യൂസുഫ് നബിയുടെ സുസ്ഥിര വികസന മാതൃക
വിശുദ്ധ ഖുര്‍ആനില്‍ പരാമര്‍ശിക്കപ്പെട്ട യൂസുഫ് നബി(അ)യുടെ ജീവിതകഥയെ ഏറ്റവും മികച്ചതും അതിസുന്ദരവുമായ കഥ എന്നാണ് ഖുര്‍ആന്‍ തന്നെ വിശേഷിപ്പിക്കുന്നത്.
ഏതു കാലത്തും പ്രസക്തവും പുതിയ പുതിയ വ്യാഖ്യാനസാധ്യതയുള്ളതുമായ സംഭവങ്ങളാണ് അതില്‍ വിവരിക്കപ്പെടുന്നത് എന്നതാവാം കാരണം. ഉദാഹരണത്തിന് രാജാവിന്റെ സ്വപ്നം.
ഖുര്‍ആനില്‍ പറയുന്നു. ''ഒരുനാള്‍ രാജാവ് പറഞ്ഞു: ഞാന്‍ സ്വപ്‌നം കണ്ടിരിക്കുന്നു; ഏഴു കൊഴുത്ത പശുക്കള്‍. അവയെ മെലിഞ്ഞ ഏഴു പശുക്കള്‍ തിന്നുകൊണ്ടിരിക്കുന്നു. ഏഴ് പച്ചയായ ധാന്യക്കതിരുകളും ഏഴ് വേറെ ഉണങ്ങിയ കതിരുകളും. അല്ലയോ വിദ്വാന്മാരേ, നിങ്ങള്‍ സ്വപ്‌നം വ്യാഖ്യാനിക്കാന്‍ കഴിവുള്ളവരെങ്കില്‍ എന്റെ ഈ സ്വപ്‌നത്തിന്റെ ഫലം പറഞ്ഞുതരുവിന്‍'' (12:43).
ബൈബിളിലും തല്‍മൂദിലും ഖുര്‍ആനിലും ഈ സംഭവം വിവരിക്കുന്നുണ്ട്. തുടര്‍ച്ചയായി സ്വപ്‌നം കണ്ടതോടെ രാജാവ് അന്നാട്ടിലെ ജോത്സ്യന്മാരോടും ജ്ഞാനികളോടും പുരോഹിതന്മാരോടും ഈ സ്വപ്‌നത്തിന്റെ വ്യാഖ്യാനം തേടി. എന്നാല്‍ തങ്ങളുടെ ബുദ്ധിയില്‍ ഒതുങ്ങാത്ത, തങ്ങള്‍ക്ക് വ്യാഖ്യാനിക്കാന്‍ കഴിയാത്ത ദൃശ്യങ്ങളായിരുന്നു സ്വപ്‌നത്തില്‍. മെലിഞ്ഞ പശുക്കള്‍, തടിച്ച പശുക്കള്‍, ഏഴു പച്ചക്കതിരുകളും ഏഴ് ഉണങ്ങിയ കതിരുകളും, തടിച്ച പശുക്കളെ മെലിഞ്ഞ പശുക്കള്‍ തിന്നുന്നു തുടങ്ങി പരസ്പരവിരുദ്ധമായ കാര്യങ്ങള്‍ കൂടിക്കുഴഞ്ഞ സ്വപ്‌നമായതിനാല്‍ ഇത് നിരര്‍ഥകമായ പാഴ്ക്കിനാവായി അവര്‍ എഴുതിത്തള്ളി.
ഈ സന്ദര്‍ഭത്തിലാണ് യൂസുഫ് നബിയോടൊപ്പം ജയിലിലുണ്ടായിരുന്ന രണ്ട് തടവുകാരിലോരാള്‍, രാജാവിന്റെ സേവകനായി കൊട്ടാരത്തിലെത്തുന്നത്. അയാള്‍ യൂസുഫ് നബിയെ ഓര്‍ക്കുകയും അദ്ദേഹത്തിന്റെ സ്വപ്‌നവ്യാഖ്യാനവൈഭവം രാജാവിനെ അറിയിക്കുകയും ചെയ്യുന്നു. രാജാവ് യൂസുഫ് നബിയെ വിളിച്ചുവരുത്തി സ്വപ്‌നത്തിന്റെ വ്യാഖ്യാനം ആരാഞ്ഞു.
യൂസുഫ് നബി ആ സ്വപ്‌നം വ്യാഖ്യാനിച്ചു കൊടുത്തു: ''ഏഴാണ്ട് നിങ്ങള്‍ തുടര്‍ച്ചയായി കൃഷി ചെയ്തുകൊണ്ടിരിക്കും. ഇക്കാലത്ത് കൊയ്‌തെടുക്കുന്നതിന്റെ ചെറിയൊരു വിഹിതം മാത്രം ആഹാരത്തിനായെടുത്ത് ശിഷ്ടമുള്ളത് കതിരുകളില്‍ തന്നെ സൂക്ഷിക്കുവിന്‍. അനന്തരം കൊടും ക്ഷാമത്തിന്റെ ഏഴാണ്ടാണ് വരാനിരിക്കുന്നത്. ഇക്കാലത്ത് അന്നേക്ക് സൂക്ഷിച്ചുവെച്ചിരുന്നതെല്ലാം തിന്നു തീരും; നിങ്ങള്‍ പ്രത്യേകം സൂക്ഷിച്ചുവെച്ചതൊഴികെ. പിന്നെയും ഒരു വത്സരം വരും. അന്ന് ജനങ്ങള്‍ക്ക് അനുഗ്രഹവും സുഭിക്ഷതയും ഉാകും. അക്കാലത്ത് അവര്‍ സമൃദ്ധമായി ഫലങ്ങള്‍ പിഴിഞ്ഞെടുക്കും'' (12:47-49).
ഇത് കേവലം സ്വപ്‌നവ്യാഖ്യാനമല്ല. വരാന്‍പോകുന്ന ഏഴു വര്‍ഷത്തെ സുഭിക്ഷതയെക്കുറിച്ചും അതിനെ തുടര്‍ന്ന് വരാന്‍ പോകുന്ന ഏഴു വര്‍ഷത്തെ ക്ഷാമത്തെക്കുറിച്ചുമുള്ള മുന്നറിയിപ്പാണിത്. അക്കാലത്തേക്ക് എന്തെല്ലാം മുന്‍കരുതലുകള്‍ ചെയ്യണം, ധാന്യങ്ങള്‍ സൂക്ഷിക്കാന്‍ എന്തെല്ലാം സുരക്ഷിത മാര്‍ഗങ്ങള്‍ സ്വീകരിക്കണം എന്നിങ്ങനെയുള്ള കാര്യങ്ങള്‍ കൂടി വിവരിച്ചുകൊടുത്തു. വറുതികാലങ്ങള്‍ക്കു ശേഷം വരാന്‍ പോകുന്ന സുഭിക്ഷ ദിവസങ്ങളെ സംബന്ധിച്ച് സന്തോഷ വാര്‍ത്തയും അറിയിക്കുന്നു. ഇത് രാജാവിന്റെ സ്വപ്‌നത്തില്‍ ഇല്ലാത്ത കാര്യമായിരുന്നു.
പരമ്പരാഗത മുഫസ്സിറുകള്‍ ഇതിനെ അല്ലാഹു യൂസുഫ് നബിക്ക് നല്‍കിയ സ്വപ്‌ന വ്യാഖ്യാന വൈഭവത്തിന്റെ തെളിവായിട്ടു മാത്രം ചുരുക്കി വായിച്ചു. ആധുനിക മുഫസ്സിറുകളും പണ്ഡിതരും ഇവ്വിഷയകമായി പഠനം നടത്തുന്ന ഗവേഷകരും ഈ സ്വപ്‌ന വ്യാഖ്യാനത്തിന് ഒരുപാട് മാനങ്ങള്‍ നല്‍കുകയുണ്ടായി. ക്രൈസിസ് മാനേജ്‌മെന്റ്, പ്രതിസന്ധി ഘട്ടങ്ങളെ തരണം ചെയ്യേണ്ട വിധം, യൂസുഫ് നബിയുടെ കാര്യനിര്‍വഹണ, നേതൃത്വ ഗുണങ്ങള്‍, യൂസുഫ് നബി നടപ്പിലാക്കിയ സാമ്പത്തിക നയങ്ങളും ആധുനിക കൗണ്ടര്‍ സൈക്കിള്‍ പ്രിന്‍സിപ്പല്‍ തിയറി(Countercyclical Fiscal Policy = വിരുദ്ധ സാമ്പത്തിക സമീപനങ്ങള്‍ സ്വീകരിക്കുക. സമൃദ്ധിയുാവുമ്പോള്‍ ചെലവ് കുറക്കുകയും നികുതി കൂട്ടുക
യും ചെയ്യുക പോലുള്ളവ)യും, യൂസുഫ് നബിയുടെ ഭക്ഷ്യസുരക്ഷാ പദ്ധതി, ക്ഷേമ രാഷ്ട്രത്തിന്റെ സാമ്പത്തിക നയങ്ങള്‍ തുടങ്ങി പലതുമായും ബന്ധിപ്പിച്ച് അവരതിനെ വ്യാഖ്യാനിക്കുകയും വികസിപ്പിക്കുകയും ചെയ്തു. വിശുദ്ധ ഖുര്‍ആന്‍ ചരിത്രസംഭവങ്ങള്‍ വിവരിക്കുന്ന കഥാപുസ്തകമോ ചരിത്രപുസ്തകമോ അല്ല, മനുഷ്യരാശിക്ക് എക്കാലത്തും പകര്‍ന്നുനല്‍കാന്‍ പാകത്തില്‍ അതില്‍ വിജ്ഞാനങ്ങളുടെ കലവറ തന്നെയുണ്ട് എന്ന് സംശയലേശമന്യേ തീര്‍ച്ചപ്പെടുത്തുന്നു ഇതെല്ലാം.
രാജാവിന്റെ സ്വപ്‌ന ദര്‍ശനത്തിന് നല്‍കിയ വ്യാഖ്യാനവും തുടര്‍ന്ന് യൂസുഫ് നബി ഈജിപ്തില്‍ നടപ്പിലാക്കിയ നയങ്ങളും സുസ്ഥിര വികസനത്തിന്റെയും സുസ്ഥിരവികസന ആസൂത്രണത്തിന്റെയും പ്രാധാന്യം വിളിച്ചോതുന്നു. യൂസുഫ് നബി നൂറ്റാണ്ടുകള്‍ക്കു മുമ്പ് പ്രായോഗികവല്‍ക്കരിച്ച സുസ്ഥിര വികസനത്തിന്റെ പല അടിസ്ഥാന ഘടകങ്ങളും ആധുനിക ലോകത്ത് സ്ഥിരപ്രതിഷ്ഠ നേടിയവയാണ്.
സുസ്ഥിര വികസനം
സുസ്ഥിര വികസനം എന്ന സംജ്ഞ പ്രാമുഖ്യം നേടിയത് ഐക്യരാഷ്ട്രസഭ സഭ നിയമിച്ച 'ബ്രഡ്‌ലാന്റ് കമീഷന്‍' 1987ല്‍ സമര്‍പ്പിച്ച 'Our Common Future' എന്ന റിപ്പോര്‍ട്ടിനു ശേഷമാണ്. അവര്‍ മുന്നോട്ടുവെച്ച നിര്‍വചനപ്രകാരം, 'ഭാവി തലമുറയുടെ ആവശ്യങ്ങളെ തൃപ്തിപ്പെടുത്താനുള്ള പര്യാപ്തതക്ക് കോട്ടംതട്ടാതെ തന്നെ, ഈ തലമുറയുടെ ആവശ്യങ്ങളെ തൃപ്തിപ്പെടുത്താന്‍ ഉതകുംവിധമുള്ള വികസനമാണ് സുസ്ഥിര വികസനം.' സാമൂഹിക-സാമ്പത്തിക-പാരിസ്ഥിതിക മൂല്യങ്ങള്‍ എല്ലാം ഒരുമിച്ചുചേരുമ്പോഴാണ് സുസ്ഥിര വികസനത്തിന്റെ എല്ലാ ഘടകങ്ങളും പൂര്‍ത്തിയാകുന്നത്. സമ്പദ് വ്യവസ്ഥയുടെയും പരിസ്ഥിതിയുടെയും ദീര്‍ഘകാല സ്ഥിരതയാണ് സുസ്ഥിര വികസനത്തിന്റെ മൊത്തത്തിലുള്ള ലക്ഷ്യം. ചര്‍ച്ചകളിലും ആസൂത്രണങ്ങളിലും ഉടനീളം സാമ്പത്തിക-പാരിസ്ഥിതിക-സാമൂഹിക ആശങ്കകള്‍ കൂടി കണക്കിലെടുത്തേ ഇത് നേടാനാകൂ. ആഭ്യന്തര-അന്തര്‍ദേശീയ ചര്‍ച്ചകളില്‍ ഏറെ സ്വാധീനം ചെലുത്തുന്ന ഒന്നായി സുസ്ഥിര വികസനം മാറിയിട്ടുണ്ട്. ഈ തലമുറയുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതോടൊപ്പം ഭാവിതലമുറക്ക് ഉയര്‍ന്ന ജീവിത നിലവാരം ഉറപ്പു വരുത്തുക എന്നതു ധാര്‍മികമായ ബാധ്യതയാണ്.
സുസ്ഥിര വികസനത്തിനുള്ള നിയമ ചട്ടക്കൂടിനെ ആശ്രയിച്ചായിരിക്കും മനുഷ്യരുടെ ഭാവിഭാഗധേയവും ഭൂമിയുടെ നിലനില്‍പ്പും. യു.എന്‍ ജനറല്‍ അസംബ്ലിയുടെ നിരീക്ഷണപ്രകാരം തിരിച്ചുകൊണ്ടുവരാന്‍ പറ്റാത്ത വിധത്തിലുള്ള ആഘാതങ്ങള്‍ ആഗോള ആവാസ വ്യവസ്ഥകള്‍ക്ക് സംഭവിക്കുന്നതിനുമുമ്പ് മനുഷ്യര്‍ക്ക് ഒന്നോ രണ്ടോ ദശകങ്ങള്‍ മാത്രമേ ബാക്കിയുള്ളൂ. ആ സുസ്ഥിര ഭാവി ഇപ്പോഴും കൈയെത്തും ദൂരത്ത് ഉ് എന്നര്‍ഥം. താന്‍ ജീവിക്കുന്ന ഭൂമിയുമായുള്ള ബന്ധം നിര്‍ണയിക്കാനും നിയന്ത്രിക്കാനും പഠിക്കുന്നതിലൂടെ മാത്രമേ ഇത് സാക്ഷാല്‍ക്കരിക്കാനാവുകയുള്ളൂ.
ഇസ്‌ലാമിക അധ്യാപനങ്ങള്‍ മനുഷ്യനെ ഉദ്‌ബോധിപ്പിക്കുന്നത് ഈവക കാര്യങ്ങള്‍ തന്നെയാണ്. മനുഷ്യനെ തന്റെ ഖലീഫ(പ്രതിനിധി)യായിട്ടാണ് അല്ലാഹു ഭൂമിയിലേക്ക് അയച്ചിട്ടുള്ളത്. വിഭവങ്ങളുടെ വിനിയോഗം മനുഷ്യരാശിയെ ഏല്‍പ്പിച്ചിരിക്കുകയാണ്. വിശ്വാസിസമൂഹത്തെ മധ്യമസമുദായം എന്നാണ് ഖുര്‍ആന്‍ വിശേഷിപ്പിക്കുന്നത്. ഇതുകൊണ്ട് ഉദ്ദേശിക്കുന്നത് മനുഷ്യര്‍, ഭൂമിയെയും അതിലുള്ള വിഭവങ്ങളെയും തങ്ങളുടെ ആവശ്യങ്ങള്‍ക്ക് ഉത്തരവാദിത്തത്തോടെ ഉപയോഗപ്പെടുത്തുന്നതോടൊപ്പം ആവാസ വ്യവസ്ഥയെ നീതിപൂര്‍വകമായി പരിപാലിക്കുകയും സംരക്ഷിക്കുകയും ചെയ്യണമെന്നാണ്. മിതമായേ ഉപയോഗിക്കാവൂ. ഭാവി തലമുറക്ക് ഈ ഭൂമിയെ മികച്ച രീതിയില്‍ കൈമാറാനാവണം.
യൂസുഫ് നബിയുടെ സ്വപ്‌ന വ്യാഖ്യാനവും ആധുനിക സുസ്ഥിര വികസന സങ്കല്‍പവും തമ്മിലുള്ള പരസ്പരബന്ധം മേല്‍കൊടുത്ത ഖുര്‍ആനി
ക സൂക്തങ്ങളില്‍ സൂചിതമായിട്ടുണ്ട്. നൂറ്റാണ്ടുകള്‍ക്കുമുമ്പ് ആസൂത്രണ തികവോടെ യൂസുഫ് (അ) നടപ്പിലാക്കിയ സുസ്ഥിര വികസന പദ്ധതി ആധുനിക സുസ്ഥിര വികസനത്തിന്റെ നിര്‍വചനം നിര്‍ദേശിക്കുന്ന പോലെ, ഭാവി തലമുറയുടെ ആവശ്യങ്ങള്‍ കൂടി മുമ്പില്‍ കു കൊാവണം അതത് കാലത്തെ ജനങ്ങളുടെ ആവശ്യങ്ങള്‍ക്ക് പരിഹാരം കാണേത്. സ്വപ്‌നവ്യാഖ്യാനത്തിലൂടെ അടുത്ത 14 വര്‍ഷം ഈജിപ്ത് പിന്തുടരേണ്ട സുസ്ഥിര വികസന നയം യൂസുഫ് നബി വ്യക്തമാക്കിക്കൊടുത്തു. ഈ വര്‍ഷങ്ങളില്‍ ഉണ്ടാക്കിയ നയങ്ങള്‍, ശീലങ്ങള്‍ ഒക്കെ പിന്നീടുള്ള വര്‍ഷങ്ങളില്‍ വളരെ സ്വാഭാവികമായി പ്രയോഗത്തില്‍ വരികയും ചെയ്തു.
മൗലാനാ മൗദൂദി തഫ്ഹീമുല്‍ ഖുര്‍ആനില്‍ എഴുതുന്നു: ''സ്വപ്‌ന വൃത്താന്തം അനുസരിച്ച് യൂസുഫ് (അ)ന്റെ കീഴില്‍ ഈജിപ്ത് ആദ്യത്തെ ഏഴുവര്‍ഷം സുഭിക്ഷതയില്‍ കഴിഞ്ഞുപോയി. വരാന്‍പോകുന്ന ദാരിദ്ര്യം ഉന്മൂലനം ചെയ്യുന്നതിനു വേണ്ടി, രാജാവിന്റെ സ്വപ്‌നം വ്യാഖ്യാനിച്ചുകൊടുത്തപ്പോള്‍ അദ്ദേഹം നിര്‍ദേശിച്ചിരുന്ന എല്ലാ മുന്‍കരുതലുകളും ഈ കാലങ്ങളില്‍ നടപ്പാക്കിയിരുന്നു. അതിനുശേഷം വരള്‍ച്ച ആരംഭിച്ചു. ഇതു പക്ഷേ ഈജിപ്തില്‍ മാത്രമായിരുന്നില്ല. ചുറ്റുപാടുമുള്ള മറ്റു രാജ്യങ്ങളെയും അത് ബാധിച്ചിരുന്നു. സിറിയ, ഫലസ്ത്വീന്‍, കിഴക്കന്‍ ജോര്‍ദാന്‍, ഉത്തര അറേബ്യ തുടങ്ങിയ പ്രദേശങ്ങളിലെല്ലാം വരള്‍ച്ച ബാധിച്ചിട്ടുണ്ടായിരുന്നു. ഈ അവസരത്തില്‍, യൂസുഫിന്റെ (അ) യുക്തിപൂര്‍വമായ നേതൃത്വത്തിനു കീഴിലുള്ള ഈജിപ്തില്‍ മാത്രമേ വരള്‍ച്ചയുള്ളതോടൊപ്പം ധാരാളമായി ധാന്യങ്ങള്‍ സൂക്ഷിപ്പുണ്ടായിരുന്നുള്ളൂ. അതിനാല്‍ അയല്‍ രാജ്യങ്ങളിലെ ജനങ്ങള്‍ ധാന്യം ശേഖരിക്കുന്നതിന് ഈജിപ്തില്‍ വരാന്‍ നിര്‍ബന്ധിതരായിരുന്നു.''
യൂസുഫ് അധ്യായത്തിലെ തുടര്‍ന്നുള്ള സൂക്തങ്ങളില്‍ ഫലസ്ത്വീനില്‍ താമസിച്ചിരുന്ന യൂസുഫ് നബിയുടെ സഹോദരങ്ങള്‍ ധാന്യം ശേഖരിക്കാനായി ഈജിപ്തില്‍ അദ്ദേഹത്തിന്റെ അടുത്തേക്ക് വരുന്നതായി പറയുന്നുണ്ട്. വരള്‍ച്ച എത്രമാത്രം ഓരോ നാടുകളെയും ബാധിച്ചിരുന്നു എന്ന് ഇതില്‍നിന്ന് മനസ്സിലാക്കാം. യൂസുഫ് (അ) നടപ്പാക്കിയ സുസ്ഥിര വികസന പദ്ധതി എത്രത്തോളം വിജയകരമായിരുന്നു എന്നു കൂടി ഇത് വ്യക്തമാക്കുന്നുണ്ട്.
ഏഴു വര്‍ഷത്തെ ആദ്യഘട്ടത്തില്‍ ധാന്യങ്ങളുടെ ഉല്‍പാദനത്തിനും ശേഖര സംരക്ഷണത്തിനുമായിരുന്നു ആസൂത്രണം ചെയ്തിരുന്നത്. ഈജിപ്ത് നിവാസികളോട് അത്യാവശ്യത്തിന് മാത്രമെടുത്ത് ധാന്യങ്ങള്‍ അവയുടെ കതിരുകളില്‍ തന്നെ സൂക്ഷിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. ധാന്യക്കതിരുകള്‍ സൂക്ഷിക്കാന്‍ യൂസുഫ് (അ) കല്‍പ്പിക്കുന്നതിന് മുമ്പ് ഈജിപ്തിന്റെ മൊത്തം ജനസംഖ്യയുടെ സെന്‍സസ് എടുത്തിരുന്നു. ബൈബിളില്‍ ഈ സംഭവം വിശദമായി പ്രതിപാദിക്കുന്നുണ്ട്. ഉല്‍പാദനത്തിന്റെ അഞ്ചിലൊന്ന് ജനങ്ങളില്‍നിന്നും ശേഖരിക്കാന്‍ ഫറോവ ഉത്തരവിട്ടിരുന്നതായി ഉല്‍പത്തി പുസ്തകത്തില്‍ പറയുന്നുണ്ട്. ഓരോ ദേശത്തും ധാന്യം ശേഖരിക്കാന്‍ ഉദ്യോഗസ്ഥരെ നിയമിക്കാനും, ശേഖരിക്കുന്ന ധാന്യങ്ങള്‍ ഫറോവയുടെ അധികാരത്തിനു കീഴില്‍ ആയിരിക്കണം സംഭരിച്ചുവെക്കേണ്ടത് എന്നും പറയുന്നു(ഇവിടെ ഫറോവ എന്നതുകൊണ്ട് ഉദ്ദേശിച്ചത് യൂസുഫ് നബിയെയാണ് എന്ന് പണ്ഡിതന്മാര്‍ അഭിപ്രായപ്പെടുന്നുണ്ട്).
ആദ്യഘട്ടത്തില്‍ ഏഴു വര്‍ഷം ധാരാളമായി പലതരം വിളകള്‍ ഉത്സാഹത്തോടെയും തുടര്‍ച്ചയായും കൃഷി ചെയ്തു. അങ്ങനെ വിളകളുടെ ഉല്‍പാദനം കമാനം വര്‍ധിച്ചു. യൂസുഫ് നബി അവരോട് തുടര്‍ച്ചയായി കൃഷി ചെയ്യാന്‍ നിര്‍ദേശിച്ചിരുന്നു. ധാന്യങ്ങളുടെ കാര്യത്തില്‍ ദുര്‍വ്യയമോ ധൂര്‍ത്തോ പാടില്ലെന്നും പ്രത്യേകം നിഷ്‌കര്‍ഷിച്ചു. ആവശ്യത്തില്‍ കവിഞ്ഞ ഒരു മണി ധാന്യം പോലും ഉപയോഗിക്കാതെ യൂസുഫ് (അ) ഒരുക്കിയ ധാന്യപ്പുരയില്‍ അവര്‍ എത്തിച്ചുകൊണ്ടിരുന്നു. യാതൊരുവിധ അതിരുകടക്കലുമില്ലാതെ അക്കാലത്തെ ജനങ്ങള്‍ തങ്ങളുടെ ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കുകയും വരാന്‍ പോകുന്ന തലമുറക്കായി നല്ലൊരു പങ്ക് സംഭരിച്ചുവെക്കുകയും ചെയ്തു. രണ്ടാംഘട്ട ഏഴു വര്‍ഷം കടുത്ത ക്ഷാമത്തിന്റെയും വരള്‍ച്ചയുടെയും വര്‍ഷങ്ങളായിരിക്കുമെന്ന് യൂസുഫ് (അ) പ്രവചിച്ചിട്ടുണ്ടായിരുന്നല്ലോ. ആദ്യ ഏഴു വര്‍ഷം സംഭരിച്ചുവെച്ച ധാന്യക്കതിരുകള്‍ രണ്ടാമത്തെ ഘട്ടത്തില്‍ അവര്‍ ഉപയോഗിച്ചു. ഈ ധാന്യങ്ങള്‍ ഈജിപ്തുകാര്‍ക്കിടയില്‍ നീതിപൂര്‍വം തന്നെ വിതരണം ചെയ്തു. ധാന്യങ്ങള്‍ അതിന്റെ കതിരില്‍ തന്നെ സൂക്ഷിക്കാന്‍ കല്‍പ്പിച്ചതായി കാണാം. ഇങ്ങനെ സൂക്ഷിക്കുന്നതിന് ഗുണങ്ങള്‍ ഏറെയാണ്. കതിരില്‍ സൂക്ഷിക്കുന്നത് പ്രാണികളുടെ ആക്രമണത്തില്‍നിന്നും ബാക്ടീരിയ, ഫംഗസ് ബാധകളില്‍നിന്നും ധാന്യങ്ങള്‍ക്ക് സംരക്ഷണം നല്‍കും. ഈ കാര്യം ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതാണ്. ഇതിനുപുറമെ മെതിച്ച കതിരുകള്‍ കന്നുകാലികള്‍ക്ക് വരള്‍ച്ചാ കാലത്ത് ഭക്ഷണമായും ഉപയോഗിക്കാമല്ലോ. കന്നുകാലികളുടെ അതിജീവനവും കൂടി ഇവിടെ മുമ്പില്‍ കാണുകയാണ്.
48-ാം സൂക്തത്തില്‍ 'നിങ്ങള്‍ കരുതിവെച്ച ധാന്യങ്ങള്‍ കടുത്ത ക്ഷാമകാലത്ത് നിങ്ങള്‍ക്ക് ഉപയോഗിക്കാം, നിങ്ങള്‍ പ്രത്യേകം കരുതിച്ചുവെച്ച അല്‍പമൊഴികെ' എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്, ഈ ക്ഷാമകാലം കഴിഞ്ഞിട്ടുള്ള വര്‍ഷങ്ങളില്‍ കൃഷി ചെയ്യാനായി അല്‍പം ധാന്യം സംഭരിച്ചു വെക്കണം എന്നാണ്. വരള്‍ച്ചാ കാലത്ത് സൂക്ഷിച്ചുവെച്ചവ മുഴുവന്‍ തിന്നു തീര്‍ത്താല്‍ പിന്നെ കൃഷിയിറക്കാന്‍ വിത്തുാവില്ല. ഇത് പട്ടിണിക്കും ക്ഷാമകാലം നീളാനും വഴിവെക്കും. സുസ്ഥിര വികസനത്തിന്റെ അടിസ്ഥാനതത്ത്വങ്ങളൊക്കെ വളരെ യുക്തിസഹമായ ആസൂത്രണത്തിലൂടെ യൂസുഫ് (അ) പ്രയോഗവല്‍ക്കരിച്ചതായി കാണാം. സുസ്ഥിര പദ്ധതി നടപ്പാക്കിയില്ലായിരുന്നുവെങ്കില്‍ ഈജിപ്ത് കടുത്ത ക്ഷാമത്തില്‍ പെട്ട് നശിച്ചുപോയേനെ. ഈ മികച്ച ആസൂത്രണത്തിന്റെ ഗുണഫലം ഈജിപ്ത് നിവാസികള്‍ക്ക് മാത്രമായിരുന്നില്ലെന്ന് ഖുര്‍ആന്‍ വ്യക്തമാക്കുന്നുണ്ട്. അയല്‍ ദേശങ്ങള്‍ക്ക് വരെ ആശ്വാസകരമാകുന്ന വിധത്തിലായിരുന്നു ഈ സുസ്ഥിര പദ്ധതി.
ഈ കോവിഡ് മഹാമാരി കാലത്ത് ഒട്ടേറെ രാജ്യങ്ങള്‍ സാമ്പത്തിക, സാമൂഹിക, ആരോഗ്യ മേഖലകളില്‍ വലിയ തിരിച്ചടികള്‍ നേരിടുകയുായി. രാജ്യത്ത് ലഭ്യമായ വിഭവങ്ങള്‍ ഭാവിതലമുറയെ കൂടി കണ്ട് പ്രയോജനപ്പെടുത്തിയാല്‍ പ്രതിസന്ധിയില്‍നിന്ന് കരകയറാന്‍ അതുവഴി സാധിക്കും. ആധുനിക ഉപഭോഗസംസ്‌കാരവും വിഭവചൂഷണവും രാജ്യങ്ങളെ സാരമായി തന്നെ ബാധിച്ചിട്ടുണ്ട്. ഐക്യരാഷ്ട്രസഭ സുസ്ഥിര വികസനത്തിന് കൊടുക്കുന്ന പ്രാമുഖ്യം രാജ്യങ്ങള്‍ നല്‍കാന്‍ മടിക്കുകയാണ്. രാജ്യങ്ങളുടെ ഇപ്പോഴത്തെ വികസന നയങ്ങള്‍ ഈ തലമുറയെ തന്നെ നാശത്തിലേക്കും തകര്‍ച്ചയിലേക്കും തള്ളിവിടുന്ന വിധത്തിലുള്ളതാണ്. വിഭവങ്ങളുടെ അമിതമായ ചൂഷണവും ദുര്‍വ്യയവും രാജ്യങ്ങളുടെ മുന്നോട്ടുപോക്കിനെ തടസ്സപ്പെടുത്തുകയാണ്.
Comments