Prabodhanm Weekly

Pages

Search

2021 ഒക്‌ടോബര്‍ 08

3221

1443 റബീഉല്‍ അവ്വല്‍ 01

യൂഫ്രട്ടീസിലെ ആട്ടിന്‍കുട്ടി, ദല്‍ഹിയിലെ റാബിയ സൈഫി

ടി.ഇ.എം റാഫി വടുതല

ജനക്ഷേമ തല്‍പരതയുടെ പ്രതീകമാണ് രണ്ടാം ഖലീഫ ഉമറുബ്‌നുല്‍ ഖത്ത്വാബ് (റ). ജനനായകന്‍ ജനസേവകനാണെന്ന ഇസ്‌ലാമിക പാഠത്തെ ജീവിതസാക്ഷ്യം കൊണ്ട് രേഖപ്പെടുത്തിയ ഭരണാധികാരി. പാതിരാവില്‍ പോലും, പുതച്ചുമൂടി ഉറങ്ങാതെ പ്രജാതല്‍പരനായി മരുഭൂമിയിലൂടെ അലഞ്ഞ ഉമര്‍ (റ) പകല്‍ വെളിച്ചത്ത് കാണുന്ന പുഞ്ചിരികള്‍ക്കപ്പുറം ഇരുള്‍ മുറ്റിയ രാവുകളില്‍ പ്രജകള്‍ അനുഭവിച്ച സങ്കടക്കണ്ണീരും അവരുടെ കവിളിണയില്‍നിന്ന് വായിച്ചെടുത്തു. കൊട്ടാരത്തിലെ ആഹ്ലാദാരവങ്ങളേക്കാള്‍ കുടിലുകളില്‍ തളംകെട്ടിനിന്ന പ്രതിസന്ധികളുടെ തേങ്ങലുകള്‍ക്ക് കാതോര്‍ത്തു. അപ്പോള്‍ ഖിന്നയായ മാതാവിന്റെ വിങ്ങലുകളും പിഞ്ചുപൈതലിന്റെ തേങ്ങലുകളും അദ്ദേഹത്തിന്റെ കാതുകളെ അലോസരപ്പെടുത്തി. ഭരണചക്രം തിരിക്കുന്ന ഭരണാധികാരികള്‍ക്കു മുകളില്‍ പ്രപഞ്ചം തിരിക്കുന്ന രാജാധിരാജന്റെ നിരീക്ഷണത്തിലും പരീക്ഷണത്തിലുമാണ് തന്റെ എളിയ ഭരണവും എന്ന് തിരിച്ചറിയുന്നവര്‍ക്കേ ഈ ജ്വലിക്കുന്ന മാതൃകകള്‍ സൃഷ്ടിക്കാനും പുനരവതരിപ്പിക്കാനും സാധിക്കുകയുള്ളൂ.
ദുബൈ നഗരത്തിലെ ഒരു ബഹുനില കെട്ടിടത്തില്‍നിന്ന് ഗര്‍ഭിണിയായ പൂച്ച താഴെയിറങ്ങാന്‍ ശ്രമിക്കുന്നു. താഴേക്ക് ചാടാന്‍ പൂച്ച പല പ്രാവശ്യം ശ്രമിച്ചെങ്കിലും അപകടം മണക്കുന്ന സാഹസികതയില്‍നിന്ന് ഗര്‍ഭിണിയായ പൂച്ച നിസ്സഹായയായി  മാറി നില്‍ക്കുന്നു. ഉദരത്തില്‍ ലോകം കാണാന്‍ വെമ്പല്‍ കൊള്ളുന്ന കുഞ്ഞുങ്ങളെ ഓര്‍ക്കുമ്പോള്‍ പൂച്ചയാണെങ്കിലും ആ മാതൃഹൃദയം പിടയുന്നു.
നിസ്സഹായയായ പൂച്ചയുടെ ഹൃദയവികാരങ്ങള്‍ സഹജീവി സ്‌നേഹത്തിന്റെ മാതൃഭാഷയില്‍ വായിച്ചെടുത്ത പ്രവാസിയായ കോതമംഗലം നേര്യമംഗലത്തെ നസീര്‍ മുഹമ്മദ് അതിന് രക്ഷാകവചമൊരുക്കുന്നു. മൊറോക്കോ സ്വദേശി ആശിഖും പാകിസ്താനിയായ അതീഖും ബെഡ്ഷീറ്റ് വിരിച്ച് സുരക്ഷാ സംവിധാനമൊരുക്കുന്നു. 'ചാടിക്കോളൂ' എന്ന നസീര്‍ മുഹമ്മദിന്റെ മലയാളത്തിലെ പ്രതീക്ഷാനിര്‍ഭരമായ വചനം ദുബൈ നഗരത്തിലെ അറബിപ്പൂച്ച ദ്വിഭാഷി ഇല്ലാതെ ഗ്രഹിച്ചെടുക്കുന്നു. ഈ ധര്‍മബോധം സാര്‍വലൗകികവും ദൈവികവുമായിരിക്കുമല്ലോ. ആളാകണം എന്ന ആഗ്രഹമില്ലാതെ നസീര്‍ മുഹമ്മദ് ചെയ്ത നിഷ്‌കാമകര്‍മം ഫ്‌ളാറ്റിനടുത്ത് ജോലി ചെയ്യുന്ന റാശിദ് എന്ന കേരളക്കാരന്‍ വീഡിയോയില്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുന്നു. വീഡിയോ അതിവേഗം സമൂഹ മാധ്യമങ്ങളിലൂടെ ഉലകം ചുറ്റുന്നു. ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദ് അത് ട്വീറ്റ് ചെയ്യുന്നു. അനുമോദനങ്ങള്‍ക്കൊപ്പം ലക്ഷങ്ങള്‍ വിലമതിക്കുന്ന സമ്മാനങ്ങളും നല്‍കുന്നു. 
വാപ്പയും ഉമ്മയും രണ്ടു മക്കളുമടങ്ങുന്ന മലയാളി പ്രവാസി കുടുംബം യു.എ.ഇയിലെ അജ്മാനില്‍  കൊടുംവെയിലില്‍ നില്‍ക്കുന്നു. മക്കളുടെ വിദ്യാഭ്യാസാവശ്യാര്‍ഥം പി.സി.ആര്‍ ടെസ്റ്റിനു വന്നവരായിരുന്നു കുടുംബം. പരിശോധനാ കേന്ദ്രം തുറക്കാന്‍ വൈകുന്നതു മൂലം വെയിലിന്റെ തീക്ഷ്ണതയില്‍ നില്‍ക്കുന്ന കുടുംബത്തെ കണ്ട പോലീസ് ശീതീകരിച്ച പട്രോളിംഗ് വാഹനത്തില്‍ കുടുംബത്തിന് വിശ്രമിക്കാന്‍ സൗകര്യമൊരുക്കുന്നു. ഒടുവില്‍ സ്‌നേഹാശംസകള്‍ നേര്‍ന്ന് പ്രാര്‍ഥനയോടെ കുടുംബം പോലീസുകാരോട് നന്ദി പറഞ്ഞു പിരിയുന്നു. വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. സ്വദേശി സഹോദരന്മാരെന്നോ പരദേശി തൊഴിലാളിയെന്നോ വ്യത്യാസമില്ലാതെ ജനങ്ങളെ സേവിച്ചതിന് അജ്മാന്‍ കിരീടാവകാശി ശൈഖ് അമ്മാര്‍ ബിന്‍ ഹുമൈദ് അന്നുഐമി ജനസേവകരായ ഉദ്യോഗസ്ഥരെ ആദരിക്കുന്നു. അജ്മാനിലെ പോലീസ് ഉദ്യോഗസ്ഥരായ ഹാശിം മുഹമ്മദ് അബ്ദുല്ല, ഹദ്ല്‍ റഹ്മാന്‍ അഹ്മദ് എന്നിവരെ കിരീടാവകാശി തന്റെ ഓഫീസില്‍ വിളിച്ചുവരുത്തി അനുമോദനങ്ങളര്‍പ്പിച്ച് പാരിതോഷികം നല്‍കുന്നു. കൊറോണാ പ്രതിസന്ധി കാലത്തുപോലും പാതവക്കില്‍ പതിയിരുന്ന് യാത്രക്കാരെ പിടികൂടി പണം പിരിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് മഹാപാഠമാണ് മരുഭൂമിയിലെ കൊടും വെയിലില്‍ പെയ്ത കുളിര്‍മഴ. 
ഉമറുല്‍ ഫാറൂഖിന്റെ ഭരണകാലം. പൊതുമുതലില്‍ പെട്ട ഒട്ടകം മേച്ചില്‍സ്ഥലത്തുനിന്ന് ഓടിപ്പോകുന്നു. അതിനെ പിടിക്കാന്‍ ഉമറും ധൃതിയില്‍ നടക്കുന്നു. കാര്യം മനസ്സിലാക്കിയ അലി (റ) ഉമറിനോട് പറഞ്ഞു; പിന്നാലെ വരുന്ന ഭരണാധികാരികളെ താങ്കള്‍ വല്ലാതെ വിഷമിപ്പിക്കുകയാണല്ലോ! പക്ഷേ ഉമറിന്റെ പ്രതികരണം ചരിത്രത്തില്‍ തങ്കലിപികളില്‍ രേഖപ്പെട്ടു: 'അല്ലാഹുവാണ, യൂഫ്രട്ടീസിന്റെ തീരത്ത് ഒരാട്ടിന്‍കുട്ടി കൂട്ടം തെറ്റി പട്ടിണി കിടന്ന് മരിച്ചാല്‍ പോലും ഉമര്‍ അതിന്റെ പേരില്‍ വിചാരണ ചെയ്യപ്പെടുമോ എന്ന് ഞാന്‍ ഭയപ്പെടുന്നു.'
യൂഫ്രട്ടീസിലെ ആട്ടിന്‍കുട്ടിക്കും ദുബൈയിലെ പൂച്ചക്കുട്ടിക്കും കാവലാകുന്ന ധര്‍മബോധം കാലം കരുതിവെക്കുന്ന കാലാതിവര്‍ത്തിയായ ഒരു ദര്‍ശനത്തിന്റെ അവിരാമമായ ചരിത്രത്തുടര്‍ച്ചയത്രെ. കാറിനു പിന്നില്‍ നായയെ കെട്ടിവലിച്ചവന്റെ മതം നോക്കി വിമര്‍ശിക്കുകയും ലോറിക്കു പിന്നില്‍ കീഴ് ജാതിക്കാരനായ മനുഷ്യനെ കെട്ടിവലിച്ചവന്റെ കുലമഹിമ നോക്കി മൗനമവലംബിക്കുകയും ചെയ്യുന്ന നാസ്തികയുക്തിയില്‍ ജനാധിപത്യമോ സമത്വമോ മനുഷ്യത്വമോ ഇല്ല. ദല്‍ഹി സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥ റാബിയ സൈഫിയെ അതിക്രൂരമായി ബലാത്സംഗം ചെയ്ത് നിഷ്ഠുരമായി കൊലപ്പെടുത്തി, സ്തനങ്ങള്‍ മുറിച്ചുമാറ്റി. ശരീരത്തില്‍ അമ്പതോളം കുത്തുകള്‍. അമ്മ വീട്ടുജോലി ചെയ്തും പാത്രം കഴുകിയും ഉണ്ടാക്കിയ പണം കൊണ്ട് പഠിപ്പിച്ച് പോലീസ് ഓഫീസറാക്കിയ മകളെ മേലുദ്യോഗസ്ഥരുടെ തെറ്റിനു കൂട്ടുനില്‍ക്കാത്തതിന്റെ പേരില്‍ അതിക്രൂരമായാണ്  വധിച്ചത്. ദൃശ്യമാധ്യമങ്ങളുടെ ക്യാമറക്കണ്ണുകള്‍ റാബിയ സൈഫി എന്ന പാവം പെണ്‍കുട്ടിക്കുവേണ്ടി തുറന്നില്ല. അന്തിച്ചര്‍ച്ചകളോ മെഴുകുതിരി വിലാപങ്ങളോ ഉണ്ടായില്ല. സോഷ്യല്‍ മീഡിയ ഹാഷ്ടാഗ് കാമ്പയിന്‍ നടത്തിയില്ല. പാമ്പിനും പട്ടിക്കും വേണ്ടി വിലപിക്കുന്ന കവികള്‍ ഒരു വരി പോലും രചിച്ചില്ല. ചരിഞ്ഞ ആനയുടെ ജില്ലാ അതിര്‍ത്തി നോക്കി വിലപിക്കുന്ന മൃഗസ്‌നേഹികളും ഒരക്ഷരം മൊഴിഞ്ഞില്ല. അഫ്ഗാന്‍ പെണ്‍കുട്ടികളുടെ ജനാധിപത്യാവകാശങ്ങള്‍ക്കു വേണ്ടി വിലപിക്കുന്ന ഇന്ത്യന്‍ പാപ്പരാസികള്‍ രാജ്യതലസ്ഥാനത്തെ അതിനീചവും മൃഗീയവുമായ ഈ കൊലപാതകത്തെക്കുറിച്ച് ഒന്നും മിണ്ടിയില്ല. പ്രജാതല്‍പരനായ ഭരണാധികാരി ഉണ്ടാകുമ്പോഴാണല്ലോ പൗരബോധമുള്ള ഭരണീയരുണ്ടാകുക. വണ്ടിക്കു പറ്റിയ കാളയും കാളക്കു പറ്റിയ വണ്ടിയും. യഥാ രാജാ, തഥാ പ്രജാ.
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-39 / അസ്സുമര്‍ 24-28
ടി.കെ ഉബൈദ്‌

ഹദീസ്‌

വിനയാന്വിതരാവൂ, ഉയരങ്ങളിലെത്താം
സുബൈര്‍ കുന്ദമംഗലം