Prabodhanm Weekly

Pages

Search

2021 ഒക്‌ടോബര്‍ 08

3221

1443 റബീഉല്‍ അവ്വല്‍ 01

കെ. അബ്ദുല്ലാ ഹസന്‍ കര്‍മോത്സാഹിയായ പണ്ഡിതന്‍

എം.ഐ അബ്ദുല്‍ അസീസ് അമീര്‍, ജമാഅത്തെ ഇസ്‌ലാമി കേരള

അബ്ദുല്ലാഹിബ്‌നു അംറിബ്‌നില്‍ ആസ്വ് (റ) റിപ്പോര്‍ട്ട് ചെയ്യുന്ന പ്രസിദ്ധമായ ഒരു ഹദീസ് ഇങ്ങനെയാണ്: ''അല്ലാഹുവിന്റെ ദൂതന്‍ പറയുന്നതായി ഞാന്‍ കേട്ടിരിക്കുന്നു; അല്ലാഹു അറിവിനെ അടിമകളില്‍ നിന്ന് ഒറ്റയടിക്ക് എടുത്തുകളയില്ല. പണ്ഡിതരുടെ മരണത്തിലൂടെ അതിനെ പിടിച്ചെടുക്കുകയാണ് ചെയ്യുക. പിന്നീട് ഭൂമുഖത്ത് വിജ്ഞാനമുള്ളവരാരെയും അവന്‍ അവശേഷിപ്പിക്കാത്ത അവസ്ഥയുണ്ടാകുമ്പോള്‍ ജനങ്ങള്‍  വിവരം കെട്ട ചിലരെ നേതാക്കളാക്കും. ജനം അവരോട് സംശയം ചോദിക്കും. അവര്‍  ഒട്ടും വിവരമില്ലാതെ മതവിധികള്‍ നല്‍കും. അങ്ങനെ അവര്‍ സ്വയം വഴി പിഴക്കുകയും മറ്റുള്ളവരെ വഴി പിഴപ്പിക്കുകയും ചെയ്യും'' (ബുഖാരി, മുസ്ലിം). നബി(സ)യുടെ ഒരു മുന്നറിയിപ്പാണിത്.
    പ്രഗത്ഭനായ പണ്ഡിതനായിരുന്നു അബ്ദുല്ലാ ഹസന്‍ സാഹിബ്. കേരളത്തിലെ ഇസ്‌ലാമിക പ്രസ്ഥാനത്തിനും  മുസ്‌ലിം സമുദായത്തിനും അദ്ദേഹത്തിന്റെ വിയോഗം വലിയൊരു നഷ്ടം തന്നെയാണ്. പണ്ഡിതന്മാര്‍ ഓരോരുത്തരായി തങ്ങളുടെ ദൗത്യം പൂര്‍ത്തീകരിച്ച് അല്ലാഹുവിലേക്ക് മടങ്ങുമ്പോള്‍ നമ്മുടെ മനസ്സിലുയരുന്ന സ്വാഭാവികമായ ചോദ്യമുണ്ട്; പകരം നില്‍ക്കാന്‍ ആരുണ്ട്? അതിന് ഉത്തരം കണ്ടെത്താന്‍ നാം ബാധ്യസ്ഥരാണ്. 
അറിവിനു വേണ്ടി കഠിനാധ്വാനം ചെയ്തു എന്നതു തന്നെയാണ് അബ്ദുല്ലാ ഹസന്‍ സാഹിബിന്റെ സവിശേഷതയും മാതൃകയും. ഖുര്‍ആനിലും സുന്നത്തിലും ആഴത്തില്‍ പാണ്ഡിത്യമുള്ള വ്യക്തിത്വമായിരുന്നു അബ്ദുല്ലാ ഹസന്‍ സാഹിബ്.  ശാന്തപുരം ഇസ്‌ലാമിയാ കോളേജിലെ പഠനത്തിനു ശേഷം അവിടെ നിന്ന് ആര്‍ജിച്ച അടിസ്ഥാന ജ്ഞാനങ്ങളുടെ ബലത്തില്‍ അദ്ദേഹം ജീവിതാന്ത്യം വരെ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്തു.
പ്രവാസ ജീവിതത്തിലേക്ക് കടക്കുന്നതു വരെ നാട്ടില്‍ ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ സംഘാടകനായും പ്രബോധനത്തിന്റെ അണിയറയിലും അദ്ദേഹമുണ്ടായിരുന്നു. ഗള്‍ഫ് ജീവിതം അദ്ദേഹത്തിന്റെ വൈജ്ഞാനിക തൃഷ്ണയെ തളര്‍ത്തിയില്ല. മലയാളി സമൂഹത്തിനിടയില്‍ പ്രസ്ഥാന പ്രവര്‍ത്തനങ്ങളില്‍ സജീവമായപ്പോഴും അതിന് നേതൃത്വം നല്‍കിയപ്പോഴും ഊര്‍ജസ്വലതയോടെ അദ്ദേഹം വിജ്ഞാന സേവനം തുടര്‍ന്നു. 
ഖത്തറില്‍നിന്ന് തിരിച്ചെത്തിയപ്പോള്‍ സ്വസ്ഥമായി വിശ്രമ ജീവിതം നയിക്കാനുള്ള സാഹചര്യമുണ്ടായിരുന്നു. പക്ഷേ, അറിവന്വേഷണം അദ്ദേഹത്തിന് ഒരസ്വസ്ഥതയായിരുന്നല്ലോ. ദഅ്‌വാ കോളേജിന്റെ പ്രിന്‍സിപ്പല്‍ എന്ന നിലയിലും അല്‍ ജാമിഅയിലെ അധ്യാപകനെന്ന നിലയിലും അറിവ് നേടുന്നതിലും നല്‍കുന്നതിലുമായിരുന്നു അദ്ദേഹത്തിന്റെ ആവേശം. തന്റെ ശിഷ്യഗണങ്ങളില്‍ വലിയൊരു വിഭാഗം നേതൃപരമായും അല്ലാതെയും ഇന്ന് പ്രാസ്ഥാനിക സേവനം നിര്‍വഹിച്ചുകൊണ്ടിരിക്കുന്നു. അവര്‍ക്കാകട്ടെ, ഏറെ ആകര്‍ഷകവും വിസ്മരിക്കാനാകാത്തതുമായ അധ്യയന അനുഭവമാണ് അദ്ദേഹം സമ്മാനിച്ചത്. സഹാധ്യാപകര്‍ക്കും പണ്ഡിതോചിതമായ സംവാദങ്ങളുടെ അനുഭവങ്ങള്‍ പറയാനുണ്ടാകും.
ഇസ്‌ലാമിന്റെ പ്രമാണങ്ങളില്‍നിന്ന് വ്യതിചലിക്കാതെ, തരിമ്പും വിട്ടുവീഴ്ച ചെയ്യാതെ എന്നാല്‍ വ്യത്യസ്തമായി, സാഹസികമായി ചിന്തിക്കുകയും ചിന്തിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്തു അബ്ദുല്ലാ ഹസന്‍ സാഹിബ്. നമ്മുടേതു പോലുള്ള ബഹുസ്വര സമൂഹത്തില്‍ ഇസ്‌ലാമിന്റെ ആദാനപ്രദാനങ്ങളെ കുറിച്ച് അദ്ദേഹം ധാരാളമായി ചിന്തിച്ചിട്ടുണ്ട്. ജമാഅത്തെ ഇസ്‌ലാമിയുടെ ആഭ്യന്തരമായ ഏത് വൈജ്ഞാനിക അന്വേഷണങ്ങളിലും ആദ്യപേരുകളിലൊന്ന് അബ്ദുല്ലാ ഹസന്‍ സാഹിബിന്റേതായിരുന്നു. 
കര്‍മോത്സുകമായ ഇസ്‌ലാമിക പ്രവര്‍ത്തനമാണ് രണ്ടാമത്തെ കാര്യം. നീണ്ടകാലം പ്രവാസ ലോകത്ത്  ഇസ്‌ലാമിക പ്രവര്‍ത്തനങ്ങള്‍ക്ക് സാരഥ്യം വഹിച്ചു. അന്നും ശേഷവും പ്രസ്ഥാന പ്രവര്‍ത്തനങ്ങളെ കുറിച്ച്,  അതിന്റെ പുതുവഴികളെ സംബന്ധിച്ച് അദ്ദേഹം ആലോചിച്ചു. ഇന്ത്യയിലെ ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ മജ്‌ലിസെ നുമാഇന്ദഗാനിലും (കേന്ദ്ര പ്രതിനിധിസഭ) സംസ്ഥാന ശൂറയിലുമൊക്കെ അംഗമായിരിക്കുമ്പോഴും പ്രാദേശിക പ്രവര്‍ത്തനങ്ങളില്‍ നേതൃപരമായ പങ്കു വഹിച്ചു. പ്രദേശത്തെ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ നടത്തിപ്പിലും സജീവമായിരുന്നു.
മാതൃകാപരമായിരുന്നു അദ്ദേഹത്തിന്റെ ജീവിതം; വിശേഷിച്ചും കുടുംബ ജീവിതം. തികഞ്ഞ ആത്മവിശ്വാസമായിരുന്നു അദ്ദേഹത്തിന്റെ കൈമുതല്‍. ശാന്തപുരത്തെ വിദ്യാര്‍ഥി ജീവിത കാലത്തു തന്നെ കേരളത്തിലെ പ്രഗത്ഭരായ പണ്ഡിതന്മാരോട് ജമാഅത്തിന്റെ പക്ഷം നിന്ന് ആശയസംവാദം നടത്താന്‍ പ്രേരിപ്പിച്ചത് ഈ ആത്മവിശ്വാസം കൂടിയായിരുന്നു. അതേ ആത്മവിശ്വാസം അദ്ദേഹം മക്കള്‍ക്കും പകര്‍ന്നുനല്‍കി. ഭൗതിക വിദ്യാഭ്യാസത്തോടൊപ്പം ദീനീവിജ്ഞാനവും അവര്‍ക്ക് നല്‍കി. വീടിനകത്ത്  അനേകം തവണ അനൗപചാരിക വൈജ്ഞാനിക സദസ്സുകള്‍ രൂപപ്പെട്ടു. മക്കള്‍ക്കും മരുമക്കള്‍ക്കുമെല്ലാം അത് പ്രയോജനപ്പെട്ടു. മക്കള്‍ ഇസ്‌ലാമിക പ്രസ്ഥാന പ്രവര്‍ത്തനം ജീവിതത്തിന്റെ ആവേശമാക്കി മാറ്റി. നേതൃതലങ്ങളിലും അല്ലാതെയും സജീവമായി അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. മക്കളേക്കാള്‍ മരുമക്കളായിരിക്കും അബ്ദുല്ലാ ഹസന്‍ സാഹിബിനെ കുറിച്ച് കൂടുതല്‍ വാചാലരാവുക. സാമ്പത്തിക ഇടപാടുകളിലും അദ്ദേഹം കണിശത പുലര്‍ത്തി. ഭക്തരായ, ആര്‍ജവമുള്ള, മികച്ച പണ്ഡിതരെ സൃഷ്ടിച്ചെടുക്കാന്‍ വൈജ്ഞാനിക മേഖലയില്‍ ഇനിയും നാം അത്യധ്വാനം ചെയ്യണമെന്നാണ് അബ്ദുല്ലാ ഹസന്‍ സാഹിബിന്റെ വേര്‍പാട് നമ്മെ ഉണര്‍ത്തുന്നത്. 
അല്ലാഹു അദ്ദേഹത്തിന് മഗ്ഫിറത്തും മര്‍ഹമത്തും നല്‍കി അനുഗ്രഹിക്കട്ടെ, അദ്ദേഹത്തെയും നമ്മെയും അവന്റെ ജന്നാത്തുല്‍ ഫിര്‍ദൗസ് നല്‍കി അനുഗ്രഹിക്കട്ടെ- ആമീന്‍
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-39 / അസ്സുമര്‍ 24-28
ടി.കെ ഉബൈദ്‌

ഹദീസ്‌

വിനയാന്വിതരാവൂ, ഉയരങ്ങളിലെത്താം
സുബൈര്‍ കുന്ദമംഗലം