നിന്നിലയണയുവാന്‍
ബ്രഹ്മാണ്ഡകടാഹ പ്രകാശമേ,
പ്രണാമമൊക്കെയും നിനക്കു മാത്രം
സമസ്ത ചരാചരങ്ങളും മടങ്ങിയെത്തും
അനന്ത വിസ്മയശക്തിയാണു നീ.
വിശ്വം വഴിഞ്ഞൊഴുകും നിന്റെ
കാരുണ്യ വാഴ്വിനെ പാടി-
പുകഴ്ത്തുവാനെവിടെ വാക്കുകള്‍?
എവിടെ വര്‍ണങ്ങള്‍?
സപ്തവാനങ്ങള്‍ പത്രികയാക്കി
ഉല്ലേഖനം ചെയ്യുകില്‍
പൂര്‍ണമാവുകില്ല നിന്റെ
മഹത്വത്തിന്‍ വരമൊഴി!
കടല്‍ വെള്ളം മുഴുവന്‍
മഷിയായിട്ടെഴുതിയാല്‍
പൂര്‍ണമാവുകയില്ല നിന്റെ
പ്രോജ്വലപ്പെരുമകള്‍!
അഹന്തതന്നേണിപ്പടിയിലൂടെ ഞാന്‍
ഉയരങ്ങളേറിയെന്നു വീമ്പിളക്കുന്നു
മിഥ്യയാണു നീയെന്നും നിന്നേക്കാള്‍
കേമന്‍ ഞാനെന്നും പാഴ്വാക്കുരയ്ക്കുന്നു
പരിതാപകരമാം ദുഃസ്ഥിതിയിലൊരുവേള
നേത്രാവൃത പാളികളൂര്‍ന്ന് വീഴുന്നു
2
പണ്ടൊരു നാളൊരു മഹാന്‍ നിന്‍
ജ്യോതീകണം കണ്ടു ഭ്രമിച്ചു പോയത്രെ
ദൃശ്യ ഗംഭീരത സഹ്യമാകായ്കയാല്‍
ബോധമറ്റു വീണു പോയി മഹാശയന്‍
ഭയഭരിതമായി മാനസം വിനയാന്വിതം
പ്രണാമമര്‍പ്പിച്ചു ശ്രേഷ്ഠന്‍.
നിന്റെ നിറവിന്‍ ഭാരം താങ്ങാനാവാതെ
ശിഥിലമായ് ഭവിക്കുന്നു ശിലാകൂടം
തുവാതാഴ്വരയില്‍ നിന്നു നീ ഏകീയ
പൊലിവുമായെത്തി ദൂതന്‍
തൂറുസീനയിലേക്കാ മഹാന്‍ കയറി
വന്നപ്പോള്‍ കാത്തു നിന്നു ശിഷ്യര്‍
വിശുദ്ധന്റെ കാല്‍പാടിലെ മണ്ണ് ചേര്‍ത്ത്
മുക്രയിടും പശുക്കിടാവിനെ വാര്‍ക്കുവാന്‍
സാമിരി തീക്കൂട്ടവെ യതിലാഭരണ
മെറിഞ്ഞോരുടെ ചെവിയില്‍
*വിനീതാത്മാവിന്‍ വാക്കുകള്‍
മുഴക്കത്താല്‍ വന്നു വീണില്ല.
നാല്‍പത് രാപ്പലുകള്‍ക്കിപ്പുറം ലോകര്‍ക്ക്
സന്മാര്‍ഗ ദീപ്തിയുമായെത്തി വിശുദ്ധന്‍
സോദരന്റെ മുടിപിടിച്ചുലയ്ക്കവെ
ഭയന്നുപോയി ശിഷ്യഗണം
പശ്ചാത്താപവിവശരായ്
നിന്നിലേക്ക് മടങ്ങിയോരില്‍
കാരുണ്യവര്‍ഷം ചൊരിഞ്ഞുനീ
ദണ്ഡന ഭൂവിലെറിഞ്ഞില്ല നീ
കടല്‍ വിഴുങ്ങിയോരില്‍ നിന്നു
മാറ്റി നിര്‍ത്തിയ കാരുണ്യാബ്ധി നീ
3
അതിനും മുമ്പൊരുനാള്‍, കരയില്‍
കപ്പലോടിക്കുവാന്‍ തുനിയുവോനെന്ന്
മഹാജ്ഞാനിയെ ആക്ഷേപിച്ചോരുടെ
കൂടെ ആര്‍ത്തു ചിരിച്ചവര്‍
ചെയ്തുകൂട്ടിയ പിഴവുകളോര്‍ക്കെ
അകതാരില്‍ കിടിലമുറയുന്നു
മിഴികള്‍ വിവശമായാര്‍ദ്രമായ്
മേല്‍പോട്ടുയരുന്നു; കനിവിനായ് കേഴുന്നു
മുങ്ങിയൊടുങ്ങാന്‍ വിധിക്കപ്പെട്ടോരുടെ
ഗണത്തില്‍ നിന്നടര്‍ത്തിമാറ്റി
ജൂദിമലയിലിറക്കിയ കാരുണ്യവാഴ്വിനെ
പുകഴ്ത്തുവാനെന്‍ ഭാഷയത്രെയപര്യാപ്തം!
4
സത്യം വിളിച്ചോതിയ മഹാത്മാവിനെ
ശിക്ഷിക്കുവാനായഗ്നികുണ്ഡമൊരുക്കിയ
നംറൂദിന്‍ ഗൂഢസംഘത്തിലും
ലൂത്വിന്നതിഥികള്‍ക്കുനേരെ
പാഞ്ഞടുത്ത ദുര്‍വൃത്തരിലും
പെടുത്താതകറ്റിയ കനിവേ
പ്രപഞ്ചമാകെ പ്രഘോഷിക്കുന്നു നിന്ന-
വാച്യമാഹാത്മ്യസങ്കീര്‍ത്തനങ്ങളെപ്പോഴും.
ബത്ലഹേമിലെ പുണ്യമാതാവിനെ
പഴിപറഞ്ഞോരുടെ കൂട്ടത്തിലും
വിശുദ്ധനാം മസീഹിനെ ക്രൂശിക്കാന്‍
തന്ത്രം മെനഞ്ഞോരുടെ ഇടയിലും
പെടാതെ നിന്നിലഭയം തേടവെ
അറിയുന്നു നിന്‍ കാരുണ്യത്തിന്‍
സീമാതീതവിശാലത.
5
നിരക്ഷരനാം വിശ്വഗുരുവിനെ
ആക്ഷേപിച്ചുമുപദ്രവിച്ചും
ആ തിരുദൂതര്‍ക്കേകിയ പ്രകാശത്തെ
ഊതിക്കെടുത്താന്‍ പാഴ്വേല
ചെയ്തും നിഗളിച്ചു മൂഢര്‍തന്‍
ധാര്‍ഷ്ട്യത്തില്‍ പെട്ടില്ല; ഭാഗ്യം.
ആ മഹാ ജ്യോതിയില്‍ നിന്നൊരു
കണികയകത്തുപാറി വീഴുന്നു
ദീപ്തമായ് സ്ഫുടീകൃതമായ് മാറുന്നു
അകതാരിലെ തമോമയ ഗര്‍ത്തങ്ങള്‍.
6
പിഴകളോര്‍ത്ത് വിലപിക്കുവോന്
ശാന്തിതന്‍ ഹിമപാതമാണ് പഥ്യം
പുനരുത്ഥാനവേളയില്‍ പിഴവുകളുടെ
പിഴയായ് കുടുമ പിടിക്കപ്പെട്ട്,
അപമാനത്തിന്നഗ്നികുണ്ഡത്തില്‍
വലിച്ചെറിയപ്പെടും ജനാവലിതന്‍
സംഭീതിയില്‍ നിന്നകറ്റപ്പെട്ടോരില്‍
പെടുത്താനര്‍ഥിച്ചു നില്‍പാണ് സാധു.
അണ്ഡകടാഹങ്ങളെ കരതാരിലൊതുക്കിയ
അവര്‍ണനീയമാമനന്തശക്തിയല്ലോ നീ
അപാരതേ നിന്നിലണയുവാന്‍
നടന്നടുക്കയായ് മോക്ഷകാംക്ഷയാല്‍
ഓരോ പാദവിന്യാസവും നിന്നി-
ലെത്തുവാനുള്ള ത്വരയിലാണല്ലോ.
ഒന്നുമില്ലായ്മയില്‍ നിന്നീയുലകിനെ
ഉണ്ടാക്കിയോനാം നിന്നില്‍ നിന്നല്ലോ തുടക്കം
സമസ്തവസ്തുക്കളും മടങ്ങിയെത്തു-
മുണ്മപ്പൊരുളാം നിന്നില്‍ തന്നെയല്ലോ ഒടുക്കം
* ഹാറൂന്‍ നബി
Comments