ആഴത്തിലുള്ള പഠനം, ശക്തമായ പ്രതിരോധം
15/09/'21 ബുധനാഴ്ച രാവിലെ മാധ്യമം മാനേജിംഗ് കമ്മിറ്റിയുടെ പതിവ് യോഗം നടക്കെ വിവരം ലഭിച്ചു, ഇഖ്റഅ് ആശുപത്രിയില്‍ കഴിയുന്ന അബ്ദുല്ല ഹസന്‍ സാഹിബിന്റെ നില ഗുരുതരമാണെന്ന്. അപ്പോഴാണ് അദ്ദേഹം ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടത് ഞാനറിയുന്നത്. അസുഖബാധിതനാണെന്നറിയാമായിരുന്നെങ്കിലും സ്ഥിതി മോശമാണെന്നറിഞ്ഞിരുന്നില്ല. യോഗം അവസാനിച്ച ഉടനെ വി.ടി അബ്ദുല്ലക്കോയ തങ്ങള്‍, ടി.കെ ഫാറൂഖ്, പി.ഐ നൗഷാദ്, സി.ഇ.ഒ പി.എം സാലിഹ് എന്നിവരോടൊപ്പം ഹോസ്പിറ്റലിലേക്ക് കുതിച്ചു. അവിടെ ചെന്നപ്പോള്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയെ തോല്‍പിക്കുന്ന ജനത്തിരക്ക്. ഡോ. പി.സി അന്‍വറിനെ ചെന്ന് കണ്ടപ്പോള്‍ ഐ.സി.യുവില്‍ സന്ദര്‍ശകരുടെ പ്രവേശനം തടയപ്പെട്ട കാര്യം ഓര്‍മിപ്പിച്ചു. എങ്കിലും അത്യാസന്ന നിലയിലായതിനാല്‍ ദൂരെ നിന്ന് ഒരു നോക്ക് കാണാന്‍ അനുമതി നല്‍കി. ലിഫ്റ്റിന്റെ പരിസരത്തൊന്നും ഇടമില്ലാത്ത സ്ഥിതിയില്‍ മൂന്നാം നിലയിലേക്ക് നടന്നു കയറാന്‍ തന്നെ തീരുമാനിച്ചു. ചെന്നു നോക്കുമ്പോള്‍ ഗവേഷക പണ്ഡിതനായ ചിരകാല സുഹൃത്ത് അന്ത്യശ്വാസം വലിച്ചുകൊണ്ടിരിക്കുകയാണ്. മക്കള്‍ കലിമ ചൊല്ലിക്കൊടുക്കുന്നു. ഞങ്ങള്‍ വാതില്‍ക്കല്‍ നിന്ന് രംഗം നിരീക്ഷിച്ച ശേഷം മാറിനിന്ന് മക്കളോട് വിവരങ്ങളാരാഞ്ഞു. ഞങ്ങള്‍ മാധ്യമത്തില്‍ തിരിച്ചെത്തിയപ്പോഴേക്കും മരണവാര്‍ത്തയും പിറകെ വന്നു. അങ്ങനെ എഴുപതുകളുടെ തുടക്കം മുതല്‍ പ്രബോധനത്തിലെ സഹപ്രവര്‍ത്തകനും പ്രസ്ഥാനത്തിനു നേരെ ഉയര്‍ന്ന എതിര്‍പ്പുകളെ പ്രതിരോധിക്കുന്നതില്‍ ഊര്‍ജസ്വലനായ സഹകാരിയും എഴുപതുകളുടെ അവസാനത്തില്‍ ഖത്തറില്‍ പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതില്‍ സജീവ പങ്കാളിയും പില്‍ക്കാലത്ത് വൈജ്ഞാനിക സംവാദങ്ങളില്‍ സമാനമനസ്‌കനുമായിരുന്ന പ്രിയ സുഹൃത്തിന്റെ വേര്‍പാട് എന്ന തിക്ത യാഥാര്‍ഥ്യത്തോട് പൊരുത്തപ്പെടുകയല്ലാതെ നിര്‍വാഹമില്ലെന്നു വന്നു.
1964 ഡിസംബറില്‍ പ്രബോധനം ദ്വൈവാരിക, വാരികയും മാസികയുമായി പുനര്‍വിഭജനം നടത്തിയതില്‍ പിന്നെ യശശ്ശരീരനായ ടി. മുഹമ്മദ് സാഹിബ് മാസികയുടെ മാത്രം എഡിറ്ററായി. അതൊരു കനപ്പെട്ട വൈജ്ഞാനിക ഉപഹാരമായി പുറത്തിറങ്ങിക്കൊണ്ടിരുന്ന കാലത്ത് അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരായി ശാന്തപുരം ഇസ്ലാമിയാ കോളേജിലെ പ്രതിഭാധനരായ പൂര്‍വ വിദ്യാര്‍ഥികളാണ് വന്നും പോയുമിരുന്നത്. ഇപ്പോള്‍ കനഡയിലെ ടൊറണ്ടോയില്‍ ഇസ്‌ലാമിക പ്രബോധകനായ ടി.കെ ഇബ്റാഹീം, ഗള്‍ഫ് മാധ്യമം ചീഫ് എഡിറ്റര്‍ വി.കെ ഹംസ അബ്ബാസ്, ടൊറണ്ടോയിലെ തന്നെ പ്രഗത്ഭ പണ്ഡിതന്‍ വി.പി അഹ്മദ് കുട്ടി തുടങ്ങിയവരുടെ പേരുകള്‍ സ്മരിക്കാതെ വയ്യ. അക്കൂട്ടത്തില്‍ കെ. അബ്ദുല്ല ഹസനാണ് ദീര്‍ഘകാലം മാസികയുടെ ചുമതല വഹിച്ചിരുന്നത്. ടി.എം അനാരോഗ്യം കാരണം പിരിയേണ്ടിവന്നപ്പോള്‍ മാസികയുടെ എഡിറ്റോറിയല്‍ ചുമതല അബ്ദുല്ല ഹസന് ഏറ്റെടുക്കേണ്ടിവന്നു. ഇന്നും സജീവ ചര്‍ച്ചാ വിഷയമായ പല കാര്യങ്ങളിലും റഫറന്‍സിന് സഹായകമാണ് അക്കാലത്തെ മാസികയുടെ വാള്യങ്ങള്‍. ഞാനും ജ്യേഷ്ഠന്‍ അബ്ദുല്ലയും വാരികയിലായിരുന്നു പ്രവര്‍ത്തിച്ചത്. മാര്‍ക്സിസ്റ്റുകള്‍, യുക്തിവാദികള്‍, മോഡേണിസ്റ്റുകള്‍, സാമുദായിക രാഷ്ട്രീയക്കാര്‍ തുടങ്ങിയ എല്ലാ വിഭാഗങ്ങളുമായും ഞങ്ങള്‍ ഏറ്റുമുട്ടും. കൂട്ടത്തില്‍ അവിസ്മരണീയ സംഭവമാണ് മട്ടാഞ്ചേരിയിലെ സലഫി-ജമാഅത്ത് സംവാദം.
എഴുപതുകളുടെ തുടക്കത്തില്‍ മട്ടാഞ്ചേരിയിലെ ചില സുഹൃത്തുക്കള്‍ സലഫി പണ്ഡിതന്മാരുമായി ഒരു സംവാദത്തിന് തയാറുണ്ടോ എന്ന് ഞങ്ങളോടന്വേഷിച്ചു. അന്നത്തെ മുഖ്യ ചര്‍ച്ചാ വിഷയമായ ഇബാദത്തിന്റെ അര്‍ഥകല്‍പനയാണ് സംവാദത്തിനായി നിര്‍ദേശിക്കപ്പെട്ടത്. സല്‍സബീല്‍ പത്രാധിപന്‍ പരേതനായ കെ. ഉമര്‍ മൗലവി മുഖ്യ ദൗത്യമായി കൊണ്ടുനടന്ന വിഷയമായിരുന്നല്ലോ അത്. അന്നദ്ദേഹം പുല്ലേപ്പടി ദാറുല്‍ ഉലൂമിലെ അധ്യാപകനും ഖത്വീബുമായിരുന്നു. ജമാഅത്തിനോടനുഭാവമുള്ള, പില്‍ക്കാലത്ത് കെ.എന്‍.എം സംസ്ഥാന വൈസ് പ്രസിഡന്റായ ബാബു സേട്ടും അദ്ദേഹത്തിന്റെ ബന്ധു ത്വാഹിര്‍ സേട്ടുമായിരുന്നു സംവാദത്തിന് കളമൊരുക്കിയത്. കെ.സി അബൂബക്കര്‍ മൗലവി, കെ. ഉമര്‍ മൗലവി, എ. അലവി മൗലവി എന്നീ പ്രഗത്ഭരാണ് സലഫികളെ പ്രതിനിധീകരിക്കുന്നത്. ഞങ്ങളോ അവരെ അപേക്ഷിച്ച് വെറും പിള്ളേര്‍. പക്ഷേ ഞങ്ങള്‍ക്ക് ധൈര്യം പകര്‍ന്നത് ഉസ്താദ് ഇസ്ഹാഖലി മൗലവിയായിരുന്നു. അബ്ദുല്ല ഹസന്‍, വി.കെ അലി, ഞാന്‍ എന്നിവരാണ് മറുപക്ഷത്തെ പ്രതിനിധീകരിക്കേണ്ടത്. ഞങ്ങള്‍ മട്ടാഞ്ചേരിയിലെത്തി. സലഫിയായ അഡ്വ. കെ.എം സെയ്തു മുഹമ്മദ് സാഹിബാണ് മോഡറേറ്റര്‍. പക്ഷേ കെ.സി അബൂബക്കര്‍ മൗലവി വിട്ടുനിന്നു. പകരം മൊയ്തീന്‍ കുട്ടി മൗലവിയാണ് സലഫി പക്ഷത്തെ വിഷയാവതാരകന്‍. നിശ്ചിത സമയത്ത് തിങ്ങിനിറഞ്ഞ ഹാളില്‍ സംവാദം ആരംഭിച്ചു; മൊയ്തീന്‍ കുട്ടി മൗലവിയുടെ വിഷയാവതരണം സംക്ഷിപ്തവും ലളിതവുമായിരുന്നു. അബ്ദുല്ല ഹസന്‍ മണിക്കൂര്‍ നീണ്ട മറുപടിയില്‍ ഇസ്‌ലാമിലെ ഇബാദത്ത് എന്ന വിഷയം സമഗ്രമായി അവതരിപ്പിച്ചതോടെ ഞങ്ങള്‍ക്ക് ആത്മവിശ്വാസം കൈവന്നു. ഉച്ചക്കു ശേഷമുള്ള വിഷയാവതരണം കെ. ഉമര്‍ മൗലവിയുടേതായിരുന്നു. അദ്ദേഹം പതിവ് വാദങ്ങളൊക്കെ നിരത്തി ജമാഅത്തെ ഇസ്‌ലാമിക്ക് ഇബാദത്തിന്റെ അര്‍ഥകല്‍പനയില്‍ തെറ്റുപറ്റിയെന്ന് സ്ഥാപിക്കാനാണ് ശ്രമിച്ചത്. വാദങ്ങള്‍ക്ക് വി.കെ അലി സമര്‍ഥമായും സരസമായും മറുപടി നല്‍കിക്കഴിഞ്ഞപ്പോള്‍ പ്രവര്‍ത്തകരുടെ മുഖത്ത് പ്രസന്നത. മഗ്‌രിബിനു ശേഷം വിഷയമവതരിപ്പിച്ച സലഫി പണ്ഡിതവര്യനായ എ. അലവി മൗലവി, വാദപ്രതിവാദങ്ങളിലല്ലാതെ വൈജ്ഞാനിക സംവാദങ്ങളില്‍ പങ്കെടുത്ത പരിചയം വേണ്ടത്ര ഇല്ലാതിരുന്നതിനാലാവാം, തഫ്സീറുല്‍ മനാറിലെ നീണ്ട ഉദ്ധരണി വായിച്ച് അര്‍ഥം വിശദീകരിക്കാന്‍ മുക്കാല്‍ മണിക്കൂറെടുത്തതോടെ സദസ്സ് മുഷിഞ്ഞു. അവശേഷിച്ച കാല്‍ മണിക്കൂറില്‍ വിശേഷിച്ചൊന്നും സമര്‍ഥിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞതുമില്ല. ഇതെനിക്ക് ചില്ലറ ആത്മവിശ്വാസമല്ല പകര്‍ന്നുതന്നത്. ധൈര്യമായി നേരിടാന്‍ ഇസ്ഹാഖലി മൗലവി നിര്‍ദേശിച്ചതോടെ വെറും അഞ്ച് മിനിറ്റ് കൊണ്ട് മനാറിലെ ഉദ്ധരണിയെ കൈകാര്യം ചെയ്തു. മൗദൂദിക്കോ ജമാഅത്തിനോ മര്‍മപ്രധാനമായ ഇബാദത്തിന്റെ അര്‍ഥകല്‍പനയില്‍ തെറ്റു പറ്റിയിട്ടില്ലെന്ന് മാത്രമല്ല അതാണ് ശരിയുമെന്ന് സമര്‍ഥിച്ചു. മോഡറേറ്ററുടെ ഉപസംഹാരത്തില്‍, ചര്‍ച്ച മുഴുവന്‍ ശ്രദ്ധിച്ച ശേഷവും ഇബാദത്തിന് തെറ്റായ അര്‍ഥമാണ് ജമാഅത്ത് നല്‍കിയതെന്ന് തനിക്ക് ബോധ്യപ്പെട്ടില്ലെന്ന് തുറന്നു പറഞ്ഞതോടെ ഞങ്ങള്‍ സംതൃപ്തിയോടെ മടങ്ങി (അന്നത്തെ അബ്ദുല്ല ഹസന്റെ ഇബാദത്ത് വിഷയാവതരണം പിന്നീട് ഐ.പി.എച്ച് പുസ്തക രൂപത്തില്‍ പ്രസിദ്ധീകരിക്കുകയുണ്ടായി).
മറ്റൊരു സന്ദര്‍ഭം ഇസ്ലാം ആന്റ് മോഡേണ്‍ ഏജ് സൊസൈറ്റിയുടെ വരവും മോഡേണിസത്തിന്റെ തിരനോട്ടവും ആയിരുന്നു. ചേകനൂര്‍ മുഹമ്മദ് മൗലവിയുടെ നിരീക്ഷണം മാസിക എന്‍.പി മുഹമ്മദ് ഏറ്റെടുത്ത് മോഡേണിസത്തിന്റെ ജിഹ്വയാക്കി മാറ്റി. കോഴിക്കോട് ടൗണ്‍ ഹാളില്‍ നടന്ന സൊസൈറ്റി രൂപവത്കരണ പരിപാടിയിലെ ഇസ്‌ലാമിനെതിരായ കടുത്ത ആക്രമണങ്ങളെ പ്രബോധനം ഉള്‍പ്പെടെയുള്ള ആനുകാലികങ്ങള്‍ ശക്തമായി പ്രതിരോധിച്ചിരുന്നു. അതിന് മറുപടിയായി നിരീക്ഷണം രണ്ട് ലക്കങ്ങള്‍ കഠിനമായി പ്രത്യാക്രമണം നടത്തി. രണ്ടാമത്തേത് തീര്‍ത്തും ജമാഅത്തെ ഇസ്ലാമി വിമര്‍ശനമായിരുന്നു. 'ജമാല്‍' എന്ന തൂലികാ നാമത്തില്‍ മങ്കട അബ്ദുല്‍ അസീസ് മൗലവിയാണ് പ്രധാന ലേഖനം എഴുതിയത്. പിറ്റേ ലക്കം പ്രബോധനം മാസികയില്‍ അബ്ദുല്ല ഹസനും ഞാനും ചേര്‍ന്ന് മുഴുവന്‍ ആരോപണങ്ങള്‍ക്കും സമുചിതമായ മറുപടി നല്‍കി. നിരീക്ഷണം നിലച്ചതും മോഡേണ്‍ ഏജ് സൊസൈറ്റി പിരിച്ചുവിട്ടതുമാണ് പിന്നീട് സംഭവിച്ചത്. 1975 ജൂലൈയില്‍ ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമി നിരോധിതമായ അടിയന്തരാവസ്ഥാ കാലത്താണ് അബ്ദുല്ല ഹസന്‍ ഖത്തറിലെ അല്‍ മഅ്ഹദുദ്ദീനിയില്‍ തുടര്‍പഠനത്തിന് ചേര്‍ന്നത്. പിന്നീട് അദ്ദേഹം ദീര്‍ഘകാലം ഖത്തറില്‍ സര്‍ക്കാര്‍ ജോലിയിലായിരിക്കെ ഇന്ത്യന്‍ ഇസ്‌ലാമിക് അസോയേഷന്റെ സജീവ പ്രവര്‍ത്തകനും സാരഥിയുമായി തുടര്‍ന്നു. പ്രവാസ ജീവിതം അവസാനിപ്പിച്ച ശേഷം ശാന്തപുരം അല്‍ ജാമിഅയില്‍ ദഅ്വാ കോളേജ് പ്രിന്‍സിപ്പലായും റിസര്‍ച്ച് സെന്റര്‍ ഡയറക്ടറായുമൊക്കെ കര്‍മനിരതനായ പ്രിയസുഹൃത്ത് സകാത്തിന്റെ ആനുകാലിക വിശകലനങ്ങളിലും പ്രായോഗിക മാര്‍ഗ നിര്‍ദേശങ്ങളിലും സ്തുത്യര്‍ഹമായ സംഭാവനകളാണ് അര്‍പ്പിച്ചത്. ഒപ്പം മഞ്ചേരിയിലെ ഇസ്‌ലാമിക ചലനങ്ങള്‍ക്ക് ക്രിയാത്മക നേതൃത്വവും നല്‍കിവന്നു.
തന്റെ പാത പിന്തുടര്‍ന്ന് ഇസ്ലാമിക പ്രസ്ഥാന രംഗത്ത് കര്‍മനിരതരായ മക്കളാണ് അദ്ദേഹത്തിന്റെ അനര്‍ഘ സംഭാവനകളില്‍ അവിസ്മരണീയമായിരിക്കുന്നത്. ശൈശവത്തിലേ ഉമ്മയും ബാപ്പയും നഷ്ടപ്പെട്ട അനാഥ ബാലനെ താന്‍ പ്രാണനു തുല്യം സ്നേഹിച്ച പ്രസ്ഥാനത്തിന്റെ നിസ്വാര്‍ഥ സേവകനായി വളര്‍ത്തിയെടുക്കുന്നതില്‍ ബദ്ധശ്രദ്ധനായിരുന്ന കെ.കെ മഞ്ചേരി എന്ന അലി മാസ്റ്ററുടെ ആത്മാവിന് ചാരിതാര്‍ഥ്യത്തിന് വകനല്‍കിക്കൊണ്ടാണ് അബ്ദുല്ല ഹസന്‍ റബ്ബിലേക്ക് യാത്ര തിരിച്ചിരിക്കുന്നത്. ഇരുവര്‍ക്കും അല്ലാഹു സ്വര്‍ഗീയ ജീവിതം പ്രദാനം ചെയ്യട്ടെ.
Comments