Prabodhanm Weekly

Pages

Search

2011 മെയ് 14

വിശുദ്ധ ഖുര്‍ആനും ഭഗവദ്ഗീതയും താരതമ്യത്തിലെ പ്രശ്‌നങ്ങള്‍

എ.വി ഫിര്‍ദൗസ്

ഭഗവദ്ഗീതയെയും ഖുര്‍ആനെയും ബന്ധിപ്പിച്ചുകൊണ്ട് സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി പ്രബോധനത്തില്‍ എഴുതിയ ലേഖനം(ലക്കം: 44) ചിന്തോദ്ദീപകവും സാര്‍ഥകവുമായ ഒരു യത്നമായിരുന്നു. മതസാഹിത്യങ്ങളെയും വേദപ്രമാണങ്ങളെയും അവയിലെ സമാനങ്ങളായ ആശയങ്ങളുടെയും മൂല്യങ്ങളുടെയും പരാമര്‍ശങ്ങളുടെയും അടിസ്ഥാനത്തില്‍ താരതമ്യപഠനത്തിനു വിധേയമാക്കുന്നത് വിശ്വാസികളില്‍ സഹിഷ്ണുതയും സമാനബോധവും മാനവിക ചിന്തയും വളര്‍ത്താന്‍ ഉപകരിക്കുന്ന സല്‍പ്രവൃത്തി തന്നെയാണ് എന്നതില്‍ പ്രബുദ്ധ മനസ്കര്‍ക്ക് രണ്ടുപക്ഷം ഉണ്ടാവാനിടയില്ല. ഗീതയും ബൈബിളും ഖുര്‍ആനും മാനവരാശിയുടെ പൊതു സമ്പത്താണ്. അവയെ സമീപിക്കേണ്ടതും പഠിക്കേണ്ടതും വിലയിരുത്തേണ്ടതും അവ മാനവരാശിയുടെ പൊതുസമ്പത്ത് എന്ന ബോധത്തിന്റെ അടിസ്ഥാനത്തില്‍ തന്നെയായിരിക്കണം. ഈ കാഴ്ചപ്പാടോടെ അവയെ സമീപിക്കുമ്പോള്‍ അവയിലൊക്കെ ഒരേ ലക്ഷ്യത്തിലേക്കുള്ള ആശയ പ്രേരണകള്‍ ഉള്ളടക്കം ചെയ്യപ്പെട്ടു കിടക്കുന്നത് കാണാനും കഴിയും.
വേദങ്ങളെയും മതപ്രമാണങ്ങളെയും അവയുടെ മൂല്യങ്ങളുടെ തലത്തില്‍ തുലനപ്പെടുത്തുന്നതും അവയുടെ ചരിത്ര പശ്ചാത്തലത്തില്‍ വിലയിരുത്തുന്നതും രണ്ടും രണ്ടുതരം പ്രക്രിയകളാണ്. ശ്രീ വിശ്വഭദ്രാനന്ദ സ്വാമിയുടെ ലേഖനത്തില്‍ അത്തരം ചില പരിമിതികള്‍ വ്യക്തമായിക്കാണുന്നുണ്ട്. ശ്രീമദ്ഭഗവദ് ഗീതയുടെ പശ്ചാത്തലവും ഖുര്‍ആന്റെ പശ്ചാത്തലവും രണ്ടാണ്. ഈ ഭിന്നത ശ്രദ്ധിക്കാതിരുന്നത് കാരണമാണ് ഗീതയും ഖുര്‍ആനും അവതരിച്ചത് യുദ്ധ പശ്ചാത്തലത്തിലാണ് എന്ന് ലേഖനത്തില്‍ ഒന്നിലധികം തവണ അദ്ദേഹം ആവര്‍ത്തിക്കുന്നത്. ഭഗവദ്ഗീതയുടെ കാര്യത്തില്‍ കുരുക്ഷേത്രയുദ്ധ പശ്ചാത്തലം യാഥാര്‍ഥ്യമാണ്. എന്നാല്‍, ഖുര്‍ആന്റെ കാര്യത്തില്‍ ബദര്‍ യുദ്ധം വേദത്തിന്റെ അവതരണ പശ്ചാത്തലമല്ലല്ലോ.
ഇരുപത്തിമൂന്ന് വര്‍ഷക്കാലം നീണ്ടുനിന്ന പ്രവാചക ജീവിതത്തില്‍ പ്രവാചകത്വ ലബ്ധിക്കു ശേഷമുള്ള വര്‍ഷങ്ങളില്‍ വിവിധ ഘട്ടങ്ങളിലായിട്ടാണ് ഖുര്‍ആന്‍ വാക്യങ്ങള്‍ അവതരിച്ചത്. സന്ദര്‍ഭങ്ങളും സാഹചര്യങ്ങളും ആവശ്യങ്ങളും അനുസരിച്ചുള്ള അവതരണങ്ങളായിരുന്നു ഖുര്‍ആന്‍ വാക്യങ്ങളുടേത്. യുദ്ധ സന്ദര്‍ഭങ്ങളുമായി ബന്ധപ്പെട്ട വാക്യങ്ങള്‍ അവയില്‍ ചിലതു മാത്രമാണ്. അവതന്നെ ബദ്ര്‍ യുദ്ധവുമായി മാത്രം ബന്ധപ്പെട്ടവയല്ല. ഉഹുദ്, അഹ്സാബ് എന്നിങ്ങനെ വിവിധ രണ പശ്ചാത്തലങ്ങളില്‍ വന്നവയാണ് ഖുര്‍ആനില്‍ യുദ്ധസന്ദര്‍ഭ വാക്യങ്ങള്‍. ബദ്ര്‍ യുദ്ധ പശ്ചാത്തലത്തിലാണ് ഖുര്‍ആന്‍ അവതീര്‍ണമായത് എന്ന് ലേഖനത്തില്‍ പരാമര്‍ശിച്ചത് ഖുര്‍ആനിന്റെ അവതീര്‍ണ ചരിത്രം പൂര്‍ണമായി മനസ്സിലാക്കാത്തതുകൊണ്ട് സംഭവിച്ച പിശകായിരിക്കണം. ഗീതയുമായി താരതമ്യം ചെയ്യുമ്പോള്‍ ഖുര്‍ആനിനു മറ്റുപല സവിശേഷതകളുമുണ്ട്. അവ ഗീതക്കില്ല എന്നത് ഭഗവദ്ഗീതയുടെ പോരായ്മയാണ് എന്നര്‍ഥമാക്കേണ്ടതില്ല. ചരിത്രപരമായ കാരണങ്ങളാല്‍ ഒരു പ്രാമാണിക ഗ്രന്ഥം മറ്റൊന്നില്‍നിന്ന് വേറിട്ടു നില്‍ക്കുക സ്വാഭാവികമാണല്ലോ.
ഭഗവദ്ഗീത പൂര്‍വ വേദങ്ങളുടെ തുടര്‍ച്ച അവകാശപ്പെടുന്നില്ല. അതേസമയം ഉപനിഷത്തുക്കളുടെ സര്‍വ സാരാംശങ്ങളും ഗീതയിലുണ്ട് എന്ന് ഭഗവദ്ഗീത തന്നെ പറയുന്നുണ്ട്. ഖുര്‍ആന്‍ ഉന്നയിക്കുന്ന തുടര്‍ച്ചയില്‍നിന്ന് ഭിന്നമാണ് ഗീതയുടെ ഈ പരാമര്‍ശം. ഖുര്‍ആനാവട്ടെ പൂര്‍വവേദങ്ങളുടെ സാക്ഷീകരണവും ദൃഢീകരണവും വ്യക്തമായ തുടര്‍ച്ചയും ഉന്നയിക്കുന്നുണ്ട്.
ശ്രീമദ്ഭഗവദ്ഗീത അര്‍ജുനനും കൃഷ്ണനും തമ്മിലുള്ള സംഭാഷണ രൂപത്തിലാണ് ലഭ്യമാകുന്നത്. ഖുര്‍ആന്‍ ഇതില്‍നിന്ന് വ്യത്യസ്തമാണ്. വിവിധ ഘട്ടങ്ങളിലായി പ്രവാചകന് നേരിട്ട് ജിബ്രീല്‍ മലക്കുമുഖേന അവതരിപ്പിക്കപ്പെട്ട ഖുര്‍ആന്‍ വാക്യങ്ങളില്‍ ദൈവവുമായുള്ള പ്രവാചകന്റെ സംഭാഷണങ്ങള്‍ വരുന്നില്ല എന്നതു ശ്രദ്ധേയമാണ്.
പ്രവാചകനെയും ശ്രീകൃഷ്ണനെയും താരതമ്യം ചെയ്തതിലും പിശകുകളുണ്ട്. വ്യക്തി ജീവിതത്തില്‍ രണ്ടുതരം അവസ്ഥകളിലൂടെ കടന്നുപോയവരാണ് ഇരുവരും. കൃഷ്ണന്റെ ആദ്യകാല ജീവിതത്തില്‍ അദ്ദേഹം ഗോപാലനായിരുന്നു. പ്രവാചകന്‍ ആടുകളെ മേയ്ക്കാന്‍ പോയിരുന്നതായി ചില പ്രവാചക ചരിത്ര കൃതികളില്‍ കാണുന്നുണ്ടെങ്കിലും കൃഷ്ണ ജീവിതത്തിലെപ്പോലെ അക്കാര്യം അത്ര സ്പഷ്ടമായി പ്രവാചക ജീവചരിത്രത്തില്‍ പരാമര്‍ശിക്കപ്പെടുന്നില്ല. ബാല്യത്തിലെ അനാഥത്വത്തിന്റെ കാര്യത്തിലും സമാനത കേവലം സാങ്കല്‍പികമാണ്. പ്രവാചകന്‍ അനാഥനായിട്ടാണ് വളര്‍ന്നതെങ്കിലും അദ്ദേഹത്തെ ചുറ്റിപ്പറ്റി പിതൃബന്ധുക്കളുടെ ഒരു വ്യൂഹം ഉണ്ടായിരുന്നെന്നു കാണാം. വളര്‍ന്നു യുവാവായപ്പോള്‍ വിശ്വസ്തനായ ഒരു വ്യക്തിത്വമായി തന്റെ സമൂഹത്തിന് അദ്ദേഹം അനുഭവപ്പെടുകയും തുടര്‍ന്ന് വ്യാപാരത്തിലേക്ക് തിരിയുകയുമാണ് ചെയ്യുന്നത്.
പോരാട്ടങ്ങളുടെ രംഗത്ത് നന്മ-തിന്മകള്‍ ഇരുഭാഗത്തും നില്‍ക്കുന്നു എന്നതൊഴിച്ചാല്‍ കൃഷ്ണനും മുഹമ്മദ് നബിക്കും തമ്മില്‍ സമാനത കല്‍പിക്കാനാവില്ല. പ്രവാചകന്‍ യുദ്ധങ്ങളിലേര്‍പ്പെട്ടത് ആള്‍ക്കൂട്ടങ്ങളോടാണ്. കൃഷ്ണന്റെ ജീവിതത്തില്‍ ആള്‍ക്കൂട്ടങ്ങളുള്ള യുദ്ധങ്ങളല്ല, തിന്മയുടെ മൂര്‍ത്തിമദ് ഭാവങ്ങളായ ദുശ്ശക്തികളോടുള്ള വൈയക്തിക പോരാട്ടങ്ങളാണ് കാണുന്നത്. കുരുക്ഷേത്ര യുദ്ധത്തിലാവട്ടെ കൃഷ്ണന്‍ അര്‍ജുനന്റെ സാരഥിയാണ്. നേരിട്ടു യുദ്ധം ചെയ്യാതെ യുദ്ധത്തെ നയിക്കുന്ന നേതൃത്വമാണവിടെ. പ്രവാചകനാവട്ടെ യുദ്ധങ്ങളില്‍ പരിക്കേറ്റ അനുഭവങ്ങളുണ്ട്. ഉഹുദ് യുദ്ധ വേളയില്‍ പ്രവാചകന് പരിക്കേല്‍ക്കുകയും പല്ലുകള്‍ നഷ്ടപ്പെടുകയും ചെയ്തതുള്‍പ്പെടെ അനുഭവങ്ങള്‍ ഏറെയുണ്ട്. ശ്രീകൃഷ്ണന്‍ ഇത്തരം ഒരവസ്ഥയിലൂടെ കടന്നു പോകുന്നില്ല. ഇത് തീരെ ചെറിയ ഒരു വ്യത്യാസമല്ല. രണ്ടുപേരും പോരാട്ട മുഖങ്ങളില്‍ സജീവമായിരുന്നു എന്നത് ഒഴിച്ചാല്‍ ഈ തലത്തില്‍ സമാനതകള്‍ തീരെയില്ല എന്നുതന്നെ പറയാം.
പ്രവാചകന്റെ ബഹുഭാര്യാത്വം ചരിത്രപരമായ ചില ദൌത്യങ്ങളുടെ നിര്‍വഹണവുമായി, അന്നത്തെ സാമൂഹികാവസ്ഥയുമായി ബന്ധപ്പെട്ട പരിഷ്കരണ നീക്കങ്ങളുമായി കെട്ടുപിഞ്ഞുള്ളതായിരുന്നുവെന്ന് കാണാം. ഇത്തരം സാഹചര്യങ്ങള്‍ ശ്രീകൃഷ്ണന്റെ ബഹുഭാര്യാത്വത്തില്‍ കല്‍പിക്കാനാവില്ല. മാത്രമല്ല, ശ്രീകൃഷ്ണ പത്നി സങ്കല്‍പവും പ്രവാചക ഭാര്യാപദവിയും അര്‍ഥത്തിലും പൊരുളിലും രണ്ടാണ്. അതുകൊണ്ടാണ് ഭക്തമീരയെപ്പോലെ ഒരു കഥാപാത്രം പ്രവാചക സ്നേഹവുമായി ബന്ധപ്പെട്ട് മുസ്ലിംകള്‍ക്ക് അവതരിപ്പിക്കാനില്ലാതെ വന്നതും.
ശ്രീകൃഷ്ണന്‍ മഹാവിഷ്ണുവിന്റെ അവതാരങ്ങളില്‍ ഒന്നാണെന്ന് ഭാരതീയ സങ്കല്‍പം. പ്രവാചകനെ ആ നിലക്ക് ഒരവതാരമെന്നു കാണാനാവില്ല. അവതാര സങ്കല്‍പം ഇസ്ലാമിന്റെ അടിസ്ഥാന വിശ്വാസങ്ങള്‍ക്കു തീരെ യോജിച്ചതുമല്ല. ആംശികമോ പൂര്‍ണമോ ആയ അവതാര സങ്കല്‍പം ഇസ്ലാമിന് അന്യമാണ്. ഇസ്ലാമിലെ സൂഫി ചിന്തകരില്‍ ചിലര്‍ പുലര്‍ത്തുന്ന അവതാര വിശ്വാസം തൌഹീദിന് നിരക്കാത്ത വിശ്വാസ വൈകല്യമാണ് എന്ന ശക്തമായ മറുവാദം നിലനില്‍ക്കെ, പ്രവാചകനെ അവതാരം എന്നു വിശേഷിപ്പിക്കുന്നത് പൊതുവില്‍ മുസ്ലിംകള്‍ക്ക് അന്യമാണ്. അതേസമയം ധര്‍മത്തിന് ഗ്ളാനി സംഭവിക്കുമ്പോള്‍ ഈശ്വരാവതാരങ്ങള്‍ സംഭവിക്കുന്നുവെന്ന ഗീതയുടെ പരാമര്‍ശമനുസരിച്ച് ശ്രീമദ് ഭഗവദ്ഗീതയില്‍ വിശ്വസിക്കുന്ന ഒരാള്‍ക്ക് മുഹമ്മദ് നബിയെ അവതാരമായിക്കാണാന്‍ പ്രയാസമുണ്ടാവില്ല. ഇത് ഭാരതീയ സങ്കല്‍പങ്ങളും ഇസ്ലാമും തമ്മിലുള്ള ഒരു സുപ്രധാന വ്യത്യാസമാണ്.
ഖുര്‍ആന്‍ വാക്യങ്ങള്‍ അനുസരിച്ച് അനേകം പ്രവാചകന്മാര്‍ പല കാലങ്ങളിലായി പലദേശ സമൂഹങ്ങളില്‍ വന്നു പോയിട്ടുണ്ട്. അവരില്‍ വളരെക്കുറച്ചു പേരെ മാത്രമാണ് വേദഗ്രന്ഥം പരിചയപ്പെടുത്തുന്നത്. സ്വാഭാവികമായും ഭാരതത്തിലും അനേകം ദൈവദൂതന്‍മാര്‍ വന്നു പോയിട്ടുണ്ടാവാം  എന്നത് മുസ്ലിംകളുടെ ഒരു പൊതുവായ വിശ്വാസമാണ്.
ശ്രീകൃഷ്ണന്‍ അക്കൂട്ടത്തില്‍ ഒരാളായിരിക്കാനുള്ള സാധ്യതയെക്കുറിച്ച് ഭാരതത്തിന് അകത്തും പുറത്തുമുള്ള ധാരാളം പണ്ഡിതന്മാര്‍ സൂചനകള്‍ നല്‍കുന്നുണ്ട്. മൌലാനാ അബുല്‍കലാം ആസാദ് പോലും അത്തരം ഒരു സാധ്യത അംഗീകരിക്കുന്നുണ്ട് തന്റെ ചില ലേഖനങ്ങളില്‍. എന്നാല്‍, ശ്രീകൃഷ്ണന്‍ ഒരു ദൈവസന്ദേശ വാഹകനായിരുന്നുവെന്ന് സ്പഷ്ടമായിപ്പറയുന്ന പ്രമാണ വാക്യങ്ങളൊന്നും മുസ്ലിംകള്‍ക്ക് മുന്നിലില്ല എന്നതു ശ്രദ്ധേയമാണ്. ആകെയുള്ളത് ഹദീസ് സ്വീകരണത്തിന്റെ മാനദണ്ഡങ്ങള്‍ അനുസരിച്ച് അസ്വീകാര്യമായ നബിയിലേക്ക് ചേര്‍ക്കപ്പെട്ട ഒരു ദുര്‍ബല വചനം മാത്രമാണ്. 'വകാന ഫില്‍ ഹിന്‍ദി നബിയ്യുന്‍, ഇസ്മുഹു കാഹിനാ' (ഭാരതത്തില്‍ ഒരു പ്രവാചകന്‍ ഉണ്ടായിരുന്നു അദ്ദേഹത്തിന്റെ പേര് കാഹിന എന്നായിരുന്നു) എന്ന ആ ദുര്‍ബല വചനത്തില്‍ പരാമര്‍ശിക്കപ്പെട്ടത് ശ്രീകൃഷ്ണനാണെന്നാണ് ചിലര്‍ ധരിച്ചിരിക്കുന്നത്. കാഹിന്‍, കണ്ണന്‍ ആയിരിക്കാനുള്ള സാധ്യതയാണ് അവരുടെ അവലംബം. ഭാരതീയ സംസ്കാരത്തെകുറിച്ച് ആഴത്തില്‍ പഠനം നടത്തിയിട്ടുള്ള ടി. മുഹമ്മദ് സാഹിബ് അദ്ദേഹത്തിന്റെ ഭാരതീയ സംസ്കാരത്തിന്റെ അടിയൊഴുക്കുകള്‍ എന്ന കൃതിയിലും ശ്രീകൃഷ്ണന്‍ ഖുര്‍ആനില്‍ സൂചന നല്‍കപ്പെട്ട, എന്നാല്‍ പേരും ദേശവും വ്യക്തമാക്കപ്പെടാത്ത അനേകം ദൈവദൂതന്മാരില്‍ ഒരാളായിരിക്കാനുള്ള സാധ്യത ചൂണ്ടിക്കാണിച്ചിട്ടുള്ളത് ശ്രദ്ധേയമാണ്.

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം