Prabodhanm Weekly

Pages

Search

2021 ഒക്‌ടോബര്‍ 08

3221

1443 റബീഉല്‍ അവ്വല്‍ 01

പച്ച ബെല്‍റ്റും പിച്ചാത്തിയും

ഇസ്മാഈല്‍ പതിയാരക്കര

1921-ലെ മലബാര്‍ സമരവുമായി ബന്ധപ്പെട്ട് സമീപകാലത്ത് നടന്ന വിവാദങ്ങളില്‍ ഹിന്ദുത്വ ശക്തികള്‍ ഏറ്റവുമധികം ഉയര്‍ത്തിക്കാട്ടിയ പുസ്തകമാണ് കെ. മാധവന്‍ നായരുടെ 'മലബാര്‍ കലാപം.' സമരത്തിനു ശേഷം മാതൃഭൂമി ദിനപത്രം കുറച്ചു കാലം ഖണ്ഡശ്ശഃ പ്രസിദ്ധീകരിച്ച കുറിപ്പുകള്‍ (അന്ന് മാധവന്‍ നായരുടെ സഹപ്രവര്‍ത്തകരായ ഇ. മൊയ്തു മൗലവി, മുഹമ്മദ് അബ്ദുര്‍റഹ്മാന്‍ സാഹിബ് അടക്കം ഒരുപാട് പേര്‍ അത്യന്തം അബദ്ധജടിലവും വസ്തുതാവിരുദ്ധവുമാണ് ഈ കുറിപ്പുകളെന്ന് ചൂണ്ടിക്കാട്ടിയിരുന്നു. തുടര്‍ന്ന് പത്രം പരമ്പര നിര്‍ത്തിവെച്ചു. പിന്നീട് മലപ്പുറം ജില്ലാ രൂപീകരണവുമായി ബന്ധപ്പെട്ട വിദ്വേഷ പ്രചാരണ കാലത്താണ്, മാധവന്‍ നായരുടെ വിയോഗാനന്തരം ഇത് പുസ്തകമായി അദ്ദേഹത്തിന്റെ കുടുംബം പ്രത്യേക താല്‍പര്യമെടുത്ത് പ്രസിദ്ധീകരിച്ചത്). പുസ്തകരൂപമാക്കിയപ്പോള്‍ അതിന് ആശംസാ കുറിപ്പെഴുതിയത് കെ.പി കേശവമേനോനും കെ. കേളപ്പനുമാണ്. ബഹുസ്വര സമൂഹത്തില്‍ ജീവിക്കാനറിയാത്ത പ്രാകൃതരായ മുഹമ്മദീയര്‍ ആസൂത്രിതമായി നടത്തിയ ഹിന്ദു ഹത്യയാണ് മലബാര്‍ സമരമെന്ന് വരികള്‍ക്കിടയിലൂടെ പറഞ്ഞു വെക്കുന്ന, സത്യത്തോട് ഒട്ടും നീതി പുലര്‍ത്താത്ത ഒരു പുസ്തകത്തെ തന്റെ മതേതര സതീര്‍ഥ്യര്‍ക്ക് എങ്ങനെ ചേര്‍ത്തു പിടിക്കാന്‍ കഴിഞ്ഞുവെന്ന് അന്നത്തെ സമരങ്ങള്‍ നേരിട്ടു കാണുകയും, ഒരു ഘട്ടത്തില്‍ അത് സായുധ പോരാട്ടത്തിലേക്ക് പോയപ്പോള്‍ നിശിതമായി എതിര്‍ക്കുകയും ചെയ്ത മൊയ്തു മൗലവി അത്ഭുതം കൂറുന്നുണ്ട്. 
ഒരു ചെറിയ വിഭാഗത്തെ ഒഴിച്ചുനിര്‍ത്തിയാല്‍  മുസ്‌ലിം സമൂഹത്തിലെ ബാക്കിയുള്ളവര്‍ കീഴാള ജാതികളില്‍നിന്ന് മതം മാറിയവരാകയാല്‍ ജാതീയമായ തൊട്ടുകൂടായ്ക ചില വരേണ്യ വിഭാഗങ്ങള്‍ തങ്ങളുടെ മനസ്സില്‍ ഇസ്‌ലാം മതാനുയായികളോട് സൂക്ഷിച്ചിരുന്നതായുള്ള ചില ചരിത്ര ഗവേഷകരുടെ നിഗമനങ്ങളും ഇതോട് ചേര്‍ത്തു വെക്കാവുന്നതാണ്. ശ്രീനാരായണ ഗുരു, ചട്ടമ്പി സ്വാമികള്‍, വി.ടി ഭട്ടതിരിപ്പാട് തുടങ്ങിയ സ്വസമുദായ പരിഷ്‌കര്‍ത്താക്കളെ പില്‍ക്കാല ചരിത്രം കേരളത്തിന്റെ പൊതു നവോത്ഥാന നായകരെന്ന് വിശേഷിപ്പിക്കുകയുണ്ടായി; അവരത് അര്‍ഹിക്കുന്നതാണു താനും. എന്നാല്‍, മുസ്‌ലിം സമൂഹത്തില്‍ പരിഷ്‌കരണങ്ങള്‍ക്ക് തുടക്കം കുറിച്ച സയ്യിദ് സനാഉല്ല മഖ്ദി തങ്ങള്‍ക്കോ വക്കം അബ്ദുല്‍ ഖാദര്‍ മൗലവിക്കോ അങ്ങനെയൊരു പൊതു വിശേഷണം ലഭിച്ചതുമില്ല. 
നമ്മുടെ പാഠപുസ്തകങ്ങളില്‍ പലതും ഇന്നും അധിനിവേശകരോടുള്ള  ഭക്തി വഴിഞ്ഞൊഴുകുന്നവയാണ്. കേരളത്തില്‍ നിര്‍ബന്ധ മത പരിവര്‍ത്തനത്തിനും, ഒപ്പം സമ്പത്ത് കൊള്ളയടിക്കും വേണ്ടി മാത്രം വന്നിറങ്ങിയ വാസ്‌കോഡ ഗാമയെ പറ്റി വിശദമായി പഠിക്കുന്ന നമ്മുടെ കുട്ടികള്‍, പോര്‍ച്ചുഗീസുകാരില്‍നിന്ന് മലയാള നാടിനെ ജീവന്‍ ബലിനല്‍കി കാത്തു രക്ഷിച്ച കുഞ്ഞാലി മരക്കാന്മാരെക്കുറിച്ച് ഒരു ഖണ്ഡികയില്‍ കൂടുതല്‍ വായിക്കുന്നില്ല. ഇങ്ങനെ നിരവധി ഉദാഹരണങ്ങള്‍ നമ്മുടെ പാഠപുസ്തകങ്ങളില്‍നിന്നെടുക്കാന്‍ കഴിയും. ഹിന്ദുത്വ തീവ്രവാദ ഉപജ്ഞാതാക്കളുടെ രചനകള്‍ പി.ജി വിദ്യാര്‍ഥികള്‍ക്ക് സിലബസ്സായി നിര്‍ദേശിച്ച കണ്ണൂര്‍ സര്‍വകലാശാലയുടെ നടപടിയും (പ്രതിഷേധത്തെ തുടര്‍ന്നു തിരുത്തി) യാദൃഛികമാകാന്‍ വഴിയില്ല.  കേരള നവോത്ഥാന ചരിത്രത്തില്‍നിന്ന്  മുസ്‌ലിം സമൂഹത്തെ മാറ്റിനിര്‍ത്താന്‍ ശ്രമങ്ങളുണ്ടാകുമ്പോള്‍ ഫലപ്രദമായി അതിനെ പ്രതിരോധിക്കാന്‍ സമുദായ രാഷ്ട്രീയത്തിനോ, മത സംഘടനകള്‍ക്കോ കഴിയുന്നില്ല. 2013 ഡിസംബറില്‍ കോഴിക്കോട്ട് നടന്ന കേരള മുസ്‌ലിം ഹിസ്റ്ററി കോണ്‍ഗ്രസ് മാത്രമാണ് ഇതിനൊരു അപവാദം. 
സാഹിത്യ മേഖലയിലേക്ക് കണ്ണോടിച്ചാല്‍ മലയാളത്തില്‍ എഴുതപ്പെട്ട ആദ്യത്തെ ലക്ഷണമൊത്ത നോവലെന്ന് പറയപ്പെടുന്ന ഒ. ചന്തു മേനോന്റെ 'ഇന്ദുലേഖ'യില്‍ ഷേര്‍ അലി ഖാന്‍ എന്ന സ്വഭാവദൂഷ്യം ആവോളമുള്ള  കള്ളനായിട്ടാണ് മുസ്‌ലിം കടന്നുവരുന്നത്. പിന്നീട് പലരുടേതായി വന്ന  അസംഖ്യം രചനകളില്‍ മാപ്പിള അപരവല്‍ക്കരണത്തിന്റെ തിമിര്‍പ്പാണ് മലയാളി വായനക്കാരന്‍ കണ്ടത്. ദുഷ്ട മാപ്പിളയുടെ വട്ടത്താടിയും പച്ച ബെല്‍റ്റും സാഹിത്യത്തില്‍ നിറഞ്ഞുനിന്ന കാലത്താണ് താന്‍ എഴുതിത്തുടങ്ങുന്നതെന്ന് വൈക്കം മുഹമ്മദ് ബഷീര്‍ പറയുന്നുണ്ട്. 
ജനപ്രിയ കലയായ സിനിമയുടെ കാര്യമെടുത്താലും ആദ്യകാല ബ്ലാക്ക് & വൈറ്റ് ചിത്രങ്ങളില്‍ മിക്കതിലും ക്രൂരത മുറ്റിനില്‍ക്കുന്ന മാപ്പിള മുഖങ്ങളെ മാത്രമേ കാണാന്‍ കഴിയുമായിരുന്നുള്ളൂ. ചില അപവാദങ്ങള്‍ ഇല്ലെന്നു പറയുന്നില്ല. പുതു നൂറ്റാണ്ട് മുതല്‍ പതഞ്ഞു തുടങ്ങിയ ഇസ്‌ലാമോഫോബിയ മുസ്‌ലിം പാത്രസൃഷ്ടിയില്‍ മോശമല്ലാത്ത സ്വാധീനം ചെലുത്തിയിട്ടുണ്ടെന്നത് പറയേണ്ടതില്ലല്ലോ. 
സമീപകാല കേരളം ചര്‍ച്ച ചെയ്ത അഞ്ചാം മന്ത്രി വിവാദം, പലതരം 'ജിഹാദ്' ആരോപണങ്ങള്‍, വ്യാജ ഭീകരവാദ കഥകള്‍, പാലാ ബിഷപ്പിന്റെ വംശീയ പരാമര്‍ശങ്ങള്‍, കാമ്പസുകളില്‍ പെണ്‍കുട്ടികളെ കേന്ദ്രീകരിച്ചുകൊണ്ട് നടക്കുന്ന തീവ്രവാദ റിക്രൂട്ട്‌മെന്റ് എന്ന സി.പി.എം പാര്‍ട്ടി രേഖ തുടങ്ങി പലതിനെയും സൂക്ഷ്മമായി വിലയിരുത്തുമ്പോള്‍ പച്ച ബെല്‍റ്റും, അരയിലെ പിച്ചാത്തിയുമൊക്കെയായി ലോകം തിരിയാതെ നൂറ്റാണ്ടുകള്‍ക്കു പിറകിലെ മാനസികാവസ്ഥയുമായി നടക്കുന്ന മനുഷ്യര്‍ എന്ന വാര്‍പ്പുമാതൃക തന്നെയാണ് തെളിഞ്ഞുവരുന്നത്. അത്തരം വാര്‍പ്പുമാതൃകകളെ മറികടന്ന് മുസ്‌ലിം സമുദായം വിദ്യാഭ്യാസപരമായും സാമ്പത്തികമായും ബൗദ്ധികമായും മുന്നേറുന്നതില്‍ അസഹിഷ്ണുത പൂണ്ട വരേണ്യ സമൂഹത്തിന്റെ അസൂയയില്‍നിന്ന് മാത്രം ഉടലെടുത്തതാണ് ഇപ്പോഴത്തെ വിവാദങ്ങള്‍ എന്ന് തിരിച്ചറിയാന്‍ ഒട്ടും പ്രയാസമില്ല. മുസ്‌ലിം തീവ്രവാദത്തെ കുറിച്ച് പറയുമ്പോള്‍, അങ്ങനെയൊന്നുണ്ടെങ്കില്‍ തന്നെ അതിനെയൊക്കെ നിസ്സാരമാക്കുന്ന തരത്തിലുള്ള കത്തോലിക്കാ ഭീകരതയെക്കുറിച്ചും കമ്യൂണിസ്റ്റ് നായാട്ടുകളെയും ഹിന്ദുത്വ വംശഹത്യകളെയും കുറിച്ചും ഉച്ചത്തില്‍ തിരിച്ചുപറയാന്‍ കെല്‍പ്പുള്ള ഒരു തലമുറയെ പലരും ഭയപ്പെടുന്നു എന്നതാണ് സത്യം. 


ജമാഅത്ത് വിരോധത്തില്‍ അഭിരമിക്കുന്ന സി.പി.എം

റഹ്മാന്‍ മധുരക്കുഴി

ഭരണഘടനാനുസൃതമായി, സമാധാനപരമായ ആശയപ്രചാരണത്തിലൂടെ ആറേഴ് ദശകങ്ങളായി രാജ്യത്ത് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ജമാഅത്തെ ഇസ്‌ലാമിയെ വര്‍ഗീയ, തീവ്രവാദ പ്രസ്ഥാനമായി മുദ്രകുത്തി ദുഷ്പ്രചാരണം നടത്തിക്കൊണ്ടിരിക്കുകയാണ് കുറച്ചുകാലമായി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി.
'പ്രഫഷണല്‍ കാമ്പസുകള്‍ കേന്ദ്രീകരിച്ച് വിദ്യാസമ്പന്നരായ യുവതികളെ ന്യൂനപക്ഷ വര്‍ഗീയതയിലേക്കും തീവ്രവാദ പ്രവര്‍ത്തനങ്ങളിലേക്കും ചിന്തിപ്പിക്കുന്നതിനുള്ള ബോധപൂര്‍വമായ ശ്രമങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്' എന്നതാണ് പുതിയ ആരോപണം. സി.പി.എം സമ്മേളനങ്ങളില്‍ നേതാക്കള്‍ക്ക് പ്രസംഗിക്കാന്‍ നല്‍കിയ കുറിപ്പിലാണ് ഇതുള്ളത്. പതിവു പോലെ തെളിവുകളുടെ തരിമ്പു പോലും ഇല്ലാതെയാണ് ഇങ്ങനെ തട്ടിവിട്ടിരിക്കുന്നത്.
'ജമാഅത്തെ ഇസ്‌ലാമി ന്യൂനപക്ഷ വര്‍ഗീയത ശക്തിപ്പെടുത്താന്‍ വലിയ ശ്രമമാണ് നടത്തുന്നത്. അവരുടെ മാധ്യമങ്ങളിലൂടെ വര്‍ഗീയ ചേരിതിരിവ് നടത്താന്‍ ശ്രമം നടത്തുന്നു'- സി.പി.എം ആക്ടിംഗ് സെക്രട്ടറി എ. വിജയരാഘവന്റേതാണ് ഈ ആരോപണം. ജമാഅത്തെ ഇസ്‌ലാമി അതിന്റെ രൂപീകരണനാള്‍ മുതല്‍ വ്യത്യസ്ത മതസമൂഹങ്ങള്‍ക്കിടയില്‍ ചേരിതിരിവുണ്ടാക്കാനല്ല; സ്‌നേഹ-സൗഹാര്‍ദ വികാരങ്ങള്‍ പരിപോഷിപ്പിക്കാനാണ് ശ്രമം നടത്തിയിട്ടുള്ളത്. ജനാധിപത്യവും സാമുദായിക സൗഹാര്‍ദവും സംരക്ഷിക്കുകയെന്ന ലക്ഷ്യസാധ്യത്തിനായി എഫ്.ഡി.സി.എ എന്ന വേദി വ്യത്യസ്ത മതവിഭാഗങ്ങളിലുള്ള പ്രമുഖരെ ഉള്‍പ്പെടുത്തി ജമാഅത്ത് രൂപീകരിച്ചിട്ടുണ്ട്. വിവിധ സമുദായങ്ങള്‍ക്കിടയിലെ ആശയവിനിമയം ശക്തിപ്പെടുത്തുന്നതിന് വ്യത്യസ്ത മതവിഭാഗക്കാരെ സംഘടിപ്പിച്ച് ഒട്ടേറെ സ്‌നേഹസംവാദങ്ങള്‍ അത് സംഘടിപ്പിക്കുന്നുണ്ട്. ആരാധനാലയങ്ങളിലേക്ക് വരെ വിവിധ മതവിഭാഗക്കാരെ ക്ഷണിച്ചു വരുത്തി സ്‌നേഹസംവാദങ്ങള്‍ നടത്താറുണ്ട്. ഇത്തരമൊരു സംഗമം മലപ്പുറം ജില്ലയിലെ പുളിക്കല്‍ മസ്ജിദുത്തഖ്‌വയില്‍ നടന്നപ്പോള്‍ മാര്‍ക്‌സിസ്റ്റ് മുഖപത്രം ദേശാഭിമാനി തന്നെ അതിനെ പ്രശംസിച്ച് വാര്‍ത്ത നല്‍കിയത് ഇങ്ങനെയായിരുന്നു: 'പുളിക്കല്‍ മസ്ജിദില്‍ വെള്ളിയാഴ്ച ജുമുഅയില്‍ ജാതിമതഭേദമന്യേ ഒത്തുചേര്‍ന്നത് മതമൈത്രിയുടെ വേറിട്ട അനുഭവമായി. മാനവ മൈത്രീ സംഗമം എന്ന പേരിലായിരുന്നു സൗഹാര്‍ദത്തിന്റെയും സഹിഷ്ണുതയുടെയും പുതിയൊരു അധ്യായമെഴുതിയത്' (30-12-2017). വര്‍ഗീയ ചേരിതിരിവുണ്ടാക്കാനുള്ള ജമാഅത്തെ ഇസ്‌ലാമിയുടെ ശ്രമങ്ങളാണോ ഇതെല്ലാം? അതോ മതസൗഹാര്‍ദം പരിപോഷിപ്പിക്കാനുള്ള ക്രിയാത്മക നടപടികളോ?
ഏഴ് ദശകങ്ങളായി ഇവിടെ സജീവ സാന്നിധ്യമറിയിച്ചുകൊണ്ടിരിക്കുന്ന ഈ പ്രസ്ഥാനത്തിന് സ്വാതന്ത്ര്യാനന്തരം നടന്ന നൂറുകണക്കില്‍ വര്‍ഗീയ കലാപങ്ങളില്‍ ഏതെങ്കിലുമൊന്നില്‍ പങ്കുള്ളതായി ഒരാരോപണം പോലും ഇന്നോളം ഉണ്ടായിട്ടില്ല. കലാപമുണ്ടാകുമ്പോള്‍ മുറിവുണക്കാനും സൗഹൃദം സ്ഥാപിക്കാനുമുള്ള ശ്രമങ്ങളാണ് ജമാഅത്തിന്റെ ഭാഗത്തുനിന്നുണ്ടാവുന്നത്. മാറാട് കലാപമുണ്ടായപ്പോള്‍ അരയ സമാജത്തിന്റെ സദസ്സിലേക്ക് സ്‌നേഹദൂതുമായി കടന്നുചെല്ലാന്‍ സാധിച്ചത് ജമാഅത്ത് അമീറായിരുന്ന സിദ്ദീഖ് ഹസന്‍ സാഹിബിന് മാത്രമായിരുന്നു. മതസമൂഹങ്ങള്‍ക്കിടയില്‍ ചേരിതിരിവോ വിദ്വേഷമോ ഉളവാക്കുംവിധം പ്രഭാഷണം നടത്തിയതിന് പ്രസ്ഥാന പ്രവര്‍ത്തകരിലൊരാളുടെ പേരിലും കേസെടുക്കാന്‍ ആര്‍ക്കും കഴിഞ്ഞിട്ടില്ല. അതിന്റെ വൈജ്ഞാനിക ശേഖരണങ്ങളിലൊന്നും മതവൈരം ഉണ്ടാക്കുന്ന പരാമര്‍ശങ്ങളുണ്ടെന്ന പേരില്‍ കണ്ടുകെട്ടപ്പെട്ടിട്ടില്ല. ജമാഅത്തിന്റെ രാജ്യമെങ്ങുമുള്ള സേവന പ്രവര്‍ത്തനങ്ങളുടെ ഗുണഭോക്താക്കളാണ് ജാതിമതഭേദമെന്യേ എല്ലാവരും. അതിന്റെ ഭരണഘടനയില്‍, ഇതര സംഘടനകളില്‍നിന്ന് വ്യത്യസ്തമായി രാജ്യത്ത് വിഭാഗീയതയോ സാമൂഹിക സംഘര്‍ഷങ്ങളോ ഉണ്ടാക്കുന്ന ഒരു പ്രവര്‍ത്തനത്തിലും പ്രവര്‍ത്തകര്‍ ഏര്‍പ്പെടുകയില്ലെന്ന് വ്യക്തമായി രേഖപ്പെടുത്തിയിരിക്കുന്നു. സംഘടന നിരോധിക്കപ്പെട്ടപ്പോള്‍ നിരപരാധികളെന്ന് വിധിയെഴുതി സുപ്രീം കോടതി വെറുതെ വിട്ടതിന്റെ പശ്ചാത്തലം മറ്റൊന്നാണോ? 
ഏറ്റവുമൊടുവില്‍ പാലാ ബിഷപ്പിന്റെ വര്‍ഗീയ പ്രഭാഷണം സമൂഹത്തില്‍ വലിയ പ്രതിഷേധം സൃഷ്ടിച്ചപ്പോള്‍ ബിഷപ്പിന്റെ വസതിയിലേക്ക് മാര്‍ച്ച് ചെയ്യാനോ പ്രതിഷേധ പ്രകടനം സംഘടിപ്പിക്കാനോ അല്ല ജമാഅത്ത് നേതൃത്വം ശ്രമിച്ചത്. ബിഷപ്പിന്റെ വഴിവിട്ട ചെയ്തിക്കെതിരെ നിയമനടപടി വേണമെന്നാവശ്യപ്പെട്ടതോടൊപ്പം സാമുദായിക സൗഹാര്‍ദം തകരാതെ കാത്തുസൂക്ഷിക്കണമെന്നാണ് ജമാഅത്ത് അമീര്‍ ആഹ്വാനം ചെയ്തത്. 'വംശീയതയും വിദ്വേഷവുമല്ല; സാഹോദര്യവും സംവാദവുമാണാവശ്യം' എന്ന ശീര്‍ഷകത്തില്‍ ജമാഅത്ത് അമീര്‍ മാധ്യമത്തില്‍ (16-9-2021) എഴുതിയ ലേഖനം അതാണ് വ്യക്തമാക്കുന്നത്.
ചേരിതിരിവുണ്ടാക്കുന്ന വര്‍ഗീയ-തീവ്രവാദ സംഘടനയെന്ന ഈ ദുഷ്പ്രചാരണം ആരെ തൃപ്തിപ്പെടുത്താനായിരുന്നാലും അത് വിജയിക്കാന്‍ പോകുന്നില്ല. 


ടി.കെയുടെ പ്രഭാഷണങ്ങള്‍ 
സമാഹരിക്കുന്നു

പ്രമുഖ പണ്ഡിതനും ജമാഅത്തെ ഇസ്‌ലാമിയുടെ സമുന്നത നേതാവുമായ ടി.കെ അബ്ദുല്ല സാഹിബിന്റെ പ്രസംഗങ്ങള്‍, പഠന ക്ലാസ്സുകള്‍ എന്നിവ സമാഹരിച്ച് പുസ്തകമായി പ്രസിദ്ധീകരിക്കാന്‍ തീരുമാനിച്ചിരിക്കുന്നു. ഓഡിയോ, വീഡിയോ കൈവശമുള്ളവര്‍ താഴെ പറയുന്ന അഡ്രസ്സില്‍ അയക്കുക. യ്യൂടൂബ് ലിങ്കും അയക്കാം.

ഐ.പി.എച്ച്, ഐ.എസ്.ടി ബില്‍ഡിംഗ്,
സില്‍വര്‍ ഹില്‍സ്, കോഴിക്കോട്- 12
[email protected]

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-39 / അസ്സുമര്‍ 24-28
ടി.കെ ഉബൈദ്‌

ഹദീസ്‌

വിനയാന്വിതരാവൂ, ഉയരങ്ങളിലെത്താം
സുബൈര്‍ കുന്ദമംഗലം