Prabodhanm Weekly

Pages

Search

2011 മെയ് 14

പ്രക്ഷോഭങ്ങളുടെ നെരിപ്പോടിലേക്ക് സിറിയയും

പി.കെ നിയാസ്

അറബ് ലോകത്തെ ഏറ്റവും വലിയ മര്‍ദക ഭരണകൂടങ്ങളില്‍ ഒന്നായ സിറിയയില്‍ ശക്തിപ്പെട്ടുവരുന്ന ജനകീയ പ്രക്ഷോഭങ്ങളെ ചോരയില്‍ മുക്കിക്കൊല്ലാനുള്ള ശ്രമത്തിലാണ് ബശ്ശാറുല്‍ അസദ് എന്ന ഏകാധിപതി. പിതാവ് ഹാഫിസുല്‍ അസദിന്റെയും പുത്രന്റെയും ഉരുക്കുമുഷ്ടിക്കു കീഴില്‍ പൗരാവകാശങ്ങള്‍ ധ്വംസിക്കപ്പെട്ട് നാലു പതിറ്റാണ്ടിലേറെയായി കഴിഞ്ഞുപോരുന്ന സിറിയന്‍ ജനത ബശ്ശാറിനെ താഴെയിറക്കാതെ വിശ്രമമില്ലെന്ന് പ്രഖ്യാപിച്ച് പ്രതിഷേധ സമരങ്ങള്‍ രാജ്യത്തൊട്ടാകെ വ്യാപിപ്പിച്ചിരിക്കുന്നു. തോക്കുകളും ടാങ്കുകളും ഉപയോഗിച്ചാണ് പ്രക്ഷോഭകാരികളെ ഭരണകൂടം നേരിടുന്നത്. ഇതിനകം അറുനൂറിലേറെ പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു.
മറ്റു അറബ് രാജ്യങ്ങളില്‍ പൊട്ടിപ്പുറപ്പെട്ട ജനകീയ പ്രക്ഷോഭങ്ങളില്‍നിന്ന് ഊര്‍ജം ഉള്‍ക്കൊണ്ട് ജനുവരി 26-നാണ് സിറിയയില്‍ പ്രഥമ പ്രതിഷേധ സമരം നടന്നത്. തുനീഷ്യയില്‍ തീകൊളുത്തി ആത്മാഹുതി ചെയ്ത മുഹമ്മദ് ബൂഅസീസിക്ക് സമാനമായി ഹസന്‍ അലി അക്‌ലഹ് ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീക്കൊളുത്തിയത് സമരത്തിന് ഊര്‍ജം പകര്‍ന്നത് സ്വാഭാവികം. ജനാധിപത്യ അനുകൂല മുദ്രാവാക്യം ചുവരുകളില്‍ എഴുതിയതിന് 15 സ്‌കൂള്‍ വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്ത് തടവില്‍ പാര്‍പ്പിച്ചത് വന്‍ പ്രതിഷേധത്തിന് ഇടയാക്കി. മാര്‍ച്ച് 15-ന് വിവിധ നഗരങ്ങളില്‍ ഒരേസമയം ജനങ്ങള്‍ തെരുവിലിറങ്ങിയത് ഭരണകൂടത്തെ ഞെട്ടിച്ചു. 1980-കള്‍ക്കുശേഷം ആദ്യമായി തലസ്ഥാനമായ ദമസ്‌കസ് നഗരം പ്രതിഷേധ സമരങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുകയായിരുന്നു. ദര്‍ആ നഗരമായിരുന്നു പ്രതിഷേധ സമരങ്ങളുടെ പ്രധാന വേദിയായതെങ്കിലും തുറമുഖ നഗരമായ ലതാകിയ, ഹംസ്, ഹമാ, ബനിയാസ്, താര്‍തസ്, ദമസ്‌കസിന്റെ പ്രാന്ത്രപ്രദേശമായ ഹറാസ്ത എന്നിവിടങ്ങളിലും ദിനേന ജനങ്ങള്‍ തെരുവിലിറങ്ങി. പ്രക്ഷോഭകര്‍ക്കു പിന്നില്‍ വിദേശ രാജ്യങ്ങളാണെന്ന് തുടക്കത്തില്‍ ആരോപിച്ച ബശ്ശാര്‍, കസേര ഇളകുമെന്ന് ഭയന്ന്  ആവശ്യങ്ങളില്‍ ചിലത് അംഗീകരിക്കുമെന്ന് പ്രഖ്യാപിച്ചു. നാല്‍പതു വര്‍ഷമായി തുടരുന്ന അടിയന്തരാവസ്ഥ പിന്‍വലിച്ചുകൊണ്ട് ഏപ്രില്‍ 21-ന് ഉത്തരവ് പുറപ്പെടുവിച്ചതായിരുന്നു ഇതില്‍ പ്രധാനം. പൗരാവകാശ ലംഘനങ്ങള്‍ കൊടികുത്തി വാണ ഇക്കാലയളവില്‍ കൊല്ലപ്പെടുകയോ അപ്രത്യക്ഷരാവുകയോ ചെയ്ത ആളുകളുടെ എണ്ണം വ്യക്തമല്ല. മുസ്‌ലിം ബ്രദര്‍ഹുഡില്‍ അംഗത്വമെടുക്കല്‍  വധശിക്ഷ ലഭിക്കുന്ന ക്രിമിനല്‍ കുറ്റമായിരുന്നു. അടിയന്തരാവസ്ഥ റദ്ദാക്കിയതോടൊപ്പം സുരക്ഷാ കോടതികളുടെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതായും സമാധാനപരമായ പ്രകടനങ്ങള്‍ക്കുള്ള വിലക്ക് നീക്കുന്നതായും പ്രസിഡന്റ് പ്രഖ്യാപിച്ചു. സിറിയയിലെ മര്‍ദക ഭരണകൂടത്തിന്റെ ഉപകരണങ്ങളായി പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന കോടതികളാണ് സുപ്രീം സ്റ്റേറ്റ് സെക്യൂരിറ്റി കോര്‍ട്ടും ഇക്കോണമിക് സെക്യൂരിറ്റി കോര്‍ട്ടും. ആദ്യത്തേത് രാഷ്ട്രീയവും സുരക്ഷാപരവുമായ കേസുകളിലും രണ്ടാമത്തേത് സാമ്പത്തിക കേസുകളിലുമാണ് വിധി പുറപ്പെടുവിച്ചിരുന്നത്. അടിയന്തരാവസ്ഥക്ക് കീഴില്‍ പ്രവര്‍ത്തിച്ചിരുന്ന ഇരു കോടതികളിലും പൗരന്റെ നിയമപരമായ അവകാശങ്ങള്‍ക്ക് ഒരു വിലയുമുണ്ടായിരുന്നില്ല.
ജയിലില്‍ കഴിയുന്ന ഇസ്‌ലാമിസ്റ്റുകള്‍ ഉള്‍പ്പെടെ 200-ഓളം പേരെ വിട്ടയച്ചും സുന്നികള്‍ക്കും കുര്‍ദുകള്‍ക്കും പ്രത്യേക പാക്കേജുകള്‍ പ്രഖ്യാപിച്ചും അധ്യാപികമാര്‍ക്ക് നിഖാബ് ധരിക്കുന്നതിനുള്ള നിരോധം നീക്കിയും രാജ്യത്തെ ഏക കസിനോ അടച്ചുപൂട്ടിയും ജനപിന്തുണ ആര്‍ജിക്കാന്‍ ബശ്ശാര്‍ നടത്തിയ നീക്കങ്ങളൊന്നും വിലപ്പോയില്ല. ബശ്ശാര്‍ സ്ഥാനമൊഴിഞ്ഞ് ജനകീയ തെരഞ്ഞെടുപ്പ് വേണമെന്ന ആവശ്യത്തില്‍നിന്ന് പിറകോട്ടില്ലെന്ന് പ്രക്ഷോഭകര്‍ വ്യക്തമാക്കി. സിറിയന്‍ ജനത പോളിംഗ് ബൂത്ത് കണ്ടിട്ട് അരനൂറ്റാണ്ട് കഴിഞ്ഞു. പ്രസിഡന്റിന്റെ അടിച്ചമര്‍ത്തല്‍ നിലപാടിനോട് വിയോജിച്ച് ഇരൂനൂറിലേറെ മുതിര്‍ന്ന ബഅസ് പാര്‍ട്ടി അംഗങ്ങള്‍ രാജിവെച്ചിട്ടും ഉരുക്കുമുഷ്ടി തുടരാനാണ് ബശ്ശാറിന്റെ നീക്കം. അറസ്റ്റുകള്‍ നിര്‍ബാധം തുടരുന്നു. മാധ്യമപ്രവര്‍ത്തകര്‍ക്കും രക്ഷയില്ല. സിറിയയിലെ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാനെത്തിയ അല്‍ ജസീറ ഇംഗ്ലീഷ് ചാനല്‍ ലേഖിക ദൊറോതി പര്‍വാസിനെ ദമസ്‌കസില്‍ വിമാനമിറങ്ങിയ ഏപ്രില്‍ 29 മുതല്‍ കാണാനില്ല.

ഇരട്ടത്താപ്പ്
ലിബിയക്കെതിരെ ഉപരോധവും യു.എന്‍ പിന്തുണയില്‍ നാറ്റോയുടെ സൈനിക നടപടിയും തുടരുമ്പോള്‍, സ്വന്തം ജനതയെ തോക്കുകളും ടാങ്കുകളുമായി നേരിടുന്ന ബശ്ശാറുല്‍ അസദ് ഭരണകൂടത്തിനെതിരെ ഒരു പ്രമേയം കൊണ്ടുവരാന്‍ പോലും അമേരിക്കയും ബ്രിട്ടനും ഫ്രാന്‍സും തയാറാവുന്നില്ല. കഴിഞ്ഞാഴ്ച രക്ഷാസമിതിയില്‍ ചില യൂറോപ്യന്‍ രാജ്യങ്ങള്‍ ഇതിനായി നടത്തിയ നീക്കം റഷ്യ, ചൈന, ലബനാന്‍ എന്നീ രാജ്യങ്ങള്‍ ഇടപെട്ട് പരാജയപ്പെടുത്തി. ലിബിയയില്‍ നാറ്റോ നടത്തുന്ന സൈനിക നീക്കങ്ങളെ ശക്തിയായി എതിര്‍ത്തുപോരുന്ന റഷ്യയുടെ നിലപാട് മനസ്സിലാക്കാം. എന്നാല്‍ അമേരിക്കയും ബ്രിട്ടനും ഫ്രാന്‍സും മനുഷ്യാവകാശ വിഷയങ്ങളില്‍ പുലര്‍ത്തിവരുന്ന ഇരട്ടത്താപ്പിന്റെ മറ്റൊരു ഉദാഹരണമാണ് സിറിയ. അഫ്ഗാനിസ്താനിലും ലിബിയയിലും സൈന്യത്തെ അയച്ചതിനാല്‍ സിറിയയുടെ കാര്യം ഇപ്പോള്‍ പരിഗണിക്കാനാവില്ലെന്നാണ് ബ്രിട്ടന്റെ നിലപാട്.
അസദ് ഭരണകൂടവും അമേരിക്കയും തമ്മില്‍ ഇണങ്ങിയും പിണങ്ങിയുമുള്ള ബന്ധങ്ങള്‍ രഹസ്യമല്ല. ലബനാനിലെ റഫീഖ് ഹരീരി വധത്തില്‍ സിറിയക്ക് പങ്കുണ്ടെന്ന് ആരോപിച്ച് 2005-ല്‍ അംബാസഡറെ പിന്‍വലിച്ച അമേരിക്ക ഇക്കഴിഞ്ഞ ജനുവരിയില്‍ തീരുമാനം പുനഃപരിശോധിക്കുകയും റോബര്‍ട്ട് ഫോര്‍ഡിനെ ദമസ്‌കസിലേക്ക് അയക്കുകയുമുണ്ടായി. സിറിയയുടെ ട്രാക്ക് റെക്കോര്‍ഡ് മെച്ചപ്പെട്ടുവെന്നോ, ഭീകരത സ്‌പോണ്‍സര്‍ ചെയ്യുന്നുവെന്ന് ആരോപിച്ച് യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ടുമെന്റ് തയാറാക്കിവരുന്ന ലിസ്റ്റില്‍നിന്ന് ആ രാജ്യത്തെ ഒഴിവാക്കുമെന്നോ വാഷിംഗ്ടണ്‍ പ്രഖ്യാപിച്ചിരുന്നില്ല. ഇസ്രയേല്‍, ലബനാന്‍, ഇറാഖ് തുടങ്ങി മേഖലയില്‍ അമേരിക്കയുടെ താല്‍പര്യങ്ങളെ നേരിട്ടു ബാധിക്കുന്ന വിഷയങ്ങളില്‍ സിറിയയുടെ സഹായം അനിവാര്യമായതു കൊണ്ടായിരുന്നു ഈ നടപടി. സിറിയയുടെ മേല്‍ ഭീകരതയും മനുഷ്യാവകാശ ലംഘനവും ആരോപിക്കുമ്പോള്‍ തന്നെ അല്‍ഖാഇദ ബന്ധം ചാര്‍ത്തി നിരപരാധികളെ ബശ്ശാറുല്‍ അസദിന്റെ പീഡന ക്യാമ്പിലേക്ക് എറിഞ്ഞുകൊടുക്കാന്‍ അമേരിക്കക്ക് ഒരു മടിയുമുണ്ടായിരുന്നില്ല. തങ്ങള്‍ക്ക് സംശയമുള്ളവരെ ഭീകരവാദികളായി മുദ്രകുത്തി വിവിധ രാജ്യങ്ങളിലെ പീഡന ക്യാമ്പിലേക്ക് വിട്ടുകൊടുക്കുന്ന 'റെന്‍ഡിഷന്‍' എന്ന കുപ്രസിദ്ധ പരിപാടി ഏറെക്കാലമായി സി.ഐ.എ നടപ്പാക്കിവരുന്നു. 2001-നു ശേഷം മാത്രം മൂവായിരത്തോളം പേരെയാണ് ഇവ്വിധം വിവിധ രാജ്യങ്ങളിലേക്ക് അമേരിക്ക കൈമാറിയത്.
സിറിയന്‍, കനേഡിയന്‍ ഇരട്ട പൗരത്വമുള്ള മാഹിര്‍ അറാറിന്റെ കേസ് അന്താരാഷ്ട്ര ശ്രദ്ധ പിടിച്ചുപറ്റിയതിനാല്‍ പുറംലോകം അറിഞ്ഞു. തൂനിസിലെ വിശ്രമകാലത്തിനുശേഷം കാനഡയിലേക്ക് മടങ്ങുമ്പോഴാണ് അമേരിക്കയിലെ ജോണ്‍ എഫ് കെന്നഡി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ മാഹിര്‍ അറസ്റ്റിലാവുന്നത്. അല്‍ഖാഇദ ബന്ധം ചാര്‍ത്തി രണ്ടാഴ്ചയോളം ഏകാന്ത തടവറയില്‍ പാര്‍പ്പിച്ച മാഹിറിനെ യു.എസ് അധികൃതര്‍ സിറിയക്ക് കൈമാറി. അവിടത്തെ ഭീകരമായ പീഡനത്തെക്കുറിച്ച് അറിവുണ്ടായിട്ടും കാനഡക്ക് കൈമാറാതെ മാഹിറിനെ സിറിയയിലേക്ക് അയച്ചത് എന്തിനാണെന്ന് എഫ്.ബി.ഐ വെളിപ്പെടുത്തിയില്ല. ഒരു വര്‍ഷത്തോളം പീഡിപ്പിച്ച ശേഷമാണ് സിറിയന്‍ അധികൃതര്‍ മാഹിറിനെ കാനഡക്ക് വിട്ടുകൊടുത്തത്. കനേഡിയന്‍ സര്‍ക്കാര്‍ നിയോഗിച്ച കമീഷന്‍ മാഹിറിന് അല്‍ഖാഇദ ബന്ധമില്ലെന്നും നിരപരാധിയാണെന്നും വിധിച്ചു. ഒന്നരക്കോടി കനേഡിയന്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കിയാണ് ഗവണ്‍മെന്റ് കേസ് അവസാനിപ്പിച്ചത്. മാഹിര്‍ നിരപരാധിയാണെന്ന് ഒടുവില്‍ സിറിയന്‍ ഭരണകൂടത്തിനും വെളിപാടുണ്ടായി.

ധര്‍മസങ്കടം
മിഡിലീസ്റ്റിലെ പുതിയ ജനകീയ പ്രക്ഷോഭങ്ങള്‍ മേഖലയിലെ വിവിധ രാജ്യങ്ങളെയും ധര്‍മസങ്കടത്തിലാക്കിയിട്ടുണ്ട്. ബഹ്‌റൈനില്‍ ശീഈ ഭൂരിപക്ഷത്തെ അടിച്ചമര്‍ത്തുന്നുവെന്ന് ആരോപിക്കുന്ന ഇറാന് സിറിയയിലെ ഏകാധിപത്യ ഭരണകൂടം നടത്തിവരുന്ന മനുഷ്യവേട്ടയെക്കുറിച്ച് മിണ്ടാട്ടമില്ല. ശീഈകളിലെ അലാവി വിഭാഗമായ ബശ്ശാറുല്‍ അസദ് ഭരണകൂടത്തിന്റെ ഏറ്റവും അടുത്ത സുഹൃത്താണ് ഇറാന്‍. സിറിയയെ ഉപയോഗിച്ചാണ് അറബ് മേഖലയില്‍ സ്വാധീനം ചെലുത്താന്‍ ഇറാന്‍ ശ്രമിക്കുന്നത്. ഇസ്രയേലിനും അമേരിക്കക്കും എതിരായ ഇരു രാജ്യങ്ങളുടെയും പൊതുനിലപാട് ബന്ധങ്ങള്‍ കൂടുതല്‍ സുദൃഢമാക്കിയിട്ടുണ്ട്. ലബനാനില്‍ ഹരീരി സര്‍ക്കാറിനെ മറിച്ചിട്ട് തങ്ങളുടെ നിയന്ത്രണത്തിലുള്ള ഗവണ്‍മെന്റിനെ സ്ഥാപിക്കുന്നതില്‍ ഇറാന്‍ അനുകൂല ശീഈ വിഭാഗമായ ഹിസ്ബുല്ല വിജയം കൊയ്തതും ഈജിപ്തില്‍ അമേരിക്കന്‍ അനുകൂല ഹുസ്‌നി മുബാറക് ജനകീയ പ്രക്ഷോഭത്തില്‍ പുറത്തായതും മേഖലയില്‍ ഇറാന് മേല്‍ക്കൈ നല്‍കിയ ഘടകങ്ങളാണ്.
ഇറാന്‍ മാത്രമല്ല, ചില അറബ് രാജ്യങ്ങളും സിറിയന്‍ വിഷയത്തില്‍ അവസരവാദപരമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. സിറിയയില്‍ ഗവണ്‍മെന്റ് സേന അഞ്ഞൂറിലേറെ പേരെ കൊന്നിട്ടും വല്ലാത്ത മൗനത്തിലാണ് അറബ് ലീഗും ജി.സി.സിയും. ലിബിയയില്‍ വ്യോമനിരോധ മേഖല നടപ്പാക്കാന്‍ മുന്നിട്ടിറങ്ങിയ രണ്ട് ഗള്‍ഫ് രാജ്യങ്ങള്‍ സിറിയയിലെ മനുഷ്യാവകാശ ലംഘനങ്ങളെ അപലപിച്ച യു.എന്‍ മനുഷ്യാവകാശ കൗണ്‍സില്‍ യോഗത്തില്‍നിന്ന് വിട്ടുനിന്നു.
സിറിയയിലെ അടിച്ചമര്‍ത്തലുകള്‍ക്കെതിരെ മുസ്‌ലിം ബ്രദര്‍ഹുഡ് രംഗത്തുവന്നിട്ടുണ്ട്. 'സ്വതന്ത്രരായി പിറന്ന നിങ്ങളെ അടിമകളാക്കാന്‍ മര്‍ദക ഭരണാധികാരിയെ അനുവദിക്കരുത്..' സിറിയന്‍ ജനതയെ അഭിസംബോധന ചെയ്ത് ബ്രദര്‍ഹുഡ് പുറത്തിറക്കിയ പ്രസ്താവനയിലെ വാക്കുകളാണിത്. ബഅസ് ഭരണകൂടത്തിന്റെ നിഷ്ഠുരമായ പീഡനങ്ങള്‍ അതിജീവിച്ച് സിറിയന്‍ മണ്ണില്‍ നിലനിന്ന ഇഖ്‌വാന്‍ ജനങ്ങളോടൊപ്പമാണെന്ന് പ്രസ്താവന ആവര്‍ത്തിക്കുന്നു. പലരെയും അത്ഭുതപ്പെടുത്തി ഇസ്‌ലാമിക ചെറുത്തുനില്‍പ് പ്രസ്ഥാനമായ ഹമാസും തങ്ങള്‍ സിറിയന്‍ ജനതക്കൊപ്പമാണെന്ന് വ്യക്തമാക്കിക്കഴിഞ്ഞു. വര്‍ഷങ്ങളായി ദമസ്‌കസില്‍ കഴിയുന്ന ഹമാസ് രാഷ്ട്രീയകാര്യ തലവന്‍ ഖാലിദ് മിശ്അലിനോടും സഹപ്രവര്‍ത്തകരോടും രാജ്യം വിടാന്‍ സിറിയന്‍ ഭരണകൂടം ആവശ്യപ്പെടുകയാണെങ്കില്‍ പുതിയ കേന്ദ്രം തേടിയുള്ള അന്വേഷണം പോലും നേതൃത്വം ആരംഭിച്ചതായാണ് റിപ്പോര്‍ട്ട്. സിറിയന്‍ ഭരണകൂടവുമായുള്ള ബന്ധം ആദര്‍ശപരമല്ല, രാഷ്ട്രീയപരമാണെന്ന് ഹമാസ് നേരത്തെ വ്യക്തമാക്കിയതാണ്. ഇസ്രയേലിനെതിരായ പോരാട്ടത്തിലെ സഹകാരികള്‍ എന്ന നിലയിലാണ് ഈ ബന്ധം മുന്നോട്ടുപോകുന്നത്. അതേസമയം, സിറിയന്‍ ജനതയുടെ പിന്തുണ കൂടിയുള്ളതിനാല്‍ നിലവിലുള്ള ഭരണകൂടം നിലംപതിച്ചാലും ദമസ്‌കസ് കേന്ദ്രമാക്കി ഇസ്രയേലിനെതിരായ ചെറുത്തുനില്‍പിന് ചുക്കാന്‍ പിടിക്കാനാവുമെന്നും ഹമാസ് കരുതുന്നു.
ഏകാധിപത്യത്തിന്റെ നാള്‍വഴി
നിരവധി അധിനിവേശ ശക്തികളുടെ ചരിത്രം പേറുന്ന രാജ്യമാണ് സിറിയ. അക്കാദിയന്മാരും യൂറോപ്യന്‍ കുരിശു പടയും മുതല്‍ തുര്‍ക്കികള്‍ വരെ ആ മണ്ണ് കൈയടക്കിപ്പോന്നിട്ടുണ്ട്. ഏറ്റവുമൊടുവില്‍ ബ്രിട്ടന്റെയും ഫ്രാന്‍സിന്റെയും അധിനിവേശങ്ങളില്‍നിന്ന് മോചിതമായി 1943-ല്‍ സ്വാതന്ത്ര്യം പ്രഖ്യാപിച്ചെങ്കിലും ഫ്രഞ്ച് സാമ്രാജ്യത്വം പൂര്‍ണമായും പിടി അയക്കാന്‍ ഒരുക്കമായിരുന്നില്ല. അതിനാല്‍ സ്വാതന്ത്ര്യത്തിന്റെ ആദ്യ ദശകം അരാജകത്വത്തിന്റേതായിരുന്നു. അറബ് ദേശീയതയും സെക്യുലറിസവും ഉയര്‍ത്തിപ്പിടിച്ച് ക്രിസ്ത്യാനിയായ മിശേല്‍ അഫ്‌ലാഖിന്റെയും സുന്നി മുസ്‌ലിമായ സ്വലാഹുദ്ദീന്‍ അല്‍ ബിത്വാറിന്റെയും നേതൃത്വത്തില്‍ 1945-ല്‍ ദമസ്‌കസ് കേന്ദ്രമായി  ബഅസ് പാര്‍ട്ടി രൂപം കൊണ്ടതോടെയാണ് ആധുനിക സിറിയയുടെ ഏകാധിപത്യ ചരിത്രത്തിന് ആരംഭം കുറിക്കപ്പെടുന്നത്. ബഅസ് പാര്‍ട്ടിക്ക് സിറിയയിലും ഇറാഖിലും വന്‍ സ്വീകാര്യത ലഭിച്ചു. 1954-ല്‍ ജനാധിപത്യം പുനഃസ്ഥാപിച്ച ശേഷം നടന്ന ആദ്യ തെരഞ്ഞെടുപ്പില്‍ ബഅസ് പാര്‍ട്ടിക്ക് വന്‍ നേട്ടമുണ്ടായി. 1959-ല്‍ ഈജിപ്തുമായി ഐക്യ അറബ് റിപ്പബ്ലിക്കില്‍ സിറിയ പങ്കാളിയായതിനെ തുടര്‍ന്ന് ബഅസ് പാര്‍ട്ടി പിരിച്ചുവിട്ടെങ്കിലും ഐക്യം കഷ്ടിച്ച് രണ്ടു വര്‍ഷമേ നീണ്ടുനിന്നുള്ളൂ. സിറിയയിലെ പട്ടാള അട്ടിമറിയെ തുടര്‍ന്ന് ഐക്യ അറബ് റിപ്പബ്ലിക്ക് തകര്‍ന്നു. ബഅസ് പാര്‍ട്ടിക്കാരായ സൈനിക ഓഫീസര്‍മാര്‍ ദേശീയവാദികളുമായി ചേര്‍ന്ന് 1963 മാര്‍ച്ച് എട്ടിന് അധികാരം പിടിച്ചെടുക്കുകയായിരുന്നു. തുടര്‍ന്ന് മുഴുവന്‍ രാഷ്ട്രീയ പാര്‍ട്ടികളെയും ബഅസ് നേതൃത്വം നിരോധിച്ചു.
ഫ്രഞ്ച് അധിനിവേശം അവസാനിക്കുന്നതിന് ഒരു വര്‍ഷം മുമ്പാണ് സിറിയയില്‍ മുസ്‌ലിം ബ്രദര്‍ഹുഡ് സ്ഥാപിതമാവുന്നത്. 1961-ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ പത്തു സീറ്റുകളില്‍ പാര്‍ട്ടി വിജയിക്കുകയുണ്ടായി. നിരോധത്തിനും പൗരാവകാശ ലംഘനങ്ങള്‍ക്കുമെതിരെ ശക്തമായ പ്രക്ഷോഭങ്ങളാണ് ബ്രദര്‍ഹുഡ് ആസൂത്രണം ചെയ്തത്. ഇസ്‌ലാമിസ്റ്റുകള്‍ക്കെതിരെ ഉരുക്കുമുഷ്ടി പ്രയോഗിച്ച് പ്രതിരോധ മന്ത്രി ഹാഫിസുല്‍ അസദ് 1970-ല്‍ അട്ടിമറിയിലൂടെ അധികാരത്തിലേറിയതോടെ രാജ്യം പൂര്‍ണമായും ഏകാധിപത്യത്തില്‍ അമര്‍ന്നു. സിവിലിയന്‍ ഉദ്യോഗസ്ഥരെ മുഴുവന്‍ പിരിച്ചുവിട്ട അസദ് ഒരേസമയം സായുധ സേനകളുടെ സുപ്രീം കമാണ്ടറും ബഅസ് പാര്‍ട്ടിയുടെയും ഗവണ്‍മെന്റിന്റെയും തലവനുമായി അവരോധിതനായി. ജനസംഖ്യയിലെ പത്തു ശതമാനം മാത്രമുള്ള ശീഈകളിലെ അലാവി വിഭാഗക്കാരനായ അസദ് അധികാരം ഉറപ്പിക്കാന്‍ സര്‍വതന്ത്രങ്ങളും പ്രയോഗിക്കുകയുണ്ടായി. സുന്നികളല്ലാത്തവരുമായി, വിശിഷ്യാ ക്രിസ്ത്യാനികളുമായി സഖ്യമുണ്ടാക്കിയ അസദിന്റെ ഏഴ് ഉപദേശകരില്‍ അഞ്ചും ക്രിസ്ത്യാനികളായിരുന്നു.
ഭരണകൂട ഭീകരതക്കും പൗരാവകാശ ധ്വംസനങ്ങള്‍ക്കുമെതിരെ പ്രക്ഷോഭം നടത്തിയവരെ രാസായുധങ്ങള്‍ പ്രയോഗിച്ചും വ്യോമാക്രമണങ്ങളിലൂടെയും കൂട്ടക്കൊല ചെയ്ത ഏകാധിപതികള്‍ അറബ് നാടുകള്‍ക്ക് അന്യമല്ല. സ്വന്തം പൗരന്മാരെ ഉന്മൂലനം ചെയ്യാന്‍ മടിയില്ലെന്ന് ലോകത്തിന് കാണിച്ചുകൊടുത്തവരാണ് ഹാഫിസുല്‍ അസദും ഇറാഖിലെ സദ്ദാം ഹുസൈനും. ബ്രദര്‍ഹുഡിന്റെ ശക്തികേന്ദ്രമായ ഹമായില്‍ 1982 ഫെബ്രുവരിയില്‍ അരങ്ങേറിയ ജനകീയ പ്രക്ഷോഭം ഹാഫിസുല്‍ അസദ് അടിച്ചമര്‍ത്തിയത് മുപ്പതിനായിരത്തോളം പേരെ കൂട്ടക്കൊല ചെയ്താണ്. സൈനിക ഭീകരതയില്‍നിന്ന് രക്ഷതേടി പലായനം ചെയ്യുകയായിരുന്ന ജനങ്ങളെ ടാങ്കുകളുമായി ഉപരോധിക്കുകയും പീഡിപ്പിച്ച് കൊല്ലുകയും ചെയ്തത് പിറ്റി ദ നേഷന്‍ എന്ന ഗ്രന്ഥത്തില്‍ ബ്രിട്ടീഷ് പത്രപ്രവര്‍ത്തകന്‍ റോബര്‍ട്ട് ഫിസ്‌ക് വിവരിക്കുന്നുണ്ട്.  ബ്രദര്‍ഹുഡ് ഉപാധ്യക്ഷനായിരുന്ന അലി സദ്‌റുദ്ദീന്‍ അല്‍ ബയാനൂനി അസദിന്റെ ഏജന്റുമാരുടെ വധശ്രമങ്ങള്‍ അതിജീവിച്ച് 1979-ല്‍ ജോര്‍ദാനിലേക്ക് കൂടുമാറുകയായിരുന്നു. ഇരുപത്തൊന്നു വര്‍ഷം അവിടെ കഴിഞ്ഞ അദ്ദേഹത്തോട്  രാജ്യംവിടാന്‍ ജോര്‍ദാന്‍ അധികൃതര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് 2000 മുതല്‍ ബ്രിട്ടനില്‍ അഭയാര്‍ഥിയായി കഴിയുകയാണ്.
അസദ് ഭരണകൂടത്തിന്റെ കൊടുംഭീകരത വിവരിക്കുന്ന വിശദമായ റിപ്പോര്‍ട്ട് 1984-ല്‍ ആംനസ്റ്റി ഇന്റര്‍നാഷനല്‍ പുറത്തുവിട്ടിരുന്നു. രാഷ്ട്രീയ എതിരാളികള്‍ക്കെതിരെ 38 തരം പീഡനമുറകള്‍ സിറിയ വ്യാപകമായി നടപ്പാക്കാറുണ്ടെന്നും തടവുകാരുടെ ഗുഹ്യാവയവങ്ങളില്‍ ചുട്ടപഴുത്ത ഇരുമ്പു ദണ്ഡ് കയറ്റിയുള്ള ബ്ലാക്ക് സ്ലേവ് എന്ന മുപ്പത്തൊമ്പതാം മുറയാണ് പുതിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ദമസ്‌കസിനു 200 കിലോ മീറ്റര്‍ അകലെയുള്ള കുപ്രസിദ്ധമായ തദ്മൂര്‍ ജയില്‍ ബഅസ് ഭരണകൂട ഭീകരതയുടെ ജീവിക്കുന്ന ഉദാഹരണമാണ്. വിചാരണ പോലുമില്ലാതെ എത്രയോ മനുഷ്യരുടെ കൊലപാതകങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുന്ന ഈ ജയില്‍ ഹാഫിസുല്‍ അസദിന്റെ സഹോദരന്‍ റിഫ്അത്ത് അസദിന്റെ ഭീകര താണ്ഡവങ്ങള്‍ക്ക് പലതവണ വേദിയായിട്ടുണ്ട്.
മുപ്പതുകൊല്ലം ഭരിച്ച അസദ് രണ്ടായിരത്തില്‍ മരണപ്പെട്ടതോടെ അധികാരം രണ്ടാമത്തെ മകന്‍ ബശ്ശാറിലേക്ക് മാറി. പിതാവിനെപ്പോലെ അധികാരത്തില്‍ കണ്ണുനട്ടിരുന്ന ആളായിരുന്നില്ല ബശ്ശാര്‍. പിന്‍ഗാമിയായി മൂത്ത മകന്‍ ബാസിലിനെയായിരുന്നു അസദ് കണ്ടുവെച്ചിരുന്നത്. എന്നാല്‍ വാഹനാപകടത്തില്‍ ബാസില്‍ കൊല്ലപ്പെട്ടതോടെ ലണ്ടനില്‍ വൈദ്യശാസ്ത്രത്തില്‍ ഉപരിപഠനം നടത്തുകയായിരുന്ന ബശ്ശാറിന് നറുക്കുവീണു. പിതാവിനോളമില്ലെങ്കിലും അധികാരത്തിലേറിയതോടെ ഏകാധിപത്യത്തിന്റെ എല്ലാ നെറികേടുകളും സ്വായത്തമാക്കിയ ബശ്ശാര്‍ എതിര്‍ ശബ്ദങ്ങളെ അടിച്ചമര്‍ത്തുന്ന നടപടി കഴിഞ്ഞ പതിനൊന്നു വര്‍ഷമായി തുടര്‍ന്നുവരികയാണ്.
[email protected]

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം