Prabodhanm Weekly

Pages

Search

2021 ഒക്‌ടോബര്‍ 08

3221

1443 റബീഉല്‍ അവ്വല്‍ 01

ശിഷ്ടമാവുന്ന മൂന്ന് പുണ്യങ്ങളുമായി പ്രിയ ഉസ്താദിന്റെ മടക്കം

കെ.എം അശ്‌റഫ്

1997-'98-ലെ കോഴിക്കോട് ദഅ്‌വാ കോളേജിലെ പഠനകാലയളവിലാണ് അബ്ദുല്ലാ ഹസന്‍ സാഹിബിനെ പരിചയപ്പെടുന്നത്. ഖത്തറില്‍നിന്ന് അവധിക്ക് നാട്ടില്‍ വരുമ്പോള്‍ കോഴിക്കോട്ട് വന്നാല്‍ ഞങ്ങള്‍ ദഅ്‌വാ വിദ്യാര്‍ഥികള്‍ക്ക് അബ്ദുല്ലാ ഹസന്‍ സാഹിബിന്റെ ക്ലാസ്സുണ്ടാവും. തഫ്‌സീര്‍ മൗളൂഈ (ഖുര്‍ആനിന്റെ വിഷയാധിഷ്ഠിത പഠനം), സകാത്തുമായി ബന്ധപ്പെട്ട പുതിയ ചിന്തകള്‍, സ്ത്രീകളുടെ പദവിയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍, അഹ്‌ലുകിതാബിനെ കുറിച്ച പുതു ആലോചനകള്‍..... മിക്കവാറും ഇവയൊക്കെയായിരുന്നു മുഖ്യ വിഷയങ്ങള്‍.
അധ്യാപനം വളരെ രസകരമായിരിക്കും. പഠിതാവിന്റെ ചിന്തയെ ഉത്തേജിപ്പിക്കുന്ന വൈജ്ഞാനികമായ  പ്രകോപനങ്ങളാല്‍ സമ്പന്നം. വിദ്യാര്‍ഥികളായ ഞങ്ങളും ഒട്ടും വിട്ടുകൊടുക്കില്ല,  വീറോടെ വാദിക്കും. വിദ്യാര്‍ഥിത്വത്തിന്റെ തിളപ്പില്‍ ഒരു പണ്ഡിതനോടാണ് തര്‍ക്കിക്കുന്നതെന്ന വസ്തുത മറന്നു പോകും (അല്ലാഹു മാപ്പാക്കട്ടെ!). ഫലമോ, ക്ലാസ് മുറികള്‍ സംവാദസ്ഥലികളായി രൂപാന്തരപ്പെടും. പ്രമാണങ്ങളും വസ്തുതകളും നിരത്തി ഉസ്താദ് ഞങ്ങളെ നിരത്തും. ജീവിക്കുന്ന കാലത്തെ കുറിച്ച ഗ്രാഹ്യം (ഫിഖ്ഹുല്‍ വാഖിഅ്) - അതായിരുന്നു ഈ പണ്ഡിതന്റെ  പുതു ആലോചനകളുടെ കാതല്‍.
ദഅ്‌വാ പഠനശേഷം ഖത്തറില്‍ വെച്ച് പല തവണ കണ്ടിരുന്നു. മിക്കവാറും സംസാരം കര്‍മശാസ്ത്രത്തിലെ പുതുവിഷയങ്ങള്‍ തന്നെ. അപ്പോഴും കൂടുതല്‍ അറിവുകള്‍ പുറത്തു ചാടാന്‍ പരമാവധി എതിര്‍വാദങ്ങള്‍ ഉന്നയിക്കും. ഉസ്താദ് തന്ന സ്വാതന്ത്ര്യം സ്ഥലകാലബോധമില്ലാതെ പ്രയോഗിച്ചിട്ടുമുണ്ടാകണം. എല്ലാം കഴിയുമ്പോള്‍ പ്രിയപ്പെട്ട ഗുരുനാഥന്‍ കൂടുതല്‍ പ്രിയപ്പെട്ടവനാകും. ഉസ്താദിനോട് ലോഹ്യം കൂടാന്‍ ചില ചെപ്പടിവിദ്യകളെനിക്കുണ്ട്. അതില്‍ പ്രധാനം, യൗവനതീക്ഷ്ണമായ ഉസ്താദിന്റെ പഴയ ഓര്‍മകളെ ഉത്തേജിപ്പിക്കലാണ്. ശാന്തപുരത്തെ വിദ്യാര്‍ഥി ജീവിത കാലത്ത് മുജാഹിദ് പ്രസ്ഥാനത്തിലെ അതികായരെ കൊച്ചിയിലെ സംവാദത്തില്‍ നേരിട്ട കഥ, ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ സംഘാടകനായി തെക്കന്‍ കേരളത്തില്‍ ചെലവഴിച്ച ദിനങ്ങള്‍ ഇവയൊക്കെ മറവിയുടെ പൂപ്പലുകള്‍ ബാധിക്കാതെ പ്രിയ ഗുരു പറഞ്ഞുതന്നു.  ആലപ്പുഴക്കാരനായ എന്നോട് ഉസ്താദിന്റെ കൂടി ശ്രമമുണ്ടായിരുന്ന ഞങ്ങളുടെ ജില്ലാ ആസ്ഥാനമായ മര്‍കസിന്റെ പിറവിയെ കുറിച്ചും ജില്ലയിലെ ആദ്യകാല പ്രസ്ഥാന നായകരായ ഹമീദ് സാഹിബ്, ഹസന്‍ ബാവാ മാഷ്, നീര്‍ക്കുന്നം അസീസ് സാഹിബ് എന്നിവരെ കുറിച്ചും വാചാലനായി.
പ്രമാണങ്ങളെ കുറിച്ച ഉറച്ച ബോധ്യം കാരണമാവാം തന്റെ  നിലപാടുകളില്‍  ഒരുതരം തീക്ഷ്ണത ഉസ്താദിനുണ്ടായിരുന്നു. അദ്ദേഹത്തിന്റെ വാദമുഖങ്ങളുടെ കരുത്തും സൗന്ദര്യവും അതു തന്നെ. സകാത്തുമായി ബന്ധപ്പെട്ട പല വിഷയങ്ങളിലും, വിശേഷിച്ച്,  നമാഅ് (വളര്‍ച്ച), ഹൗല് (വര്‍ഷം പൂര്‍ത്തിയാവുക)  മെയ്യാഭരണങ്ങളുടെ സകാത്ത്....... തുടങ്ങി പലതിലും ചില ബോധ്യങ്ങളുടെ അടിസ്ഥാനത്തില്‍ ഈയുള്ളവന് വന്ദ്യ ഗുരുനാഥനില്‍നിന്ന് ഭിന്നമായ വീക്ഷണങ്ങളുണ്ടായിരുന്നു. പലവുരു ഇവ്വിഷയകമായി ഞങ്ങള്‍ സംവദിച്ചിരുന്നു. രസകരമായ ഒരോര്‍മ ഇങ്ങനെ: ശാന്തപുരത്ത് ബൈത്തുസ്സകാത്ത് കേരള സംഘടിപ്പിച്ച ഒരു സെമിനാറില്‍ ശരീരത്തില്‍ അണിയുന്ന, സൂക്ഷിപ്പുമുതലായി വെക്കാത്ത ആഭരണങ്ങള്‍ക്ക് സകാത്തില്ലായെന്ന് ഈയുള്ളവന്‍ വാദിച്ചിരുന്നു. പ്രസ്തുത സമ്പത്ത് വരുമാനദായകമല്ല എന്നതാണ് കാരണം. ഇന്നും ആ ബോധ്യത്തിന് മാറ്റമില്ല താനും. ആഭരണങ്ങള്‍ക്ക് നിരുപാധികമായി സകാത്തുണ്ട് എന്നായിരുന്നു ഉസ്താദിന്റെ വാദം. സെമിനാര്‍ കഴിഞ്ഞ് നാളുകള്‍ പിന്നിട്ട ശേഷം ഒരിക്കല്‍ ഒരു പുതിയ കാറുമായി ഉസ്താദ് ശാന്തപുരത്തെത്തി. ഞാന്‍ മെല്ലെ ലോഹ്യം പറഞ്ഞു; 'പുതിയ കാറാണല്ലോ? കാശെത്രയായി?' എടോ, ഇത് കാശു  കൊടുത്തു വാങ്ങിച്ചതാണെന്ന് സരസമായി ഉസ്താദിന്റെ മറുപടി. തിട്ടമില്ല, ഒമ്പതോ പത്തോ ലക്ഷത്തിന്റെ ഒരു കണക്കും എന്നോട് പറഞ്ഞു. ഞാന്‍ ചോദിച്ചു; 'ഈ കാറിന് സകാത്ത് കൊടുത്തോ?' 'അതെന്തിനാടോ, ഈ കാര്‍ എന്റെ സ്വന്തം ആവശ്യത്തിനാണ്, വരുമാനമാര്‍ഗമല്ല.' ഉസ്താദിന്റെ മറുപടി. ഞാന്‍ ചിരിച്ചുകൊണ്ട് പറഞ്ഞു: 'അത് കൊള്ളാമല്ലോ, പത്തു ലക്ഷത്തിന്റെ കാറിന്  വരുമാനദായകമായ ധനമെല്ലന്നു പറഞ്ഞ് സകാത്ത് കൊടുക്കുന്നില്ല. പാവം ഇത്ത ഇട്ടു നടക്കുന്ന  കാറിന്റെ പകുതി പോലും വില വരാത്ത ആഭരണങ്ങള്‍ക്ക് സകാത്ത് കൊടുക്കണമല്ലേ?!'
'ഒന്നു പോടാ!' തോളത്ത് ഒരടിയും ഒരു ചിരിയും; പിന്നീട് ആ മാറിനോട് ചേര്‍ത്തൊരു പിടിത്തവും.
റബ്ബേ! അറിയാതെ എന്റെ കണ്ണുകള്‍ നിറയുകയാണല്ലോ.... ഒരുപാട് തവണ ഉസ്താദിന്റെ ആതിഥ്യം അനുഭവിച്ചിട്ടുണ്ട് ഞാന്‍. പണ്ഡിതസഭയുടെ മീറ്റിംഗുകള്‍, ഒരുമിച്ച് സന്ധിക്കേണ്ട ഏതെങ്കിലും യോഗങ്ങള്‍ കോഴിക്കോട് ഹിറയിലുണ്ടാവും. മടങ്ങിവരുമ്പോള്‍, രാമനാട്ടുകര തിരിഞ്ഞാല്‍ ഫോണെടുക്കും. വീട്ടിലേക്ക് വിളിച്ചു പറയും, ഭക്ഷണമൊരുക്കാന്‍. ഒറ്റക്കും ബഹുമാന്യനായ ഇല്‍യാസ് മൗലവിയോടും സുഹൃത്ത് വാസിഇനോടും ഒപ്പവും പലവുരു ഉസ്താദിന്റെ പ്രിയതമയുടെ (പ്രിയ ഉമ്മയുടെ) കൈപ്പുണ്യം രസമുകുളങ്ങളെ ആനന്ദിപ്പിച്ചിരിക്കുന്നു.
ധന്യമായിരുന്നു ഉസ്താദിന്റെ ജീവിതം, ചെറുപുഞ്ചിരിയോടെ ശാന്തഗംഭീരനായി കിടക്കുന്ന പ്രിയ ഗുരുനാഥന്റെ ജനാസക്കു മുന്നില്‍ ഇല്‍യാസ് മൗലവി ഓര്‍ത്തെടുത്തതുപോലെ, പ്രയോജനകരമായ അറിവ്, നിലക്കാത്ത ദാനധര്‍മങ്ങള്‍, പ്രാര്‍ഥനാനിരതരായ സ്വാലിഹുകളായ സന്താനങ്ങള്‍. ശിഷ്ടമാവുന്ന ഈ മൂന്നു പുണ്യങ്ങളും പ്രിയ ഉസ്താദിനുറപ്പിക്കാം.
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-39 / അസ്സുമര്‍ 24-28
ടി.കെ ഉബൈദ്‌

ഹദീസ്‌

വിനയാന്വിതരാവൂ, ഉയരങ്ങളിലെത്താം
സുബൈര്‍ കുന്ദമംഗലം