Prabodhanm Weekly

Pages

Search

2021 ഒക്‌ടോബര്‍ 08

3221

1443 റബീഉല്‍ അവ്വല്‍ 01

സാമൂഹിക ഇടപെടലുകളുടെ ആദര്‍ശാടിത്തറ കൃത്യപ്പെടുത്തിയ പണ്ഡിതന്‍

പി. മുജീബുര്‍റഹ്മാന്‍

പണ്ഡിതനും ഗ്രന്ഥകാരനും പ്രഭാഷകനുമെല്ലാമായി ഇസ്ലാമിക പ്രവര്‍ത്തനരംഗത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചു അബ്ദുല്ല ഹസന്‍ സാഹിബ്. കുറ്റ്യാടിയിലും ശാന്തപുരത്തും പഠനം പൂര്‍ത്തിയാക്കിയ ശേഷം ഇസ്ലാമിക പ്രവര്‍ത്തന രംഗത്തിറങ്ങിയ അദ്ദേഹം നാട്ടിലും ഗള്‍ഫിലുമായി വ്യത്യസ്ത മേഖലകളില്‍ നേതൃപരമായ പങ്ക് വഹിക്കുകയും സ്തുത്യര്‍ഹമായ സേവനമനുഷ്ഠിക്കുകയും ചെയ്തു. പ്രവാസകാലത്തെ അദ്ദേഹത്തിന്റെ ഇസ്‌ലാമിക പഠന ക്ലാസുകള്‍ ഇതര മതസ്ഥരുള്‍പ്പെടെ നിരവധി പേര്‍ക്ക് ഇസ്‌ലാമിനെക്കുറിച്ച് ശരിയാംവിധം പഠിക്കാന്‍ അവസരമൊരുക്കി. പ്രബോധനം മാസികയുടെ ചുമതല വഹിച്ച കാലങ്ങളിലെ രചനകളും വിവിധ സെമിനാറുകളില്‍ അവതരിപ്പിച്ച പ്രബന്ധങ്ങളും അദ്ദേഹത്തിന്റെ വൈജ്ഞാനിക ആഴം അടയാളപ്പെടുത്തുന്നതാണ്. പ്രസ്ഥാനത്തിന്റെ നിയമവേദിയില്‍ മുസ്‌ലിം വ്യക്തിനിയമവുമായി ബന്ധപ്പെട്ട് 'ഇന്ത്യന്‍ മുസ്‌ലിംകള്‍ക്കൊരു പേഴ്‌സണല്‍ കോഡ്' എന്ന നിലയില്‍ അദ്ദേഹം അവതരിപ്പിച്ച പ്രബന്ധം ശ്രദ്ധേയവും വ്യത്യസ്ത മുസ്‌ലിം സംഘടനകള്‍ക്ക് സ്വീകാര്യവും പേഴ്‌സണല്‍ ലോയില്‍ കാതലായ പരിഷ്‌കരണം ആവശ്യപ്പെടുന്നതുമായിരുന്നു. പണ്ഡിതനായ അബദുല്ല ഹസന്‍ സാഹിബ് എന്നതാണ് നമുക്ക് മുമ്പിലുള്ള അദ്ദേഹത്തിന്റെ പരിചിത മുഖമെങ്കിലും ആലപ്പുഴ ജില്ലയില്‍ ഫീല്‍ഡ് പ്രവര്‍ത്തനങ്ങളിലൂടെയാണ് അദ്ദേഹത്തിന്റെ തുടക്കം. ആലപ്പുഴയിലെ ഇസ്ലാമിക പ്രവര്‍ത്തനങ്ങളുടെ ആസ്ഥാനമെന്ന് വിശേഷിപ്പിച്ചിരുന്ന സകരിയ്യാ ബസാറില്‍ മര്‍കസുല്‍ ഉലൂം സ്ഥാപിക്കുന്നതില്‍ അദ്ദേഹം നേതൃപരമായ പങ്കു വഹിച്ചു. ഖത്തറിലെ ഇസ്ലാമിക പ്രസ്ഥാന സംവിധാനം രൂപപ്പെടുത്തിയവരുടെ കൂട്ടത്തിലും പിന്നീട്  നേതൃസ്ഥാനത്തും ഒന്നിലധികം തവണ അദ്ദേഹം ചുമതല നിര്‍വഹിച്ചു. എല്ലാറ്റിനും പുറമെ കനപ്പെട്ട വൈജ്ഞാനിക സംഭാവനകള്‍  മലയാളത്തിന് നല്‍കിക്കൊണ്ടാണ് അദ്ദേഹം വിടപറഞ്ഞത്.
പിതൃതുല്യമായ സ്‌നേഹവും പരിഗണനയും നല്‍കി വൈജ്ഞാനിക രംഗത്ത് ഏറെ വെളിച്ചം നല്‍കിയ ഗുരുവര്യനെയാണ് വ്യക്തിപരമായി എനിക്ക് നഷ്ടപ്പെടത്. പ്രവാസ ജീവിതത്തിനു ശേഷം വീണ്ടും കേരളത്തില്‍ സജീവമായ ഘട്ടത്തിലാണ് അബ്ദുല്ലാ ഹസന്‍ സാഹിബുമായുള്ള എന്റെ അടുത്ത ബന്ധം ആരംഭിക്കുന്നത്. ജമാഅത്തെ ഇസ്ലാമി കേരള ശൂറയിലും കേന്ദ്ര പ്രതിനിധി സഭയിലും അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ചു. ഈ കാലയളവ് ചുരുങ്ങിയതായിരുന്നെങ്കിലും അദ്ദേഹവുമായി കൂടുതല്‍ അടുക്കാനും പഠിക്കാനുമുള്ള അവസരമായാണ് ഞാനതിനെ കണ്ടത്. അതാവട്ടെ ജീവിതത്തിലെ പ്രയോജനപ്രദമായ നാളുകളായിരുന്നു.
പ്രായത്തിനതീതമായ കര്‍മോത്സുകതയും പ്രവര്‍ത്തന നൈരന്തര്യവും വൈജ്ഞാനികരംഗത്തെ അന്വേഷണ തൃഷ്ണയും താന്‍ മനസ്സിലാക്കിയ കാര്യങ്ങളിലെ ഉറച്ച നിലപാടുകളും അദ്ദേഹത്തെ ഏറെ ശ്രദ്ധേയനാക്കി. ദൈനംദിന ജീവിതത്തില്‍ ഉയര്‍ന്നുവരുന്ന പുതിയ പുതിയ വിഷയങ്ങളില്‍ കൃത്യതയുള്ളതും പ്രായോഗികവുമായ നിലപാടുകള്‍ക്ക് സാധാരണക്കാരായ പലരും അദ്ദേഹത്തെയാണ് സമീപിച്ചിരുന്നത്. ഫത്വ നേടി വരുന്നവര്‍ക്ക് കര്‍മശാസ്ത്രത്തിലെ വ്യത്യസ്ത വീക്ഷണങ്ങളാല്‍ സങ്കീര്‍ണത സൃഷ്ടിക്കാതെ പ്രമാണബന്ധിതമായി ലളിതമായ ഭാഷയില്‍ എളുപ്പമുള്ള വഴികള്‍ അദ്ദേഹം അവതരിപ്പിക്കും. ദീന്‍ എളുപ്പമാണ് (ഉസ്‌റല്ല,  യുസ്‌റാണ്) എന്ന ആശയം അദ്ദേഹത്തിന്റെ ഫത്വകളുടെ ആത്മാവായിരുന്നു.
എന്റെ ജീവിതത്തില്‍ മുതിര്‍ന്ന തലമുറയില്‍ ഞാനേറെ കലഹിക്കുകയും അതിലേറെ ആത്മബന്ധം പുലര്‍ത്തുകയും ചെയ്ത വ്യക്തിയായിരുന്നു അബ്ദുല്ല ഹസന്‍ സാഹിബ്. ചൂടേറിയ സംവാദങ്ങള്‍ ആ ബന്ധത്തെ കൂടുതല്‍ ഈടുറ്റതാക്കുകയായിരുന്നു. സംവാദങ്ങളില്‍ തന്റെ അഭിപ്രായങ്ങളെ കൃത്യതയോടെയും പ്രമാണബദ്ധമായും വര്‍ധിത വീര്യത്തോടെ ആരുടെ മുമ്പിലും തുറന്നടിച്ച്  അവതരിപ്പിക്കുന്ന സവിശേഷ ശൈലിയായിരുന്നു അദ്ദേഹത്തിന്റേത്. എന്നാല്‍ സംവാദങ്ങളില്‍ ഉയരുന്ന ചൂടും പുകയുമെല്ലാം അദ്ദേഹത്തിന്റെ സ്വതഃസിദ്ധമായ നിറപുഞ്ചിരിയില്‍ അലിഞ്ഞില്ലാതാവും. ഒരിക്കലും മനസ്സില്‍നിന്നും മായാത്ത പുഞ്ചിരിയാണത്.
തന്റേതായ അഭിപ്രായങ്ങളും നിലപാടുകളും തീക്ഷ്ണമായ ശൈലിയില്‍ അവതരിപ്പിക്കാറുള്ള അബ്ദുല്ലാ ഹസന്‍ സാഹിബ് പ്രസ്ഥാന നിലപാട് ഉയര്‍ത്തിപ്പിടിക്കുന്നതിലും, സ്വന്തം അഭിപ്രായങ്ങള്‍ മാറ്റിവെച്ച് ഉയര്‍ന്ന പ്രസ്ഥാന പ്രതിബദ്ധത കാത്തുസൂക്ഷിക്കുന്നതിലും ഏറെ മുന്നിലായിരുന്നു.
സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റായിരിക്കെ പ്രത്യേക ക്ഷണിതാവെന്ന നിലയില്‍ ജമാഅത്ത് സംസ്ഥാന ശൂറയില്‍ പങ്കെടുക്കാറുണ്ട്. സോളിഡാരിറ്റി നിലപാടുകളും സമരങ്ങളും സമരരീതികളുമെല്ലാം ചില സമയങ്ങളില്‍ ചൂടേറിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കും. മുതലാളിത്തത്തിനും ആഗോളീകരണ നയങ്ങള്‍ക്കും കോര്‍പ്പറേറ്റ് വികസന സങ്കല്‍പ്പങ്ങള്‍ക്കുമെതിരില്‍ ഇസ്ലാമികമായ അടിത്തറയില്‍ നിന്നുകൊണ്ട് ജനകീയ സമരം ഉയര്‍ത്തിക്കൊണ്ടായിരുന്നു സോളിഡാരിറ്റിയുടെ അരങ്ങേറ്റം. എക്‌സ്പ്രസ് ഹൈവേ, കരിമണല്‍ ഖനനം, പ്ലാച്ചിമടയിലെ കുടിവെള്ള പ്രശ്‌നം, ചെങ്ങറയിലെ ഭൂമി, വെളിച്ചിക്കാലയിലെ പരിസ്ഥിതി, കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍, ചില്ലറ വ്യാപാര രംഗത്തെ കുത്തകവല്‍ക്കരണം തുടങ്ങി നിരവധി പ്രശ്‌നങ്ങളുടെ ഇസ്ലാമികാടിത്തറയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഏറെ കാമ്പുള്ളതും കൗതുകമുണര്‍ത്തുന്നതുമായിരുന്നു. ഈ ചര്‍ച്ചകളിലെല്ലാം നിറഞ്ഞ സാന്നിധ്യമെന്നല്ല, കവിഞ്ഞ സാന്നിധ്യം തന്നെയായിരുന്നു അദ്ദേഹം. ഇസ്ലാമിക പ്രസ്ഥാനത്തിന്റെ സാമൂഹിക ഇടപെടലുകളുടെ ആദര്‍ശാടിത്തറ കൃത്യപ്പെടുത്തുന്നതിലും വികസിപ്പിക്കുന്നതിലും അബ്ദുല്ല ഹസന്‍ സാഹിബിന്റെ പണ്ഡിതോചിതമായ ഇടപെടലുകള്‍ ഏറെ സഹായകമായിട്ടുണ്ട്.
ഏറ്റവും അവസാനം അദ്ദേഹത്തോട് അഭിപ്രായമാരാഞ്ഞത് വ്യക്തികള്‍ക്ക് ബാങ്കില്‍ വന്നുചേരുന്ന പലിശപ്പണം, പൊതുസംവിധാനങ്ങള്‍ക്ക് വ്യയം ചെയ്യുന്നതുമായി ബന്ധപ്പെട്ട വിഷയത്തിലായിരുന്നു. പലിശപ്പണം പണത്തിന്റെ ഉടമക്ക് ഉപയോഗിക്കാന്‍ പാടില്ല. അത് ബാങ്കില്‍ വെച്ചേക്കരുതെന്ന കാര്യം നമുക്കറിയാം. എന്നാല്‍ അത്  ചെലവഴിക്കാവുന്ന വഴികളില്‍ സമൂഹത്തിനുപകരിക്കുന്ന പൊതുസംവിധാനങ്ങള്‍ക്ക് പ്രയോജനപ്പെടുത്തിക്കൂടേ? ഉടനെ വന്നു അദ്ദേഹത്തിന്റെ മറുപടി. അതിന്റെ ഉടമക്ക് അത് പലിശയാണ്, എന്നാല്‍ മറ്റെന്ത് പൊതുകാര്യത്തിനും അതുപയോഗിക്കാം. എന്റെയടുത്ത് കുറച്ച് അത്തരം പണമുണ്ട്, നാളെ ആളെ വിട്ട് കൈപ്പറ്റണം. ഫത്വക്കൊപ്പം പണം കൂടി ലഭിച്ച ഫത്വയായിരുന്നു അത്! അദ്ദേഹത്തിന്റെ ഏഴ് ആണ്‍കുട്ടികളും ഒരു പെണ്‍കുട്ടിയുമടങ്ങുന്ന കുടുംബത്തെക്കുറിച്ച് പറയാതെ കുറിപ്പ് അവസാനിപ്പിക്കാന്‍ കഴിയില്ല. അദ്ദേഹത്തിന് അല്ലാഹു നല്‍കിയ മഹാ സൗഭാഗ്യമായിരുന്നു കുടുംബം. തിരിച്ച്, അവരുടെ സ്‌നേഹ വാത്സല്യനിധിയും അഭിമാനവും തണലുമായിരുന്നു ഉപ്പ. ഇസ്ലാമിലെ മാതൃകാ കുടുംബത്തെ വരച്ചുകാട്ടുന്നതായിരുന്നു അബ്ദുല്ലാ ഹസന്‍ സാഹിബിന്റെ കുടുംബം. പ്രസ്ഥാനരംഗത്തും കരുത്തരായ പിന്‍തലമുറയെ തന്നിട്ടാണ് അദ്ദേഹം യാത്രയായത്. കുവൈത്തില്‍ നേതൃചുമതല വഹിക്കുന്ന ഫൈസല്‍ മഞ്ചേരി, അന്‍വര്‍ സഈദ്, ഖത്തറില്‍ നേതൃത്വം വഹിച്ചിരുന്ന സലാം തുടങ്ങി എല്ലാ മക്കളെയും തന്റെ വഴിയേ കൊണ്ടുവരാന്‍ സാധിച്ച ഭാഗ്യവാനാണ് അബ്ദുല്ലാ ഹസന്‍ സാഹിബ്.
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-39 / അസ്സുമര്‍ 24-28
ടി.കെ ഉബൈദ്‌

ഹദീസ്‌

വിനയാന്വിതരാവൂ, ഉയരങ്ങളിലെത്താം
സുബൈര്‍ കുന്ദമംഗലം