മധുരമുള്ള ഓര്‍മകള്‍
ഭൗതികവും ആത്മീയവുമായ ഔപചാരിക വിദ്യാഭ്യാസം വളരെക്കുറച്ച് മാത്രമാണ് എനിക്ക് ലഭിച്ചിട്ടുള്ളത്. ഞങ്ങള്‍ തമ്മിലുള്ള വിവാഹം നടക്കുന്ന സമയത്ത് അദ്ദേഹം ശാന്തപുരം കോളേജില്‍ പഠിക്കുകയായിരുന്നു. കോളേജിന്റെ തൊട്ടടുത്തായിരുന്നു എന്റെ വീട്. നികാഹിനു ശേഷം ഒന്നിടവിട്ട ദിവസങ്ങളില്‍ വൈകുന്നേരം ക്ലാസ്സ് കഴിഞ്ഞ് വന്ന് എനിക്ക് അറബിയും ഖുര്‍ആനും ഹദീസും പഠിപ്പിച്ചുതരുമായിരുന്നു.
രണ്ട് വര്‍ഷത്തിനു ശേഷം ജമാഅത്ത് നിര്‍ദേശിച്ചതനുസരിച്ച് പ്രസ്ഥാന പ്രവര്‍ത്തനത്തിന് വേണ്ടി ആലപ്പുഴയിലേക്ക് പോയി. പിന്നെ മാസത്തിലൊരിക്കല്‍ നാട്ടിലേക്ക് വരും. മലപ്പുറം നൂറടിപ്പാലത്ത് നടന്ന ജമാഅത്ത് സമ്മേളനത്തിലാണ് ഞാന്‍ ആദ്യമായി ഒരു ജമാഅത്ത് യോഗത്തില്‍ പങ്കെടുക്കുന്നത്. അന്ന് ആലപ്പുഴയില്‍നിന്ന് വന്ന നേതാക്കള്‍ അബ്ദുല്ല ഹസന്‍ സാഹിബിന്റെ ഭാര്യയെ കാണാന്‍ വന്നതും ഉപഹാരങ്ങള്‍ തന്നതും ഇന്നും മായാത്ത ഓര്‍മയാണ്. അവരുടെ വിവരണം കേട്ടപ്പോഴാണ് അദ്ദേഹത്തിന്റെ കഴിവും പ്രാഗത്ഭ്യവും ആ അര്‍ഥത്തില്‍ ഞാന്‍ തിരിച്ചറിഞ്ഞു തുടങ്ങിയത്.
പിന്നെ വെള്ളിമാട്കുന്നില്‍ പ്രബോധനം മാസികയില്‍ ജോലി ആരംഭിച്ചപ്പോള്‍ എന്നെയും മക്കളെയും കൂടെ കൂട്ടി. 1975-ല്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് അദ്ദേഹത്തെ ജയിലിലടക്കുമ്പോള്‍ മൂന്ന് പിഞ്ചുകുഞ്ഞുങ്ങളും നിറവയറും മാത്രമായിരുന്നു എനിക്ക് കൂട്ട്. ദൈവമാര്‍ഗത്തിലൂടെ ജനങ്ങള്‍ക്ക് വെളിച്ചം പകരാന്‍ ശ്രമിച്ചതിന്റെ പേരിലാണല്ലോ തടവിലാക്കപ്പെട്ടത് എന്നതുകൊണ്ട് തന്നെ അതിലൊട്ടും വിഷമം തോന്നിയില്ല. അദ്ദേഹം പകര്‍ന്നുതന്ന ധൈര്യവും വിശ്വാസവും കൈമുതലാക്കി അദ്ദേഹം തിരിച്ചു വരുന്നതു വരെ മക്കളെ അല്ലലറിയിക്കാതെ വളര്‍ത്തി. വെള്ളിമാട്കുന്നിലെ താമസത്തിനിടയില്‍ (രാവിലെ മുതല്‍ രാത്രി പാതിരാ വരെ അദ്ദേഹത്തിന് പ്രബോധനത്തിന്റെ വര്‍ക്കുമായി തിരക്കിലാണെങ്കിലും) അദ്ദേഹം എന്നെ ഇംഗ്ലീഷ് എഴുതാനും വായിക്കാനും പഠിപ്പിച്ചു.
ചെറുപ്പത്തിലേ ഉമ്മയും വാപ്പയും നഷ്ടപ്പെട്ട അദ്ദേഹത്തിന് പിതാവിന്റെ സഹോദരനും പിതാവിന്റെ സഹോദരിയുമാണ് തല്‍സ്ഥാനത്ത് ഉണ്ടായിരുന്നത്. അവര്‍ എന്തു പറഞ്ഞാലും, ദേഷ്യപ്പെട്ടാലും മറുത്തൊന്നും പറയാതെ അവരെ അനുസരിക്കണം എന്നായിരുന്നു എനിക്ക് കിട്ടിയ ആദ്യനിര്‍ദേശം. അദ്ദേഹത്തിന്റെ മരണം വരെ ഞാനാ വാക്ക് അക്ഷരംപ്രതി പാലിച്ചിട്ടുണ്ട്.
1976-ല്‍ അടിയന്തരാവസ്ഥ പിന്‍വലിച്ചതിനു ശേഷം ഉപരിപഠനത്തിനു ഖത്തറിലേക്ക് പോവുന്നതോടെയാണ് അദ്ദേഹത്തിന്റെ പ്രവാസ ജീവിതം ആരംഭിക്കുന്നത്. പഠനത്തിനു ശേഷം ഖത്തര്‍ മുനിസിപ്പാലിറ്റിയില്‍ ഉയര്‍ന്ന ജോലി ലഭിച്ചപ്പോള്‍ പിതാവില്ലാത്ത ദുഃഖം അറിയിക്കാതെ വളര്‍ത്തിയ പിതൃതുല്യനായ പിതൃസഹോദരന്‍ കുഞ്ഞാപ്പയുടെ കാര്യങ്ങള്‍ നോക്കാന്‍ ആളില്ലാതാവും എന്ന കാരണത്താല്‍ എന്നെയും മക്കളെയും കൂടെ കൂട്ടിയില്ല.
പിന്നെ മൂത്ത മകന്‍ വലുതായി കല്യാണം കഴിഞ്ഞ ശേഷമാണ് എന്നെ ഹജ്ജിന് കൊണ്ടുപോകുന്നതും ശേഷം ഖത്തറില്‍ കൂടെ കൂട്ടുന്നതും. കമ്പ്യൂട്ടര്‍ ആളുകള്‍ കണ്ടും കേട്ടും പരിചയിച്ചുവരുന്ന ആ കാലത്ത് തന്നെ അദ്ദേഹം എന്നെ കമ്പ്യൂട്ടര്‍ പഠിപ്പിച്ചു. അദ്ദേഹം ഓഫീസില്‍ പോയി വരുമ്പോഴേക്കും അദ്ദേഹം എഴുതിവെച്ച ലേഖനങ്ങളും പുസ്തകങ്ങളും (അറബി, ഇംഗ്ലീഷ്, മലയാളം വാക്കുകളടങ്ങുന്ന) ഞാന്‍ വളരെ വേഗത്തില്‍ ടൈപ്പ് ചെയ്ത് വെക്കുമായിരുന്നു. മലയാളം കൂട്ടിവായിക്കാന്‍ പോലും പഠിക്കുന്നതിന്റെ മുമ്പ് വിദ്യാഭ്യാസം അവസാനിപ്പിച്ച എന്നെ മലയാളം, അറബി, ഇംഗ്ലീഷ് ഭാഷകള്‍, കമ്പ്യൂട്ടര്‍ തുടങ്ങിയവയിലൊക്കെ പരിജ്ഞാനം നേടിത്തന്ന് ആളുകളുടെ മുന്നില്‍ അന്തസ്സോടെ തലയുയര്‍ത്തി നില്‍ക്കാന്‍ പ്രാപ്തയാക്കി.
ഏഴ് ആണും ഒരു പെണ്ണും അടങ്ങിയ ഞങ്ങളുടെ മക്കള്‍ക്ക് പ്രായമായി എന്ന് തോന്നിയ ഉടനെ (പരമാവധി 23), അവര്‍ക്ക് ജോലിയും വരുമാനവും ആകുന്നതിനു മുമ്പ് കല്യാണം കഴിപ്പിച്ചുകൊടുത്തു. ഇന്ന് 8 മക്കളും അവരുടെ ഇണകളും 35 പേരക്കുട്ടികളും 3 പേര മരുമക്കളും അവരുടെ 2 കുട്ടികളും കൂടി 58 പേരടങ്ങുന്നതാണ് ഞങ്ങളുടെ കുടുംബം. അതില്‍ എല്ലാവര്‍ക്കും, മക്കള്‍ മുതല്‍ പേരക്കുട്ടികള്‍ വരെ അദ്ദേഹത്തോടായിരുന്നു കൂടുതല്‍ ഇഷ്ടം. മൂത്ത മകനും ഇളയ മകനും തമ്മില്‍ 25 വയസ്സിന്റെ മാറ്റമുണ്ടെങ്കിലും അവര്‍ കൂട്ടുകാരെപ്പോലെയാണ്. മക്കളുടെ ഐക്യം നിലനിര്‍ത്താന്‍ മാസത്തില്‍ ഗൃഹ യോഗങ്ങള്‍ ചേരുക എന്നതും എല്ലാ വെളളിയാഴ്ചകളിലും എല്ലാവരും ഒത്തൊരുമിച്ച് തറവാട്ടില്‍ ഒത്തുചേരുക എന്നതും അദ്ദേഹത്തിന് നിര്‍ബന്ധമായിരുന്നു. മരുമക്കളെ എല്ലാവരെയും മോളേ... എന്നല്ലാതെ അഭിസംബോധന ചെയ്ത് ഇതുവരെ കേട്ടിട്ടില്ല.
മക്കളെയും മരുമക്കളെയും പേരമക്കളെയും അവരുടെ കഴിവുകള്‍ കണ്ടെത്തി പരിശീലിപ്പിച്ചും പ്രോത്സാഹിപ്പിച്ചും വേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയും, അവരോട് തല്ലുകൂടിയും കുറുമ്പ് കാട്ടിയും അവരോടൊപ്പം കുട്ടികളെപ്പോലെ നിന്ന് കൊണ്ടും എന്തിനും ഏതിനും അവരുടെ കൂടെ ഉണ്ടായിരുന്നു. ഞങ്ങളുടെ ഈ വലിയ കുടുംബത്തിന്റ കരുത്തും ശക്തിയുമായി എല്ലാവര്‍ക്കും തണലേകി ഒരു വന്‍മരമായി നിന്നിരുന്ന അദ്ദേഹം ഒട്ടും നിനച്ചിരിക്കാത്ത സമയത്താണ് ഞങ്ങളില്‍നിന്ന് വേര്‍പിരിയുന്നത്. രണ്ട് ഗ്രന്ഥങ്ങള്‍ പണിപ്പുരയില്‍ ബാക്കിവെച്ചാണ് അദ്ദേഹം യാത്രയായത്. എനിക്കും മക്കള്‍ക്കും ആ നഷ്ടം ഒരിക്കലും നികത്താനാവാത്തതാണെങ്കിലും ദൈവതീരുമാനം മാറ്റിമറിക്കാന്‍ നമുക്കാവില്ലല്ലോ.
Comments