക്കപ്പെട്ട സന്ദര്‍ഭത്തില്‍ അബ്ദുല്ലാ ഹസന്‍ സാഹിബ് ശ്രമിക്കുകയുണ്ടായി. ശാന്തപുരത്തെ പഠിതാക്കളെക്കുറിച്ച് അവിടങ്ങളില്‍ നല്ല മതിപ്പുണ്ടാക്കാന്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തനം സഹായകമായി. അദ്ദേഹത്തിനു ശേഷം ഒ.പി ഹംസ സാഹിബാണ് ആലപ്പുഴയില്‍ പ്രസ്ഥാന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. അക്കാലത്ത് ഒരു നബിദിനാഘോഷത്തില്‍ പ്രഭാഷണം നടത്താന്‍ ജമാഅത്തിന്റെ ഒരു പ്രതിനിധി വേണമെന്ന് ആലപ്പുഴ ലജ്‌നത്തുല്‍ മുഹമ്മദിയ്യ തീരുമാനിച്ചതില്‍നിന്ന് ജമാഅത്തിന് ലഭിച്ച അംഗീകാരം വ്യക്തമാണ്. അങ്ങനെയാണ് ജനബഹുലമായ ആ മഹാ സദസ്സിനെ അഭിസംബോധന ചെയ്യാന്‍ എനിക്ക് അവസരം ലഭിച്ചത്.
അബ്ദുല്ലാ ഹസന്‍ സാഹിബ് പ്രബോധനത്തില്‍ സജീവമായപ്പോഴും അടിയന്തരാവസ്ഥക്കാലത്തും ഞാന്‍ നാട്ടിലുണ്ടായിരുന്നില്ല. പിന്നീടദ്ദേഹം ഖത്തറില്‍ ഞങ്ങളോടൊപ്പം ചേര്‍ന്നു. അക്കാലത്താണ് ഇന്ത്യന്‍ ഇസ്‌ലാമിക് അസോഷിയേഷന് വ്യവസ്ഥാപിത സംവിധാനവും പ്രവര്‍ത്തനങ്ങള്‍ക്ക് അധികൃതരുടെ മൗനാനുവാദവും നേടിയെടുത്തത്. അഭിവന്ദ്യ സഹോദരന്‍ ഖാസിം മൗലവിയാണ് ആദ്യത്തെ പ്രസിഡന്റ്. മര്‍ഹൂം പി. അബ്ദുല്ലക്കുട്ടി മൗലവി വൈസ് പ്രസിഡന്റും. അംഗങ്ങളുടെ വൈജ്ഞാനിക വളര്‍ച്ചയിലായിരുന്നു ആദ്യകാലത്തെ ഊന്നല്‍. അധ്യാപകരായി അനുഭവജ്ഞാനം ധാരാളമുള്ള രണ്ടു മൗലവിമാരുടെയും സാന്നിധ്യം ഇതിന് വലിയ മുതല്‍ക്കൂട്ടായി.
അബ്ദുല്ലാ ഹസന്‍ സാഹിബ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട സമയം സംഘടന വിപുലമായി പ്രവര്‍ത്തിച്ചു തുടങ്ങിയിരുന്നു. പള്ളികളില്‍ വെള്ളിയാഴ്ച തോറും നടത്തുന്ന ക്ലാസുകള്‍, തലസ്ഥാനമായ ദോഹയില്‍നിന്ന് അകലെയുള്ള സ്ഥലങ്ങളില്‍ പ്രത്യേകം സംഘടിപ്പിച്ച ക്ലാസുകള്‍ എന്നിവയെല്ലാം ഈ വളര്‍ച്ചക്ക് വളം വെച്ചു. വനിതകളെ കൂടുതല്‍ പ്രവര്‍ത്തന രംഗത്തെത്തിച്ചു. മൂന്നു തവണ അസോസിയേഷന് നേതൃത്വം നല്‍കാന്‍ അദ്ദേഹത്തിന് ഭാഗ്യമുണ്ടായി. അണികളില്‍ നല്ലൊരു വിഭാഗം വിവിധ ഗുണങ്ങളും കഴിവുകളുമുള്ള പ്രഗത്ഭരായിരുന്നു. ഖത്തര്‍ ഇന്ത്യന്‍ ഇസ്‌ലാമിക് അസോസിയേഷന്റെ സുവര്‍ണ കാലത്തിന് അവിടെ തുടക്കം കുറിച്ചു. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ അസോസിയേഷന്റെ വളര്‍ച്ചക്ക് വളക്കൂറുള്ള മണ്ണ് പാകപ്പെടുത്താന്‍ സാധിച്ച കാലം.
ഇന്ത്യയിലെ ഇസ്ലാമിക പ്രസ്ഥാനത്തെ വിദേശങ്ങളില്‍ പരിചയപ്പെടുത്താനും പ്രവര്‍ത്തകരുടെ കൂട്ടായ്മകള്‍ ഇന്ത്യക്ക് പുറത്താണെങ്കിലും പ്രാസ്ഥാനിക സ്വഭാവം സ്വീകരിക്കാനും നിര്‍ദേശം ലഭിച്ചത് ഇക്കാലത്താണ്. റിയാദ് ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന ഉര്‍ദു ഹല്‍ഖയുടെ അമീര്‍ മര്‍ഹൂം അബ്ദുല്‍ ഹഖ് അന്‍സാരിയാണ് ഈ നിര്‍ദേശം മുന്നോട്ടു വെച്ചത്. പണ്ഡിതനും ദാര്‍ശനികനുമായ അദ്ദേഹത്തിന്റെ നിര്‍ദേശം താമസിയാതെ ജമാഅത്ത് നേതൃത്വത്തില്‍നിന്ന് പ്രവാസികള്‍ക്കെല്ലാം സര്‍ക്കുലറായി ലഭിച്ചു. പ്രസ്ഥാനത്തിന് ധാരാളം മൈലേജ് നേടിക്കൊടുത്ത നിര്‍ദേശമായിരുന്നു അതെന്ന് കാലം തെളിയിച്ചു.
ഖത്തറില്‍ ഈ ദൗത്യം നിര്‍വഹിച്ചു തുടങ്ങിയത് അബ്ദുല്ലാ ഹസന്‍ സാഹിബായിരുന്നു. മര്‍ഹൂം കെ.സി അബ്ദുല്ല മൗലവി പരിചയപ്പെടുത്തിയ ഒരു പ്രാസ്ഥാനിക പഠനരീതിയുണ്ട്. ഖുര്‍ആനും സുന്നത്തും അവലംബമാക്കി ഭരണഘടന വിശദീകരിക്കുന്ന രീതി. ഇതിന്റെ വെളിച്ചത്തില്‍ ഭരണഘടനയിലെ ആദര്‍ശം, ലക്ഷ്യം, പ്രവര്‍ത്തനമാര്‍ഗം എന്നിവ ഖുര്‍ആന്‍ സൂക്തങ്ങള്‍ അവലംബിച്ച് വിശദീകരിച്ചപ്പോള്‍ അതിന്  നവജീവന്‍ കൈവന്ന പോലെ. മതപരമായ പശ്ചാത്തലങ്ങളില്‍നിന്ന് വരുന്നവരെ ബോധ്യപ്പെടുത്താന്‍ ഈ രീതി കൂടുതല്‍ ഫലപ്രദമാണെന്ന് പറയേണ്ടതില്ല.
ജനസമ്പര്‍ക്കത്തില്‍ തല്‍പരനായിരുന്ന അബ്ദുല്ലാ ഹസന്‍ സാഹിബ് ഇതര സംഘടനകളുടെ നേതാക്കന്മാരുമായി അടുത്ത ബന്ധം പുലര്‍ത്തി. ഇത് ഖത്തറിലെ പ്രവാസികളില്‍ പരസ്പര സ്‌നേഹത്തിന്റെയും സഹകരണത്തിന്റെയും അന്തരീക്ഷം സൃഷ്ടിച്ചു. അസോസിയേഷന്‍ പ്രവാസികളുടെ ആവേശമായി മാറിയ കാലം. അദ്ദേഹത്തിനു ശേഷം സംഘടനയുടെ സാരഥ്യം വഹിക്കേണ്ടി വന്നപ്പോള്‍ ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുള്ള കരുക്കള്‍ നീക്കുന്നതില്‍ വിജയിച്ച ഒരു പ്രതീതിയാണ് അനുഭവപ്പെട്ടത്. എന്റെ ദൗത്യനിര്‍വഹണത്തില്‍ വിജയിച്ചേടത്തെല്ലാം ഹസന്‍ സാഹിബിന്റെ പാദമുദ്രകള്‍ പതിഞ്ഞിട്ടുണ്ടാവും. പ്രസ്ഥാന പ്രവര്‍ത്തകരുടെ കലവറയില്ലാത്ത സഹകരണവും അല്ലാഹുവിന്റെ പേരിലുള്ള പരസ്പര സ്‌നേഹവും നേതാക്കള്‍ക്ക് വലിയ മുതല്‍ക്കൂട്ടായിരുന്നു.
ഖത്തറില്‍നിന്ന് പിരിഞ്ഞ ശേഷം ഞങ്ങള്‍ കണ്ടുമുട്ടുന്നത് അല്‍ ജാമിഅ അല്‍ ഇസ്ലാമിയയില്‍ വെച്ചാണ്. അറബ്-ഇസ്ലാമിക യൂനിവേഴ്‌സിറ്റികളില്‍ തുടര്‍ന്നു വരുന്ന അധ്യാപന രീതിയും അച്ചടക്ക നിയമങ്ങളും എല്ലാം മുന്നില്‍ വെച്ച് ജാമിഅയിലെ സിലബസ്സിന്റെ പുനഃക്രോഡീകരണം നടത്തി പണ്ഡിതന്മാരുടെ  മുമ്പില്‍ വെക്കുകയും തദടിസ്ഥാനത്തില്‍ അത്യാധുനികമായ ഒരു സിലബസ്സ് തയാറാക്കുകയും ചെയ്തതില്‍ പ്രധാന പങ്ക് ഹസന്‍ സാഹിബിനാണ്.
2004-ല്‍ ഞാന്‍ ജാമിഅയില്‍ ഉത്തരവാദിത്തം ഏറ്റെടുത്തതു മുതല്‍ ഞങ്ങള്‍ രണ്ടു പേരും അധികസമയവും ഒന്നിച്ചാണ് മഞ്ചേരിയില്‍നിന്ന് ശാന്തപുരം പോകുന്നതും തിരിച്ചുവരുന്നതും. ആശയവിനിമയത്തിന് ഏറ്റവും പറ്റിയ അവസരമായിരുന്നു അത്. വിദ്യാഭ്യാസത്തെ ഒരേ കാഴ്ചപ്പാടില്‍ കാണുന്നവര്‍ എന്നതാണ് ഞങ്ങളെ ഒന്നിപ്പിക്കുന്ന വിശേഷണം. ജാമിഅയിലെ പഠനസമയം പ്രഭാതം മുതല്‍ മധ്യാഹ്നം വരെ ആക്കണമെന്ന ഞങ്ങളുടെ ആവശ്യം അംഗീകരിക്കുവോളം അബ്ദുല്ലാ ഹസന്‍ സാഹിബ് യോഗങ്ങളില്‍ ഉന്നയിച്ചുകൊണ്ടിരുന്നു. പരിശുദ്ധ ഖുര്‍ആനിന്റെയും തിരുചര്യയുടെയും വിശദീകരണത്തില്‍ നവീന രീതികള്‍ സ്വീകരിക്കുക ഞങ്ങളുടെ ശൈലിയായി. എന്നാല്‍ ഞങ്ങള്‍ക്കിടയില്‍ പല വിഷയങ്ങളിലും ഭിന്നാഭിപ്രായങ്ങള്‍ നിലനിന്നിരുന്നു. അപ്പോള്‍ പരസ്പരം അറിഞ്ഞ് വിട്ടുവീഴ്ച ചെയ്യാന്‍ ഒരു പ്രയാസവും ഞങ്ങള്‍ക്കുണ്ടായിരുന്നില്ല. കര്‍മരംഗത്ത് അദ്ദേഹം മറ്റുള്ളവരെയെല്ലാം പിന്നിലാക്കി. വിജ്ഞാന സപര്യയില്‍ ഒന്നാമനായി. വിദ്യാര്‍ഥികള്‍ക്ക് പ്രിയങ്കരനായി. തന്നെ വളര്‍ത്തിയ സ്ഥാപനത്തോടുള്ള കൂറ് അവസാന നിമിഷം വരെ പുലര്‍ത്തി. അസുഖവും ക്ഷീണവും അവഗണിച്ച് അവസാനത്തെ യോഗത്തിലും ഹാജരായി തന്റെ അഭിപ്രായങ്ങള്‍ പ്രകടിപ്പിച്ചു. ധന്യമായിരുന്നു ആ ജീവിതം.
ചെറുപ്പം മുതല്‍ ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ തണലും ചൂടും അനുഭവിച്ച് ജീവിതം പ്രസ്ഥാനത്തിനായി  സമര്‍പ്പിച്ച മാതൃകാ പ്രവര്‍ത്തകന്‍. ഒരു പുരുഷായുസ്സില്‍ ചെയ്യാനാവുന്ന പുണ്യകര്‍മങ്ങളെല്ലാം ചെയ്തുകൂട്ടിയ സൗഭാഗ്യവാനാണ് നമ്മെ വിട്ടുപിരിഞ്ഞ വന്ദ്യസഹോദരന്‍ അബ്ദുല്ലാ ഹസന്‍. അദ്ദേഹത്തിന്റെ സുകൃതങ്ങള്‍ സ്വീകരിച്ച് സര്‍വജ്ഞനായ തമ്പുരാന്‍ പോരായ്മകള്‍ പൊറുത്ത് ഇരട്ടിയിരട്ടി പ്രതിഫലം നല്‍കി അനുഗ്രഹിക്കട്ടെ-ആമീന്‍.
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-39 / അസ്സുമര്‍ 24-28
ടി.കെ ഉബൈദ്‌

ഹദീസ്‌

വിനയാന്വിതരാവൂ, ഉയരങ്ങളിലെത്താം
സുബൈര്‍ കുന്ദമംഗലം