Prabodhanm Weekly

Pages

Search

2021 ഒക്‌ടോബര്‍ 08

3221

1443 റബീഉല്‍ അവ്വല്‍ 01

എല്ലാം വൈരുധ്യാത്മക സര്‍ഗ ഭാവനയില്‍ വിരിയുന്നത്‌

ബശീര്‍ ഉളിയില്‍

വൈരുധ്യാധിഷ്ഠിത ഭൗതികവാദവും വര്‍ഗസമര സിദ്ധാന്തവും സമാസമം സംയോജിച്ച സി.പി.എമ്മിലെ ആന്തരികമായ വര്‍ഗ വൈരുധ്യങ്ങളെ കുറിച്ച് ആധികാരികമായി ഉപന്യസിച്ചത് ഇടത് സഹയാത്രികനായ ഹമീദ് ചേന്ദമംഗല്ലൂരാണ്. ഒന്നാമത്തെ വര്‍ഗം ആപാദമസ്തകം പ്രായോഗിക രാഷ്ട്രീയത്തിന്റെ അപ്പോസ്തലരാണത്രെ. പിന്നെയുള്ളത് ആദര്‍ശ രാഷ്ട്രീയം അപ്പടി കൈവിട്ടുകൊണ്ടുള്ള പ്രായോഗിക രാഷ്ട്രീയത്തോട് അനാഭിമുഖ്യം പുലര്‍ത്തുന്നവരും. ആദ്യം പറഞ്ഞ വിഭാഗത്തിനാണ് കേരളത്തിലെ സി.പി.എമ്മില്‍ മേധാവിത്വമുള്ളത്. രണ്ടാം വിഭാഗം ഒരു മൈക്രോസ്‌കോപ്പിക് ന്യൂനപക്ഷം മാത്രം.
പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും ഉള്‍പ്പെടെയുള്ളവര്‍ ആദ്യത്തെ വര്‍ഗത്തെ പ്രതിനിധീകരിക്കുന്നു. മാര്‍ക്സിയന്‍ മൂല്യങ്ങളോ കമ്യൂണിസ്റ്റ് ആദര്‍ശങ്ങളോ അവരെ കാര്യമായി അലട്ടാറില്ല. ചൂഷക വ്യവസ്ഥക്കും നവലിബറല്‍ നയങ്ങള്‍ക്കും പുനരുത്ഥാന മൂല്യങ്ങള്‍ക്കുമെതിരെ അവര്‍ നാവും തൂലികയും നിര്‍ലോഭം ഉപയോഗിക്കുമെങ്കിലും മനസ്സും ഹൃദയവും അത്ര ഉപയോഗിക്കില്ല. ആദര്‍ശങ്ങള്‍ക്കും മൂല്യങ്ങള്‍ക്കും എന്തുതന്നെ സംഭവിച്ചാലും പാര്‍ലമെന്ററി രാഷ്ട്രീയത്തില്‍ നിറഞ്ഞാടണമെന്ന ഒരൊറ്റ ലക്ഷ്യമേ തങ്ങള്‍ക്കുള്ളൂ എന്ന മട്ടിലാണ് അവരുടെ പ്രയാണം.
രണ്ടാം വര്‍ഗത്തെ പ്രധാനമായും പ്രതിനിധീകരിക്കുന്നത് വി.എസ് അച്യുതാനന്ദനാണ്. നേരത്തേ അദ്ദേഹത്തോടൊപ്പം കുറച്ചേറെപ്പേര്‍ ഉണ്ടായിരുന്നെങ്കിലും അവരില്‍ പലരും പിന്നീട് ഒന്നാം വിഭാഗത്തില്‍ അലിഞ്ഞുചേര്‍ന്നു. അച്യുതാനന്ദനും അദ്ദേഹത്തോടൊപ്പം ഇപ്പോള്‍ നില്‍ക്കുന്ന അതിസൂക്ഷ്മ ന്യൂനപക്ഷവും എ.കെ.ജിയെപ്പോലുള്ളവര്‍ ഉയര്‍ത്തിപ്പിടിച്ച കമ്യൂണിസ്റ്റ് മൂല്യങ്ങള്‍ക്ക് വലിയ അളവില്‍ വിലകല്‍പിക്കുന്നവരാണ്. ആദര്‍ശങ്ങള്‍ക്ക് അവധി കൊടുത്തുകൊണ്ടുള്ള പാര്‍ലമെന്ററി രാഷ്ട്രീയം അമാര്‍ക്സിസ്റ്റാണെന്നു മാത്രമല്ല, ആത്മഹത്യാപരം കൂടിയാണെന്നു അവര്‍ കരുതുന്നു എന്നിങ്ങനെയാണ് ഹമീദിന്റെ കൂലങ്കഷമായ ചിന്താനന്തര തിസീസ്! (സമകാലിക മലയാളം 4/1/2019).
ആദര്‍ശ രാഷ്ട്രീയത്തിന്റെ അച്യുതാനന്ദ ചേരി ഏതാണ്ട് അസ്തപ്രജ്ഞമാവുകയും ചോദ്യം ചെയ്യപ്പെടാത്ത ക്യാപ്റ്റന്‍സിയിലൂടെ പാര്‍ട്ടിയുടെ നേതൃത്വം കൈയടക്കിയ ആപാദമസ്തകം പ്രായോഗികവാദികള്‍ ചെങ്കോലേന്തുകയും ചെയ്ത സാഹചര്യത്തില്‍ ആഗോള-ദേശീയ തലങ്ങളില്‍ നല്ല മാര്‍ക്കറ്റുള്ള ഇസ്‌ലാമോഫോബിയയുടെ സാധ്യത പരമാവധി ഉപയോഗപ്പെടുത്തി പാര്‍ട്ടിയുടെ അടിത്തറ ഉറപ്പിക്കുന്ന പണിയാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. സംഘ് പരിവാര നുണ ബോംബുകളെ പോലും തോല്‍പിക്കും വിധം രൂപതകളിലൂടെ ഇപ്പോള്‍ പൊട്ടിത്തെറിച്ചുകൊണ്ടിരിക്കുന്ന ലൗ ജിഹാദ് അമിട്ടിന് ഒരു പതിറ്റാണ്ട് മുമ്പ് തന്നെ തിരി കൊളുത്തിയത്  നടേ പറഞ്ഞ 'ആപാദമസ്തകം പ്രായോഗിക'ക്കാരല്ല, മാര്‍ക്സിയന്‍ മൂല്യങ്ങളും കമ്യൂണിസ്റ്റ് ആദര്‍ശങ്ങളും ഞരമ്പുകളില്‍ തിളച്ചു മറിയുന്ന സാക്ഷാല്‍ വി.എസ്  അച്യുതാനന്ദനായിരുന്നു. 'ഹിന്ദു പെണ്‍കുട്ടികളെ മുസ്ലിം ചെറുപ്പക്കാര്‍ കല്യാണം കഴിച്ച്, 20 വര്‍ഷം കൊണ്ട് കേരളത്തെ ഒരു മുസ്‌ലിം പ്രദേശമാക്കി മാറ്റും' എന്നായിരുന്നു മുഖ്യമന്ത്രി ആയിരിക്കെ ദല്‍ഹിയില്‍ വെച്ച് 2010-ല്‍ അച്യുതാനന്ദന്‍ പറഞ്ഞത്. വര്‍ത്തമാന കാലത്ത് സംഘ് പരിവാര്‍ സമൃദ്ധമായി ഉദ്ധരിക്കുന്നതും ഈ 'ആദര്‍ശ കമ്യൂണിസ്റ്റി'ന്റെ മേല്‍പറഞ്ഞ പ്രസ്താവനയാണ്. ലൗ ജിഹാദ് ഒരു യാഥാര്‍ഥ്യമായതുകൊണ്ടാണ് വി.എസ് ഇന്നും അത് നിഷേധിക്കാത്തതെന്നാണ് ഏറ്റവുമൊടുവില്‍ കുമ്മനം രാജശേഖരന്‍ അഭിപ്രായപ്പെട്ടത്. മലപ്പുറം ജില്ലയില്‍നിന്നുള്ള വിദ്യാര്‍ഥികള്‍ കോപ്പിയടിച്ചാണ് പരീക്ഷയിലും എന്‍ട്രന്‍സിലും മറ്റും വിജയിക്കുന്നതെന്ന് ആക്ഷേപിച്ചതും വി.എസ് തന്നെയായിരുന്നു. എന്നാല്‍, അച്യുതാനന്ദന്റെ ഇത്തരം പ്രസ്താവനകളെ ആന്തരിക വര്‍ഗശത്രുക്കളായ 'ആപാദമസ്തകം പ്രായോഗിക വാദികള്‍' ഒരു ഘട്ടത്തില്‍ പോലും എതിര്‍ക്കുകയോ തള്ളിക്കളയുകയോ ചെയ്തിരുന്നില്ല എന്നതും ശ്രദ്ധേയമാണ്. പ്രഥമ ദൃഷ്ട്യാ അകല്‍ച്ചയിലാണെങ്കിലും പാര്‍ട്ടിയിലെ ഈ രണ്ട് 'വര്‍ഗങ്ങള്‍' തമ്മിലുള്ള അന്തര്‍ധാര സജീവമായി നിര്‍ത്തുന്ന ഒരേയൊരു ഘടകം ഇസ്ലാമോഫോബിയ മാത്രമാണ് എന്ന് അനുക്തസിദ്ധം. അഥവാ, പരസ്പരം വെട്ടിനിരത്തിയവര്‍ ഐക്യപ്പെട്ടത് ഇസ്ലാംവെറി എന്ന ഒരേയൊരു ബിന്ദുവിലായിരുന്നു. ഒരു ഹിന്ദുവായിരുക്കുക എന്നതാണ് നവ ഭാരതത്തില്‍ ഏറ്റവും സുരക്ഷിതമായ കവചം എന്ന് ഭരണകൂട സംവിധാനങ്ങള്‍ പ്രയോഗത്തിലൂടെ ബോധ്യപ്പെടുത്തിക്കൊണ്ടിരിക്കുന്ന കാലത്ത് ആ സുരക്ഷിത കവചത്തില്‍ തന്നെ പാര്‍ട്ടിയെയും കെട്ടിയിടുക എന്ന തന്ത്രത്തിന്റെ ഭാഗമായാണ് പാര്‍ട്ടി ഇപ്പോള്‍ ഹിന്ദുത്വ ലൈനിലേക്ക് ചുവടു മാറുന്നത്. അങ്ങനെയാണ് ചില മുന്‍ 'ബൗദ്ധിക പ്രമുഖ'രും 'നമോ' വിചാര മഞ്ചന്‍സും പാര്‍ട്ടിയുടെ കുഞ്ചിക സ്ഥാനങ്ങളില്‍ പോലും എത്തിപ്പെട്ടതും ഇപ്പോഴും ഒഴുക്കു തുടരുന്നതും.  
പാര്‍ട്ടിയുടെ ഇസ്ലാമോഫോബിക്  മുഖം മറച്ചുവെക്കാന്‍ മുസ്ലിം സമൂഹത്തെയും ഇസ്ലാമിനെയും നേരിട്ട് ആക്രമിക്കുന്നതിനു പകരം ഇസ്ലാമിന്റെ പ്രതിനിധാനം വഹിക്കുന്ന സംഘങ്ങളെയും വ്യക്തികളെയും ഉന്നം വെച്ച് ഒളിയമ്പുകളെയ്യുക എന്നതാണ് പുതിയ ലൈന്‍. നക്‌സലിസത്തില്‍നിന്ന് സി.പി.എമ്മിലെത്തിയ ശേഷം കേളുവേട്ടന്‍ ഗവേഷണ നാളിയിലൂടെ 'ഹുകൂമത്തെ ഇലാഹി'യിലെ ലീനവും ലായകവും വേര്‍തിരിക്കുന്ന പണിയിലേര്‍പ്പെട്ട കെ.ടി കുഞ്ഞിക്കണ്ണന്‍,  വി.എസ് അച്യുതാനന്ദന് 'കാപ്പിറ്റല്‍ പണിഷ്മെന്റ്' നല്‍കണമെന്ന് പറഞ്ഞ സി.പി.എമ്മിലെ കിടിലോല്‍ കിടിലന്‍ തീപ്പൊരി യൗവനം എം. സ്വരാജ്, ഇടതുമുന്നണിയുടെ കണ്‍വീനറോ അതോ ഹിന്ദു മുന്നണിയുടെ കണ്‍വീനറോ എന്ന് വര്‍ണ്യത്തിലാശങ്ക വരുത്തുമാറുള്ള പരാമര്‍ശങ്ങള്‍ നടത്തിയ സി.പി.എം ആക്ടിംഗ് സെക്രട്ടറി  എ. വിജയരാഘവന്‍ മുതലായ പ്രായോഗിക ഇടത് രാഷ്ട്രീയത്തിന്റെ ആപാദമസ്തക പ്രായോഗിക ചേരിയിലുള്ളവര്‍ ജമാഅത്തെ ഇസ്ലാമിയെ നാട്ടക്കുറിയാക്കിയാണ് ഇസ്ലാമിനെതിരെ ഒളിയമ്പെയ്യുന്നത്.
'ജമാഅത്തെ ഇസ്ലാമി ഉള്‍പ്പെടെയുള്ള രാഷ്ട്രീയ ഇസ്ലാമിസ്റ്റുകള്‍, ഇസ്ലാമിന്റെ പ്രബോധന ചരിത്രത്തെയോ ദര്‍ശന പദ്ധതികളെയോ പിന്‍പറ്റുന്നവരല്ല' എന്ന് കുഞ്ഞിക്കണ്ണന്‍ സഖാവ് പറയുമ്പോള്‍ എത്ര പെട്ടെന്നാണ് ഇസ്ലാമിക ശരീഅത്തിലെ ജീര്‍ണതകളെ കുറിച്ച  എണ്‍പതുകളിലെ ഇ.എം.എസ് തിസീസിന് നാലു പതിറ്റാണ്ടുകള്‍ക്കു ശേഷം ഒരു ആന്റി തിസീസ് ഉണ്ടാവുന്നത് എന്ന് ആരും അന്തം വിട്ടു പോകും. ഏറെ പ്രാകൃതമായ, അപരിഷ്‌കൃതമായ, മനുഷ്യത്വവിരുദ്ധമായ നിലപാടുകള്‍ സിദ്ധാന്തപരമായി സ്വീകരിച്ചവരാണ് ജമാഅത്തെ ഇസ്ലാമിക്കാര്‍ എന്ന് സ്വരാജ് കത്തിക്കയറുമ്പോള്‍  ആ പ്രാകൃത സിദ്ധാന്തം ഇസ്ലാം അല്ലെന്ന് സോഷ്യല്‍ മീഡിയ - മിനി സ്‌ക്രീന്‍ സാമ്രാജ്യങ്ങളില്‍ സ്ഥാപിക്കലാണ് മാപ്ലാവുകളായ ചാവേറുകളുടെ ജോലി.
കോണ്‍ഗ്രസ്മുക്ത ഭാരതത്തിനു വേണ്ടി ബി.ജെ.പിയേക്കാള്‍ ആവേശത്തില്‍ പണിയെടുക്കുന്ന കേരളത്തിലെ സി.പി.എം മുസ്ലിം സാമാന്യ ജനത്തില്‍ ഒരേസമയം കോണ്‍ഗ്രസിന്റെ മൃദു ഹിന്ദുത്വത്തെയും ബി.ജെ.പിയുടെ തീവ്ര ഹിന്ദുത്വത്തെയും  കുറിച്ച ഭീതി പടര്‍ത്തുകയും അങ്ങനെ  നിവൃത്തികേടിനാല്‍ അവര്‍ ഇടതുപക്ഷ ചാലില്‍ അടിഞ്ഞുകൂടുകയും ചെയ്യേണ്ടിവരും എന്ന കണക്കുകൂട്ടലില്‍നിന്നാണ് പുതിയ സമവാക്യം രൂപപ്പെടുത്തിയത്. ചെങ്കൊടിയുടെ  ഏക പച്ചത്തുരുത്തായ കേരളത്തില്‍ അടുത്ത ഏപ്രിലില്‍ ചേരാന്‍ പോകുന്ന ഇരുപത്തിമൂന്നാം പാര്‍ട്ടി കോണ്‍ഗ്രസില്‍ ഈ സമവാക്യത്തിന് സൈദ്ധാന്തിക ചട്ടക്കൂട് കൂടി നല്‍കപ്പെടുന്നതോടെ ബി.ജെ.പിയെ രാഷ്ട്രീയമായി അപ്രസക്തമാക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് പാര്‍ട്ടി. 'ഇസ്ലാമിക തീവ്രവാദി'കളെ നേരിടാന്‍ എന്ന വ്യാജേന 'മാപ്ലാവുകളെ' ചാവേറാക്കി കളത്തിലിറക്കിയും ചുവന്ന ഹിജാബണിഞ്ഞ പെണ്‍പടയെ മെഗാഫോണുകളാക്കിയുമാണ് പാര്‍ട്ടിയുടെ ഇസ്ലാംവിരോധത്തിന്റെ മുഖം മറയ്ക്കുന്നത്. എ.എ റഹീം, കെ.ടി ജലീല്‍, ഷിജുഖാന്‍ തുടങ്ങിയ മാപ്ലാവുകളാണ് ജമാഅത്തെ ഇസ്‌ലാമിയെ മറയാക്കി ഇസ്ലാമിനെ  കടന്നാക്രമിക്കുന്ന പടയണിയിലെ പോരാളികള്‍. മതം 'കറുപ്പാ'ണെന്ന ആചാര്യവചനം തിരുത്തി മതത്തിലെ കറുപ്പും വെളുപ്പും അരിച്ചുപെറുക്കി വെളുപ്പിനെ വെടക്കാക്കി  തനിക്കാക്കുക എന്നതാണ് മാറിയ സാഹചര്യത്തിലുള്ള വൈരുധ്യാധിഷ്ഠിത ഭൗതികവാദ ഉഡായിപ്പ്.
'ഇന്ത്യന്‍ പശ്ചാത്തലത്തില്‍ വൈരുധ്യാത്മക ഭൗതിക വാദ ദര്‍ശനം പ്രായോഗികമല്ലെന്നും  മതാവകാശം നിഷേധിക്കപ്പെടുന്ന വേളയില്‍ അത് തിരിച്ചുപിടിക്കാനുള്ള പോരാട്ടത്തിന് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് ബാധ്യതയുണ്ട്' എന്നും പാര്‍ട്ടി സൈദ്ധാന്തികന്‍ എം.വി ഗോവിന്ദന്‍ പറയുമ്പോള്‍ ഇത്ര വലതോ  ഇടത് എന്ന് ആരും അതിശയിച്ചുപോകും.
ജമാഅത്തെ ഇസ്‌ലാമിയെ മറയാക്കി ഇസ്ലാമിനെ കടന്നാക്രമിക്കുന്ന രീതിയെ വിമര്‍ശിക്കുന്ന മുസ്ലിംകള്‍ അല്ലാത്ത എഴുത്തുകാരോടും സാംസ്‌കാരിക പ്രവര്‍ത്തകരോട് പോലും കട്ട കലിപ്പിലാണ് സഖാക്കള്‍. ബി.ജെ.പിയുടെ ചന്തയില്‍ മുസ്‌ലിം പേരുകള്‍ക്കുള്ള അതേ വിലയാണ്  ജമാഅത്തെ ഇസ്ലാമിയുടെ ചന്തയില്‍ അമുസ്‌ലിം പേരുകള്‍ക്കുള്ളത് എന്നാണ് ഇത്തരക്കാരെ കുറിച്ച് സഖാവ് സ്വരാജിന്റെ വിലയിരുത്തല്‍. അപ്പോള്‍ പിന്നെ സി.പി.എം ചന്തയിലെ റഹീം, ജലീല്‍ പേരുകളും ഈയിനത്തില്‍ പെടില്ലേ എന്നൊന്നും തിരിച്ചുചോദിക്കരുത്. എന്തുകൊണ്ടെന്നാല്‍ വൈരുധ്യാത്മക സര്‍ഗഭാവനയില്‍ വിരിയുന്ന കഥയില്‍ ചോദ്യങ്ങള്‍ക്ക് പ്രസക്തിയില്ല.
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-39 / അസ്സുമര്‍ 24-28
ടി.കെ ഉബൈദ്‌

ഹദീസ്‌

വിനയാന്വിതരാവൂ, ഉയരങ്ങളിലെത്താം
സുബൈര്‍ കുന്ദമംഗലം