Prabodhanm Weekly

Pages

Search

2011 മെയ് 14

മുസ്‌ലിം കുബുദ്ധിജീവികള്‍

ജമീല്‍ അഹ്മദ്

കോഴിക്കോട്ടെ ഡോക്ടറായ എഴുത്തുകാരിയോടൊപ്പം ഒരു പുസ്തകപ്രകാശനച്ചടങ്ങില്‍ പങ്കെടുക്കുകയായിരുന്നു ഞാന്‍. പ്രകാശനം ഡോക്ടര്‍. ഞാന്‍ വെറും ആശംസകാരന്‍. യുവ കഥാകൃത്തിന്റെ ആദ്യത്തെ നോവലാണ് പുസ്തകം. മാറാട് മാതൃകയിലുള്ള വര്‍ഗീയ കലാപമാണ് നോവലിലെ പ്രമേയം. ചെറുപ്പക്കാരനായ ഒരാളുടെ ആദ്യനോവല്‍ എന്ന നിലക്ക് ഭേദപ്പെട്ട രചന. കലാപവും പ്രകൃതിദുരന്തവും തകര്‍ത്തുകളഞ്ഞ ഒരു ഗ്രാമത്തിലെ പള്ളിപ്പറമ്പിലുള്ള അഭയാര്‍ഥിക്യാമ്പില്‍ വെച്ച് ഇരു മതക്കാരും ഒന്നുചേരുന്ന അസ്വാഭാവിക അന്ത്യം നോവലിലുള്ളതുതന്നെ. അതിനെ സൂചിപ്പിച്ചുകൊണ്ട് പ്രകാശകയായ ഡോക്ടര്‍ പറഞ്ഞ ചില കാര്യങ്ങള്‍ എന്നെ വിസ്മയിപ്പിച്ചുകളഞ്ഞു. അവ ഇതാണ്:
''നോവലിസ്റ്റ് കരുതുന്ന പോലെ അത്ര ലളിതമല്ല സമുദായത്തിന്റെ അവസ്ഥ. കേരളത്തിലെ മുസ്‌ലിം സമുദായത്തില്‍ നാമറിയാത്ത രീതിയില്‍ വര്‍ഗീയത വളര്‍ന്നുകൊണ്ടിരിക്കുന്നുണ്ട്. അതിന് പ്രത്യക്ഷ ഉദാഹരണമാണ് പള്ളിദര്‍സുകള്‍. പള്ളിദര്‍സുകളാണ് കേരളത്തിലെ തീവ്രവാദത്തെ ഉല്‍പാദിപ്പിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്നത്. അതിന് ഗള്‍ഫില്‍നിന്നും മറ്റും ധാരാളം വിദേശ ഫണ്ടും അവര്‍ക്ക് ലഭിക്കുന്നുണ്ട്.''
തുടര്‍ന്നു പ്രസംഗിച്ച പ്രസിദ്ധ ചരിത്രകാരന്‍, ഒന്നും വിശദമാക്കാതെ ഡോക്ടറുടെ അഭിപ്രായങ്ങളോട് താന്‍ യോജിക്കുന്നുവെന്ന് സൂത്രത്തില്‍ പറഞ്ഞുകളഞ്ഞു (അത്തരം ചില സൂത്രങ്ങള്‍ ഇടക്കിടെ ഇദ്ദേഹം ഒപ്പിക്കാറുണ്ട്. മാപ്പിളചരിത്രം മുഴുവന്‍ താന്‍ എഴുതിക്കൂട്ടിയതാണെന്ന തോന്നലില്‍ സ്വയമൊരു 'ക്രിട്ടിക്കല്‍ ഇന്‍സൈഡറാ'യി വിലസിക്കളയും). ഉടനെവന്ന എന്റെ അവസരത്തില്‍ ഡോക്ടറുടെ നിരുത്തരവാദപരമായ പ്രസ്താവനയുടെ യാഥാര്‍ഥ്യം സൂചിപ്പിക്കാതെ പോകുന്നത് ശരിയല്ല എന്ന് സ്വാഭാവികമായും ഞാന്‍ കരുതി. അതെക്കുറിച്ച് ഇങ്ങനെ ഞാന്‍ പറഞ്ഞു: ''മറ്റൊരു ജോലിയും കിട്ടാനില്ലാത്തതിനാലോ അതിനുവേണ്ട ഭൗതികവിദ്യാഭ്യാസം ഇല്ലാത്തതിനാലോ മാത്രമാണ് പള്ളിദര്‍സുകളിലേക്ക് ഇന്നും മുതഅല്ലിമീങ്ങള്‍ വരുന്നത്. ഒരുദിവസംപോലും അന്യ വീട്ടിലെ അന്നം കഴിക്കാന്‍ സാധാരണക്കാരന് അഭിമാനം തോന്നില്ലല്ലോ. ജീവിതം മുഴുവന്‍ അന്യന്റെ അന്നംതേടി നടക്കുന്ന ആ പാവങ്ങള്‍ക്ക് വിദേശഫണ്ട് ലഭിക്കുന്നു എന്നുമാത്രം ദയവായി പറയരുത്. ചോരകണ്ടാല്‍ തലചുറ്റിവീഴാന്‍മാത്രം സാധുക്കളാണ് ആ മുസ്‌ലിയാക്കന്‍മാര്‍. അവരെ തീവ്രവാദികളാക്കരുത്. ഏതോ മുസ്‌ലിയാര്‍ ഏതോ തീവ്രവാദക്കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടാകാം. ഒറ്റരാത്രികൊണ്ട് മുപ്പതോളം സിസേറിയന്‍ നടത്തിയ ഗൈനക്കോളജിസ്റ്റുകള്‍ 'ഡോക്ടര്‍' എന്ന് തലയുയര്‍ത്തി നടക്കുന്ന നാടാണല്ലോ നമ്മുടേത്. ആ സംഭവം മുന്‍നിറുത്തി ഈ നാട്ടിലെ എം.ബി.ബി.എസ് കോളേജുകളൊക്കെ ദുഷ്ടഡോക്ടര്‍മാരെ പടച്ചുവിടുന്ന ഭീകരകേന്ദ്രങ്ങളാണ് എന്ന്  പറയുന്നത് വിഡ്ഢിത്തമാണെങ്കില്‍ ഡോക്ടര്‍ പറഞ്ഞതിലും ഒട്ടു നോട്ടക്കുറവുണ്ട്.'' ഇത്രയും ഞാന്‍ പറഞ്ഞുനിറുത്തിയപ്പോള്‍ അത് ആ സദസ്സ് ആവേശത്തോടെ ഏറ്റെടുത്തു. ചിലര്‍ ആശ്വാസത്തോടെ പരിപാടിക്കുശേഷം എന്നെ അഭിനന്ദിച്ചു, അമുസ്‌ലിംകളടക്കം.
ഇതേ ലേഡീ ഡോക്ടറുടെ രണ്ടാമത്തെ നോവലിന്റെ പ്രകാശനച്ചടങ്ങ് കോഴിക്കോടുവച്ച് ഒരു മാസം മുമ്പ് നടന്നപ്പോഴും സമാനമായ സംഭവമുണ്ടായി. ചടങ്ങില്‍ മുഖ്യാതിഥിയായിരുന്ന മുസ്‌ലിം കഥാകൃത്ത്, കോഴിക്കോട്ടെ പേരുകേട്ട മുസ്‌ലിം കോളേജില്‍നിന്ന് ഈയിടെ വിരമിച്ചയാളാണ്. അദ്ദേഹം പറഞ്ഞുകളഞ്ഞത് മെഡിക്കല്‍ കോളേജുകള്‍ മുസ്‌ലിം മതമൗലികവാദികള്‍ കൈയടക്കിവെച്ചിരിക്കുന്നുവെന്നാണ്. അധ്യാപക ശ്രേഷ്ഠന് അങ്ങനെയങ്ങ് തോന്നിപ്പോകാനുള്ള കാരണമാണ് കൂടുതല്‍ വിചിത്രം. മഫ്ത ധരിച്ച വിദ്യാര്‍ഥിനികളും നേഴ്‌സുമാരും ഡോക്ടര്‍മാരും വിലസുകയാണത്രെ അവിടെ. മുസ്‌ലിം തീവ്രവാദികള്‍ നിര്‍ബന്ധിപ്പിച്ച് ധരിപ്പിക്കുന്നതാണത്രെ ആ ഏടാകൂടം. പാവം പെണ്‍കുട്ടികള്‍ അനുസരിക്കുകയല്ലാതെ എന്തുചെയ്യും. തന്റെ കോളേജിന്റെ ഹോസ്റ്റലില്‍ നമസ്‌കരിക്കാന്‍ പ്രത്യേക സ്ഥലം ഉള്ളതും തീവ്രവാദത്തിന്റെ വളര്‍ച്ചയാണ് അടയാളപ്പെടുത്തുന്നതെന്ന് സാമൂഹികശാസ്ത്രത്തില്‍ വിശാരദനായ പ്രഫസര്‍ മുന്നറിയിപ്പു നല്‍കി. പ്രമുഖ മുജാഹിദ് വിഭാഗത്തിന്റെ കളിത്തോഴനായ പ്രഫസര്‍ അവരുടെ മതസംവാദ സദസ്സുകളെയും കണക്കിന് പരിഹസിച്ചാണ് പ്രസംഗം കൂട്ടിക്കെട്ടിയത്.
ഒരല്‍പം ആള്‍ക്കൂട്ടം കാണുമ്പോള്‍ മുസ്‌ലിം സമുദായത്തെ ഒന്നു ചീത്തവിളിച്ചാല്‍ നല്ല പിന്തുണകിട്ടും എന്നു കരുതുന്ന മുസ്‌ലിം ബുദ്ധിജീവികളെക്കൊണ്ട് നമ്മുടെ സാംസ്‌കാരിക പരിസരം ദുര്‍ഗന്ധപൂരിതമായിരിക്കുന്നു. പെണ്‍ ബുദ്ധിജീവികളാകുമ്പോള്‍ ആ തോന്നല്‍  ഒന്നു കൂടുന്നതാണനുഭവം. അവര്‍ക്ക് രണ്ടുത്തരവാദിത്തമുണ്ടല്ലോ. ഒന്ന്, മുസ്‌ലിം സമുദായത്തെ രക്ഷിക്കണം. രണ്ട്, മുസ്‌ലിം പെണ്ണിനെയും രക്ഷിക്കണം. 'ഇസ്‌ലാമിന്റെ കടുത്ത തടവറയില്‍ കിടന്ന് പിടയുകയാണല്ലോ രണ്ടു കൂട്ടരും.' ഒറ്റനോട്ടത്തില്‍ മുസ്‌ലിം അല്ലാത്ത പെണ്ണെഴുത്തുകാരിയും മുസ്‌ലിം പെണ്ണെഴുത്തുകാരിയും തമ്മില്‍ നെറ്റിയിലെ കുറിയുടെ കുറവേ കാണൂ. 'നെറ്റിയിലെ കുറി തികച്ചും മതേതരമായ ഒരു സൗന്ദര്യ ചിഹ്നമായതുകൊണ്ട് കുഴപ്പമില്ലല്ലോ. തലമറയ്ക്കുന്നത് ഉള്ള സൗന്ദര്യത്തെ മൂടിവെക്കലല്ലേ? അതാകട്ടെ, ഇസ്‌ലാമിക് ഫണ്ടമെന്റലിസ്റ്റുകളായ പുരുഷന്മാര്‍ അടിച്ചേല്‍പ്പിക്കുന്നതും.' കഴുത്തും വയറും മുടിയും പ്രദര്‍ശിപ്പിച്ച് അവര്‍ വേദിയില്‍ നില്‍ക്കുന്നതു കാണുമ്പോള്‍ത്തന്നെ മതേതര സമൂഹത്തിന് ആശ്വാസമാകും. അവര്‍ക്ക് അവാര്‍ഡും അഭിമുഖവും അവസരവും ലഭിക്കും. ഇസ്‌ലാമിന്റെ പീഡനമുറിയില്‍ നിന്ന് രക്ഷപ്പെട്ടുവന്ന പെണ്ണെഴുത്തുകാരികള്‍ അതിനാല്‍ ഇനിയും പിറന്നുകൊണ്ടേയിരിക്കും.
മുസ്‌ലിം സമുദായവും അതിലെ പെണ്ണുങ്ങളും ഒരു രോഗവുമില്ലാത്തവരാണെന്നോ അവരെ ചികിത്സിക്കേണ്ടന്നോ ഈ പറഞ്ഞതിനര്‍ഥമില്ല. മാരകരോഗങ്ങളുണ്ട് ഈ സമുദായത്തിന്. അവയില്‍ പലതും അടിയന്തിര ചികിത്സ അര്‍ഹിക്കുന്നതുതന്നെയാണ്. എന്നാല്‍, കുറിപ്പടിയില്‍ രോഗത്തിന്റെ വിശദാംശങ്ങളെഴുതുകയാണോ വൈദ്യന്മാര്‍ ചെയ്യേണ്ടത്? അതോ മരുന്നോ? മുസ്‌ലിംകളെ ബാധിച്ച എല്ലാ രോഗത്തിനും മതേതരത്വത്തിന്റെയും മൃദു ഹിന്ദുത്വത്തിന്റെയും ഒറ്റമൂലിമാത്രമാണ് സമുദായത്തിലെ ഈ ആണ്‍-പെണ്‍ വ്യാജ ബുജി വൈദ്യന്മാര്‍ കുറിച്ചുവെക്കുന്നത്.
പിന്‍വാതില്‍ - ആദ്യം സൂചിപ്പിച്ച ചടങ്ങുകഴിഞ്ഞ്, ഇത്തിരി കോടിയ മുഖവുമായി ഡോക്ടര്‍ പ്രകാശക എന്റെ അടുത്തേക്ക് വന്നു. എന്നിട്ട് പറഞ്ഞു: ''കുട്ട്യേ, ഞാന്‍ ഉദ്ദേശിച്ചത് പള്ളിദര്‍സ് എന്നല്ല, മദ്‌റസ എന്നാണ്. അപ്പൊ ആ വാക്ക് കിട്ടാതായപ്പോ ഞാന്‍ പള്ളിദര്‍സ് എന്ന് പറഞ്ഞുപോയതാ.''
എങ്ങനെയുണ്ട്?
ആളുകള്‍ പിരിഞ്ഞുപോകാന്‍ തുടങ്ങിയിട്ടും പെണ്ണെഴുത്ത് ഡോക്ടറെ പിന്തുണച്ചുകൊണ്ട് മറ്റൊരു ആണ്‍ ഡോക്ടര്‍ എന്നോട് വാദിച്ചുകൊണ്ടേയിരുന്നു. യതീംഖാനകളടക്കം തീവ്രവാദ കേന്ദ്രങ്ങളാണെന്നാണ് ആ അപ്പോത്തിക്കിരിയുടെ കെണിഞ്ഞ വാദം. ഓര്‍ഫനേജ് എന്ന് പേരുണ്ടെങ്കിലും അവിടെ എഴുപതു ശതമാനവും ചേര്‍ക്കുന്നത് മാതാപിതാക്കളുള്ള കുട്ടികളെയാണെന്നതിന്റെ ഗുഢോദ്ദേശ്യം അതാണത്രെ. അയാളെ പിരിച്ചയക്കാന്‍ ഒടുവില്‍ എനിക്ക് ആ സത്യം പറയേണ്ടിവന്നു. ''ഡോക്ടറായിട്ടു കാര്യമില്ല സാറേ, വിവരം വേണം.''
 [email protected]

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം