ചിന്തയെ തൊട്ടുണര്‍ത്തിയ ഗുരുവര്യന്‍
2008-ല്‍ ശാന്തപുരം അല്‍ജാമിഅയില്‍ ഹദീസ് ഡിപ്പാര്‍ട്ട്‌മെന്റില്‍ പി.ജിക്ക് ചേര്‍ന്നതു മുതലാണ് അബ്ദുല്ല ഹസന്‍ സാഹിബിനെ നേരില്‍ കാണുന്നത്. പിന്നീട് ഫിഖ്ഹുസ്സുന്ന, തഫ്‌സീര്‍ മൗളൂഈ, തഅ്‌വീലു മുഖ്തലഫില്‍ ഹദീസ് എന്നീ വിഷയങ്ങളുടെ ക്ലാസ്സുകളില്‍ അദ്ദേഹത്തിന്റെ പണ്ഡിതോചിതമായ ചര്‍ച്ചകളിലും സംവാദങ്ങളിലും പങ്കുകൊള്ളാന്‍ സാധിച്ചു. ആദ്യ ക്ലാസ്സുകളിലെ പരിചയപ്പെടലുകളില്‍ കുറ്റ്യാടി കുല്ലിയത്തുല്‍ ഖുര്‍ആന്‍ എന്ന സ്ഥാപനത്തില്‍നിന്നാണ് ഇങ്ങോട്ട് വന്നതെന്നറിഞ്ഞപ്പോള്‍ അദ്ദേഹവും ഈ സ്ഥാപനത്തിന്റെ സന്തതികളില്‍ പെട്ടവനാണെന്ന് ഓര്‍മിച്ചു. ശേഷം വീടും സ്ഥലവും അന്വേഷിച്ചപ്പോഴാണ് മറ്റൊരു സന്തോഷം കൂടി പങ്കു വെച്ചത്. ഞാന്‍ പൈങ്ങോട്ടായിയെന്ന് പറഞ്ഞപ്പോള്‍ പിന്നീട് വീട്ടുപേരും ബാപ്പയുടെ പേരും അന്വേഷിച്ചു. ബാപ്പ മര്‍ഹൂം കണ്ടനാലില്‍ കുഞ്ഞബ്ദുല്ല (അന്ന് മരണപ്പെട്ടിരുന്നില്ല) ആണെന്ന് പറഞ്ഞപ്പോഴാണ് തന്റെ ചില ആദ്യകാല ജീവിതാനുഭവങ്ങള്‍ അദ്ദേഹം പങ്കുവെച്ചത്. ചെറുപ്പത്തില്‍ കെ.എന്‍ അബ്ദുല്ല മൗലവിയോടൊപ്പം പൈങ്ങോട്ടായിയില്‍ പഠിക്കാനായി അദ്ദേഹവും വന്നിരുന്നു; അല്‍ മദ്‌റസത്തുല്‍ ഇസ്‌ലാമിയയില്‍ വിദ്യാര്‍ഥിയായി. അന്നത്തെ രീതിയനുസരിച്ച് വിദ്യാര്‍ഥികള്‍ക്ക് ഭക്ഷണം ഓരോ വിടുകളില്‍നിന്നായിരുന്നു. അദ്ദേഹത്തിനുള്ള ഭക്ഷണം ബാപ്പയുടെ വീടായ കണ്ടനാലില്‍നിന്നും. ബാപ്പയുടെ ഉമ്മയോടൊപ്പം അടുക്കളയില്‍ ഭക്ഷണമുണ്ടാക്കുമ്പോള്‍ പറഞ്ഞ വര്‍ത്തമാനങ്ങളും തമാശകളും അദ്ദേഹം ഓര്‍മിച്ചു. ബാപ്പയുടെ വീട്ടുകാരെ കുറിച്ചൊക്കെ എന്നോട് അന്വേഷിച്ച്, തോളില്‍ സ്‌നേഹത്തലോടലും നല്‍കിയാണ് അന്നത്തെ ക്ലാസ്സിന് പുറത്തുള്ള ആ പരിചയപ്പെടല്‍ അവസാനിച്ചത്. പിന്നീട് ആ ബന്ധം ക്ലാസ്സ് റൂമുകളിലെ ചര്‍ച്ചകളിലും സംവാദങ്ങളിലും ഒക്കെയായി കൂടുതല്‍ ദൃഢമായി. വിദ്യാര്‍ഥിയുടെ അന്വേഷണാത്മക ചിന്തയെ തട്ടിയുണര്‍ത്തുന്ന രീതിയും ശൈലിയുമാണ് അദ്ദേഹത്തിന്റെ ക്ലാസ്സിന്റെ വ്യതിരിക്തത. ഏതു വിഷയത്തിലും പരമ്പരാഗത വാദങ്ങള്‍ക്കും അഭിപ്രായങ്ങള്‍ക്കും അപ്പുറം പ്രമാണങ്ങളെയും നസ്സ്വുകളെയും ചിന്താപരമായ രീതിയില്‍ സമീപിക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ രീതി. സംശയമുള്ള പല വിഷയങ്ങളിലും ഇടക്കിടെ അദ്ദേഹത്തെ നേരില്‍ കണ്ട് ചര്‍ച്ച നടത്താറുണ്ടായിരുന്നു. അദ്ദേഹം തയാറാക്കിയ പല പഠനങ്ങളും പ്രിന്റ് ചെയ്ത് എനിക്ക് വായിക്കാനും പഠിക്കാനും നല്‍കുമായിരുന്നു. ഇന്നും ആ പഠനങ്ങളൊക്കെ ഫയലില്‍ കൂടെയുണ്ട്. അന്ന് അല്‍ ജാമിഅ റിസര്‍ച്ച് സെന്റര്‍ ഡയറക്ടറായിരുന്നു അദ്ദേഹം. ഓരോ വിഷയത്തിലും വായിക്കേണ്ട പുസ്തകങ്ങളൊക്കെ പറഞ്ഞുതരും. ചിലതിന്റെയൊക്കെ പി.ഡി.എഫ് അയച്ചുതരും. അത്രത്തോളം വൈജ്ഞാനിക സ്‌നേഹബന്ധം അദ്ദേഹം കാത്തുസൂക്ഷിച്ചിരുന്നു.
രണ്ടു വര്‍ഷത്തെ പി.ജിക്കു ശേഷം അല്‍ ജാമിഅ റിസര്‍ച്ച് സെന്ററില്‍ ചേരാന്‍ ആവശ്യപ്പെട്ടിരുന്നു. ഏറെ താല്‍പര്യത്തോടെ അദ്ദേഹത്തിന്റെ കൂടെ കുറേകൂടി സമയം ചെലവഴിക്കാനുള്ള അവസരമായി ഞാനും അതിനെ കണ്ടു. പക്ഷേ ചുരുങ്ങിയ നാളുകള്‍ മാത്രമേ അവിടെ തുടരാന്‍ കഴിഞ്ഞുള്ളൂ. പിന്നീട് അധ്യാപന മേഖലയില്‍ പെരിങ്ങാടി അല്‍ഫലാഹ് കോളേജില്‍ ചേരാന്‍ തീരുമാനിച്ചു. ആ വിവരം അദ്ദേഹത്തോട് പങ്കുവെച്ചപ്പോള്‍ അല്‍ ജാമിഅയിലേക്ക് വരാനുള്ള അവസരമുണ്ടായാല്‍ ഇങ്ങോട്ട് വരണമെന്ന് ഉപദേശിച്ചു.
ഗുരു-ശിഷ്യ ബന്ധങ്ങള്‍ക്കപ്പുറം ഒരു സ്‌നേഹിതനെപ്പോലെ തോളില്‍ കൈ തട്ടി സൗഹൃദം പങ്കിടുമായിരുന്നു. ശാന്തപുരത്ത് അധ്യാപകനായി ഞാന്‍ എത്തിയതറിഞ്ഞ് ആ ഗുരുവര്യന്‍ ഏറെ സന്തോഷിച്ചു. പിന്നീട് ഇടക്കിടെ കാണുമ്പോഴെല്ലാം വായനയെയും പഠനത്തെയും കുറിച്ചാണ് അദ്ദേഹത്തിന് ഓര്‍മിപ്പിക്കാനുണ്ടായിരുന്നത്.
Comments